വിജയം—സ്ഥിരോത്സാഹത്തിലൂടെ
വിജയം—സ്ഥിരോത്സാഹത്തിലൂടെ
സ്ഥിരോത്സാഹം ഇക്കാലത്തു വിരളമായിത്തീർന്നിരിക്കുന്നു. സ്ഥിരോത്സാഹത്തെക്കാളുപരി വിജയത്തിന്റെ അടിസ്ഥാനം തക്ക സമയത്ത് ഉചിതമായ സ്ഥലത്ത് ഉണ്ടായിരിക്കുന്നതാണെന്ന് അനേകരും കരുതുന്നു. ആർക്കാണ് അവരെ കുറ്റപ്പെടുത്താനാകുക? അൽപ്പംകൂടെ പണം മുടക്കിയാൽ ഏറ്റവും കുറഞ്ഞ ശ്രമംകൊണ്ട് ആവശ്യമുള്ള മിക്കവാറും എന്തും കരഗതമാക്കാം എന്ന ആശയം നമ്മുടെ ഉപബോധ മനസ്സിലേക്കു കടത്തിവിടുന്ന പരസ്യ വാചകങ്ങളാൽ നിറഞ്ഞിരിക്കുന്നു വാർത്താ മാധ്യമങ്ങൾ. ക്ഷിപ്ര വിജയത്തെ കുറിച്ചും സ്‌കൂൾ വിദ്യാഭ്യാസം കഴിയുന്ന ഉടൻതന്നെ ലക്ഷങ്ങൾ വാരിക്കൂട്ടാൻ തുടങ്ങുന്ന സമർഥരായ വ്യവസായ സംരംഭകരെ കുറിച്ചും ഉള്ള അനവധി കഥകൾ പത്രങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെടുന്നു.
കോളമെഴുത്തുകാരനായ ലേണാർഡ് പിറ്റ്‌സ് ഇങ്ങനെ വിലപിക്കുന്നു: “വ്യഗ്രതപൂണ്ട ഇന്നത്തെ സമൂഹത്തിൽ [നേട്ടം കൈവരിക്കാൻ] വളരെ എളുപ്പമാണെന്നു തോന്നിയേക്കാം. . . . തന്ത്രങ്ങൾ അറിയാമെങ്കിൽ, അല്ലെങ്കിൽ പ്രാപ്‌തിയോ ദൈവാനുഗ്രഹമോ ഉണ്ടെങ്കിൽ ആർക്കും നിഷ്‌പ്രയാസം വിജയം കൈവരിക്കാവുന്നതേയുള്ളൂ എന്ന് പൊതുവെ കരുതപ്പെടുന്നു.”
എന്താണു സ്ഥിരോത്സാഹം?
‘പ്രതിബന്ധങ്ങളോ തിരിച്ചടികളോ ഗണ്യമാക്കാതെ ഒരു ഉദ്ദേശ്യത്തെയോ അവസ്ഥയെയോ സംരംഭത്തെയോ ശക്തമായും സ്ഥിരമായും മുറുകെ പിടിക്കുന്നതാണ്’ സ്ഥിരോത്സാഹം. പ്രാതികൂല്യങ്ങളുടെ മധ്യേ നിശ്ചയദാർഢ്യത്തോടെ തുടരുന്നതിനെ, ഉറ്റിരിക്കുന്നതിനെ, പിന്മാറാതിരിക്കുന്നതിനെ അത് അർഥമാക്കുന്നു. ഈ ഗുണത്തിന്റെ പ്രാധാന്യം ബൈബിൾ ഊന്നിപ്പറയുന്നു. ദൃഷ്ടാന്തത്തിന്, ദൈവവചനം നമ്മെ ഇപ്രകാരം ഉദ്‌ബോധിപ്പിക്കുന്നു: “ഒന്നാമതായി രാജ്യം അന്വേഷിച്ചുകൊണ്ടിരിപ്പിൻ,” “മുട്ടിക്കൊണ്ടിരിപ്പിൻ, അതു നിങ്ങൾക്കു തുറക്കപ്പെടും,” “പ്രാർത്ഥനയിൽ ഉററിരിപ്പിൻ,” “നല്ലതു മുറുകെ പിടിപ്പിൻ.”—മത്തായി 6:33, NW; ലൂക്കൊസ് 11:9, NW; റോമർ 12:13; 1 തെസ്സലൊനീക്യർ 5:21.
