“സാക്ഷാലുള്ള ജീവൻ” ആസ്വദിക്കുക
“സാക്ഷാലുള്ള ജീവൻ” ആസ്വദിക്കുക
നിത്യതയെ കുറിച്ചുള്ള അവബോധം യഹോവയാം ദൈവം മനുഷ്യനു നൽകിയിരിക്കുന്നു. (സഭാപ്രസംഗി 3:11) മരണത്തെ അഭിമുഖീകരിക്കുമ്പോൾ മനുഷ്യരുടെ ആത്മവീര്യം കെട്ടുപോകുന്നത് അതുകൊണ്ടാണ്. അതേസമയം, ജീവിച്ചിരിക്കാനുള്ള അടങ്ങാത്ത ആഗ്രഹവും അത് അവരിൽ ഉളവാക്കുന്നു.
ദൈവം നിശ്വസ്തമാക്കിയ വചനമായ വിശുദ്ധ ബൈബിൾ നമുക്കു മഹത്തായ പ്രത്യാശ നൽകുന്നുണ്ട്. (2 തിമൊഥെയൊസ് 3:16, NW) സ്നേഹത്തിന്റെ സമുന്നതഭാവമായ യഹോവയാം ദൈവം, നിത്യത ഗ്രഹിക്കാനുള്ള പ്രാപ്തിയോടെ മനുഷ്യനെ സൃഷ്ടിക്കുകയും പിന്നെ ഏതാനും വർഷത്തേക്കു മാത്രമുള്ള ജീവിതത്തിന് അവനെ വിധിക്കുകയും ചെയ്യുമായിരുന്നില്ല. നമ്മുടെ തലയിലെഴുത്തു നിമിത്തം ദുരിതം അനുഭവിക്കാൻ നമ്മെ സൃഷ്ടിക്കുക എന്നതു ദൈവത്തിന്റെ വ്യക്തിത്വത്തിനു ചേരുന്നതല്ല. “ജാത്യാ പിടിപെട്ടു നശിപ്പാൻ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ”യല്ല നാം സൃഷ്ടിക്കപ്പെട്ടത്.—2 പത്രൊസ് 2:12.
നിത്യതയുടെ സഹജമായ അവബോധം കൊടുത്തുകൊണ്ട് ആദാമിനെയും ഹവ്വായെയും സൃഷ്ടിക്കുകയിൽ “വളരെ നല്ലത്” ആണ് ദൈവം നിർമിച്ചത്; എന്നേക്കും ജീവിക്കാനുള്ള പ്രാപ്തികളോടെയാണ് ദൈവം അവരെ ഉണ്ടാക്കിയത്. (ഉല്പത്തി 1:31) പക്ഷേ ദുഃഖകരമെന്നു പറയട്ടെ, ആ ആദിമ ജോടികൾ സ്രഷ്ടാവിൽ നിന്നുള്ള വ്യക്തമായ വിലക്ക് അനുസരിക്കാതെ സ്വന്തം ഇച്ഛാസ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് തങ്ങളുടെ യഥാർഥ പൂർണത നഷ്ടപ്പെടുത്തി. അതിന്റെ ഫലമായി, അവർ തങ്ങളുടെ സന്തതികളിലേക്ക് അപൂർണതയും മരണവും കടത്തിവിടുകയും മരിക്കുകയും ചെയ്തു.—ഉല്പത്തി 2:17; 3:1-24; റോമർ 5:12.
