വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
റോമർ 12:19-ലെ പൗലൊസിന്റെ ബുദ്ധിയുപദേശം പുതിയലോക ഭാഷാന്തരത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “പ്രിയമുള്ളവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യരുത്. എന്നാൽ ക്രോധത്തിന് ഇടംകൊടുപ്പിൻ.” വ്യത്യസ്ത ഭാഷകളിലെ മറ്റു പല ഭാഷാന്തരങ്ങളും ഈ വാക്യം സമാനമായി പരിഭാഷപ്പെടുത്തിയിരിക്കുന്നതിനാൽ പൗലൊസ് ഇവിടെ ആരുടെ ക്രോധത്തെ കുറിച്ചാണു പരാമർശിച്ചത്?
അപ്പൊസ്തലനായ പൗലൊസ് ഇവിടെ ക്രിസ്ത്യാനികളുടെ ക്രോധത്തെയല്ല മറിച്ച്, ദൈവക്രോധത്തെ പരാമർശിക്കുകയായിരുന്നു എന്നു വ്യക്തമാണ്. കാരണം, ക്രോധം പ്രകടമാക്കുന്നതിനെതിരെ ബൈബിൾ ക്രിസ്ത്യാനികളെ ശക്തമായി ബുദ്ധിയുപദേശിക്കുന്നു. ദിവ്യപ്രബോധനത്തിന്റെ ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക.
“കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.” (സങ്കീർത്തനം 37:8) “സഹോദരനോടു കോപിക്കുന്നവൻ [ക്രോധിക്കുന്നവൻ, NW] എല്ലാം ന്യായവിധിക്കു യോഗ്യനാകും.” (മത്തായി 5:22) “ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം . . . മുതലായവ എന്നു വെളിവാകുന്നു.” (ഗലാത്യർ 5:19-21) “എല്ലാ കൈപ്പും കോപവും ക്രോധവും കൂററാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.” (എഫെസ്യർ 4:31) “ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു [ക്രോധത്തിനു, NW] താമസവുമുള്ളവൻ ആയിരിക്കട്ടെ.” (യാക്കോബ് 1:19) കൂടാതെ സദൃശവാക്യങ്ങൾ എന്ന പുസ്തകം ആവർത്തിച്ചാവർത്തിച്ച്, ക്രോധത്തിനും ചെറിയ തെറ്റുകളെയും മാനുഷിക അപൂർണതകളെയും പ്രതിയുള്ള കോപത്തിനും എതിരെ നമ്മെ ബുദ്ധിയുപദേശിക്കുന്നു.—സദൃശവാക്യങ്ങൾ 12:16; 14:17, 29; 15:1; 16:32; 17:14; 19:11, 19; 22:24; 25:28; 29:22.
റോമർ 12:19-ന്റെ സന്ദർഭം ഈ പ്രബോധനവുമായി യോജിപ്പിലാണ്. നിർവ്യാജ സ്നേഹം പ്രകടിപ്പിക്കാനും നമ്മെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കാനും മറ്റുള്ളവരെ കുറിച്ച് നല്ലതു ചിന്തിക്കാനും തിന്മെക്കു പകരം തിന്മ ചെയ്യാതിരിക്കാനും സകലമനുഷ്യരുമായും സമാധാനത്തിലായിരിക്കാനും പൗലൊസ് പ്രോത്സാഹിപ്പിച്ചു. അതിനു ശേഷം അവൻ ഇപ്രകാരം ഉദ്ബോധിപ്പിച്ചു: “പ്രിയമുള്ളവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യരുത്. എന്നാൽ ക്രോധത്തിന് ഇടംകൊടുപ്പിൻ.”—റോമർ 12:9, 14, 16-19.
അതേ, പ്രതികാരം ചെയ്യുന്നതിലേക്കു നമ്മെ നയിക്കാൻ കോപത്തെ നാം അനുവദിച്ചുകൂടാ. സാഹചര്യങ്ങളെ കുറിച്ചുള്ള നമ്മുടെ അറിവും നമ്മുടെ ന്യായബോധവും അപൂർണമാണ്. കോപത്തിനു വശംവദരായി നാം പ്രതികാര നടപടികൾ കൈക്കൊള്ളുമ്പോൾ പലപ്പോഴും, നാം പാപം ചെയ്യുന്നു. അങ്ങനെ, ദൈവത്തിന്റെ എതിരാളിയായ പിശാചായ സാത്താന്റെ ഉദ്ദേശ്യം സാധിക്കും. അതുകൊണ്ടാണ് പൗലൊസ് ഇങ്ങനെ എഴുതിയത്: “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. പിശാചിന്നു ഇടം കൊടുക്കരുതു.”—എഫെസ്യർ 4:26, 27.
ആരോട്, എപ്പോൾ പ്രതികാരം ചെയ്യണം എന്നു നിശ്ചയിക്കാനുള്ള അവകാശം ദൈവത്തിനു വിട്ടുകൊടുക്കുന്നതായിരിക്കും നല്ലതും ജ്ഞാനപൂർവകവുമായ ഗതി. വസ്തുതകൾ സംബന്ധിച്ച പൂർണഗ്രാഹ്യത്തോടെ അവന് അതു ചെയ്യാൻ കഴിയും. അവൻ കൈക്കൊള്ളുന്ന ഏതൊരു ശിക്ഷാനടപടിയും പൂർണമായ നീതിയെ പ്രതിഫലിപ്പിക്കും. “പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ടു” എന്ന ആവർത്തനപുസ്തകം 32:35, 41-ലെ വാക്കുകൾ റോമർ 12:19-ൽ പരാമർശിച്ചപ്പോൾ പൗലൊസിന്റെ മനസ്സിൽ ഉണ്ടായിരുന്നത് ഈ സംഗതിയായിരുന്നു എന്നു നാം കാണുന്നു. (എബ്രായർ 10:30 താരതമ്യം ചെയ്യുക) അതുകൊണ്ട്, ഗ്രീക്കു പാഠത്തിൽ “ദൈവം” എന്ന പദമില്ലെങ്കിലും പല ആധുനിക ഭാഷാന്തരങ്ങളും റോമർ 12:19-ൽ അതു കൂട്ടിച്ചേർത്തിരിക്കുന്നു. “ദൈവക്രോധത്തിന് ഇടം കൊടുക്കുവിൻ” (ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം); “ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ” (സത്യവേദ പുസ്തകം); “പ്രതികാരം ദൈവക്രോധത്തിന്നു വിട്ടുകൊടുക്കുക” (ഓശാന ബൈബിൾ); “പ്രതികാരം നിങ്ങൾതന്നെ ചെയ്യാതെ, അതു ദൈവത്തിന്റെ ക്രോധത്തിനു വിട്ടേക്കുക” (പി.ഒ.സി ബൈബിൾ) എന്നിവ ചില ഉദാഹരണങ്ങളാണ്.
സത്യത്തിന്റെ എതിരാളികളാൽ ഉപദ്രവിക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്യുമ്പോൾ പോലും യഹോവയാം ദൈവത്തെ കുറിച്ച് മോശെ കേട്ട വർണനയിൽ നിന്നു നമുക്കു ധൈര്യം ഉൾക്കൊള്ളാം: ‘യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുററമുള്ളവനെ വെറുതെവിടാത്തവൻ.’—പുറപ്പാടു 34:6, 7.