വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

സഭ നടത്തുന്ന കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ സ്‌മാരകാചരണത്തിൽ പങ്കെടുക്കാൻ അവശ നിലയിലായ ഒരു അഭിഷിക്ത ക്രിസ്‌ത്യാനിക്കു സാധിക്കാത്ത പക്ഷം എന്തെങ്കിലും ക്രമീകരണങ്ങൾ ചെയ്യാൻ കഴിയുമോ?

ഉവ്വ്‌. സഭ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കുമ്പോൾ അവശനിലയിലും ഒരുപക്ഷേ കിടപ്പിലുമായ ഒരു അഭിഷിക്ത ക്രിസ്‌ത്യാനിക്ക്‌ അതിൽ സംബന്ധിക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റു ചില ക്രമീകരണങ്ങൾ ചെയ്യാൻ കഴിയും. അങ്ങനെ ചെയ്യേണ്ടതുമാണ്‌. അത്തരമൊരു സാഹചര്യത്തിൽ ചിഹ്നങ്ങളായി ഉപയോഗിച്ച അപ്പത്തിന്റെയും വീഞ്ഞിന്റെയും പങ്ക്‌ ഒരു മൂപ്പനോ പക്വതയുള്ള മറ്റൊരു ക്രിസ്‌തീയ സഹോദരനോ സൂര്യോദയത്തിനു മുമ്പായി അന്നു രാത്രിയിൽത്തന്നെ ആ സഹവിശ്വാസിയുടെ പക്കൽ എത്തിക്കാൻ തക്കവണ്ണം മൂപ്പന്മാരുടെ സംഘത്തിന്‌ ഏർപ്പാടു ചെയ്യാവുന്നതാണ്‌.

സാഹചര്യം അനുസരിച്ച്‌, സന്ദർശിക്കുന്ന സഹോദരന്‌ ഹ്രസ്വമായ പ്രസ്‌താവനകൾ നടത്താനും ഉചിതമായ തിരുവെഴുത്തുകൾ വായിക്കാനും കഴിയും. കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തിയപ്പോൾ യേശു വെച്ച മാതൃക അദ്ദേഹത്തിനു പിൻപറ്റാവുന്നതാണ്‌. ഉദാഹരണത്തിന്‌ മത്തായി 26:26 വായിക്കാൻ സാധിച്ചേക്കും. തുടർന്ന്‌ പ്രാർഥനയ്‌ക്കു ശേഷം പുളിപ്പില്ലാത്ത അപ്പം കൊടുക്കാവുന്നതാണ്‌. അടുത്തതായി മത്തായി 26-ാം അധ്യായത്തിന്റെ 27, 28 വാക്യങ്ങൾ വായിക്കാൻ കഴിഞ്ഞേക്കും. തുടർന്ന്‌ പ്രാർഥിച്ച ശേഷം വീഞ്ഞും കൊടുക്കാം. ഓരോ ചിഹ്നത്തിന്റെയും പ്രാധാന്യത്തെ കുറിച്ച്‌ ഹ്രസ്വ പ്രസ്‌താവനകൾ നടത്താനായേക്കും. സമാപന പ്രാർഥന നടത്തുന്നത്‌ ഉചിതമാണ്‌.

തീർച്ചയായും, സഭ നടത്തുന്ന സ്‌മാരകാചരണത്തിനു ഹാജരാകാൻ ഒരു വ്യക്തി ന്യായമായ സകല ശ്രമവും ചെയ്യേണ്ടതാണ്‌. എന്നാൽ ഒരു അഭിഷിക്ത ക്രിസ്‌ത്യാനി രോഗത്താൽ തീരെ അവശ നിലയിലായിരിക്കുകയോ ആശുപത്രിയിൽ കിടക്കുകയോ മറ്റോ ചെയ്യുന്നതുപോലെ, നീസാൻ 14 സൂര്യാസ്‌തമയ ശേഷം സ്‌മാരകാചരണം നടത്താൻ ഒരുതരത്തിലും കഴിയാത്ത ഒരു സാഹചര്യത്തിലാണെങ്കിൽ എന്തു ചെയ്യാൻ കഴിയും? അത്തരത്തിലുള്ള ഒരു അഭിഷിക്ത ക്രിസ്‌ത്യാനിക്ക്‌ മോശൈക ന്യായപ്രമാണത്തിൽ നൽകിയിട്ടുള്ള കീഴ്‌വഴക്ക പ്രകാരം 30 ദിവസത്തിനു ശേഷം സ്വകാര്യമായി സ്‌മാരകം ആചരിക്കാവുന്നതാണ്‌.​—⁠സംഖ്യാപുസ്‌തകം 9:​9-14.