ഉത്സാഹത്തോടെ സുവാർത്ത ഘോഷിക്കുക
ഉത്സാഹത്തോടെ സുവാർത്ത ഘോഷിക്കുക
“ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ.”—റോമർ 12:11.
1, 2. സുവാർത്താ പ്രസംഗകർ എന്ന നിലയിൽ ക്രിസ്ത്യാനികൾ ഏതു മനോഭാവം നിലനിറുത്താൻ കഠിനശ്രമം ചെയ്യുന്നു?
ഒരു പുതിയ ജോലി ലഭിച്ച ചെറുപ്പക്കാരൻ അതിൽ വളരെ സന്തോഷവാനാണ്. ജോലിയുടെ ആദ്യദിവസം, തൊഴിൽ ഉടമയിൽനിന്നുള്ള നിർദേശങ്ങൾക്കായി അയാൾ ആകാംക്ഷാപൂർവം കാത്തിരിക്കുന്നു. തനിക്കു ലഭിക്കുന്ന ആദ്യ നിയമനം അയാൾ വളരെ ഗൗരവമായെടുക്കുന്നു. കഴിവിന്റെ പരമാവധി ചെയ്യാൻ അയാൾ ഉത്സാഹമുള്ളവനാണ്.
2 സമാനമായി, ക്രിസ്ത്യാനികൾ എന്ന നിലയിൽ നമുക്കും നമ്മെത്തന്നെ പുതിയ ജോലിക്കാരായി വീക്ഷിക്കാൻ കഴിയും. എന്നേക്കും ജീവിക്കാൻ നാം പ്രത്യാശിക്കുന്നതിനാൽ, യഹോവയ്ക്കായുള്ള നമ്മുടെ വേല ആരംഭിച്ചിട്ടേയുള്ളൂ എന്നു പറയാനാകും. സകല നിത്യതയിലും നമ്മെ തിരക്കുള്ളവരാക്കി നിറുത്തുന്ന അസംഖ്യം ജോലികൾ നമ്മുടെ സ്രഷ്ടാവ് നമുക്കുവേണ്ടി കരുതിയിട്ടുണ്ട്. എന്നാൽ, അവന്റെ രാജ്യത്തെ സംബന്ധിച്ച സുവാർത്ത ഘോഷിക്കാനുള്ള നിയോഗമാണ് ഏറ്റവും ആദ്യം നമുക്കു ലഭിച്ചത്. (1 തെസ്സലൊനീക്യർ 2:4) ദൈവത്തിൽനിന്നുള്ള ഈ നിയമനത്തെ നാം എങ്ങനെ വീക്ഷിക്കുന്നു? ആ ചെറുപ്പക്കാരനെപ്പോലെ, തീക്ഷ്ണതയോടും സന്തോഷത്തോടും കൂടെ നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യാൻ നാം ആഗ്രഹിക്കുന്നു, അതേ അത്യുത്സാഹത്തോടെ!
3. സുവാർത്തയുടെ ഒരു ശുശ്രൂഷകൻ എന്ന നിലയിൽ വിജയിക്കുന്നതിന് എന്താണ് ആവശ്യമായിരിക്കുന്നത്?
3 അത്തരം ഒരു ക്രിയാത്മക മനോഭാവം നിലനിറുത്തുന്നത് തീർച്ചയായും ഒരു വെല്ലുവിളിയാണ്. കാരണം, ശുശ്രൂഷയ്ക്കു പുറമേ നമുക്കു മറ്റ് അനവധി ഉത്തരവാദിത്വങ്ങളുണ്ട്. അവയിൽ ചിലതു നമ്മെ ശാരീരികമായും മാനസികമായും ക്ഷീണിപ്പിച്ചേക്കാം. എന്നാൽ ശുശ്രൂഷയ്ക്കു മതിയായ ശ്രദ്ധ നൽകിക്കൊണ്ടുതന്നെ ഈ ഉത്തരവാദിത്വങ്ങളും നിർവഹിക്കാൻ നമുക്കു മിക്കപ്പോഴും സാധിക്കുന്നു. അതിന് തുടർച്ചയായ ഒരു പോരാട്ടം ആവശ്യമായിരുന്നേക്കാം. (മർക്കൊസ് 8:34) ക്രിസ്ത്യാനികൾ എന്ന നിലയിൽ വിജയിക്കുന്നതിന് കഠിന ശ്രമം ആവശ്യമാണെന്ന് യേശു ഊന്നിപ്പറഞ്ഞു.—ലൂക്കൊസ് 13:24.
4. ദൈനംദിന ഉത്കണ്ഠകൾ നമ്മുടെ ആത്മീയ വീക്ഷണത്തെ എങ്ങനെ ബാധിച്ചേക്കാം?
