ആത്മീയ മൂല്യങ്ങൾ—അവയ്‌ക്ക് എന്താണു സംഭവിക്കുന്നത്?
ആത്മീയ മൂല്യങ്ങൾ—അവയ്‌ക്ക് എന്താണു സംഭവിക്കുന്നത്?
“വിവാഹിതരാകാൻ പോകുന്നവർക്കുള്ള കൗൺസലിങ്ങിനായി സംഘടിപ്പിച്ച ഒരു സായാഹ്ന [കത്തോലിക്ക] യോഗത്തിൽ പതിനഞ്ച് ജോഡികൾ സംബന്ധിച്ചു. സന്നിഹിതരായ 30 പേരിൽ 3 പേർ മാത്രമേ തങ്ങൾക്ക് മതവിശ്വാസം ഉള്ളതായി പറഞ്ഞുള്ളൂ.”—ഫ്രഞ്ച് കത്തോലിക്ക ദിനപത്രമായ ലാ കർവാ.
മതമൂല്യങ്ങൾ പ്രതിസന്ധിയിലാണ്. ന്യൂസ്‌വീക്ക് മാസികയുടെ 1999 ജൂലൈ 12-ലെ അന്താരാഷ്‌ട്ര പതിപ്പിന്റെ പുറം പേജ് ഇങ്ങനെ ചോദിച്ചു: “ദൈവം മരിച്ചുപോയോ?” പാശ്ചാത്യ യൂറോപ്പിനെ സംബന്ധിച്ചിടത്തോളം അതു സത്യമായിരിക്കുന്നതായി തോന്നുന്നുവെന്ന് മാസിക പറഞ്ഞു. അതേവർഷം ഒക്ടോബറിൽ റോമിൽ നടന്ന കത്തോലിക്കാ സഭാ സൂന്നഹദോസിനെ കുറിച്ച് റിപ്പോർട്ടു ചെയ്‌തുകൊണ്ട് ഫ്രഞ്ച് വർത്തമാനപത്രമായ ലെ മോൺട് ഇങ്ങനെ പ്രസ്‌താവിച്ചു: “സഭയുടെ സന്ദേശത്തോട് ‘വിരക്തി’ വളർത്തിയെടുത്തിരിക്കുന്ന ഒരു സംസ്‌കാരത്തിൽ ആ സന്ദേശം പ്രചരിപ്പിക്കുക എന്നത് മുമ്പെന്നത്തെക്കാളധികം ബുദ്ധിമുട്ടാണെന്ന് സഭ കണ്ടെത്തുന്നു. . . . ഇറ്റലിയിൽ ഇപ്പോൾ കത്തോലിക്കാവിശ്വാസികളുടെ ഇടയിൽ ഉപദേശപരവും ആചാരപരവുമായ ഐക്യമില്ല. . . . ജർമനിയിൽ, ഗർഭച്ഛിദ്രോപദേശ കേന്ദ്രങ്ങളെ കുറിച്ചുള്ള തർക്കം പാപ്പായ്‌ക്കും ഏകപക്ഷീയ ഉത്തരവുകളെ വകവെക്കാൻ കൂട്ടാക്കാത്ത ജനാധിപത്യത്തിനും ഇടയിലെ വിടവ് വർധിപ്പിക്കുകയാണ്. ധാർമികതയെയും ദയാവധത്തെയും സംബന്ധിച്ച [നെതർലൻഡ്‌സിന്റെ] സാഹസിക നിലപാടിന് കാരണം പെട്ടെന്നുള്ള അതിന്റെ അക്രൈസ്‌തവീകരണമാണെന്ന് ചില നിരീക്ഷകർ അഭിപ്രായപ്പെടുന്നു.”
