വെറുമൊരു നാട്ടുനടപ്പോ അതോ കൈക്കൂലി കൊടുക്കലോ?
വെറുമൊരു നാട്ടുനടപ്പോ അതോ കൈക്കൂലി കൊടുക്കലോ?
പോളണ്ടിലെ ചില കോളെജുകളിൽ, അധ്യാപകർക്ക് സമ്മാനം വാങ്ങാനായി പണം പിരിക്കുന്ന പതിവ് വിദ്യാർഥികളുടെ ഇടയിലുണ്ട്. പരീക്ഷയ്ക്ക് കൂടുതൽ മാർക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണ് അവർ ഇതു ചെയ്യുന്നത്. അതുകൊണ്ട് കാറ്റാർഷിനാ എന്ന യുവ ക്രിസ്ത്യാനിക്ക് ഇതു സംബന്ധിച്ച് ബുദ്ധിമുട്ടു നേരിട്ടതിൽ അതിശയമില്ല. “ഞാൻ പണം കൊടുക്കണമോ?” അവൾ ചിന്തിച്ചു. സഹപാഠികൾ അവളോട് ഇങ്ങനെ ന്യായവാദം ചെയ്തു: “ഇത് വെറുമൊരു നാട്ടുനടപ്പല്ലേ? നഷ്ടപ്പെടാൻ ഒന്നുമില്ല, നേട്ടങ്ങളാണെങ്കിൽ ഏറെയും. ഇതിൽ ഇത്ര ആലോചിക്കാൻ എന്തിരിക്കുന്നു?”
“ആദ്യത്തെ അധ്യയന വർഷത്തിൽ ഞാൻ പണപ്പിരിവിൽ പങ്കെടുത്തു എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു” കാറ്റാർഷിനാ പറയുന്നു. “അങ്ങനെ ചെയ്യുകവഴി ബൈബിൾ കുറ്റംവിധിക്കുന്ന കൈക്കൂലി കൊടുക്കലിനെ ഞാൻ പിന്തുണയ്ക്കുകയായിരുന്നു എന്ന് പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്.” യഹോവ കൈക്കൂലിയെ ശക്തമായി എതിർക്കുന്നു എന്നു കാണിക്കുന്ന തിരുവെഴുത്തുകളെ കുറിച്ച് അവൾ ഓർത്തു. (ആവർത്തനപുസ്തകം 10:17, NW; 16:19, NW; 2 ദിനവൃത്താന്തം 19:7) കാറ്റാർഷിനാ പറയുന്നു: “കൂട്ടുകാരുടെ സമ്മർദത്തിനു വഴങ്ങുക എത്ര എളുപ്പമാണെന്നു ഞാൻ മനസ്സിലാക്കി. ഞാൻ അതിനെ കുറിച്ച് പുനർവിചിന്തനം ചെയ്തു. അതിൽപ്പിന്നെ ഒരിക്കലും ഞാൻ അതിൽ പങ്കെടുത്തിട്ടില്ല.” കഴിഞ്ഞ മൂന്നു വർഷമായി മറ്റു വിദ്യാർഥികളിൽനിന്നും പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും, തന്റെ ബൈബിളധിഷ്ഠിത വിശ്വാസങ്ങൾ നിമിത്തമാണ് താൻ ഈ “സമ്മാന” പിരിവുകളിൽ പങ്കെടുക്കാത്തതെന്ന് ചിലരോടു വിശദീകരിക്കാൻ അവൾക്കു കഴിഞ്ഞിരിക്കുന്നു.
കാറ്റാർഷിനാ, സ്വാർഥയും മറ്റുള്ളവരോട് പരിഗണന ഇല്ലാത്തവളും ആണെന്നു പറഞ്ഞ് ചിലർ അവളെ കുറ്റപ്പെടുത്തി. “അവരിൽ ചിലർക്ക് ഇപ്പോഴും എന്നോടു പിണക്കമാണ്. അതേസമയംതന്നെ പലരും എന്റെ വീക്ഷണത്തെ മാനിക്കുന്നു. അതിൽ എനിക്കു സന്തോഷമുണ്ട്.” അനുദിന ജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്ന യഹോവയുടെ സാക്ഷികളിൽ ഒരാളായി കാറ്റാർഷിനാ അറിയപ്പെടാൻ ഇടയായി.