ആഗോള ദൈവിക വിദ്യാഭ്യാസ വേലയുടെ പുരോഗതിയിൽ എന്റെ പങ്ക്
ജീവിത കഥ
ആഗോള ദൈവിക വിദ്യാഭ്യാസ വേലയുടെ പുരോഗതിയിൽ എന്റെ പങ്ക്
റോബർട്ട് നിസ്ബെറ്റ് പറഞ്ഞപ്രകാരം
വർഷം 1936. സ്വാസിലാൻഡിലെ സോബൂസ രണ്ടാമൻ രാജാവ്, എന്റെ സഹോദരൻ ജോർജിനെയും എന്നെയും അദ്ദേഹത്തിന്റെ രാജവസതിയിലേക്കു സ്വാഗതം ചെയ്തു. ഇത്രയും വർഷം പിന്നിട്ടിട്ടും, ഞങ്ങളുടെ സംഭാഷണം ഞാൻ ഇന്നും വ്യക്തമായി ഓർക്കുന്നു. ഒരു രാജാവുമായി ഇത്തരമൊരു നീണ്ട സംഭാഷണത്തിൽ ഏർപ്പെടാൻ ഇടയായത് എങ്ങനെയെന്നോ? അത് മഹത്തായൊരു ബൈബിൾ വിദ്യാഭ്യാസ വേലയുമായി ബന്ധപ്പെട്ട എന്റെ സുദീർഘമായ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. അഞ്ചു ഭൂഖണ്ഡങ്ങളിലേക്കു യാത്ര ചെയ്യാൻ എനിക്ക് അവസരമൊരുക്കിയ ആ വേലയിലെ എന്റെ പങ്കിനെ കുറിച്ചുള്ള മധുരസ്മരണകളിലൂടെ സഞ്ചരിക്കുകയാണ് ഈ 95-ാം വയസ്സിൽ ഞാൻ.
ഇതിന്റെയെല്ലാം തുടക്കം 1925-ൽ ആയിരുന്നു. അതായത്, ഡോബ്സൺ എന്നു പേരുള്ള ഒരു തേയില കച്ചവടക്കാരൻ സ്കോട്ട്ലൻഡിലെ എഡിൻബർഗിലുള്ള ഞങ്ങളുടെ കുടുംബത്തെ സന്ദർശിക്കാൻ തുടങ്ങിയപ്പോൾ. കൗമാരം പിന്നിട്ടിട്ടില്ലാഞ്ഞ ഞാൻ, ഒരു ഫാർമസിസ്റ്റായി തൊഴിൽ പരിശീലനം നേടുകയായിരുന്നു. ഞാൻ ചെറുപ്പം ആയിരുന്നെങ്കിലും 1914-18 കാലഘട്ടങ്ങളിലെ ലോകമഹായുദ്ധം, കുടുംബങ്ങളിലും ആളുകളുടെ മതജീവിതത്തിലും വരുത്തിയ നിർണായകമായ വ്യതിയാനങ്ങളെ കുറിച്ച് എനിക്ക് ഉത്കണ്ഠ തോന്നിയിരുന്നു. ശ്രീ. ഡോബ്സൺ ഒരിക്കൽ വീട്ടിൽ വന്നപ്പോൾ യുഗങ്ങളുടെ ദൈവിക നിർണയം (ഇംഗ്ലീഷ്) എന്ന പുസ്തകം ഞങ്ങൾക്കു തന്നിട്ടുപോയി. സുനിശ്ചിതമായ “നിർണയ”ങ്ങളുള്ള ബുദ്ധിമാനായ ഒരു സ്രഷ്ടാവിനെ കുറിച്ച് ആ പുസ്തകത്തിൽനിന്നു വായിച്ചപ്പോൾ അതു വളരെ ന്യായയുക്തമായും ആ വർണന ഞാൻ ആരാധിക്കാൻ ആഗ്രഹിച്ചിരുന്ന ദൈവത്തിനു യോജിക്കുന്നതായും എനിക്കു തോന്നി.
അമ്മയും ഞാനും പെട്ടെന്നുതന്നെ ബൈബിൾ വിദ്യാർഥികളുടെ—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. 1926 സെപ്റ്റംബറിൽ ഗ്ലാസ്ഗോയിൽ നടന്ന ഒരു കൺവെൻഷനിൽ വെച്ച് അമ്മയും ഞാനും യഹോവയ്ക്കുള്ള ഞങ്ങളുടെ സമർപ്പണം ജല നിമജ്ജനത്താൽ
പ്രതീകപ്പെടുത്തി. ഓരോ സ്നാപനാർഥിക്കും തങ്ങളുടെ സാധാരണ സ്നാന വസ്ത്രങ്ങൾക്കു മീതെ ധരിക്കാനായി കാലിന്റെ കണ്ണയിൽ കെട്ടുള്ള ഓരോ നിലയങ്കി ലഭിച്ചു. അക്കാലത്ത്, ഇതുപോലെയുള്ള ഗൗരവമേറിയ ഒരു അവസരത്തിൽ ധരിക്കാനുള്ള അനുയോജ്യമായ വസ്ത്രമായി ഇതിനെ കരുതിയിരുന്നു.ആ ആദ്യനാളുകളിൽ, പല കാര്യങ്ങളെയും കുറിച്ചുള്ള ഞങ്ങളുടെ ഗ്രാഹ്യം സ്ഫുടം ചെയ്തെടുക്കേണ്ടത് ആവശ്യമായിരുന്നു. സഭയിൽ മിക്കവരും ക്രിസ്തുമസ്സ് ആഘോഷിച്ചിരുന്നു. വളരെ കുറച്ചുപേർ മാത്രമേ വയൽ ശുശ്രൂഷയിൽ പങ്കുപറ്റിയിരുന്നുള്ളൂ. ഞായറാഴ്ചകളിലെ സാഹിത്യ വിതരണത്തിനു ചില മൂപ്പന്മാർ പോലും തടസ്സം പറഞ്ഞു. ശബ്ബത്തു ലംഘനമായാണ് അവർ അതിനെ കണക്കാക്കിയത്. എന്നിരുന്നാലും, 1925-ലെ വീക്ഷാഗോപുര ലേഖനങ്ങൾ മർക്കൊസ് 13:10 പോലുള്ള വാക്യങ്ങൾക്ക് കൂടുതൽ പ്രാമുഖ്യത നൽകാൻ തുടങ്ങി. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.”
