വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പീഡനം അന്ത്യൊക്ക്യയിൽ വളർച്ചയ്‌ക്കു വഴിതെളിക്കുന്നു

പീഡനം അന്ത്യൊക്ക്യയിൽ വളർച്ചയ്‌ക്കു വഴിതെളിക്കുന്നു

പീഡനം അന്ത്യൊക്ക്യയിൽ വളർച്ചയ്‌ക്കു വഴിതെളിക്കുന്നു

സ്‌തെഫാനൊസിന്റെ രക്തസാക്ഷി മരണത്തിനു ശേഷം പീഡനം രൂക്ഷമായപ്പോൾ യേശുവിന്റെ ശിഷ്യന്മാരിൽ അനേകർ യെരൂശലേമിൽനിന്നു പലായനം ചെയ്‌തു. അവർ അഭയം തേടിയ സ്ഥലങ്ങളിൽ ഒന്നായിരുന്നു യെരൂശലേമിൽനിന്ന്‌ ഏകദേശം 550 കിലോമീറ്റർ അകലെയുള്ള സിറിയയിലെ അന്ത്യൊക്ക്യ. (പ്രവൃത്തികൾ 11:19) തുടർന്ന്‌ അവിടെ നടന്ന സംഭവങ്ങൾ ക്രിസ്‌തീയ ചരിത്രത്തിന്റെ മുഴു ഗതിയെയും സ്വാധീനിച്ചു. എന്താണ്‌ സംഭവിച്ചതെന്നു മനസ്സിലാക്കാൻ അന്ത്യൊക്ക്യയെ കുറിച്ചു ചില കാര്യങ്ങൾ അറിയുന്നതു സഹായകമാണ്‌.

റോമാ സാമ്രാജ്യത്തിലെ നഗരങ്ങളിൽ വലുപ്പത്തിന്റെയും സമൃദ്ധിയുടെയും പ്രാമുഖ്യതയുടെയും കാര്യത്തിൽ റോമും അലക്‌സാണ്ട്രിയയും കഴിഞ്ഞാൽ അടുത്ത സ്ഥാനം അന്ത്യൊക്ക്യക്കായിരുന്നു. സിറിയയിലെ ഈ മുഖ്യ നഗരമായിരുന്നു മെഡിറ്ററേനിയൻ നദീതടത്തിന്റെ വടക്കുകിഴക്കു ഭാഗത്ത്‌ ആധിപത്യം പുലർത്തിയിരുന്നത്‌. കപ്പൽ പോകുമായിരുന്ന ഒറാന്റസ്‌ നദിയുടെ തീരത്താണ്‌ അന്തൊക്ക്യ (ഇന്നത്തെ ആന്റാക്ക്യ, ടർക്കി) സ്ഥിതിചെയ്‌തിരുന്നത്‌. അന്ത്യൊക്ക്യയെ അതിന്റെ തുറമുഖമായ സെലൂക്യ പൈറിയയുമായി ബന്ധിപ്പിച്ചിരുന്നത്‌ പ്രസ്‌തുത നദിയായിരുന്നു. നദീമുഖത്തുനിന്ന്‌ 32 കിലോമീറ്റർ അകലെയായിരുന്നു തുറമുഖം. റോമിനും യൂഫ്രട്ടീസ്‌-ടൈഗ്രീസ്‌ നദീതടത്തിനും ഇടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു വാണിജ്യപാത അന്ത്യൊക്ക്യയുടെ നിയന്ത്രണത്തിലായിരുന്നു. മുഴു സാമ്രാജ്യവുമായും വ്യാപാര ബന്ധം പുലർത്തിയിരുന്ന ഒരു വാണിജ്യ കേന്ദ്രമായിരുന്നു അത്‌. എല്ലാത്തരത്തിലുള്ള ആളുകളും അവിടെ വന്നുംപോയുമിരുന്നതിനാൽ റോമൻ ലോകത്തിൽ എങ്ങുമുള്ള മതപ്രസ്ഥാനങ്ങളെ കുറിച്ചുള്ള വാർത്തകൾ അവിടെ എത്തിയിരുന്നു.

