വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കർത്താവിന്റെ അത്താഴത്തിന്‌ നിങ്ങളെ ഓരോരുത്തരെയും സംബന്ധിച്ച്‌ വലിയ അർഥമുണ്ട്‌

കർത്താവിന്റെ അത്താഴത്തിന്‌ നിങ്ങളെ ഓരോരുത്തരെയും സംബന്ധിച്ച്‌ വലിയ അർഥമുണ്ട്‌

കർത്താവിന്റെ അത്താഴത്തിന്‌ നിങ്ങളെ ഓരോരുത്തരെയും സംബന്ധിച്ച്‌ വലിയ അർഥമുണ്ട്‌

കർത്താവിന്റെ അത്താഴത്തിന്‌ നിങ്ങളെ സംബന്ധിച്ച്‌ ശ്രദ്ധേയവും നിലനിൽക്കുന്നതുമായ അർഥമുണ്ടോ? ഇതു കണ്ടുപിടിക്കുന്നതിനായി, യേശുക്രിസ്‌തു ഈ പ്രത്യേക സംഭവത്തിന്‌ എന്ത്‌ അർഥം കൽപ്പിച്ചുവെന്ന്‌ നമുക്ക്‌ ആദ്യംതന്നെ പരിശോധിക്കാം.

പൊ.യു. 33 നീസാൻ 14-ാം തീയതി വൈകുന്നേരം, യേശുവും 12 അപ്പൊസ്‌തലന്മാരും വാർഷിക പെസഹ ആഘോഷത്തിനായി യെരൂശലേമിലെ ഒരു മാളികമുറിയിൽ കൂടിവന്നു. പെസഹാ ഭക്ഷണം കഴിഞ്ഞപ്പോൾ വഞ്ചകനായ യൂദാ യേശുവിനെ ഒറ്റിക്കൊടുക്കാനായി മുറിവിട്ടു പുറത്തുപോയി. (യോഹന്നാൻ 13:21, 26-30) ശേഷിച്ച 11 അപ്പൊസ്‌തലന്മാരുമൊത്താണ്‌ യേശു ‘കർത്താവിന്റെ അത്താഴത്തിന്റെ [“സന്ധ്യാഭക്ഷണം,” NW]’ ആചരണം ഏർപ്പെടുത്തിയത്‌. (1 കൊരിന്ത്യർ 11:20) ഇത്‌ സ്‌മാരകം എന്നും അറിയപ്പെടുന്നു. കാരണം യേശു തന്റെ അനുഗാമികളോട്‌ ഇപ്രകാരം കൽപ്പിച്ചു: “ഇത്‌ എന്റെ സ്‌മാരകമായി ചെയ്യുക.” സ്‌മരണ ആചരിക്കാൻ ക്രിസ്‌ത്യാനികളോടു കൽപ്പിച്ചിരിക്കുന്ന ഏക സംഭവം ഇതാണ്‌.​—1 കൊരിന്ത്യർ 11:​24, ദ യെരുശലേം ബൈബിൾ.