ജീവിതത്തിന്റെ ഉദ്ദേശ്യത്തിനും മരണം എന്ത് അർഥമാക്കുന്നു എന്നതിനും നിഗൂഢതയുടെ യാതൊരു പരിവേഷവും ബൈബിൾ നൽകുന്നില്ല. മൃതാവസ്ഥയിൽ “പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല” എന്നും “മരിച്ചവരോ ഒന്നും അറിയുന്നില്ല” എന്നും അതു പറയുന്നു. (സഭാപ്രസംഗി 9:5, 10) മറ്റു വാക്കുകളിൽ പറഞ്ഞാൽ മരിച്ചവർ മരിച്ചവരാണ്. അമർത്യ ആത്മാവ് എന്ന ഉപദേശം ബൈബിളധിഷ്ഠിതമല്ല. അതുകൊണ്ടുതന്നെ മരിച്ചവരുടെ അവസ്ഥ സംബന്ധിച്ച് പരിഹരിക്കേണ്ട അഗാധമായ നിഗൂഢതയൊന്നും ഇല്ല.—ഉല്പത്തി 3:19; സങ്കീർത്തനം 146:4; സഭാപ്രസംഗി 3:19, 20; യെഹെസ്കേൽ 18:4. a
ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ടായിരുന്നു; “വ്യർത്ഥമായിട്ടല്ല” അവൻ ഭൂമിയെ സൃഷ്ടിച്ചത്. പറുദീസാ അവസ്ഥകളിൽ പൂർണ മനുഷ്യർ ‘പാർക്കുന്ന’തിനാണ് അവൻ അതു നിർമിച്ചത്. ദൈവം തന്റെ ഉദ്ദേശ്യത്തിനു മാറ്റം വരുത്തിയിട്ടില്ല. (യെശയ്യാവു 45:18; മലാഖി 3:6) അതു നിവർത്തിക്കാൻ അവൻ തന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ചു. മരണം വരെ വിശ്വസ്തനായിരുന്നുകൊണ്ട് മനുഷ്യവർഗത്തെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും വീണ്ടെടുക്കാനുള്ള വഴി യേശു പ്രദാനം ചെയ്തു. വാസ്തവത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.”—യോഹന്നാൻ 3:16.
‘ഒരു പുതിയ ആകാശവും പുതിയ ഭൂമിയും’ താൻ സൃഷ്ടിക്കുമെന്നു വളരെക്കാലം മുമ്പുതന്നെ ദൈവം വാഗ്ദാനം ചെയ്തു. (യെശയ്യാവു 65:17; 2 പത്രൊസ് 3:13) ഒരു നിശ്ചിത എണ്ണം വിശ്വസ്ത ക്രിസ്ത്യാനികളെ സ്വർഗീയ ജീവനിലേക്ക് അവൻ തിരഞ്ഞെടുക്കുന്നത് അതിൽ ഉൾപ്പെടുമായിരുന്നു. യേശുക്രിസ്തുവിനോടൊത്ത് അവർ ഒരു ഭരണകേന്ദ്രമായി വർത്തിക്കുന്നു. ബൈബിൾ ഇതിനെ “സ്വർഗ്ഗരാജ്യം” അല്ലെങ്കിൽ “ദൈവരാജ്യം” എന്നാണ് പരാമർശിക്കുന്നത്. അതാണ് ‘ഭൂമിയിലുള്ള’തിനെ ഭരിക്കാൻ പോകുന്നത്. (മത്തായി 4:17; 12:28; എഫെസ്യർ 1:10; വെളിപ്പാടു 5:9, 10; 14:1, 3) ഭൂഗോളത്തിൽ നിന്ന് എല്ലാ അഭക്തിയും തുടച്ചുനീക്കിയിട്ട് ദൈവം നീതിയുള്ള ഒരു പുതിയ മനുഷ്യ സമുദായം അഥവാ “പുതിയ ഭൂമി” കൊണ്ടുവരും. ഈ ദുഷ്ടവ്യവസ്ഥിതിയുടെ ആസന്നമായ നാശത്തിൽ ദൈവം സംരക്ഷിക്കുന്നവർ ഇവരിൽ പെടും. (മത്തായി 24:3, 7-14, 21; വെളിപ്പാടു 7:9, 13, 14) വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പുനരുത്ഥാനത്തിലൂടെ ജീവനിലേക്കു തിരികെ വരുന്നവർ അവരോടു ചേരും.—യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15.