4 ധാരാളം കാര്യങ്ങൾ ചെയ്യാനുള്ളതിനാൽ ചില അവസരങ്ങളിൽ മടുപ്പു തോന്നുക സ്വാഭാവികമാണ്. “ഉപജീവനചിന്ത”കൾ ദിവ്യാധിപത്യ പ്രവർത്തനങ്ങളിലെ നമ്മുടെ തീക്ഷ്ണതയും വിലമതിപ്പും കുറച്ചുകളഞ്ഞേക്കാം. (ലൂക്കൊസ് 21:34, 35; മർക്കൊസ് 4:18, 19) നമ്മുടെ അപൂർണത നിമിത്തം നാം ‘ആദ്യസ്നേഹം വിട്ടുകളയാൻ’ ഇടയുണ്ട്. (വെളിപ്പാടു 2:1-4) യഹോവയ്ക്കുള്ള നമ്മുടെ സേവനത്തിന്റെ ചില വശങ്ങൾ വെറുമൊരു കടമനിർവഹണംപോലെ ആയിത്തീർന്നേക്കാം. ശുശ്രൂഷയിലുള്ള നമ്മുടെ തീക്ഷ്ണത സജീവമായി നിലനിറുത്താൻ ബൈബിൾ എങ്ങനെയാണു നമ്മെ പ്രോത്സാഹിപ്പിക്കുന്നത്?
നമ്മുടെ ഹൃദയത്തിലെ ‘കത്തുന്ന തീ’ പോലെ
5, 6. തന്റെ പ്രസംഗ പദവിയെ പൗലൊസ് അപ്പൊസ്തലൻ എങ്ങനെ വീക്ഷിച്ചു?
5 യഹോവ നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന ശുശ്രൂഷയെ പ്രാധാന്യമില്ലാത്ത ഒരു സംഗതിയായി വീക്ഷിക്കരുത്. കാരണം, അത് അത്ര അമൂല്യമാണ്. പൗലൊസ് അപ്പൊസ്തലൻ സുവാർത്താ പ്രസംഗത്തെ വിലപ്പെട്ട ഒരു പദവിയായി വീക്ഷിച്ചു. ആ നിയമനം ഏറ്റെടുക്കാൻ താൻ യോഗ്യനല്ലെന്ന് അവൻ കരുതി. അവൻ ഇങ്ങനെ പറഞ്ഞു: “സകലവിശുദ്ധന്മാരിലും ഏററവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു പ്രസംഗിപ്പാനും സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.”—എഫെസ്യർ 3:8, 9.
6 ശുശ്രൂഷയെ സംബന്ധിച്ച് പൗലൊസിന് ഉണ്ടായിരുന്ന നല്ല മനോഭാവം നമുക്ക് ഒരു ഉത്തമ മാതൃകയാണ്. റോമർക്കുള്ള തന്റെ ലേഖനത്തിൽ അവൻ ഇങ്ങനെ പ്രസ്താവിച്ചു: “സുവിശേഷം പ്രസംഗിക്കാൻ എനിക്കു തീവ്രമായ ആഗ്രഹമുണ്ട്.” അവൻ സുവിശേഷത്തെ കുറിച്ചു ലജ്ജിച്ചില്ല. (റോമർ 1:15, 16, ഓശാന ബൈബിൾ) അവന് ശരിയായ മനോഭാവമുണ്ടായിരുന്നു. തന്റെ ശുശ്രൂഷ നിർവഹിക്കാൻ അവൻ അത്യുത്സാഹമുള്ളവനുമായിരുന്നു.
7. റോമർക്കുള്ള ലേഖനത്തിൽ പൗലൊസ് എന്തു മുന്നറിയിപ്പു നൽകി?
7 തീക്ഷ്ണത നിലനിറുത്തേണ്ടതിന്റെ ആവശ്യം പൗലൊസ് അപ്പൊസ്തലൻ തിരിച്ചറിഞ്ഞു. അതുകൊണ്ട് റോമിലെ ക്രിസ്ത്യാനികളെ അവൻ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ.” (റോമർ 12:11) ‘മടുപ്പ്’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അർഥം “മാന്ദ്യം, അലസത” എന്നൊക്കെയാണ്. നമ്മുടെ ശുശ്രൂഷയിൽ നാം വാസ്തവത്തിൽ മടുപ്പുള്ളവർ അല്ലായിരുന്നേക്കാമെങ്കിലും, ആത്മീയ മാന്ദ്യത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ സംബന്ധിച്ചു നാം എല്ലാവരും ജാഗ്രത പാലിക്കണം. അത്തരം ലക്ഷണങ്ങൾ നമ്മിൽ കാണുന്നെങ്കിൽ നമ്മുടെ മനോഭാവത്തിൽ ആവശ്യമായ ക്രമപ്പെടുത്തലുകൾ വരുത്തണം.—സദൃശവാക്യങ്ങൾ 22:3.
8. (എ) യിരെമ്യാവിന്റെ ഹൃദയത്തിൽ ‘കത്തുന്ന തീ’ പോലെ ആയിത്തീർന്നത് എന്ത്, എന്തുകൊണ്ട്? (ബി) യിരെമ്യാവിന്റെ അനുഭവത്തിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും?
