തീക്ഷ്‌ണതയും അസൂയയും ക്രിസ്‌തീയ നിലപാട് എന്താണ്?
തീക്ഷ്‌ണതയും അസൂയയും ക്രിസ്‌തീയ നിലപാട് എന്താണ്?
ക്രിസ്‌ത്യാനികൾ എന്ന നിലയിൽ “സ്‌നേഹം ആചരിപ്പാൻ” നമുക്കു പ്രോത്സാഹനം ലഭിച്ചിരിക്കുന്നു. “സ്‌നേഹം അസൂയപ്പെടുന്നില്ല” എന്നു നമ്മോടു പറയപ്പെട്ടിരിക്കുന്നു. (1 കൊരിന്ത്യർ 13:4, ഓശാന ബൈബിൾ; 14:1) ഒപ്പം, ‘യഹോവ തീക്ഷ്‌ണതയുള്ള ദൈവം ആകുന്നു’ എന്നു ബൈബിൾ നമ്മോടു പറയുന്നു. “ദൈവത്തെ അനുകരി”ക്കാൻ അത് നമ്മോടു കൽപ്പിക്കുകയും ചെയ്യുന്നു. (പുറപ്പാടു 34:14; എഫെസ്യർ 5:1) അതുകൊണ്ട് അസൂയയും തീക്ഷ്‌ണതയും സംബന്ധിച്ച ക്രിസ്‌തീയ നിലപാട് എന്താണ്?
എബ്രായ, ഗ്രീക്ക് ഭാഷകൾ “അസൂയ”യ്‌ക്കും “തീക്ഷ്‌ണത”യ്‌ക്കും ഒരേ പദമാണ് ഉപയോഗിക്കുന്നത്. ഈ പദം (എബ്രായയിൽ ക്വിനാ; ഗ്രീക്കിൽ സീലോസ്) വളരെയധികം അർഥവ്യാപ്‌തി ഉള്ളതാണ്. സന്ദർഭം അനുസരിച്ച് അതിന് നല്ലതോ മോശമോ ആയ ധ്വനി ഉണ്ടായിരിക്കാൻ കഴിയും. ഉദാഹരണത്തിന് ആ എബ്രായ പദത്തിന് “അനന്യഭക്തി സംബന്ധിച്ച നിഷ്‌കർഷ; യാതൊരു മത്സരവും വെച്ചുപൊറുപ്പിക്കാതിരിക്കൽ; തീക്ഷ്‌ണത; ശുഷ്‌കാന്തി; നീതിപൂർവകമായ നിലവാരങ്ങളോടുള്ള കൂറ്; അസൂയ; മറ്റൊരാളുടെ സ്വത്തോ സ്ഥാനമോ മോഹിക്കൽ; ഈർഷ്യ” എന്നൊക്കെ അർഥം വരാം. തത്തുല്യമായ ഗ്രീക്കു പദത്തിനും സമാനമായ അർഥമാണുള്ളത്. ആ പദങ്ങൾ, പ്രതിയോഗിയെന്നു സംശയിക്കപ്പെടുന്ന ആളോടോ ഒരു നേട്ടം ആസ്വദിക്കുന്നതെന്നു കരുതുന്ന ആളോടോ തോന്നുന്ന വികലമോ വഴിതെറ്റിയതോ ആയ ഒരു വികാരത്തെ പരാമർശിച്ചേക്കാം. (സദൃശവാക്യങ്ങൾ 14:30) അവയ്‌ക്ക് പ്രിയപ്പെട്ട ഒരാളെ ദ്രോഹത്തിൽനിന്നു സംരക്ഷിക്കാനുള്ള ആഗ്രഹത്തെ പ്രതി പ്രകടമാക്കുന്ന, ദൈവത്താൽ നൽകപ്പെട്ട ഒരു നല്ല ഗുണത്തെയും പരാമർശിക്കാൻ കഴിയും. (2 കൊരിന്ത്യർ 11:2, ഓശാന ബൈ.) മലയാളത്തിൽ ഇതിന് തീക്ഷ്‌ണത, (നല്ല ഗുണം) അസൂയ (മോശമായ ഗുണം) എന്നിങ്ങനെ വെവ്വേറെ പദങ്ങളുണ്ട്.
