സുവർണ നിയമം—അതു പ്രായോഗികമാണ്
സുവർണ നിയമം—അതു പ്രായോഗികമാണ്
സുവർണ നിയമത്തെ മിക്കവരും യേശുവിന്റെ ഒരു ധാർമിക പഠിപ്പിക്കൽ എന്ന നിലയിലാണു വീക്ഷിക്കുന്നതെങ്കിലും അവൻതന്നെ ഇങ്ങനെ പറഞ്ഞു: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.”—യോഹന്നാൻ 7:16.
അതേ, സുവർണ നിയമം എന്ന് അറിയപ്പെടുന്നത് ഉൾപ്പെടെയുള്ള യേശുവിന്റെ പഠിപ്പിക്കലുകളുടെ യഥാർഥ ഉറവിടം അവനെ അയച്ചവൻ, അതായത്, സ്രഷ്ടാവായ യഹോവയാം ദൈവം ആണ്.
മനുഷ്യരെല്ലാം, മറ്റുള്ളവർ തങ്ങളോടു പെരുമാറാൻ ആഗ്രഹിക്കുന്നതു പോലെ പരസ്‌പരം പെരുമാറണം എന്നതായിരുന്നു ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം. മനുഷ്യരെ സൃഷ്ടിച്ച വിധത്താൽ മറ്റുള്ളവരുടെ ക്ഷേമത്തിൽ താത്‌പര്യം കാണിക്കുന്നതിന്റെ ഏറ്റവും നല്ല മാതൃക അവൻ വെച്ചു: “ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്‌പത്തി 1:27) ഇതിന്റെ അർഥം, മനുഷ്യർക്കു സമാധാനത്തിലും സന്തോഷത്തിലും ഐക്യത്തിലും ജീവിതം—സാധ്യതയനുസരിച്ച് അനന്തമായി പോലും—ആസ്വദിക്കാൻ കഴിയേണ്ടതിന് ദൈവം സ്‌നേഹപൂർവം അവർക്ക് തന്റെതന്നെ ശ്രേഷ്‌ഠ ഗുണങ്ങൾ ഒരളവുവരെ പ്രദാനം ചെയ്‌തു എന്നാണ്. നന്നായി പരിശീലിപ്പിക്കപ്പെടുന്ന പക്ഷം അവരുടെ ദൈവദത്ത മനസ്സാക്ഷി തങ്ങളോടു മറ്റുള്ളവർ പെരുമാറാൻ ആഗ്രഹിക്കുന്നതുപോലെ അവരോടു പെരുമാറാൻ അവരെ പ്രേരിപ്പിക്കുമായിരുന്നു.
സ്വാർഥത ആധിപത്യം പുലർത്താൻ തുടങ്ങിയപ്പോൾ
മനുഷ്യന് ഇത്രയും നല്ല ഒരു തുടക്കം ലഭിച്ച സ്ഥിതിക്ക് പിന്നെ എന്താണു സംഭവിച്ചത്? ലളിതമായി പറഞ്ഞാൽ സ്വാർഥത എന്ന ദുർഗുണം തലപൊക്കി. ആദ്യ മനുഷ്യ ജോഡി എന്താണു ചെയ്‌തത് എന്നതിനെ കുറിച്ചുള്ള ഉല്‌പത്തി 3-ാം അധ്യായത്തിലെ ബൈബിൾ വിവരണം മിക്കവർക്കും പരിചിതമാണ്. ദൈവത്തിന്റെ നീതിപൂർവകമായ എല്ലാ നിലവാരങ്ങളെയും എതിർക്കുന്ന സാത്താനാൽ പ്രേരിതരായി ആദാമും ഹവ്വായും ദൈവത്തിന്റെ ഭരണാധിപത്യത്തെ തള്ളിക്കളയുകയും പകരം സ്വാതന്ത്ര്യവും, നന്മയും തിന്മയും എന്തെന്നു സ്വയം തീരുമാനിക്കാനുള്ള അവകാശവും സ്വാർഥപൂർവം തിരഞ്ഞെടുക്കുകയും ചെയ്‌തു. അവരുടെ സ്വാർഥവും മത്സരാത്മകവുമായ നടപടി അവർക്കു മാത്രമല്ല അവരുടെ എല്ലാ ഭാവി സന്താനങ്ങൾക്കും വലിയ നഷ്ടം വരുത്തി. സുവർണ നിയമം എന്ന് അറിയപ്പെടാൻ ഇടയായ പഠിപ്പിക്കൽ അവഗണിക്കുന്നത് എത്ര ദാരുണമായ ഫലങ്ങളാണു കൈവരുത്തുക എന്നതിന്റെ വ്യക്തമായ ഒരു പ്രകടനം ആയിരുന്നു അത്. തത്‌ഫലമായി, “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്‌കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.”—റോമർ 5:12.
