വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഇത്‌ റോങ്‌ നമ്പരാണ്‌”

“ഇത്‌ റോങ്‌ നമ്പരാണ്‌”

രാജ്യഘോഷകർ റിപ്പോർട്ടുചെയ്യുന്നു

“ഇത്‌ റോങ്‌ നമ്പരാണ്‌”

ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്‌ബർഗിൽ ലെസ്‌ലിയും കാരൊളൈനും ജോലിയിൽനിന്നു വിരമിച്ച ആളുകൾ താമസിക്കുന്ന സുരക്ഷാസംവിധാനമുള്ള ഒരു കോളനിയിൽ മാറിമാറി ടെലിഫോൺ സാക്ഷീകരണം നടത്തുകയായിരുന്നു. മിക്ക വീടുകളിലും ആളില്ലായിരുന്നു, ഉണ്ടായിരുന്നവരാകട്ടെ ക്രിസ്‌തീയ സന്ദേശത്തിൽ വലിയ താത്‌പര്യമൊന്നും കാണിച്ചതുമില്ല. അതുകൊണ്ട്‌ ഒരു സ്‌ത്രീ സംസാരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ കാരൊളൈൻ ഉത്സാഹവതിയായി.

“ഇത്‌ മിസ്സിസ്‌ ബി​—⁠ ആണോ?” കാരൊളൈൻ ചോദിച്ചു.

“അല്ലല്ലോ,” സൗഹൃദം നിഴലിക്കുന്ന ഒരു ശബ്ദം മറുപടി പറഞ്ഞു, “ഞാൻ മിസ്സിസ്‌ ജി​—⁠യാണ്‌. ഇത്‌ റോങ്‌ നമ്പരാണ്‌.”

അവരുടെ ശബ്ദത്തിലെ ഊഷ്‌മളത ശ്രദ്ധിച്ചുകൊണ്ട്‌ കാരൊളൈൻ പറഞ്ഞു: “ശരി, മിസ്സിസ്‌ ബി​—⁠യോട്‌ പറയാൻ ഉദ്ദേശിച്ചിരുന്ന സംഗതി ഞാൻ നിങ്ങളോടു പറയട്ടെ.” എന്നിട്ട്‌, വരാൻ പോകുന്ന ദൈവരാജ്യത്തിലെ അനുഗ്രഹങ്ങളെ കുറിച്ച്‌ അവർ സംസാരിച്ചു. ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക എത്തിച്ചുകൊടുക്കുന്നതിനുള്ള ക്രമീകരണം ചെയ്‌തുകഴിഞ്ഞപ്പോൾ മിസ്സിസ്‌ ജി​—⁠ ചോദിച്ചു: “അല്ലാ, നിങ്ങൾ ഏതു മതത്തിൽ പെട്ടവരാണെന്നു പറഞ്ഞില്ലല്ലോ?”

“ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്‌,” കാരൊളൈൻ മറുപടി പറഞ്ഞു.

“അയ്യോ, മതക്കാരാണോ! എങ്കിൽ നിങ്ങൾ ഇങ്ങോട്ടു വരണമെന്നില്ല.”

“പക്ഷേ, മിസ്സിസ്‌ ജി​—⁠, കഴിഞ്ഞ 20 മിനിട്ടു നേരം ഞാൻ നിങ്ങളുമായി പങ്കുവെച്ചത്‌ അങ്ങേയറ്റം അത്ഭുതകരമായ ഒരു പ്രത്യാശയാണ്‌. ദൈവരാജ്യം പെട്ടെന്നുതന്നെ മനുഷ്യവർഗത്തിനു വേണ്ടി ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ച്‌ ബൈബിളിൽനിന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതന്നു. അതെല്ലാം കേട്ടപ്പോൾ നിങ്ങൾക്കു സന്തോഷം തോന്നി, എന്തിന്‌ ആവേശം പോലും. കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്‌തു. യഹോവയുടെ സാക്ഷികളെ കുറിച്ചു നിങ്ങൾക്ക്‌ യഥാർഥത്തിൽ എന്തൊക്കെ അറിയാം? ആകട്ടെ, നിങ്ങൾക്ക്‌ ഒരു രോഗം വന്നെന്നു വിചാരിക്കുക, നിങ്ങൾ ഒരു മെക്കാനിക്കിന്റെ അടുത്തു പോകുമോ? അപ്പോൾപ്പിന്നെ, യഹോവയുടെ സാക്ഷികൾ എന്താണു വിശ്വസിക്കുന്നതെന്നു ഞാൻ നിങ്ങളോടു പറയുന്നതായിരിക്കില്ലേ നല്ലത്‌?” കാരൊളൈൻ ന്യായവാദം ചെയ്‌തു.

ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവർ മറുപടി പറഞ്ഞു: “നിങ്ങൾ പറയുന്നതിൽ കാര്യമുണ്ടെന്നു തോന്നുന്നു. ശരി, നിങ്ങൾ വന്നോളൂ. എന്നാൽ ഒരു കാര്യം, നിങ്ങൾക്ക്‌ ഒരിക്കലും എന്നെ മതം മാറ്റാനാകില്ല!”

കാരൊളൈൻ പറഞ്ഞു: “മിസ്സിസ്‌ ജി​—⁠, നിങ്ങളെ മതംമാറ്റണമെന്നു വിചാരിച്ചാൽ പോലും എനിക്ക്‌ ഒരിക്കലും അതിനാവില്ല. യഹോവയ്‌ക്കു മാത്രമേ അതിനു കഴിയൂ.”