അത്യുത്തമ മാതൃക
തീക്ഷ്‌ണത പ്രകടമാക്കുന്നതിന്റെ അത്യുത്തമ മാതൃക യഹോവയാണ്. അവന്റെ ഉദ്ദേശ്യങ്ങൾ പവിത്രവും നിർമലവുമാണ്. തന്റെ ജനത്തെ ആത്മീയവും ധാർമികവുമായ ദുഷിപ്പിൽനിന്നു സംരക്ഷിക്കാനുള്ള ആഗ്രഹമാണ് തീക്ഷ്‌ണത പ്രകടമാക്കാൻ അവനെ പ്രേരിപ്പിക്കുന്ന ഘടകം. ആലങ്കാരികമായി സീയോൻ എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്ന തന്റെ പുരാതന ജനത്തെ കുറിച്ച് അവൻ പറഞ്ഞു: “ഞാൻ മഹാ തീക്ഷ്‌ണതയോടെ സീയോന്നുവേണ്ടി എരിയുന്നു; ഞാൻ അതിന്നുവേണ്ടി മഹാക്രോധത്തോടെ എരിയുന്നു.” (സെഖര്യാവു 8:2) സ്‌നേഹസമ്പന്നനായ ഒരു പിതാവ് തന്റെ മക്കളെ ദ്രോഹത്തിൽനിന്നു സംരക്ഷിക്കാൻ എല്ലായ്‌പോഴും ജാഗരൂകനായിരിക്കുന്നതു പോലെ, തന്റെ ദാസന്മാരെ ശാരീരികവും ആത്മീയവുമായ ആപത്തിൽനിന്നു സംരക്ഷിക്കാൻ യഹോവ ജാഗ്രതയുള്ളവനാണ്.
തന്റെ ജനത്തെ സംരക്ഷിക്കാനായി യഹോവ തന്റെ വചനമായ ബൈബിൾ പ്രദാനം ചെയ്‌തിരിക്കുന്നു. ജ്ഞാനപൂർവം നടക്കുന്നതിനായി അവർക്ക് അതിൽ വളരെയധികം പ്രോത്സാഹനമുണ്ട്. അങ്ങനെ നടന്നവരുടെ ഉദാഹരണങ്ങൾകൊണ്ട് അത് സമൃദ്ധമാണ്. യെശയ്യാവു 48:17-ൽ നാം ഇങ്ങനെ വായിക്കുന്നു: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.” അവന്റെ തീക്ഷ്‌ണത നമുക്കു വേണ്ടി കരുതാനും നമ്മെ കാക്കാനും അവനെ പ്രേരിപ്പിക്കുന്നു എന്ന് അറിയുന്നത് എത്ര ആശ്വാസദായകമാണ്! അവൻ ഈ രീതിയിൽ തീക്ഷ്‌ണത കാണിച്ചില്ലായിരുന്നെങ്കിൽ നമ്മുടെ അനുഭവപരിചയമില്ലായ്‌മ നിമിത്തം നാം എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങളിലും ചെന്നു ചാടുമായിരുന്നു. യഹോവയുടെ തീക്ഷ്‌ണതയുടെ പ്രകടനങ്ങൾ തീർച്ചയായും സ്വാർഥപരമല്ല.
അങ്ങനെയെങ്കിൽ തീക്ഷ്‌ണതയും അസൂയയും തമ്മിലുള്ള വ്യത്യാസമെന്താണ്? അതു മനസ്സിലാക്കാൻ നമുക്ക് മിര്യാമിന്റെയും ഫീനെഹാസിന്റെയും ഉദാഹരണം പരിചിന്തിക്കാം. അവരെ പ്രേരിപ്പിച്ചത് എന്തായിരുന്നു എന്നു ശ്രദ്ധിക്കുക.
