നിങ്ങൾക്ക് ഒരു വിദേശ വയലിൽ സേവിക്കാനാകുമോ?
നിങ്ങൾക്ക് ഒരു വിദേശ വയലിൽ സേവിക്കാനാകുമോ?
“മിഷനറി വേല എന്റെ ചിരകാല സ്വപ്നമായിരുന്നു. ഏകാകിയായിരുന്നപ്പോൾ, കൂടുതൽ പ്രസംഗകരെ ആവശ്യമായിരുന്ന യു.എസ്.എ.-യിലെ ടെക്സാസിലാണ് ഞാൻ സേവനമനുഷ്ഠിച്ചിരുന്നത്. വിവാഹാനന്തരം ഭാര്യയും എന്നോടൊപ്പം അവിടെ സേവിക്കാൻ തുടങ്ങി. ഞങ്ങൾക്ക് ഒരു മകൾ ജനിച്ചപ്പോൾ, ‘മിഷനറി വേല സംബന്ധിച്ച എല്ലാ സ്വപ്നങ്ങളും അസ്തമിച്ചു’ എന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ യഹോവ നമ്മുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നു. പ്രത്യേകിച്ച്, അവ അവന്റെ ഉദ്ദേശ്യത്തോടു ചേർച്ചയിലായിരിക്കുമ്പോൾ.”—ജെസ്സീ, ഭാര്യയും മൂന്നു മക്കളുമൊത്ത് ഇപ്പോൾ ഇക്വഡോറിൽ സേവിക്കുന്നു.
“ഗിലെയാദ് മിഷനറി സ്കൂൾ പരിശീലനം നേടാതെ എനിക്ക് അതുപോലൊരു സംഗതി ചെയ്യാൻ സാധിക്കുമെന്നു ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. എന്റെ ബൈബിൾ വിദ്യാർഥികളിൽ ആരെങ്കിലും പ്രസംഗം നടത്തുന്നതോ സാക്ഷീകരിക്കുന്നതോ കാണുമ്പോൾ, അത് എന്നെ കോരിത്തരിപ്പിക്കുന്നു. എനിക്ക് ഈ അവസരമേകിയതിൽ ഞാൻ യഹോവയ്ക്ക് നന്ദി കരേറ്റുന്നു.”—കാരെൻ, തെക്കേ അമേരിക്കയിൽ എട്ടു വർഷം പയനിയറിങ് ചെയ്ത ഒരു ഏകാകിനി.
“ഐക്യനാടുകളിൽ 13 വർഷത്തെ മുഴുസമയ പ്രസംഗത്തിനുശേഷം, എനിക്കും ഭാര്യക്കും ഒരു പുതിയ വെല്ലുവിളി ഏറ്റെടുക്കണമെന്നു തോന്നി. ഇതിനു മുമ്പ് ഞങ്ങൾ ഇത്രത്തോളം സന്തോഷം അനുഭവിച്ചിട്ടില്ല; ഇത് തീർച്ചയായും അതിശയകരമായ ഒരു ജീവിതരീതിയാണ്.”—റ്റോം, ഭാര്യ ലിൻഡയോടൊപ്പം ആമസോൺ മേഖലയിൽ പയനിയറിങ് നടത്തുന്നു.
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽനിന്ന് മിഷനറി പരിശീലനം നേടാൻ തങ്ങളുടെ സാഹചര്യങ്ങൾ അനുവദിക്കാഞ്ഞവർ പറഞ്ഞതാണ് ഈ വിലമതിപ്പിൻ വാക്കുകൾ. എന്നിരുന്നാലും, അവർ വിദേശ സേവനത്തിലെ സന്തോഷങ്ങളും വെല്ലുവിളികളും അനുഭവിച്ചിരിക്കുന്നു. അത് എങ്ങനെയാണ് സാധ്യമായത്? അത്തരമൊരു സേവനം നിങ്ങൾക്കുള്ളതാണോ?
