‘സഹവിശ്വാസികളോടുള്ള’ സ്നേഹം
‘സഹവിശ്വാസികളോടുള്ള’ സ്നേഹം
യഥാർഥ ക്രിസ്ത്യാനികളുടെ ഇടയിൽ ഒരു കുടുംബസമാന ബന്ധമാണുള്ളത്. പൊ.യു. ഒന്നാം നൂറ്റാണ്ടു മുതൽ അവർ പരസ്പരം “സഹോദരി” അല്ലെങ്കിൽ “സഹോദരൻ” എന്നാണു വിളിച്ചിരുന്നത്. (മർക്കൊസ് 3:31-35; ഫിലേമോൻ 1, 2) ഇവ വെറും വാക്കുകളല്ല, മറിച്ച് ദൈവാരാധകർ പരസ്പരം എങ്ങനെ കരുതുന്നു എന്ന് പ്രകടമാക്കുന്നവയാണ്. (1 യോഹന്നാൻ 4:7, 8 താരതമ്യം ചെയ്യുക.) യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.”—യോഹന്നാൻ 13:35.
ചിലിയിൽ ഏറെ നാൾ നീണ്ടുനിന്ന കടുത്ത വരൾച്ചയെത്തുടർന്നു പേമാരിയും വെള്ളപ്പൊക്കവും ഉണ്ടായ 1997 ജൂലൈയിൽ അത്തരം സ്നേഹം പ്രകടമായി. പെട്ടെന്ന്, അനേകർക്കും ഭക്ഷണവും വസ്ത്രവും മറ്റ് അവശ്യ വസ്തുക്കളും ആവശ്യമായിവന്നു. വിശേഷിച്ചും വിപത്കരമായ സാഹചര്യങ്ങളിൽ യഹോവയുടെ സാക്ഷികൾ ഗലാത്യർക്കുള്ള പൗലൊസിന്റെ പിൻവരുന്ന ബുദ്ധിയുപദേശം ബാധകമാക്കാൻ ശ്രമിക്കുന്നു: “ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നൻമചെയ്ക.”—ഗലാത്യർ 6:10.
അക്കാരണത്താൽ, സഹായം നൽകാൻ യഹോവയുടെ സാക്ഷികൾ സത്വരം സംഘടിച്ചു. അവർ ഭക്ഷണവും വസ്ത്രവും മറ്റും ശേഖരിച്ച്, തരംതിരിച്ച്, പായ്ക്കു ചെയ്ത് ദുരിതബാധിത പ്രദേശത്തേക്ക് അയച്ചു. കുട്ടികൾ തങ്ങളുടെ കളിപ്പാട്ടങ്ങൾ പോലും സംഭാവനയായി കൊടുത്തു! ദുരിതാശ്വാസ സാമഗ്രികളാൽ രാജ്യഹാൾ നിറഞ്ഞിരിക്കുന്നതു കണ്ടപ്പോൾ ഒരു സഹോദരി അന്തംവിട്ടുപോയി. അവർ ഇങ്ങനെ പറഞ്ഞു: “ഞാൻ അന്ധാളിച്ചുപോയി, കരയണോ ചിരിക്കണോ എന്ന് എനിക്കറിയില്ലായിരുന്നു, ഞങ്ങൾക്ക് ആവശ്യമുള്ളവതന്നെ ആയിരുന്നു അതെല്ലാം.”