മിര്യാമും ഫീനെഹാസും
പുറപ്പാടിന്റെ സമയത്ത് ഇസ്രായേൽ ജനതയ്‌ക്ക് നേതൃത്വം വഹിച്ച മോശെയുടെയും അഹരോന്റെയും മൂത്ത സഹോദരിയായിരുന്നു മിര്യാം. ഇസ്രായേല്യർ മരുഭൂമിയിൽ ആയിരിക്കെ മിര്യാമിന് തന്റെ സഹോദരനായ മോശെയോട് അസൂയ ജനിച്ചു. ബൈബിൾ വൃത്താന്തം ഇങ്ങനെ പറയുന്നു: “മോശെ ഒരു കൂശ്യസ്‌ത്രീയെ വിവാഹം ചെയ്‌തിരുന്നതുകൊണ്ടു സംഖ്യാപുസ്‌തകം 12:1-15.
കൂശ്യസ്‌ത്രീനിമിത്തം മിര്യാമും അഹരോനും അവന്നു വിരോധമായി സംസാരിച്ചു: യഹോവ മോശെ മുഖാന്തരം മാത്രമേ അരുളിച്ചെയ്‌തിട്ടുള്ളുവോ? ഞങ്ങൾമുഖാന്തരവും അരുളിച്ചെയ്‌തിട്ടില്ലയോ എന്നു പറഞ്ഞു.” വ്യക്തമായും, മോശെയ്‌ക്ക് എതിരെയുള്ള ഈ നീക്കത്തിൽ നേതൃത്വം വഹിച്ചത് മിര്യാമാണ്. കാരണം യഹോവ ശിക്ഷണം നൽകിയത് അവൾക്കാണ്, അഹരോനല്ല. അനാദരപൂർവകമായ ഈ പെരുമാറ്റത്തെ പ്രതി, അവൾ ഏഴു ദിവസം കുഷ്‌ഠരോഗിണിയായി കഴിച്ചുകൂട്ടാൻ യഹോവ ഇടയാക്കി.—മോശെയ്‌ക്ക് എതിരെ പ്രവർത്തിക്കാൻ മിര്യാമിനെ പ്രേരിപ്പിച്ചത് എന്താണ്? അത് സത്യാരാധനയോടുള്ള താത്‌പര്യമോ സഹ ഇസ്രായേല്യരെ ദ്രോഹത്തിൽനിന്നു സംരക്ഷിക്കാനുള്ള ആഗ്രഹമോ ആയിരുന്നോ? വ്യക്തമായും അല്ലായിരുന്നു. കൂടുതൽ പദവിക്കും അധികാരത്തിനും വേണ്ടിയുള്ള അനുചിതമായ ആഗ്രഹം തന്റെ ഹൃദയത്തിൽ വളർന്നുവരാൻ മിര്യാം അനുവദിച്ചതായി തോന്നുന്നു. ഇസ്രായേലിലെ ഒരു പ്രവാചകി എന്ന നിലയിൽ ആളുകളിൽനിന്ന്, പ്രത്യേകിച്ചും സ്‌ത്രീജനങ്ങളിൽനിന്ന്, അവൾക്കു വളരെയധികം ആദരവ് ലഭിച്ചിരുന്നു. ചെങ്കടലിങ്കൽ ഇസ്രായേലിന്റെ അത്ഭുതകരമായ വിടുതലിനെ തുടർന്ന് പാട്ടുപാടുന്നതിലും തപ്പുകൊട്ടുന്നതിലും അവൾ അവർക്കു നേതൃത്വം നൽകി. എന്നാൽ ഇപ്പോൾ, ആ പ്രാമുഖ്യതയിൽ കുറെ തന്റെ പ്രതിയോഗിയെന്ന് അവൾ സംശയിച്ച മോശെയുടെ ഭാര്യയ്‌ക്കു പോകുമോ എന്ന അനുചിതമായ ഉത്‌കണ്‌ഠ മിര്യാമിനെ വേട്ടയാടാൻ തുടങ്ങിയിരിക്കാം. സ്വാർഥമായ അസൂയയാൽ പ്രേരിതയായി അവൾ യഹോവ നിയുക്തനാക്കിയ മോശെയ്‌ക്ക് എതിരെ മത്സരം ഇളക്കിവിട്ടു.—പുറപ്പാടു 15:1, 20, 21.
