നിങ്ങൾക്കു മനസ്സമാധാനം നേടാൻ കഴിയുമോ?
നിങ്ങൾക്കു മനസ്സമാധാനം നേടാൻ കഴിയുമോ?
അമേരിക്കൻ എഴുത്തുകാരൻ ഹെന്‌റി തൊറോ 1854-ൽ ഇങ്ങനെ എഴുതി: “മനുഷ്യസമൂഹം നിരാശ ഉള്ളിലൊതുക്കി ജീവിക്കുകയാണ്.”
അദ്ദേഹത്തിന്റെ നാളിൽ ജീവിച്ചിരുന്ന മിക്കവർക്കും മനസ്സമാധാനം ഇല്ലായിരുന്നു എന്നാണ് തെളിവുകൾ കാണിക്കുന്നത്. എന്നാൽ അത് ഏതാണ്ട് 150 വർഷങ്ങൾക്കു മുമ്പായിരുന്നു. ഇന്നു കാര്യങ്ങൾക്കു മാറ്റം വന്നിട്ടുണ്ടോ? അതോ തൊറോയുടെ വാക്കുകൾ ഇപ്പോഴും സത്യമാണോ? നിങ്ങളെ സംബന്ധിച്ചെന്ത്? നിങ്ങൾക്കു സംതൃപ്‌തിയും സമാധാനവും ഉണ്ടോ? അതോ നിങ്ങൾക്ക് അരക്ഷിതത്വവും ഭാവിയെ സംബന്ധിച്ച് അനിശ്ചിതത്വവും അനുഭവപ്പെടുന്നുവോ? തൊറോയുടെ വാക്കുകളിൽ പറഞ്ഞാൽ, നിങ്ങൾ ‘നിരാശ ഉള്ളിലൊതുക്കി ജീവിക്കുക’യാണോ?
സങ്കടകരമെന്നു പറയട്ടെ, ലോകത്തിൽ എവിടെ തിരിഞ്ഞാലും ആളുകളുടെ മനസ്സമാധാനം കെടുത്തുന്ന കാര്യങ്ങളാണ് ഉള്ളത്. അവയിൽ ചിലത് ഏതൊക്കെയാണെന്നു നോക്കൂ: പല രാജ്യങ്ങളിലും തൊഴിലില്ലായ്‌മയുടെയും കുറഞ്ഞ വരുമാനത്തിന്റെയും ഫലമായി ദാരിദ്ര്യവും സാമ്പത്തിക ഉത്‌കണ്‌ഠയുമുണ്ട്. ഇനി മറ്റു ചില രാജ്യങ്ങളിൽ, സമ്പത്തിന്റെയും ഭൗതികവസ്‌തുക്കളുടെയും പുറകെ പരക്കംപാഞ്ഞുകൊണ്ട് ആളുകൾ തങ്ങളുടെ ഊർജത്തിലധികവും ചെലവഴിക്കുന്നു. എന്നാൽ മത്സരാത്മകമായ ഇത്തരമൊരു ജീവിതരീതി സമാധാനമല്ല, മറിച്ച് ഉത്‌കണ്‌ഠയാണു കൈവരുത്തുന്നത്. രോഗം, യുദ്ധം, കുറ്റകൃത്യം, അന്യായം, മർദനം എന്നിവയും ആളുകളുടെ സമാധാനം കവർന്നുകളയുന്നു.
അവർ മനസ്സമാധാനം തേടുകയായിരുന്നു
ഇന്നത്തെ ലോകത്തിലെ അവസ്ഥകൾ മെച്ചപ്പെടുത്താൻ പലരും ആഗ്രഹിക്കുന്നു. ബ്രസീലിലെ സാവൊ പൗലോയിലുള്ള ഒരു വലിയ ഫാക്ടറിയിലെ തൊഴിലാളി നേതാവായിരുന്നു ആന്റോണ്യൂ. * ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനാകുമെന്ന പ്രത്യാശയിൽ അദ്ദേഹം പ്രതിഷേധ പ്രകടനങ്ങളിലും മറ്റും പങ്കെടുത്തു. എന്നാൽ അവയൊന്നും അദ്ദേഹത്തിനു മനസ്സമാധാനം നൽകിയില്ല.
വിവാഹം തങ്ങളുടെ ജീവിതത്തിൽ ഒരളവു വരെയുള്ള ശാന്തി കൈവരുത്തുമെന്നു ചിലർ പ്രത്യാശിക്കുന്നു. എന്നാൽ അവർ നിരാശരായേക്കാം. ബിസിനസ് രംഗത്ത് തിളങ്ങി നിന്നിരുന്ന ഒരു വ്യക്തിയായിരുന്നു മാർക്കോസ്. അദ്ദേഹം രാഷ്‌ട്രീയത്തിൽ ഉൾപ്പെടുകയും ഒരു വ്യവസായ നഗരത്തിന്റെ മേയർ ആയിത്തീരുകയും ചെയ്‌തു. എന്നാൽ അദ്ദേഹത്തിന്റെ കുടുംബജീവിതം തികഞ്ഞ പരാജയമായിരുന്നു. കുട്ടികളൊക്കെ വളർന്നു വീടുവിട്ടുപോയപ്പോൾ ഒരുതരത്തിലും യോജിച്ചുപോകാനാവാതെ അദ്ദേഹവും ഭാര്യയും തങ്ങളുടെ ബന്ധം വേർപെടുത്തി.
