വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുവജനങ്ങളേ, യഹോവ നിങ്ങളുടെ പ്രവൃത്തി മറന്നുകളയുകയില്ല!

യുവജനങ്ങളേ, യഹോവ നിങ്ങളുടെ പ്രവൃത്തി മറന്നുകളയുകയില്ല!

യുവജനങ്ങളേ, യഹോവ നിങ്ങളുടെ പ്രവൃത്തി മറന്നുകളയുകയില്ല!

“ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.”​—⁠എബ്രായർ 6:10.

1. യഹോവ നിങ്ങളുടെ സേവനം വിലമതിക്കുന്നു എന്ന്‌ എബ്രായർ, മലാഖി എന്നീ ബൈബിൾ പുസ്‌തകങ്ങൾ പ്രകടമാക്കുന്നത്‌ എങ്ങനെ?

ഒരു സുഹൃത്തിന്‌ എന്തെങ്കിലും സഹായം ചെയ്‌തുകൊടുത്ത ശേഷം നന്ദി ലഭിക്കാതിരുന്ന ഒരു അനുഭവം നിങ്ങൾക്ക്‌ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? ഒരു ഔദാര്യ പ്രവൃത്തിയെ നിസ്സാരമട്ടിൽ കാണുകയോ അതിലും മോശമായി അതിനെ കുറിച്ചു പാടേ മറന്നുകളയുകയോ ചെയ്യുന്നത്‌ ആ പ്രവൃത്തി ചെയ്‌ത വ്യക്തിയെ വളരെയധികം വേദനിപ്പിക്കും. എന്നാൽ യഹോവയാം ദൈവത്തെ മുഴുഹൃദയത്തോടെ സേവിക്കുമ്പോൾ നാം അത്തരമൊരു കാര്യത്തെ കുറിച്ചു ഭയപ്പെടുകയേ വേണ്ട! ബൈബിൾ ഇങ്ങനെ പറയുന്നു: “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.” (എബ്രായർ 6:10) അത്‌ എന്തർഥമാക്കുന്നു എന്നു ചിന്തിക്കുക. ദൈവസേവനത്തിൽ നിങ്ങൾ ചെയ്‌തിട്ടുള്ളതും ചെയ്‌തുകൊണ്ടിരിക്കുന്നതുമായ സംഗതികൾ മറന്നുകളഞ്ഞാൽ അത്‌ തന്റെ പക്ഷത്തെ അനീതി അഥവാ പാപമായിട്ടാണ്‌ യഹോവ കണക്കാക്കുക. എത്ര വിലമതിപ്പുള്ള ഒരു ദൈവം!​—⁠മലാഖി 3:10.

2. യഹോവയ്‌ക്കായുള്ള സേവനത്തെ യഥാർഥത്തിൽ വിശിഷ്ടമാക്കുന്നത്‌ എന്ത്‌?

2 നന്ദിയുള്ള ഈ ദൈവത്തെ ആരാധിക്കാനും സേവിക്കാനുമുള്ള വിശിഷ്ടമായ അവസരം നിങ്ങൾക്കുണ്ട്‌. ലോകത്തിലെ ഏതാണ്ട്‌ 600 കോടി ജനങ്ങളിൽ ഏതാണ്ട്‌ 60 ലക്ഷം പേർ മാത്രമാണ്‌ നിങ്ങളെപ്പോലെ ദൈവത്തെ സേവിക്കുന്നത്‌. അതുകൊണ്ടുതന്നെ നിങ്ങൾക്കുള്ളത്‌ അപൂർവമായ ഒരു പദവിയാണ്‌. കൂടാതെ, നിങ്ങൾ സുവാർത്താ സന്ദേശത്തിനു ശ്രദ്ധ നൽകുകയും അതിനോട്‌ അനുകൂലമായി പ്രതികരിക്കുകയും ചെയ്യുന്നു എന്ന വസ്‌തുത യഹോവയ്‌ക്ക്‌ നിങ്ങളിൽ വ്യക്തിപരമായ താത്‌പര്യമുണ്ട്‌ എന്നതിന്റെ തെളിവാണ്‌. “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല” എന്ന്‌ യേശുതന്നെ പറയുകയുണ്ടായി. (യോഹന്നാൻ 6:44) അതേ, ക്രിസ്‌തുവിന്റെ യാഗത്തിന്റെ പ്രയോജനങ്ങൾ അനുഭവിക്കാൻ യഹോവ ആളുകളെ വ്യക്തിഗതമായി സഹായിക്കുന്നു.

നിങ്ങളുടെ മഹത്തായ പദവിയെ വിലമതിക്കൽ

3. യഹോവയെ സേവിക്കുകയെന്ന പദവിയോടുള്ള വിലമതിപ്പ്‌ കോരഹ്‌ പുത്രന്മാർ പ്രകടിപ്പിച്ചതെങ്ങനെ?

3 കഴിഞ്ഞ ലേഖനത്തിൽ ചർച്ച ചെയ്‌തതുപോലെ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ പറ്റിയ ഒരു അതിവിശിഷ്ട സ്ഥാനത്താണ്‌ നിങ്ങൾ. (സദൃശവാക്യങ്ങൾ 27:11) ഇതൊരിക്കലും നിസ്സാരമായി എടുക്കാൻ പാടില്ല. കോരഹ്‌ പുത്രന്മാർ, യഹോവയെ സേവിക്കുകയെന്ന പദവിയോടുള്ള വിലമതിപ്പ്‌ അവരുടെ ഒരു നിശ്വസ്‌ത സങ്കീർത്തനത്തിൽ പ്രകടിപ്പിച്ചു. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവല്‌ക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം.”​—⁠സങ്കീർത്തനം 84:10.

