വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുവജനങ്ങളേ, നിങ്ങൾ ആത്മീയമായി പുരോഗതി കൈവരിക്കുന്നുവോ?

യുവജനങ്ങളേ, നിങ്ങൾ ആത്മീയമായി പുരോഗതി കൈവരിക്കുന്നുവോ?

യുവജനങ്ങളേ, നിങ്ങൾ ആത്മീയമായി പുരോഗതി കൈവരിക്കുന്നുവോ?

തന്റെ ജൂനിയർ ഹൈസ്‌കൂൾ കാലങ്ങളിലേക്കു തിരിഞ്ഞു നോക്കിക്കൊണ്ട്‌ ഹിഡെയോ ഇങ്ങനെ പറയുന്നു: “ഞാൻ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിച്ചിരുന്നെങ്കിലും, യഹോവയെ സേവിക്കാനുള്ള തീക്ഷ്‌ണമായ ആഗ്രഹമൊന്നും എനിക്കില്ലായിരുന്നു. എന്റെ സഹപാഠികളുടെ ഇടയിൽ പേരെടുക്കുന്നതിനെ കുറിച്ചും, വലിയ കേമനാണെന്ന മട്ടിൽ കാമുകിയുമൊത്തു തെരുവിലൂടെ നടന്നുപോകുന്നതിനെ കുറിച്ചും ഒക്കെയാണു ഞാൻ മിക്കപ്പോഴും ചിന്തിച്ചിരുന്നത്‌. ജീവിതത്തിൽ എനിക്കു പ്രത്യേക ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്തെങ്കിലും ആത്മീയ അഭിവൃദ്ധി വരുത്തണമെന്ന്‌ എനിക്ക്‌ യാതൊരു ആഗ്രഹവും ഇല്ലായിരുന്നു.” ഹിഡെയോയെപ്പോലെ, എന്തെങ്കിലും മൂല്യവത്തായ ലക്ഷ്യങ്ങളിൽ എത്തിച്ചേരണമെന്നോ പുരോഗതി വരുത്തണമെന്നോ ഉള്ള ആഗ്രഹം ഇല്ലാതെ അലക്ഷ്യമായി ജീവിതം നയിക്കുന്ന പല യുവജനങ്ങളുമുണ്ട്‌.

നിങ്ങൾ ഒരു യുവപ്രായക്കാരനാണോ? എങ്കിൽ സ്‌പോർട്‌സിലോ ഹോബികളിലോ ഒക്കെ ഏർപ്പെടുന്നതു നിങ്ങളെ ആവേശഭരിതനാക്കിയേക്കാം. എന്നാൽ ആത്മീയ പ്രവർത്തനങ്ങളുടെ കാര്യം വരുമ്പോൾ നിങ്ങൾക്ക്‌ അങ്ങനെ തോന്നുന്നില്ലായിരിക്കാം. ആത്മീയ ലക്ഷ്യങ്ങൾ സംബന്ധിച്ച്‌ ആവേശം കൊള്ളുക സാധ്യമാണോ? സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകൾ ശ്രദ്ധിക്കുക: “യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്‌പബുദ്ധിയെ ജ്ഞാനിയാക്കുന്നു. . . .യഹോവയുടെ കല്‌പന നിർമ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.” (സങ്കീർത്തനം 19:7, 8) “കണ്ണുകളെ പ്രകാശിപ്പിക്കുന്ന” വിധത്തിൽ ജ്ഞാനപൂർവം പ്രവർത്തിക്കുന്നതിലേക്ക്‌ “അല്‌പബുദ്ധിയെ” [“അനുഭവപരിചയമില്ലാത്തവനെ,” NW] നയിക്കാൻ ദൈവവചനത്തിനു പ്രാപ്‌തിയുണ്ട്‌. അതേ, നിങ്ങൾക്ക്‌ ആത്മീയ കാര്യങ്ങളിൽ വലിയ സന്തോഷം കണ്ടെത്താൻ കഴിയും. എന്നാൽ അതിന്‌ ആവശ്യമായിരിക്കുന്നത്‌ എന്താണ്‌? നിങ്ങൾ എവിടെ തുടങ്ങണം?