സ്‌മാരകം എന്നതിന്‌ ഒരു മലയാള നിഘണ്ടു നൽകുന്ന അർഥം, “ഏതെങ്കിലും ഒന്നിന്റെ ഓർമ നിലനിറുത്താനായി ചെയ്യുന്ന കൃത്യമോ സ്ഥാപിക്കുന്ന വസ്‌തുവോ” എന്നാണ്‌. പ്രധാനപ്പെട്ട ആരുടെയെങ്കിലുമോ എന്തിന്റെയെങ്കിലുമോ ഓർമ നിലനിറുത്താൻ ആളുകൾ സ്‌മാരക സൗധങ്ങളും മറ്റും പടുത്തുയർത്തുകയോ സ്‌മരണദിനമായി ഒരു പ്രത്യേക ദിവസം നിശ്ചയിക്കുകയോ ചെയ്യുന്ന പതിവ്‌ പല സ്ഥലങ്ങളിലും ഉണ്ട്‌. ഇവിടെ യേശു ഏർപ്പെടുത്തിയത്‌ ഒരു സ്‌മാരക ഭക്ഷണമാണ്‌. അത്‌ നിർണായകമായ ആ ദിവസത്തിലെ അതിപ്രധാന സംഭവങ്ങളെ കുറിച്ചുള്ള സ്‌മരണ നിലനിറുത്താൻ ശിഷ്യന്മാരെ സഹായിക്കുന്ന ഒരു ഓർമസഹായിയായി വർത്തിച്ചു. യേശു ആ രാത്രിയിൽ ചെയ്‌തതിന്റെ, പ്രത്യേകിച്ചും അവൻ ഉപയോഗിച്ച ചിഹ്നങ്ങളുടെ, ആഴമായ അർഥത്തെ സംബന്ധിച്ച്‌ ഈ സ്‌മാരക ഭക്ഷണം വരും തലമുറകളിലെ നിരീക്ഷകരെ ഓർമിപ്പിക്കുമായിരുന്നു. യേശു എന്തു “ചിഹ്നങ്ങൾ” അഥവാ “പ്രതീകങ്ങൾ” ആണ്‌ ഉപയോഗിച്ചത്‌? അവ എന്തർഥമാക്കുന്നു? പൊ.യു. 33-ലെ ആ രാത്രിയിൽ നടന്ന സംഭവങ്ങളെ കുറിച്ചുള്ള ബൈബിൾ വിവരണം നമുക്കു പരിശോധിക്കാം.

പാവനമായ പ്രതീകാത്മക അർഥങ്ങൾ

“പിന്നെ അപ്പം എടുത്തു വാഴ്‌ത്തി നുറുക്കി അവർക്കു കൊടുത്തു: ഇതു നിങ്ങൾക്കുവേണ്ടി നല്‌കുന്ന എന്റെ ശരീരം [ആകുന്നു] [“എന്റെ ശരീരത്തെ അർഥമാക്കുന്നു,” NW]; എന്റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.”​ലൂക്കൊസ്‌ 22:19.

അപ്പമെടുത്തിട്ട്‌ ‘ഇത്‌ എന്റെ ശരീരത്തെ അർഥമാക്കുന്നു’ എന്ന്‌ യേശു പറഞ്ഞപ്പോൾ, പുളിപ്പില്ലാത്ത അപ്പം “ലോകത്തിന്റെ ജീവന്നു വേണ്ടി” കൊടുത്ത, തന്റെ പാപരഹിത ജഡിക ശരീരത്തെ പ്രതിനിധാനം ചെയ്യുന്നു അഥവാ പ്രതീകപ്പെടുത്തുന്നു എന്ന്‌ യേശു സൂചിപ്പിക്കുകയായിരുന്നു. (യോഹന്നാൻ 6:51) ‘ഇത്‌ എന്റെ ശരീരം ആകുന്നു [ഗ്രീക്ക്‌, എസ്‌-റ്റിൻ]എന്ന്‌ ചില ബൈബിൾ പരിഭാഷകൾ പറയുന്നു. എന്നാൽ തായറുടെ ഗ്രീക്ക്‌-ഇംഗ്ലീഷ്‌ ലെക്‌സിക്കൻ ഓഫ്‌ ദ ന്യൂ ടെസ്റ്റമെൻറ്‌ പറയുന്ന പ്രകാരം, ഈ ക്രിയയ്‌ക്ക്‌ മിക്കപ്പോഴും “സൂചിപ്പിക്കുന്നു, അർഥമാക്കുന്നു, കുറിക്കുന്നു” എന്നൊക്കെയുള്ള അർഥങ്ങളാണുള്ളത്‌. പ്രതിനിധാനം ചെയ്യുന്നു അല്ലെങ്കിൽ പ്രതീകപ്പെടുത്തുന്നു എന്ന അർഥമാണ്‌ ഇതു നൽകുന്നത്‌.​—മത്തായി 26:​26, NW അടിക്കുറിപ്പ്‌.