4. (എ) യഹോവയെ ആരാധിക്കുന്നത്‌ തങ്ങളുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതായി ചിലർ കരുതിയേക്കാവുന്നത്‌ എന്തുകൊണ്ട്‌? (ബി) തന്റെ ദാസന്മാർ ചെയ്യുന്നതു ശ്രദ്ധിക്കാനും അതിനു പ്രതിഫലം നൽകാനും താൻ അതിയായി ആഗ്രഹിക്കുന്നുവെന്ന്‌ യഹോവ എങ്ങനെ കാണിക്കുന്നു?

4 നിങ്ങളുടെ സ്വർഗീയ പിതാവിനെ സേവിക്കാനുള്ള പദവിയെ നിങ്ങൾ വീക്ഷിക്കുന്നത്‌ അങ്ങനെയാണോ? യഹോവയെ ആരാധിക്കുന്നത്‌ നിങ്ങളുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതായി ചില സമയങ്ങളിൽ തോന്നിയേക്കാം. ബൈബിൾ തത്ത്വങ്ങൾ അനുസരിച്ചു ജീവിക്കുന്നതിന്‌ ഒരളവിലുള്ള ആത്മത്യാഗം ആവശ്യമാണ്‌ എന്നതു ശരിതന്നെ. എന്നാൽ ആത്യന്തികമായി നോക്കുമ്പോൾ യഹോവ ആവശ്യപ്പെടുന്നതെന്തും നിങ്ങളുടെ സ്വന്തം നന്മയ്‌ക്കു വേണ്ടിയുള്ളതാണ്‌. (സങ്കീർത്തനം 1:​1-3) കൂടാതെ, യഹോവ നിങ്ങളുടെ ശ്രമങ്ങൾ ശ്രദ്ധിക്കുകയും നിങ്ങളുടെ വിശ്വസ്‌തതയോടുള്ള വിലമതിപ്പ്‌ പ്രകടിപ്പിക്കുകയും ചെയ്യുന്നു. യഹോവ “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു” എന്നു പൗലൊസ്‌ എഴുതി. (എബ്രായർ 11:⁠6) ഇതിനുള്ള അവസരങ്ങൾക്കായി യഹോവ നോക്കിയിരിക്കുകയാണ്‌. പുരാതന ഇസ്രായേലിലെ നീതിമാനായ ഒരു പ്രവാചകൻ പറഞ്ഞു: “യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.”​—⁠2 ദിനവൃത്താന്തം 16:⁠9.

5. (എ) നിങ്ങൾ യഹോവയിങ്കൽ ഏകാഗ്രചിത്തനാണെന്നു കാണിക്കാനുള്ള ഏറ്റവും നല്ല ഒരു മാർഗം എന്ത്‌? (ബി) നിങ്ങളുടെ വിശ്വാസത്തെ കുറിച്ചു മറ്റുള്ളവരോടു സംസാരിക്കാൻ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടേക്കാവുന്നത്‌ എന്തുകൊണ്ട്‌?

5 നിങ്ങൾ യഹോവയിങ്കൽ ഏകാഗ്രചിത്തനാണെന്നു കാണിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന്‌ അവനെ കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതാണ്‌. നിങ്ങൾക്ക്‌ എപ്പോഴെങ്കിലും നിങ്ങളുടെ വിശ്വാസത്തെ കുറിച്ച്‌ സഹപാഠികളോടു സംസാരിക്കാനുള്ള അവസരമുണ്ടായിട്ടുണ്ടോ? ആദ്യമൊക്കെ അത്‌ ചെയ്യുന്നത്‌, അതിനെ കുറിച്ചു ചിന്തിക്കുന്നതു തന്നെ നിങ്ങളിൽ ഭയം ഉളവാക്കിയേക്കാം. ‘അവർ എന്നെ കളിയാക്കിയാലോ?’ ‘ഞാൻ വിചിത്രമായ ഒരു മതത്തിന്റെ ഭാഗമാണെന്ന്‌ അവർ വിചാരിച്ചാലോ?’ എന്നൊക്കെ നിങ്ങൾ ചിന്തിച്ചേക്കാം. എല്ലാവരും രാജ്യസന്ദേശം ശ്രദ്ധിക്കുകയില്ല എന്ന്‌ യേശു പറഞ്ഞു. (യോഹന്നാൻ 15:20) എന്നാൽ എല്ലായ്‌പോഴും പരിഹാസവും നിന്ദയുമേ നിങ്ങൾക്കു ലഭിക്കൂ എന്ന്‌ ഇത്‌ അർഥമാക്കുന്നില്ല. സാക്ഷികളായ അനേകം യുവജനങ്ങൾ തങ്ങൾ പറയുന്നതു മറ്റുള്ളവർ ശ്രദ്ധിക്കുന്നുവെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. തങ്ങളുടെ വിശ്വാസങ്ങൾക്കായി ഉറച്ചുനിന്നതു മൂലം സഹപാഠികളുടെ ആദരവു നേടാൻ പോലും അവർക്കു കഴിഞ്ഞിട്ടുണ്ട്‌.

“യഹോവ നിങ്ങളെ സഹായിക്കും”

6, 7. (എ) ഒരു 17 വയസ്സുകാരിക്ക്‌ തന്റെ സഹപാഠികളോടു സാക്ഷീകരിക്കാൻ കഴിഞ്ഞത്‌ എങ്ങനെ? (ബി) ജെന്നിഫറിന്റെ അനുഭവത്തിൽനിന്ന്‌ നിങ്ങൾ എന്തു പഠിച്ചു?

