പീഡകൻ ഒരു വലിയ വെളിച്ചം കാണുന്നു
പീഡകൻ ഒരു വലിയ വെളിച്ചം കാണുന്നു
യേശുവിന്റെ അനുഗാമികൾക്കു നേരെ ശൗലിനു കോപം നുരഞ്ഞു പൊന്തുകയായിരുന്നു. യെരൂശലേമിൽ വെച്ച് സ്‌തെഫാനൊസിനെ കല്ലെറിഞ്ഞു കൊല്ലുകയും ക്രിസ്‌ത്യാനികളെ പീഡിപ്പിക്കുകയും ചെയ്‌തതു പോരാഞ്ഞിട്ടെന്ന പോലെ അവരുടെ നേർക്കുള്ള അടിച്ചമർത്തൽ കൂടുതൽ വ്യാപിപ്പിക്കാൻ അവൻ ശ്രമിച്ചു. “ശൌൽ കർത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കൽ ചെന്നു, ദമസ്‌കൊസിൽ ഈ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്‌ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികൾക്കു അവനോടു അധികാരപത്രം വാങ്ങി.”—പ്രവൃത്തികൾ 9:1, 2.
ദമസ്‌കൊസിലേക്കുള്ള യാത്രാമധ്യേ, തന്റെ ദൗത്യം ഏറെ ഫലപ്രദമായി എപ്രകാരം നിർവഹിക്കാനാകും എന്നതിനെക്കുറിച്ചാകാം അവൻ ചിന്തിച്ചുകൊണ്ടിരുന്നത്. മഹാപുരോഹിതൻ അവനു നൽകിയ അധികാരം തീർച്ചയായും ആ നഗരത്തിലെ വൻ യഹൂദ സമൂഹത്തിന്റെ തലവന്മാരിൽ നിന്നുള്ള സഹകരണം ഉറപ്പുവരുത്തുമായിരുന്നു. ശൗൽ അവരുടെ സഹായം തേടുമായിരുന്നു.
ലക്ഷ്യസ്ഥാനത്തോട് അടുക്കവെ, ശൗൽ ആവേശത്താൽ ജ്വലിച്ചിരിക്കണം. യെരൂശലേമിൽ നിന്ന് ഏതാണ്ട് 220 കിലോമീറ്റർ ദൂരം വരുന്ന ദമസ്‌കൊസിലേക്കുള്ള യാത്ര—ഏഴെട്ടു ദിവസത്തെ നടപ്പ്—വളരെ ബുദ്ധിമുട്ടേറിയത് ആയിരുന്നു. ഉച്ചയാകാറായപ്പോൾ സൂര്യനെക്കാൾ ശോഭയേറിയ ഒരു ഉജ്ജ്വല പ്രകാശം പെട്ടെന്നു ശൗലിനു ചുറ്റും മിന്നി. അവൻ നിലത്തു വീണു. എബ്രായ ഭാഷയിൽ തന്നോട് ഇങ്ങനെ പറയുന്ന ഒരു ശബ്ദം അവൻ കേട്ടു: “ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു? മുള്ളിന്റെ നേരെ ഉതെക്കുന്നതു [തൊഴിക്കുന്നത്, NW] നിനക്കു വിഷമം ആകുന്നു.” അപ്പോൾ “നീ ആരാകുന്നു, കർത്താവേ” എന്നു ശൗൽ ചോദിച്ചു. “നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ” എന്നായിരുന്നു ലഭിച്ച മറുപടി. “എങ്കിലും എഴുന്നേററു നിവിർന്നുനില്‌ക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി. ജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും” എന്നും യേശു അവനോടു പറഞ്ഞു. “കർത്താവേ ഞാൻ എന്തു ചെയ്യേണം” എന്നു ശൗൽ ചോദിച്ചു. “എഴുന്നേററു ദമസ്‌കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും.”—പ്രവൃത്തികൾ 9:3-6; 22:6-10; 26:13-17.