8 നാം നിരുത്സാഹിതർ ആയിത്തീരുമ്പോഴും ദൈവാത്മാവിനു നമ്മെ സഹായിക്കാനാകും. ദൃഷ്ടാന്തത്തിന്, യിരെമ്യാ പ്രവാചകന് ഒരവസരത്തിൽ നിരാശ തോന്നുകയും തന്റെ പ്രവാചക വേല നിറുത്തുന്നതിനെ കുറിച്ച് അവൻ ആലോചിക്കുകയും ചെയ്തു. യഹോവയെ കുറിച്ച്, “ഞാൻ ഇനി അവനെ ഓർക്കുകയില്ല, അവന്റെ നാമത്തിൽ സംസാരിക്കയുമില്ല” എന്നു പോലും അവൻ പറഞ്ഞു. യിരെമ്യാവിന് ആത്മീയത ഇല്ലായിരുന്നു എന്നതിന്റെ തെളിവായിരുന്നോ അത്? അല്ലായിരുന്നു. വാസ്തവത്തിൽ, ശക്തമായ ആത്മീയതയും യഹോവയോടുള്ള സ്നേഹവും സത്യത്തോടുള്ള തീക്ഷ്ണതയുമാണ് പ്രവാചക വേല തുടരാൻ യിരെമ്യാവിനെ പ്രാപ്തനാക്കിയത്. അവൻ വിശദീകരിക്കുന്നു: “[യഹോവയുടെ വചനം] എന്റെ അസ്ഥികളിൽ അടെക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; യിരെമ്യാവു 20:9) വിശ്വസ്ത ദൈവദാസന്മാർക്കു ചിലപ്പോഴൊക്കെ നിരുത്സാഹം തോന്നുക സ്വാഭാവികമാണ്. എന്നാൽ യിരെമ്യാവിനെ പോലെ, യഹോവയുടെ വചനം അവരുടെ ഹൃദയത്തിൽ ഉണ്ടെങ്കിൽ അവർ സഹായത്തിനായി പ്രാർഥിക്കുമ്പോൾ യഹോവ അവരുടെ ഹൃദയങ്ങൾ വായിക്കുകയും അവർക്ക് പരിശുദ്ധാത്മാവിനെ സമൃദ്ധമായി നൽകുകയും ചെയ്യും.—ലൂക്കൊസ് 11:9-13; പ്രവൃത്തികൾ 15:8.
ഞാൻ സഹിച്ചു തളർന്നു എനിക്കു വഹിയാതെയായി.” (“ആത്മാവിനെ കെടുക്കരുതു”
9. പരിശുദ്ധാത്മാവിന്റെ സഹായം ലഭിക്കുന്നതിനെ എന്ത് തടസ്സപ്പെടുത്തിയേക്കാം?
9 “ആത്മാവിനെ കെടുക്കരുതു” എന്ന് പൗലൊസ് അപ്പൊസ്തലൻ തെസ്സലൊനീക്യരെ ഉദ്ബോധിപ്പിച്ചു. (1 തെസ്സലൊനീക്യർ 5:19) അതേ, ദൈവിക തത്ത്വങ്ങൾക്ക് എതിരായുള്ള പ്രവർത്തനങ്ങളും മനോഭാവങ്ങളും നമുക്കു പരിശുദ്ധാത്മാവിന്റെ സഹായം ലഭിക്കുന്നതിനു തടസ്സമായേക്കാം. (എഫെസ്യർ 4:30) ഇന്നു ക്രിസ്ത്യാനികൾക്ക് സുവാർത്ത പ്രസംഗിക്കുന്നതിനുള്ള നിയമനമുണ്ട്. നാം ഈ പദവിയെ ആഴമായ ആദരവോടെ വീക്ഷിക്കുന്നു. ദൈവത്തെ അറിയാത്തവർ നമ്മുടെ പ്രസംഗവേലയെ പുച്ഛത്തോടെ വീക്ഷിക്കുന്നതിൽ അതിശയിക്കാനില്ല. എന്നാൽ ഒരു ക്രിസ്ത്യാനി തന്റെ ശുശ്രൂഷയെ മനഃപൂർവം അവഗണിക്കുന്നെങ്കിൽ, നമുക്കു പ്രചോദനമേകുന്ന ദൈവാത്മാവായ തീയെ അതു കെടുത്തിക്കളഞ്ഞേക്കാം.
10. (എ) സഹമനുഷ്യരുടെ വീക്ഷണം നമ്മെ ബാധിച്ചേക്കാവുന്നത് എങ്ങനെ? (ബി) നമ്മുടെ ശുശ്രൂഷയെ കുറിച്ചുള്ള ശ്രേഷ്ഠമായ ഏതു വീക്ഷണം 2 കൊരിന്ത്യർ 2:17-ൽ കാണാവുന്നതാണ്?