6 എന്നാൽ, വിശ്വാസത്തെ കുറിച്ചു തുറന്നു സംസാരിക്കാനുള്ള ധൈര്യം നിങ്ങൾക്ക്‌ എങ്ങനെ സംഭരിക്കാം? മറ്റുള്ളവർ നിങ്ങളുടെ മതത്തെ കുറിച്ച്‌ ചോദിക്കുമ്പോൾ സത്യസന്ധമായി മറുപടി പറയും എന്നു തീരുമാനിക്കരുതോ? 17 വയസ്സുള്ള ജെന്നിഫറിന്റെ അനുഭവം പരിചിന്തിക്കുക. “സ്‌കൂളിലെ ഉച്ചഭക്ഷണ സമയമായിരുന്നു. എന്റെ കൂടെയുണ്ടായിരുന്ന പെൺകുട്ടികൾ മതത്തെ കുറിച്ചു സംസാരിക്കാൻ തുടങ്ങി. അവരിലൊരാൾ എന്റെ മതം ഏതാണെന്നു ചോദിച്ചു,” അവൾ പറയുന്നു. മറുപടി പറയുന്നതിനെ കുറിച്ച്‌ ഓർത്തപ്പോൾ ജെന്നിഫറിനു പരിഭ്രമം തോന്നിയോ? “ഉവ്വ്‌,” അവൾ സമ്മതിക്കുന്നു, “കാരണം അവരുടെ പ്രതികരണം എന്തായിരിക്കുമെന്ന്‌ എനിക്കു നിശ്ചയമില്ലായിരുന്നു.” ജെന്നിഫർ എന്താണു ചെയ്‌തത്‌? “ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരുവളാണെന്ന്‌ ആ കുട്ടികളോടു പറഞ്ഞു,” അവൾ തുടരുന്നു. “ആദ്യം അവർക്ക്‌ അത്ഭുതം ആയിരുന്നു. കാരണം യഹോവയുടെ സാക്ഷികൾ ഏതോ വിചിത്ര മനുഷ്യരാണെന്ന ധാരണയായിരുന്നു അവർക്ക്‌. അതുകൊണ്ട്‌ അവർ എന്നോട്‌ ഓരോ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. അങ്ങനെ അവർക്കുണ്ടായിരുന്ന ചില തെറ്റിദ്ധാരണകൾ തിരുത്താൻ എനിക്കു കഴിഞ്ഞു. അതിനുശേഷവും ഇടയ്‌ക്കൊക്കെ അവരിൽ ചിലർ എന്നോട്‌ ചോദ്യങ്ങൾ ചോദിക്കുമായിരുന്നു.”

7 തന്റെ വിശ്വാസത്തെ കുറിച്ചു സംസാരിക്കാൻ ആ അവസരം വിനിയോഗിച്ചതിൽ ജെന്നിഫറിനു ഖേദം തോന്നിയോ? തീർച്ചയായുമില്ല! “ആ ഉച്ചഭക്ഷണ വേളയ്‌ക്കു ശേഷം എനിക്കു വളരെ സന്തോഷം തോന്നി,” അവൾ പറയുന്നു. “യഹോവയുടെ സാക്ഷികൾ യഥാർഥത്തിൽ ആരാണ്‌ എന്നതിനെ കുറിച്ച്‌ ഇപ്പോൾ ആ കുട്ടികൾക്ക്‌ മെച്ചമായ ഒരു ധാരണ ലഭിച്ചിരിക്കുന്നു.” ജെന്നിഫർ ഇപ്പോൾ ലളിതമായ ഈ ബുദ്ധിയുപദേശം നൽകുന്നു: “സഹപാഠികളോടോ അധ്യാപകരോടോ സാക്ഷീകരിക്കാൻ ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ ഒരു നിമിഷം യഹോവയോടു പ്രാർഥിക്കുക. തീർച്ചയായും യഹോവ നിങ്ങളെ സഹായിക്കും. സാക്ഷ്യം നൽകാനായി നിങ്ങൾ അവസരം നന്നായി പ്രയോജനപ്പെടുത്തിയതിൽ നിങ്ങൾക്കു സന്തോഷം തോന്നും.”​—⁠1 പത്രൊസ്‌ 3:15.

8. (എ) ഒരു അപ്രതീക്ഷിത സാഹചര്യത്തെ നേരിട്ടപ്പോൾ പ്രാർഥന നെഹെമ്യാവിനെ സഹായിച്ചത്‌ എങ്ങനെ? (ബി) യഹോവയ്‌ക്ക്‌ ഹ്രസ്വമായ ഒരു നിശ്ശബ്ദ പ്രാർഥന അർപ്പിക്കേണ്ടത്‌ ആവശ്യമായി വന്നേക്കാവുന്ന ഏതു സാഹചര്യങ്ങൾ സ്‌കൂളിൽ ഉണ്ടായേക്കാം?