പാനപാത്രത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ്‌ അർഥം. യേശു ഇപ്രകാരം പറഞ്ഞു: “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ [“രക്തത്താലുള്ള, NW] പുതിയനിയമം ആകുന്നു [“പുതിയ ഉടമ്പടിയെ അർഥമാക്കുന്നു,” NW].”​—ലൂക്കൊസ്‌ 22:20.

പാനപാത്രത്തെ കുറിച്ചുള്ള യേശുവിന്റെ വാക്കുകൾ മത്തായി ഇങ്ങനെ വിവരിക്കുന്നു: “ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയനിയമത്തിന്നുള്ള എന്റെ രക്തം [“രക്തത്തെ അർഥമാക്കുന്നു,” NW]. (മത്തായി 26:28) പാനപാത്രത്തിലെ വീഞ്ഞ്‌ തന്റെ സ്വന്ത രക്തത്തെ പ്രതിനിധാനം ചെയ്യാൻ അഥവാ പ്രതീകപ്പെടുത്താൻ വേണ്ടി യേശു ഉപയോഗിക്കുകയായിരുന്നു. യേശുവിന്റെ ചൊരിയപ്പെട്ട രക്തം, സ്വർഗത്തിൽ തന്നോടുകൂടെ രാജാക്കന്മാരും പുരോഹിതന്മാരും ആയി ഭരിക്കാൻ പോകുന്ന ആത്മാഭിഷിക്ത ശിഷ്യന്മാർക്കു വേണ്ടിയുള്ള “പുതിയോരു നിയമ”ത്തിന്റെ അഥവാ പുതിയ ഉടമ്പടിയുടെ അടിസ്ഥാനമായി വർത്തിക്കുമായിരുന്നു.​—യിരെമ്യാവു 31:31-33; യോഹന്നാൻ 14:2, 3; 2 കൊരിന്ത്യർ 5:5; വെളിപ്പാടു 1:5, 6; 5:9, 10; 20:4, 6.

പാനപാത്രത്തിലെ വീഞ്ഞ്‌, ‘പാപമോചനത്തിനുള്ള’ അടിസ്ഥാനം യേശുവിന്റെ ചൊരിയപ്പെട്ട രക്തമാണ്‌ എന്ന്‌ ഓർമപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ ഇതിൽ പങ്കുപറ്റുന്നവർക്ക്‌ ക്രിസ്‌തുവിനോടൊപ്പം കൂട്ടവകാശികൾ എന്ന നിലയിൽ സ്വർഗീയ ജീവനിലേക്കുപ്രവേശിക്കാനുള്ള വഴി തുറക്കപ്പെടുന്നു. നമുക്കു മനസ്സിലാക്കാവുന്നതുപോലെ, ഈ സ്വർഗീയ വിളിയുള്ളവർ​—⁠ഇവരുടെ എണ്ണം പരിമിതമാണ്‌​—⁠മാത്രമേ സ്‌മാരകാചരണത്തിൽ അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്നുള്ളൂ.​— ലൂക്കൊസ്‌ 12:32; എഫെസ്യർ 1:13, 14; എബ്രായർ 9:22; 1 പത്രൊസ്‌ 1:​3-5.

അങ്ങനെയെങ്കിൽ, യേശുവിന്റെ അനുഗാമികളെങ്കിലും പുതിയ ഉടമ്പടിയിൽ അല്ലാത്തവരെ സംബന്ധിച്ചെന്ത്‌? ഇവർ കർത്താവിന്റെ “വേറെ ആടുകൾ” ആണ്‌. ഇവർ സ്വർഗത്തിൽ ക്രിസ്‌തുവിനോടൊപ്പം വാഴാൻ പ്രത്യാശിക്കുന്നവരല്ല, മറിച്ച്‌ ഒരു പറുദീസാഭൂമിയിൽ നിത്യജീവൻ ആസ്വദിക്കാൻ നോക്കിപ്പാർത്തിരിക്കുന്നവരാണ്‌. (യോഹന്നാൻ 10:16; ലൂക്കൊസ്‌ 23:​43, NW; വെളിപ്പാടു 21:​3-5) ‘[ദൈവത്തിന്‌] രാപകൽ വിശുദ്ധ സേവനം അർപ്പിക്കുന്ന’ (NW) വിശ്വസ്‌ത ക്രിസ്‌ത്യാനികളുടെ ഒരു “മഹാപുരുഷാരം” എന്ന നിലയിൽ കർത്താവിന്റെ അത്താഴത്തിന്റെ ആചരണവേളയിൽ വിലമതിപ്പുള്ള നിരീക്ഷകരായി സന്നിഹിതരായിരിക്കാൻ അവർ സന്തോഷമുള്ളവരാണ്‌. അവരുടെ വാക്കുകളും പ്രവൃത്തികളും ഫലത്തിൽ പിൻവരുന്നപ്രകാരം ഘോഷിക്കുന്നു: “രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം.”​—വെളിപ്പാടു 7:9, 10, 14, 15.

