‘വിശുദ്ധന്മാരോടുള്ള’ ആധുനിക ആകർഷണം
‘വിശുദ്ധന്മാരോടുള്ള’ ആധുനിക ആകർഷണം
“മഹാത്മാക്കളെ കുറിച്ചു കേൾക്കുന്നതുതന്നെ നമുക്കു മടുപ്പായിരുന്ന ഒരു കാലം ഓർമയില്ലേ? സെപ്‌റ്റംബർ 13-ാം തീയതി മദർ തെരേസയുടെ ശവസംസ്‌കാര ചടങ്ങുകൾ വീക്ഷിച്ച 42 ലക്ഷം അമേരിക്കക്കാർക്ക് അങ്ങനെയൊരു മനോഭാവം ഉണ്ടായിരുന്നതായി തോന്നിയില്ല. സെപ്‌റ്റംബർ 5-ന് മരണമടഞ്ഞതിനെ തുടർന്ന് ഔപചാരികമായി അവരെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള അഭ്യർഥനകളുടെ പ്രവാഹമാണ് വത്തിക്കാനിലേക്ക്. അതു സംഭവിക്കുമെന്ന കാര്യത്തിൽ അധികമാർക്കും സംശയമില്ല.”—സൺ-സെന്റിനൽ, ഐക്യനാടുകൾ, ഒക്ടോബർ 3, 1997.
കത്തോലിക്ക മിഷനറിയായിരുന്ന മദർ തെരേസയുടെ മനുഷ്യത്വപരവും ജീവകാരുണ്യപരവുമായ പ്രവർത്തനത്തെ വിശുദ്ധിയുടെ സത്തയായി അനേകരും വീക്ഷിക്കുന്നു. മഹാത്മാക്കൾ മറ്റു മതങ്ങളിലും ഉണ്ട്. എന്നാൽ റോമൻ കത്തോലിക്കാ സഭ പുണ്യവാളന്മാരായി പ്രഖ്യാപിക്കുന്നവരെ പോലെ, ഔദ്യോഗിക അംഗീകാരം ലഭിക്കുന്നവർ ഒരുപക്ഷേ ആരുമില്ലായിരിക്കാം.
ജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ വാഴ്‌ചക്കാലത്ത് 450-ലധികം പേരെ പുണ്യവാളന്മാരായി പ്രഖ്യാപിച്ചിട്ടുണ്ട്. 20-ാം നൂറ്റാണ്ടിലെ മറ്റെല്ലാ പാപ്പാമാരും കൂടി പുണ്യവാളന്മാരായി പ്രഖ്യാപിച്ചിട്ടുള്ളവരുടെ മൊത്തം സംഖ്യയെക്കാൾ കൂടുതലാണിത്. * “വിശുദ്ധരോടുള്ള”—പല കത്തോലിക്കരും അവരിൽ പലരെയും അറിയുകപോലുമില്ല—ഈ നിലനിൽക്കുന്ന പ്രതിപത്തിക്കു കാരണം എന്താണ്?
നോട്ടെർ ഡേം സർവകലാശാലയിലെ ദൈവശാസ്‌ത്രജ്ഞനായ ലോറൻസ് കണ്ണിങ്‌ഹാം ഇങ്ങനെ വിശദീകരിക്കുന്നു: “ലോകത്തിൽ ഇപ്പോഴും വിശുദ്ധിയുണ്ടെന്ന ആശയം ആളുകളുടെ താത്‌പര്യത്തെ ഉണർത്തുന്നു. ഇന്നും ഉദാത്തമായ ഒരു ജീവിതം നയിക്കാൻ കഴിയും എന്നതിനു വിശുദ്ധന്മാർ തെളിവു നൽകുന്നു.” കൂടാതെ, ‘വിശുദ്ധന്മാർക്ക്’ ദൈവത്തെ സമീപിക്കാനുള്ള പ്രത്യേക അനുമതി ഉണ്ടെന്നും അതുകൊണ്ടുതന്നെ ജീവിച്ചിരിക്കുന്നവർക്കായി ഫലപ്രദമായ വിധത്തിൽ മധ്യസ്ഥത വഹിക്കാൻ അവർക്കു കഴിയുമെന്നും പറയപ്പെടുന്നു. ഒരു ‘വിശുദ്ധന്റേതായിരുന്ന’ എന്തെങ്കിലും വസ്‌തുവോ അയാളുടെ ഭൗതികാവശിഷ്ടമോ ലഭിച്ചാൽ അവയിൽനിന്നു ശക്തി പുറപ്പെടുന്നു എന്ന വിശ്വാസത്തിൽ ആളുകൾ അവയെ പൂജിക്കുന്നു.
കത്തോലിക്കാ വിശ്വാസപ്രമാണങ്ങളുടെ പുനഃദൃഢീകരണത്തിനായി 16-ാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിച്ച ‘ദ കാറ്റിക്കിസം ഓഫ് ദ കൗൺസിൽ ഓഫ് ട്രെന്റ്’ ഇങ്ങനെ പ്രഖ്യാപിച്ചു: “‘കർത്താവിൽ നിദ്രകൊള്ളുന്ന’ പുണ്യവാളന്മാരെ ആദരിക്കുകയും അവരുടെ മാധ്യസ്ഥ്യത്തിനായി അപേക്ഷിക്കുകയും അവരുടെ വിശുദ്ധ സ്‌മാരകാവശിഷ്ടങ്ങളും ഭസ്‌മവും ആരാധനയ്‌ക്കായി ഉപയോഗിക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ മഹത്ത്വത്തെ കുറയ്‌ക്കുകയല്ല, മറിച്ച് ഏറെ വർധിപ്പിക്കുകയാണു ചെയ്യുന്നത് എന്നു നിഗമനം ചെയ്യുന്നതു ന്യായയുക്തമാണ്. കാരണം, അത് ഒരു ക്രിസ്‌ത്യാനിയുടെ പ്രത്യാശയ്‌ക്കു ജീവനും ശക്തിയും പകരുകയും അവരുടെ സദ്‌ഗുണങ്ങൾ അനുകരിക്കാൻ അയാളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.” (ദ കാറ്റിക്കിസം ഓഫ് ദ കൗൺസിൽ ഓഫ് ട്രെന്റ്, 1905) സത്യ ക്രിസ്‌ത്യാനികൾ തീർച്ചയായും സദ്‌ഗുണസമ്പൂർണമായ ജീവിതം നയിക്കാനും ദൈവത്തെ ശരിയായ വിധത്തിൽ സമീപിക്കാനും ദിവ്യ സഹായം നേടാനും ആഗ്രഹിക്കുന്നു. (യാക്കോബ് 4:7, 8) അതുകൊണ്ട്, പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തനാർഹമാണ്. ദൈവവചന പ്രകാരം ആരാണ് യഥാർഥ വിശുദ്ധന്മാർ? അവരുടെ ധർമം എന്താണ്?
[അടിക്കുറിപ്പ്]
^ ഖ. 4 മരിച്ച ഒരു റോമൻ കത്തോലിക്കാ വിശ്വാസി പുണ്യവാളനായി പ്രഖ്യാപിക്കപ്പെടുമ്പോൾ ആ വ്യക്തിയെ എല്ലാവരും നിർബന്ധമായും ആരാധിക്കണം എന്ന കാര്യം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.