വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ പഠിപ്പിക്കൽ ഫലപ്രദമാണോ?

നിങ്ങളുടെ പഠിപ്പിക്കൽ ഫലപ്രദമാണോ?

നിങ്ങളുടെ പഠിപ്പിക്കൽ ഫലപ്രദമാണോ?

മാതാപിതാക്കൾ, മൂപ്പന്മാർ, സുവാർത്താ ഘോഷകർ എന്നിങ്ങനെ എല്ലാവരും അധ്യാപകർ ആയിരിക്കേണ്ടതുണ്ട്‌. മാതാപിതാക്കൾ മക്കളെയും മൂപ്പന്മാർ ക്രിസ്‌തീയ സഭയിലെ അംഗങ്ങളെയും സുവാർത്താ ഘോഷകർ താത്‌പര്യക്കാരായ പുതിയവരെയും പഠിപ്പിക്കുന്നു. (ആവർത്തനപുസ്‌തകം 6:6, 7; മത്തായി 28:19, 20; 1 തിമൊഥെയൊസ്‌ 4:13, 16) നിങ്ങളുടെ പഠിപ്പിക്കൽ കൂടുതൽ ഫലകരമാക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? ഒരു വിധം, ദൈവവചനത്തിൽ പരാമർശിച്ചിരിക്കുന്ന പ്രാപ്‌തരായ അധ്യാപകരുടെ മാതൃക അനുകരിക്കുക എന്നതാണ്‌. എസ്രാ അത്തരമൊരു ഒരു അധ്യാപകൻ ആയിരുന്നു.

എസ്രായുടെ മാതൃകയിൽനിന്നു പഠിക്കൽ

ഏതാണ്ട്‌ 2,500 വർഷം മുമ്പ്‌ ബാബിലോണിൽ ജീവിച്ചിരുന്ന ഒരു അഹരോന്യ പുരോഹിതനായിരുന്നു എസ്രാ. പൊ.യു.മു. 468-ൽ അവൻ യെരൂശലേമിലേക്കു പോയി. അവിടെയുള്ള യഹൂദന്മാർക്കിടയിൽ സത്യാരാധന ഉന്നമിപ്പിക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. (എസ്രാ 7:1, 6, 12, 13) ഈ വേലയിൽ അവൻ ദൈവത്തിന്റെ ന്യായപ്രമാണം ജനത്തെ പഠിപ്പിക്കുന്നത്‌ ഉൾപ്പെട്ടിരുന്നു. തന്റെ പഠിപ്പിക്കൽ ഫലപ്രദമാണെന്ന്‌ ഉറപ്പുവരുത്താൻ എസ്രാ എന്താണു ചെയ്‌തത്‌? അവശ്യം വേണ്ട നിരവധി പടികൾ അവൻ സ്വീകരിച്ചു. എസ്രാ 7:​10-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം ആ പടികൾ ഏതൊക്കെയെന്നു ശ്രദ്ധിക്കുക.

‘യഹോവയുടെ ന്യായപ്രമാണം പരിശോധിക്കാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിക്കാനും എസ്രാ മനസ്സുവെച്ചിരുന്നു’ [“ഹൃദയത്തെ ഒരുക്കിയിരുന്നു,” NW]. ഈ പടികളിൽ ഓരോന്നും പരിശോധിച്ച്‌ അവയിൽനിന്നു നമുക്ക്‌ എന്തു പഠിക്കാൻ കഴിയുമെന്നു നോക്കാം.

‘എസ്രാ ഹൃദയത്തെ ഒരുക്കിയിരുന്നു’

വിത്തു വിതയ്‌ക്കുന്നതിനു മുമ്പ്‌ ഒരു കർഷകൻ നിലം ഉഴുത്‌ ഒരുക്കുന്നതുപോലെ, എസ്രാ ദൈവവചനം സ്വീകരിക്കുന്നതിനു തന്റെ ഹൃദയത്തെ പ്രാർഥനാപൂർവം ഒരുക്കി. (എസ്രാ 10:1) മറ്റു വാക്കുകളിൽ പറഞ്ഞാൽ, യഹോവയുടെ പഠിപ്പിക്കലുകൾക്ക്‌ അവൻ ‘തന്റെ ഹൃദയം ചായിച്ചു.’​—⁠സദൃശവാക്യങ്ങൾ 2:​1.