എത്ര കൂടെക്കൂടെ?

“എന്റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ [“ചെയ്‌തുകൊണ്ടിരിപ്പിൻ,” NW].”​ലൂക്കൊസ്‌ 22:19.

ക്രിസ്‌തുവിന്റെ മരണത്തിന്റെ ഓർമ നിലനിറുത്തുന്നതിന്‌ സ്‌മാരകം എത്ര കൂടെക്കൂടെ ആചരിക്കേണ്ടതുണ്ട്‌? യേശു അതിനെ കുറിച്ച്‌ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. എന്നിരുന്നാലും, അവൻ കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തിയത്‌ നീസാൻ 14-നാണ്‌. അതായത്‌, ഇസ്രായേല്യർ വാർഷികമായി ആഘോഷിച്ചുവന്ന പെസഹായുടെ അതേ രാത്രിയിൽ. അതുകൊണ്ട്‌ സ്‌മാരകവും അങ്ങനെതന്നെ ആചരിക്കാൻ യേശു ഉദ്ദേശിച്ചുവെന്നു വ്യക്തമാണ്‌. ഇസ്രായേല്യർ ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്നുള്ള തങ്ങളുടെ വിടുതൽ വാർഷികമായി ആഘോഷിച്ചിരുന്നതുപോലെ ക്രിസ്‌ത്യാനികൾ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നുള്ള തങ്ങളുടെ വിടുതലിന്റെ സ്‌മരണ, വാർഷികമായി ആചരിക്കുന്നു.​—പുറപ്പാടു 12:11, 17; റോമർ 5:20, 21.

ഒരു സുപ്രധാന സംഭവത്തിന്റെ ഓർമ വർഷത്തിലൊരിക്കൽ ആചരിക്കുന്നത്‌ തീർച്ചയായും ഒരു അസാധാരണ സംഗതിയല്ല. ഉദാഹരണത്തിന്‌, ദമ്പതികൾ തങ്ങളുടെ വിവാഹവാർഷികം ആഘോഷിക്കുന്നതും ഒരു രാഷ്‌ട്രം അതിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവത്തിന്റെ ഓർമ ആചരിക്കുന്നതും സാധാരണ വർഷത്തിലൊരിക്കൽ ആ സംഭവത്തിന്റെ വാർഷികദിനത്തിലാണ്‌. രസാവഹമായി, ക്രിസ്‌തുവിനു ശേഷം പല നൂറ്റാണ്ടുകളോളം ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെട്ടിരുന്ന അനേകരും “പതിന്നാലുകാർ” എന്നർഥമുള്ള ക്വാർട്ടോഡെസിമൻകാർ എന്നു വിളിക്കപ്പെടുകയുണ്ടായി. കാരണം അവർ യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിച്ചിരുന്നത്‌ വർഷത്തിലൊരിക്കൽ നീസാൻ 14-ന്‌ ആയിരുന്നു.