ആ ലോകവ്യാപക വേല എങ്ങനെ നിർവഹിക്കപ്പെടുമായിരുന്നു? വീടുതോറുമുള്ള പ്രസംഗവേലയിൽ ആദ്യമായി പങ്കുപറ്റിയ അവസരത്തിൽ, നല്ല ചില മത പുസ്തകങ്ങൾ വിൽക്കുകയാണെന്നു വീട്ടുകാരനോടു പറഞ്ഞിട്ട് ദൈവത്തിന്റെ കിന്നരം എന്ന പുസ്തകം അവർക്കു കൊടുക്കുക മാത്രമാണു ഞാൻ ചെയ്തത്. പ്രധാനപ്പെട്ട പത്തു ബൈബിൾ പഠിപ്പിക്കലുകളെ കുറിച്ചുള്ള വിശദീകരണം ഉൾക്കൊണ്ടിരുന്ന ആ പുസ്തകം കിന്നരത്തിന്റെ പത്തു തന്ത്രികളോട് അവയെ ഉപമിച്ചിരുന്നു. വീടുതോറുമുള്ള വേലയിൽ ഉപയോഗിക്കാൻ പിന്നീട് ഞങ്ങൾക്ക് സാക്ഷ്യക്കാർഡ് തന്നു. അതിൽ വീട്ടുകാരനു വായിക്കാനുള്ള ഒരു ഹ്രസ്വ സന്ദേശമുണ്ടായിരുന്നു. കൂടാതെ, കൊണ്ടുനടക്കാവുന്ന ഗ്രാമഫോണുകൾ ഉപയോഗിച്ച് ഞങ്ങൾ നാലര മിനിട്ടുള്ള പ്രസംഗങ്ങൾ കേൾപ്പിക്കുമായിരുന്നു. ആദ്യകാല ഗ്രാമഫോണുകൾ ഭാരമേറിയവ ആയിരുന്നു. പിന്നീടുവന്ന ഭാരം കുറഞ്ഞ മോഡലുകളിൽ ചിലത് കുത്തനെ പിടിച്ചും പ്രവർത്തിപ്പിക്കാൻ സാധിക്കുന്നവ ആയിരുന്നു.
അങ്ങനെ, 1925-മുതൽ 1930-കളുടെ അവസാനം വരെ ഞങ്ങൾക്കറിയാവുന്ന ഏറ്റവും മെച്ചമായ വിധങ്ങളിൽ സാക്ഷീകരണ വേല മുന്നോട്ടു കൊണ്ടുപോയി. എന്നാൽ, 1940-കളുടെ തുടക്കത്തിൽ എല്ലാ സഭകളിലും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ആരംഭിച്ചു. കേൾക്കാൻ മനസ്സൊരുക്കമുള്ള വീട്ടുകാരോടു ഞങ്ങൾതന്നെ നേരിട്ടു സംസാരിച്ചുകൊണ്ട് രാജ്യസന്ദേശം അവതരിപ്പിക്കാൻ ഞങ്ങൾക്കു പരിശീലനം ലഭിച്ചു. താത്പര്യക്കാരായ ആളുകളുടെ വീടുകളിൽ ബൈബിളധ്യയനം നടത്തേണ്ടതിന്റെ പ്രാധാന്യവും ഞങ്ങൾക്കു ബോധ്യപ്പെട്ടു. ഒരർഥത്തിൽ പറഞ്ഞാൽ അത് ഇന്നത്തെ ലോകവ്യാപക ബൈബിൾ വിദ്യാഭ്യാസ വേലയുടെ ശൈശവദശ ആയിരുന്നു.