ശരിയായ പ്രചോദനം ആവശ്യം
വിദേശ വയലിൽ വിജയംവരിക്കാൻ സാഹസികതയുടെ ഒരു ആത്മാവ് മാത്രം പോരാ. ഈ വേലയിൽ നിലനിന്നിട്ടുള്ളവർ ശരിയായ പ്രചോദനത്താലാണ് അപ്രകാരം ചെയ്തിട്ടുള്ളത്. പൗലൊസിനെപ്പോലെ, അവർ ദൈവത്തിനു മാത്രമല്ല മനുഷ്യർക്കും തങ്ങളെത്തന്നെ കടക്കാരായി കണക്കാക്കുന്നു. (റോമർ 1:14) പ്രസംഗിക്കാനുള്ള ദിവ്യ കല്പന നിവർത്തിക്കുന്നതിന് അവർക്കു മാതൃദേശത്ത് ശുശ്രൂഷയിൽ ഏർപ്പെട്ടാലും മതിയായിരുന്നു. (മത്തായി 24:14) പക്ഷേ, തങ്ങളെത്തന്നെ കടക്കാരായി കണക്കാക്കിയ അവർ സുവാർത്ത കേൾക്കാനുള്ള അവസരങ്ങൾ വിരളമായവരുടെ അടുത്തേക്കു ചെന്ന് അവരെ സഹായിക്കാൻ പ്രേരിതരായി.
കൂടുതൽ ഫലപ്രദമായ പ്രദേശത്തു പ്രവർത്തിക്കാനുള്ള ആഗ്രഹമാണ് മിക്കപ്പോഴും മറ്റൊരു ച്രചോദനം—അത് ഉചിതമാണുതാനും. തടാകത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഒരു മീൻപിടുത്തക്കാരനു കൂടുതൽ മീൻ കിട്ടുന്നതായി കണ്ടാൽ ആരാണ് അങ്ങോട്ടു പോകാതിരിക്കുക? സമാനമായി, മറ്റു രാജ്യങ്ങളിലെ അഭൂതപൂർവമായ വർധനവുകളുടെ ഉദ്വേഗജനകമായ റിപ്പോർട്ടുകൾ ‘പെരുത്ത മീൻകൂട്ടം’ ഉള്ളിടത്തേക്കു പോകാൻ അനേകരെ പ്രേരിപ്പിച്ചിരിക്കുന്നു.—ലൂക്കൊസ് 5:4-10.
ചെലവു കണക്കാക്കുക
മിക്ക രാജ്യങ്ങളിലും വിദേശികളായ സന്നദ്ധ മത പ്രവർത്തകരെ ലൗകിക തൊഴിൽ ചെയ്യാൻ അനുവദിക്കാറില്ല. അതുകൊണ്ട് വിദേശത്തു സേവിക്കാൻ ആഗ്രഹിക്കുന്നവർ പൊതുവെ സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കുന്നവർ ആയിരിക്കണം. ഈ സാമ്പത്തിക വെല്ലുവിളിയെ ചിലർ എപ്രകാരമാണു നേരിട്ടിരിക്കുന്നത്? ആവശ്യമുള്ള പണം സ്വരൂപിക്കാനായി പലരും തങ്ങളുടെ വീടുകൾ വിൽക്കുകയോ വാടകയ്ക്കു കൊടുക്കുകയോ ചെയ്തിരിക്കുന്നു. മറ്റു ചിലർ അതിനായി തങ്ങളുടെ ബിസിനസുകൾ വിറ്റിരിക്കുന്നു. ചിലർ ഈ ലക്ഷ്യം നേടുന്നതിനു കുറേശ്ശെയായി പണം സ്വരൂപിച്ചു വെച്ചിരിക്കുന്നു. ഇനിയും മറ്റു ചിലരാകട്ടെ, വിദേശത്ത് ഒന്നോ രണ്ടോ വർഷം സേവിച്ചിട്ട്, നാട്ടിൽ വന്നു ജോലി ചെയ്ത് പണം ഉണ്ടാക്കി, വീണ്ടും അവിടെ സേവിക്കാനായി മടങ്ങിപ്പോകുന്നു.
ഒരു വികസ്വര രാജ്യത്ത് ആയിരിക്കുന്നതിന്റെ പ്രയോജനങ്ങളിലൊന്ന് കൂടുതൽ വികസിതമായ രാജ്യത്തെ അപേക്ഷിച്ച് തീർച്ചയായും അവിടെ ജീവിതച്ചെലവ് കുറവാണെന്നുള്ളതാണ്. തന്നിമിത്തം തങ്ങളുടെ മിതമായ പെൻഷൻ കൊണ്ട് ജീവിതാവശ്യങ്ങൾ നിറവേറ്റാൻ ചിലർക്കു കഴിഞ്ഞിരിക്കുന്നു. തീർച്ചയായും, ഒരുവന്റെ ചെലവുകൾ പ്രധാനമായും അയാൾ തിരഞ്ഞെടുക്കുന്ന ജീവിതനിലവാരത്തെ ആശ്രയിച്ചിരിക്കും. വികസ്വര രാജ്യങ്ങളിലും, വളരെ സുഖസൗകര്യങ്ങളുള്ള വീടുകൾ ലഭ്യമാണ്, പക്ഷേ ചെലവും അതുപോലെ കൂടുതലായിരിക്കും.
