നിങ്ങൾ ജീവനെ സ്നേഹിക്കുന്നുവോ?
നിങ്ങൾ ജീവനെ സ്നേഹിക്കുന്നുവോ?
“ഞാൻ വെളിച്ചം കാണട്ടെ.” ഒരു ഇറ്റാലിയൻ കവി ആയിരുന്ന ജാക്കോമോ ലേയൊപാർഡി മരണത്തിനു തൊട്ടുമുമ്പ് തന്നെ ശുശ്രൂഷിച്ചുകൊണ്ടിരുന്നവരോട് പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെടുന്ന വാക്കുകളാണ് ഇവ. വെളിച്ചത്താൽ പ്രതിനിധാനം ചെയ്യപ്പെടുന്ന, ജീവനോടുള്ള മനുഷ്യന്റെ അടങ്ങാത്ത അഭിനിവേശമാണ് ഈ വാക്കുകളിൽ നിഴലിക്കുന്നത്.
അപകടങ്ങൾ ഒഴിവാക്കാനും ജീവനോടിരിക്കാൻ ആവതു ചെയ്യാനും അനേകരെ പ്രേരിപ്പിക്കുന്നത്, അമൂല്യമായ ഒരു പ്രചോദനമായി വർത്തിക്കുന്ന ജീവനോടുള്ള ഈ അഭിനിവേശമാണ്. ഇക്കാര്യത്തിൽ ജീവിക്കാനുള്ള ശക്തമായ സഹജവാസനയുള്ള ജന്തുക്കളിൽ നിന്നു മനുഷ്യൻ വ്യത്യസ്തനല്ല എന്നു പറയാം.
എന്നാൽ ഏതു തരത്തിലുള്ള ജീവനാണ് യഥാർഥത്തിൽ അമൂല്യമായി കരുതാൻ തക്ക വിലയുള്ളത്? അതു ശ്വസന-ചലന പ്രക്രിയകൾ മാത്രം നടക്കുന്ന കേവലമായ ഒരു അസ്തിത്വമല്ല. കൂടാതെ, ജീവിതം പരമാവധി ആസ്വദിക്കുക എന്ന മനോഭാവത്തിൽ നിന്നു പൊതുവെ സംതൃപ്തി ലഭിക്കുന്നുമില്ല. “നാം തിന്നുക, കുടിക്ക നാളെ ചാകുമല്ലോ” എന്ന എപ്പിക്യൂരിയൻ തത്ത്വചിന്ത ബഹുഭൂരിപക്ഷം ആളുകൾക്കും സംതൃപ്തി കൈവരുത്തിയിട്ടില്ല. (1 കൊരിന്ത്യർ 15:32) മനുഷ്യനു ധാരാളം അടിസ്ഥാന ഭൗതിക ആവശ്യങ്ങൾ ഉണ്ടായിരിക്കെതന്നെ, അവന് സാംസ്കാരികവും സാമൂഹികവുമായ ഒട്ടനവധി ആവശ്യങ്ങളുമുണ്ട്. പരമോന്നതനിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട ആത്മീയ ആവശ്യങ്ങളുടെ കാര്യം പറയുകയേ വേണ്ട. സങ്കടകരമെന്നു പറയട്ടെ, ഈ ഭൂമിയിലെ അനേകം സ്ഥലങ്ങളിലെയും ദുരിതപൂർണമായ സാമൂഹികവും പാരിസ്ഥിതികവുമായ അവസ്ഥകൾ നിമിത്തം കോടിക്കണക്കിന് ആളുകൾക്കു കഷ്ടിച്ചു ജീവിച്ചുപോകാനേ കഴിയുന്നുള്ളു. മുഖ്യമായും സ്വന്തം ശാരീരിക ആവശ്യങ്ങൾ—തീറ്റ, കുടി, ലൈംഗിക നിർവൃതി—മാത്രം തൃപ്തിപ്പെടുത്തുന്നതിൽ മുഴുകുന്ന ഏതൊരാളും ഏറെക്കുറെ മൃഗതുല്യമായ ജീവിതമാണു നയിക്കുന്നത്, അതിൽ നിന്നു ലഭിക്കുന്ന സംതൃപ്തി തുച്ഛമാണുതാനും. ഫലത്തിൽ, മനുഷ്യന്റെ ബൗദ്ധികവും വൈകാരികവുമായ ആവശ്യങ്ങളെ നിറവേറ്റാൻ തക്കവണ്ണം