10 ക്രിസ്തീയ സഭയ്ക്കു വെളിയിലുള്ള ചിലർ നമ്മുടെ ശുശ്രൂഷയെ വെറും സാഹിത്യ വിതരണമായിട്ടായിരിക്കാം വീക്ഷിക്കുന്നത്. നാം വീടുതോറും പോകുന്നത് സംഭാവന വാങ്ങാനാണെന്നു മറ്റു ചിലർ തെറ്റായി നിഗമനം ചെയ്തേക്കാം. അത്തരം നിഷേധാത്മക വീക്ഷണങ്ങൾ നമ്മെ സ്വാധീനിക്കാൻ നാം അനുവദിക്കുന്ന പക്ഷം, ശുശ്രൂഷയിലെ നമ്മുടെ ഫലപ്രദത്വം കുറഞ്ഞു പോകാനിടയുണ്ട്. അതുകൊണ്ട്, നമ്മുടെ ശുശ്രൂഷയെ കുറിച്ച് യഹോവയ്ക്കും യേശുവിനുമുള്ള അതേ വീക്ഷണം നമുക്കു നിലനിറുത്താം. പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ പൗലൊസ് അപ്പൊസ്തലൻ ആ ശ്രേഷ്ഠ വീക്ഷണം പ്രകടമാക്കി: “അനേകരെപോലെ ദൈവവചനം കൊണ്ടുനടന്നു വിൽക്കുന്നവരല്ല ഞങ്ങൾ, മറിച്ച് ആത്മാർഥത നിമിത്തം അതേ, ദൈവത്താൽ അയയ്ക്കപ്പെട്ടവരായി, ദൈവത്തിന്റെ നിരീക്ഷണത്തിൽ, ക്രിസ്തുവിനോടുള്ള കൂട്ടായ്മയിൽ, ആണു ഞങ്ങൾ സംസാരിക്കുന്നത്.”—2 കൊരിന്ത്യർ 2:17, NW.
11. പീഡനത്തിൻ കീഴിലും തീക്ഷ്ണത നിലനിറുത്താൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ സഹായിച്ചത് എന്ത്, അവരുടെ ദൃഷ്ടാന്തം നമ്മെ എങ്ങനെ ബാധിക്കണം?
11 യേശുവിന്റെ മരണത്തിനു ശേഷം അധികം താമസിയാതെ, യെരൂശലേമിലെ അവന്റെ ശിഷ്യന്മാർ പീഡനം അനുഭവിച്ചു. യഹൂദന്മാരുടെ ന്യായാധിപസംഘം അവരെ ഭീഷണിപ്പെടുത്തുകയും പ്രസംഗിക്കരുതെന്ന് അവരോടു കൽപ്പിക്കുകയും ചെയ്തു. എന്നിട്ടും അവർ “പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു” എന്നു ബൈബിൾ പറയുന്നു. പ്രവൃത്തികൾ 4:17, 21, 31) ഏതാനും വർഷങ്ങൾക്കു ശേഷം പൗലൊസ് തിമൊഥെയൊസിന് എഴുതിയപ്പോൾ, ക്രിസ്ത്യാനികൾ നിലനിറുത്തേണ്ട വസ്തുനിഷ്ഠമായ മനോഭാവം എന്താണെന്ന് അവൻ വ്യക്തമാക്കി. പൗലൊസ് ഇങ്ങനെ പറഞ്ഞു: “ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു. അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.”—2 തിമൊഥെയൊസ് 1:7, 8.
(നമ്മുടെ അയൽക്കാരനോടു നാം എന്തു കടപ്പെട്ടിരിക്കുന്നു?
12. നാം സുവാർത്ത പ്രസംഗിക്കുന്നതിന്റെ മുഖ്യ കാരണമെന്ത്?
12 നമ്മുടെ ശുശ്രൂഷയോടു ശരിയായ ഒരു മനോഭാവം ഉണ്ടായിരിക്കണമെങ്കിൽ നമ്മുടെ ആന്തരം ശരിയായിരിക്കണം. നാം പ്രസംഗിക്കേണ്ടത് എന്തുകൊണ്ട്? പ്രധാന കാരണം സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകളിൽ കാണാവുന്നതാണ്: “യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്റെ ഭക്തന്മാർ നിന്നെ വാഴ്ത്തും. മനുഷ്യപുത്രന്മാരോടു അവൻറ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിൻ തേജസ്സുള്ള മഹത്വവും പ്രസ്താവിക്കേണ്ടതിന്നു അവർ നിന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും.” (സങ്കീർത്തനം 145:10-12) അതേ, യഹോവയെ പരസ്യമായി വാഴ്ത്താനും മുഴു മനുഷ്യവർഗത്തിന്റെയും മുമ്പാകെ അവന്റെ നാമത്തെ വിശുദ്ധീകരിക്കാനുമാണു നാം പ്രസംഗിക്കുന്നത്. നമ്മുടെ രക്ഷാസന്ദേശം അധികമാരും ശ്രദ്ധിക്കാത്തപ്പോൾ പോലും, നാം അതു വിശ്വസ്തമായി ഘോഷിക്കുന്നത് യഹോവയ്ക്കു സ്തുതി കൈവരുത്തുന്നു.
13. രക്ഷയുടെ പ്രത്യാശയെ കുറിച്ചു മറ്റുള്ളവരോടു പറയാൻ എന്തു നമ്മെ പ്രേരിപ്പിക്കുന്നു?