സമാനമായി, യഹോശാഫാത്ത്‌ രാജാവ്‌ ‘[സത്യ]ദൈവത്തെ അന്വേഷിക്കാൻ മനസ്സുവെച്ചു’ എന്നു ബൈബിൾ പ്രസ്‌താവിക്കുന്നു. (2 ദിനവൃത്താന്തം 19:3) ഇതിനു വിപരീതമായി, ‘ഹൃദയത്തെ സ്ഥിരമാക്കാത്ത’ ഇസ്രായേലിന്റെ ഒരു തലമുറയെ “ശാഠ്യവും മത്സരവുമുള്ള”തെന്നു വിളിച്ചിരിക്കുന്നു. (സങ്കീർത്തനം 78:8) യഹോവ ‘ഹൃദയത്തിന്റെ ഗൂഢമനുഷ്യനെ’ കാണുന്നുണ്ട്‌. (1 പത്രൊസ്‌ 3:4) അതേ, അവൻ “സൌമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചുകൊടുക്കുന്നു.” (സങ്കീർത്തനം 25:9) അതുകൊണ്ട്‌ അധ്യാപകർ ഇക്കാലത്ത്‌, ആദ്യം പ്രാർഥനാപൂർവം തങ്ങളുടെ ഹൃദയങ്ങളെ ഉചിതമായ അവസ്ഥയിലേക്കു കൊണ്ടുവന്നുകൊണ്ട്‌ എസ്രായുടെ മാതൃക അനുകരിക്കേണ്ടത്‌ എത്ര പ്രധാനമാണ്‌!

‘യഹോവയുടെ ന്യായപ്രമാണം പരിശോധിക്കുക’

പ്രാപ്‌തനായ ഒരു അധ്യാപകനായിത്തീരാൻ എസ്രാ ദൈവവചനം പരിശോധിച്ചു. നിങ്ങൾ ഒരു ഡോക്ടറെ കാണുന്നു എന്നിരിക്കട്ടെ. നിങ്ങൾ സശ്രദ്ധം കേൾക്കുകയും അദ്ദേഹം പറയുകയും കുറിച്ചുതരുകയും ചെയ്യുന്ന കാര്യങ്ങൾ മനസ്സിലായെന്ന്‌ ഉറപ്പാക്കുകയും ചെയ്യുകയില്ലേ? അങ്ങനെ ചെയ്യുമെന്നതിൽ സംശയമില്ല, കാരണം നിങ്ങളുടെ ആരോഗ്യമാണ്‌ അപകടത്തിലായിരിക്കുന്നത്‌. അങ്ങനെയെങ്കിൽ, യഹോവ തന്റെ വചനമായ ബൈബിളിലൂടെയും “വിശ്വസ്‌തനും വിവേകിയുമായ അടിമ”യിലൂടെയും നമ്മോടു പറയുന്ന, അല്ലെങ്കിൽ കുറിച്ചുതരുന്ന, കാര്യങ്ങൾക്ക്‌ നാം എത്രയധികം ശ്രദ്ധ നൽകേണ്ടതാണ്‌! കാരണം, അവന്റെ ബുദ്ധിയുപദേശം നമ്മുടെ ജീവനെ ബാധിക്കുന്നതാണ്‌! (മത്തായി 4:4; 24:45-47) തീർച്ചയായും ഒരു ഡോക്ടർക്ക്‌ തെറ്റു പറ്റാം, എന്നാൽ “യഹോവയുടെ ന്യായപ്രമാണം തികവുള്ള”താണ്‌. (സങ്കീർത്തനം 19:7) നമുക്ക്‌ അതു സംബന്ധിച്ച്‌ മറ്റൊരു ഉറവിടത്തിൽനിന്ന്‌ ഒരിക്കലും ഒരു ഉറപ്പ്‌ ആവശ്യമില്ല.