സദൃശവാക്യങ്ങൾ 24:16 പ്രസ്‌താവിക്കുന്നു. ബുദ്ധിമുട്ടോ പരാജയമോ നേരിടുമ്പോൾ സ്ഥിരോത്സാഹമുള്ള ഒരു വ്യക്തി ‘പിൻവാങ്ങുന്നതിനു’ പകരം ‘എഴുന്നേറ്റ്’ വീണ്ടും ശ്രമം തുടരുന്നു.
ഒഴിവാക്കാനാകാത്ത തിരിച്ചടികളെ സധൈര്യം നേരിടുന്നത് സ്ഥിരോത്സാഹത്തിന്റെ ഒരു പ്രധാന വശമാണ്. “നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേൽക്കും’ എന്ന്എന്നാൽ, തങ്ങൾക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെയും പരാജയങ്ങളെയും നേരിടാൻ മിക്കവരും സജ്ജരല്ല. സ്ഥിരോത്സാഹം പ്രകടമാക്കാനുള്ള ഇച്ഛാശക്തി ഒരിക്കലും വളർത്തിയെടുക്കാത്ത അവർ എളുപ്പം പിൻവാങ്ങുന്നു. “അനേകരും പരാജയത്തോടു പ്രതികരിക്കുന്നത് സ്വയനശീകരണാത്മകമായ ഒരു വിധത്തിലാണ്,” എഴുത്തുകാരനായ മോർലി കലഹൻ അഭിപ്രായപ്പെടുന്നു. “അവർക്കു തങ്ങളോടുതന്നെ സഹതാപം തോന്നുകയും സകലരെയും കുറ്റപ്പെടുത്തുകയും നീരസപ്പെടുകയും . . . ശ്രമം ഉപേക്ഷിക്കുകയും ചെയ്യുന്നു.”
ഇതു സങ്കടകരമാണ്. “പരിശോധനകളിലൂടെ കടന്നുപോകുന്നതിന് ഒരു കാരണമുണ്ടെന്നും പ്രാതികൂല്യങ്ങളിൽ ചില മൂല്യങ്ങൾ കണ്ടെത്താനാകുമെന്നും നാം വിസ്‌മരിക്കുന്നു,” എന്ന് പിറ്റ്‌സ് ചൂണ്ടിക്കാട്ടുന്നു. ഏതു മൂല്യമാണ് അത്? അദ്ദേഹം ഇങ്ങനെ ഉപസംഹരിക്കുന്നു: “പരാജയം മാരകവും തോൽവി നിത്യവും അല്ലെന്ന് [ഒരുവൻ] പഠിക്കുന്നു. അയാൾ ആഴമായ ഗ്രാഹ്യം നേടുന്നു, സുസജ്ജനായിത്തീരുന്നു.” ബൈബിൾ അത് ലളിതമായി ഇങ്ങനെ പ്രസ്‌താവിക്കുന്നു: “കഠിനാധ്വാനത്തിനെല്ലാം ഫലമുണ്ട്.”—സദൃശവാക്യങ്ങൾ 14:23, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം.