മറ്റിടങ്ങളിലും സ്ഥിതി ഏതാണ്ട് സമാനമാണ്. 1999-ൽ കാന്റർബറിയിലെ ആർച്ച് ബിഷപ്പായ ജോർജ് ക്യാരി, “ഒരു തലമുറയ്‌ക്കുള്ളിൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് നാമാവശേഷമാകും” എന്ന് മുന്നറിയിപ്പു നൽകുകയുണ്ടായി. ലെ ഫിഗാറോ എന്ന ഫ്രഞ്ച് വർത്തമാനപത്രത്തിൽ വന്ന “ക്രൈസ്‌തവ യൂറോപ്പിന്റെ അന്ത്യം” എന്ന ലേഖനം ഇപ്രകാരം പ്രസ്‌താവിച്ചു: “ഒരേ സംഗതിതന്നെയാണ് എല്ലായിടത്തും കാണാൻ കഴിയുന്നത്. . . . സദാചാരപരവും ഉപദേശപരവുമായ കാര്യങ്ങളെ ഓരോന്നായി ആളുകൾ ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു.”
മതപങ്കാളിത്തം കുറയുന്നു
യൂറോപ്പിൽ പള്ളിഹാജർ കുത്തനെ താഴുകയാണ്. പാരീസ് നഗരത്തിൽ താമസിക്കുന്ന കത്തോലിക്കരിൽ എല്ലാ ഞായറാഴ്‌ചയും കുർബാനയിൽ സംബന്ധിക്കുന്നവരുടെ എണ്ണം 10
ശതമാനത്തിൽ താഴെയും മുടങ്ങാതെ പള്ളിശുശ്രൂഷകളിൽ സംബന്ധിക്കുന്നവരുടെ എണ്ണം 3-4 ശതമാനവും മാത്രമാണ്. യുണൈറ്റഡ് കിങ്‌ഡം, ജർമനി, സ്‌കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ പള്ളിഹാജർ ഇതിനു സമാനമോ ഇതിലും കുറവോ ആണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.പൗരോഹിത്യം സ്വീകരിക്കാൻ ആളില്ലാതെവരുന്നത് മതാധികാരികളെ വളരെ ആശങ്കാകുലരാക്കുകയാണ്. ഒരു നൂറ്റാണ്ടിൽ കുറഞ്ഞ സമയത്തിനുള്ളിൽ, ഫ്രാൻസിലെ പുരോഹിതന്മാരുടെ എണ്ണം കുത്തനെ കുറഞ്ഞിരിക്കുന്നു. 10,000 പേർക്ക് 14 എന്നത് ഇപ്പോൾ 10,000-ത്തിന് 1 എന്നതിലും കുറവായിത്തീർന്നിരിക്കുന്നു. യൂറോപ്പിൽ ഉടനീളം പുരോഹിതന്മാരുടെ ശരാശരി വയസ്സ് വർധിക്കുകയാണ്, അയർലൻഡ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽപ്പോലും ഇപ്പോൾ പുരോഹിതന്മാരെ കിട്ടാൻ ബുദ്ധിമുട്ടാണ്. വേദപാഠക്ലാസ്സിൽ ചേരുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞുവരികയാണ്. കത്തോലിക്കാസഭയ്‌ക്ക് ഒരു പുനരുദ്ധാരണം സാധ്യമാണോ എന്നതു സംബന്ധിച്ച് അത് ശക്തമായ സംശയങ്ങൾ ഉയർത്തുന്നു.