8 വിശ്വാസത്തെ കുറിച്ചു സാക്ഷീകരിക്കാനുള്ള ഒരു അവസരം ലഭിക്കുമ്പോൾ ‘ഒരു നിമിഷം യഹോവയോടു പ്രാർഥിക്കാനുള്ള’ ജെന്നിഫറിന്റെ നിർദേശം ശ്രദ്ധിക്കുക. അപ്രതീക്ഷിതമായ ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചപ്പോൾ പേർഷ്യൻ രാജാവായ അർത്ഥഹ്‌ശഷ്ടാവിന്റെ പാനപാത്രവാഹകൻ ആയിരുന്ന നെഹെമ്യാവ്‌ ചെയ്‌തത്‌ അതുതന്നെ ആയിരുന്നു. യഹൂദന്മാരുടെ ദുരവസ്ഥയെ കുറിച്ചും യെരൂശലേമിന്റെ മതിലും വാതിലുകളും നശിച്ചുകിടക്കുകയാണ്‌ എന്നതിനെ കുറിച്ചും അറിവു കിട്ടിയിരുന്നതിനാൽ നെഹെമ്യാവിന്റെ മുഖം വാടിയിരുന്നു. നെഹെമ്യാവിനെ എന്തോ അലട്ടുന്നുണ്ട്‌ എന്നു മനസ്സിലാക്കിയ രാജാവ്‌ പ്രശ്‌നം എന്താണെന്ന്‌ അവനോടു ചോദിച്ചു. ഉത്തരം പറയുന്നതിനു മുമ്പ്‌ നെഹെമ്യാവ്‌ മാർഗനിർദേശത്തിനായി പ്രാർഥിച്ചു. അതിനുശേഷം യെരൂശലേമിലേക്കു മടങ്ങിപ്പോയി തകർന്ന നഗരം പുനർനിർമിക്കുന്നതിൽ സഹായിക്കാൻ തന്നെ അനുവദിക്കണമെന്ന്‌ അവൻ ധൈര്യപൂർവം രാജാവിനോട്‌ അഭ്യർഥിച്ചു. അർത്ഥഹ്‌ശഷ്ടാവ്‌ നെഹെമ്യാവിന്റെ അഭ്യർഥന അംഗീകരിച്ചു. (നെഹെമ്യാവു 2:1-8) ഇതു നൽകുന്ന പാഠം എന്താണ്‌? വിശ്വാസത്തെ കുറിച്ച്‌ സാക്ഷീകരിക്കാൻ അവസരം ലഭിക്കുമ്പോൾ നിങ്ങൾക്കു പരിഭ്രമം തോന്നുന്നെങ്കിൽ നിശ്ശബ്ദം യഹോവയോടു പ്രാർഥിക്കാൻ മറക്കരുത്‌. “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ” എന്നു പത്രൊസ്‌ എഴുതി.​—⁠1 പത്രൊസ്‌ 5:7; സങ്കീർത്തനം 55:22.

‘പ്രതിവാദം പറവാൻ ഒരുങ്ങിയിരിപ്പിൻ’

9. 13 വയസ്സുള്ള ലിയയ്‌ക്ക്‌, യുവജനങ്ങൾ ചോദിക്കുന്നു പുസ്‌തകത്തിന്റെ 23 പ്രതികൾ സമർപ്പിക്കാൻ കഴിഞ്ഞത്‌ എങ്ങനെ?

9 മറ്റൊരു അനുഭവം പരിചിന്തിക്കുക. 13 വയസ്സുള്ള ലിയ സ്‌കൂളിലെ ഉച്ചഭക്ഷണ വേളയിൽ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും * എന്ന പുസ്‌തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. “മറ്റുള്ളവർ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു,” അവൾ പറയുന്നു, “താമസിയാതെ കുറെയധികം പേർ എന്റെ ചുറ്റുംകൂടി. പുസ്‌തകം എന്തിനെക്കുറിച്ചുള്ളതാണെന്ന്‌ അവർ ചോദിച്ചു.” അന്ന്‌ സ്‌കൂൾ വിടുന്നതിനു മുമ്പായി നാലു പെൺകുട്ടികൾ യുവജനങ്ങൾ ചോദിക്കുന്നു പുസ്‌തകത്തിന്റെ പ്രതി ലിയയോട്‌ ആവശ്യപ്പെട്ടു. ആ പെൺകുട്ടികൾ പുസ്‌തകം മറ്റുള്ളവരെ കാണിക്കുകയും അവരും പ്രതികൾ ആവശ്യപ്പെടുകയും ചെയ്‌തു. അങ്ങനെ അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ തന്റെ സഹപാഠികൾക്കും അവരുടെ കൂട്ടുകാർക്കുമായി ലിയ യുവജനങ്ങൾ ചോദിക്കുന്നു പുസ്‌തകത്തിന്റെ 23 പ്രതികൾ സമർപ്പിച്ചു. താൻ വായിക്കുന്ന പുസ്‌തകത്തെ കുറിച്ച്‌ മറ്റുള്ളവർ ചോദിച്ചപ്പോൾ മറുപടി പറയുക എന്നത്‌ ലിയയെ സംബന്ധിച്ചിടത്തോളം ആദ്യം എളുപ്പമായിരുന്നോ? തീർച്ചയായും അല്ല! “ആദ്യം എനിക്കു സംഭ്രമം തോന്നി,” അവൾ സമ്മതിക്കുന്നു. “എന്നാൽ ഞാൻ പ്രാർഥിച്ചു, യഹോവ എന്നോടൊപ്പം ഉണ്ടെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു.”

10, 11. യഹോവയെ കുറിച്ചു മനസ്സിലാക്കാൻ ഒരു സിറിയൻ സേനാപതിയെ സഹായിക്കാൻ ഒരു ഇസ്രായേല്യ പെൺകുട്ടിക്ക്‌ കഴിഞ്ഞത്‌ എങ്ങനെ, അതിനുശേഷം അവൻ എന്തു മാറ്റങ്ങൾ വരുത്തി?

10 ലിയയുടെ അനുഭവം അരാമിലേക്ക്‌ (സിറിയ) അടിമയായി കൊണ്ടുപോകപ്പെട്ട ഒരു ഇസ്രായേല്യ ബാലിക നേരിട്ട സമാനമായ ഒരു സാഹചര്യത്തെ നിങ്ങളുടെ മനസ്സിലേക്കു കൊണ്ടുവന്നേക്കാം. സിറിയൻ സേനാപതിയായ നയമാൻ ഒരു കുഷ്‌ഠരോഗിയായിരുന്നു. അവന്റെ ഭാര്യ തുടങ്ങിവെച്ച ഒരു സംഭാഷണത്തിന്റെ ഭാഗമായിട്ടായിരിക്കണം ഈ കൊച്ചു പെൺകുട്ടി തന്റെ വിശ്വാസത്തെ കുറിച്ചു സംസാരിച്ചത്‌. “യജമാനൻ ശമര്യയിലെ പ്രവാചകന്റെ അടുക്കൽ ഒന്നു ചെന്നെങ്കിൽ അവൻ അവന്റെ കുഷ്‌ഠരോഗം മാററിക്കൊടുക്കുമായിരുന്നു” എന്ന്‌ അവൾ പറഞ്ഞു.​—⁠2 രാജാക്കന്മാർ 5:​1-3.