ഒരു പരാജയത്തിനു ശേഷം വീണ്ടും ശ്രമം തുടരുന്നത് എല്ലായ്‌പോഴും അത്ര എളുപ്പമല്ല എന്നതു ശരിതന്നെ. തരണംചെയ്യാനാവാത്തതെന്നു തോന്നിയേക്കാവുന്ന വെല്ലുവിളികളെ നാം ചിലപ്പോൾ അഭിമുഖീകരിക്കുന്നു. ലക്ഷ്യങ്ങൾ അടുത്തടുത്തു വരുന്നതിനു പകരം അധികമധികം അകന്നു പോകുന്നതായി തോന്നിയേക്കാം. നാം അശക്തരും അപ്രാപ്‌തരും ആണെന്നു നാം വിചാരിച്ചേക്കാം, നാം നിരാശരും വിഷാദമഗ്നരുമായേക്കാം. (സദൃശവാക്യങ്ങൾ 24:10) എന്നിരുന്നാലും, ബൈബിൾ നമ്മെ ഇപ്രകാരം പ്രോത്സാഹിപ്പിക്കുന്നു: ‘നൻമ ചെയ്‌കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.’—ഗലാത്യർ 6:9.
സ്ഥിരോത്സാഹം കാണിക്കാൻ എന്തു നമ്മെ സഹായിക്കും?
നാം തിരഞ്ഞെടുത്തിരിക്കുന്ന ഗതിയിൽ ഉറ്റിരിക്കുന്നതിനുള്ള ആദ്യ പടി മൂല്യവത്തും പ്രാപ്യവുമായ ലക്ഷ്യങ്ങൾ വെക്കുക എന്നതാണ്. പൗലൊസ് അപ്പൊസ്‌തലൻ അതു തീർച്ചയായും മനസ്സിലാക്കിയിരുന്നു. അവൻ കൊരിന്ത്യരോട് ഇപ്രകാരം പറഞ്ഞു: “ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നതു; ആകാശത്തെ കുത്തുന്നതു പോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നതു.” ഫിനിഷ് ലൈൻ കടക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഓട്ടക്കാരൻ തന്റെ സർവ ശക്തിയും എടുത്ത് ഓടുന്നു. സമാനമായി, വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നാലേ തന്റെ ശ്രമങ്ങൾ വിജയിക്കയുള്ളൂ എന്ന് പൗലൊസിന് അറിയാമായിരുന്നു. “ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ,” അവൻ അവരെ ഉദ്‌ബോധിപ്പിച്ചു. (1 കൊരിന്ത്യർ 9:24, 26) നമുക്ക് അത് എങ്ങനെ ചെയ്യാൻ സാധിക്കും?
‘സൂക്ഷ്‌മബുദ്ധി തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു’ എന്ന് സദൃശവാക്യങ്ങൾ 14:15 പറയുന്നു. നാം ഏതു ദിശയിലാണു നീങ്ങുന്നതെന്നും എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ എന്നും സ്വയം ചോദിച്ചുകൊണ്ട് നമ്മുടെ പ്രവർത്തനവിധങ്ങൾ ഇടയ്‌ക്കിടെ പുനഃപരിശോധിക്കുന്നതു ബുദ്ധിയാണ്. നാം എന്താണു നിർവഹിക്കാൻ ആഗ്രഹിക്കുന്നതെന്നും അതിന്റെ കാരണമെന്താണെന്നും വ്യക്തമായി മനസ്സിൽ ഉണ്ടായിരിക്കേണ്ടതു വളരെ പ്രധാനമാണ്. ആത്യന്തിക ലക്ഷ്യം മനസ്സിൽ അടുപ്പിച്ചു നിറുത്തുന്നത് പിന്മാറാതിരിക്കാൻ നമ്മെ സഹായിക്കും. “നിന്റെ കണ്ണു നേരെ നോക്കട്ടെ; . . . നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ” എന്ന് നിശ്വസ്‌ത പഴമൊഴി പറയുന്നു.—സദൃശവാക്യങ്ങൾ 4:25, 26.