ദൈവത്തെ സേവിക്കാൻ പ്രചോദിതരായിത്തീരുക

ഒന്നാമതായി, ദൈവത്തെ സേവിക്കാനുള്ള പ്രചോദനം നിങ്ങളിൽത്തന്നെ ഉടലെടുക്കേണ്ടതുണ്ട്‌. യഹൂദയിലെ യുവരാജാവായിരുന്ന യോശീയാവിന്റെ കാര്യമെടുക്കുക. യഹോവയുടെ ന്യായപ്രമാണപുസ്‌തകം ആലയത്തിൽനിന്നു കണ്ടെടുത്തപ്പോൾ അവൻ അതു വായിച്ചു കേൾക്കുകയും കേട്ടകാര്യങ്ങൾ അവന്റെ ഹൃദയത്തെ ആഴത്തിൽ സ്‌പർശിക്കുകയും ചെയ്‌തു. ഫലമെന്തായിരുന്നു? “യോശീയാവു യിസ്രായേൽമക്കൾക്കുള്ള സകലദേശങ്ങളിൽനിന്നും സകലമ്ലേച്ഛതകളെയും നീക്കിക്കളഞ്ഞു.” (2 ദിനവൃത്താന്തം 34:14-21, 33) ദൈവവചനത്തിന്റെ വായന സത്യാരാധന ഉന്നമിപ്പിക്കാൻ വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ യോശീയാവിനെ പ്രേരിപ്പിച്ചു.

നിങ്ങൾ ക്രമമായി ബൈബിൾ വായിക്കുകയും വായിക്കുന്ന കാര്യങ്ങളെ കുറിച്ചു ധ്യാനിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾക്കും യഹോവയെ സേവിക്കാനുള്ള ആഗ്രഹം വളർത്തിയെടുക്കാൻ കഴിയും. ഹിഡെയോയെ പ്രചോദിപ്പിച്ചത്‌ അതായിരുന്നു. അവൻ പ്രായമേറിയ ഒരു പയനിയറുമായി​—⁠യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകൻ​—⁠അടുത്തു സഹവസിക്കാൻ തുടങ്ങി. ബൈബിൾ ഉത്സാഹപൂർവം പഠിക്കുകയും അതിന്റെ പഠിപ്പിക്കലുകൾ തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമം നടത്തുകയും ചെയ്‌തിരുന്ന ഒരു വ്യക്തി ആയിരുന്നു ഈ പയനിയർ. അദ്ദേഹത്തിന്റെ നല്ല മാതൃകയിൽനിന്നു വളരെയധികം പ്രോത്സാഹനം നേടിയ ഹിഡെയോയും അങ്ങനെതന്നെ ചെയ്യാൻ തുടങ്ങി, ദൈവത്തെയും മറ്റാളുകളെയും സേവിക്കുന്നതിനുള്ള തീക്ഷ്‌ണമായ ആഗ്രഹം അവൻ വളർത്തിയെടുത്തു. അവൻ കൈവരിച്ച ആത്മീയ പുരോഗതി അവന്റെ ജീവിതത്തെ ഉദ്ദേശ്യപൂർണമാക്കിത്തീർത്തു.

ബൈബിൾ ദിവസവും വായിക്കുന്നത്‌ യുവജനങ്ങൾക്കു പ്രചോദനം പകരും. ടാക്കാഹിരോ പറയുന്നതു ശ്രദ്ധിക്കൂ: “ഉറങ്ങാൻ കിടന്നു കഴിഞ്ഞാണ്‌ ഇന്നു ബൈബിൾ വായിച്ചില്ലല്ലോ എന്ന്‌ ഓർക്കുന്നതെങ്കിൽപ്പോലും എഴുന്നേറ്റ്‌ ആ ദിവസത്തേക്കുള്ള ബൈബിൾ ഭാഗം വായിച്ചിട്ടേ ഞാൻ ഉറങ്ങൂ. തത്‌ഫലമായി, എനിക്കു ജീവിതത്തിൽ യഹോവയുടെ വഴിനടത്തിപ്പ്‌ അനുഭവിച്ചറിയാൻ കഴിഞ്ഞു. ദിവസേനയുള്ള ബൈബിൾ വായന ആത്മീയമായി പുരോഗതി പ്രാപിക്കാൻ എന്നെ കുറച്ചൊന്നുമല്ല സഹായിച്ചത്‌. യഹോവയുടെ സേവനത്തിൽ ഒരു വലിയ പങ്കുണ്ടായിരിക്കാൻ തീരുമാനമെടുത്ത ഞാൻ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടനെ സാധാരണ പയനിയർ സേവനം ഏറ്റെടുത്തു. ഞാനിത്‌ വളരെയധികം ആസ്വദിക്കുന്നു.”