റഥർഫോർഡ് സഹോദരനിൽ നിന്നുള്ള പ്രോത്സാഹനം
ഈ വിദ്യാഭ്യാസ വേലയിൽ ഒരു വർധിച്ച പങ്കുണ്ടായിരിക്കാനുള്ള എന്റെ ആഗ്രഹം നിമിത്തം, 1931-ൽ ഞാൻ മുഴുസമയ പയനിയർ ശുശ്രൂഷകരുടെ പട്ടികയിൽ പേർ ചാർത്തി. ലണ്ടനിലെ ഒരു കൺവെൻഷനുശേഷം താമസിയാതെതന്നെ എനിക്കു പയനിയർ ശുശ്രൂഷ തുടങ്ങേണ്ടിയിരുന്നു. എന്നാൽ ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണ ഇടവേളയിൽ, അന്ന് വേലയുടെ മേൽനോട്ടം വഹിച്ചിരുന്ന ജോസഫ് റഥർഫോർഡ് സഹോദരൻ എന്നോടു സംസാരിച്ചു. ആഫ്രിക്കയിലേക്ക് ഒരു പയനിയറെ അയയ്ക്കാൻ അദ്ദേഹത്തിന് ഉദ്ദേശ്യമുണ്ടായിരുന്നു. “താങ്കൾക്കു പോകാൻ സമ്മതമാണോ?” എന്ന് അദ്ദേഹം ചോദിച്ചു. ഇതു കേട്ട് തെല്ലൊന്നതിശയിച്ചു പോയെങ്കിലും അവസാനം ഞാൻ ഉറച്ച ശബ്ദത്തിൽത്തന്നെ പറഞ്ഞു: “ഉവ്വ്, ഞാൻ പോകാം.”
അക്കാലത്ത്, മുഖ്യ ലക്ഷ്യം കഴിയുന്നത്ര ബൈബിൾ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുക എന്നതായിരുന്നു. അതിന് തുടർച്ചയായി യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. അന്നൊക്കെ, മേൽനോട്ടം വഹിക്കേണ്ട ഉത്തരവാദിത്വ സ്ഥാനങ്ങളിലുള്ള സഹോദരന്മാരിൽ മിക്കവരും ഏകാകികൾ ആയിരുന്നു. അവിവാഹിതനായി തുടരാനുള്ള പ്രോത്സാഹനം എനിക്കും ലഭിച്ചു. ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള കേപ് ടൗൺ മുതലായിരുന്നു എന്റെ നിയമന പ്രദേശം. ഇന്ത്യൻ മഹാസമുദ്രത്തിലെ തീരദേശ ദ്വീപുകൾ ഉൾപ്പെടെ ഭൂഖണ്ഡത്തിന്റെ കിഴക്കൻ ഭാഗങ്ങളിലേക്കും അതു വ്യാപിച്ചു കിടന്നിരുന്നു. പടിഞ്ഞാറേ അതിർത്തിയിൽ എത്തിച്ചേരണമെങ്കിൽ ചുട്ടുപഴുത്ത കലഹാരി മണലാരണ്യം കുറുകെ കടന്ന്, വിക്ടോറിയ തടാകത്തിനടുത്തുള്ള നൈൽ നദിയുടെ പ്രഭവസ്ഥാനം വരെ യാത്ര ചെയ്യണമായിരുന്നു. ഞാനും സഹപ്രവർത്തകനും കൂടി ഈ വിശാലമായ ഭൂപ്രദേശത്തെ ഒന്നോ അതിലധികമോ ആഫ്രിക്കൻ രാജ്യങ്ങളിൽ ഓരോ വർഷവും ആറുമാസം ചെലവിടേണ്ടതുണ്ടായിരുന്നു.
200 കാർട്ടനുകൾ നിറയെ ആത്മീയ ധനം
ഞാൻ കേപ് ടൗണിൽ എത്തിയപ്പോൾ, പൂർവ ആഫ്രിക്കയ്ക്കു വേണ്ടി 200 കാർട്ടനുകൾ നിറയെ സാഹിത്യങ്ങൾ വെച്ചിരിക്കുന്നത് എന്നെ കാണിച്ചു. നാലു യൂറോപ്യൻ ഭാഷകളിലും നാല് ഏഷ്യൻ ഭാഷകളിലും ഉള്ള പ്രസിദ്ധീകരണങ്ങൾ ആയിരുന്നു അവ. എന്നാൽ ആഫ്രിക്കൻ ഭാഷയിലുള്ള ഒന്നും ഇല്ലായിരുന്നു. ഞാൻ എത്തിച്ചേരുന്നതിനു മുമ്പുതന്നെ ഈ സാഹിത്യങ്ങളെല്ലാം അവിടെ വെച്ചിരുന്നത് എന്തിനാണെന്നു ഞാൻ ചോദിച്ചു. അവ അടുത്തകാലത്ത് കെനിയയിലേക്കു പ്രസംഗവേലയ്ക്കായി പോയ ഫ്രാങ്ക് സ്മിത്തിനും അദ്ദേഹത്തിന്റെ അനുജൻ ഗ്രേ സ്മിത്തിനും വേണ്ടിയുള്ളതായിരുന്നു എന്ന് എന്നോടു പറഞ്ഞു. കെനിയയിൽ എത്തിച്ചേർന്ന് അധികം താമസിയാതെ രണ്ടുപേർക്കും മലമ്പനി ബാധിച്ചു. സങ്കടകരമെന്നു പറയട്ടെ, ഫ്രാങ്ക് മരണമടയുകയും ചെയ്തു.