വെള്ളപ്പൊക്ക ബാധിത പ്രദേശത്തിന്റെ ഒരു ഭാഗം ഭൂകമ്പത്താൽ പിടിച്ചുലയ്ക്കപ്പെട്ടത് അപ്രതീക്ഷിതമായിട്ടായിരുന്നു. മിക്ക വീടുകളും നിലംപൊത്തി. കൂടുതൽ
ദുരിതാശ്വാസ കമ്മിറ്റികളെ നിയമിക്കേണ്ടത് ആവശ്യമായി വന്നു. യഹോവയുടെ സാക്ഷികളുടെ യോഗ സ്ഥലങ്ങളുടെ നിർമാണം സാധാരണമായി കൈകാര്യം ചെയ്യാറുള്ള മേഖലാ നിർമാണ കമ്മിറ്റികൾ തങ്ങളുടെ ഊർജിതമായ പിന്തുണ നൽകി. ഫലമോ? നമ്മുടെ സഹോദരങ്ങൾ രൂപകൽപ്പന ചെയ്തു നിർമിച്ച ലളിതമായ ഭവനങ്ങൾ വീടു നഷ്ടപ്പെട്ടവർക്കു ദാനം ചെയ്തു. വലിയ ആർഭാടം ഒന്നും ഇല്ലായിരുന്നു എങ്കിലും, ലൗകിക ദുരിതാശ്വാസ പ്രവർത്തകർ വായ്പ അടിസ്ഥാനത്തിൽ നൽകിയ, തറയും ജനാലകളും ഇല്ലാത്തതും പെയിന്റു ചെയ്യാത്തതുമായ വീടുകളിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നു ഈ ഭവനങ്ങൾ.ചില സഹോദരങ്ങൾ ദുരിതബാധിതരുടെ സഹായാർഥം ദീർഘദൂരം യാത്ര ചെയ്തു. ചക്രക്കസേരയിൽ ആയിരുന്നെങ്കിലും, ഒരു മേഖലാ നിർമാണ കമ്മിറ്റിയുടെ അധ്യക്ഷൻ തുടർച്ചയായി രണ്ടു ദിവസങ്ങളിൽ കെടുതികൾ നേരിട്ടു പരിശോധിക്കാൻ അവിടെ എത്തിച്ചേർന്നു. അന്ധനായ ഒരു സഹോദരൻ, ആശാരിക്കു തടി എത്തിച്ചു കൊടുത്തുകൊണ്ട് ആയിരുന്നു ഉത്സാഹത്തോടെ വേല ചെയ്തത്. മരപ്പണിക്കാരൻ അളവനുസരിച്ച് അവ മുറിച്ച് ഉത്തരങ്ങളാക്കി. ബധിരനായ ഒരു സഹോദരൻ ആവശ്യമായ ഇടങ്ങളിലേക്ക് അവ എടുത്തുകൊടുത്തു.
സഹോദരങ്ങൾ ചെയ്ത സഹായം നിരീക്ഷിച്ച അനേകർക്കും മതിപ്പു തോന്നി. ഒരു പട്ടണത്തിൽ, അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്ന ഒരു സഹോദരിയുടെ വീടിനു സമീപം ഒരു പൊലീസ് വാഹനം പാർക്കു ചെയ്തിരുന്നു. എന്താണു സംഭവിക്കുന്നതെന്ന് അറിയാൻ പൊലീസുകാർക്കു ജിജ്ഞാസ തോന്നി. അവരിലൊരാൾ ഒരു സഹോദരനോടു ചോദിച്ചു: “പണിക്കാർ നല്ല സന്തോഷത്തിലാണല്ലോ, ആരാണ് ഇവർ? അവർക്ക് എത്ര കൂലി കിട്ടും?” അവരെല്ലാം സ്വമേധയാ സേവകർ ആണെന്നു സഹോദരൻ മറുപടി പറഞ്ഞു. ഓഫീസർമാരിൽ ഒരാൾ, താൻ മാസാമാസം പള്ളിക്കു ദശാംശം കൊടുക്കുന്നുണ്ട്, എന്നിട്ടും ഭൂമികുലുക്കം കഴിഞ്ഞതിൽപ്പിന്നെ പാസ്റ്ററൊന്നു തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല എന്നു പറഞ്ഞു! പിറ്റേ ദിവസം, ഒരു പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് ആ സഹോദരിക്ക് ഒരു ഫോൺ സന്ദേശം ലഭിച്ചു. അദ്ദേഹവും ആ പണിക്കാരെ ശ്രദ്ധിച്ചിരുന്നു. പണിക്കാരുടെ ആവേശത്തിൽ വളരെ മതിപ്പു തോന്നിയ താൻ അവരുടെ പണിയിൽ ചേരാൻ ആഗ്രഹിച്ചുപോയെന്ന് അദ്ദേഹം പറഞ്ഞു!
അതേ, ചിലിയിലെ ദുരിതാശ്വാസ പ്രവർത്തനം സ്വമേധയാ സേവകർക്കു സന്തോഷകരമായ ഒരു അനുഭവവും നിരീക്ഷകർക്കു നല്ലൊരു സാക്ഷ്യവും ആയിരുന്നു.