യഹോവയെ സ്‌തുതിക്കാനുള്ള പ്രചോദനത്തെ ശക്തമാക്കാൻ ബൈബിൾ വായനയ്‌ക്കു പുറമേ മറ്റെന്തു കൂടി നിങ്ങളെ സഹായിക്കും? ടോമോഹിരോയുടെ ഉദാഹരണം പരിചിന്തിക്കുക. അമ്മയാണ്‌ അവനെ ബൈബിൾ സത്യം പഠിപ്പിച്ചത്‌. അവൻ ഇപ്രകാരം പറയുന്നു: “19 വയസ്സുള്ളപ്പോൾ, ജീവിതത്തിന്‌ ഒരു ഉദ്ദേശ്യമുണ്ട്‌ എന്ന പുസ്‌തകത്തിന്റെ സമഗ്രമായൊരു പഠനം നടത്തുന്നതു വരെ യഹോവയുടെ സ്‌നേഹവും യേശുവിന്റെ മറുവില യാഗവും എന്നെ ആഴത്തിൽ സ്‌പർശിച്ചിരുന്നില്ല. ദൈവസ്‌നേഹത്തെ കുറിച്ചുള്ള ആ വിലമതിപ്പ്‌ യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാൻ എന്നെ പ്രചോദിപ്പിച്ചു.” (2 കൊരിന്ത്യർ 5:14, 15) ടോമോഹിരോയെപ്പോലെ, ഉത്സാഹപൂർവം ബൈബിളിന്റെ വ്യക്തിപരമായ ഒരു പഠനം നടത്തുമ്പോൾ നിരവധി യുവജനങ്ങൾ ആത്മീയ പുരോഗതി വരുത്താൻ പ്രോത്സാഹിതരായിത്തീരുന്നു.

എന്നിട്ടും, യഹോവയെ സേവിക്കാനുള്ള ഒരു ഹൃദയംഗമമായ ആഗ്രഹം നിങ്ങൾക്കു തോന്നുന്നില്ലെങ്കിലോ? സഹായത്തിനായി നിങ്ങൾക്കു സമീപിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ? പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “നിങ്ങൾ ഇച്‌ഛിക്കാനും പ്രവർത്തിക്കാനുംവേണ്ടി ദൈവംതന്നെ നിങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.” (ഫിലിപ്പിയർ 2:​13, ഓശാന ബൈബിൾ) നിങ്ങൾ സഹായത്തിനായി യഹോവയോടു പ്രാർഥിക്കുന്നെങ്കിൽ അവൻ തന്റെ പരിശുദ്ധാത്മാവിനെ ധാരാളമായി നിങ്ങൾക്കു നൽകും. അത്‌ ‘പ്രവർത്തിക്കാൻ’ മാത്രമല്ല, “ഇച്ഛിക്കാനും” നിങ്ങളെ പ്രാപ്‌തരാക്കും. അതായത്‌, ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌, യഹോവയുടെ സേവനത്തിൽ പരമാവധി ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹം വർധിപ്പിക്കുകയും ആത്മീയവളർച്ച പ്രാപിക്കുന്നതിനു നിങ്ങളെ സഹായിക്കുകയും ചെയ്യും. ആയതിനാൽ, യഹോവയുടെ ശക്തിയിൽ ആശ്രയിക്കുക, നിങ്ങളുടെ ഹൃദയത്തെ ബലപ്പെടുത്തുക!

സ്വന്തമായി ലക്ഷ്യങ്ങൾ വെക്കുക

യഹോവയെ കൂടുതൽ നന്നായി സേവിക്കാൻ തീരുമാനമെടുത്തു കഴിഞ്ഞാൽപ്പിന്നെ, ആത്മീയ പുരോഗതി കൈവരിക്കാൻ നിങ്ങൾ വ്യക്തിപരമായ ലക്ഷ്യങ്ങൾ വെക്കേണ്ടതുണ്ട്‌. മാനാ എന്ന ക്രിസ്‌തീയ പെൺകുട്ടി ഇങ്ങനെ പറയുന്നു: “ലക്ഷ്യങ്ങൾ വെക്കുന്നത്‌ എനിക്കു വലിയ സഹായമായിരുന്നു. പിന്നോക്കം പോകാതെ ധൈര്യസമേതം മുന്നേറാൻ എനിക്കു കഴിഞ്ഞു. ഞാൻ വെച്ച ലക്ഷ്യങ്ങൾ മനസ്സിൽ പിടിച്ചുകൊണ്ട്‌ മാർഗനിർദേശത്തിനായി ഞാൻ യഹോവയോടു മുട്ടിപ്പായി പ്രാർഥിച്ചു. അങ്ങനെ ശ്രദ്ധാശൈഥില്യം കൂടാതെ പുരോഗതിവരുത്താൻ എനിക്കു കഴിഞ്ഞു.”