എസ്രാ തീക്ഷ്‌ണതയുള്ള ഒരു വിദ്യാർഥി ആയിരുന്നെന്നു ബൈബിളിലെ ദിനവൃത്താന്തങ്ങൾ (ഇത്‌ ഒറ്റ വാല്യമായാണ്‌ എസ്രാ എഴുതിയത്‌) എന്ന പുസ്‌തകങ്ങൾ പ്രകടമാക്കുന്നു. ആ പുസ്‌തകങ്ങൾ എഴുതാൻ അവൻ നിരവധി മറ്റ്‌ ഉറവുകൾ പരിശോധിച്ചു. * ബാബിലോണിൽനിന്നു പുതുതായി എത്തിച്ചേർന്ന യഹൂദർക്ക്‌ അവരുടെ രാഷ്‌ട്രത്തിന്റെ ഒരു ഹ്രസ്വ ചരിത്രം ആവശ്യമായിരുന്നു. തങ്ങളുടെ മതാചാരങ്ങളും ആലയ ശുശ്രൂഷയും ലേവ്യരുടെ ധർമങ്ങളും സംബന്ധിച്ച്‌ അവർക്കു വേണ്ടത്ര അറിവില്ലായിരുന്നു. വംശാവലി രേഖ അവരെ സംബന്ധിച്ചിടത്തോളം സുപ്രധാനമായിരുന്നു. എസ്രാ അത്തരം കാര്യങ്ങൾക്കു പ്രത്യേക ശ്രദ്ധ നൽകി. മിശിഹാ ആഗതനാകുന്നതുവരെ, തങ്ങളുടേതായ ദേശവും ആലയവും പൗരോഹിത്യവും ഭരണാധികാരിയുമുള്ള ഒരു രാഷ്‌ട്രമെന്ന നിലയിൽ യഹൂദന്മാർ നിലകൊള്ളണമായിരുന്നു. എസ്രാ സമാഹരിച്ച വിവരങ്ങൾ ഐക്യവും സത്യാരാധനയും നിലനിറുത്താൻ സഹായിച്ചു.

എസ്രായുടേതിനോടുള്ള താരതമ്യത്തിൽ നിങ്ങളുടെ പഠനശീലങ്ങൾ എങ്ങനെയുള്ളതാണ്‌? ശുഷ്‌കാന്തിയോടെ ബൈബിൾ പഠിക്കുന്നത്‌, മറ്റുള്ളവരെ ഫലപ്രദമായി ബൈബിൾ പഠിപ്പിക്കാൻ നിങ്ങളെ സഹായിക്കും.

കുടുംബമെന്ന നിലയിൽ ‘യഹോവയുടെ ന്യായപ്രമാണം പരിശോധിക്കുക’

വ്യക്തിപരമായ പഠനസമയത്തു മാത്രമല്ല യഹോവയുടെ ന്യായപ്രമാണം പരിശോധിക്കേണ്ടത്‌. കുടുംബാധ്യയന വേളയും അതു ചെയ്യാനുള്ള മികച്ച ഒരു അവസരമാണ്‌.

നെതർലൻഡ്‌സിലെ ജാൻ-ജുലിയ ദമ്പതികൾ, തങ്ങളുടെ രണ്ട്‌ ആൺകുട്ടികളും ജനിച്ച ദിവസം മുതൽത്തന്നെ അവരെ ഉറക്കെ വായിച്ചു കേൾപ്പിച്ചിരുന്നു. ഇപ്പോൾ ഇവോയ്‌ക്ക്‌ 15-ഉം ഏദോയ്‌ക്ക്‌ 14-ഉം വയസ്സുണ്ട്‌. ആഴ്‌ചയിൽ ഒരിക്കൽ അവർ ഇപ്പോഴും കുടുംബാധ്യയനം നടത്തുന്നുണ്ട്‌. ജാൻ പറയുന്നു: “ഞങ്ങൾ മുഖ്യമായി ലക്ഷ്യം വെക്കുന്നത്‌, പഠനസമയത്തു വളരെയധികം വിവരങ്ങൾ ചർച്ച ചെയ്യുന്നതിലല്ല, പ്രസ്‌തുത വിവരങ്ങൾ കുട്ടികൾക്കു മനസ്സിലാക്കിക്കൊടുക്കുന്നതിലാണ്‌.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “ഞങ്ങളുടെ ആൺമക്കൾ ധാരാളം ഗവേഷണം നടത്താറുണ്ട്‌. പരിചയമില്ലാത്ത പദങ്ങൾ പരിശോധിക്കുകയും ബൈബിൾ കഥാപാത്രങ്ങളെ കുറിച്ചു ഗവേഷണം നടത്തുകയും ചെയ്യുന്നു​—⁠അവർ ജീവിച്ചിരുന്ന കാലഘട്ടം, അവർ ആരായിരുന്നു, തൊഴിൽ എന്തായിരുന്നു തുടങ്ങിയവയൊക്കെ. വായന പഠിച്ചതു മുതൽ അവർ തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, നിഘണ്ടുക്കൾ, വിജ്ഞാനകോശങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങൾ പരിശോധിക്കുന്നുണ്ട്‌. ഇത്‌ കുടുംബാധ്യയനത്തെ കൂടുതൽ ആസ്വാദ്യമാക്കുന്നു. അധ്യയനത്തിനായി കുട്ടികൾ എപ്പോഴും ആകാംക്ഷയോടെ കാത്തിരിക്കുന്നു.” ഇത്തരം പഠനത്തിന്റെ മറ്റൊരു പ്രയോജനം ഭാഷാപരമായ കഴിവുകളിൽ ഈ രണ്ട്‌ ആൺകുട്ടികളും ക്ലാസ്സിൽ മുൻപന്തിയിലാണ്‌ എന്നതാണ്‌.