ജീവിതത്തിലെ കൂടുതൽ അർഥവത്തായ കാര്യങ്ങൾ അവർ ഉപയോഗപ്പെടുത്തുന്നില്ല. കൂടാതെ, തങ്ങളുടെ സ്വാർഥ അഭിലാഷങ്ങൾ മാത്രം തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നവർ ജീവിതം പരമാവധി ആസ്വദിക്കാൻ പരാജയപ്പെടുക മാത്രമല്ല, സമൂഹത്തിനു ദ്രോഹം വരുത്തിവെക്കുകയും ചെയ്യുന്നു. അവർ മറ്റുള്ളവരുടെ താത്പര്യങ്ങൾ ഉന്നമിപ്പിക്കുകയല്ല ചെയ്യുന്നത്.
ഇതിനെ സ്ഥിരീകരിച്ചുകൊണ്ട് ബാലജന കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു ജഡ്ജി പിൻവരുന്ന പ്രകാരം പറയുന്നു: “മൂല്യച്യുതി, സദ്ഗുണങ്ങളില്ലാത്തവരെ മാതൃകായോഗ്യരായി വാഴ്ത്തൽ, ക്ഷിപ്ര പണസമ്പാദന മാർഗങ്ങളിലൂടെയുള്ള നേട്ടം എന്നിവയൊക്കെ അതിരുകവിഞ്ഞ മത്സരാത്മാവിനു” വളംവെച്ചുകൊടുക്കുന്നു. ഇതു സമൂഹത്തിനു ദ്രോഹകരമായ പെരുമാറ്റത്തിലേക്കും തങ്ങൾക്കുതന്നെ നാശകരമായ സ്വഭാവത്തിലേക്കും ചെറുപ്പക്കാരെ നയിക്കുന്നു. വിശേഷാൽ, ചെറുപ്പക്കാർ മയക്കുമരുന്നിലേക്കു തിരിയുമ്പോൾ.
എന്നാൽ നിങ്ങൾക്ക് അറിയാവുന്നതുപോലെ, ആനന്ദകരമായ അനവധി കാര്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട്. രമണീയമായ സ്ഥലങ്ങളിലെ അവധിക്കാലം, രസകരമായ വായന അല്ലെങ്കിൽ ഗവേഷണം, ഹൃദ്യമായ സൗഹൃദം, ശ്രുതിമധുരമായ സംഗീതം എന്നിങ്ങനെ പലതും. ചെറുതും വലുതുമായ അളവിൽ സംതൃപ്തി കൈവരുത്തുന്ന മറ്റു പ്രവർത്തനങ്ങളുമുണ്ട്. ദൈവത്തിൽ, പ്രത്യേകിച്ചും ബൈബിളിലെ ദൈവമായ യഹോവയിൽ, അടിയുറച്ച വിശ്വാസമുള്ളവർക്ക് ജീവനെ സ്നേഹിക്കാൻ കൂടുതലായ കാരണങ്ങളുണ്ട്. ദുരിതപൂർണമായ സമയങ്ങളിൽ സഹായമേകുന്ന ശക്തിയുടെയും പ്രശാന്തിയുടെയും ഉറവാണു യഥാർഥ എബ്രായർ 13:6, NW) ദൈവത്തിന്റെ സ്നേഹത്തെ മനസ്സിലാക്കുന്നവർക്ക് അവന്റെ സ്നേഹം അനുഭവവേദ്യമാകുന്നു. അവർ അവന്റെ സ്നേഹത്തോടു പ്രതികരിക്കുന്നു, അത് അവർക്കു വളരെയധികം സന്തോഷം കൈവരുത്തുകയും ചെയ്യുന്നു. (1 യോഹന്നാൻ 4:7, 8, 16) സംതൃപ്തിയേകുന്ന, ക്രിയാത്മകവും നിസ്വാർഥവുമായ ജീവിതം നയിക്കാൻ അവർക്കു കഴിയുന്നു. അത് യേശുക്രിസ്തു പറഞ്ഞതു പോലെയാണ്: “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.”—പ്രവൃത്തികൾ 20:35, NW.
