ബാൾക്കൻസിൽ ആഹ്ലാദത്തിന്റെ ഒരു കാലം
ബാൾക്കൻസിൽ ആഹ്ലാദത്തിന്റെ ഒരു കാലം
വർഷം 1922. ഓസ്‌ട്രിയയിലെ ഇൻസ്‌ബ്രുക്കിൽ ‘ആത്മാർഥതയുള്ള ബൈബിൾ വിദ്യാർഥിക’ളുടെ—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—ഒരു യോഗം നടക്കുകയായിരുന്നു. സെർബിയയിലെ വോയിവോഡിനയിലെ ആപ്‌റ്റിൻ പട്ടണത്തിൽനിന്നുള്ള ഫ്രാൻസ് ബ്രാന്റ് എന്ന യുവാവ് സദസ്സിൽ ഉണ്ടായിരുന്നു. പ്രസംഗകൻ യഹോവ എന്ന ദൈവനാമം ഉച്ചരിച്ചതും കുറെ പേർ കൂക്കുവിളിക്കാൻ തുടങ്ങി, അദ്ദേഹത്തിനു തന്റെ പ്രസംഗം തുടരാൻ സാധിച്ചില്ല. അതോടെ യോഗം പിരിഞ്ഞു. എങ്കിലും കേട്ട കാര്യങ്ങൾ ഫ്രാൻസിൽ ആഴമായ മതിപ്പുളവാക്കി, അങ്ങനെ രാജ്യസുവാർത്ത പ്രസംഗിക്കാൻ അദ്ദേഹം ഇറങ്ങിത്തിരിച്ചു. ബാൾക്കൻ രാജ്യങ്ങളിൽ ഒന്നിലെ ആവേശകരമായ ആത്മീയ വളർച്ചയുടെ ഒരു എളിയ തുടക്കമായിരുന്നു അത്.
യൂഗോസ്ലാവിയ എന്ന പേരു കേൾക്കുമ്പോൾ ഇന്ന് മിക്ക ആളുകളുടെയും മനസ്സിൽ യുദ്ധത്തിന്റെ ചിത്രങ്ങളായിരിക്കും തെളിഞ്ഞുവരിക—ഭയാനകമായ കൂട്ടക്കുരുതികളുടെയും ഭഗ്നാശരായ അഭയാർഥികളുടെയും നശിപ്പിക്കപ്പെട്ട വീടുകളുടെയും ദുഃഖിതരായ അനാഥരുടെയും ചിത്രങ്ങൾ. 1991 മുതൽ 1995 വരെ ബാൾക്കൻ ഉപദ്വീപിൽ നീണ്ടുനിന്ന യുദ്ധം വരുത്തിവെച്ച ദുരിതങ്ങളും വേദനയും വാക്കുകളിൽ വർണിക്കാനാവില്ല. മാനുഷ ശ്രമങ്ങളാൽ ഐശ്വര്യപൂർണവും ആകുലതകൾ ഇല്ലാത്തതുമായ ഒരു ഭാവി കെട്ടിപ്പടുക്കാമെന്ന സകല പ്രതീക്ഷകളെയും അതു പിഴുതെറിഞ്ഞു. യുദ്ധത്തിന്റെ ഫലമായി മുൻ യൂഗോസ്ലാവിയയിലെ ആളുകൾ സാമ്പത്തിക പരാധീനതകളും കടുത്ത ദാരിദ്ര്യവും നിമിത്തം നട്ടംതിരിയുകയാണ്. *
ഇത്തരം ദുരിതങ്ങൾക്കു മധ്യേ ഈ ദേശത്ത് സന്തുഷ്ടരായ ആളുകൾ ഉണ്ടായിരിക്കുമെന്ന് ആരുംതന്നെ പ്രതീക്ഷിക്കുകയില്ല. വിചിത്രമെന്നു തോന്നാമെങ്കിലും സന്തുഷ്ടരായ ആളുകൾ അവിടെ ഉണ്ടെന്നതാണു വാസ്‌തവം. 20-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പ്രത്യേക ആഹ്ലാദത്തിന്റേതായ ഒരു ദിനത്തിന് അവർ സാക്ഷ്യം വഹിച്ചു. തുടക്കത്തിൽ പരാമർശിച്ച ഫ്രാൻസ് ബ്രാൻഡ് എന്ന യുവാവിന് ഇതെല്ലാമായി എന്തു ബന്ധമാണ് ഉള്ളത്?