ലളിതമെങ്കിലും ആഴമായ അർഥമുള്ള ഒന്ന്‌

കർത്താവിന്റെ അത്താഴത്തിന്റെ ആചരണം ‘കർത്താവിന്റെ മരണത്തെ പ്രഖ്യാപിച്ചുകൊണ്ടേയിരിക്കാൻ’ യേശുവിന്റെ ശിഷ്യന്മാരെ പ്രാപ്‌തരാക്കും എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ വിശദീകരിച്ചു. (1 കൊരിന്ത്യർ 11:26, NW) അതിനാൽ ദൈവോദ്ദേശ്യത്തിന്റെ പൂർത്തീകരണത്തിൽ, തന്റെ ജീവൻ ബലികൊടുത്തുകൊണ്ട്‌ യേശു വഹിച്ച നിർണായക പങ്കിനെ കേന്ദ്രീകരിച്ചുള്ളതായിരിക്കും ഈ ആചരണം.

മരണത്തോളം വിശ്വസ്‌തത പാലിച്ചതുവഴി യഹോവയാം ദൈവം ജ്ഞാനിയും സ്‌നേഹവാനുമായ സ്രഷ്ടാവും നീതിമാനായ പരമാധികാരിയുമാണെന്ന്‌ യേശുക്രിസ്‌തു സ്ഥാപിച്ചു. സാത്താന്റെ അവകാശവാദങ്ങൾക്കു വിരുദ്ധമായും ആദാമിൽനിന്നു വ്യത്യസ്‌തനായും അങ്ങേയറ്റത്തെ സമ്മർദ്ദങ്ങൾക്കു കീഴിൽപ്പോലും ഒരു മനുഷ്യന്‌ ദൈവത്തോടു വിശ്വസ്‌തനായിരിക്കാൻ കഴിയും എന്ന്‌ യേശു തെളിയിച്ചു.—ഇയ്യോബ്‌ 2:4, 5.

കർത്താവിന്റെ അത്താഴം യേശുവിന്റെ ആത്മത്യാഗപരമായ സ്‌നേഹത്തെ കുറിച്ചുള്ള നന്ദിനിറഞ്ഞ ഓർമകൾ നിലനിറുത്താനും സഹായിക്കുന്നു. കഠിന പരിശോധനകൾ ഉണ്ടായിട്ടും യേശു തന്റെ പിതാവിനോടു പൂർണ അനുസരണമുള്ളവനായി നിലകൊണ്ടു. ആദാമ്യ പാപത്തിന്റെ കനത്ത വിലയെ സമതുലനം ചെയ്യാൻ തന്റെ പൂർണ മനുഷ്യജീവൻ കൊടുക്കാൻ അവനു കഴിഞ്ഞത്‌ അതുകൊണ്ടാണ്‌. യേശുതന്നെ പറഞ്ഞതുപോലെ: ‘അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാൻ’ ആണ്‌ അവൻ വന്നത്‌. (മത്തായി 20:28) തത്‌ഫലമായി, യേശുവിൽ വിശ്വാസമർപ്പിക്കുന്ന ഏവർക്കും പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നു. മാത്രമല്ല, മനുഷ്യവർഗത്തെ കുറിച്ചുള്ള യഹോവയുടെ ആദിമോദ്ദേശ്യത്തിനു ചേർച്ചയിൽ അവർക്കു നിത്യജീവനും ലഭിക്കും.​—റോമർ 5:6, 8, 12, 18, 19; 6:23; 1 തിമൊഥെയൊസ്‌ 2:5, 6. *

കൂടാതെ, ഇതെല്ലാം മനുഷ്യവർഗത്തിന്‌ രക്ഷയ്‌ക്കുള്ള കരുതൽ ചെയ്‌തുകൊണ്ട്‌ യഹോവ പ്രകടമാക്കിയിരിക്കുന്ന അളവറ്റ നന്മയ്‌ക്കും അനർഹദയയ്‌ക്കും അടിവരയിടുന്നു. ബൈബിൾ ഇപ്രകാരം പറയുന്നു: “ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്‌നേഹം പ്രത്യക്ഷമായി. നാം ദൈവത്തെ സ്‌നേഹിച്ചതല്ല, അവൻ നമ്മെ സ്‌നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്‌നേഹം ആകുന്നു.”​—1 യോഹന്നാൻ 4:9, 10.