പിന്നെ “സാക്ഷാലുള്ള ജീവൻ”
ഭാവി പറുദീസാ ഭൂമിയിലെ ജീവിതത്തിന്റെ രോമാഞ്ചജനകമായ വിവരണത്തെ സ്ഥിരീകരിച്ചുകൊണ്ട് ദൈവം ഇങ്ങനെ പറയുന്നു: “ഇതാ, ഞാൻ സകലവും പുതുതാക്കുന്നു.” (വെളിപ്പാടു 21:5) ദൈവം മനുഷ്യവർഗത്തിനായി ചെയ്യാൻ പോകുന്ന വിസ്മയകരമായ കാര്യങ്ങളെ പൂർണമായി ഗ്രഹിക്കാൻ മനുഷ്യ മനസ്സുകൾക്കാവില്ല. ഏദെന്റെ മാതൃക അനുസരിച്ചുള്ള, ഒരു ലോകവ്യാപക പറുദീസ ദൈവം സൃഷ്ടിക്കും. (ലൂക്കൊസ് 23:43) ഏദെനിൽ ഉണ്ടായിരുന്നതുപോലുള്ള മനോഹാരിതയും ആനന്ദം കൈവരുത്തുന്ന വർണങ്ങളും ശബ്ദങ്ങളും സ്വാദുകളുമൊക്കെ ഉണ്ടായിരിക്കും. ദാരിദ്ര്യമോ ഭക്ഷ്യദൗർലഭ്യമോ മേലാൽ ഉണ്ടായിരിക്കുകയില്ല; കാരണം, ആ കാലത്തെ കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപ്പാടു 21:4; സങ്കീർത്തനം 72:16) രോഗത്തെ എന്നേക്കുമായി ഉന്മൂലനം ചെയ്യുന്നതിനാൽ “എനിക്കു ദീനം എന്നു” മേലാൽ ആരും പറയുകയില്ല. (യെശയ്യാവു 33:24) അതേ, മനുഷ്യവർഗത്തിന്റെ ദീർഘകാല ശത്രുവായ മരണം ഉൾപ്പെടെ, വേദനയുടെ എല്ലാ കാരണങ്ങളും അപ്രത്യക്ഷമാകും. (1 കൊരിന്ത്യർ 15:26) ക്രിസ്തുവിന്റെ ഭരണത്തിൻ കീഴിലെ പുതു മനുഷ്യസമുദായമാകുന്ന “പുതിയ ഭൂമിയെ” സംബന്ധിച്ച് ആശ്ചര്യജനകമായ ഒരു ദർശനത്തിൽ ഇപ്രകാരം പറയുന്നതായി അപ്പൊസ്തലനായ യോഹന്നാൻ കേട്ടു: “[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.” ഈ ദിവ്യ വാഗ്ദാനത്തിന്റെ നിവൃത്തിയല്ലാതെ മറ്റെന്താണ് മനുഷ്യനു വലിയ ആശ്വാസവും സന്തോഷവും കൈവരുത്തുക?
ഭാവി ജീവിതത്തെ വിവരിക്കവെ, മനുഷ്യന്റെ ധാർമികവും ആത്മീയവുമായ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്ന അവസ്ഥകളെ ബൈബിൾ പ്രത്യേകം ഊന്നിപ്പറയുന്നു. മനുഷ്യൻ ഇന്നോളം ഉദാത്തമായ ഏതെല്ലാം സംഗതികൾക്കു വേണ്ടിയാണോ വൃഥാ പ്രയത്നിച്ചിട്ടുള്ളത്, ആ സംഗതികൾ പൂർണമായി സഫലമായിത്തീരും. (മത്തായി 6:10) നീതിക്കു വേണ്ടിയുള്ള ആഗ്രഹം അതിൽ ഉൾപ്പെടും. അശക്തരുടെ മേൽ ആധിപത്യം നടത്തിയിരിക്കുന്ന ക്രൂര മർദകർ മനുഷ്യനെ മിക്കപ്പോഴും കഷ്ടപ്പെടുത്തിയിരിക്കുന്നതിനാൽ അത് ഇപ്പോഴും നിറവേറിയിട്ടില്ല. (സഭാപ്രസംഗി 8:9) ക്രിസ്തുവിന്റെ ഭരണത്തിൻ കീഴിലെ അവസ്ഥകളെക്കുറിച്ചു സങ്കീർത്തനക്കാരൻ പ്രാവചനികമായി ഇങ്ങനെ എഴുതി: “അവന്റെ കാലത്തു നീതി തഴെക്കും, സമാധാനം സമൃദ്ധമായിരിക്കും.”—സങ്കീർത്തനം 72:7, പുതിയ യെരുശലേം ബൈബിൾ.
സമത്വം ആണ് മറ്റൊരു ആഗ്രഹം. അതിനുവേണ്ടി അനേകർ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. “പുനഃസൃഷ്ടി”യിൽ ദൈവം വിവേചനത്തെ ഇല്ലാതാക്കും. (മത്തായി 19:28, NW) എല്ലാവരും ഒരേപോലെ മാന്യത ഉള്ളവരായിരിക്കും. പരുഷമായ ഏതെങ്കിലും ഗവൺമെന്റു ഭരണത്താൽ അടിച്ചേൽപ്പിക്കപ്പെടുന്ന സമത്വമായിരിക്കില്ല അത്. നേരെമറിച്ച്, കണക്കില്ലാതെ സ്വത്തു വാരിക്കൂട്ടാനോ മറ്റുള്ളവരുടെമേൽ ആധിപത്യം നടത്താനോ മനുഷ്യരെ പ്രേരിപ്പിക്കുന്ന അത്യാഗ്രഹവും അഹങ്കാരവും ഉൾപ്പെടെയുള്ള വിവേചനത്തിന്റെ കാരണങ്ങൾ ഇല്ലായ്മ ചെയ്യപ്പെടും. യെശയ്യാവ് ഇങ്ങനെ പ്രവചിച്ചു: “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറെറാരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറെറാരുത്തൻ തിന്നുക എന്നും വരികയില്ല.”—യെശയ്യാവു 65:21 22.