യവനമതവും തത്ത്വചിന്തയും അന്ത്യൊക്ക്യയിൽ തഴച്ചുവളർന്നിരുന്നു. എന്നാൽ “ക്രിസ്‌തുവിന്റെ കാലമായപ്പോൾ ആളുകൾ തങ്ങളുടേതായ വിധത്തിൽ മതപരമായ സംതൃപ്‌തി കണ്ടെത്താൻ ശ്രമിച്ചു, പഴയ മതപ്രസ്ഥാനങ്ങൾക്കും തത്ത്വചിന്തകൾക്കും പുറകേ പോകുന്നതിനു പകരം അവർ തങ്ങൾക്കു ബോധിച്ച വിശ്വാസങ്ങൾ പിൻപറ്റാൻ തുടങ്ങി” എന്നു ചരിത്രകാരനായ ഗ്ലാൻവിൽ ഡൗനി പറയുന്നു. (സിറിയൻ അന്ത്യൊക്യയുടെ ചരിത്രം—ഇംഗ്ലീഷ്‌) അനേകർ യഹൂദമതത്തിന്റെ ഏകദൈവാരാധനയിലും ആചാരങ്ങളിലും സാന്മാർഗികതയിലും സംതൃപ്‌തി കണ്ടെത്തി.

പൊ.യു.മു. 300-ൽ ആണ്‌ ഈ നഗരം സ്ഥാപിതമായത്‌. അന്നുമുതൽ വലിയൊരു യഹൂദ സമൂഹം അവിടെ പാർത്തിരുന്നു. ജനസംഖ്യയുടെ 10 ശതമാനത്തിലധികം യഹൂദന്മാർ ആയിരുന്നുവെന്നും അവരുടെ എണ്ണം ഏകദേശം 20,000 മുതൽ 60,000 വരെ വരുമായിരുന്നുവെന്നും കണക്കാക്കപ്പെടുന്നു. യഹൂദന്മാർക്ക്‌ സമ്പൂർണ പൗരാവകാശങ്ങൾ നൽകിക്കൊണ്ട്‌ സെല്യൂസിഡ്‌ രാജവംശത്തിലെ രാജാക്കന്മാർ അന്ത്യൊക്ക്യയിൽ താമസിക്കാൻ യഹൂദന്മാരെ പ്രോത്സാഹിപ്പിച്ചിരുന്നെന്ന്‌ ചരിത്രകാരനായ ജോസീഫസ്‌ പറയുന്നു. ആ സമയം ആയപ്പോഴേക്കും എബ്രായ തിരുവെഴുത്തുകൾ ഗ്രീക്കിൽ ലഭ്യമായിരുന്നു. യഹൂദമത അനുഭാവികൾക്ക്‌ മിശിഹായെ കുറിച്ചുള്ള യഹൂദന്മാരുടെ പ്രതീക്ഷകളിൽ താത്‌പര്യം വർധിക്കാൻ അത്‌ ഇടയാക്കി. തത്‌ഫലമായി ഗ്രീക്കുകാരായ അനേകർ യഹൂദമതം സ്വീകരിച്ചു. ഈ ഘടകങ്ങളെല്ലാം അന്ത്യൊക്ക്യയെ ക്രിസ്‌തീയ ശിഷ്യരാക്കൽ വേലയ്‌ക്കു പറ്റിയ വളക്കൂറുള്ള ഒരു വയലാക്കി.

വിജാതീയരോടു സാക്ഷീകരിക്കൽ

യേശുവിന്റെ അനുഗാമികൾ പീഡനം നിമിത്തം യെരൂശലേമിൽനിന്നു മറ്റു സ്ഥലങ്ങളിലേക്കു പലായനം ചെയ്‌തപ്പോൾ അവർ യഹൂദന്മാരുമായി മാത്രമേ തങ്ങളുടെ വിശ്വാസം പങ്കുവെച്ചുള്ളൂ. എന്നാൽ അന്ത്യൊക്ക്യയിൽ കുപ്രൊസുകാരും കുറേനക്കാരുമായ ചില ശിഷ്യന്മാർ “യവനന്മാരോടും” സംസാരിച്ചു. (പ്രവൃത്തികൾ 11:20) ഗ്രീക്കു ഭാഷ സംസാരിക്കുന്ന യഹൂദന്മാരോടും യഹൂദമതപരിവർത്തിതരോടും പൊ.യു. 33 മുതൽതന്നെ പ്രസംഗിച്ചിരുന്നു. എന്നാൽ അന്ത്യൊക്ക്യയിൽ നടന്ന പ്രസംഗ പ്രവർത്തനം പുതുമയുള്ളതായിരുന്നെന്നു തോന്നുന്നു. അവിടെ അവർ യഹൂദന്മാരോടു മാത്രമല്ല വിജാതീയരോടും പ്രസംഗിച്ചു. കൊർന്നേല്യൊസും കുടുംബവും അപ്പോൾതന്നെ ശിഷ്യരായിക്കഴിഞ്ഞിരുന്നു എന്നതു ശരിതന്നെ. എന്നാൽ ആ സംഗതിയിൽ, വിജാതീയരോട്‌ അഥവാ ജനതകളിലെ ആളുകളോട്‌ പ്രസംഗിക്കുന്നതിന്റെ ഔചിത്യം പത്രൊസ്‌ അപ്പൊസ്‌തലനെ ബോധ്യപ്പെടുത്താൻ യഹോവയിൽനിന്നുള്ള ഒരു ദർശനംതന്നെ വേണ്ടിവന്നു.—പ്രവൃത്തികൾ 10:1-48.