തീർച്ചയായും, മാറിപ്പാർക്കുന്നതിനുമുമ്പ് ചെലവു കണക്കാക്കണം. എന്നാൽ സാമ്പത്തിക ചെലവുകൾ
കണക്കാക്കുന്നതിലുമധികം അതിൽ ഉൾപ്പെട്ടിരിക്കുന്നു. തെക്കേ അമേരിക്കയിൽ സേവിച്ച ചിലരുടെ അഭിപ്രായങ്ങൾ വിജ്ഞാനദായകമായിരുന്നേക്കാം.ഏറ്റവും വലിയ വെല്ലുവിളി
“എന്നെ സംബന്ധിച്ചിടത്തോളം സ്പാനീഷ് ഭാഷ പഠിക്കുക എന്നത് ശരിക്കും ഒരു പോരാട്ടംതന്നെ ആയിരുന്നു,” ഫിൻലൻഡിൽ നിന്നുള്ള മാർക്കു പറയുന്നു. “എനിക്കു ഭാഷ വശമില്ലാഞ്ഞതിനാൽ ഒരു ശുശ്രൂഷാദാസനായി സേവിക്കാൻ കുറെ സമയം വേണ്ടിവരുമെന്നു ഞാൻ കരുതി. വെറും രണ്ടു മാസം കഴിഞ്ഞപ്പോൾ പുസ്തകാധ്യയനം നടത്താൻ എന്നോടാവശ്യപ്പെട്ടത് എന്തൊരതിശയമായിരുന്നു! എന്നുവരികിലും, ജാള്യം അനുഭവപ്പെട്ട നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നെ പ്രത്യേകിച്ചും കുഴപ്പിച്ചത് പേരുകളായിരുന്നു. ഒരു ദിവസം സാൻകോ സഹോദരനെ ‘ചാൻകോ (പന്നി) സഹോദരൻ’ എന്നു വിളിച്ചു. സലാമിയ സഹോദരിയെ ‘മലാസിയ (ദുഷ്ട)’ എന്നു വിളിച്ചത് ഞാൻ ഒരിക്കലും മറക്കില്ല. സഹോദരീസഹോദരന്മാർ വളരെ ക്ഷമയുള്ളവർ ആയിരുന്നത് എനിക്കു തുണയായി.” പിന്നീട് ഭാര്യ സെലീനുമൊത്ത് മാർക്കു എട്ടു വർഷം ആ രാജ്യത്ത് ഒരൂ സഞ്ചാരമേൽവിചാരകനായി സേവിച്ചു.
നേരത്തെ പരാമർശിച്ച ജെസ്സീയുടെ ഭാര്യ ക്രിസ് ഇങ്ങനെ പറയുന്നു: “ഞങ്ങൾ ഇവിടെവന്നു മൂന്നു മാസമായപ്പോൾ നടന്ന, സർക്കിട്ട് മേൽവിചാരകന്റെ ആദ്യത്തെ സന്ദർശനം ഞാൻ ഓർക്കുന്നു. സഹോദരൻ ദൃഷ്ടാന്തങ്ങളൊക്കെ ഉപയോഗിച്ച്, ഞങ്ങളുടെ ഹൃദയങ്ങളെ സ്പർശിക്കാന്തക്കവണ്ണം ആകർഷകമായ എന്തോ പറയുകയാണെന്ന് എനിക്കു മനസ്സിലായി, എന്നാൽ അത് എന്താണെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. ആ ഹാളിൽ വെച്ചുതന്നെ ഞാൻ കരഞ്ഞുപോയി. അതു വെറുതെയുള്ള ഒരു കരച്ചിലായിരുന്നില്ല, പകരം ഞാൻ ഏങ്ങലടിച്ചു കരയുകയായിരുന്നു. ഞാൻ അങ്ങനെ പെരുമാറിയതിനെ കുറിച്ച് യോഗത്തിനുശേഷം സഞ്ചാരമേൽവിചാരകനോടു വിശദീകരിക്കാൻ ശ്രമിച്ചു. വളരെ അനുകമ്പയുണ്ടായിരുന്ന അദ്ദേഹം മറ്റെല്ലാവരും എന്നോടു പറഞ്ഞതു തന്നെ പറഞ്ഞു, ‘റ്റെൻ പോസിൻസിയോ, എർമോനോ’ (‘എല്ലാം സാവധാനം ശരിയായിക്കൊള്ളും സഹോദരീ’). രണ്ടുമൂന്നു കൊല്ലം കഴിഞ്ഞു വീണ്ടും കണ്ടുമുട്ടിയപ്പോൾ 45 മിനിട്ടു നേരം ഞങ്ങൾ സംസാരിച്ചു. അങ്ങനെ ആശയവിനിമയം നടത്താൻ കഴിഞ്ഞതിൽ ഞാൻ അതീവ സന്തുഷ്ടയായിരുന്നു.”