13 മാത്രവുമല്ല, ആളുകളോടുള്ള സ്നേഹം നിമിത്തവും രക്തപാതകം ഒഴിവാക്കാൻ വേണ്ടിയും നാം പ്രസംഗിക്കുന്നു. (യെഹെസ്കേൽ 33:8; മർക്കൊസ് 6:34) ക്രിസ്തീയ സഭയ്ക്കു വെളിയിൽ ഉള്ളവരെ കുറിച്ചു പൗലൊസ് പറഞ്ഞ പിൻവരുന്ന വാക്കുകൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു: “യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.” (റോമർ 1:14) “സകലമനുഷ്യരും രക്ഷപ്രാപി”ക്കണമെന്നുള്ളതു ദൈവേഷ്ടമായതിനാൽ, ആളുകളോടു സുവാർത്ത ഘോഷിക്കാൻ പൗലൊസിനു കടപ്പാടു തോന്നി. (1 തിമൊഥെയൊസ് 2:4) ഇന്ന് നമ്മുടെ അയൽക്കാരോടു നമുക്കും അതേ സ്നേഹവും കടപ്പാടും തോന്നുന്നു. മനുഷ്യവർഗത്തിനു വേണ്ടി മരിക്കുന്നതിന് തന്റെ പുത്രനെ ഭൂമിയിലേക്ക് അയയ്ക്കാൻ അവരോടുള്ള സ്നേഹം യഹോവയെ പ്രേരിപ്പിച്ചു. (യോഹന്നാൻ 3:16) അത് ഒരു വലിയ ത്യാഗമായിരുന്നു. യേശുവിന്റെ യാഗത്തിൽ അധിഷ്ഠിതമായ രക്ഷാസുവാർത്ത മറ്റുള്ളവരോടു പറയാനായി നാം സമയം ചെലവഴിക്കുകയും ശ്രമിക്കുകയും ചെയ്യുമ്പോൾ നാം യഹോവയുടെ സ്നേഹത്തെ അനുകരിക്കുകയാണ്.
14. ക്രിസ്തീയ സഭയ്ക്കു വെളിയിലുള്ള ലോകത്തെ ബൈബിൾ വിവരിക്കുന്നത് എങ്ങനെ?
14 യഹോവയുടെ സാക്ഷികൾ സഹമനുഷ്യരെ ക്രിസ്തീയ സഹോദരവർഗത്തിന്റെ അംഗങ്ങളാകാൻ സാധ്യതയുള്ളവരായി വീക്ഷിക്കുന്നു. നാം ധൈര്യസമേതം പ്രസംഗിക്കണം, എന്നാൽ നമ്മുടെ ധൈര്യം ആക്രമണപരമല്ല. പൊതുവിലുള്ള ലോകത്തെ കുറിച്ചു സംസാരിക്കുമ്പോൾ ബൈബിൾ ശക്തമായ പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നുവെന്നതു ശരിയാണ്. ദൃഷ്ടാന്തത്തിന്, “ഈ ലോകത്തിന്റെ ജ്ഞാന”ത്തെ കുറിച്ചും “ലോകത്തിന്റേതായ മോഹങ്ങ”ളെ കുറിച്ചും സംസാരിക്കുമ്പോൾ പൗലൊസ് ‘ലോകം’ എന്ന പദംതന്നെ നിഷേധാത്മക അർഥത്തിലാണ് ഉപയോഗിക്കുന്നത്. (തീത്തൊസ് 2:13, NW; 1 കൊരിന്ത്യർ 3:19) കൂടാതെ, “ഈ ലോകത്തിന്റെ കാലഗതി”ക്ക് അനുസരിച്ചു നടന്നിരുന്ന കാലത്ത് എഫെസൊസിലെ ക്രിസ്ത്യാനികൾ ആത്മീയമായി “മരിച്ചവരായിരു”ന്നുവെന്ന് പൗലൊസ് അവരെ ഓർമിപ്പിച്ചു. (എഫെസ്യർ 2:1-3) ഇവയും സമാനമായ മറ്റു പ്രസ്താവനകളും യോഹന്നാൻ അപ്പൊസ്തലന്റെ പിൻവരുന്ന വാക്കുകൾക്കു ചേർച്ചയിലാണ്: “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.”—1 യോഹന്നാൻ 5:19.
15. ക്രിസ്തീയ സഭയ്ക്കു വെളിയിൽ ഉള്ളവരുടെ കാര്യത്തിൽ നാം എന്തു ചെയ്യില്ല, എന്തുകൊണ്ട്?