ഈ വാർത്ത കേട്ടപ്പോൾ എന്റെ ഗതിയെന്താകും എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചുപോയി. എങ്കിലും അതൊന്നും എന്നെ പിന്തിരിപ്പിച്ചില്ല. 5,000-ത്തോളം കിലോമീറ്റർ ദൂരെയുള്ള ടാൻസാനിയയിലെ ഞങ്ങളുടെ ആദ്യ നിയമന സ്ഥലത്തേക്ക് സഹപ്രവർത്തകനായ ഡേവിഡ് നോർമനോടൊപ്പം ഞാൻ കേപ് ടൗണിൽനിന്നു കപ്പൽ
കയറി. കെനിയയിലെ മോംബാസയിലുള്ള ഒരു ട്രാവൽ ഏജന്റ് സാഹിത്യങ്ങൾ അടങ്ങിയ ഞങ്ങളുടെ കാർട്ടനുകൾ തന്റെ പക്കൽ സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന ഏതൊരു സ്ഥലത്തേക്കും അവ അയച്ചു തരികയും ചെയ്തിരുന്നു. ആദ്യമൊക്കെ, ഓരോ പട്ടണത്തിലെയും വ്യാപാര ഡിസ്ട്രിക്റ്റുകളിൽ ചെന്ന് അവിടെയുള്ള കടകളും ഓഫീസുകളുമാണ് ഞങ്ങൾ സന്ദർശിച്ചത്. ഞങ്ങളുടെ സാഹിത്യ ശേഖരത്തിൽ 9 പുസ്തകങ്ങളും 11 ചെറുപുസ്തകങ്ങളും അടങ്ങുന്ന സെറ്റുകൾ ഉണ്ടായിരുന്നു. മഴവിൽ വർണങ്ങളിലുള്ള ഈ പ്രസിദ്ധീകരണങ്ങൾ റെയിൻബോ സെറ്റ് എന്നറിയപ്പെട്ടു.പൂർവ തീരത്തുനിന്ന് ഏതാണ്ട് 30 കിലോമീറ്റർ അകലെ മാറി സ്ഥിതിചെയ്യുന്ന സാൻസിബാർ ദ്വീപിലേക്കാണു പിന്നെ ഞങ്ങൾ പോയത്. നൂറ്റാണ്ടുകളോളം സാൻസിബാർ അടിമക്കച്ചവടത്തിന്റെ ഒരു കേന്ദ്രമായിരുന്നെങ്കിലും ഗ്രാമ്പുവിനു പേരുകേട്ട സ്ഥലമായിരുന്നു. പട്ടണത്തിലാകെ അതിന്റെ സുഗന്ധം പരന്നിരുന്നു. വേണ്ടത്ര ആസൂത്രണങ്ങളില്ലാതെ പണിത ഒരു പട്ടണമായിരുന്നു അത്. അതുകൊണ്ട് വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായിരുന്നു. ആരെയും കുഴപ്പിക്കും വിധം വളഞ്ഞും തിരിഞ്ഞും പോകുന്ന തെരുവുകൾ. അവിടെ ദിശ കണ്ടുപിടിക്കാനാവാതെ കുടുങ്ങിപ്പോകാനുള്ള സർവ സാധ്യതയും ഉണ്ടായിരുന്നു. സൗകര്യപ്രദമായ ഒരു ഹോട്ടലിലാണു ഞങ്ങൾക്കു താമസസൗകര്യം ലഭിച്ചത്. എങ്കിലും, മൊട്ടുകൾ വെച്ച കതകുകളും കട്ടികൂടിയ ഭിത്തിയുമൊക്കെ ഉള്ള അതിന് ഒരു ജയിലിനോടായിരുന്നു കൂടുതൽ സാമ്യം. എന്നിരുന്നാലും സാൻസിബാറിൽ ഞങ്ങൾക്കു ചില നല്ല ഫലങ്ങൾ ലഭിച്ചു. അവിടെ ഞങ്ങൾ കണ്ടുമുട്ടിയ അറബികളും ഇന്ത്യക്കാരും മറ്റുള്ളവരുമെല്ലാം സാഹിത്യങ്ങൾ മനസ്സോടെ സ്വീകരിച്ചത് ഞങ്ങൾക്കു സന്തോഷം പകർന്നു.
ട്രെയിനുകൾ, ബോട്ടുകൾ, കാറുകൾ
പൂർവാഫ്രിക്കയിലൂടെയുള്ള യാത്ര അന്നൊന്നും അത്ര എളുപ്പമായിരുന്നില്ല. ഉദാഹരണത്തിന്, ഒരിക്കൽ മോംബാസയിൽനിന്ന് കെനിയയുടെ പർവതപ്രദേശങ്ങളിലേക്കു പോകുകയായിരുന്ന ഞങ്ങളുടെ ട്രെയിൻ, വെട്ടുക്കിളി ബാധമൂലം നിറുത്തിയിടേണ്ടി വന്നു. ദശലക്ഷക്കണക്കിനു വെട്ടുക്കിളികൾ ദേശത്തെ മൂടി. പാളങ്ങളെയും അവ മൂടിയിരുന്നതിനാൽ, ചക്രങ്ങൾക്ക് പിടിത്തം കിട്ടാത്തവിധം പാളങ്ങൾ തെന്നുന്നുണ്ടായിരുന്നു. തീവണ്ടിയിൽ നിന്നുള്ള ആവി പറക്കുന്ന വെള്ളം ഉപയോഗിച്ച് പാളങ്ങൾ കഴുകി മുന്നോട്ടു പോകുക മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളു. ഇങ്ങനെ മെല്ലെ മെല്ലെ മുന്നോട്ടു നീങ്ങിയ ഞങ്ങൾ ഒടുവിൽ വെട്ടുക്കിളി പറ്റത്തെ മറികടന്നു. ട്രെയിൻ മലമ്പാത കയറിത്തുടങ്ങിയപ്പോൾ ഞങ്ങൾക്കെന്ത് ആശ്വാസം തോന്നിയെന്നോ, മലമ്പ്രദേശങ്ങളിലെ കുളിര് ഞങ്ങൾ ശരിക്കും ആസ്വദിച്ചു!