11 ഈ കൊച്ചു പെൺകുട്ടി ധൈര്യം പ്രകടമാക്കിയതിന്റെ ഫലമായി “യിസ്രായേലിൽ അല്ലാതെ ഭൂമിയിൽ എങ്ങും ഒരു ദൈവം ഇല്ല” എന്നു നയമാൻ തിരിച്ചറിയാനിടയായി. താൻ “ഇനി യഹോവെക്കല്ലാതെ അന്യദൈവങ്ങൾക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല” എന്ന്‌ അവൻ തീരുമാനിക്കുക പോലും ചെയ്‌തു. (2 രാജാക്കന്മാർ 5:​15, 17) യഹോവ തീർച്ചയായും ആ കൊച്ചു പെൺകുട്ടിയുടെ ധൈര്യത്തെ അനുഗ്രഹിച്ചു. ഇന്നത്തെ യുവജനങ്ങൾക്കുവേണ്ടിയും അവൻ അതുതന്നെ ചെയ്യും, കാരണം അവന്‌ അതിനുള്ള കഴിവുണ്ട്‌. ലിയ സ്വന്തം അനുഭവത്തിലൂടെ അതു മനസ്സിലാക്കി. അവളിൽനിന്ന്‌ യുവജനങ്ങൾ ചോദിക്കുന്നു പുസ്‌തകം വാങ്ങിയ സഹപാഠികളിൽ ചിലർ പിന്നീട്‌ അവളെ സമീപിച്ച്‌ ആ പുസ്‌തകം പെരുമാറ്റം മെച്ചപ്പെടുത്താൻ തങ്ങളെ സഹായിക്കുന്നതായി പറഞ്ഞു. “എനിക്കു വളരെ സന്തോഷം തോന്നി,” ലിയ പറയുന്നു, “കാരണം യഹോവയെ കുറിച്ചു കൂടുതൽ പഠിക്കാനും ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനും ഞാൻ മറ്റുള്ളവരെ സഹായിക്കുകയാണെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു.”

12. വിശ്വാസത്തിനുവേണ്ടി പ്രതിവാദം നടത്താൻ വേണ്ട ശക്തി നിങ്ങൾക്ക്‌ എങ്ങനെ സംഭരിക്കാം?

12 ജെന്നിഫറിനും ലിയയ്‌ക്കും ഉണ്ടായതുപോലുള്ള അനുഭവങ്ങൾ നിങ്ങൾക്കും ആസ്വദിക്കാൻ കഴിയും. ഒരു ക്രിസ്‌ത്യാനിയെന്ന നിലയിൽ “നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ” എന്ന പത്രൊസിന്റെ ഉദ്‌ബോധനം അനുസരിക്കുക. (1 പത്രൊസ്‌ 3:15) അത്‌ എങ്ങനെ ചെയ്യാൻ കഴിയും? വചനം “പൂർണ്ണധൈര്യത്തോടുംകൂടെ” പ്രസംഗിക്കാൻ തങ്ങളെ സഹായിക്കണമെന്ന്‌ യഹോവയോടു പ്രാർഥിച്ച ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെ മാതൃക അനുകരിക്കുക. (പ്രവൃത്തികൾ 4:30) പിന്നെ ധൈര്യപൂർവം മറ്റുള്ളവരോടു നിങ്ങളുടെ വിശ്വാസങ്ങളെ കുറിച്ചു സംസാരിക്കുക. ലഭിക്കുന്ന ഫലങ്ങൾ നിങ്ങളെ അതിശയിപ്പിച്ചേക്കാം. കൂടാതെ, നിങ്ങൾ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ചെയ്യും.

വീഡിയോകളും പ്രത്യേക പ്രോജക്ടുകളും

13. സാക്ഷ്യം നൽകുന്നതിന്‌ ചില യുവജനങ്ങൾ ഏതൊക്കെ മാർഗങ്ങൾ ഉപയോഗപ്പെടുത്തിയിരിക്കുന്നു? (20, 21 പേജുകളിലെ ചതുരങ്ങൾ കാണുക.)

13 അനേകം യുവജനങ്ങൾ വീഡിയോകൾ ഉപയോഗിച്ചുകൊണ്ട്‌ സഹപാഠികളോടോ അധ്യാപകരോടോ തങ്ങളുടെ വിശ്വാസത്തെ കുറിച്ചു വിശദീകരിച്ചിട്ടുണ്ട്‌. ചില സന്ദർഭങ്ങളിൽ സ്‌കൂൾ പ്രോജക്ടുകൾ യഹോവയ്‌ക്കു സ്‌തുതി കരേറ്റാനുള്ള അവസരം പ്രദാനം ചെയ്‌തിരിക്കുന്നു. ഉദാഹരണത്തിന്‌, യഹോവയുടെ സാക്ഷികളിൽപ്പെട്ട 15 വയസ്സുകാരായ രണ്ട്‌ ആൺകുട്ടികൾക്ക്‌ ലോകചരിത്ര ക്ലാസ്സിന്റെ ഭാഗമായി ലോകമതങ്ങളിൽ ഒന്നിനെ കുറിച്ച്‌ ഒരു റിപ്പോർട്ട്‌ എഴുതാനുള്ള നിയമനം ലഭിച്ചു. അവർ ഒരുമിച്ച്‌ യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തെ ആധാരമാക്കി യഹോവയുടെ സാക്ഷികളെ കുറിച്ചുള്ള ഒരു റിപ്പോർട്ടു തയ്യാറാക്കി. * അഞ്ചു മിനിട്ടു നേരത്തെ ഒരു വാചിക റിപ്പോർട്ടും അവർ നൽകേണ്ടിയിരുന്നു. പക്ഷേ അതുകഴിഞ്ഞപ്പോൾ അധ്യാപകനും മറ്റു വിദ്യാർഥികൾക്കും വളരെയധികം ചോദ്യങ്ങൾ ഉണ്ടായിരുന്നതിനാൽ 20 മിനിട്ടു കൂടെ അവർക്ക്‌ ക്ലാസ്സിനോടു സംസാരിക്കേണ്ടി വന്നു. തുടർന്ന്‌ ആഴ്‌ചകളോളം അവരുടെ സഹപാഠികൾ യഹോവയുടെ സാക്ഷികളെ കുറിച്ച്‌ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു!