15 എന്നാൽ അത്തരം പ്രസ്താവനകൾ വ്യക്തികളെ പരാമർശിക്കുന്നവയല്ല, മറിച്ച് ദൈവത്തിൽനിന്ന് അന്യപ്പെട്ട ലോകത്തെ പൊതുവിൽ പരാമർശിക്കുന്നവയാണ് എന്ന കാര്യം നാം മറക്കരുത്. ഒരു വ്യക്തി പ്രസംഗവേലയോട് എങ്ങനെ പ്രതികരിക്കുമെന്ന് ക്രിസ്ത്യാനികൾ മുൻകൂട്ടി വിധിക്കാൻ മുതിരുന്നില്ല. ഒരു വ്യക്തിയെ കോലാട് എന്നു വർണിക്കാനുള്ള അടിസ്ഥാനം അവർക്കില്ല. “ചെമ്മരിയാടു”കളെ “കോലാടു”കളിൽനിന്നു വേർതിരിക്കാനായി യേശു വരുമ്പോൾ പരിണതഫലം എന്തായിരിക്കുമെന്നു പറയാനുള്ള അധികാരം നമുക്കില്ല. (മത്തായി 25:31-46) യേശുവാണ് നിയമിത ന്യായാധിപൻ, നാമല്ല. തന്നെയുമല്ല, ഏറ്റവും മോശമായ പ്രവർത്തനങ്ങളിൽ ആഴമായി ഉൾപ്പെട്ടിട്ടുള്ള ചിലർ പോലും ബൈബിൾ സന്ദേശം സ്വീകരിച്ച് തങ്ങളുടെ ജീവിതത്തിനു മാറ്റം വരുത്തി ശുദ്ധമായ ജീവിതം നയിക്കുന്ന ക്രിസ്ത്യാനികൾ ആയിത്തീർന്നതായി അനുഭവങ്ങൾ പ്രകടമാക്കുന്നു. അതുകൊണ്ട്, നാം ചില ആളുകളുടെ സഹവാസം തേടുകയില്ലെങ്കിലും, അവസരം ലഭിക്കുമ്പോൾ രാജ്യസന്ദേശത്തെ കുറിച്ച് അവരോടു സംസാരിക്കാൻ നാം മടിക്കുന്നില്ല. അവിശ്വാസികൾ ആയിരിക്കെതന്നെ “നിത്യജീവന് അനുകൂലമായ പ്രകൃതമുണ്ടായിരുന്ന” ചിലരെ കുറിച്ച് തിരുവെഴുത്തുകൾ പറയുന്നു. അവർ കാലാന്തരത്തിൽ വിശ്വാസികളായി മാറി. (പ്രവൃത്തികൾ 13:48, NW) സാക്ഷ്യം നൽകപ്പെടുന്നതുവരെ—ഒരുപക്ഷേ പല പ്രാവശ്യം—ആരാണ് ശരിയായ മനോനിലയുള്ളവരെന്ന് നമുക്ക് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കില്ല. അതു മനസ്സിൽ പിടിച്ചുകൊണ്ട്, ഇതുവരെ രക്ഷാസന്ദേശം സ്വീകരിച്ചിട്ടില്ലാത്തവരോടു നാം “സൌമ്യത”യോടും “ആഴമായ ആദര”വോടും കൂടെ ഇടപെടണം. അവരിൽ ചിലർ ജീവന്റെ സന്ദേശത്തോട് ഇനിയും പ്രതികരിച്ചേക്കാമെന്ന പ്രതീക്ഷ നമുക്ക് ഉണ്ടായിരിക്കണം.—2 തിമൊഥെയൊസ് 2:26; 1 പത്രൊസ് 3:15, NW.
16. നാം “പഠിപ്പിക്കൽ കല” വികസിപ്പിച്ചെടുക്കേണ്ടതിന്റെ ഒരു കാരണം എന്ത്?
16 അധ്യാപകർ എന്ന നിലയിൽ വൈദഗ്ധ്യം വികസിപ്പിച്ചെടുക്കുന്നത് സുവാർത്ത ഘോഷിക്കാനുള്ള നമ്മുടെ ഉത്സാഹത്തിന് ആക്കം കൂട്ടും. ഉദാഹരണമായി, വളരെ ആവേശകരമായ ഒരു കളിയുടെ കാര്യമെടുക്കുക. ആ കളി അറിയില്ലാത്ത ഒരുവന് അതു വളരെ വിരസമായിരുന്നേക്കാം. എന്നാൽ നന്നായി കളിക്കുന്ന ഒരുവൻ അത് ആസ്വദിക്കുന്നു. സമാനമായി, “പഠിപ്പിക്കൽ കല” വികസിപ്പിച്ചെടുക്കുന്ന ക്രിസ്ത്യാനികൾ ശുശ്രൂഷയിലെ തങ്ങളുടെ സന്തോഷം വർധിപ്പിക്കുന്നു. (2 തിമൊഥെയൊസ് 4:2; തീത്തൊസ് 1:9, NW) പൗലൊസ് തിമൊഥെയൊസിനെ ഇങ്ങനെ ഉപദേശിച്ചു: “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.” (2 തിമൊഥെയൊസ് 2:15) നമുക്ക് എങ്ങനെയാണു പഠിപ്പിക്കൽ വൈദഗ്ധ്യം വികസിപ്പിക്കാൻ കഴിയുക?
17. നമുക്ക് എങ്ങനെ ബൈബിൾ പരിജ്ഞാനത്തിനു വേണ്ടിയുള്ള ‘വാഞ്ഛ’ വളർത്തിയെടുക്കാൻ കഴിയും, ആ പരിജ്ഞാനം നമ്മുടെ ശുശ്രൂഷയ്ക്ക് എങ്ങനെ പ്രയോജനം ചെയ്യും?