മതത്തിൽ ആളുകൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഫ്രഞ്ചുകാരിൽ 6 ശതമാനം പേർ മാത്രമേ “ഒരേയൊരു മതത്തിലേ സത്യം കണ്ടെത്താനാകൂ” എന്നു വിശ്വസിക്കുന്നുള്ളൂ. 1952-ലും 1981-ലും ഈ ശതമാനം യഥാക്രമം 50-ഉം 15-ഉം ആയിരുന്നു. മതത്തിലുള്ള താത്‌പര്യം വ്യാപകമായ തോതിൽ കുറഞ്ഞുവരികയാണ്. തങ്ങൾക്ക് മതവുമായി ഒരു ബന്ധവുമില്ല എന്നു പറയുന്നവരുടെ അനുപാതം 1980-ലെ 26 ശതമാനത്തിൽനിന്ന് 2000-ത്തിൽ 40 ശതമാനമായി വർധിച്ചു.—ലേ വാലൊർ ഡെ ഫ്രാൻസാ—എവോലൂസ്യോൻ ഡെ 1980 അ 2000 (ഫ്രഞ്ചുകാരുടെ മൂല്യങ്ങൾ—1980 മുതൽ 2000 വരെയുള്ള വികാസങ്ങൾ).
ധാർമിക മൂല്യങ്ങളിലെ ശ്രദ്ധേയ മാറ്റം
ധാർമിക മൂല്യങ്ങളും പ്രതിസന്ധിയിലാണ് എന്നു വ്യക്തമാണ്. നേരത്തേ പരാമർശിച്ചതുപോലെ, പള്ളിയിൽ പോകുന്ന മിക്കവരും തങ്ങളുടെ സഭ പ്രഖ്യാപിക്കുന്ന ധാർമിക ചട്ടങ്ങളെ തിരസ്‌കരിക്കുന്നു. മതനേതാക്കൾക്ക് പെരുമാറ്റച്ചട്ടം വെക്കാനുള്ള അവകാശമുണ്ട് എന്ന ആശയത്തോട് അവർ യോജിക്കുന്നില്ല. മനുഷ്യാവകാശങ്ങൾ സംബന്ധിച്ച പാപ്പായുടെ നിലപാടിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നവർതന്നെ, തങ്ങളുടെ സ്വന്തം ജീവിതത്തിന്റെ കാര്യം വരുമ്പോൾ അത് അനുസരിക്കാൻ കൂട്ടാക്കുന്നില്ല. ഉദാഹരണത്തിന്, ഗർഭനിരോധനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട് ഇന്ന് പരക്കെ അവഗണിക്കപ്പെടുന്നു, എന്തിന് കത്തോലിക്കരായ അനേകം ദമ്പതികൾപോലും ആ നിലപാടിനെ അംഗീകരിക്കുന്നില്ല.
ഈ മനോഭാവം സമൂഹത്തിന്റെ എല്ലാ തലത്തിലുമുള്ള മതഭക്തരെയും അല്ലാത്തവരെയും, ഒരുപോലെ ബാധിക്കുന്നു. വിശുദ്ധ തിരുവെഴുത്തുകളിൽ വ്യക്തമായി കുറ്റംവിധിച്ചിരിക്കുന്ന കാര്യങ്ങൾ തുടർന്നുപോകാൻ അത് ഇടയാക്കുന്നു. ഇരുപതു വർഷം മുമ്പ് ഫ്രഞ്ചുകാരിൽ 45 ശതമാനം സ്വവർഗസംഭോഗത്തെ ഒരു കുറ്റമായാണ് വീക്ഷിച്ചിരുന്നത്. എന്നാൽ ഇന്ന് 80 ശതമാനത്തിന് അതു സ്വീകാര്യമാണ്. ബഹുഭൂരിപക്ഷവും വൈവാഹിക വിശ്വസ്‌തതയെ പിന്താങ്ങുന്നുണ്ടെങ്കിലും, 36 ശതമാനം മാത്രമേ വിവാഹബന്ധത്തിനു വെളിയിലുള്ള ലൈംഗികബന്ധത്തെ യാതൊരു വിധത്തിലും ന്യായീകരിക്കാനാവാത്തതായി കുറ്റംവിധിക്കുന്നുള്ളൂ.—റോമർ 1:26, 27; 1 കൊരിന്ത്യർ 6:9, 10; എബ്രായർ 13:4.