അന്ത്യൊക്ക്യയിൽ വളരെക്കാലമായി ഒട്ടേറെ യഹൂദന്മാർ പാർത്തിരുന്നുവെന്നു മാത്രമല്ല അവിടെ യഹൂദന്മാർക്കും വിജാതീയർക്കും ഇടയിൽ കാര്യമായ ശത്രുതയും ഉണ്ടായിരുന്നില്ല. യഹൂദേതരർ സുവാർത്ത സ്വീകരിക്കുകയും അതിനോട്‌ അനുകൂലമായി പ്രതികരിക്കുകയും ചെയ്‌തു. തെളിവ്‌ അനുസരിച്ച്‌, അതിനു പറ്റിയ ഒരു സാഹചര്യമാണ്‌ അന്ത്യൊക്ക്യയിൽ ഉണ്ടായിരുന്നത്‌. അങ്ങനെ ‘വലിയോരു കൂട്ടം വിശ്വാസികളായി.’ (പ്രവൃത്തികൾ 11:21) ക്രിസ്‌ത്യാനികളായിത്തീർന്ന യഹൂദമതപരിവർത്തിതർ മുമ്പ്‌ പുറജാതീയ ദേവന്മാരെ ആരാധിച്ചിരുന്നതിനാൽ മറ്റു വിജാതീയരോടു സാക്ഷീകരിക്കാൻ തികച്ചും അനുയോജ്യരായിരുന്നു.

അന്ത്യൊക്ക്യയിലെ വർധനവിനെ സംബന്ധിച്ച്‌ അറിഞ്ഞപ്പോൾ, അതേക്കുറിച്ച്‌ അന്വേഷിക്കാൻ യെരൂശലേമിലെ സഭ ബർന്നബാസിനെ അവിടേക്ക്‌ അയച്ചു. അവനെ തിരഞ്ഞെടുത്തത്‌ ജ്ഞാനപൂർവകവും സ്‌നേഹപൂർവകവുമായ ഒരു നടപടി ആയിരുന്നു. കാരണം, യഹൂദേതരോടു പ്രസംഗിച്ചു തുടങ്ങിയ ചിലരെപ്പോലെ ബർന്നബാസും ഒരു കുപ്രൊസുകാരൻ ആയിരുന്നു. അന്ത്യൊക്ക്യയിലെ വിജാതീയരുമായി ഇടപഴകാൻ അവനു ബുദ്ധിമുട്ട്‌ അനുഭവപ്പെടുമായിരുന്നില്ല. കൂടാതെ തങ്ങൾക്കു പരിചയമുള്ള ഒരു സമൂഹത്തിലെ അംഗമായി അവർക്ക്‌ അവനെ വീക്ഷിക്കാൻ കഴിയുമായിരുന്നു. * സഹവിശ്വാസികൾ ചെയ്‌തുകൊണ്ടിരുന്ന വേല സംബന്ധിച്ച്‌ സമാനുഭാവം ഉള്ളവനായിരിക്കാൻ അവനു സാധിക്കുമായിരുന്നു. അതുകൊണ്ട്‌ അവിടെ ചെന്നപ്പോൾ അവൻ “ദൈവകൃപകണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണ്ണയത്തോടെ കർത്താവിനോടു ചേർന്നുനില്‌പാന്തക്കവണ്ണം പ്രബോധിപ്പിച്ചു.” തന്നെയുമല്ല, “വളരെ പുരുഷാരം കർത്താവിനോടു ചേർന്നു.”—പ്രവൃത്തികൾ 11:22-24.