പ്രായോഗികമായ, അതായത്‌ നേടിയെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള ലക്ഷ്യങ്ങൾ വെക്കുക. ബൈബിൾ ഒരധ്യായം വീതം ദിവസവും വായിക്കുക എന്നതു ന്യായമായ ഒരു ലക്ഷ്യമാണ്‌. നിങ്ങൾക്ക്‌ ഒരു ഗവേഷണ പരിപാടിയും ആരംഭിക്കാനാകും. ഉദാഹരണത്തിന്‌, യഹോവയുടെ ഗുണങ്ങളെ കുറിച്ചു പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. ഇതിന്‌ വീക്ഷാഗോപുരത്തിന്റെ ഡിസംബർ 15 ലക്കത്തിൽ വരുന്ന വീക്ഷാഗോപുര വിഷയസൂചികയിലെ “യഹോവ” എന്ന തലക്കെട്ടിൻ കീഴിൽ വരുന്ന ലേഖനങ്ങൾ നിങ്ങൾക്ക്‌ എടുത്തുനോക്കാവുന്നതാണ്‌. ഈ ഗവേഷണം യഹോവയോട്‌ നിങ്ങളെ കൂടുതൽ അടുപ്പിക്കും എന്നതിനു തെല്ലും സംശയമില്ല, അത്‌ അവനു വേണ്ടി കൂടുതൽ ചെയ്യാനുള്ള വാഞ്‌ഛയും നിങ്ങളിലുണർത്തും. സദസ്യ പങ്കുപറ്റലോടെ നടത്തപ്പെടുന്ന ഓരോ ക്രിസ്‌തീയ യോഗത്തിലും ഒരു പ്രാവശ്യമെങ്കിലും അഭിപ്രായം പറയുക, ഓരോ യോഗത്തിലും സഭയിലെ ഒരംഗത്തെ എങ്കിലും അടുത്തു പരിചയപ്പെടുക, യഹോവയോടു പ്രാർഥിക്കാതെയും യഹോവയെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കാതെയും ഒരു ദിവസം പോലും കടന്നു പോകാൻ അനുവദിക്കാതിരിക്കുക എന്നിവയെല്ലാം കൈവരിക്കാൻ കഴിയുന്ന മറ്റുചില ലക്ഷ്യങ്ങളാണ്‌.

നിങ്ങൾ ഇതുവരെ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ പേർ ചാർത്തിയിട്ടില്ലെങ്കിൽ നിങ്ങൾക്കു വെക്കാൻ കഴിയുന്ന നല്ല ഒരു ലക്ഷ്യമായിരിക്കും അത്‌. നിങ്ങൾ പരസ്യ ശുശ്രൂഷയിൽ പങ്കെടുക്കുന്നുണ്ടോ? ഇല്ലെങ്കിൽ, സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകനോ പ്രസാധികയോ ആയിത്തീരാൻ ലക്ഷ്യം വെക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. ഈ ലക്ഷ്യത്തിൽ എത്തിക്കഴിഞ്ഞാൽ സ്വാഭാവികമായും അടുത്ത പടി യഹോവയുമായുള്ള നിങ്ങളുടെ ബന്ധത്തെ കുറിച്ചു ഗൗരവമായി പരിചിന്തിക്കുന്നതും അവനു നിങ്ങളെത്തന്നെ സമർപ്പിക്കുന്നതും ആയിരിക്കും. മുഴുസമയ ശുശ്രൂഷ എത്തിപ്പിടിച്ചുകൊണ്ട്‌ നിരവധി യുവജനങ്ങൾ തങ്ങളുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ ശ്രമിക്കുന്നു.