17 കൂടുതലായ സൂക്ഷ്മപരിജ്ഞാനം നേടുന്നതാണ് ഒരു മാർഗം. പത്രൊസ് അപ്പൊസ്തലൻ നമ്മെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ.” (1 പത്രൊസ് 2:2, 3) ആരോഗ്യമുള്ള ഒരു ശിശുവിന് പാലിനുവേണ്ടിയുള്ള നൈസർഗിക വാഞ്ഛയുണ്ട്. എന്നാൽ ഒരു ക്രിസ്ത്യാനി ബൈബിൾ പരിജ്ഞാനത്തിനു വേണ്ടി ഒരു ‘വാഞ്ഛ’ വളർത്തിയെടുക്കേണ്ടത് ഉണ്ടായിരിക്കാം. നല്ല വായനാ-പഠന ശീലങ്ങൾ നട്ടുവളർത്തുന്നതിനാൽ ഇതു ചെയ്യാൻ കഴിയും. (സദൃശവാക്യങ്ങൾ 2:1-6) ദൈവവചനത്തിന്റെ വിദഗ്ധ അധ്യാപകരായിത്തീരുന്നതിന് ശ്രമവും ആത്മശിക്ഷണവും ആവശ്യമാണ്. എന്നാൽ അത്തരം ശ്രമങ്ങൾ പ്രതിഫലം കൈവരുത്തുന്നു. ദൈവവചനം പരിശോധിക്കുന്നതിൽനിന്ന് ഉളവാകുന്ന ആനന്ദം നമ്മെ ദൈവാത്മാവിൽ എരിവുള്ളവരും പഠിച്ച കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ ഉത്സാഹമുള്ളവരും ആക്കും.
18. സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്യാൻ ക്രിസ്തീയ യോഗങ്ങൾക്കു നമ്മെ എങ്ങനെ സഹായിക്കാനാകും?
18 ദൈവവചനം ഉപയോഗിക്കുന്നതിൽ വൈദഗ്ധ്യം നേടാൻ നമ്മെ സഹായിക്കുന്നതിൽ ക്രിസ്തീയ യോഗങ്ങളും ഒരു സുപ്രധാന പങ്കു വഹിക്കുന്നു. പരസ്യപ്രസംഗങ്ങളിലും മറ്റു തിരുവെഴുത്തു ചർച്ചകളിലും ബൈബിൾ വാക്യങ്ങൾ വായിക്കുമ്പോൾ നാം അവ സ്വന്തം ബൈബിളിൽ എടുത്തു നോക്കുന്നതു പ്രയോജനകരമാണ്. നമ്മുടെ പ്രസംഗവേലയെ കുറിച്ചു വിശേഷാൽ പ്രതിപാദിക്കുന്നവ ഉൾപ്പെടെയുള്ള യോഗ ഭാഗങ്ങൾക്ക് അടുത്ത ശ്രദ്ധ കൊടുക്കുന്നതു ജ്ഞാനമാണ്. പ്രകടനങ്ങളുടെ മൂല്യത്തെ നാം ഒരിക്കലും വിലകുറച്ചു കാണരുത്. ആ സമയത്ത് ശ്രദ്ധ വ്യതിചലിക്കാൻ നാം അനുവദിക്കരുത്. ആത്മശിക്ഷണവും ഏകാഗ്രതയുമാണ് ഇവിടെയും ആവശ്യം. (1 തിമൊഥെയൊസ് 4:16, NW) ക്രിസ്തീയ യോഗങ്ങൾ നമ്മുടെ വിശ്വാസത്തെ കെട്ടുപണിചെയ്യുകയും ദൈവവചനത്തോടുള്ള വാഞ്ഛ വളർത്തിയെടുക്കാൻ നമ്മെ സഹായിക്കുകയും സുവാർത്തയുടെ അത്യുത്സാഹമുള്ള ഘോഷകരായിരിക്കാൻ നമ്മെ പരിശീലിപ്പിക്കുകയും ചെയ്യുന്നു.
നമുക്ക് യഹോവയുടെ പിന്തുണയിൽ ആശ്രയിക്കാനാകും
19. പ്രസംഗവേലയിലെ പതിവായ പങ്കുപറ്റൽ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
19 “ആത്മാവിൽ എരിവുള്ള”വരും സുവാർത്ത ഘോഷിക്കാൻ ഉത്സാഹമുള്ളവരുമായ ക്രിസ്ത്യാനികൾ ശുശ്രൂഷയിൽ എഫെസ്യർ 5:15, 16) സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നേക്കാം, ഈ ജീവരക്ഷാകര വേലയിൽ എല്ലാവർക്കും ഒരേ അളവിൽ സമയം ചെലവഴിക്കാനുമാവില്ല. (ഗലാത്യർ 6:4, 5) എന്നാൽ, പ്രസംഗവേലയിൽ ചെലവഴിക്കുന്ന സമയത്തിന്റെ അളവിനെക്കാൾ പ്രധാനം നമ്മുടെ പ്രത്യാശയെ കുറിച്ച് എത്ര കൂടെക്കൂടെ നാം മറ്റുള്ളവരോടു സംസാരിക്കുന്നു എന്നതാണ്. (2 തിമൊഥെയൊസ് 4:1, 2) നാം എത്രയധികം പ്രസംഗിക്കുന്നുവോ അത്രയധികം ഈ വേലയുടെ പ്രാധാന്യത്തെ നാം വിലമതിക്കും. (റോമർ 10:14, 15) നെടുവീർപ്പിട്ടു കരയുന്ന, പ്രത്യാശയില്ലാത്ത, ആത്മാർഥ ഹൃദയരായ ആളുകളുമായി നാം പതിവായി സമ്പർക്കത്തിൽ വരുമ്പോൾ അതു നമ്മിൽ അനുകമ്പയും സഹാനുഭൂതിയും വളർത്തും.—യെഹെസ്കേൽ 9:4; റോമർ 8:22.