അതേ, എത്ര വിസ്‌മയാവഹമായ ഒരു ആചരണമാണ്‌ സ്‌മാരകം! വ്യത്യസ്‌തങ്ങളായ നിരവധി സാഹചര്യങ്ങളിൽ ലോകമൊട്ടാകെ ആചരിക്കാൻ തക്കവിധത്തിൽ ലളിതവും പ്രായോഗികവുമാണത്‌. അതേസമയം, അർഥവത്തായ ഒരു ഓർമസഹായി ആയി ദീർഘകാലത്തേക്കു നിലകൊള്ളാൻ മതിയായ വിധത്തിൽ അതു പ്രതീകാത്മകവുമാണ്‌.

അതിനു നിങ്ങളെ സംബന്ധിച്ചുള്ള അർഥം

നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ ബലിമരണത്തിന്‌ അവനും പിതാവായ യഹോവയാം ദൈവവും കനത്ത വില ഒടുക്കേണ്ടിവന്നു. യേശു ഒരു പൂർണ മനുഷ്യനായിരുന്നു, അതുകൊണ്ട്‌ നമ്മെപ്പോലെ പാരമ്പര്യസിദ്ധ മരണത്തിന്‌ അവൻ വിധേയനല്ലായിരുന്നു. (റോമർ 5:12; എബ്രായർ 7:26) അവന്‌ എന്നേക്കും ജീവിക്കാനുള്ള അവകാശം ഉണ്ടായിരുന്നു. അവന്റെ അനുവാദമില്ലാതെ അവന്റെ ജീവനെ ബലംപ്രയോഗിച്ചു പോലും എടുക്കാൻ കഴിയില്ലായിരുന്നു. യേശു ഇങ്ങനെ പറഞ്ഞു: ‘ആരും [എന്റെ ജീവനെ] എന്നോടു എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു.’​—യോഹന്നാൻ 10:18.

അതേ, “മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവി”ക്കുന്നതിന്‌ യേശു തന്റെ പൂർണ മനുഷ്യജീവൻ ഒരു ബലിയായി അർപ്പിക്കാൻ മനസ്സോടെ തയ്യാറായി. (എബ്രായർ 2:14, 15) വളരെയേറെ വിഷമതകൾ അഭിമുഖീകരിച്ചാണു താൻ മരിക്കേണ്ടത്‌ എന്ന്‌ യേശുവിനു നന്നായി അറിയാമായിരുന്നു. എന്നിട്ടും അത്തരമൊരു ദാരുണ മരണത്തിന്‌ അവൻ തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്തു. അതിൽനിന്ന്‌ ക്രിസ്‌തുവിന്റെ ആത്മത്യാഗപരമായ സ്‌നേഹത്തിന്റെ ആഴം കൂടുതലായി മനസ്സിലാകുന്നു.​—മത്തായി 17:22; 20:17-19.

കൂടാതെ, എക്കാലത്തെയും ഏറ്റവും വലിയ സ്‌നേഹപ്രകടനത്തെ കുറിച്ച്‌, നമ്മുടെ സ്വർഗീയ പിതാവായ യഹോവയുടെ സ്‌നേഹപ്രകടനത്തെ കുറിച്ച്‌, സ്‌മാരകം നമ്മെ ഓർമിപ്പിക്കുന്നു. ഗെത്ത്‌ശെമന തോട്ടത്തിൽ വെച്ചുള്ള യേശുവിന്റെ ‘ഉറെച്ച നിലവിളിയും കണ്ണുനീരും’ കാണുകയും കേൾക്കുകയും ചെയ്‌തപ്പോൾ, തന്റെ പുത്രനെ ചാട്ടവാറുകൊണ്ട്‌ ക്രൂരമായി പ്രഹരിക്കുന്നതും നിർദയമായി സ്‌തംഭത്തിൽ തറെക്കുന്നതും വേദനതിന്ന്‌ അവൻ ഇഞ്ചിഞ്ചായി മരിക്കുന്നതും കണ്ടപ്പോൾ “മഹാ കരുണയും മനസ്സലിവുമുള്ള”വനായ യഹോവയാം ദൈവം എത്രമാത്രം വേദനിച്ചിരിക്കണം. (യാക്കോബ്‌ 5:​11; എബ്രായർ 5:7; യോഹന്നാൻ 3:16; 1 യോഹന്നാൻ 4:​7, 8) ഏതാണ്ട്‌ 2,000 വർഷങ്ങൾ കഴിഞ്ഞിട്ടും യേശുവിന്റെ ദാരുണ മരണത്തെക്കുറിച്ചുള്ള ചിന്തപോലും പലരിലും വൈകാരിക വേദന ഉളവാക്കുന്നു.