ട്രെയിനിലും ബോട്ടിലും യാത്ര ചെയ്താൽ തീരദേശ പട്ടണങ്ങളിൽ അനായാസം എത്തിപ്പെടാൻ കഴിയുമായിരുന്നു. എന്നാൽ ഗ്രാമ പ്രദേശങ്ങളിൽ ചെന്നുപറ്റുന്നതിനു കാറുതന്നെയായിരുന്നു ഏറ്റവും നല്ലത്. എന്റെ സഹോദരൻ ജോർജും എന്നോടൊപ്പം കൂടിയത് എനിക്ക് സന്തോഷമായി. കാരണം ഞങ്ങൾക്ക് അടച്ചുകെട്ടിയ, സാമാന്യം വലിയ ഒരു മോട്ടോർ ട്രക്ക് വാങ്ങാൻ കഴിഞ്ഞു. കിടക്കകൾ ഇടാനുള്ള സൗകര്യവും അടുക്കളയും സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലവും കൊതുകുകൾ കടക്കാത്ത ജനലുകളും എല്ലാം ഉള്ള ഒന്നായിരുന്നു അത്. വാഹനത്തിന്റെ മേൽക്കൂരയിൽ ഞങ്ങൾ ഉച്ചഭാഷിണികളും ഘടിപ്പിച്ചു. ഈ വിധത്തിൽ സുസജ്ജരായ ഞങ്ങൾ, പകൽ സമയം വീടുതോറുമുള്ള സാക്ഷീകരണത്തിൽ ഏർപ്പെടുന്നതോടൊപ്പം കമ്പോളസ്ഥലങ്ങളിലെ ചത്വരങ്ങളിൽ വെച്ചു വൈകുന്നേരം നടത്തപ്പെടുന്ന ഞങ്ങളുടെ പ്രസംഗങ്ങൾ കേൾക്കാൻ ആളുകളെ ക്ഷണിക്കുകയും ചെയ്തു. “നരകം ചൂടുള്ളതാണോ?” എന്ന വിഷയത്തിലുള്ള ജനപ്രീതിയാർജിച്ച, റെക്കോർഡു ചെയ്ത ഒരു പ്രസംഗം ഞങ്ങൾ ആളുകളെ കേൾപ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് കെനിയയിലേക്ക് 3,000 കിലോമീറ്റർ ദൂരം “സഞ്ചരിക്കുന്ന ഭവനത്തിൽ” ഞങ്ങൾ യാത്രചെയ്തു. സന്തോഷകരമെന്നു പറയട്ടെ, വിവിധ ആഫ്രിക്കൻ ഭാഷകളിലുള്ള പലയിനം ചെറുപുസ്തകങ്ങളും ആയിട്ടാണു ഞങ്ങൾ പോയത്. ഞങ്ങളിൽനിന്നും തദ്ദേശവാസികൾ അവ ആവേശത്തോടെ സ്വീകരിച്ചു.
ഇതുപോലുള്ള യാത്രകൾക്കിടയിൽ ആഫ്രിക്കയിലെ ധാരാളം വന്യജീവികളെ ഞങ്ങൾക്കു കാണാൻ കഴിഞ്ഞുവെന്നത് ഹൃദ്യമായ ഒരു അനുഭവമായിരുന്നു. എന്നിരുന്നാലും, ഇരുട്ടു വീണാൽ പിന്നെ ഞങ്ങൾ സുരക്ഷയെ കരുതി വാഹനത്തിനുള്ളിൽത്തന്നെ ഇരിക്കുമായിരുന്നു. യഹോവയുടെ സൃഷ്ടികളായ നിരവധി ഇനങ്ങളിലുള്ള ജന്തുക്കളെ
അവയുടെ സ്വാഭാവിക ജീവിത പരിസ്ഥിതിയിൽ നിരീക്ഷിക്കുന്നത് വിശ്വാസത്തെ തികച്ചും ബലപ്പെടുത്തുന്ന അനുഭവമായിരുന്നു.എതിർപ്പുകൾ തുടങ്ങുന്നു
വന്യജീവികളെ ഭയന്ന് ഞങ്ങൾ ചില മുൻകരുതലുകൾ എടുത്തിരുന്നുവെന്നു പറഞ്ഞല്ലോ. എന്നാൽ, പല ഗവൺമെന്റ് ഉദ്യോഗസ്ഥരോടും കോപാക്രാന്തരായ ചില മതനേതാക്കന്മാരോടും ഉള്ള ബന്ധത്തിൽ ഞങ്ങൾക്കു നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ അതൊന്നും അത്ര വലുതായിരുന്നില്ല. അവർ രാജ്യപ്രസംഗ വേലയെ പരസ്യമായി എതിർക്കാൻ തുടങ്ങി. “ദൈവപുത്രൻ” എന്നർഥം വരുന്ന മ്വാനാ ലീസാ എന്നു സ്വയം വിശേഷിപ്പിച്ച ഒരു മതഭ്രാന്തൻ ഞങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. അയാളുടെ സംഘത്തിന്റെ പേര് കിറ്റാവാലാ എന്നായിരുന്നു, നിർഭാഗ്യവശാൽ അതിന്റെ അർഥം “വാച്ച്ടവർ” എന്നായിരുന്നു. ഞങ്ങൾ അവിടെ എത്തുന്നതിനു കുറച്ചുനാൾ മുമ്പ് ഇയാൾ, സ്നാപനപ്പെടുത്തുകയാണെന്ന് അവകാശപ്പെട്ടുകൊണ്ട് നിരവധി ആഫ്രിക്കക്കാരെ മുക്കിക്കൊന്നിരുന്നു. ഒടുവിൽ അയാളെ അറസ്റ്റുചെയ്യുകയും തൂക്കിക്കൊല്ലുകയും ചെയ്തു. പിന്നീട്, അയാളെ തൂക്കിക്കൊന്ന ആരാച്ചാരുമായി സംസാരിക്കാൻ എനിക്ക് അവസരം കിട്ടി. നമ്മുടെ വാച്ച്ടവർ സൊസൈറ്റിയുമായി ഇയാൾക്ക് ഒരു ബന്ധവുമില്ലായിരുന്നെന്ന് ഞാൻ ആ മനുഷ്യനോടു വിശദീകരിച്ചു.