വിശ്വാസം. സത്യദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ഉത്തമ വിശ്വാസത്തോടെ ഇങ്ങനെ പറയാൻ കഴിയും: “യഹോവ എന്റെ സഹായി ആകുന്നു; ഞാൻ ഭയപ്പെടുകയില്ല.” (ദുഃഖകരമെന്നു പറയട്ടെ, ഇന്നത്തെ ജീവിതത്തിനു മറ്റൊരു വശം കൂടിയുണ്ട്. വ്യാപകമായ ദുരിതങ്ങൾ, അനീതി, ദാരിദ്ര്യം, രോഗം, മരണം എന്നിവ. മിക്കപ്പോഴും ജീവിതത്തെ ദുഷ്കരമാക്കുന്ന വേദനാജനകമായ സംഗതികളിൽ ചിലവ മാത്രമാണ് ഇവ. ധനികനും അധികാരമുള്ളവനും പുരാതന ഇസ്രായേലിന്റെ രാജാവുമായിരുന്ന ജ്ഞാനിയായ ശലോമോന് ആളുകളെ സന്തോഷിപ്പിക്കുന്ന സർവത്ര വിഭവങ്ങളും ഉണ്ടായിരുന്നു. എന്നിരുന്നാലും അദ്ദേഹത്തെ വിവശനാക്കിയ ഒരു കാര്യമുണ്ടായിരുന്നു—“ജ്ഞാനത്തോടും അറിവോടും സാമർഥ്യത്തോടുംകൂടെ” താൻ പ്രയത്നിച്ചു നേടിയതെല്ലാം മരണത്തിങ്കൽ അന്യാധീനപ്പെട്ടു പോകുമല്ലോ എന്നുള്ള തിരിച്ചറിവ്.—സഭാപ്രസംഗി 2:17-21.
ക്ഷണികമായ ജീവിതത്തിന്റെ ഹ്രസ്വത സംബന്ധിച്ച് ശലോമോനെ പോലെ ഇന്ന് മിക്കവരും ബോധവാന്മാരാണ്. ദൈവം നമ്മുടെ ‘ഹൃദയത്തിൽ നിത്യത വെച്ചിരിക്കുന്നു’ എന്നു തിരുവെഴുത്തുകൾ പറയുന്നു. (സഭാപ്രസംഗി 3:11) നിത്യതയെ കുറിച്ചുള്ള ഈ അവബോധം ജീവിതത്തിന്റെ ഹ്രസ്വതയെ കുറിച്ച് ചിന്തിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു. കാലാന്തരത്തിൽ, ജീവിതത്തിന്റെയും മരണത്തിന്റെയും അർഥം സംബന്ധിച്ച് തൃപ്തികരമായ ഉത്തരങ്ങൾ ലഭിക്കാതാകുമ്പോൾ വിഷാദത്തിന്റെയും നിഷ്ഫലതയുടെയും ചിന്തകൾ ഒരുവനെ ഭാരപ്പെടുത്തിയേക്കാം. ഇതിനു ജീവിതത്തെ അസന്തുഷ്ടമാക്കാൻ കഴിയും.
മനുഷ്യനെ ആകുലപ്പെടുത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങളുണ്ടോ? ജീവിതത്തെ കൂടുതൽ ആസ്വാദ്യവും ശാശ്വതവുമാക്കുന്ന അവസ്ഥകൾ എന്നെങ്കിലും ഉണ്ടാകുമോ?