യഹോവയാം ദൈവവും യേശുക്രിസ്‌തുവും പാപികളായ നമുക്കുവേണ്ടി ഇത്രയും കനത്തവില നൽകിയതിനെ കുറിച്ച്‌ ഒന്നു ചിന്തിച്ചുനോക്കുക! (റോമർ 3:23) ഓരോ ദിവസവും നാം നമ്മുടെ പാപപൂർണമായ അവസ്ഥയുടെയും അപൂർണതകളുടെയും വേദനാജനകമായ തിക്തഫലങ്ങൾ അനുഭവിക്കുന്നു. എന്നിരുന്നാലും, യേശുവിന്റെ മറുവിലയാഗത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക്‌ ദൈവത്തോടു ക്ഷമായാചനം നടത്താൻ കഴിയും. (1 യോഹന്നാൻ 2:1, 2) ഇത്‌ നമുക്ക്‌ ദൈവമുമ്പാകെ സംസാരസ്വാതന്ത്ര്യവും ഒരു ശുദ്ധമായ മനസ്സാക്ഷിയും ആസ്വദിക്കുക സാധ്യമാക്കുന്നു. (എബ്രായർ 4:14-16, NW; 9:13, 14) ഇനിയും, സകല നിത്യതയിലും ഒരു ഭൗമിക പറുദീസയിൽ ജീവിക്കാൻ കഴിയുമെന്നുള്ള പ്രത്യാശയും നമുക്കുണ്ട്‌. (യോഹന്നാൻ 17:3; വെളിപ്പാടു 21:3-5) ഇതും മറ്റു നിരവധി അനുഗ്രഹങ്ങളും യേശുവിന്റെ അതിമഹത്തായ ആത്മത്യാഗ പ്രവൃത്തിയുടെ ഫലങ്ങളാണ്‌.

കർത്താവിന്റെ അത്താഴത്തോടു വിലമതിപ്പു പ്രകടമാക്കൽ

കർത്താവിന്റെ അത്താഴം ‘അതിമഹത്തായ ദൈവകൃപയുടെ [“ദൈവത്തിന്റെ അനർഹ ദയ,” NW]’ അത്ഭുതാവഹമായ പ്രകടനമാണ്‌ എന്നുള്ളത്‌ നിസ്‌തർക്കമാണ്‌. യഹോവയാം ദൈവം ഏർപ്പെടുത്തിയ മറുവിലയാഗ ക്രമീകരണം​—⁠യേശുവിന്റെ ആത്മത്യാഗപരമായ സ്‌നേഹം ഇത്‌ സാധ്യമാക്കിത്തീർത്തു​—⁠നിശ്ചയമായും അവന്റെ “പറഞ്ഞുതീരാത്ത [“അവർണ്ണനീയമായ,” പി.ഒ.സി. ബൈബിൾ] ദാനം” ആണ്‌. (2 കൊരിന്ത്യർ 9:14, 15) യേശുക്രിസ്‌തുവിലൂടെ ദൈവം കാണിച്ച നന്മയുടെ ഈ പ്രകടനങ്ങൾ നിങ്ങളിൽ അഗാധവും നിലനിൽക്കുന്നതുമായ കൃതജ്ഞതയുടെയും വിലമതിപ്പിന്റെയും അലകളുയർത്തുന്നില്ലേ?