ചരിത്രകാരനായ ഡൗണെ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “യെരൂശലേമിൽനിന്നു വ്യത്യസ്‌തമായി അന്ത്യൊക്ക്യയിൽ, മിഷനറിമാർക്ക്‌ യഹൂദ മതഭ്രാന്തന്മാരെ ഭയപ്പെടേണ്ടതില്ലായിരുന്നു. ആ നഗരത്തിലെ ആദിമ ദൗത്യം വിജയിക്കാനുണ്ടായ ഒരു കാരണം അതായിരിക്കാം. തന്നെയുമല്ല, സിറിയയുടെ ആ തലസ്ഥാന നഗരി ഭരിച്ചിരുന്നത്‌ ഒരു പട്ടാളമേധാവി ആയിരുന്നു. ആയതിനാൽ അവിടെ മെച്ചപ്പെട്ട ക്രമസമാധാന നില ഉണ്ടായിരുന്നു, യെരൂശലേമിൽ സംഭവിച്ചതുപോലെ ജനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത കുറവായിരുന്നു. എന്നാൽ യഹൂദയിൽ ആണെങ്കിൽ, യഹൂദ മതഭ്രാന്തന്മാരെ തടയാൻ ഭരണാധികാരികൾ അപ്രാപ്‌തരായിരുന്നെന്നു തോന്നുന്നു (കുറഞ്ഞത്‌ ആ കാലഘട്ടത്തിലെങ്കിലും).”

അനുകൂലമായ അത്തരം സാഹചര്യങ്ങളിൽ ഇനിയും കൂടുതൽ വേല ചെയ്യാനുള്ളതിനാൽ തനിക്കു സഹായം ആവശ്യമാണെന്നു ബർന്നബാസ്‌ തിരിച്ചറിഞ്ഞിരിക്കണം. അവൻ തന്റെ സ്‌നേഹിതനായ ശൗലിനെ കുറിച്ച്‌ ഓർത്തു. എന്തുകൊണ്ടാണ്‌ അവൻ ശൗലിനെ, അഥവാ പൗലൊസിനെ കുറിച്ച്‌ ഓർത്തത്‌? 12 അപ്പൊസ്‌തലന്മാരിൽ ഒരുവൻ അല്ലായിരുന്നെങ്കിലും, വിജാതീയരുടെ അപ്പൊസ്‌തലത്വം അവനു ലഭിച്ചിരുന്നു എന്നതായിരിക്കാം കാരണം. (പ്രവൃത്തികൾ 9:15, 27; റോമർ 1:6, 7; വെളിപ്പാടു 21:14) അതുകൊണ്ട്‌, വിജാതീയ നഗരമായ അന്ത്യൊക്ക്യയിൽ സുവാർത്ത ഘോഷിക്കുന്നതിൽ പങ്കുചേരാൻ പൗലൊസ്‌ തികച്ചും യോഗ്യനായിരുന്നു. (ഗലാത്യർ 1:16) അതുകൊണ്ട്‌ ബർന്നബാസ്‌ തർസൊസിൽ ചെന്ന്‌ ശൗലിനെ അന്ത്യൊക്ക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു.—പ്രവൃത്തികൾ 11:25, 26; 26-7 പേജുകളിലെ ചതുരം കാണുക.