ലഘുപത്രിക നൽകുന്നതിനായി നടത്തിയ സന്ദർശനം നന്നായിരുന്നു. മിസ്സിസ്‌ ജി​—⁠ (ബെറ്റി) മറ്റൊരു സന്ദർശനത്തിനു സമ്മതിച്ചു. കാരൊളൈൻ മടങ്ങി ചെന്നപ്പോൾ, താൻ യഹോവയുടെ സാക്ഷികളുമായി ചർച്ച നടത്തുന്ന കാര്യം പൊതു ഭക്ഷണമുറിയിൽ തന്നോടൊപ്പം ഇരിക്കുന്ന മറ്റു സ്‌ത്രീകളോടു പറഞ്ഞെന്ന്‌ ബെറ്റി അറിയിച്ചു. അവർക്ക്‌ ഒരുതരത്തിലും അത്‌ ഉൾക്കൊള്ളാനായില്ല, “നിങ്ങൾക്കെങ്ങനെ അതിനു കഴിഞ്ഞു? ആ കൂട്ടർ യേശുവിൽ പോലും വിശ്വസിക്കാത്തവരാണ്‌!” എന്നാണവർ പറഞ്ഞത്‌.

ദൈവരാജ്യത്തെ കുറിച്ചുള്ള തങ്ങളുടെ മുൻ ചർച്ചയിൽനിന്നുള്ള ഒരു മുഖ്യ ആശയം ഉടൻതന്നെ കാരൊളൈൻ ബെറ്റിയെ ഓർമിപ്പിച്ചു.

“ആരായിരിക്കും അതിന്റെ രാജാവ്‌?” കാരൊളൈൻ ചോദിച്ചു.

“എന്താ സംശയം, യേശു” എന്നായിരുന്നു ബെറ്റിയുടെ മറുപടി.

“ശരിയാണ്‌,” കാരൊളൈൻ പറഞ്ഞു. തുടർന്ന്‌, യേശുവിനെ ദൈവത്തിന്റെ പുത്രനായിട്ടാണ്‌ അല്ലാതെ ഒരു ത്രിത്വത്തിന്റെ ഭാഗമെന്ന നിലയിൽ ദൈവത്തിനു തുല്യനായിട്ടല്ല യഹോവയുടെ സാക്ഷികൾ കണക്കാക്കുന്നത്‌ എന്ന്‌ അവർ വിശദീകരിച്ചു.​—⁠മർക്കൊസ്‌ 13:32; ലൂക്കൊസ്‌ 22:42; യോഹന്നാൻ 14:28.

സന്തോഷവതിയും ശുഭാപ്‌തിവിശ്വാസം ഉള്ളവളും ആയിരുന്നെങ്കിലും ബെറ്റിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്ന്‌ ഏതാനും സന്ദർശനങ്ങൾ കഴിഞ്ഞപ്പോൾ മനസ്സിലായി. വാസ്‌തവത്തിൽ ബെറ്റിക്കു കാൻസർ ആയിരുന്നു. മരണത്തെ അവർ ഭയപ്പെട്ടു. “ഈ കാര്യങ്ങളെ കുറിച്ചെല്ലാം വർഷങ്ങൾക്കു മുമ്പ്‌ കേൾക്കുകയും എനിക്കും നിങ്ങളുടെ അതേ വിശ്വാസം ഉണ്ടായിരിക്കുകയും ചെയ്‌തിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു” എന്ന്‌ അവർ തുറന്നു പറഞ്ഞു. മരണത്തെ ഗാഢമായ നിദ്രയെന്നു വിശേഷിപ്പിക്കുകയും പുനരുത്ഥാനത്തിലൂടെ അതിൽനിന്ന്‌ ഉണരുക സാധ്യമാണെന്നു പ്രകടമാക്കുകയും ചെയ്യുന്ന തിരുവെഴുത്തുകൾ കാണിച്ചുകൊടുത്തുകൊണ്ട്‌ കാരൊളൈൻ അവരെ ആശ്വസിപ്പിച്ചു. (യോഹന്നാൻ 11:​11, 25) ഇത്‌ ബെറ്റിക്കു വളരെയധികം പ്രോത്സാഹനമേകി. അവർ ഇപ്പോൾ ക്രമമായ ഒരു ബൈബിൾ അധ്യയനം ആസ്വദിക്കുന്നു. ഒന്നിനൊന്ന്‌ മോശമായിക്കൊണ്ടിരിക്കുന്ന ആരോഗ്യം മാത്രമാണ്‌ രാജ്യഹാളിൽ നടക്കുന്ന യോഗങ്ങൾക്കു ഹാജരാകുന്നതിൽനിന്ന്‌ അവരെ തടയുന്നത്‌.

കാരൊളൈൻ ഇങ്ങനെ പറയുന്നു: “ദൂതന്മാർ ഈ വേല നയിക്കുന്നു എന്നതു വ്യക്തമാണ്‌. ബെറ്റി ഒരു ‘റോങ്‌ നമ്പർ’ ആയിരുന്നു. അവരുടെ പ്രായമോ, 89 വയസ്സ്‌!”​—⁠വെളിപ്പാടു 14:⁠6.