14, 15. (എ) മാനുഷഭയം ഒരു കെണി ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) നിങ്ങളുടെ വിശ്വാസങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നതു സംബന്ധിച്ച്‌ സങ്കോചം തോന്നേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌?

14 യഹോവയുടെ സാക്ഷികളിൽ ഒരാളെന്നനിലയിൽ നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങളെ കുറിച്ചു മറ്റുള്ളവരോടു പറയുന്നതിലൂടെ വലിയ അനുഗ്രഹങ്ങൾ ആസ്വദിക്കാനാകും എന്നാണ്‌ ഈ അനുഭവങ്ങളെല്ലാം കാണിക്കുന്നത്‌. യഹോവയാം ദൈവത്തെ കുറിച്ച്‌ അറിയാൻ മറ്റുള്ളവരെ സഹായിക്കാനുള്ള പദവിയും അതിൽനിന്നു ലഭിക്കുന്ന സന്തോഷവും നിങ്ങളിൽനിന്നു കവർന്നു കളയാൻ മാനുഷഭയത്തെ അനുവദിക്കരുത്‌. ബൈബിൾ പറയുന്നു: ‘മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.’​—⁠സദൃശവാക്യങ്ങൾ 29:25.

15 ക്രിസ്‌തീയ യുവജനങ്ങളിൽ ഒരാളെന്ന നിലയിൽ നിങ്ങളുടെ പക്കൽ നിങ്ങളുടെ സമപ്രായക്കാർക്ക്‌ അങ്ങേയറ്റം ആവശ്യമുള്ള ചിലത്‌ ഉണ്ടെന്ന്‌ ഓർക്കുക​—⁠ഇപ്പോൾ പിൻപറ്റാവുന്നതിൽവെച്ച്‌ ഏറ്റവും മെച്ചമായ ജീവിതരീതിയും ഭാവിയിലെ നിത്യജീവന്റെ വാഗ്‌ദാനവും. (1 തിമൊഥെയൊസ്‌ 4:⁠8) രസകരമെന്നു പറയട്ടെ, ആളുകൾ പൊതുവേ മതത്തെ കുറിച്ചു കേൾക്കാൻ താത്‌പര്യമില്ലാത്തവരോ ലൗകിക ചിന്താഗതിക്കാരോ ആണെന്നു നിങ്ങൾ കരുതിയേക്കാവുന്ന ഐക്യനാടുകളിൽ നടത്തിയ ഒരു സർവേ അവിടെ യുവജനങ്ങളിൽ പകുതി എങ്കിലും മതത്തെ വളരെ ഗൗരവത്തോടെ വീക്ഷിക്കുന്നുവെന്നു വെളിപ്പെടുത്തി, അവരിൽ മൂന്നിലൊരു ഭാഗവും മതവിശ്വാസമാണ്‌ തങ്ങളുടെ ജീവിതത്തിൽ “ഏറ്റവും സ്വാധീനം ചെലുത്തുന്ന ശക്തി” എന്നു പറയുകയുണ്ടായി. സാധ്യതയനുസരിച്ച്‌ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലെയും സ്ഥിതിവിശേഷം സമാനമാണ്‌. അപ്പോൾ ബൈബിളിനെ കുറിച്ചു നിങ്ങൾക്കു പറയാനുള്ള കാര്യങ്ങൾ നിങ്ങളുടെ സഹപാഠികൾ സന്തോഷപൂർവം ശ്രദ്ധിക്കാൻ നല്ല സാധ്യതയുണ്ട്‌.

യുവജനങ്ങളേ, ദൈവത്തോട്‌ അടുത്തു ചെല്ലുക

16. യഹോവയെ പ്രസാദിപ്പിക്കുന്നതിൽ അവനെ കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതിനു പുറമേ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

16 തീർച്ചയായും, യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതിൽ വെറുതെ അവനെ കുറിച്ചു സംസാരിക്കുന്നതിനെക്കാൾ അധികം ഉൾപ്പെട്ടിട്ടുണ്ട്‌. അതായത്‌ നിങ്ങളുടെ നടത്തയെ അവന്റെ നിലവാരങ്ങളോട്‌ അനുരൂപപ്പെടുത്തേണ്ടതുണ്ട്‌. അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി: “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം; അവന്റെ കല്‌പനകൾ ഭാരമുള്ളവയല്ല.” (1 യോഹന്നാൻ 5:⁠3) യഹോവയോട്‌ അടുത്തു ചെല്ലുന്നെങ്കിൽ ഇതു സത്യമാണെന്നു നിങ്ങൾ കണ്ടെത്തും. നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാൻ കഴിയും?

17. യഹോവയോട്‌ എങ്ങനെ അടുത്തു ചെല്ലാൻ കഴിയും?