“പഠനം മർമപ്രധാനമാണ്” എന്നു മറ്റൊരു സഹോദരൻ പറയുന്നു. “ഭാഷ പഠിക്കാൻ നാം എത്രമാത്രം ശ്രമം ചെലുത്തുന്നുവോ അത്രമാത്രം നമ്മുടെ ആശയവിനിമയ പ്രാപ്തികളും മെച്ചപ്പെടുന്നു.”
അത്തരം ശ്രമങ്ങൾ അനേകം പ്രയോജനങ്ങൾ കൈവരുത്തും എന്നതിനോട് എല്ലാവരും യോജിക്കുന്നു. ഒരു പുതിയ ഭാഷ പഠിക്കാൻ ശ്രമിക്കുമ്പോൾ താഴ്മ, ക്ഷമ, നിശ്ചയദാർഢ്യം എന്നീ ഗുണങ്ങളും വളരുന്നു. കൂടാതെ, സുവാർത്ത പ്രസംഗിക്കാനുള്ള വളരെ വലിയ ഒരു അവസരം തുറന്നു കിട്ടുന്നു. ഉദാഹരണത്തിന്, സ്പാനീഷ് ഭാഷ പഠിക്കുന്നതു മുഖാന്തരം ലോകത്തിനു ചുറ്റുമായി 40 കോടിയിലധികം ആളുകൾ സംസാരിക്കുന്ന ഭാഷയിൽ ആശയവിനിമയം നടത്താൻ ഒരുവനു സാധിക്കുന്നു. പിൽക്കാലത്ത് മാതൃ രാജ്യത്തേക്കു മടങ്ങിപ്പോകേണ്ടി വന്നിട്ടുള്ള അനേകർക്ക് സ്പാനീഷ് മാതൃഭാഷയായുള്ളവരെ സഹായിക്കാനായി തങ്ങളുടെ ഭാഷാ വൈദഗ്ധ്യം ഉപയോഗിക്കാൻ കഴിഞ്ഞിരിക്കുന്നു.
ഗൃഹാതുരത്വത്തിന്റെ കാര്യമോ?
“1989-ൽ ഞങ്ങൾ ഇക്വഡോറിലേക്ക് ആദ്യമായി വന്നപ്പോൾ എനിക്കു കടുത്ത ഗൃഹാതുരത്വം അനുഭവപ്പെട്ടിരുന്നു” എന്ന് ആമസോൺ മേഖലയിൽ ഭർത്താവ് ഗ്രെയുമൊത്ത് സേവനം അനുഷ്ഠിച്ച ദെബോര പറയുന്നു. “സഭയിലെ സഹോദരങ്ങളിൽ കൂടുതലായി ആശ്രയിക്കാൻ ഞാൻ പഠിച്ചു. അവർ എന്റെ കുടുംബം പോലെ ആയിത്തീർന്നു.”
തുടക്കത്തിൽ പരാമർശിച്ച കരീൻ പറയുന്നു: “ഓരോ ദിവസവും വയൽശുശ്രൂഷയിൽ പങ്കുപറ്റിക്കൊണ്ടാണ് ഞാൻ ഗൃഹാതുരത്വത്തോടു പോരാടിയത്. അങ്ങനെയാകുമ്പോൾ വീടിനെ കുറിച്ചു ഞാൻ പകൽകിനാവ് കാണുമായിരുന്നില്ല. വിദേശവയലിലെ എന്റെ വേലയെ പ്രതി വീട്ടിൽ മാതാപിതാക്കൾ അഭിമാനമുള്ളവരാണെന്ന കാര്യവും ഞാൻ മനസ്സിൽ പിടിച്ചിരുന്നു. ‘എന്നെക്കാൾ മെച്ചമായി നിനക്കുവേണ്ടി കരുതാൻ യഹോവയ്ക്കു സാധിക്കും’ എന്നു പറഞ്ഞുകൊണ്ട് മമ്മി എന്നെ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നു.”