മനുഷ്യവർഗം ഒന്നാകെ യഹോവയാം ദൈവത്തിന്റെ സ്‌നേഹപൂർവകമായ വഴികളെ തള്ളിക്കളഞ്ഞെങ്കിലും അവൻ അവരെ ഉപേക്ഷിച്ചില്ല. ഉദാഹരണത്തിന്, ഇസ്രായേൽ ജനതയെ വഴിനയിക്കാൻ യഹോവ അവർക്കു തന്റെ ന്യായപ്രമാണം നൽകി. മറ്റുള്ളവർ തങ്ങളോടു പെരുമാറാൻ ആഗ്രഹിക്കുന്നതു പോലെ അവരോടു പെരുമാറാൻ അത് അവരെ പഠിപ്പിച്ചു. അടിമകൾ, അനാഥർ, വിധവമാർ എന്നിവരോടുള്ള പെരുമാറ്റം സംബന്ധിച്ച് ന്യായപ്രമാണം നിർദേശങ്ങൾ നൽകി. ആക്രമണം, തട്ടിക്കൊണ്ടുപോകൽ, മോഷണം എന്നിവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അതു പറഞ്ഞു. ശുചിത്വം സംബന്ധിച്ച നിയമങ്ങളിൽ മറ്റുള്ളവരുടെ ആരോഗ്യത്തിലുള്ള താത്‌പര്യം പ്രകടമായിരുന്നു. ലൈംഗിക വിഷയങ്ങൾ സംബന്ധിച്ചു പോലും നിയമങ്ങൾ നൽകപ്പെട്ടു. മുഴു ന്യായപ്രമാണത്തെയും സംക്ഷേപിച്ചുകൊണ്ട് യഹോവ തന്റെ ജനത്തോടു പറഞ്ഞു: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം.” ഈ പ്രസ്‌താവന യേശു പിന്നീട് ഉദ്ധരിക്കുകയുണ്ടായി. (ലേവ്യപുസ്‌തകം 19:18; മത്തായി 22:39, 40) ഇസ്രായേല്യർ തങ്ങളുടെ ഇടയിലുള്ള പരദേശികളോട് എങ്ങനെ ഇടപെടണം എന്നതു സംബന്ധിച്ച ചട്ടങ്ങളും ന്യായപ്രമാണത്തിൽ അടങ്ങിയിരുന്നു. അതിങ്ങനെ കൽപ്പിച്ചു: “പരദേശിയെ ഉപദ്രവിക്കരുതു: നിങ്ങൾ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ടു പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.” മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഇസ്രായേല്യർ പ്രതികൂല സാഹചര്യങ്ങളിൽ ആയിരിക്കുന്നവരോട് സമാനുഭാവത്തോടു കൂടിയ ദയ പ്രകടമാക്കണമായിരുന്നു.—പുറപ്പാടു 23:9; ലേവ്യപുസ്‌തകം 19:34; ആവർത്തനപുസ്‌തകം 10:19.
ഇസ്രായേൽ ന്യായപ്രമാണം വിശ്വസ്‌തമായി അനുസരിച്ചിടത്തോളം കാലം യഹോവ ആ ജനതയെ അനുഗ്രഹിച്ചു. ദാവീദിന്റെയും ശലോമോന്റെയും ഭരണകാലങ്ങളിൽ അവർ സമൃദ്ധി ആസ്വദിച്ചു. ജനങ്ങൾ സന്തുഷ്ടരും സംതൃപ്‌തരുമായിരുന്നു. ഒരു ചരിത്ര വിവരണം ഇങ്ങനെ പറയുന്നു: “യെഹൂദയും യിസ്രായേലും കടൽക്കരയിലെ മണൽ പോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്‌തു പോന്നു. . . . ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും നിർഭയം വസിച്ചു.”—1 രാജാക്കന്മാർ 4:20, 25.