നമ്മുടെ ലക്ഷ്യങ്ങൾ നിജപ്പെടുത്തിയാൽ പിന്നെ, അവ എങ്ങനെ എത്തിപ്പിടിക്കാമെന്നു വിശകലനം ചെയ്യുന്നതാണ് അടുത്ത പടി. യേശു ചോദിച്ചു: “നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?” (ലൂക്കൊസ് 14:28) ഈ തത്ത്വത്തോടുള്ള ചേർച്ചയിൽ ഒരു മാനസിക ആരോഗ്യ വിദഗ്‌ധൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “വിജയം കൈവരിച്ചിട്ടുള്ള ആളുകളെ കുറിച്ച് ഞാൻ ശ്രദ്ധിച്ചിട്ടുള്ള സംഗതികളിൽ ഒന്ന് ജീവിതത്തിൽ കാരണത്തിനും ഫലത്തിനും തമ്മിലുള്ള ബന്ധം സംബന്ധിച്ച് അവർക്കു വ്യക്തമായ ഗ്രാഹ്യമുണ്ടെന്നുള്ളതാണ്. തങ്ങൾക്ക് എന്തെങ്കിലും വേണമെന്നുണ്ടെങ്കിൽ അതു നേടാൻ ആവശ്യമായിരിക്കുന്ന സകല സംഗതികളും തങ്ങൾ ചെയ്യേണ്ടതാണെന്ന് അവർക്ക് അറിയാം.” ലക്ഷ്യ സാക്ഷാത്‌കാരത്തിനുള്ള സകല അനിവാര്യ പടികളും വ്യക്തമായി അറിഞ്ഞിരിക്കുന്നത് അക്കാര്യത്തിൽ വേണ്ടവിധം ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മെ സഹായിക്കും. ഒരു തിരിച്ചടി ഉണ്ടാകുന്ന പക്ഷം വീണ്ടും മുന്നോട്ടു പോകാനും അതു നമ്മെ സഹായിക്കും. അത്തരം വിശകലനമായിരുന്നു ഒർവിൽ റൈറ്റിന്റെയും വിൽബർ റൈറ്റിന്റെയും വിജയത്തിന്റെ ആധാരശില.
അതുകൊണ്ട്, തിരിച്ചടികൾ നേരിടുമ്പോൾ അവയെ ക്രിയാത്മകമായി വീക്ഷിക്കാനും ഒരു അനുഭവ പാഠമായി അവയെ കാണാനും പരമാവധി ശ്രമിക്കുക. സാഹചര്യം വിശകലനം ചെയ്‌ത് എവിടെയാണു പിശകു പറ്റിയതെന്നു മനസ്സിലാക്കുക. എന്നിട്ട് തെറ്റു തിരുത്തുകയോ ബലഹീനത പരിഹരിക്കുകയോ ചെയ്യുക. മറ്റുള്ളവരുമായി ആലോചിക്കുന്നതു സഹായകമായിരിക്കും. കാരണം, “ഉദ്ദേശങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു.” (സദൃശവാക്യങ്ങൾ 20:18) ഓരോ തവണ ശ്രമിക്കുമ്പോഴും നാം സാധാരണഗതിയിൽ കൂടുതൽ സാമർഥ്യവും വൈദഗ്‌ധ്യവും വളർത്തിയെടുക്കുന്നു. അത് ഒടുവിൽ വിജയം കൈവരിക്കാൻ നമ്മെ സഹായിക്കുന്നു.