ജപ്പാനിൽ നിന്നുള്ള മാകികൊ നർമരസത്തോടെ ഇങ്ങനെ പറയുന്നു: “ദിവസം മുഴുവൻ വയൽസേവനത്തിൽ പങ്കുപറ്റി ആകെ ക്ഷീണിച്ചായിരിക്കും വീട്ടിൽ എത്തുക. അതുകൊണ്ട്, ഗൃഹാതുരത്വം അനുഭവപ്പെടാൻ തുടങ്ങുമ്പോൾതന്നെ ഞാൻ ഉറങ്ങിപ്പോകാറാണു പതിവ്. തന്മൂലം ആ തോന്നൽ വളരെ നേരം ദീർഘിക്കാറില്ല.”
കുട്ടികളുടെ കാര്യമോ?
കുട്ടികൾ ഉള്ളപ്പോൾ വിദ്യാഭ്യാസം പോലുള്ള അവരുടെ കാര്യങ്ങൾക്കു ശ്രദ്ധ കൊടുക്കണം. ചിലർ തങ്ങളുടെ കുട്ടികളെ പ്രാദേശിക സ്കൂളുകളിൽ ചേർക്കുമ്പോൾ മറ്റു ചിലർ വീട്ടിലിരുത്തി പഠിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ആൽ, ഭാര്യയെയും രണ്ടു കുട്ടികളെയും അമ്മയെയും കൂട്ടി ദക്ഷിണ അമേരിക്കയിലേക്കു പോയി. അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു: “കുട്ടികളെ സ്കൂളിൽ ചേർത്തത് ഭാഷ പെട്ടെന്നു വശമാക്കാൻ അവരെ സഹായിച്ചതായി ഞങ്ങൾ മനസ്സിലാക്കി. മൂന്നു മാസത്തിനുള്ളിൽ അവർ നല്ല ഒഴുക്കോടെ സംസാരിക്കാൻ പഠിച്ചു.” അതേസമയം, മൈക്കിന്റെയും ക്യാരീസിന്റെയും രണ്ട് ആൺകുട്ടികൾ ഒരു അംഗീകൃത കറസ്പോണ്ടൻസ് സ്കൂളിലൂടെ പഠിക്കുന്നു. ആ മാതാപിതാക്കൾ ഇപ്രകാരം അഭിപ്രായപ്പെട്ടു: “അത്തരം പഠനങ്ങൾ വെറുതെ കുട്ടികളുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കാനാവില്ലെന്നു ഞങ്ങൾക്കു മനസ്സിലായി. ഞങ്ങളും കോഴ്സിൽ പങ്കുപറ്റിക്കൊണ്ട് നിയമിത പാഠങ്ങൾ കുട്ടികൾ അതതു സമയത്തു പഠിക്കുന്നുവെന്ന് ഉറപ്പുവരുത്തണമായിരുന്നു.”
ഓസ്ട്രേലിയയിൽ നിന്നുള്ള ഡേവിഡും ജാനിറ്റയും തങ്ങളുടെ രണ്ട് ആൺമക്കളുടെ കാര്യത്തിൽ ഇങ്ങനെ വിചാരിക്കുന്നു: “ഞങ്ങളുടെ ആൺമക്കൾ, മറ്റുള്ളവരുടെ ജീവിതരീതി നേരിട്ടു കണ്ടു മനസ്സിലാക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. തങ്ങൾ വളർന്നുവന്ന ജീവിതരീതിയാണ് സാധാരണമായത് എന്നു ചിന്തിക്കുക എളുപ്പമാണ്, പക്ഷേ യഥാർഥത്തിൽ ആ ജീവിതരീതി ഒരു ന്യൂനപക്ഷത്തിനു മാത്രമേ ഉള്ളൂ. എന്നാൽ രാജ്യമോ സംസ്കാരമോ ഏതായിരുന്നാലും ദിവ്യാധിപത്യ തത്ത്വങ്ങൾ ലോകമെമ്പാടും പ്രായോഗികമായിരിക്കുന്നത് എങ്ങനെയെന്നും അവർ കണ്ടിരിക്കുന്നു.”