നിരവധി യൂറോപ്യന്മാരിൽ നിന്നും ഞങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. മുഖ്യമായും, തദ്ദേശവാസികൾക്ക് വിദ്യാഭ്യാസം ലഭിച്ചാൽ തങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്ക് ഒരു വിഘാതം ഉണ്ടാകുമെന്ന് അവർ കരുതിയതിനാലാണ് അത്. അതുകൊണ്ട് അവർക്കു നമ്മുടെ വിദ്യാഭ്യാസ വേല അത്ര രസിച്ചിരുന്നില്ല. ഒരു പണ്ടകശാലയുടെ മാനേജർ ഇപ്രകാരം പരാതി പറഞ്ഞു: “ആഫ്രിക്കക്കാരന്റെ കുറഞ്ഞ വേതന നിരക്കിലുള്ള അധ്വാനം എത്രയധികം ചൂഷണം ചെയ്യപ്പെടുന്നുവെന്ന് അവൻ തിരിച്ചറിയാതിരുന്നാൽ മാത്രമേ, വെള്ളക്കാർക്ക് ഈ രാജ്യത്തു തുടരാൻ സാധിക്കൂ.” ഇതേ കാരണത്താൽ തന്നെ, സ്വർണഖനനം നടത്തുന്ന ഒരു കമ്പനിയുടെ തലവൻ അയാളുടെ ഓഫീസിൽ നിന്ന് എന്നെ ഇറക്കിവിട്ടു. അതും പോരാഞ്ഞ്, ഞാൻ തെരുവിലെത്തുന്നതുവരെ ദേഷ്യത്തോടെ അയാൾ എന്നെ പിന്തുടർന്നു.
മതനേതാക്കന്മാരുടെയും വാണിജ്യ രംഗത്തെ എതിരാളികളുടെയും ശക്തമായ സ്വാധീനവലയത്തിൽ പെട്ട് റൊഡേഷ്യയിലെ (ഇപ്പോൾ സിംബാബ്വേ) ഗവൺമെന്റ് ഞങ്ങളോടു രാജ്യം വിട്ടുപോകാൻ ഉത്തരവിട്ടു. ഗവൺമെന്റിന്റെ ഈ തീരുമാനത്തിന് എതിരെ ഞങ്ങൾ അപ്പീൽ സമർപ്പിച്ചു. ഒടുവിൽ, രാജ്യത്തു താമസിക്കാൻ ഞങ്ങൾക്ക് അനുമതി ലഭിച്ചു. പക്ഷേ ഒരു വ്യവസ്ഥയുണ്ടായിരുന്നു, ആഫ്രിക്കക്കാരോടു പ്രസംഗിക്കാൻ പാടില്ല. ഞങ്ങളുടെ സാഹിത്യങ്ങൾ “ആഫ്രിക്കൻ മനസ്സിന് ഇണങ്ങുന്നതല്ല” എന്നതായിരുന്നു ഒരു ഉദ്യോഗസ്ഥൻ പറഞ്ഞ ന്യായം. എന്നിരുന്നാലും, ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളിൽ ആഫ്രിക്കൻ വംശജർക്കിടയിലെ ഞങ്ങളുടെ വിദ്യാഭ്യാസവേല നിർവിഘ്നം തുടർന്നു. അനേകരും അതു സ്വാഗതം ചെയ്യുകപോലും ചെയ്തു. അത്തരത്തിലൊരു രാജ്യമായിരുന്നു സ്വാസിലാൻഡ്.