നെതർലൻഡ്‌സിലെ മറ്റൊരു ദമ്പതികളായ ജോണും റ്റിനിയും, തങ്ങളുടെ മകൻ എസ്ലിയെയും (ഇപ്പോൾ 24 വയസ്സുള്ള അവൻ മറ്റൊരു സഭയിലെ പയനിയറാണ്‌) മകൾ ലിൻഡയെയും (ഇപ്പോൾ 20 വയസ്സുണ്ട്‌, വിവാഹിതയാണ്‌) ബൈബിൾ പഠിപ്പിച്ചു. എന്നിരുന്നാലും, സാധാരണ ചോദ്യോത്തര രീതിയിലൂടെ ഒരു പുസ്‌തകം പഠിക്കാതെ, അവർ കുടുംബാധ്യയനത്തെ മക്കളുടെ പ്രായത്തിനും അവരുടെ ആവശ്യങ്ങൾക്കും അനുസരിച്ചു പൊരുത്തപ്പെടുത്തി. അവർ ഏതു രീതിയാണ്‌ ഉപയോഗിച്ചത്‌?

മകനും മകളും ‘വായനക്കാരിൽനിന്നുള്ള ചോദ്യങ്ങളി’ൽനിന്നും (വീക്ഷാഗോപുരത്തിൽനിന്ന്‌) “ബൈബിളിന്റെ വീക്ഷണ”ത്തിൽനിന്നും (ഉണരുക!യിൽനിന്ന്‌) രസകരമായ ഒരു വിഷയം തിരഞ്ഞെടുക്കുമായിരുന്നുവെന്ന്‌ ജോൺ വിശദീകരിക്കുന്നു. പിന്നീട്‌, തയ്യാറായ കാര്യങ്ങൾ അവർ അവതരിപ്പിച്ചു. അത്‌ എല്ലായ്‌പോഴും രസകരമായ കുടുംബ ചർച്ചകൾക്കു കളമൊരുക്കിയിരുന്നു. ഇപ്രകാരം ആ ചെറുപ്പക്കാർക്കു ഗവേഷണം ചെയ്യുന്നതിലും തങ്ങളുടെ പഠനത്തിന്റെ ഫലം ചർച്ച ചെയ്യുന്നതിലും പരിശീലനം ലഭിച്ചു. നിങ്ങൾ കുട്ടികളുമൊത്തു ‘യഹോവയുടെ പ്രമാണം പരിശോധി’ക്കാറുണ്ടോ? ഇതു വ്യക്തിപരമായ പഠിപ്പിക്കൽ പ്രാപ്‌തിയെ വികസിപ്പിക്കുമെന്നു മാത്രമല്ല, കൂടുതൽ ഫലപ്രദരായ അധ്യാപകരായിത്തീരാൻ നിങ്ങളുടെ മക്കളെ സഹായിക്കുകയും ചെയ്യും.

‘അതു അനുസരിച്ചു നടക്കുക’

താൻ പഠിച്ച കാര്യങ്ങൾ എസ്രാ ബാധകമാക്കി. ഉദാഹരണത്തിന്‌, ബാബിലോണിൽ അവൻ സ്ഥിരതാമസക്കാരനെപ്പോലെ ആയിരിക്കാം കഴിഞ്ഞിരുന്നത്‌. എന്നിരുന്നാലും, പരദേശത്തുള്ള തന്റെ ആളുകളെ തനിക്കു സഹായിക്കാൻ കഴിയുമെന്നു തിരിച്ചറിഞ്ഞപ്പോൾ അവൻ ബാബിലോണിലെ തന്റെ സുഖസൗകര്യങ്ങൾ വിട്ട്‌ അസൗകര്യങ്ങളും പ്രശ്‌നങ്ങളും അപകടങ്ങളും നിറഞ്ഞ, വിദൂര പട്ടണമായ യെരൂശലേമിലേക്കു പോയി. വ്യക്തമായും, എസ്രാ ബൈബിൾ ജ്ഞാനം സമ്പാദിക്കുക മാത്രമല്ല, പഠിച്ച കാര്യങ്ങൾ മടികൂടാതെ ബാധകമാക്കുകയും ചെയ്‌തു.​—⁠1 തിമൊഥെയൊസ്‌ 3:13.