“1969-ൽ ഞങ്ങളുടെ കുടുംബം ഇംഗ്ലണ്ടിൽ നിന്നും പോയപ്പോൾ എനിക്ക് നാലു വയസ്സേ ഉണ്ടായിരുന്നുള്ളൂ,” കെൻ ഓർമിക്കുന്നു. “ഞാൻ വിഭാവന ചെയ്തതുപോലെ, ഒരു പുല്ലുമേഞ്ഞ മൺകുടിലിൽ താമസിക്കാൻ കഴിയാതിരുന്നത് എന്നെ നിരാശനാക്കിയെങ്കിലും, ഒരു ചെറുപ്പക്കാരന് ലഭിക്കാവുന്നതിൽവെച്ച് ഏറ്റവും ആവേശജനകമായ ജീവിതമായിരുന്നു എന്റേത്. സമാനമായ അവസരം ലഭിക്കാഞ്ഞ മറ്റു ചെറുപ്പക്കാരെ കുറിച്ച് എനിക്കു മിക്കപ്പോഴും ഖേദം തോന്നിയിരുന്നു! പ്രത്യേക പയനിയർമാരുമായും മിഷനറിമാരുമായും ഉള്ള നല്ല സഹവാസം നിമിത്തം ഒൻപതാം വയസ്സിൽത്തന്നെ ഞാൻ സഹായ പയനിയറിങ് ചെയ്യാൻ തുടങ്ങി.” കെൻ ഇപ്പോൾ ഒരു സഞ്ചാര മേൽവിചാരകനാണ്.
“ഇക്വഡോർ ഇപ്പോൾ ഞങ്ങളുടെ ഭവനം തന്നെയാണ്,” എന്ന് ജെസ്സീയുടെ മകൾ ഗബ്രിയെല്ലാ പറയുന്നു. “എന്റെ മാതാപിതാക്കൾ ഇവിടെ വരാൻ തീരുമാനിച്ചതിൽ ഞാൻ അതീവ സന്തുഷ്ടയാണ്.”
അതേസമയം, പല കാരണങ്ങളാലും കുട്ടികൾക്കു പൊരുത്തപ്പെട്ടു പോകാൻ കഴിയാഞ്ഞതു നിമിത്തം മാതൃരാജ്യങ്ങളിലേക്കു മടങ്ങിപ്പോകാൻ നിർബന്ധിതരായ കുടുംബങ്ങളുമുണ്ട്. അതുകൊണ്ടാണ്, മാറിപ്പാർക്കുന്നതിനുമുമ്പ് പ്രസ്തുത വിദേശരാജ്യത്തേക്കുള്ള
ഒരു സന്ദർശനം അഭികാമ്യമായിരിക്കുന്നത്. അങ്ങനെയാകുമ്പോൾ, നേരിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയും.മാറിപ്പാർക്കുന്നതിന്റെ അനുഗ്രഹങ്ങൾ
ഒരു വിദേശ വയലിലേക്കു മാറിപ്പാർക്കുന്നതിൽ തീർച്ചയായും അനേകം വെല്ലുവിളികളും ത്യാഗങ്ങളും ഉൾപ്പെടുന്നുണ്ട്. എന്നാൽ മാറിപ്പാർത്തിട്ടുള്ളവരുടെ കാര്യത്തിൽ അതു മൂല്യവത്താണെന്നു തെളിഞ്ഞിട്ടുണ്ടോ? അവർ തന്നെ നമ്മോടു പറയട്ടെ.
ജെസ്സീ: “ഞങ്ങൾ അംബാറ്റോ നഗരത്തിൽ വന്നിട്ടു പത്തു വർഷമായി, ഇതിനോടകം, സഭകളുടെ എണ്ണം 2-ൽ നിന്നും 11-ആയി വർധിക്കുന്നത് ഞങ്ങൾ കണ്ടിരിക്കുന്നു. അതിൽ അഞ്ച് സഭകൾ സ്ഥാപിക്കുന്നതിൽ സഹായിക്കാൻ ഞങ്ങൾക്കു പദവി ലഭിച്ചു, രണ്ടു രാജ്യഹാളുകളുടെ നിർമാണത്തിൽ ഞങ്ങൾ പങ്കുകൊണ്ടു. ഓരോ വർഷവും ശരാശരി രണ്ടു ബൈബിൾ വിദ്യാർഥികളെ സ്നാപനത്തിന് യോഗ്യത പ്രാപിക്കാൻ സഹായിച്ചതിലുള്ള സന്തോഷവും ഞങ്ങൾ ആസ്വദിച്ചു. ഒരു പത്തു വർഷംകൂടെ മുമ്പ് ഇവിടെ വരാഞ്ഞതിലേ എനിക്കു ദുഃഖമുള്ളൂ.”