ബാൾക്കൻസിൽ ആത്മീയ വളർച്ച
ഫ്രാൻസ് ബ്രാൻഡ് കേട്ട പുതു സത്യങ്ങൾ അദ്ദേഹത്തെ ആവേശം കൊള്ളിച്ചു, അങ്ങനെ സുവാർത്ത പ്രചരിപ്പിക്കാൻ അദ്ദേഹം തീരുമാനമെടുത്തു. ഓസ്‌ട്രിയയുടെ അതിർത്തിക്കു സമീപമുള്ള ഒരു സ്ലോവേനിയൻ നഗരമായ മാരിബോറിൽ അദ്ദേഹം ഒരു ക്ഷുരകന്റെ ജോലി കണ്ടെത്തി, തന്റെ അടുക്കൽ വരുന്നവരോട് അദ്ദേഹം പ്രസംഗിക്കാൻ തുടങ്ങി. ഫ്രാൻസ് തങ്ങളുടെ മുഖം വടിക്കുന്നതിനിടെ പറയുന്ന കാര്യങ്ങൾ അവർ സാധാരണഗതിയിൽ നിശ്ശബ്ദം ശ്രദ്ധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1920-കളുടെ അവസാനത്തിൽ മാരിബോറിൽ രാജ്യഘോഷകരുടെ ഒരു
ചെറിയ കൂട്ടം രൂപംകൊണ്ടു. ഒരു റെസ്റ്ററന്റിൽ വെച്ചാണ് ബൈബിൾ പ്രസംഗങ്ങൾ നടത്തിയിരുന്നത്, പിന്നീട് ഈ റെസ്റ്ററന്റിന് ഉചിതമായ ഒരു പേര് നൽകപ്പെട്ടു—നോവി സ്‌വെറ്റ് (പുതിയലോകം) സീഫുഡ് റെസ്റ്ററന്റ്.കാലക്രമേണ, ദേശത്തുടനീളം സുവാർത്ത വ്യാപിച്ചു. “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” (ചലച്ചിത്രങ്ങളും നിശ്ചലചിത്രങ്ങളും ശബ്ദസംയോജനവും അടങ്ങിയ എട്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു പരിപാടി) ഈ വികസനത്തിൽ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്. പിന്നീട് 1930-കളിൽ യഹോവയുടെ സാക്ഷികൾ ജർമനിയിൽ കടുത്ത പീഡനത്തിന് ഇരയായപ്പോൾ അവിടെനിന്നു പലായനം ചെയ്‌ത ജർമൻ പയനിയർമാർ യൂഗോസ്ലാവിയയിലെ സാക്ഷികളെ ശക്തീകരിച്ചു. വ്യക്തിപരമായ സുഖസൗകര്യങ്ങൾ ത്യജിച്ചുകൊണ്ട് അവർ ഈ പർവതപ്രദേശത്തെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ സുവാർത്ത എത്തിക്കാൻ ശ്രമിച്ചു. ആദ്യമൊക്കെ അവരുടെ സന്ദേശത്തിനു വലിയ പ്രതികരണമൊന്നും ലഭിക്കാത്തതുപോലെ കാണപ്പെട്ടു. 1940-കളുടെ ആരംഭത്തിൽ 150 പ്രസാധകർ മാത്രമേ വയൽസേവനം റിപ്പോർട്ട് ചെയ്‌തിരുന്നുള്ളൂ.
പിന്നീട് 1941-ൽ ഉഗ്രമായ പീഡനം ഉണ്ടായി, അത് 1952 വരെ നീണ്ടുനിന്നു. ഒടുവിൽ 1953 സെപ്‌റ്റംബർ 9-ന് ജനറൽ റ്റിറ്റോയുടെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിലിരിക്കെ യഹോവയുടെ സാക്ഷികൾക്കു നിയമപരമായ അംഗീകാരം ലഭിച്ചു! ആ വർഷം സുവാർത്തയുടെ 914 പ്രസാധകർ ഉണ്ടായിരുന്നു, പിന്നെ അവരുടെ എണ്ണം കുത്തനെ വർധിച്ചു. 1991 ആയപ്പോഴേക്കും പ്രസാധകരുടെ എണ്ണം 7,420 ആയി വർധിച്ചിരുന്നു, ആ വർഷം സ്‌മാരകത്തിന് 16,072 പേർ കൂടിവരുകയും ചെയ്‌തു.