17 ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും വായിക്കാൻ സമയം എടുക്കുക. യഹോവയെ സംബന്ധിച്ച്‌ എത്രയധികം പഠിക്കുന്നുവോ അവനെ അനുസരിക്കുന്നതും അവനെ കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതും അത്രയധികം എളുപ്പമായിത്തീരും. ‘നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്‌താവിക്കുന്നത്‌’ എന്ന്‌ യേശു പറഞ്ഞു. (ലൂക്കൊസ്‌ 6:45) അതുകൊണ്ട്‌ നല്ല കാര്യങ്ങളാൽ നിങ്ങളുടെ ഹൃദയം നിറയ്‌ക്കുക. ഇതിനോടുള്ള ബന്ധത്തിൽ എന്തുകൊണ്ട്‌ ചില ലക്ഷ്യങ്ങൾ വെച്ചുകൂടാ? ഒരുപക്ഷേ അടുത്ത ആഴ്‌ചയിലെ സഭായോഗങ്ങൾക്കായി നിങ്ങൾക്ക്‌ കുറേക്കൂടി മെച്ചമായി തയ്യാറാകാൻ കഴിഞ്ഞേക്കും. അതിനുശേഷം, ഹൃദയത്തിൽനിന്നുള്ള ഹ്രസ്വമായ ഉത്തരം നൽകിക്കൊണ്ട്‌ യോഗത്തിൽ പങ്കുപറ്റുക എന്ന ലക്ഷ്യം വെക്കാൻ കഴിയും. തീർച്ചയായും, നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടതും അത്യന്താപേക്ഷിതമാണ്‌.​—⁠ഫിലിപ്പിയർ 4:⁠9.

18. എതിർപ്പ്‌ നേരിടേണ്ടി വന്നാലും എന്തിനെ കുറിച്ച്‌ നിങ്ങൾക്ക്‌ പൂർണ ഉറപ്പുണ്ടായിരിക്കാനാകും?

18 യഹോവയെ സേവിക്കുന്നതിൽനിന്നു ലഭിക്കുന്ന അനുഗ്രഹങ്ങൾ ദീർഘകാലം, എന്തിന്‌ എന്നേക്കും നിലനിൽക്കുന്നവയാണ്‌. യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്ന കാരണത്താൽ നിങ്ങൾക്ക്‌ ഇടയ്‌ക്കൊക്കെ കുറെ എതിർപ്പോ പരിഹാസമോ സഹിക്കേണ്ടി വന്നേക്കാം എന്നതു സത്യമാണ്‌. എന്നാൽ മോശെയെ കുറിച്ചു ചിന്തിക്കുക. അവൻ ‘തനിക്കു ലഭിക്കാനിരുന്ന പ്രതിഫലത്തിൽ ദൃഷ്ടിപതിപ്പിച്ചു’ എന്ന്‌ ബൈബിൾ പറയുന്നു. (എബ്രായർ 11:​24-26, പി.ഒ.സി. ബൈബിൾ) തന്നെ കുറിച്ചു പഠിക്കാനും സംസാരിക്കാനും നിങ്ങൾ നടത്തുന്ന ശ്രമങ്ങൾക്കായി യഹോവ നിങ്ങൾക്കു പ്രതിഫലം തരുമെന്ന പൂർണ ഉറപ്പ്‌ നിങ്ങൾക്കും ഉണ്ടായിരിക്കാനാകും. തീർച്ചയായും, അവൻ ഒരിക്കലും ‘നിങ്ങളുടെ പ്രവൃത്തിയും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളയുകയില്ല.’​—⁠എബ്രായർ 6:10.

[അടിക്കുറിപ്പുകൾ]

^ ഖ. 9 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

^ ഖ. 13 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

നിങ്ങൾ ഓർമിക്കുന്നുവോ?

• യഹോവ നിങ്ങളുടെ സേവനത്തെ വിലമതിക്കുന്നുവെന്ന്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

• സ്‌കൂളിൽ സാക്ഷ്യം നൽകുന്നതിന്‌ ഏതു മാർഗങ്ങൾ ഫലപ്രദമാണെന്നു ചിലർ കണ്ടെത്തിയിരിക്കുന്നു?

• സഹപാഠികളോടു സാക്ഷീകരിക്കാനുള്ള ശക്തി നിങ്ങൾക്ക്‌ എങ്ങനെ സംഭരിക്കാം?

• നിങ്ങൾക്ക്‌ എങ്ങനെ യഹോവയോട്‌ അടുത്തു ചെല്ലാനാകും?

[അധ്യയന ചോദ്യങ്ങൾ]

[20 -ാം പേജിലെ ചതുരം/ചിത്രങ്ങൾ]

കൊച്ചുകുട്ടികൾ പോലും യഹോവയെ സ്‌തുതിക്കുന്നു!

കൗമാര പ്രായത്തിൽ എത്തിയിട്ടില്ലാത്ത കുട്ടികൾക്കു പോലും സ്‌കൂളിൽ സാക്ഷ്യം നൽകാൻ കഴിഞ്ഞിട്ടുണ്ട്‌. ഈ അനുഭവങ്ങൾ പരിചിന്തിക്കുക.

പത്തു വയസ്സുള്ള ആംബർ അഞ്ചാം ക്ലാസ്സിലായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ നാസികൾ യഹൂദന്മാരെ പീഡിപ്പിച്ചതിനെ കുറിച്ചുള്ള ഒരു പുസ്‌തകം ക്ലാസ്സിൽ വായിച്ചപ്പോൾ പർപ്പിൾ ട്രയാംഗിൾസ്‌ (ഇംഗ്ലീഷ്‌) എന്ന വീഡിയോ അധ്യാപികയ്‌ക്ക്‌ കൊടുക്കാൻ ആംബർ തീരുമാനിച്ചു. നാസി ഭരണകാലത്ത്‌ യഹോവയുടെ സാക്ഷികൾക്കും പീഡനം സഹിക്കേണ്ടി വന്നിരുന്നെന്ന അറിവ്‌ അധ്യാപികയെ അതിശയപ്പെടുത്തി. അധ്യാപിക ആ വീഡിയോ മുഴു ക്ലാസ്സിനെയും കാണിച്ചു.