ലിൻഡ: “സുവാർത്തയോടും ഞങ്ങളുടെ പ്രയത്നത്തോടുമുള്ള ആളുകളുടെ വിലമതിപ്പ് വലിയൊരു പ്രോത്സാഹനമാണ്. ഉദാഹരണത്തിന്, വനപ്രദേശത്തുള്ള ഒരു ചെറിയ പട്ടണത്തിൽ താമസിക്കുന്ന ആൽഫോൺസൊ എന്ന ഒരു ബൈബിൾ വിദ്യാർഥി, തന്റെ പ്രദേശത്തു പരസ്യപ്രസംഗങ്ങൾ നടത്തുന്നത് എത്ര പ്രയോജനപ്രദമായിരിക്കും എന്നു തിരിച്ചറിഞ്ഞു. തടികൊണ്ടു നിർമിച്ച തന്റെ പുതിയ വീട്ടിലേക്ക് അദ്ദേഹം മാറിത്താമസിച്ചതേ ഉണ്ടായിരുന്നുള്ളൂ. ആ പ്രദേശത്ത് അത്തരം ഏതാനും വീടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ആ പട്ടണത്തിൽ യഹോവയ്ക്കു യോഗ്യമായ ഒരേയൊരു കെട്ടിടം തന്റെ വീടാണെന്നു തീരുമാനിച്ച അദ്ദേഹം അത് രാജ്യഹാളായി ഉപയോഗിക്കാൻ സഹോദരങ്ങൾക്കു നൽകിയിട്ട് പുല്ലുമേഞ്ഞ തന്റെ പഴയ വീട്ടിലേക്കു തിരിച്ചുപോയി.”
ജിം: “ശുശ്രൂഷയിലായിരിക്കെ യഥാർഥത്തിൽ ആളുകളോടു സംസാരിക്കുന്നതിന് ഇപ്പോൾ ഞങ്ങൾ ചെലവഴിക്കുന്ന സമയം ഐക്യനാടുകളിൽ ചെലവഴിച്ചിരുന്നതിന്റെ പത്തിരട്ടിയാണ്. മാത്രമല്ല, ഇവിടെ ജീവിത ഗതിവേഗം വളരെ കുറവാണ്. തീർച്ചയായും പഠനത്തിനും വയൽശുശ്രൂഷയ്ക്കും ധാരാളം സമയം ഉണ്ട്.”
സാന്ദ്ര: “ബൈബിൾ സത്യം ആളുകളിൽ മാറ്റം വരുത്തി അവരെ മെച്ചപ്പെട്ടവരാക്കുന്നതു കാണുന്നത് എനിക്കു വലിയ സംതൃപ്തി കൈവരുത്തുന്നു. ചെറിയൊരു പലചരക്കു കട നടത്തുന്ന 69 വയസ്സുകാരി അമാദയുമായി ഞാൻ ഒരിക്കൽ ബൈബിളധ്യയനം തുടങ്ങി. അവൾ വിറ്റിരുന്ന പാലിൽ സ്ഥിരം അഞ്ചിൽ ഒരു ഭാഗം വെള്ളമായിരുന്നു. ഈ വെള്ളം ചേർത്ത പാലിന്റെ അളവിൽ തട്ടിപ്പുകാണിച്ച് അവൾ പിന്നെയും ഉപഭോക്താക്കളെ പറ്റിച്ചിരുന്നു. എന്നാൽ, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിന്റെ 13-ാം അധ്യായത്തിലെ ‘സത്യസന്ധത സന്തുഷ്ടിയിൽ കലാശിക്കുന്നു’ എന്ന ഉപശീർഷകത്തിലുള്ള വിവരങ്ങൾ പഠിച്ച ശേഷം അമാദ തെറ്റായ ഈ നടപടികളൊക്കെ നിറുത്തി. കുറച്ചുനാൾ കഴിഞ്ഞ് അവർ സ്നാപനമേൽക്കുന്നത് കാണുന്നത് എത്രയോ സന്തോഷകരമായിരുന്നു!”
കാരെൻ: “മുമ്പൊരിക്കലും ഞാൻ യഹോവയിൽ ഇത്രത്തോളം ആശ്രയിക്കേണ്ടി വരികയോ ഇത്രയധികമായി യഹോവയാൽ ഉപയോഗിക്കപ്പെടുകയോ ചെയ്തിട്ടില്ല. യഹോവയുമായുള്ള എന്റെ സൗഹൃദത്തിന്റെ ആഴവും ശക്തിയും വർധിച്ചിരിക്കുന്നു.”
നിങ്ങളെ സംബന്ധിച്ചോ?