അതേസമയം ഫീനെഹാസിനെ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ച ഘടകം മറ്റൊന്നായിരുന്നു. വാഗ്‌ദത്ത ദേശത്തു പ്രവേശിക്കുന്നതിനു കുറച്ചു മുമ്പ്, ഇസ്രായേൽ മോവാബ്യ സമഭൂമിയിൽ പാളയമടിച്ചിരിക്കുമ്പോൾ, മോവാബ്യരും മിദ്യാന്യരുമായ സ്‌ത്രീകൾ നിരവധി ഇസ്രായേല്യ പുരുഷന്മാരെ അധാർമികതയിലേക്കും വിഗ്രഹാരാധനയിലേക്കും വശീകരിക്കുകയുണ്ടായി. പാളയത്തെ ശുദ്ധീകരിക്കുന്നതിനും യഹോവയുടെ ഉഗ്രകോപം ജനത്തെ വിട്ടുമാറുന്നതിനുമായി, നേർവഴി വിട്ടു പ്രവർത്തിച്ച എല്ലാ പുരുഷന്മാരെയും വധിക്കാൻ ഇസ്രായേലിലെ ന്യായാധിപന്മാർക്കു നിർദേശം ലഭിച്ചു. അധാർമിക ഉദ്ദേശ്യങ്ങൾക്കായി, ശീമോന്യ മുഖ്യനായ സിമ്രി മിദ്യാന്യ സ്‌ത്രീയായ കൊസ്‌ബിയെ ധിക്കാരപൂർവം “യിസ്രായേൽമക്കളുടെ സർവ്വസഭയും കാൺകെ” പാളയത്തിലേക്കു കൊണ്ടുവന്നു. ഫീനെഹാസ് നിർണായകമായ നടപടി കൈക്കൊണ്ടു. യഹോവയുടെ ആരാധനയോടുള്ള തീക്ഷ്‌ണതയാലും പാളയത്തിന്റെ ധാർമിക ശുദ്ധി കാത്തുസൂക്ഷിക്കാനുള്ള ആഗ്രഹത്താലും പ്രേരിതനായി അവൻ പരസംഗക്കാരെ അവരുടെ കൂടാരത്തിനുള്ളിൽവെച്ചു വധിച്ചു. യഹോവയ്‌ക്കെതിരെ “യാതൊരു മത്സരവും വെച്ചുപൊറിപ്പിക്കാ”തിരുന്നുകൊണ്ട് (NW) അവൻ പ്രകടമാക്കിയ “തീക്ഷ്‌ണത”യ്‌ക്ക് അവൻ പ്രശംസിക്കപ്പെട്ടു. അതിനോടകം തന്നെ 24,000 പേരുടെ ജീവനൊടുക്കിയ ബാധ ഇസ്രായേല്യരെ വിട്ടുമാറാൻ ഫീനെഹാസിന്റെ സത്വര നടപടി സഹായിച്ചു. അവനുമായും അവന്റെ സന്തതികളുമായും ഒരു നിത്യ പൗരോഹിത്യത്തിന്റെ നിയമം അഥവാ ഉടമ്പടി ചെയ്‌തുകൊണ്ട് യഹോവ അവനെ അനുഗ്രഹിച്ചു.—സംഖ്യാപുസ്‌തകം 25:4-13.
ബൈബിളിന്റെ മൂല ഭാഷയിൽ പറഞ്ഞിരിക്കുന്ന ഒരേ ഗുണത്തിന്റെ തന്നെ ഈ രണ്ടു രൂപങ്ങളും തമ്മിലുള്ള വ്യത്യാസം എന്തായിരുന്നു? മിര്യാം തന്റെ സഹോദരന് എതിരെ പ്രവർത്തിച്ചത് സ്വാർഥമായ അസൂയ മൂലമാണ്. അതേസമയം ഫീനെഹാസ് ദൈവിക തീക്ഷ്‌ണതയാൽ പ്രേരിതനായി നീതി നടപ്പാക്കി. ഫീനെഹാസിനെ പോലെ നാമും, ചില സമയങ്ങളിൽ യഹോവയുടെ നാമത്തിന്റെയും അവന്റെ ആരാധനയുടെയും ജനത്തിന്റെയും സംരക്ഷണാർഥം തുറന്നു സംസാരിക്കുകയോ ആവശ്യമായ നടപടികൾ സ്വീകരിക്കുകയോ ചെയ്യാൻ പ്രേരിതരായിത്തീരേണ്ടതുണ്ട്.