നിങ്ങളുടെ ജീവിതത്തിൽ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുന്നത്‌ നല്ലതാണെങ്കിലും ഒരു മത്സര മനോഭാവം വികാസം പ്രാപിക്കാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക. മറ്റുള്ളവരുമായി നിങ്ങളെത്തന്നെ താരതമ്യം ചെയ്യാതിരിക്കുന്നെങ്കിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ സന്തോഷം കണ്ടെത്താൻ നിങ്ങൾക്കു കഴിയും.​—ഗലാത്യർ 5:26; 6:⁠4, NW.

നിങ്ങൾക്ക്‌ അനുഭവപരിചയം ഇല്ലെന്നും ന്യായമായ ലക്ഷ്യങ്ങൾ വെക്കാൻ ബുദ്ധിമുട്ടാണെന്നും ഒരുപക്ഷേ നിങ്ങൾക്കു തോന്നുന്നുണ്ടാകാം. അങ്ങനെയെങ്കിൽ ബൈബിളിന്റെ ഈ ബുദ്ധിയുപദേശം പിൻപറ്റുക: “ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേൾക്കുക.” (സദൃശവാക്യങ്ങൾ 22:17) നിങ്ങളുടെ മാതാപിതാക്കളുടെയോ മറ്റു പക്വതയുള്ള ക്രിസ്‌ത്യാനികളുടെയോ സഹായം സ്വീകരിക്കുക. തീർച്ചയായും, മാതാപിതാക്കളും മറ്റുള്ളവരും ഇക്കാര്യത്തിൽ ന്യായബോധം പ്രകടമാക്കുകയും പ്രോത്സാഹനത്തിന്റെ ഉറവായിരിക്കുകയും വേണം. തങ്ങൾക്കു വേണ്ടി മറ്റുള്ളവർ വെച്ച ഒരു ലക്ഷ്യത്തിൽ എത്തിച്ചേരാനുള്ള സമ്മർദം ഉണ്ടാകുമ്പോൾ അത്‌ യുവജനങ്ങളുടെ സന്തോഷം കവർന്നു കളയുകയും ലക്ഷ്യങ്ങൾ വെക്കുന്നതിന്റെ ഉദ്ദേശ്യം തന്നെ സാധിക്കാതെ പോകുകയും ചെയ്‌തേക്കാം. ഒരു പെൺകുട്ടിക്ക്‌ അങ്ങനെ സംഭവിച്ചു. അവൾ ഇങ്ങനെ പറയുന്നു: “മാതാപിതാക്കൾ എനിക്കുവേണ്ടി ഒന്നിനു പുറകെ ഒന്നായി ലക്ഷ്യങ്ങൾ വെച്ചു. അതായത്‌, ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ പേർചാർത്തുക, വയൽസേവനത്തിൽ പങ്കുപറ്റുക, സ്‌നാപനമേൽക്കുക, പയനിയറാകുക അങ്ങനെ പലതും. ഇവയിൽ ഓരോന്നിലും എത്തിച്ചേരാൻ ഞാൻ കിണഞ്ഞു പരിശ്രമിച്ചു. ഞാൻ ഒരു ലക്ഷ്യത്തിൽ എത്തിച്ചേരുമ്പോൾ മാതാപിതാക്കൾ എന്നെ അനുമോദിച്ചില്ല. പകരം പുതിയത്‌ ഒരെണ്ണം അവർ എന്റെ മുമ്പിൽ വെച്ചു. ഫലമോ, ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ ഞാൻ നിർബന്ധിതയാകുന്നതായി എനിക്ക്‌ എല്ലായ്‌പോഴും തോന്നി. ഞാൻ ആകെ ക്ഷീണിതയായി, എന്തെങ്കിലും സാധിച്ചെടുത്തതിന്റെ സംതൃപ്‌തിയൊന്നും എനിക്ക്‌ അനുഭവപ്പെട്ടില്ല.” എവിടെയാണ്‌ കുഴപ്പം പറ്റിയത്‌? എല്ലാം ന്യായമായ ലക്ഷ്യങ്ങൾതന്നെ ആയിരുന്നു. പക്ഷേ അതൊന്നും അവൾ വെച്ചവയല്ലായിരുന്നു. നിങ്ങൾക്കു വേണ്ടി ലക്ഷ്യങ്ങൾ വെക്കാൻ നിങ്ങൾതന്നെ പ്രചോദിതരായെങ്കിലേ വിജയം സാധ്യമാകൂ!