വ്യക്തികൾ തമ്മിലുള്ള പോരാട്ടങ്ങളിലും മഹായുദ്ധങ്ങളിലുമായുള്ള രക്തച്ചൊരിച്ചിൽ നിമിത്തം മനുഷ്യൻ എന്തുമാത്രം ദുരിതം അനുഭവിച്ചിരിക്കുന്നു! ഇതു ഹാബേലിനെ വധിച്ച കാലം മുതൽ ഇക്കാലത്തെ യുദ്ധങ്ങൾ വരെയും തുടർന്നിരിക്കുന്നു. എത്ര നാളുകളായി മനുഷ്യർ സമാധാനം സ്ഥാപിച്ചുകാണാൻ വ്യർഥമായി പ്രത്യാശിക്കുകയും കാത്തിരിക്കുകയും ചെയ്തിരിക്കുന്നു! പുനഃസ്ഥിതീകരിക്കപ്പെട്ട പറുദീസയിൽ സകലരും സമാധാനപ്രേമികളും സൗമ്യരുമായിരിക്കും. “സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”—സങ്കീർത്തനം 37:11.
യെശയ്യാവു 11:9 ഇങ്ങനെ പറയുന്നു: “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണ”മായിരിക്കും. മറ്റു ഘടകങ്ങളോടുകൂടെ പാരമ്പര്യസിദ്ധമായ അപൂർണതയും ഉള്ളതിനാൽ ഈ വാക്കുകളുടെ വ്യാപ്തി പൂർണമായി മനസ്സിലാക്കാൻ ഇന്നു നമുക്കാവില്ല. ദൈവത്തെ സംബന്ധിച്ച പൂർണമായ പരിജ്ഞാനം നമ്മെ അവനുമായി എങ്ങനെ ഐക്യത്തിലാക്കുമെന്നോ ഇതു പൂർണമായ സന്തോഷത്തിൽ എങ്ങനെ കലാശിക്കുമെന്നോ നാം ഇനിയും പഠിക്കേണ്ടതുണ്ടായിരിക്കാം. എന്നാൽ, യഹോവയാം ദൈവം ശക്തിയിലും ബുദ്ധിയിലും നീതിയിലും സ്നേഹത്തിലും അതിശ്രേഷ്ഠൻ ആണെന്നു തിരുവെഴുത്തുകൾ നമ്മോടു പറയുന്നതുകൊണ്ട്, “പുതിയ ഭൂമി”യിലെ സകല നിവാസികളുടെയും പ്രാർഥനകൾ അവൻ കേൾക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം.
“സാക്ഷാലുള്ള ജീവൻ” ഒരു യാഥാർഥ്യമാണ്—അതിനെ പിടിച്ചുകൊള്ളുക!
അനേകരെ സംബന്ധിച്ചിടത്തോളം മെച്ചപ്പെട്ട ഒരു ലോകത്തിലെ നിത്യമായ ജീവിതം കേവലം ഒരു സ്വപ്നം അല്ലെങ്കിൽ ഒരു മിഥ്യയാണ്. എന്നിരുന്നാലും, ബൈബിളിന്റെ വാഗ്ദാനത്തിൽ യഥാർഥ വിശ്വാസമുള്ളവർക്ക് ഈ പ്രത്യാശ ഒരു യാഥാർഥ്യമാണ്. അത് അവരുടെ ജീവിതത്തിന് ഒരു നങ്കൂരം പോലെയാണ്. (എബ്രായർ 6:19) ഒരു നങ്കൂരം കപ്പലിനെ ഉറപ്പിച്ചു നിർത്താൻ സഹായിക്കുന്നതുപോലെ, നിത്യജീവന്റെ പ്രത്യാശ ആളുകളെ അചഞ്ചലരും ഉത്തമ ബോധ്യമുള്ളവരും ആക്കുകയും ജീവിതത്തിലെ കടുത്ത ബുദ്ധിമുട്ടുകളെ നേരിടുന്നതിനും മറികടക്കുന്നതിനു പോലും പ്രാപ്തരാക്കുകയും ചെയ്യുന്നു.