അനുചിതമായ തീക്ഷ്‌ണത
എന്നാൽ, അനുചിതമായ അല്ലെങ്കിൽ വഴിതെറ്റിയ തീക്ഷ്‌ണത ഉണ്ടായിരിക്കുക സാധ്യമാണോ? ഉവ്വ്. ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാരുടെ കാര്യത്തിൽ പൊതുവേ സംഭവിച്ചത് അതായിരുന്നു. ദൈവത്താൽ നൽകപ്പെട്ട ന്യായപ്രമാണവും തങ്ങളുടെ പാരമ്പര്യങ്ങളും അവർ തീക്ഷ്‌ണതയോടെ കാത്തുസൂക്ഷിച്ചു. ന്യായപ്രമാണത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ, അവർ വിസ്‌തരിച്ചുള്ള നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും ഒരു നീണ്ട പട്ടികതന്നെ ഉണ്ടാക്കി. അത് ആളുകൾക്ക് ഒരു ഭാരിച്ച ചുമടായിത്തീർന്നു. (മത്തായി 23:4) ദൈവം മോശൈക ന്യായപ്രമാണത്തിന്റെ സ്ഥാനത്ത് അത് മുൻനിഴലാക്കിയ യാഥാർഥ്യത്തെ പ്രതിഷ്‌ഠിച്ച കാര്യം തിരിച്ചറിയാൻ കഴിയാതിരുന്ന അല്ലെങ്കിൽ തിരിച്ചറിയാൻ കൂട്ടാക്കാതിരുന്ന അവരുടെ വഴിതെറ്റിയ തീക്ഷ്‌ണത യേശുക്രിസ്‌തുവിന്റെ അനുഗാമികളുടെ നേരെ അനിയന്ത്രിതമായ രോഷം അഴിച്ചുവിടാൻ അവരെ പ്രേരിപ്പിച്ചു. ഒരുകാലത്ത് ന്യായപ്രമാണത്തോട് അനുചിതമായ തീക്ഷ്‌ണത പുലർത്തിയിരുന്ന അപ്പൊസ്‌തലനായ പൗലൊസ്, ന്യായപ്രമാണത്തിനു വേണ്ടി പ്രതിവാദം നടത്തുന്നവർക്ക് ‘ദൈവത്തെക്കുറിച്ച് ഉള്ള തീക്ഷ്‌ണത ശരിയായ അറിവിന്റെ അടിസ്ഥാനത്തിലുള്ളതല്ല’ എന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി.—റോമർ 10:2, പി.ഒ.സി. ബൈബിൾ; ഗലാത്യർ 1:14, NW.
എന്തിന്, ക്രിസ്‌ത്യാനികളായിത്തീർന്ന യഹൂദന്മാരിൽ അനേകർ പോലും ന്യായപ്രമാണത്തോടുള്ള ഈ അമിത തീക്ഷ്‌ണതയിൽനിന്നു മോചിതരാകുന്നത് ബുദ്ധിമുട്ടാണെന്നു കണ്ടെത്തി. പൗലൊസ് തന്റെ മൂന്നാം മിഷനറി യാത്രയ്‌ക്കു ശേഷം, ജാതികളുടെ പരിവർത്തനത്തെ കുറിച്ച് ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തിന് ഒരു റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. ആ സമയത്ത്, ആയിരക്കണക്കിനു യഹൂദ ക്രിസ്‌ത്യാനികൾ ‘എല്ലാവരും ന്യായപ്രമാണത്തിൽ തീക്ഷ്‌ണതയുള്ളവർ’ ആയിരുന്നു. (പ്രവൃത്തികൾ 21:20, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം) വിജാതീയരായ ക്രിസ്‌ത്യാനികൾ പരിച്ഛേദന ഏൽക്കേണ്ടതില്ലെന്ന് ഭരണസംഘം പ്രഖ്യാപിച്ച് വർഷങ്ങൾക്കു ശേഷമായിരുന്നു ഇത്. ന്യായപ്രമാണം ആചരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദപ്രശ്‌നങ്ങൾ സഭയിൽ കലഹം ഉളവാക്കിയിരുന്നു. (പ്രവൃത്തികൾ 15:1, 2, 28, 29; ഗലാത്യർ 4:9, 10; 5:7-12) യഹോവ തന്റെ ജനത്തോട് അപ്പോൾ ഇടപെടുന്ന വിധം സംബന്ധിച്ച് പൂർണ ഗ്രാഹ്യം ഇല്ലാതിരുന്ന ചില യഹൂദ ക്രിസ്‌ത്യാനികൾ മറ്റുള്ളവരെ വിമർശിച്ചുകൊണ്ട് സ്വന്തം വീക്ഷണങ്ങളിൽ കടിച്ചുതൂങ്ങി.—കൊലൊസ്സ്യർ 2:17; എബ്രായർ 10:1.