ദിവ്യ മാർഗനിർദേശപ്രകാരം ക്രിസ്‌ത്യാനികൾ എന്നു വിളിക്കപ്പെട്ടു

ഒരു സംവത്സരം മുഴുവൻ ബർന്നബാസും ശൗലും “വളരെയേറെ ആളുകളെ പഠിപ്പിച്ചു. അന്ത്യൊക്ക്യയിൽ വെച്ചായിരുന്നു ശിഷ്യന്മാർ ദിവ്യ മാർഗനിർദേശപ്രകാരം ക്രിസ്‌ത്യാനികൾ എന്ന്‌ ആദ്യമായി വിളിക്കപ്പെട്ടത്‌.” യേശുവിന്റെ അനുഗാമികളെ ആദ്യം ക്രിസ്‌ത്യാനികൾ (ഗ്രീക്ക്‌) അഥവാ മിശിഹാക്കാർ (എബ്രായ) എന്നു വിളിച്ചത്‌ യഹൂദന്മാരായിരിക്കാൻ ഒരു സാധ്യതയുമില്ല. കാരണം അവർ യേശുവിനെ മിശിഹാ അഥവാ ക്രിസ്‌തു ആയി അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട്‌ അവന്റെ അനുഗാമികളെ ക്രിസ്‌ത്യാനികൾ എന്നു വിളിച്ചുകൊണ്ട്‌ യേശു ക്രിസ്‌തുവാണെന്ന്‌ അവർ പരോക്ഷമായി സൂചിപ്പിക്കുമായിരുന്നില്ല. വിജാതീയർ ഒരു തമാശയായോ പരിഹാസ രൂപേണയോ ക്രിസ്‌തു ശിഷ്യന്മാർക്ക്‌ ക്രിസ്‌ത്യാനികൾ എന്ന പേര്‌ നൽകിയിരിക്കാമെന്നു ചിലർ കരുതുന്നു. എന്നാൽ ക്രിസ്‌ത്യാനികൾ എന്ന പേര്‌ ദൈവം നൽകിയതാണെന്നു ബൈബിൾ പ്രകടമാക്കുന്നു.—പ്രവൃത്തികൾ 11:26, NW.

ഈ പുതിയ പേരിനോടുള്ള ബന്ധത്തിൽ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്ന ക്രിയാപദത്തെ കേവലം “വിളിക്കപ്പെട്ടു” എന്നാണു പൊതുവെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. എന്നാൽ ആ ക്രിയാപദം വെളിപ്പാടിനോടോ പ്രകൃത്യതീതമോ ദിവ്യമോ ആയ എന്തിനോടെങ്കിലുമോ എല്ലായ്‌പോഴും ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ പണ്ഡിതന്മാർ അതിനെ “വെളിപ്പാടുണ്ടാകുക,” “ദിവ്യ പ്രഖ്യാപനം നടത്തുക,” “ദിവ്യ കൽപ്പനയോ ഉദ്‌ബോധനമോ നൽകുക, സ്വർഗത്തിൽനിന്ന്‌ പഠിപ്പിക്കുക” എന്നിങ്ങനെയാണു പരിഭാഷപ്പെടുത്തുന്നത്‌. യേശുവിന്റെ അനുഗാമികൾ ക്രിസ്‌ത്യാനികൾ എന്നു വിളിക്കപ്പെട്ടത്‌ “ദിവ്യ മാർഗനിർദേശപ്രകാരം” ആയതിനാൽ, ആ പേരു നൽകാൻ യഹോവ ശൗലിനെയും ബർന്നബാസിനെയും നയിച്ചിരിക്കാൻ ഇടയുണ്ട്‌.

പുതിയ പേര്‌ നിലനിന്നു. തങ്ങളുടേതിൽനിന്നു വളരെ വ്യത്യസ്‌തമായ യഹൂദമതത്തിന്റെ ഒരു അവാന്തര വിഭാഗമായി യേശുവിന്റെ ശിഷ്യന്മാർ മേലാൽ തെറ്റിദ്ധരിക്കപ്പെടുമായിരുന്നില്ല. പൊ.യു. 58 ആയപ്പോഴേക്കും, റോമൻ അധികാരികൾക്കു ക്രിസ്‌ത്യാനികളെ കുറിച്ച്‌ വളരെ നന്നായി അറിയാമായിരുന്നു. (പ്രവൃത്തികൾ 26:28) ചരിത്രകാരനായ ടാസിറ്റസ്‌ പറയുന്നതനുസരിച്ച്‌ പൊ.യു. 64 ആയപ്പോഴേക്കും റോമിലെ ജനങ്ങൾക്കും ക്രിസ്‌ത്യാനി എന്ന പദം പരിചിതമായിക്കഴിഞ്ഞിരുന്നു.