ഈ രാജ്യത്ത് യഹോവയുടെ സാക്ഷികളുടെ ആദ്യത്തെ അന്താരാഷ്‌ട്ര കൺവെൻഷൻ നടന്നത് 1991 ആഗസ്റ്റ് 16-18 തീയതികളിൽ ആയിരുന്നു, ക്രൊയേഷ്യയിലെ സാഗ്‌രെബിൽ. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി 14,684 പേർ ഹാജരായി. ആ അവിസ്‌മരണീയ കൺവെൻഷൻ വരാനിരുന്ന പരിശോധനകൾ നേരിടാൻ യഹോവയുടെ ജനത്തെ സജ്ജരാക്കി. ക്രൊയേഷ്യക്കും സെർബിയയ്‌ക്കും ഇടയ്‌ക്കുള്ള ചെക്ക്‌പോസ്റ്റ് കടന്ന അവസാനത്തെ വണ്ടികളുടെ കൂട്ടത്തിൽ കൺവെൻഷനിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന സെർബിയൻ പ്രതിനിധികളെ വഹിച്ചുകൊണ്ടുള്ള ബസ്സുകൾ ഉണ്ടായിരുന്നു. അവസാനത്തെ ബസ് ചെക്ക്‌പോസ്റ്റ് കടന്നതോടെ അതിർത്തി അടയ്‌ക്കപ്പെട്ടു, യുദ്ധവും തുടങ്ങി.
യഹോവയുടെ ജനത്തിന് ആഹ്ലാദിക്കാൻ കാരണങ്ങളുണ്ട്
യുദ്ധകാലം ബാൾക്കൻസിലെ യഹോവയുടെ സാക്ഷികൾക്കു കടുത്ത പരിശോധനയുടെ ഒരു സമയമായിരുന്നു. എങ്കിലും അവർക്ക് ആഹ്ലാദിക്കാൻ കാരണമുണ്ട്, എന്തെന്നാൽ അത്ഭുതകരമായ വർധന നൽകി യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു. 1991 മുതൽ മുൻ യൂഗോസ്ലാവിയൻ പ്രദേശത്തെ രാജ്യപ്രസാധകരുടെ എണ്ണത്തിൽ 80 ശതമാനത്തിലധികം വർധന ഉണ്ടായിരിക്കുന്നു. സേവനവർഷം 2001-ൽ 13,472 എന്ന അത്യുച്ചം ഉണ്ടായി.
മുൻ യൂഗോസ്ലാവിയയിലെ മുഴു പ്രദേശത്തെയും യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു മേൽനോട്ടം വഹിച്ചിരുന്നത് സാഗ്‌രെബിലെയും ബെൽഗ്രേഡിലെയും (സെർബിയ) ഓഫീസുകളായിരുന്നു. പ്രസാധകരുടെ എണ്ണത്തിലെ വർധനയും രാഷ്‌ട്രീയ മാറ്റങ്ങളും മൂലം ബെൽഗ്രേഡിലും സാഗ്‌രെബിലും വേറെ പുതിയ ഓഫീസുകൾ സ്ഥാപിക്കേണ്ടി വന്നു. അതിനു പുറമേ, ലിയൂബ്ലിയാനിലും (സ്ലോവേനിയ) സ്‌കോപ്‌യെയിലും (മാസിഡോണിയ) പുതിയ ഓഫീസുകൾ തുറന്നു. ഈ ഓഫീസുകളിൽ ഏതാണ്ട് 140 പേർ സേവിക്കുന്നുണ്ട്. അവരിൽ മിക്കവരും ചെറുപ്പക്കാരും, അങ്ങേയറ്റം തീക്ഷ്‌ണതയും യഹോവയോട് അകമഴിഞ്ഞ സ്‌നേഹവും ഉള്ളവരും ആണ്. അവരിൽ ഏറെ പേരും ബൈബിൾ പഠന സഹായികൾ ക്രൊയേഷ്യൻ, മാസിഡോണിയൻ, സെർബിയൻ, സ്ലോവേനിയൻ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുന്നതിൽ ഉൾപ്പെട്ടിരിക്കുന്നു. ഈ ഭാഷകളിലുള്ള, യഹോവയുടെ സാക്ഷികളുടെ മിക്ക മാസികകളും സാഹിത്യങ്ങളും ഇംഗ്ലീഷ് പതിപ്പിനൊപ്പംതന്നെ പ്രസിദ്ധീകരിക്കാൻ സാധിക്കുന്നു എന്നുള്ളത് എത്ര വലിയ അനുഗ്രഹമാണ്! ആശ്വാസവും പ്രത്യാശയും കണ്ടെത്താൻ ഈ പ്രസിദ്ധീകരണങ്ങൾ പലരെയും സഹായിക്കുന്നു.
മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിരവധി മുഴുസമയ ദാസരുടെ നിസ്വാർഥ പിന്തുണ ആഹ്ലാദത്തിനുള്ള മറ്റൊരു
കാരണമാണ്. സമീപകാലങ്ങളിൽ മനോഹരമായ ഒട്ടേറെ രാജ്യഹാളുകൾ നിർമിക്കപ്പെട്ടിരിക്കുന്നതും സഭകളുടെ സന്തോഷത്തിനു സംഭാവന ചെയ്‌തിരിക്കുന്നു. എന്നിരുന്നാലും ആനന്ദിക്കാനുള്ള കൂടുതൽ കാരണങ്ങൾ അവരെ കാത്തിരിക്കുകയായിരുന്നു. എങ്ങനെ?ഒരു മഹത്തായ സംരംഭം
‘പുതിയലോക ഭാഷാന്തരം എപ്പോഴെങ്കിലും തങ്ങളുടെ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെടുമോ’ എന്നു പല പ്രസാധകരും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഓരോ വർഷവും ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനിൽ അങ്ങനെയൊരു അറിയിപ്പു കേൾക്കാനായി അവർ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. എന്നാൽ ഈ ഭാഷകളിൽ പരിഭാഷാ സംഘങ്ങൾ രൂപംകൊണ്ടിട്ട് ഏതാനും വർഷങ്ങളേ ആയിരുന്നുള്ളൂ എന്നതും പരിഭാഷകരുടെ എണ്ണം താരതമ്യേന കുറവായിരുന്നു എന്നതും കണക്കിലെടുക്കുമ്പോൾ അത്തരമൊരു ബൃഹത്തായ സംരംഭം എങ്ങനെ തുടങ്ങിവെക്കും?
സ്ഥിതിഗതികൾ നന്നായി വിലയിരുത്തിയശേഷം ഭരണസംഘം ഒരു തീരുമാനമെടുത്തു. ക്രൊയേഷ്യൻ, മാസിഡോണിയൻ, സെർബിയൻ പരിഭാഷാ സംഘങ്ങൾ അടുത്തു സഹകരിച്ചുകൊണ്ടുള്ള ഒരു കൂട്ടായ സംരംഭത്തിന് അവർ അംഗീകാരം നൽകി, അതുവഴി ഓരോ പരിഭാഷാ സംഘത്തിനും മറ്റു സംഘങ്ങളുടെ വേലയിൽനിന്നും അഭിപ്രായങ്ങളിൽനിന്നും പ്രയോജനം നേടാൻ കഴിയുമായിരുന്നു. ക്രൊയേഷ്യൻ സംഘമായിരുന്നു നേതൃത്വം എടുക്കേണ്ടിയിരുന്നത്.
അതിരറ്റ ആഹ്ലാദത്തിന്റെ ഒരു ദിനം
ബാൾക്കൻസിലെ യഹോവയുടെ സാക്ഷികൾക്ക് 1999 ജൂലൈ 23 എന്ന തീയതി ഒരിക്കലും മറക്കാനാവില്ല. “ദൈവത്തിന്റെ പ്രാവചനിക വചനം” ഡിസ്‌ട്രിക്‌റ്റ് കൺവെൻഷൻ പരമ്പര ഒരേ സമയത്തുതന്നെ ബെൽഗ്രേഡ്, സാരയെവോ (ബോസ്‌നിയ-ഹെർസെഗോവിന), സ്‌കോപ്‌യെ, സാഗ്‌രെബ് എന്നിവിടങ്ങളിൽ നടക്കാനിരിക്കുകയായിരുന്നു. ബെൽഗ്രേഡിൽ കൺവെൻഷൻ നടത്താൻ കഴിയുമോ എന്ന കാര്യത്തിൽ കുറേ നാളത്തേക്കു സംശയമുണ്ടായിരുന്നു. കാരണം നാറ്റോ ബോംബ് ആക്രമണം നടത്തിയിരുന്ന കാലത്ത് യാതൊരുവിധ പൊതുയോഗങ്ങളും അനുവദിക്കപ്പെട്ടിരുന്നില്ല. മാസങ്ങളോളമുള്ള അനിശ്ചിതാവസ്ഥയ്‌ക്കു ശേഷം, സഹവിശ്വാസികളുമൊത്തു സഹവസിക്കാമെന്ന പ്രത്യാശ സഹോദരങ്ങൾക്ക് എത്രയധികം സന്തോഷമാണു പകർന്നത്! എന്നാൽ, അവരുടെ പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടുന്ന ഒന്ന് സംഭവിക്കാനിരിക്കുകയായിരുന്നു.
വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്, നാല് കൺവെൻഷൻ സ്ഥലങ്ങളിലും ഒരു പ്രത്യേക അറിയിപ്പു നടത്തപ്പെട്ടു. ഹാജരായിരുന്ന 13,497 പേരും വളരെ ആകാംക്ഷയോടെയാണ് അതു ശ്രവിച്ചത്. പ്രസംഗകൻ ഒടുവിൽ ക്രൊയേഷ്യൻ, സെർബിയൻ ഭാഷകളിൽ ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം പ്രകാശനം ചെയ്യുകയും മാസിഡോണിയൻ പരിഭാഷ നന്നായി പുരോഗമിക്കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്‌തപ്പോൾ കൺവെൻഷൻ പ്രതിനിധികൾക്ക് തങ്ങളുടെ വികാരങ്ങൾ അടക്കിനിറുത്താൻ കഴിഞ്ഞില്ല. നിറുത്താതെയുള്ള കരഘോഷം നിമിത്തം പ്രസംഗകനു തന്റെ അറിയിപ്പു പൂർത്തിയാക്കാനായില്ല. സാരെയെവോയിലെ കൺവെൻഷനിൽ സദസ്യരെല്ലാം അത്ഭുതസ്‌തബ്ധരായി, കുറച്ചു സമയത്തേക്കു തികഞ്ഞ നിശ്ശബ്ദത ആയിരുന്നു. പിന്നീട് നീണ്ട കരഘോഷം ഉയർന്നു. ബെൽഗ്രേഡിൽ പലരുടെയും കവിളിലൂടെ സന്തോഷാശ്രുക്കൾ ഒഴുകി, ആവർത്തിച്ചുള്ള കരഘോഷം നിമിത്തം പ്രസംഗകനു പലതവണ ഇടയ്‌ക്കുവെച്ച് അറിയിപ്പ് നിറുത്തേണ്ടിവന്നു. എല്ലാവരും എത്ര സന്തുഷ്ടരായിരുന്നു!
ക്രൊയേഷ്യൻ ഭാഷയിലും അതുപോലെതന്നെ സെർബിയൻ ഭാഷയിലും ബൈബിൾ ഭാഷാന്തരം പുറത്തിറക്കാനുള്ള അച്ചടി-അവകാശം യഹോവയുടെ സാക്ഷികൾക്കു ലഭിച്ചു എന്ന വസ്‌തുത ഈ സമ്മാനം കൂടുതൽ വിലമതിക്കപ്പെടാൻ ഇടയാക്കി. അങ്ങനെ, എബ്രായ തിരുവെഴുത്തുകൾ കൂടെ ഈ രണ്ടു ഭാഷകളിലും പരിഭാഷപ്പെടുത്തിയ ശേഷം അതും ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരവും ഒന്നിച്ചുചേർത്ത് ഒരു വാല്യമാക്കി. കൂടാതെ, സെർബിയൻ ബൈബിൾ റോമൻ ലിപിയിലും സിറിലിക് ലിപിയിലും അച്ചടിക്കപ്പെട്ടു.
ബാൾക്കൻസിലെ യഹോവയുടെ ജനം തങ്ങൾക്കു ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും മാർഗനിർദേശത്തിനുമായി കൃതജ്ഞതയോടെ ദാവീദിന്റെ ഈ വാക്കുകൾ ഏറ്റുപാടുന്നു: “കൂരിരുൾതാഴ്‌വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ.” പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ‘യഹോവയിങ്കലെ സന്തോഷം തങ്ങളുടെ ബലം’ ആക്കുവാൻ അവർ ദൃഢചിത്തരാണ്.—സങ്കീർത്തനം 23:4; നെഹെമ്യാവു 8:10.
[അടിക്കുറിപ്പ്]
^ ഖ. 3 ബോസ്‌നിയ-ഹെർസെഗോവിന, ക്രൊയേഷ്യ, മാസിഡോണിയ, മോണ്ടെനിഗ്രോ, സെർബിയ, സ്ലോവേനിയ എന്നീ ആറ് റിപ്പബ്ലിക്കുകൾ കൂടിച്ചേർന്നതായിരുന്നു മുൻ യൂഗോസ്ലാവിയ.
[20-ാം പേജിലെ ചിത്രം]
മാരിബോറിലും സ്ലോവേനിയയിലും നിന്നുള്ള പ്രസാധകരുടെ ആദ്യ കൂട്ടം ഒരു വിദൂര പ്രദേശത്തു പ്രസംഗിക്കുന്നു