ബ്രസീലിലെ സാൽവഡോറിൽ ഒരു തെരുവു ബാലനായി കഴിഞ്ഞിരുന്ന ഗെർസോൻ ജീവിതം സാഹസികത നിറഞ്ഞതായിരിക്കാൻ ആഗ്രഹിച്ചു. അവൻ ട്രക്ക് ഡ്രൈവർമാരോടൊപ്പം നഗരംതോറും ചുറ്റിയടിക്കാൻ തുടങ്ങി. അധികം താമസിയാതെ
അവൻ മയക്കുമരുന്നിന് അടിമപ്പെടുകയും അതു വാങ്ങുന്നതിനുള്ള പണത്തിനായി മോഷണം തുടങ്ങുകയും ചെയ്‌തു. പല പ്രാവശ്യം അവൻ പോലീസിന്റെ പിടിയിലായി. അക്രമാസക്തനും പരുക്കൻ സ്വഭാവിയുമൊക്കെ ആയിരുന്നെങ്കിലും ഗെർസോനും മനസ്സമാധാനത്തിനായി വെമ്പുകയായിരുന്നു. അവന് അത് എന്നെങ്കിലും ലഭിക്കുമായിരുന്നോ?വാനീയ ചെറുപ്പമായിരിക്കുമ്പോൾത്തന്നെ അവളുടെ അമ്മ മരിച്ചു. വീട്ടുകാര്യങ്ങൾ നോക്കിനടത്താനും രോഗിയായ സഹോദരിയെ പരിചരിക്കാനുമുള്ള ഉത്തരവാദിത്വം അവളുടെ ചുമലിലായി. പള്ളിയിൽ പോകുമായിരുന്നെങ്കിലും ദൈവം തന്നെ കൈവിട്ടെന്നാണു വാനീയയ്‌ക്കു തോന്നിയിരുന്നത്. തീർച്ചയായും അവൾക്കു മനസ്സമാധാനം ഇല്ലായിരുന്നു.
ഇനി, മാർസെല്ലൂവിന്റെ കാര്യമെടുക്കാം. അവൻ ഉല്ലാസങ്ങളുടെ പുറകേയായിരുന്നു. കുടിച്ച് കൂത്താടുകയും മയക്കുമരുന്ന് ഉപയോഗിക്കുകയുമൊക്കെ ചെയ്‌തുകൊണ്ട് മറ്റു യുവജനങ്ങളുമൊത്തു സമയം ചെലവഴിക്കാനായിരുന്നു അവന് ഇഷ്ടം. ഒരിക്കൽ അവൻ വഴക്കടിക്കുകയും മറ്റൊരു യുവാവിനെ പരിക്കേൽപ്പിക്കുകയും ചെയ്‌തു. അതുകഴിഞ്ഞപ്പോൾ കുറ്റബോധം അവനെ കാർന്നുതിന്നാൻ തുടങ്ങി. സഹായത്തിനായി അവൻ ദൈവത്തോട് അപേക്ഷിച്ചു. അവനും മനസ്സമാധാനത്തിനായി വാഞ്‌ഛിച്ചു.
മനസ്സമാധാനം കെടുത്തിയേക്കാവുന്ന ചില സാഹചര്യങ്ങൾ ഈ അനുഭവങ്ങളിലൂടെ നാം കണ്ടുകഴിഞ്ഞു. ആ തൊഴിലാളി നേതാവിനും രാഷ്‌ട്രീയക്കാരനും തെരുവു ബാലനും താങ്ങാവുന്നതിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്ന പെൺകുട്ടിക്കും ഉല്ലാസപ്രിയനുമൊക്കെ അവർ ആഗ്രഹിച്ച മനസ്സമാധാനം കിട്ടാൻ എന്തെങ്കിലും വഴിയുണ്ടായിരുന്നോ? അവരുടെ അനുഭവങ്ങളിൽനിന്നു നമുക്കെന്തെങ്കിലും പഠിക്കാൻ കഴിയുമോ? അടുത്ത ലേഖനത്തിൽ നാം കാണാൻ പോകുന്നതുപോലെ രണ്ടു ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഉവ്വ് എന്നാണ്.
[അടിക്കുറിപ്പുകൾ]
^ ഖ. 6 ചില പേരുകൾ മാറ്റിയിട്ടുണ്ട്.
[3-ാം പേജിലെ ചിത്രം]
നിങ്ങൾ മനസ്സമാധാനത്തിനായി വാഞ്‌ഛിക്കുന്നുവോ?