ശൗലിനോടുകൂടെ യാത്ര ചെയ്‌തിരുന്നവർ ശബ്ദം പ്രവൃത്തികൾ 9:7-9; 22:11.
കേട്ടെങ്കിലും സംസാരിച്ച വ്യക്തിയെ കാണാനോ പറഞ്ഞ കാര്യം മനസ്സിലാക്കാനോ അവർക്കു സാധിച്ചില്ല. പ്രകാശത്തിന്റെ തീവ്രത നിമിത്തം ശൗലിന്റെ കാഴ്‌ച നഷ്ടപ്പെട്ടു. അതുകൊണ്ട്, അവനെ കൈക്കു പിടിച്ച് നടത്തിക്കൊണ്ടു പോകേണ്ടിവന്നു. “അവൻ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു.”—മൂന്നു ദിവസത്തെ ധ്യാനം
നേർവ്വീഥി എന്ന തെരുവിൽ താമസിച്ചിരുന്ന യൂദ, ശൗലിന് ആതിഥ്യമരുളി. * (പ്രവൃത്തികൾ 9:11) ദാർബ് അൽ മുസ്‌താക്കിം എന്ന അറബി നാമമുള്ള ഈ തെരുവ് ഇപ്പോഴും ദമസ്‌കൊസിലെ ഒരു പ്രധാന വീഥിയാണ്. യൂദയുടെ ഭവനത്തിലായിരുന്നപ്പോൾ ശൗലിന്റെ മനസ്സിലൂടെ എന്തൊക്കെ കടന്നുപോയിരിക്കും എന്നു വിഭാവന ചെയ്യുക. തനിക്കു നേരിട്ട അനുഭവം അവനെ അന്ധനാക്കുകയും ഭയപ്പെടുത്തുകയും ചെയ്‌തിരുന്നു. അതിന്റെ അർഥം സംബന്ധിച്ചു ധ്യാനിക്കാൻ ആ ദിവസങ്ങളിൽ അവനു സമയം ലഭിച്ചു.
ഭോഷത്തം എന്ന നിലയിൽ താൻ തള്ളിക്കളഞ്ഞിരുന്നതിനെ ഇപ്പോൾ ആ പീഡകനു നേരിടേണ്ടതായി വന്നു. ദണ്ഡന സ്‌തംഭത്തിൽ വധിക്കപ്പെട്ട കർത്താവാം യേശുക്രിസ്‌തു—യഹൂദരുടെ പരമോന്നത അധികാരി കുറ്റം വിധിച്ച, ‘മനുഷ്യരാൽ നിന്ദിക്കപ്പെടുകയും പരിത്യജിക്കപ്പെടുകയും ചെയ്‌ത,’ മനുഷ്യൻ—ജീവിച്ചിരിപ്പുണ്ടായിരുന്നു. എന്തിന്, അവൻ ദൈവത്തിന്റെ വലതു ഭാഗത്ത് “അടുത്തുകൂടാത്ത വെളിച്ചത്തിൽ” അംഗീകരിക്കപ്പെട്ടവനായി നിലകൊള്ളുക പോലും ചെയ്‌തു. യേശു ആയിരുന്നു മിശിഹാ. സ്‌തെഫാനൊസും മറ്റുള്ളവരും പറഞ്ഞതു ശരിയായിരുന്നു. (യെശയ്യാവു 53:3; പ്രവൃത്തികൾ 7:56; 1 തിമൊഥെയൊസ് 6:16) ശൗലിന് അങ്ങേയറ്റം തെറ്റു പറ്റിയിരുന്നു. കാരണം, ശൗൽ പീഡിപ്പിച്ചുകൊണ്ടിരുന്നവരുടെ പക്ഷത്തായിരുന്നു യേശു! തെളിവിന്റെ വെളിച്ചത്തിൽ, ‘മുള്ളിനു നേരെ ഉതെക്കാൻ’ ശൗലിന് എങ്ങനെ കഴിയുമായിരുന്നു? മെരുക്കമില്ലാത്ത ഒരു കാളയെപോലും താൻ ആഗ്രഹിക്കുന്ന വഴിയെ മുള്ളുപയോഗിച്ച് തെളിച്ചുകൊണ്ടുപോകാൻ അതിന്റെ ഉടമയ്‌ക്കു കഴിയും. അതിനാൽ, യേശുക്രിസ്‌തുവിന്റെ നിർദേശങ്ങൾക്കു വഴങ്ങുന്നില്ലെങ്കിൽ ശൗൽ തനിക്കുതന്നെ ദ്രോഹം വരുത്തിവെക്കുകയായിരിക്കും ചെയ്യുക.