അതുകൊണ്ട്, ദൈവവചനത്തിന്റെ ഉറച്ച പിൻബലമില്ലാത്ത നമ്മുടെ തന്നെ പ്രിയപ്പെട്ട ആശയങ്ങളോ വഴികളോ സംരക്ഷിക്കാൻ തീക്ഷ്‌ണതയോടെ ശ്രമം നടത്തുന്നതിന്റെ കെണി നാം ഒഴിവാക്കണം. യഹോവ ഇന്ന് ഉപയോഗിക്കുന്ന സരണിയിലൂടെ ദൈവവചനത്തിലേക്ക് ചൊരിയപ്പെടുന്ന പുതുവെളിച്ചം നാം സ്വീകരിക്കണം.
യഹോവയെ പ്രതി തീക്ഷ്‌ണതയുള്ളവർ ആയിരിക്കുക
എന്നിരുന്നാലും, ദൈവിക തീക്ഷ്‌ണതയ്‌ക്ക് സത്യാരാധനയിൽ അതിന്റേതായ സ്ഥാനമുണ്ട്. നമുക്ക് സ്വന്തം സത്‌പേരിനെ കുറിച്ചോ അവകാശങ്ങളെ കുറിച്ചോ അനുചിതമായി ഉത്‌കണ്‌ഠപ്പെടാനുള്ള ചായ്‌വു തോന്നുമ്പോൾ, ദൈവിക തീക്ഷ്‌ണത യഹോവയിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുന്നു. അവന്റെ വഴികൾക്കും ജനത്തിനും വേണ്ടി പ്രതിവാദം നടത്തിക്കൊണ്ട് അവനെ കുറിച്ചുള്ള സത്യം പ്രഖ്യാപിക്കാനുള്ള വഴികൾ തേടാൻ അതു നമ്മെ പ്രേരിപ്പിക്കുന്നു.
യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകയാണ് ആക്കിക്കോ. രക്തം സംബന്ധിച്ച ദൈവ നിയമത്തെ കുറിച്ച് അബദ്ധധാരണകൾ വെച്ചുപുലർത്തിയിരുന്ന ഒരു വീട്ടുകാരി ഒരിക്കൽ ആക്കിക്കോയെ വല്ലാതെ അധിക്ഷേപിച്ചു. അപ്പോൾ ആക്കിക്കോ നയപൂർവം ദൈവവചനത്തിനു വേണ്ടി പ്രതിവാദം നടത്തി. രക്തപ്പകർച്ചയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വൈദ്യസംബന്ധമായ സങ്കീർണതകളെയും പ്രശ്‌നങ്ങളെയും കുറിച്ച് അവൾ പരാമർശിക്കുകയുണ്ടായി. എന്നാൽ ആ സ്‌ത്രീയുടെ തടസ്സവാദങ്ങൾക്കു പിന്നിലെ യഥാർഥ കാരണം സ്രഷ്ടാവിന്റെ അസ്‌തിത്വത്തിലുള്ള വിശ്വാസമില്ലായ്‌മയാണെന്ന് ആക്കിക്കോയ്‌ക്കു മനസ്സിലായി. യഹോവയെ കുറിച്ചു സംസാരിക്കുന്നതിനുള്ള ഉത്‌കടമായ ആഗ്രഹത്താൽ പ്രേരിതയായി അവൾ സംഭാഷണം ആ വഴിക്കു തിരിച്ചുവിട്ടു. സ്രഷ്ടാവിന്റെ അസ്‌തിത്വത്തിന് സൃഷ്ടി തെളിവു നൽകുന്നത് എങ്ങനെയെന്ന് ആക്കിക്കോ ആ വീട്ടുകാരിയുമായി ന്യായവാദം ചെയ്‌തു. ആക്കിക്കോ ഇങ്ങനെ ധീരമായി പ്രതിവാദം നടത്തിയതു മൂലം അടിസ്ഥാനരഹിതമായ മുൻവിധികൾ നീക്കാനായെന്നു മാത്രമല്ല, ആ സ്‌ത്രീയുമായി ഒരു ഭവന ബൈബിളധ്യയനം തുടങ്ങാനും സാധിച്ചു. അന്നത്തെ കോപിഷ്‌ഠയായ ആ വീട്ടുകാരി ഇന്ന് യഹോവയുടെ സ്‌തുതിപാഠകരിൽ ഒരാളാണ്.