യഹോവ തന്റെ വിശ്വസ്‌തരെ ഉപയോഗിക്കുന്നു

അന്ത്യൊക്ക്യയിൽ സുവാർത്തയ്‌ക്കു വലിയ പുരോഗതിയുണ്ടായി. യഹോവയുടെ അനുഗ്രഹവും പ്രസംഗം തുടരാനുള്ള യേശുവിന്റെ അനുഗാമികളുടെ ദൃഢനിശ്ചയവും നിമിത്തം അന്ത്യൊക്ക്യ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനിത്വത്തിന്റെ കേന്ദ്രമായിത്തീർന്നു. വിദൂര രാജ്യങ്ങളിലേക്കു സുവാർത്ത പ്രചരിപ്പിക്കുന്നതിനുള്ള ഒരു താവളമായി ദൈവം അവിടത്തെ സഭയെ ഉപയോഗിച്ചു. ദൃഷ്ടാന്തത്തിന്‌, പൗലൊസ്‌ ഓരോ പുതിയ മിഷനറി യാത്രയ്‌ക്കും പുറപ്പെട്ടത്‌ അന്ത്യൊക്ക്യയിൽനിന്ന്‌ ആയിരുന്നു.

സമാനമായി ആധുനികകാലത്തും, പീഡനത്തിൻ മധ്യേയുള്ള തീക്ഷ്‌ണതയും ദൃഢനിശ്ചയവും സത്യക്രിസ്‌ത്യാനിത്വത്തിന്റെ വ്യാപനത്തിനു സഹായിച്ചിരിക്കുന്നു. സുവാർത്ത കേൾക്കാനും അതിനോടു വിലമതിപ്പു പ്രകടിപ്പിക്കാനുമുള്ള അവസരം അത്‌ അനേകർക്ക്‌ പ്രദാനം ചെയ്‌തിരിക്കുന്നു. * നിർമലാരാധനയെ പിന്താങ്ങുന്നതിന്റെ ഫലമായി നിങ്ങൾക്ക്‌ എതിർപ്പു നേരിടുന്നെങ്കിൽ, യഹോവ അത്‌ അനുവദിക്കുന്നതിന്‌ തക്കതായ കാരണങ്ങൾ ഉണ്ടെന്നു മനസ്സിൽ പിടിക്കുക. ഒന്നാം നൂറ്റാണ്ടിലെപ്പോലെതന്നെ ഇന്നും ദൈവരാജ്യത്തെ കുറിച്ച്‌ കേൾക്കാനും അതിന്റെ പക്ഷത്തു നില ഉറപ്പിക്കാനും ഉള്ള അവസരം ആളുകൾക്കു ലഭിക്കണം. യഹോവയെ തുടർന്നും വിശ്വസ്‌തമായി സേവിക്കാനുള്ള നിങ്ങളുടെ ദൃഢനിശ്ചയമായിരിക്കാം സത്യത്തെ കുറിച്ചുള്ള സൂക്ഷ്‌മപരിജ്ഞാനം നേടുന്നതിനു മറ്റുള്ളവരെ സഹായിക്കാൻ ആവശ്യമായിരിക്കുന്നത്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 9 നല്ല വെളിച്ചമുള്ള സമയത്ത്‌ അന്ത്യൊക്ക്യയുടെ തെക്കുപടിഞ്ഞാറുള്ള കാസിയസ്‌ മലയിൽനിന്ന്‌ നോക്കിയാൽ കുപ്രൊസ്‌ ദ്വീപ്‌ കാണാം.

[26, 27 പേജിലെ ചതുരം/ചിത്രങ്ങൾ]

ശൗലിന്റെ “നിശ്ശബ്ദ വർഷങ്ങൾ”

ശൗൽ പൊ.യു. 45-ൽ അന്ത്യൊക്ക്യയിലേക്കു പോകുന്നതിനു മുമ്പ്‌, അവനെ കുറിച്ച്‌ പ്രവൃത്തികളുടെ പുസ്‌തകത്തിലുള്ള അവസാനത്തെ പരാമർശം, അവനെ കൊല്ലാനുള്ള ഒരു ഗൂഢാലോചന പരാജയപ്പെടുത്തിക്കൊണ്ട്‌ സഹവിശ്വാസികൾ അവനെ തർസൊസിലേക്ക്‌ അയച്ചതിനെ സംബന്ധിച്ചുള്ളതാണ്‌. (പ്രവൃത്തികൾ 9:28-30; 11:25) പക്ഷേ അത്‌ ഏകദേശം ഒമ്പതു വർഷം മുമ്പ്‌, പൊ.യു. 36-ൽ ആയിരുന്നു. എന്നാൽ അതിനിടയ്‌ക്കുള്ള സമയത്ത്‌—അത്‌ ശൗലിന്റെ നിശ്ശബ്ദ വർഷങ്ങൾ എന്ന്‌ അറിയപ്പെടുന്നു—അവൻ എന്തു ചെയ്യുകയായിരുന്നു?