മിശിഹാ ആയ യേശുവിനെ ഒരിക്കലും ദൈവം കുറ്റം വിധിച്ചതാണെന്നു പറയാനാകില്ല. എന്നിട്ടും, അവൻ അതിനിന്ദാകരമായ ഒരു മരണം അനുഭവിക്കാനും “തൂങ്ങിമരിച്ചവൻ ദൈവസന്നിധിയിൽ ശാപഗ്രസ്‌തൻ ആകുന്നു” എന്ന ന്യായപ്രമാണ വിധിയിൻ കീഴിൽ വരാനും യഹോവ അനുവദിച്ചു. (ആവർത്തനപുസ്‌തകം 21:22) ദണ്ഡന സ്‌തംഭത്തിൽ തൂങ്ങിക്കിടന്നാണ് യേശു മരിച്ചത്. അവൻ ശപിക്കപ്പെട്ടത്, അവന്റെതന്നെ പാപം നിമിത്തമല്ല—അവൻ പാപരഹിതനായിരുന്നു—മറിച്ച്, മനുഷ്യവർഗത്തിന്റെ പാപം നിമിത്തമായിരുന്നു. ശൗൽ പിന്നീട് ഇങ്ങനെ വിശദീകരിച്ചു: ‘ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്‌തകത്തിൽ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‌വാൻ തക്കവണ്ണം അതിൽ നിലനില്‌ക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്‌പഷ്ടം; . . . “മരത്തിൻമേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്‌തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.’—ഗലാത്യർ 3:10-13.
യേശുവിന്റെ യാഗത്തിനു വീണ്ടെടുപ്പു മൂല്യമുണ്ടായിരുന്നു. ആ യാഗം സ്വീകരിക്കുക വഴി യഹോവ ന്യായപ്രമാണത്തെയും അതിന്റെ ശാപത്തെയും പ്രതീകാത്മകമായി സ്‌തംഭത്തിൽ തറച്ചു. ആ വസ്‌തുത മനസ്സിലാക്കിയപ്പോൾ, ‘യഹൂദന്മാർക്ക് ഒരു ഇടർച്ചയായിരുന്ന’ ദണ്ഡന സ്‌തംഭം “ദൈവത്തിന്റെ ജ്ഞാന”മാണെന്നു ശൗലിനു വിലമതിക്കാൻ കഴിഞ്ഞു. (1 കൊരിന്ത്യർ 1:18-25; കൊലൊസ്സ്യർ 2:14) ന്യായപ്രമാണത്തിന്റെ പ്രവൃത്തികളല്ല മറിച്ച്, ശൗലിനെ പോലുള്ള പാപികളോടു ദൈവം പ്രകടമാക്കിയ അനർഹദയയാണു രക്ഷ സാധ്യമാക്കുന്നതെങ്കിൽ ന്യായപ്രമാണത്തിനു വെളിയിൽ ഉള്ളവർക്കും അതിനുള്ള അവസരം ഉണ്ടായിരിക്കണമായിരുന്നു. അതുകൊണ്ട്, യേശു പിന്നീട് ശൗലിനെ അയയ്‌ക്കുന്നതും വിജാതീയരുടെ അടുത്തേക്കാണ്.—എഫെസ്യർ 3:3-7.