ഒരു മതവ്യാമിശ്രത
പാശ്ചാത്യ സമൂഹത്തിൽ, ഇപ്പോൾ തങ്ങൾക്കു ബോധിച്ച ഉപദേശങ്ങൾ കൊള്ളുകയും മറ്റുള്ളവ തള്ളുകയും ചെയ്‌തുകൊണ്ട് സ്വന്തമായ ഒരുതരം മതവിശ്വാസത്തിനു രൂപം നൽകുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ക്രിസ്‌ത്യാനികളാണ് എന്ന് അവകാശപ്പെടുന്ന ചിലർ പുനർജന്മത്തിൽ വിശ്വസിക്കുന്നു, മറ്റുചിലർ ഒരേസമയം വ്യത്യസ്‌ത മതവിശ്വാസങ്ങൾ വെച്ചുപുലർത്തുന്നു. (സഭാപ്രസംഗി 9:5, 10; യെഹെസ്‌കേൽ 18:4, 20; മത്തായി 7:21; എഫെസ്യർ 4:5, 6) ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാനാകാത്തവിധം അനേകം വിശ്വാസികൾ സഭാമാർഗത്തിൽനിന്ന് വ്യതിചലിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ലേ വാലൊർ ഡെ ഫ്രാൻസാ എന്ന ഗ്രന്ഥം വ്യക്തമായി അഭിപ്രായപ്പെടുകയുണ്ടായി.
എന്നിരുന്നാലും, മതപരമായ സ്വതന്ത്രവാദത്തിലേക്കുള്ള ഈ ചായ്‌വ് അപകടകരമാണ്. വ്യവസ്ഥാപിത രീതിയിൽനിന്നും വേർപെട്ട് സ്വന്തമായി ഒരു മതത്തിന് രൂപംനൽകാൻ ഒരു വ്യക്തിക്കാവില്ല എന്ന് ഇൻസ്റ്റിറ്റ്യൂ ദെ ഫ്രാൻസിലെ ഒരു അംഗവും മതചരിത്രകാരനുമായ ഷാൻ ഡെല്യൂമോ വിശ്വസിക്കുന്നു. “ഒരു സംഘടിത മതത്തിന്റെ ഉറച്ച പിൻബലമില്ലാതെ ഒരു വിശ്വാസത്തിനും നിലനിൽക്കാനാവില്ല.” ആചാരങ്ങളോടൊപ്പം ഉത്തമ ആത്മീയ മൂല്യങ്ങളും ഒരു മതത്തിന്റെ അവിഭാജ്യ ഘടകമായിരിക്കേണ്ടതാണ്. എന്നാൽ അടിക്കടി മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ അത്തരമൊരു കാര്യം എങ്ങനെ സാധ്യമാകും?
നടത്തയും ധാർമികതയും സംബന്ധിച്ച സ്വീകാര്യമായ വ്യവസ്ഥകൾ വെക്കുന്നത് ദൈവമാണെന്ന് ബൈബിൾ അതിന്റെ താളുകളിൽ ഉടനീളം നമ്മെ ഓർമിപ്പിക്കുന്നു. എങ്കിലും, അവ പിൻപറ്റാനോ പിൻപറ്റാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം അവൻ മനുഷ്യർക്ക് നൽകിയിട്ടുണ്ട്. പുരാതനമായ ഈ അതുല്യഗ്രന്ഥത്തിന് ഇക്കാലത്തും പ്രായോഗികമൂല്യം ഉണ്ടെന്നും അത് ‘കാലിന്നു ദീപവും പാതെക്കു പ്രകാശവും ആണെന്നും’ ലോകമെമ്പാടുമുള്ള ദശലക്ഷങ്ങൾ തിരിച്ചറിയുന്നു. (സങ്കീർത്തനം 119:105) എങ്ങനെയാണ് അവർ ആ നിഗമനത്തിൽ എത്തിയത്? അടുത്ത ലേഖനത്തിൽ അത് ചർച്ച ചെയ്യപ്പെടും.