യെരൂശലേമിൽനിന്ന്‌ ശൗൽ സിറിയ, കിലിക്യ എന്നീ ദിക്കുകളിലേക്കു പോയി. “മുമ്പെ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പെ മുടിച്ച വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു” എന്ന്‌ അവനെ കുറിച്ച്‌ യഹൂദയിലെ സഭകൾ കേട്ടു. (ഗലാത്യർ 1:21-23) ബർന്നബാസിനോടൊപ്പമുള്ള അന്ത്യൊക്ക്യയിലെ അവന്റെ പ്രവർത്തനത്തെ കുറിച്ചുള്ളതായിരിക്കാം ഈ റിപ്പോർട്ട്‌. എന്നാൽ അതിനു മുമ്പ്‌ ശൗൽ തീർച്ചയായും അലസനായി കഴിയുകയല്ലായിരുന്നു. പൊ.യു. 49 ആയപ്പോഴേക്കും സിറിയയിലും കിലിക്യയിലും അനേകം സഭകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ഒന്ന്‌ അന്ത്യൊക്ക്യയിൽ ആയിരുന്നു. എന്നാൽ മറ്റുള്ളവ, ശൗലിന്റെ നിശ്ശബ്ദ വർഷങ്ങൾ എന്നു വിളിക്കപ്പെടുന്ന കാലത്തെ അവന്റെ പ്രവർത്തനങ്ങളുടെ ഫലമായിരുന്നിരിക്കാമെന്നു ചിലർ കരുതുന്നു.—പ്രവൃത്തികൾ 11:26; 15:23, 41.

ശൗലിന്റെ ജീവിതത്തിലെ പല നാടകീയ സംഭവങ്ങളും പ്രസ്‌തുത കാലഘട്ടത്തിലാണ്‌ ഉണ്ടായതെന്ന്‌ ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു. ‘ക്രിസ്‌തുവിന്റെ ശുശ്രൂഷകൻ’ എന്ന നിലയിൽ അവൻ അനുഭവിച്ച പല ക്ലേശങ്ങളും അവന്റെ മിഷനറി പ്രവർത്തന കാലത്ത്‌ ആയിരിക്കാൻ ഇടയില്ല. (2 കൊരിന്ത്യർ 11:23-27) ശൗൽ യഹൂദന്മാരിൽനിന്ന്‌ 39 അടി അഞ്ചുവട്ടം കൊണ്ടത്‌ എന്നാണ്‌? എവിടെവെച്ചാണ്‌ അവന്‌ മൂന്നുതവണ കോൽകൊണ്ട്‌ അടി കിട്ടിയത്‌? അവൻ “അധികം പ്രാവശ്യം” തടവിലായത്‌ എവിടെവെച്ചാണ്‌? റോമിൽ അവൻ തടവിലായത്‌ പിൽക്കാലത്താണ്‌. അവനെ അടിച്ച ശേഷം തടവിലാക്കിയ ഒരു വിവരണമേ ബൈബിളിലുള്ളൂ. അതു ഫിലിപ്പിയിൽ വെച്ചായിരുന്നു. സമാനമായ മറ്റു സംഭവങ്ങൾ എന്നാണു സംഭവിച്ചത്‌? (പ്രവൃത്തികൾ 16:22, 23) നിശ്ശബ്ദ വർഷങ്ങൾ എന്നു വിളിക്കപ്പെടുന്ന കാലഘട്ടത്തിൽ ശൗൽ “മത-രാഷ്‌ട്രീയ അധികാരികളിൽനിന്നു പീഡനം ഉണ്ടാകും വിധം ഡയസ്‌പോറയിലെ സിനഗോഗുകളിൽ ക്രിസ്‌തുവിനെ കുറിച്ച്‌ സാക്ഷീകരിക്കുക” ആയിരുന്നെന്ന്‌ ഒരു എഴുത്തുകാരൻ അഭിപ്രായപ്പെടുന്നു.