സ്വാസിലാൻഡിലേക്ക് ഒരു രാജകീയ വരവേൽപ്പ്
ദക്ഷിണാഫ്രിക്കയുടെ ഉൾഭാഗത്തായി 17,364 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന, സ്വതന്ത്രമായ ഒരു കൊച്ചു രാജ്യമാണ് സ്വാസിലാൻഡ്. ഇവിടെവെച്ചാണ് ആമുഖത്തിൽ പരാമർശിച്ച സോബൂസ രണ്ടാമൻ രാജാവിനെ ഞങ്ങൾ കണ്ടുമുട്ടിയത്. അദ്ദേഹം വളരെ വാക്ചാതുര്യമുള്ള ഒരു വ്യക്തിയായിരുന്നു. ഒരു ബ്രിട്ടീഷ് സർവകലാശാലയിൽ പഠിച്ച അദ്ദേഹത്തിന് ഇംഗ്ലീഷ് ഭാഷയിൽ മികച്ച പ്രാവീണ്യം ഉണ്ടായിരുന്നു. വളരെ അനൗപചാരികമായി വസ്ത്രധാരണം ചെയ്ത അദ്ദേഹം ഞങ്ങളെ ഹാർദമായി സ്വാഗതം ചെയ്തു.
നീതിഹൃദയരായ ആളുകൾക്കായി ദൈവം ഉദ്ദേശിച്ചിരിക്കുന്ന ഭൗമിക പറുദീസയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു അദ്ദേഹവുമായുള്ള ഞങ്ങളുടെ സംഭാഷണം. ഈ വിഷയത്തിൽ അദ്ദേഹം അതിയായ താത്പര്യമൊന്നും കാണിച്ചില്ലെങ്കിലും തന്റെ മനസ്സിലും ഏതാണ്ട് ഇതുപോലെ ഒരു ആശയം ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ദരിദ്രരും വിദ്യാഹീനരും ആയ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ആത്മാർഥമായി ശ്രമിക്കുന്ന രാജാവായിരുന്നു അദ്ദേഹം. ആളുകൾക്കു വിദ്യാഭ്യാസം നൽകുന്നതിനെക്കാൾ പള്ളിയിലെ അംഗസംഖ്യ വർധിപ്പിക്കുന്നതിൽ താത്പര്യമെടുത്ത ക്രൈസ്തവലോകത്തിലെ മിക്ക മിഷനറിമാരുടെയും പ്രവർത്തനങ്ങളിൽ അദ്ദേഹം അതൃപ്തനായിരുന്നു. എന്നാൽ നമ്മുടെ പല പയനിയർമാരുടെയും പ്രവർത്തനങ്ങളെ പറ്റി അറിയാമായിരുന്ന അദ്ദേഹം
നമ്മുടെ ബൈബിൾ വിദ്യാഭ്യാസ വേലയെ അഭിനന്ദിച്ചു, ആളുകളിൽ നിന്ന് കൂലിയോ മറ്റു ബാധ്യതകളോ ആവശ്യപ്പെടാതെ ഇതു ചെയ്യാൻ നാം മനസ്സൊരുക്കം കാണിച്ചു എന്നതായിരുന്നു മുഖ്യ കാരണം.ബൈബിൾ വിദ്യാഭ്യാസം ശീഘ്രഗതിയിൽ പുരോഗമിക്കുന്നു
മിഷനറിമാരെ പരിശീലിപ്പിക്കുന്നതിനുള്ള വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ 1943-ൽ സ്ഥാപിക്കപ്പെട്ടു. ബൈബിൾ സാഹിത്യങ്ങൾ സമർപ്പിക്കുന്നതിൽ മുഖ്യ ശ്രദ്ധ പതിപ്പിക്കാതെ താത്പര്യം കാണിക്കുന്ന ഏവരെയും തുടർന്നു സഹായിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകപ്പെട്ടു. 1950-ൽ ജോർജിനെയും എന്നെയും ഗിലെയാദിന്റെ 16-ാമത്തെ ക്ലാസ്സിൽ പങ്കെടുക്കാൻ ക്ഷണിച്ചു. ഇവിടെവെച്ചാണ് ഞാൻ ആദ്യമായി ജിൻ ഹൈഡിനെ കണ്ടുമുട്ടുന്നത്. ഓസ്ട്രേലിയയിൽ നിന്നുള്ള അർപ്പണ മനോഭാവമുള്ള ഈ സഹോദരിക്ക് ബിരുദദാനത്തിനു ശേഷം ജപ്പാനിൽ മിഷനറിയായി നിയമനം കിട്ടി. ഏകാകിത്വം അന്നും ഒരു പൊതു വഴക്കം ആയിരുന്നതിനാൽ ഞങ്ങളുടെ സുഹൃദ്ബന്ധം അങ്ങനെതന്നെ തുടർന്നു.
ഗിലെയാദ് പരിശീലനത്തിനുശേഷം ജോർജിനും എനിക്കും, ഇന്ത്യൻ മഹാസമുദ്രത്തിലെ മൗറീഷ്യസ് ദ്വീപിലേക്ക് മിഷനറിമാരായി നിയമനം കിട്ടി. അവിടെയുള്ളവരുമായി ഞങ്ങൾ സൗഹൃദത്തിലായി, അവരുടെ ഭാഷ പഠിച്ചു, അവരുമായി ഭവന ബൈബിളധ്യയനങ്ങൾ നടത്തി. പിന്നീട്, എന്റെ ഇളയ സഹോദരൻ വില്ല്യമും ഭാര്യ മ്യുറിയെലും ഗിലെയാദിൽ നിന്നു ബിരുദം നേടി. അവരെ ഞാൻ മുമ്പ് പ്രസംഗവേല നടത്തിക്കൊണ്ടിരുന്ന പ്രദേശമായ കെനിയയിലേക്ക് അയച്ചു.