യേശുക്രിസ്‌തുവിനെ കുറിച്ചു ചിന്തിക്കുക. അവൻ ഭൂമിയിൽ വന്നപ്പോൾ തന്റെ പിതാവായ യഹോവ തന്നിൽ നിന്ന്‌ എന്താണു പ്രതീക്ഷിക്കുന്നത്‌ എന്ന്‌ അവന്‌ അറിയാമായിരുന്നു. യേശുവിന്റെ കാര്യത്തിൽ യഹോവയുടെ ഇഷ്ടം ചെയ്യുന്നതു വെറുമൊരു ലക്ഷ്യം എന്നതിൽ കവിഞ്ഞ്‌ പൂർത്തിയാക്കേണ്ട ഒരു നിയോഗം ആയിരുന്നു. ഈ നിയമനത്തെ യേശു എങ്ങനെയാണു വീക്ഷിച്ചത്‌? അവൻ ഇപ്രകാരം പറഞ്ഞു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്‌തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.” (യോഹന്നാൻ 4:34) യഹോവയുടെ ഇഷ്ടം ചെയ്യുന്നതിൽ യേശു ആനന്ദം കണ്ടെത്തി, അവൻ തന്റെ പിതാവിന്റെ പ്രതീക്ഷകൾക്കൊത്തു പ്രവർത്തിച്ചു. യേശുവിന്‌ അത്‌ ആഹാരം പോലെയായിരുന്നു. താൻ ചെയ്യാൻ പ്രതീക്ഷിക്കപ്പെട്ടിരുന്ന വേല പൂർത്തിയാക്കുന്നതിൽ യേശു സന്തുഷ്ടിയും സംതൃപ്‌തിയും കണ്ടെത്തി. (എബ്രായർ 10:5-10) മാതാപിതാക്കൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ശരിയായ രീതിയിൽ പ്രചോദിതരാകുന്നെങ്കിൽ നിങ്ങൾക്കും ആനന്ദം കണ്ടെത്താൻ കഴിയും.

നല്ലതു ചെയ്യുന്നതിൽ മടുത്തുപോകരുത്‌

ഒരു ലക്ഷ്യം വെച്ചു കഴിഞ്ഞാൽ പിന്നെ അതിൽ എത്തിച്ചേരാൻ ഉത്സാഹപൂർവം ശ്രമിക്കുക. ഗലാത്യർ 6:9 നമ്മോട്‌ ഇങ്ങനെ പറയുന്നു: “നന്മ ചെയ്‌കയിൽ [“നല്ലതു ചെയ്യുന്നതിൽ,” ഓശാന ബൈ.] നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.” നിങ്ങളുടെ സ്വന്തം ശക്തിയിലും കഴിവിലും ആശ്രയിക്കരുത്‌. പ്രതിബന്ധങ്ങൾ ഉണ്ടാകുമെന്ന്‌ ഉറപ്പാണ്‌, ചിലപ്പോൾ താത്‌കാലികമായ പരാജയബോധം പോലും തോന്നിയേക്കാം. പക്ഷേ ബൈബിൾ നമുക്കു പിൻവരുന്ന ഉറപ്പു നൽകുന്നു: ‘നിന്റെ എല്ലാവഴികളിലും [ദൈവത്തെ] നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.’ (സദൃശവാക്യങ്ങൾ 3:6) ആത്മീയ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ നിങ്ങൾ കഠിന ശ്രമം ചെയ്യുമ്പോൾ യഹോവ നിങ്ങളെ പിന്തുണയ്‌ക്കും.

യഹോവയെ സേവിക്കാനുള്ള ആഗ്രഹം നട്ടുവളർത്തുകയും ആത്മീയ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ ‘അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമാക്കിത്തീർക്കാൻ’ നിങ്ങൾക്കു കഴിയും. (1 തിമൊഥെയൊസ്‌ 4:15) അപ്പോൾ ദൈവത്തെ സേവിച്ചുകൊണ്ട്‌ ഉദ്ദേശ്യപൂർണമായ ഒരു ജീവിതം ആസ്വദിക്കാൻ നിങ്ങൾക്കു കഴിയും.

[9 -ാം പേജിലെ ചിത്രം]

ബൈബിൾ വായിക്കുന്നതും വായിക്കുന്ന കാര്യങ്ങളെ കുറിച്ചു ധ്യാനിക്കുന്നതും യഹോവയെ സേവിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കും

[10 -ാം പേജിലെ ചിത്രം]

യേശു തന്റെ പിതാവിന്റെ പ്രതീക്ഷകൾക്കൊത്തു പ്രവർത്തിച്ചു