പിന്നീട്‌ യെരൂശലേമിൽ ആയിരിക്കെ, താൻ പഠിച്ചതും പഠിപ്പിച്ചതുമായ കാര്യങ്ങൾ ബാധകമാക്കുന്നുണ്ടെന്ന്‌ എസ്രാ വീണ്ടും പ്രകടമാക്കി. ഇസ്രയേല്യ പുരുഷന്മാർ പുറജാതി സ്‌ത്രീകളെ വിവാഹം ചെയ്യുന്നതായി അവൻ കേട്ടപ്പോൾ അത്‌ വ്യക്തമായിത്തീർന്നു. ‘ഈ വർത്തമാനം കേട്ടപ്പോൾ അവൻ തന്റെ വസ്‌ത്രവും മേലങ്കിയും കീറി തന്റെ തലയിലും താടിയിലുമുള്ള രോമം വലിച്ചു പറിച്ചു സ്‌തംഭിച്ചു കുത്തിയിരുന്നു’ എന്നു ബൈബിൾ രേഖ നമ്മോടു പറയുന്നു. യഹോവയിങ്കലേക്ക്‌ ‘തന്റെ മുഖം ഉയർത്തുവാൻ പോലും അവന്‌ ലജ്ജയും പ്രയാസവും’ തോന്നി.​—⁠എസ്രാ 9:1-6, ന്യൂ ഇൻഡ്യാ ഭാഷാന്തരം.

ദൈവത്തിന്റെ ന്യായപ്രമാണത്തിന്റെ പഠനം അവന്റെമേൽ ചെലുത്തിയ പ്രഭാവം എത്ര വലുതായിരുന്നു! ജനത്തിന്റെ അനുസരണക്കേടിന്റെ ഭീതിദമായ അനന്തരഫലങ്ങളെ കുറിച്ച്‌ എസ്രായ്‌ക്കു വ്യക്തമായ കാഴ്‌ചപ്പാടുണ്ടായിരുന്നു. സ്വദേശത്തേക്കു മടങ്ങിവന്ന യഹൂദന്മാരുടെ എണ്ണം കുറവായിരുന്നു. അവർ മിശ്രവിവാഹത്തിൽ ഏർപ്പെട്ടാൽ കാലക്രമത്തിൽ അവർ ചുറ്റുമുണ്ടായിരുന്ന പുറജാതീയ രാഷ്‌ട്രങ്ങളുമായി ഇടകലർന്നുപോകുകയും സത്യാരാധന ഭൂമുഖത്തുനിന്ന്‌ എളുപ്പം അപ്രത്യക്ഷമാകുകയും ചെയ്യുമായിരുന്നു.

എസ്രായ്‌ക്ക്‌ യഹോവയോട്‌ ഉണ്ടായിരുന്ന ഭയവും തീക്ഷ്‌ണതയും തങ്ങളുടെ പ്രവർത്തന ഗതികൾക്കു മാറ്റം വരുത്താൻ ഇസ്രായേല്യരെ പ്രേരിപ്പിച്ചു എന്നതു സന്തോഷകരമാണ്‌. അവർ തങ്ങളുടെ പുറജാതി ഭാര്യമാരെ ഉപേക്ഷിച്ചു. മൂന്നു മാസത്തിനുള്ളിൽ കാര്യങ്ങളെല്ലാം നേരെയാക്കി. ദൈവത്തിന്റെ ന്യായപ്രമാണത്തോടുള്ള എസ്രായുടെ വ്യക്തിപരമായ വിശ്വസ്‌തത അവന്റെ പഠിപ്പിക്കലിനെ ഫലകരമാക്കുന്നതിൽ നല്ല പങ്കു വഹിച്ചു.