സങ്കടകരമെന്നു പറയട്ടെ, ആ ജനതയുടെ സമാധാനവും സുരക്ഷിതത്വവും ഏറെക്കാലം നീണ്ടുനിന്നില്ല. ദൈവത്തിന്റെ ന്യായപ്രമാണം ഉണ്ടായിരുന്നെങ്കിലും ഇസ്രായേല്യർ അതനുസരിച്ചില്ല; സ്വാർഥത മറ്റുള്ളവരോടുള്ള താത്‌പര്യത്തെ ഞെരുക്കിക്കളയാൻ അവർ അനുവദിച്ചു. ഇതും ഒപ്പം വിശ്വാസത്യാഗവും വ്യക്തികളെന്ന നിലയിലും ജനതയെന്ന നിലയിലും അവരെ കഷ്ടപ്പാടിലേക്കു നയിച്ചു. ഒടുവിൽ പൊ.യു.മു. 607-ൽ യഹൂദാ രാജ്യത്തെയും യെരൂശലേം നഗരത്തെയും, എന്തിന് അവിടത്തെ ഗംഭീര ആലയത്തെ പോലും നശിപ്പിക്കാൻ യഹോവ ബാബിലോണിയരെ അനുവദിച്ചു. എന്തായിരുന്നു കാരണം? “നിങ്ങൾ എന്റെ വചനങ്ങളെ കേൾക്കായ്‌കകൊണ്ടു ഞാൻ ആളയച്ചു വടക്കുള്ള സകലവംശങ്ങളെയും എന്റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്‌നേസരിനെയും ഈ ദേശത്തിന്റെ നേരെയും അതിലെ നിവാസികളുടെ നേരെയും ചുററുംവസിക്കുന്ന ഈ സകലജാതികളുടെ നേരെയും വരുത്തി അവരെ ഉന്മൂലനാശം ചെയ്‌തു സ്‌തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവുമാക്കിത്തീർക്കും.” (യിരെമ്യാവു 25:8, 9) യഹോവയുടെ സത്യാരാധന ഉപേക്ഷിച്ചതിന് എത്ര വലിയ വിലയാണ് അവർ നൽകേണ്ടി വന്നത്!
അനുകരിക്കേണ്ട ഒരു മാതൃക
നേരെ മറിച്ച്, യേശുക്രിസ്‌തു സുവർണ നിയമം പഠിപ്പിക്കുക മാത്രമല്ല അതനുസരിച്ചു ജീവിക്കുന്നതിൽ അത്യുത്തമ മാതൃക വെക്കുകയും ചെയ്‌തു. അവൻ മറ്റുള്ളവരുടെ ക്ഷേമത്തിൽ യഥാർഥ താത്‌പര്യം പ്രകടമാക്കി. (മത്തായി 9:36; 14:14; ലൂക്കൊസ് 5:12, 13) ഒരിക്കൽ നയിൻ പട്ടണത്തിനടുത്തു വെച്ച് യേശു, ഹൃദയം തകർന്ന ഒരു വിധവ തന്റെ ഒരേയൊരു മകന്റെ ശവമഞ്ചം ചുമന്നുകൊണ്ടുപോകുന്നവരോടൊപ്പം നടക്കുന്നതു കണ്ടു. ബൈബിൾ വിവരണം പറയുന്നു: “അവളെ കണ്ടിട്ടു കർത്താവു മനസ്സലിഞ്ഞു.” (ലൂക്കൊസ് 7:11-15) വൈൻസ് എക്‌സ്‌പോസിറ്ററി ഡിക്‌ഷണറി ഓഫ് ഓൾഡ് ആൻഡ് ന്യൂ ടെസ്റ്റമെന്റ് വേർഡ്‌സ് പറയുന്നതനുസരിച്ച്, “മനസ്സലിഞ്ഞു” എന്ന പ്രയോഗം “ഉള്ളിന്റെയുള്ളിൽനിന്ന് വൈകാരികമായി പ്രേരിതമാകുന്നതിനെ” കുറിക്കുന്നു. അവളുടെ ഹൃദയവേദന അവന് അനുഭവപ്പെട്ടു. അവളുടെ വേദന ദൂരീകരിക്കുന്നതിനു വേണ്ട ക്രിയാത്മക നടപടികൾ കൈക്കൊള്ളാൻ അത് അവനെ പ്രേരിപ്പിച്ചു. ആ ബാല്യക്കാരനെ പുനരുത്ഥാനപ്പെടുത്തി “അമ്മെക്കു ഏല്‌പിച്ചുകൊടുത്ത”പ്പോൾ അത് ആ വിധവയ്‌ക്ക് എത്രമാത്രം സന്തോഷം കൈവരുത്തിയിരിക്കണം!
അവസാനമായി, ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ യേശു മനുഷ്യവർഗത്തെ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നു രക്ഷിക്കുന്നതിന് മനസ്സോടെ കഷ്ടപ്പാട് അനുഭവിക്കുകയും തന്റെ ജീവൻ മറുവിലയായി നൽകുകയും ചെയ്‌തു. സുവർണ നിയമം അനുസരിച്ചു ജീവിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അത്.—മത്തായി 20:28; യോഹന്നാൻ 15:13; എബ്രായർ 4:15.