വർഷങ്ങളിലുടനീളം ആയിരക്കണക്കിനു സാക്ഷികൾ വിദേശത്തു സേവിക്കാൻ പോയിട്ടുണ്ട്. ചിലർ ഒന്നോ രണ്ടോ വർഷത്തേക്ക്, മറ്റു ചിലർ അനിശ്ചിത കാലത്തേക്ക്. വിദേശത്ത് രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവർ തങ്ങൾക്കൊപ്പം കൊണ്ടുവരുന്നത്, തങ്ങളുടെ അനുഭവങ്ങൾ, ആത്മീയ പക്വത, സാമ്പത്തിക വിഭവങ്ങൾ എന്നിവയാണ്. ലൗകിക തൊഴിലിന്റെ അപര്യാപ്തത നിമിത്തം പ്രാദേശിക രാജ്യഘോഷകർക്ക് സേവിക്കാൻ സാധിക്കാത്ത ഇടങ്ങളിൽ പ്രവർത്തിക്കാൻ അവർക്കു കഴിഞ്ഞിരിക്കുന്നു. മറ്റു പ്രകാരത്തിൽ ചെന്നെത്താൻ പറ്റാത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കാനായി മിക്ക സഹോദരങ്ങളും വാഹനങ്ങൾ വാങ്ങിയിട്ടുണ്ട്. സിറ്റിയിലെ ജീവിതം ഇഷ്ടപ്പെടുന്ന മറ്റു ചിലർ, മൂപ്പന്മാരുടെ എണ്ണം കുറവുള്ള വലിയ സഭകൾക്ക്, നല്ല പിന്തുണയും ബലവുമായിത്തീർന്നിട്ടുണ്ട്. തങ്ങൾ കൊടുത്തതിനെക്കാൾ അധികം കാര്യങ്ങൾ ആത്മീയ അനുഗ്രഹത്തിന്റെ രൂപത്തിൽ തിരിച്ചു കിട്ടിയിട്ടുണ്ടെന്ന് എല്ലാവരും ഉറപ്പോടെ പറയുന്നു.
ഒരു വിദേശവയലിൽ സേവിക്കുകയെന്ന പദവിയിൽ പങ്കാളികളാകാൻ നിങ്ങൾക്കാകുമോ? സാഹചര്യങ്ങൾ അനുവദിക്കുന്ന പക്ഷം എന്തുകൊണ്ട് അത്തരമൊരു മാറ്റത്തിനുള്ള സാധ്യതയെ കുറിച്ച് അന്വേഷിച്ചുകൂടാ? പ്രഥമവും പ്രധാനവുമായ പടി നിങ്ങൾ സേവിക്കാൻ ഉദ്ദേശിക്കുന്ന രാജ്യത്തെ സൊസൈറ്റിയുടെ ബ്രാഞ്ചോഫീസിന് എഴുതുക എന്നതാണ്. ലഭിക്കുന്ന വിശദമായ വിവരങ്ങൾ നിങ്ങളുടെ ദൗത്യം വിജയകരമാക്കാനുള്ള സാധ്യതകളെ കുറിച്ചു വിചിന്തനം ചെയ്യാൻ സഹായിക്കും. കൂടാതെ, 1988 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിലെ “രാജ്യത്തെയും ബന്ധുക്കളെയും വിട്ടു പോകുക” (ഇംഗ്ലീഷ്) എന്ന ലേഖനത്തിൽ അനേകം പ്രായോഗിക നിർദേശങ്ങൾ കാണാൻ സാധിക്കും. ഉചിതമായ ആസൂത്രണത്താലും യഹോവയുടെ അനുഗ്രഹത്താലും നിങ്ങൾക്കും വിദേശവയലിൽ പ്രവർത്തിക്കുന്നതിന്റെ സന്തോഷം ആസ്വദിക്കാൻ കഴിഞ്ഞേക്കാം.
[24-ാം പേജിലെ ചിത്രം]
റ്റോമും ലിൻഡയും ഷ്വാർ ഇൻഡ്യൻ വർഗക്കാർ താമസിക്കുന്നിടത്തേക്കുള്ള യാത്രയിൽ
[25-ാം പേജിലെ ചിത്രം]
ഇക്വഡോറിന്റെ തലസ്ഥാന നഗരിയായ ക്വിറ്റൊയിൽ അനേകർ സേവനമനുഷ്ഠിക്കുന്നു
[25-ാം പേജിലെ ചിത്രം]
ആൻഡീസ് പർവതപ്രദേശത്ത് സാക്ഷീകരിക്കുന്ന മാകികൊ
[26-ാം പേജിലെ ചിത്രം]
കഴിഞ്ഞ അഞ്ചു വർഷമായി ഹിൽബിക് കുടുംബം ഇക്വഡോറിൽ സേവിക്കുന്നു