തനിക്കു പരിവർത്തനം വന്ന സമയത്ത് ശൗൽ ഇതെല്ലാം സംബന്ധിച്ച് എത്രത്തോളം മനസ്സിലാക്കിയെന്നു നമുക്കറിയില്ല. ജാതികളുടെ ഇടയിലെ അവന്റെ ദൗത്യത്തെക്കുറിച്ച് ഒരുപക്ഷേ ഒന്നിലധികം പ്രാവശ്യം യേശു അവനോടു പിന്നെയും സംസാരിക്കാനിരിക്കുകയായിരുന്നു. മാത്രമല്ല, അനേക വർഷങ്ങൾ കഴിഞ്ഞാണ് ദിവ്യ നിശ്വസ്‌തതയിൽ ശൗൽ ഇതെല്ലാം രേഖപ്പെടുത്തുന്നതും. (പ്രവൃത്തികൾ 22:17-21; ഗലാത്യർ 1:15-18; 2:1, 2) എന്നിരുന്നാലും, ഏതാനും ദിവസങ്ങൾക്കു ശേഷം തന്റെ പുതിയ യജമാനനിൽ നിന്നു കൂടുതലായ നിർദേശങ്ങൾ ശൗലിനു ലഭിച്ചു.
അനന്യാസിന്റെ സന്ദർശനം
ശൗലിനു പ്രത്യക്ഷപ്പെട്ട ശേഷം, യേശു അനന്യാസിനു പ്രത്യക്ഷനായി ഇപ്രകാരം പറഞ്ഞു: “നീ എഴുന്നേററു നേർവ്വീഥി എന്ന തെരുവിൽ ചെന്നു, യൂദയുടെ വീട്ടിൽ തർസൊസുകാരനായ ശൌൽ എന്നു പേരുള്ളവനെ അന്വേഷിക്ക; അവൻ പ്രാർത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷൻ അകത്തു വന്നു താൻ കാഴ്‌ച പ്രാപിക്കേണ്ടതിന്നു തന്റെമേൽ കൈ വെക്കുന്നതു അവൻ കണ്ടിരിക്കുന്നു എന്നു കല്‌പിച്ചു.”—പ്രവൃത്തികൾ 9:11, 12.
അനന്യാസിന് ശൗലിനെ അറിയാമായിരുന്നതുകൊണ്ട് യേശു പറഞ്ഞതു കേട്ടപ്പോൾ അവനുണ്ടായ ആശ്ചര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. അവൻ ഇങ്ങനെ പറഞ്ഞു: “കർത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്റെ വിശുദ്ധന്മാർക്കു എത്ര ദോഷം ചെയ്‌തു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു. ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു.” എന്നിരുന്നാലും, യേശു അനന്യാസിനോട് ഇപ്രകാരം പറഞ്ഞു: “നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നോരു പാത്രം ആകുന്നു.”—പ്രവൃത്തികൾ 9:13-15.
ഈ വിധത്തിൽ ഉറപ്പു ലഭിച്ച അനന്യാസ് യേശു പറഞ്ഞ ആളുടെ അടുത്തേക്ക് പുറപ്പെട്ടു. അവൻ ശൗലിനെ കണ്ട് അഭിവാദനം ചെയ്‌ത് അവന്റെ മേൽ കൈവെച്ചു. വിവരണം പറയുന്നതുപോലെ, “ഉടനെ അവന്റെ കണ്ണിൽ നിന്നു ചെതുമ്പൽപോലെ വീണു; കാഴ്‌ച ലഭിച്ചു.” ശൗൽ ഇപ്പോൾ ശ്രദ്ധിക്കാൻ മനസ്സൊരുക്കമുള്ളവനായിരുന്നു. യേശുവിന്റെ വാക്കുകളിൽ നിന്നും ശൗൽ മനസ്സിലാക്കിയ കാര്യങ്ങൾ സ്ഥിരീകരിക്കുന്നതായിരുന്നു അനന്യാസിന്റെ പിൻവരുന്ന പ്രസ്‌താവന: “നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്റെ വായിൽനിന്നു വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു. നീ കാൺകയും കേൾക്കയും ചെയ്‌തതിന്നു സകലമനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും. ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്‌നാനം ഏററു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.” ഫലമെന്തായിരുന്നു? ‘ശൗൽ എഴുന്നേററു സ്‌നാനം ഏല്‌ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്‌തു.’—പ്രവൃത്തികൾ 9:17-19; 22:12-16.