എട്ടു വയസ്സുള്ള അലെക്‌സ ക്ലാസ്‌ സംഘടിപ്പിച്ച ക്രിസ്‌തുമസ്സ്‌ ആഘോഷപരിപാടിയിൽ തനിക്കു പങ്കെടുക്കാൻ കഴിയാത്തത്‌ എന്തുകൊണ്ടാണെന്നു വിശദീകരിച്ചുകൊണ്ട്‌ തന്റെ ക്ലാസ്സിലേക്ക്‌ ഒരു കത്ത്‌ എഴുതി. ആ കത്ത്‌ അവളുടെ അധ്യാപികയിൽ വലിയ മതിപ്പുളവാക്കി. അതുകൊണ്ട്‌ സ്വന്തം ക്ലാസ്സിൽ മാത്രമല്ല മറ്റു രണ്ടു ക്ലാസ്സുകളിൽ കൂടെ അവർ അലെക്‌സയെക്കൊണ്ട്‌ ആ കത്ത്‌ വായിപ്പിച്ചു! കത്തിന്റെ ഉപസംഹാരഭാഗത്ത്‌ അവൾ ഇങ്ങനെ എഴുതിയിരുന്നു: “എന്റേതിൽനിന്നു വ്യത്യസ്‌തമായ വിശ്വാസങ്ങൾ ഉള്ളവരോട്‌ ആദരവു കാണിക്കാനാണ്‌ എന്നെ പഠിപ്പിച്ചിരിക്കുന്നത്‌, ക്രിസ്‌തുമസ്സ്‌ ആഘോഷത്തിൽനിന്ന്‌ വിട്ടുനിൽക്കാനുള്ള എന്റെ തീരുമാനത്തെ മാനിക്കുന്നതിനു നിങ്ങൾക്കു നന്ദി.”

ഒന്നാം ക്ലാസ്സിൽ ചേർന്ന്‌ അധികം കഴിയുന്നതിനു മുമ്പ്‌ എറിക്‌ എന്റെ ബൈബിൾ കഥാ പുസ്‌തകം സ്‌കൂളിൽ കൊണ്ടുപോകുകയും അത്‌ സഹപാഠികളെ കാണിക്കാൻ അനുവാദം ചോദിക്കുകയും ചെയ്‌തു. “അതിലും നല്ലൊരു ആശയം എനിക്കു തോന്നുന്നു,” അവന്റെ അധ്യാപിക പറഞ്ഞു. ”നിനക്ക്‌ ക്ലാസ്സിനെ അതിൽനിന്ന്‌ ഒരു കഥ വായിച്ചു കേൾപ്പിക്കരുതോ?” എറിക്‌ അങ്ങനെ ചെയ്‌തു. അതിനുശേഷം പുസ്‌തകത്തിന്റെ ഒരു പ്രതി ലഭിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം കൈ ഉയർത്താൻ അവൻ പറഞ്ഞു. അധ്യാപിക ഉൾപ്പെടെ 18 പേർ കൈ ഉയർത്തി! തനിക്ക്‌ സ്വന്തമായ ഒരു സാക്ഷീകരണ പ്രദേശം ഉണ്ടെന്ന്‌ എറിക്കിന്‌ ഇപ്പോൾ തോന്നുന്നു.

ഒമ്പതു വയസ്സുകാരി വിറ്റ്‌നി യഹോവയുടെ സാക്ഷികളും വിദ്യാഭ്യാസവും * എന്ന ലഘുപത്രികയെ പ്രതി നന്ദിയുള്ളവളാണ്‌. “സാധാരണ എല്ലാ വർഷവും മമ്മി ഈ ലഘുപത്രിക എന്റെ അധ്യാപകർക്കു കൊടുക്കാറുണ്ട്‌,” അവൾ പറയുന്നു, “എന്നാൽ ഈ വർഷം ഞാൻതന്നെ അതു ചെയ്‌തു. അതിനുശേഷം അധ്യാപിക എന്നെ ആ ‘വാരത്തിലെ മികച്ച വിദ്യാർഥി’യായി തിരഞ്ഞെടുത്തു.”

[അടിക്കുറിപ്പുകൾ]

^ ഖ. 56 പരാമർശിച്ചിരിക്കുന്ന വീഡിയോയും സാഹിത്യങ്ങളും യഹോവയുടെ സാക്ഷികൾ ഉത്‌പാദിപ്പിക്കുന്നവയാണ്‌.

[21 -ാം പേജിലെ ചതുരം/ചിത്രങ്ങൾ]

വിശ്വാസത്തെ കുറിച്ചു സംസാരിക്കാനായി ചിലർ ഉപയോഗപ്പെടുത്തിയിട്ടുള്ള സാഹചര്യങ്ങൾ

സ്‌കൂളിൽ ഒരു റിപ്പോർട്ടോ പ്രോജക്ടോ തയ്യാറാക്കേണ്ടി വരുമ്പോൾ ചിലർ സാക്ഷ്യം നൽകാൻ സഹായിക്കുന്ന ഒരു വിഷയം തിരഞ്ഞെടുത്തിരിക്കുന്നു

പല യുവജനങ്ങളും ക്ലാസ്സിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയവുമായി ബന്ധമുള്ള ഒരു വീഡിയോയോ പ്രസിദ്ധീകരണമോ തങ്ങളുടെ അധ്യാപകർക്കു നൽകിയിട്ടുണ്ട്‌

ഇടവേളയിൽ ബൈബിളോ ഏതെങ്കിലും ബൈബിൾ സാഹിത്യമോ വായിച്ചുകൊണ്ടിരുന്ന ചില യുവജനങ്ങളെ സമീപിച്ച്‌ സഹപാഠികൾ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്‌

[18 -ാം പേജിലെ ചിത്രം]

യഹോവയെ സേവിക്കുന്നതിൽ യുവജനങ്ങളെ പരിശീലിപ്പിക്കാൻ അനുഭവസമ്പന്നരായവർക്കു സാധിക്കും