സ്ഥിരോത്സാഹത്തിന്റെ മൂന്നാമത്തെ അനിവാര്യ വശം തുടർച്ചയായ പ്രവർത്തനമാണ്. പൗലൊസ് അപ്പൊസ്‌തലൻ നമ്മെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “നാം പുരോഗതി പ്രാപിച്ചിരിക്കുന്ന അളവിനൊത്തവണ്ണം, അതേ ചര്യയിൽ ക്രമമായി നടക്കുന്നതിൽ നമുക്കു തുടരാം.” (ഫിലിപ്പിയർ 3:16, NW) ഒരു വിദ്യാഭ്യാസ വിദഗ്‌ധൻ പറയുന്നതുപോലെ, “മിതത്വവും ആവർത്തിച്ചുള്ള ശ്രമവും ശ്രദ്ധേയമായ ഫലങ്ങൾ ഉളവാക്കുന്നു.” ആമയെയും മുയലിനെയും കുറിച്ചുള്ള പ്രസിദ്ധമായ ഈസോപ്പു കഥയിൽ ഈ ആശയം നന്നായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ആമയ്‌ക്കു മുയലിനെക്കാൾ വേഗം വളരെ കുറവായിരുന്നെങ്കിലും ആമയാണ് മത്സരയോട്ടത്തിൽ ജയിച്ചത്. എന്തുകൊണ്ട്? കാരണം ആമയുടെ സമീപനം സ്ഥിരതയുള്ളതും സുശിക്ഷിതവുമായിരുന്നു. ആമ ഓട്ടം നിറുത്തിയില്ല, മറിച്ച് തനിക്കു ന്യായമായും നിലനിർത്താൻ സാധിക്കുന്ന വേഗം ആമ തിരഞ്ഞെടുത്തു. എന്നിട്ട്, ഫിനിഷ് ലൈൻ കടക്കുന്നതു വരെ അതിനോടു പറ്റിനിന്നു. സുസംഘടിതനും സ്ഥിരതയുള്ളവനുമായ ഒരുവന് തുടർച്ചയായി പുരോഗതി കൈവരിക്കാൻ സാധിക്കുന്നതിനാൽ അയാൾ എല്ലായ്‌പോഴും പ്രചോദിതനായി നിലകൊള്ളുന്നു. ആയതിനാൽ അയാൾ പിന്മാറാനുള്ള അല്ലെങ്കിൽ ഓട്ടത്തിൽനിന്നു പുറത്താകാനുള്ള സാധ്യത തീരെ കുറവാണ്. അതേ, ലക്ഷ്യം “പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ.”
മൂല്യവത്തായ ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കൽ
മൂല്യവത്തായ ലക്ഷ്യങ്ങൾ ഉണ്ടെങ്കിലേ സ്ഥിരോത്സാഹംകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകൂ. അനേകം ആളുകൾ സന്തുഷ്ടി കൈവരുത്താത്ത സംഗതികൾക്കു പിന്നാലെ പരക്കം പായുന്നു. എന്നാൽ, ‘സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതിൽ നിലനിൽക്കുന്നവൻ താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW] ആകും’ എന്ന് ബൈബിൾ പറയുന്നു. (യാക്കോബ് 1:25) അതേ, ബൈബിളിൽ വിവരിച്ചിരിക്കുന്ന ദൈവനിയമം പഠിക്കുന്നതു വളരെ മൂല്യവത്തായ ഒരു ലക്ഷ്യമാണ്. എന്തുകൊണ്ട്? എന്തെന്നാൽ ദൈവത്തിന്റെ നിയമം അവന്റെ പൂർണവും നീതിനിഷ്‌ഠവുമായ നിലവാരങ്ങളിൽ അധിഷ്‌ഠിതമാണ്. സൃഷ്ടികൾക്ക് ഏറ്റവും മെച്ചമായത് എന്താണെന്ന് സ്രഷ്ടാവ് എന്ന നിലയിൽ അവന് അറിയാം. അതുകൊണ്ട്, ദൈവത്തിന്റെ പ്രബോധനങ്ങൾ പഠിച്ച് ബാധകമാക്കുന്നതിൽ നാം ഉറ്റിരുന്നാൽ അതു നമുക്കു തീർച്ചയായും സന്തുഷ്ടി കൈവരുത്തും. സദൃശവാക്യങ്ങൾ 3:5, 6 ഇങ്ങനെ വാഗ്‌ദാനം ചെയ്യുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; . . . നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.”