സുവർണ നിയമം അനുസരിക്കുന്നവർ
സുവർണ നിയമം അനുസരിച്ച് യഥാർഥത്തിൽ ജീവിക്കുന്നവർ ഇന്ന് ഉണ്ടോ? ഉണ്ട്, തങ്ങളുടെ സൗകര്യം നോക്കി മാത്രമല്ല അവർ അതു ചെയ്യുന്നത്. ഉദാഹരണത്തിന്, രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസി ജർമനിയിൽ യഹോവയുടെ സാക്ഷികൾ ദൈവത്തിലുള്ള വിശ്വാസവും അയൽക്കാരനോടുള്ള സ്‌നേഹവും മുറുകെ പിടിച്ചു. സുവർണ നിയമം ബാധകമാക്കുന്ന കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യാൻ അവർ തയ്യാറായില്ല. രാഷ്‌ട്രം എല്ലാ യഹൂദന്മാർക്കും നേരെ വിവേചനാ മനോഭാവവും വിദ്വേഷവും ഇളക്കിവിട്ടപ്പോഴും സാക്ഷികൾ സുവർണ നിയമം ബാധകമാക്കി. തടങ്കൽപ്പാളയങ്ങളിൽ പോലും അവർ സഹമനുഷ്യർക്കു വേണ്ടി കരുതുന്നതിൽ തുടർന്നു. വളരെ കുറച്ചു ഭക്ഷണമേ ലഭിച്ചിരുന്നുള്ളു എങ്കിൽപ്പോലും അവർ അത് പട്ടിണി കിടക്കുന്നവരുമായി, അവർ യഹൂദന്മാരാണോ അല്ലയോ എന്നൊന്നും നോക്കാതെ പങ്കുവെച്ചു. മറ്റുള്ളവരെ കൊല്ലുന്നതിന് ആയുധമേന്താൻ രാഷ്‌ട്രം കൽപ്പിച്ചപ്പോൾ, അവർ അതിനു വിസമ്മതിച്ചു. മറ്റുള്ളവർ തങ്ങളോട് അതു ചെയ്യാൻ ആഗ്രഹിക്കാത്തപ്പോൾ മറ്റുള്ളവരോട് അതു ചെയ്യാൻ അവർക്ക് എങ്ങനെ സാധിക്കുമായിരുന്നു? തങ്ങളെപ്പോലെതന്നെ സ്‌നേഹിക്കേണ്ടിയിരുന്നവരെ അവർക്ക് എങ്ങനെ കൊല്ലാൻ കഴിയുമായിരുന്നു? എന്നാൽ ആയുധം എടുക്കാൻ വിസമ്മതിച്ചതിന്റെ ഫലമായി അവരിൽ പലർക്കും തടങ്കൽപ്പാളയങ്ങളിൽ പോകേണ്ടിവന്നതു കൂടാതെ മരണവും ഏറ്റുവാങ്ങേണ്ടിവന്നു.—മത്തായി 5:43-48.
നിങ്ങൾ ഈ ലേഖനം വായിക്കുമ്പോൾ സുവർണ നിയമം പ്രാവർത്തികമാക്കിയിരിക്കുന്ന മറ്റൊരു വിധത്തിൽ യെശയ്യാവു 2:2-4-ൽ പ്രവചിക്കപ്പെട്ടതു പോലെ “അനേകവംശങ്ങൾ,” ആഗോളവ്യാപകമായി 60 ലക്ഷത്തിലധികം ആളുകൾ, ‘യഹോവയുടെ വഴികളെ കുറിച്ച് ഉപദേശിക്കപ്പെട്ട് അവന്റെ പാതകളിൽ നടക്കാൻ’ ഇടയായിരിക്കുന്നു. ഒരു ആലങ്കാരിക അർഥത്തിൽ ‘അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കാൻ’ പഠിച്ചിരിക്കുന്നു. ഈ പ്രക്ഷുബ്‌ധ നാളുകളിൽ അവർ സമാധാനവും സുരക്ഷിതത്വവും കണ്ടെത്തിയിരിക്കുന്നു.