അങ്ങനെ അനന്യാസ് തന്റെ ദൗത്യം പൂർത്തിയാക്കുന്നു. പിന്നീട് ആ വിശ്വസ്‌ത മനുഷ്യനെ കുറിച്ചു ബൈബിൾ യാതൊന്നും പറയുന്നില്ല. എന്നാൽ, ശൗലിനെ ശ്രവിച്ചവർ ആശ്ചര്യഭരിതരായിത്തീർന്നു! യേശുവിന്റെ ശിഷ്യന്മാരെ അറസ്റ്റു ചെയ്യാൻ ദമസ്‌കൊസിലേക്കു വന്ന ഈ മുൻ പീഡകൻ സിന്നഗോഗുകളിൽ പ്രസംഗിക്കാനും യേശുവാണ് ക്രിസ്‌തു എന്നു തെളിയിക്കാനും തുടങ്ങി.—പ്രവൃത്തികൾ 9:20-22.
‘ജാതികളുടെ അപ്പൊസ്‌തലൻ’
ദമസ്‌കൊസിലേക്കുള്ള യാത്രാമധ്യേയുണ്ടായ, യേശുവിന്റെ പ്രത്യക്ഷപ്പെടൽ തന്റെ ദൗത്യത്തിൽ നിന്നു പിന്മാറാൻ ശൗലിനെ നിർബന്ധിതനാക്കി. മിശിഹാ ആരാണെന്നു മനസ്സിലാക്കിയ ശൗലിന് എബ്രായ തിരുവെഴുത്തുകളിലെ അനേകം ആശയങ്ങളും പ്രവചനങ്ങളും യേശുവിൽ ബാധകമാക്കാൻ കഴിഞ്ഞു. യേശു പ്രത്യക്ഷപ്പെട്ട്, തന്നെ ‘പിടിച്ച്’ “ജാതികളുടെ അപ്പൊസ്‌തല”നായി നിയമിച്ചുവെന്ന തിരിച്ചറിവ് ശൗലിന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. (ഫിലിപ്പിയർ 3:12; റോമർ 11:13) ഇപ്പോൾ അപ്പൊസ്‌തലൻ എന്ന നിലയിൽ ഭൂമിയിലെ തന്റെ ശിഷ്ടജീവിതത്തെ മാത്രമല്ല, ക്രിസ്‌ത്യാനിത്വത്തിന്റെ ചരിത്രഗതിയെത്തന്നെയും സ്വാധീനിക്കാനുള്ള പദവിയും അധികാരവും പൗലൊസിനു ലഭിച്ചു.