തന്നെയുമല്ല, ദൈവത്തെയും ക്രിസ്‌തുവിനെയും കുറിച്ചുള്ള അറിവ് ഉൾക്കൊള്ളുന്നത് “നിത്യജീവനെ അർഥമാക്കുന്നു”വെന്ന് യേശു പറയുന്നു. (യോഹന്നാൻ 17:3, NW) ഈ വ്യവസ്ഥിതിയുടെ “അന്ത്യകാല”ത്താണു നാം ജീവിക്കുന്നതെന്ന് ബൈബിൾ പ്രവചനം സൂചിപ്പിക്കുന്നു. (2 തിമൊഥെയൊസ് 3:1-5; മത്തായി 24:3-13) ദൈവരാജ്യം, അതായത് ദൈവത്തിന്റെ നീതിയുള്ള ഗവൺമെന്റ്, പെട്ടെന്നുതന്നെ ഭൂവാസികളുടെ മേൽ ഭരണം ആരംഭിക്കും. (ദാനീയേൽ 2:44; മത്തായി 6:10) ഈ ഗവൺമെന്റ് അനുസരണമുള്ള മുഴു മനുഷ്യവർഗത്തിനും വേണ്ടി അഭൂതപൂർവകമായ സമാധാനവും സമൃദ്ധിയും ക്ഷേമവും കളിയാടുന്ന ഒരു യുഗം ആനയിക്കും. (സങ്കീർത്തനം 37:10, 11; വെളിപ്പാടു 21:4, 5) “ദൈവത്തിന്നു മുഖപക്ഷമില്ല” എന്ന് പ്രവൃത്തികൾ 10:34 പറയുന്നു. അതേ, ആ അനുഗ്രഹങ്ങൾ ആസ്വദിക്കാനായി സകലരും ക്ഷണിക്കപ്പെടുന്നു!
ജ്ഞാനംകൊണ്ടും അർഥംകൊണ്ടും സമ്പുഷ്ടമായ ഒരു പുരാതന ഗ്രന്ഥമാണ് ബൈബിൾ. അത് ഗ്രഹിക്കുന്നതിനു സമയവും ശ്രമവും ആവശ്യമാണ്. എന്നാൽ ആ പരിജ്ഞാനം തേടുന്നതിൽ നാം സ്ഥിരോത്സാഹം പ്രകടമാക്കുന്നെങ്കിൽ ദൈവസഹായത്താൽ അവന്റെ വചനം നമുക്ക് ഒരു തുറന്ന പുസ്‌തകമായിത്തീരും. (സദൃശവാക്യങ്ങൾ 2:4, 5; യാക്കോബ് 1:5) പഠിക്കുന്നതു ബാധകമാക്കുക ഒരു വെല്ലുവിളി ആയിരിക്കാമെന്നതു ശരിതന്നെ. ചിന്തയിലോ സ്വഭാവത്തിലോ നാം പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടത് ഉണ്ടായിരിക്കാം. അഭ്യുദയകാംക്ഷികളായ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ നമ്മുടെ ബൈബിൾ പഠനത്തെ എതിർക്കുക പോലും ചെയ്‌തേക്കാം. ആയതിനാൽ സ്ഥിരോത്സാഹം അനിവാര്യമാണ്. ‘സൽപ്രവൃത്തികളിൽ ക്ഷമാപൂർവം ഉറച്ചുനിൽക്കുന്ന’വർക്കു ദൈവം നിത്യജീവൻ നൽകുമെന്ന് അപ്പൊസ്‌തലനായ പൗലൊസ് നമ്മെ ഓർമിപ്പിക്കുന്നു. (റോമർ 2:7, ഓശാന ബൈബിൾ) ആ ലക്ഷ്യം നേടുന്നതിനു നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ.
ദൈവത്തെയും അവന്റെ ഹിതത്തെയും കുറിച്ചു പഠിക്കുകയും പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുകയും ചെയ്യുന്നതിൽ സ്ഥിരോത്സാഹം കാട്ടുന്നെങ്കിൽ നിങ്ങൾ വിജയം കണ്ടെത്തും എന്ന് ഉറപ്പുണ്ടായിരിക്കുക.—സങ്കീർത്തനം 1:1-3.
[6-ാം പേജിലെ ചിത്രം]
ദൈവത്തെയും അവന്റെ ഹിതത്തെയും കുറിച്ചു പഠിക്കുന്നതിൽ സ്ഥിരോത്സാഹം കാട്ടുന്നെങ്കിൽ നിങ്ങൾ വിജയം കണ്ടെത്തും
[4-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Culver Pictures