പൗലൊസ്‌ നാലു തവണ കപ്പൽച്ചേതത്തിൽ അകപ്പെട്ടു. അതിൽ ഒന്നിനെ കുറിച്ചുള്ള വിവരണം മാത്രമേ ബൈബിൾ നൽകുന്നുള്ളൂ. തനിക്കുണ്ടായ ക്ലേശങ്ങൾ കൊരിന്ത്യർക്കുള്ള ലേഖനത്തിൽ അവൻ പട്ടികപ്പെടുത്തിയ ശേഷമാണ്‌ അതു സംഭവിച്ചത്‌. (പ്രവൃത്തികൾ 27:27-44) അതുകൊണ്ട്‌ മറ്റു മൂന്നെണ്ണം സംഭവിച്ചത്‌ ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത അവന്റെ കപ്പൽ യാത്രകളിലാണ്‌. അവയിൽ ഏതെങ്കിലും ഒരെണ്ണമോ അല്ലെങ്കിൽ എല്ലാംതന്നെയോ “നിശ്ശബ്ദ വർഷങ്ങ”ളിൽ ആയിരിക്കാം സംഭവിച്ചത്‌.

പ്രസ്‌തുത കാലഘട്ടത്തിൽ സംഭവിച്ചതെന്നു തോന്നുന്ന മറ്റൊരു സംഭവം 2 കൊരിന്ത്യർ 12:2-5-ൽ വിവരിച്ചിരിക്കുന്നു. പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: ‘ക്രിസ്‌തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു; പരദീസയോളം എടുക്കപ്പെട്ടു; മനുഷ്യന്നു ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു.’ പ്രത്യക്ഷത്തിൽ ശൗൽ തന്നെക്കുറിച്ചുതന്നെ സംസാരിക്കുകയായിരുന്നു. അവൻ ഇത്‌ എഴുതിയത്‌ ഏകദേശം പൊ.യു. 55-ൽ ആണ്‌. അവിടെനിന്ന്‌ പിന്നോട്ട്‌ 14 വർഷം എണ്ണുമ്പോൾ പൊ.യു. 41-ൽ, അതായത്‌ “നിശ്ശബ്ദ വർഷങ്ങ”ളുടെ മധ്യത്തിൽ, എത്തുന്നു.

ആ ദർശനം ശൗലിന്‌ നിസ്സംശയമായും അതുല്യമായ ഉൾക്കാഴ്‌ച പ്രദാനം ചെയ്‌തു. “ജാതികളുടെ അപ്പൊസ്‌തലനായിരി”ക്കാൻ അവനെ സജ്ജനാക്കുന്നതിന്‌ ആയിരുന്നോ അത്‌? (റോമർ 11:13) അവന്റെ പിൽക്കാല ചിന്തയെയും എഴുത്തിനെയും സംസാരത്തെയും അതു സ്വാധീനിച്ചുവോ? ശൗലിന്റെ മതപരിവർത്തനത്തിനും അന്ത്യൊക്ക്യയിൽ സേവിക്കാനുള്ള ക്ഷണം ലഭിക്കുന്നതിനും ഇടയ്‌ക്കുള്ള വർഷങ്ങൾ ഭാവിയിൽ ഏറ്റെടുക്കാനിരുന്ന ഉത്തരവാദിത്വങ്ങൾക്കായുള്ള പരിശീലനവും പക്വതയും നേടാൻ ഉപകരിച്ചിരിക്കുമോ? അത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം എന്തുതന്നെ ആയിരുന്നാലും, അന്ത്യൊക്ക്യയിലെ പ്രസംഗവേലയ്‌ക്കു നേതൃത്വം നൽകുന്നതിനു സഹായിക്കാൻ ബർന്നബാസ്‌ ശൗലിനെ ക്ഷണിച്ചപ്പോൾ, ഉത്സാഹിയായ ശൗൽ ആ നിയമനം നിർവഹിക്കാൻ തികച്ചും യോഗ്യനായിരുന്നെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും.—പ്രവൃത്തികൾ 11:19-26.

[25-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

സിറിയ

ഒറാന്റസ്‌

അന്ത്യൊക്ക്യ

സെലൂക്യ

കുപ്രൊസ്‌

മെഡിറ്ററേനിയൻ സമുദ്രം

യെരൂശലേം

[കടപ്പാട്‌]

Mountain High Maps® Copyright © 1997 Digital Wisdom, Inc.

[24-ാം പേജിലെ ചിത്രങ്ങൾ]

മുകളിൽ: അന്ത്യൊക്ക്യ ഇന്ന്‌

മധ്യത്തിൽ: സെലൂക്യയുടെ ദക്ഷിണ ഭാഗം

താഴെ: സെലൂക്യയുടെ തുറമുഖ മതിൽ