സത്യാരാധനയോടുള്ള ഉചിതമായ തീക്ഷ്‌ണത ജോലിസ്ഥലത്തും സ്‌കൂളിലും കടകളിലും യാത്രാവേളയിലും നമ്മുടെ വിശ്വാസത്തെ കുറിച്ചു സംസാരിക്കാനും അതിനുവേണ്ടി പ്രതിവാദം നടത്താനുമുള്ള അവസരങ്ങൾക്കായി നോക്കിപ്പാർത്തിരിക്കാനും അത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്താനും നമ്മെ പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന്, * എന്ന പുസ്‌തകം അവരെ കാണിച്ചു. അവരുടെ മകളുമായി ആ പുസ്‌തകത്തിൽനിന്നു പഠനം നടത്തുന്നതിനുള്ള ക്രമീകരണം ചെയ്യാമെന്നും അവൾ പറഞ്ഞു. മകളുമായി അധ്യയനം ആരംഭിച്ചെങ്കിലും അമ്മ ചർച്ചയിൽ പങ്കെടുത്തില്ല. യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സ്ഥാപനം* എന്ന വീഡിയോ ആ സ്‌ത്രീയെ കാണിക്കാൻ മിഡോരി തീരുമാനിച്ചു. അത് കണ്ടതോടെ അവരുടെ പല തെറ്റിദ്ധാരണകളും നീങ്ങി. അതിൽ കണ്ട കാര്യങ്ങൾ “എനിക്ക് യഹോവയുടെ സാക്ഷികളെ പോലെ ആകണം” എന്നു പറയാൻ അവരെ പ്രേരിപ്പിച്ചു. മകളോടൊപ്പം അവരും ബൈബിൾ പഠിക്കാൻ തുടങ്ങി.