ദൈവം തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുമെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാം. മാറ്റാനാവാത്ത ഒരു ആണയിട്ടുകൊണ്ട് അവൻ ഉറപ്പു നൽകുക പോലും ചെയ്തിരിക്കുന്നു. അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ എഴുതി: “അതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്റെ അവകാശികൾക്കു തന്റെ ആലോചന മാറാത്തതു എന്നു അധികം സ്പഷ്ടമായി കാണിപ്പാൻ ഇച്ഛിച്ചു ഒരു ആണയാലും ഉറപ്പുകൊടുത്തു. അങ്ങനെ നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊൾവാൻ ശരണത്തിന്നായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാൽ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാൻ ഇടവരുന്നു.” (എബ്രായർ 6:17, 18) ദൈവത്തിന് ഒരിക്കലും റദ്ദു ചെയ്യാനാവാത്ത, “മാറിപ്പോകാത്ത . . . രണ്ടു കാര്യങ്ങ”ൾ ദൈവത്തിന്റെ വാഗ്ദാനവും ആണയുമാണ്. അവയാണ് നമ്മുടെ പ്രതീക്ഷകൾക്ക് ആധാരം.
ദൈവത്തിന്റെ വാഗ്ദാനത്തിലുള്ള വിശ്വാസം വലിയ ആശ്വാസവും ആത്മീയ ബലവുമേകുന്നു. ഇസ്രായേൽ ജനത്തിന്റെ ഒരു നായകനായിരുന്ന യോശുവയ്ക്ക് അത്തരം വിശ്വാസമുണ്ടായിരുന്നു. ഇസ്രായേല്യരോടു വിടവാങ്ങൽ പ്രസംഗം നടത്തിയപ്പോൾ അവൻ വൃദ്ധനായിരുന്നു, തന്റെ മരണം അടുത്തിരിക്കുന്നു എന്ന് അറിയുകയും ചെയ്തിരുന്നു. എന്നിട്ടും, അവൻ മനക്കരുത്തും അചഞ്ചലമായ വിശ്വസ്തതയും പ്രകടമാക്കി. യഹോവയുടെ വാഗ്ദാനങ്ങളിലുള്ള പൂർണ വിശ്വാസത്തിൽ നിന്നാണ് അത് ഉത്ഭൂതമായത്. മരണത്തിലേക്കു സകലരെയും നയിക്കുന്ന വഴിയായ “സകലഭൂവാസികളുടെയും വഴി”യായി താൻ പോകുകയാണെന്നു പറഞ്ഞിട്ട് യോശുവ ഇങ്ങനെ പ്രസ്താവിച്ചു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങൾക്കു പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധമായിരിക്കുന്നു. സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ല.” അതേ, എല്ലായ്പോഴും ദൈവം തന്റെ സകല വാഗ്ദാനങ്ങളും പാലിക്കുന്നുവെന്നു മൂന്നു പ്രാവശ്യം യോശുവ ആവർത്തിച്ചു പറഞ്ഞു.—യോശുവ 23:14.
പെട്ടെന്നുതന്നെ സ്ഥാപിതമാകാൻ പോകുന്ന, പുതിയ ലോകത്തെ കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനത്തിൽ നിങ്ങൾക്കും സമാനമായ വിശ്വാസം അർപ്പിക്കാവുന്നതാണ്. യഹോവ ആരാണെന്നും അവനിൽ പൂർണമായി ആശ്രയിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്നും ബൈബിൾ ആത്മാർഥമായി പഠിക്കുന്നതിലൂടെ നിങ്ങൾ അറിയാൻ ഇടയാകും. (വെളിപ്പാടു 4:11) പുരാതന കാലത്തെ അബ്രാഹാം, സാറാ, ഇസ്ഹാക്ക്, യാക്കോബ് തുടങ്ങിയവർക്കും മറ്റു വിശ്വസ്തർക്കും സത്യദൈവമായ യഹോവയെ കുറിച്ചുള്ള തങ്ങളുടെ വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിലുള്ള ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. തങ്ങളുടെ ജീവകാലത്ത് “വാഗ്ദത്തനിവൃത്തി പ്രാപി”ച്ചില്ലെങ്കിലും അവർ പ്രത്യാശയിൽ ഉറപ്പുള്ളവരായി നിലകൊണ്ടു. എങ്കിലും, അവർ “ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചു.”—എബ്രായർ 11:13.