ഉവ്വ്‌ എന്നു ഞങ്ങൾക്കുറപ്പുണ്ട്‌. അതുകൊണ്ട്‌, യേശുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കുന്നതിന്‌ യഹോവയുടെ സാക്ഷികളോടൊപ്പം കൂടിവരാൻ ഞങ്ങൾ നിങ്ങളെ ഹാർദമായി ക്ഷണിക്കുകയാണ്‌. ഈ വർഷം സ്‌മാരകം ആചരിക്കുന്നത്‌ ഏപ്രിൽ 16, ബുധനാഴ്‌ച സൂര്യാസ്‌തമയത്തിനു ശേഷം ആണ്‌. ഈ അതിപ്രധാന സംഭവത്തിനായി കൂടിവരുന്ന കൃത്യ സമയവും സ്ഥലവും നിങ്ങളെ അറിയിക്കാൻ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്‌.

[അടിക്കുറിപ്പ്‌]

^ ഖ. 19 മറുവിലയെ കുറിച്ചുള്ള കൂടുതൽ വിശദമായ ഒരു ചർച്ചയ്‌ക്ക്‌ ദയവായി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകം കാണുക.

[6 -ാം പേജിലെ ചതുരം/ചിത്രങ്ങൾ]

‘ഇത്‌ എന്റെ ശരീരം ആകുന്നു’, “ഇത്‌ എന്റെ ശരീരത്തെ അർഥമാക്കുന്നു” ഏതാണ്‌ ശരി?

“വാതിൽ ഞാൻ ആകുന്നു” എന്നും ‘ഞാൻ സാക്ഷാൽ മുന്തിരിവള്ളി ആകുന്നു’ എന്നും യേശു പറഞ്ഞപ്പോൾ അവനെ അക്ഷരീയ വാതിലും അക്ഷരീയ മുന്തിരിവള്ളിയും ആയി ആരും കണക്കാക്കിയില്ല. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (യോഹന്നാൻ 10:7; 15:1) അതുപോലെ, ‘ഈ പാനപാത്രം പുതിയനിയമം ആകുന്നു’ എന്ന്‌ സത്യവേദപുസ്‌തകം യേശുവിന്റെ വാക്കുകൾ ഉദ്ധരിക്കുമ്പോൾ, പാനപാത്രം അക്ഷരാർഥത്തിൽ പുതിയ നിയമം അഥവാ ഉടമ്പടി ആയിരുന്നു എന്നു നാം നിഗമനം ചെയ്യുന്നില്ല. സമാനമായി, അപ്പം തന്റെ ശരീരം ‘ആകുന്നു’ എന്ന്‌ യേശു പറഞ്ഞപ്പോൾ, അത്‌ അവന്റെ ശരീരത്തെ അർഥമാക്കി അഥവാ പ്രതീകപ്പെടുത്തി എന്നതു വ്യക്തമാണ്‌. അതിനാൽ ചാൾസ്‌ ബി. വില്ല്യംസിന്റെ പരിഭാഷ ഇപ്രകാരം പറയുന്നു: “ഇത്‌ എന്റെ ശരീരത്തെ പ്രതിനിധാനം ചെയ്യുന്നു.”—ലൂക്കൊസ്‌ 22:19, 20.

[5 -ാം പേജിലെ ചിത്രം]

പുളിപ്പില്ലാത്ത അപ്പവും വീഞ്ഞും യേശുവിന്റെ പാപരഹിത ശരീരത്തെയും അവന്റെ ചൊരിയപ്പെട്ട രക്തത്തെയും കുറിക്കുന്നതിനുള്ള അനുയോജ്യമായ ചിഹ്നങ്ങളാണ്‌

[7 -ാം പേജിലെ ചിത്രം]

സ്‌മാരകം യഹോവയാം ദൈവവും യേശുക്രിസ്‌തുവും പ്രകടമാക്കിയ വലിയ സ്‌നേഹത്തെ കുറിച്ച്‌ ഓർമിപ്പിക്കുന്നു