പതിവായി പങ്കുപറ്റാൻ കഠിന ശ്രമം ചെയ്യുന്നു. (20, 21. (എ) നമ്മുടെ മുമ്പിൽ ഇപ്പോഴും ഏതു വേലയുണ്ട്? (ബി) യഹോവ നമ്മുടെ ശ്രമങ്ങളെ പിന്താങ്ങുന്നത് എങ്ങനെ?
20 യഹോവ നമ്മെ സുവാർത്ത ഭരമേൽപ്പിച്ചിരിക്കുന്നു. അവന്റെ “കൂട്ടുവേലക്കാർ” എന്ന നിലയിൽ നമുക്ക് അവനിൽനിന്നു ലഭിക്കുന്ന ആദ്യത്തെ നിയമനമാണിത്. (1 കൊരിന്ത്യർ 3:6-9) ഈ ദൈവദത്ത ഉത്തരവാദിത്വം സർവാത്മനാ, നമ്മുടെ കഴിവിന്റെ പരമാവധി നിർവഹിക്കാൻ നാം ഉത്സാഹമുള്ളവരാണ്. (മർക്കൊസ് 12:30; റോമർ 12:1) സത്യത്തിനുവേണ്ടി വിശക്കുന്ന, ശരിയായ മനോനിലയുള്ള അനേകർ ഇപ്പോഴും ലോകത്തിലുണ്ട്. അതേ, നമുക്കു ധാരാളം വേല ചെയ്യാനുണ്ട്. എന്നാൽ നാം നമ്മുടെ ശുശ്രൂഷ പൂർണമായി നിർവഹിക്കവെ നമുക്ക് യഹോവയുടെ പിന്തുണയിൽ ആശ്രയിക്കാനാകും.—2 തിമൊഥെയൊസ് 4:5.
21 യഹോവ നമുക്ക് തന്റെ ആത്മാവിനെ പ്രദാനം ചെയ്യുകയും ദൈവവചനമായ “ആത്മാവിന്റെ വാളു”കൊണ്ട് നമ്മെ സജ്ജരാക്കുകയും ചെയ്യുന്നു. അവന്റെ സഹായത്താൽ നമുക്ക് “സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാ”നായി നമ്മുടെ വായ് തുറക്കാനാകും. (എഫെസ്യർ 6:17-20) തെസ്സലൊനീക്യയിലെ ക്രിസ്ത്യാനികൾക്കു പൗലൊസ് എഴുതിയ പിൻവരുന്ന വാക്കുകൾ നമ്മുടെ കാര്യത്തിലും പറയാൻ ഇടയാകട്ടെ: “ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നതു.” (1 തെസ്സലൊനീക്യർ 1:5) അതേ, നമുക്ക് ഉത്സാഹപൂർവം സുവാർത്ത ഘോഷിക്കാം!
ഒരു ഹ്രസ്വ പുനരവലോകനം
• ഉപജീവനചിന്തകൾ നിമിത്തം ശുശ്രൂഷയിലെ നമ്മുടെ ഉത്സാഹത്തിന് എന്തു സംഭവിക്കാവുന്നതാണ്?
• സുവാർത്ത പ്രസംഗിക്കാനുള്ള ആഗ്രഹം ഏതു വിധത്തിലാണ് നമ്മുടെ ഹൃദയത്തിൽ ‘കത്തുന്ന തീ’ പോലെയായിരിക്കേണ്ടത്?
• ശുശ്രൂഷയോടുള്ള ഏതു നിഷേധാത്മക മനോഭാവങ്ങൾ നാം ഒഴിവാക്കണം?
• നമ്മുടേതിൽനിന്നു വ്യത്യസ്തമായ വിശ്വാസങ്ങൾ ഉള്ളവരെ നാം പൊതുവെ എങ്ങനെ വീക്ഷിക്കണം?
• പ്രസംഗവേലയിലെ തീക്ഷ്ണത നിലനിറുത്താൻ യഹോവ നമ്മെ സഹായിക്കുന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[9-ാം പേജിലെ ചിത്രങ്ങൾ]
ക്രിസ്ത്യാനികൾ പൗലൊസിന്റെയും യിരെമ്യാവിന്റെയും തീക്ഷ്ണതയെ അനുകരിക്കുന്നു
[10-ാം പേജിലെ തലവാചകം]
ശുശ്രൂഷയിലെ നമ്മുടെ തീക്ഷ്ണത ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹത്താൽ പ്രേരിതമാണ്