ബൈബിൾ പ്രവചനങ്ങളിൽനിന്ന്, ‘സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസം’ ആസന്നമാണെന്നു നാം ഗ്രഹിക്കുന്നു. അന്ന് ഭൂമിയിൽനിന്നു സകല ദുഷ്ടതയും ഇല്ലാതാക്കപ്പെടും. (വെളിപ്പാടു 16:14, 16) പുരാതന വിശ്വസ്തരെ പോലെ, വിശ്വാസത്താലും ദൈവത്തോടും “സാക്ഷാലുള്ള ജീവനോ”ടുമുള്ള സ്നേഹത്താലും പ്രേരിതരായി, ഭാവി സംഭവങ്ങൾ സംബന്ധിച്ച ഉറച്ച പ്രതീക്ഷയോടെ നാം നിലകൊള്ളണം. യഹോവയിൽ വിശ്വാസം പ്രകടമാക്കുകയും അവനെ സ്നേഹിക്കുകയും ചെയ്യുന്നവർക്ക് പുതിയ ലോകം സമീപിച്ചിരിക്കുന്നു എന്ന വസ്തുത ശക്തമായ ഒരു പ്രചോദനമാണ്. ആസന്നമായിരിക്കുന്ന അവന്റെ മഹാ ദിവസത്തിൽ സംരക്ഷണവും ദൈവപ്രീതിയും നേടുന്നതിന് അത്തരം വിശ്വാസവും സ്നേഹവും നട്ടുവളർത്തേണ്ടത് ആവശ്യമാണ്.—സെഫന്യാവു 2:3; 2 തെസ്സലൊനീക്യർ 1:3; എബ്രായർ 10:37-39.
അതുകൊണ്ട്, നിങ്ങൾ ജീവനെ സ്നേഹിക്കുന്നുവോ? ‘സാക്ഷാലുള്ള ജീവൻ’—ഒരു സന്തുഷ്ട ഭാവിയെ കുറിച്ചുള്ള പ്രതീക്ഷയോടെ, നിത്യജീവന്റെ കാഴ്ചപ്പാടോടെ ദൈവത്തിന്റെ ഒരു അംഗീകൃത ദാസനെന്ന നിലയിലുള്ള ജീവിതം—നിങ്ങൾ ആഗ്രഹിക്കുന്നുവോ? നിങ്ങൾ അതാണു തേടുന്നതെങ്കിൽ, അപ്പൊസ്തലനായ പൗലൊസിന്റെ ബുദ്ധിയുപദേശത്തിനു ചെവി കൊടുക്കുക. അവൻ ഇങ്ങനെ എഴുതി: ‘നിശ്ചയമില്ലാത്ത ധനത്തിലല്ല, ദൈവത്തിലാണ് നാം ആശ വെക്കേണ്ടത്.’ പൗലൊസ് തുടർന്ന് ഇങ്ങനെ പറഞ്ഞു: “സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ട”തിന്നു ദൈവത്തിനു മഹത്ത്വം കൈവരുത്തുന്ന “സൽപ്രവൃത്തികളിൽ സമ്പന്നരാ”കുവിൻ.—1 തിമൊഥെയൊസ് 6:17-19.
യഹോവയുടെ സാക്ഷികളിൽ നിന്നു ബൈബിളധ്യയനത്തിനുള്ള ക്ഷണം സ്വീകരിച്ചുകൊണ്ട് “നിത്യജീവനെ അർഥമാക്കുന്ന” സൂക്ഷ്മ പരിജ്ഞാനം നിങ്ങൾക്കു നേടാനാകും. (യോഹന്നാൻ 17:3, NW) പിതൃനിർവിശേഷമായ, സ്നേഹനിർഭരമായ ഈ ക്ഷണം ബൈബിളിൽ കാണാം: “മകനേ എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ. അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും.”—സദൃശവാക്യങ്ങൾ 3:1, 2.
[അടിക്കുറിപ്പുകൾ]
a ഈ വിഷയം സംബന്ധിച്ച് കൂടുതലായി അറിയാൻ, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു (ഇംഗ്ലീഷ്) എന്ന ലഘുപത്രിക കാണുക.