വർഷങ്ങൾ കഴിഞ്ഞ്, പൗലൊസിന്റെ അപ്പൊസ്‌തലികത്വം സംബന്ധിച്ചു തർക്കം ഉണ്ടായപ്പോൾ, ദമസ്‌കൊസിലേക്കുള്ള യാത്രാമധ്യേ തനിക്കുണ്ടായ അനുഭവത്തെ പരാമർശിച്ചുകൊണ്ട് അവൻ തന്റെ അധികാരത്തിനു വേണ്ടി വാദിച്ചു. “ഞാൻ അപ്പൊസ്‌തലൻ അല്ലയോ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ?” എന്ന് അവൻ ചോദിച്ചു. പുനരുത്ഥാനം പ്രാപിച്ച യേശു മറ്റുള്ളവർക്കു മുമ്പാകെ പ്രത്യക്ഷപ്പെട്ട അവസരങ്ങളെ കുറിച്ച് പറഞ്ഞ ശേഷം ശൗൽ (പൗലൊസ്) ഇങ്ങനെ പ്രസ്‌താവിച്ചു: “എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും [അവൻ] പ്രത്യക്ഷനായി.” (1 കൊരിന്ത്യർ 9:1; 15:8) യേശുവിന്റെ സ്വർഗീയ മഹത്ത്വത്തിന്റെ ദർശനം മുഖാന്തരം, സമയത്തിനു മുമ്പേ ആത്മ ജീവനിലേക്ക് ജനിപ്പിക്കപ്പെടുകയെന്ന, അഥവാ പുനരുത്ഥാനം പ്രാപിക്കുകയെന്ന ബഹുമതി പൗലൊസിനു ലഭിച്ചതുപോലെ ആയിരുന്നു അത്.
ശൗൽ തനിക്കു ലഭിച്ച പദവി സ്വീകരിക്കുകയും അതിനു ചേർച്ചയിൽ ജീവിക്കാൻ കഠിനമായി പ്രയത്‌നിക്കുകയും ചെയ്‌തു. “ഞാൻ അപ്പൊസ്‌തലൻമാരിൽ ഏററവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്‌തലൻ എന്ന പേരിന്നു യോഗ്യനുമല്ല” എന്ന് അവൻ എഴുതി. “എങ്കിലും . . . എന്നോടുള്ള അവന്റെ [ദൈവത്തിന്റെ] കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു.”—1 കൊരിന്ത്യർ 15:9, 10.
ഒരുപക്ഷേ ശൗലിനെപോലെ നിങ്ങളും, ദൈവപ്രീതി ലഭിക്കണമെങ്കിൽ ദീർഘ കാലമായി വെച്ചുപുലർത്തിയിരുന്ന മതപരമായ വീക്ഷണങ്ങൾക്കു മാറ്റം വരുത്തേണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞ സമയം ഓർമിക്കുന്നുണ്ടാകാം. സത്യം ഗ്രഹിക്കാൻ യഹോവ നിങ്ങളെ സഹായിച്ചതിൽ നിങ്ങൾ വളരെ നന്ദിയുള്ളവർ ആയിരുന്നു എന്നതിനു സംശയമില്ല. വെളിച്ചം കണ്ട ശൗൽ, തന്നെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്താണെന്നു തിരിച്ചറിഞ്ഞപ്പോൾ അതിൻ പ്രകാരം ചെയ്യാൻ മടിച്ചില്ല. ഭൂമിയിലെ തന്റെ ശിഷ്ട ജീവിതകാലം മുഴുവൻ നിശ്ചയദാർഢ്യത്തോടെയും തീക്ഷ്‌ണതയോടെയും അവൻ ആ ദിവ്യഹിതം ചെയ്യുന്നതിൽ തുടർന്നു. ഇന്ന് യഹോവയുടെ പ്രീതി ആഗ്രഹിക്കുന്ന എല്ലാവർക്കും എത്ര നല്ലൊരു മാതൃക!
[അടിക്കുറിപ്പുകൾ]
^ ഖ. 7 പ്രാദേശിക യഹൂദ സമുദായത്തിന്റെ തലവനോ ഒരു യഹൂദ സത്രത്തിന്റെ നടത്തിപ്പുകാരനോ ആയിരുന്നിരിക്കാം യൂദ എന്നാണ് ഒരു പണ്ഡിതന്റെ അഭിപ്രായം.
[27-ാം പേജിലെ ചിത്രം]
ആധുനികകാല ദമസ്‌കൊസിലെ നേർവ്വീഥി എന്നു വിളിക്കപ്പെടുന്ന തെരുവ്
[കടപ്പാട്]
Photo by ROLOC Color Slides