അതുതന്നെ ഇക്കാലത്തും സത്യമാണ്‌. ഒരു ക്രിസ്‌തീയ പിതാവ്‌ പറഞ്ഞു: “കുട്ടികൾ നിങ്ങൾ പറയുന്നതു പോലെയല്ല, ചെയ്യുന്നതു പോലെയാണ്‌ പ്രവർത്തിക്കുന്നത്‌!” ഇതേ തത്ത്വം ക്രിസ്‌തീയ സഭയ്‌ക്കുള്ളിലും ബാധകമാണ്‌. നല്ല മാതൃക വെക്കുന്ന മൂപ്പന്മാർക്ക്‌ സഭയിലെ മറ്റ്‌ അംഗങ്ങൾ തങ്ങളുടെ പഠിപ്പിക്കലിനോടു പ്രതികരിക്കുമെന്നു പ്രതീക്ഷിക്കാവുന്നതാണ്‌.

‘യിസ്രായേലിൽ ചട്ടങ്ങളും വിധികളും ഉപദേശിപ്പാൻ’

എസ്രായുടെ പഠിപ്പിക്കൽ ഫലകരമായിരുന്നതിനു മറ്റൊരു കാരണം കൂടെയുണ്ട്‌. അവൻ സ്വന്ത ആശയങ്ങളല്ല, മറിച്ച്‌ “ചട്ടങ്ങളും വിധികളും,” യഹോവയുടെ ചട്ടങ്ങൾ അഥവാ നിയമങ്ങൾ, ആണു പഠിപ്പിച്ചത്‌. അവന്റെ പൗരോഹിത്യ ഉത്തരവാദിത്വമായിരുന്നു അത്‌. (മലാഖി 2:7) അവൻ നീതി പഠിപ്പിക്കുകയും ഒരു മാനദണ്ഡപ്രകാരം നീതിപൂർവകവും നിഷ്‌പക്ഷവുമായ വിധത്തിൽ നിയമങ്ങളോടു പറ്റിനിന്നുകൊണ്ടു താൻ പഠിപ്പിച്ച കാര്യങ്ങൾക്കു മാതൃക വെക്കുകയും ചെയ്‌തു. അധികാരമുള്ള ആൾ നീതി പ്രവർത്തിക്കുമ്പോൾ സ്ഥിരത കൈവരുന്നു, നിത്യമായ പ്രയോജനങ്ങളും ലഭിക്കുന്നു. (സദൃശവാക്യങ്ങൾ 29:4) സമാനമായി, ദൈവവചനവുമായി നല്ല പരിചയമുള്ള ക്രിസ്‌തീയ മൂപ്പന്മാരും മാതാപിതാക്കളും രാജ്യഘോഷകരും സഭയെയും കുടുംബത്തെയും താത്‌പര്യക്കാരെയും യഹോവയുടെ ചട്ടങ്ങളും നീതിയും പഠിപ്പിക്കുമ്പോൾ ആത്മീയ സ്ഥിരത കൈവരിക്കുന്നതിൽ സഹായിക്കുകയാണു ചെയ്യുന്നത്‌.

വിശ്വസ്‌തനായ എസ്രായുടെ മാതൃക പൂർണമായി അനുകരിക്കുന്നെങ്കിൽ പഠിപ്പിക്കൽ കൂടുതൽ ഫലപ്രദമായിത്തീർന്നേക്കാം എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? അതുകൊണ്ട്‌, ‘നിങ്ങളുടെ ഹൃദയത്തെ ഒരുക്കുകയും യഹോവയുടെ ന്യായപ്രമാണം പരിശോധിക്കുകയും അതനുസരിച്ച്‌ നടക്കുകയും യഹോവയുടെ ചട്ടങ്ങളും വിധികളും പഠിപ്പിക്കുകയും ചെയ്യുക.’​—⁠എസ്രാ 7:10.

[അടിക്കുറിപ്പ്‌]

^ ഖ. 11 20 ഉറവിടങ്ങളുടെ ഒരു പട്ടിക യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) വാല്യം 1, പേജ്‌ 444-5-ൽ കാണാവുന്നതാണ്‌.

[22-ാം പേജിലെ ചതുരം/ചിത്രം]

എസ്രായുടെ പഠിപ്പിക്കലിനെ ഫലപ്രദമാക്കിയത്‌ എന്ത്‌?

1. അവൻ തന്റെ ഹൃദയത്തെ ശരിയായ അവസ്ഥയിലാക്കി

2. അവൻ യഹോവയുടെ ന്യായപ്രമാണം പരിശോധിച്ചു

3. പഠിച്ച കാര്യങ്ങൾ ബാധകമാക്കുന്നതിൽ അവൻ നല്ല മാതൃക വെച്ചു

4. തിരുവെഴുത്തു വീക്ഷണം പഠിപ്പിക്കാൻ അവൻ ശുഷ്‌കാന്തിയോടെ പഠിച്ചു