തന്റെ വിശ്വാസം സഹജോലിക്കാരുമായി പങ്കുവെക്കാൻ മിഡോരി ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു. യഹോവയുടെ സാക്ഷികളോടു സംസാരിക്കുന്നത് തനിക്ക് തീരെ ഇഷ്ടമല്ലെന്ന് 40-തിനു മേൽ പ്രായമുണ്ടായിരുന്ന ഒരു സഹപ്രവർത്തക അവളോടു പറയുകയുണ്ടായി. പിന്നീടൊരിക്കൽ ആ സ്‌ത്രീ തന്റെ മകളുടെ മോശമായ സ്വഭാവത്തെ ചൊല്ലി ദുഃഖം പ്രകടിപ്പിച്ചപ്പോൾ മിഡോരി യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളുംശരിയായ തീക്ഷ്‌ണതയ്‌ക്ക് ക്രിസ്‌തീയ സഭയിലും സ്ഥാനമുണ്ട്. അത് സ്‌നേഹത്തിന്റേതും കരുതലിന്റേതുമായ ഒരു ഊഷ്‌മള മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്നു. ഹാനികരമായ കുശുകുശുപ്പും വിശ്വാസത്യാഗ ചിന്താഗതിയും പോലെ നമ്മുടെ ആത്മീയ സഹോദരങ്ങൾക്കു ദോഷം വരുത്തുന്ന ഛിദ്രാത്മക സ്വാധീനങ്ങളെ ചെറുക്കാൻ അതു നമ്മെ പ്രേരിപ്പിക്കുന്നു. ചിലപ്പോഴൊക്കെ തെറ്റുകാരെ ശാസിക്കുന്നത് ആവശ്യമായി കണ്ടെത്തുന്ന മൂപ്പന്മാരുടെ തീരുമാനങ്ങളെ പിന്തുണയ്‌ക്കാൻ ദൈവിക തീക്ഷ്‌ണത നമ്മെ പ്രേരിപ്പിക്കുന്നു. (1 കൊരിന്ത്യർ 5:11-13; 1 തിമൊഥെയൊസ് 5:20) കൊരിന്ത്യ സഭയിലെ സഹവിശ്വാസികളോടുള്ള തന്റെ തീക്ഷ്‌ണ വികാരങ്ങളെ കുറിച്ച് എഴുതവേ പൗലൊസ് ഇങ്ങനെ പറഞ്ഞു: “എനിക്കു നിങ്ങളെക്കുറിച്ചു തീക്ഷ്‌ണതയുണ്ട്; ദൈവികമായ തീക്ഷ്‌ണത! നിർമലയായ കന്യകയെ അവളുടെ ഒരേയൊരു ഭർത്താവിന്ന് എന്നപോലെ ഞാൻ നിങ്ങളെ ക്രിസ്‌തുവിന്നു വിവാഹനിശ്ചയം ചെയ്‌തുകൊടുത്തു.” (2 കൊരിന്ത്യർ 11:2, ഓശാന ബൈ.) അതുപോലെതന്നെ, സഭയിലുള്ള എല്ലാവരുടെയും ഉപദേശപരവും ആത്മീയവും ധാർമികവുമായ ശുദ്ധി സംരക്ഷിക്കുന്നതിന് നമ്മളാൽ ആവുന്നതെല്ലാം ചെയ്യാൻ നമ്മുടെ തീക്ഷ്‌ണത നമ്മെ പ്രേരിപ്പിക്കുന്നു.
അതേ, ശരിയായ പ്രചോദനത്താൽ പ്രേരിതമായി പ്രകടമാക്കുന്ന തീക്ഷ്‌ണതയ്‌ക്ക്—ദൈവിക തീക്ഷ്‌ണതയ്‌ക്ക്—മറ്റുള്ളവരുടെമേൽ ആരോഗ്യാവഹമായ ഒരു സ്വാധീനമുണ്ട്. യഹോവയുടെ അംഗീകാരം കൈവരുത്തുന്ന ആ ഗുണം ഇന്നത്തെ ക്രിസ്‌ത്യാനികളിൽ തീർച്ചയായും പ്രകടമായിരിക്കേണ്ട ഒന്നാണ്.—യോഹന്നാൻ 2:17, ഓശാന ബൈ.
[അടിക്കുറിപ്പ്]
^ ഖ. 20 യഹോവയുടെ സാക്ഷികൾ പ്രകാശനം ചെയ്‌തത്.
[29-ാം പേജിലെ ചിത്രങ്ങൾ]
ഫീനെഹാസിന്റെ പ്രവൃത്തികൾ ദൈവിക തീക്ഷ്‌ണതയിൽ അടിസ്ഥാനപ്പെട്ടവ ആയിരുന്നു
[30-ാം പേജിലെ ചിത്രങ്ങൾ]
വഴിതെറ്റിയ തീക്ഷ്‌ണതയുടെ കെണി ഒഴിവാക്കുക
[31-ാം പേജിലെ ചിത്രങ്ങൾ]
നമ്മുടെ വിശ്വാസം പങ്കുവെക്കാനും സഹോദരവർഗത്തെ അങ്ങേയറ്റം വിലമതിക്കാനും ദൈവിക തീക്ഷ്‌ണത നമ്മെ പ്രേരിപ്പിക്കുന്നു