നിന്ന് പ്രയോജനം അനുഭവിക്കുകയാണ്. ഇന്ന് പലരും യാതൊരു പ്രത്യാശയോ സഹായമോ ഇല്ലാതെ ദുരിതം അനുഭവിക്കുകയാണെന്ന് യഹോവയുടെ സാക്ഷികൾ തിരിച്ചറിയുന്നു. തന്നിമിത്തം, ബൈബിളിൽ കാണുന്ന പ്രത്യാശയെയും പ്രായോഗിക നിർദേശങ്ങളെയും കുറിച്ചു പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് അവർ സ്വമേധയാ ക്രിയാത്മക നടപടികൾ സ്വീകരിക്കുന്നു. ഇതെല്ലാം അഭൂതപൂർവകമായ ഒരു അളവിൽ ഇന്ന് നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലോകവ്യാപക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമാണ്. ഫലമോ?നിങ്ങളുടെ കാര്യത്തിലോ?
പിശാചായ സാത്താന്റെ പ്രേരണയുടെ ഫലമായി ഏദെനിൽ മനുഷ്യൻ ദൈവത്തിനെതിരെ മത്സരിച്ച നാൾ മുതൽ സുവർണ നിയമത്തോടുള്ള അവഗണന എത്രമാത്രം കഷ്ടപ്പാടും വേദനയുമാണ് മനുഷ്യവർഗത്തിന്മേൽ വരുത്തിവെച്ചിരിക്കുന്നത് എന്നതിനെ കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. പെട്ടെന്നുതന്നെ ഈ അവസ്ഥയ്‌ക്കു പാടേ മാറ്റം വരുത്താൻ യഹോവ ഉദ്ദേശിക്കുന്നു. എങ്ങനെ? “പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.” (1 യോഹന്നാൻ 3:8) സുവർണ നിയമം പഠിപ്പിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്‌ത ജ്ഞാനിയും പ്രാപ്‌തനുമായ യേശുക്രിസ്‌തുവിന്റെ കരങ്ങളിലെ ദൈവരാജ്യ ഭരണത്തിൻ കീഴിൽ ഇതു സംഭവിക്കും.—സങ്കീർത്തനം 37:9-11; ദാനീയേൽ 2:44.
പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ദാവീദ് ഇങ്ങനെ പറഞ്ഞു: “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല. അവൻ നിത്യം കൃപാലുവായി വായ്‌പ കൊടുക്കുന്നു; അവന്റെ സന്തതി [“അതുകൊണ്ട് അവന്റെ സന്തതി,” NW] അനുഗ്രഹിക്കപ്പെടുന്നു.” (സങ്കീർത്തനം 37:25, 26) ഇന്ന് മിക്ക വ്യക്തികളും “കൃപാലുവായി വായ്‌പ കൊടുക്കുന്ന”തിനു പകരം മറ്റുള്ളവരുടെ സ്വത്തു സ്വന്തമാക്കുകയോ പിടിച്ചുപറിക്കുകയോ ആണു ചെയ്യുന്നത് എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? വ്യക്തമായും, സുവർണ നിയമം ബാധകമാക്കുന്നത് യഥാർഥ സമാധാനത്തിലേക്കും സുരക്ഷിതത്വത്തിലേക്കും നയിക്കും. എന്തുകൊണ്ടെന്നാൽ അങ്ങനെയുള്ളവർ ഇപ്പോഴും ഭാവിയിൽ ദൈവരാജ്യത്തിൻ കീഴിലും അനുഗ്രഹിക്കപ്പെടും. ദൈവരാജ്യം ഭൂമിയിൽനിന്ന് സ്വാർഥതയും ദുഷ്ടതയും പൂർണമായും തുടച്ചുനീക്കും. ഇന്നത്തെ ദുഷിച്ച മനുഷ്യനിർമിത ഭരണകൂടങ്ങളുടെ സ്ഥാനത്ത് ദൈവത്താലുള്ള ഒരു പുതിയ വ്യവസ്ഥിതി സ്ഥാപിതമാകും. അപ്പോൾ എല്ലാ ആളുകളും സുവർണ നിയമം അനുസരിച്ചു ജീവിക്കുന്നത് ആസ്വദിക്കും.—സങ്കീർത്തനം 29:11; 2 പത്രൊസ് 3:13.
[4, 5 പേജിലെ ചിത്രങ്ങൾ]
യേശു സുവർണ നിയമം പഠിപ്പിക്കുക മാത്രമല്ല അതനുസരിച്ചു ജീവിക്കുന്നതിൽ അത്യുത്തമ മാതൃക വെക്കുകയും ചെയ്‌തു
[7-ാം പേജിലെ ചിത്രം]
സുവർണ നിയമം ബാധകമാക്കുന്നത് യഥാർഥ സമാധാനത്തിലേക്കും സുരക്ഷിതത്വത്തിലേക്കും നയിക്കും