എട്ടു വർഷങ്ങൾ അതിവേഗം കടന്നുപോയി. അങ്ങനെയിരിക്കെ, 1958-ൽ ന്യൂയോർക്കിൽ നടന്ന അന്താരാഷ്ട്ര കൺവെൻഷനിൽ വെച്ച് ജിൻ ഹൈഡിനെ ഞാൻ വീണ്ടും കണ്ടുമുട്ടി. സൗഹൃദം പുതുക്കിയ ഞങ്ങൾ വിവാഹനിശ്ചയം നടത്തി. മൗറീഷ്യസിൽ നിന്ന് ജപ്പാനിലേക്ക് എനിക്കു മിഷനറി നിയമനം മാറ്റി ലഭിച്ചു. അങ്ങനെ 1959-ൽ ഞങ്ങൾ വിവാഹിതരായി. ഹിരോഷിമയിൽ ഞങ്ങൾ തികച്ചും ആനന്ദകരമായ ഒരു മിഷനറി വേലയ്ക്ക് തുടക്കമിട്ടു. ആ സമയത്ത് ഒരു ചെറിയ സഭ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ, ആ നഗരത്തിൽ 36 സഭകളുണ്ട്.
ജപ്പാനോട് സായൊനാര
വർഷങ്ങൾ കടന്നു പോയതോടെ ഇരുവരുടെയും ആരോഗ്യം ക്ഷയിച്ചുവന്നു. അങ്ങനെ മിഷനറി സേവനവുമായി മുന്നോട്ടു പോകുന്നത് ഒന്നിനൊന്നു ദുഷ്കരമായിത്തീർന്നു. കാലക്രമേണ ജപ്പാനിൽനിന്നും ജിനിന്റെ സ്വന്തം നാടായ ഓസ്ട്രേലിയയിൽ വന്നു താമസിക്കേണ്ടത് അനിവാര്യമായിത്തീർന്നു. ഹിരോഷിമയോടു ഞങ്ങൾ ദുഃഖത്തോടെ വിടപറഞ്ഞു. റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫാറത്തിൽ വെച്ച് ഞങ്ങളുടെ പ്രിയ സുഹൃത്തുക്കളോടെല്ലാം അവസാനമായി ഞങ്ങൾ സായൊനാര (ജാപ്പനീസിൽ ഇതിന്റെ അർഥം വിട എന്നാണ്) ചൊല്ലി.
ഞങ്ങൾ ഇപ്പോൾ ഓസ്ട്രേലിയയിൽ സ്ഥിരതാമസം ആക്കിയിരിക്കുന്നു. ന്യൂ സൗത്ത് വെയ്ൽസ് സംസ്ഥാനത്തിലെ ആർമിഡേൽ സഭയോടൊത്തു സഹവസിക്കുന്ന ഞങ്ങൾ ഞങ്ങളുടെ പരിമിതമായ കഴിവിന്റെ പരമാവധി ചെയ്തുകൊണ്ട് യഹോവയുടെ സേവനത്തിൽ തുടരുന്നു. ക്രിസ്തീയ സത്യം എന്ന വിലപ്പെട്ട നിധി അനവധി ആളുകളുമായി പങ്കുവെച്ചുകൊണ്ട് നീണ്ട 80-തോളം വർഷങ്ങൾ ചെലവഴിച്ചതിനെപ്പറ്റി ആലോചിക്കുമ്പോൾ എന്തു സന്തോഷമാണെന്നോ! ബൈബിൾ വിദ്യാഭ്യാസ പരിപാടിയുടെ അത്ഭുതാവഹമായ വളർച്ച കാണാനും സുപ്രധാന ആത്മീയ സംഭവങ്ങൾക്കു വ്യക്തിപരമായി സാക്ഷ്യം വഹിക്കാനും എനിക്കു കഴിഞ്ഞിരിക്കുന്നു. അതിനൊക്കെയുള്ള കീർത്തി ഒരു വ്യക്തിക്കോ ഒരു കൂട്ടത്തിനോ അവകാശപ്പെടാൻ കഴിയില്ല. തീർച്ചയായും, സങ്കീർത്തനക്കാരന്റെ വാക്കുകൾപോലെ, “ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.”—സങ്കീർത്തനം 118:23.
[28 -ാം പേജിലെ ചിത്രം]
എന്റെ സഹോദരൻ ജോർജ് ഞങ്ങളുടെ വാഹന ഭവനത്തിനടുത്ത്
[28 -ാം പേജിലെ ചിത്രം]
ഞാൻ വിക്ടോറിയ തടാകക്കരയിൽ
[29 -ാം പേജിലെ ചിത്രം]
1938-ൽ സ്വാസിലാൻഡിൽ നടത്തിയ ഒരു പരസ്യപ്രസംഗം കേൾക്കാനെത്തിയ ഹൈസ്കൂൾ വിദ്യാർഥികൾ
[30 -ാം പേജിലെ ചിത്രം]
ജിനിനോടൊപ്പം 1959-ലെ ഞങ്ങളുടെ വിവാഹദിനത്തിലും ഇന്നും