നിങ്ങളുടെ സ്രഷ്ടാവ്—അവൻ എങ്ങനെയുള്ളവൻ എന്നു പഠിക്കുക
നിങ്ങളുടെ സ്രഷ്ടാവ്—അവൻ എങ്ങനെയുള്ളവൻ എന്നു പഠിക്കുക
“ഞാൻ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും.”—പുറപ്പാടു 33:19.
1. സ്രഷ്ടാവ് ബഹുമാനത്തിനു യോഗ്യനായിരിക്കുന്നത് എന്തുകൊണ്ട്?
ബൈബിളിലെ അവസാന പുസ്തകം എഴുതിയ യോഹന്നാൻ അപ്പൊസ്തലൻ സ്രഷ്ടാവിനെ കുറിച്ച് ഇങ്ങനെ തുറന്നു പ്രഖ്യാപിച്ചു: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.” (വെളിപ്പാടു 4:11) മുൻ ലേഖനം സ്ഥിരീകരിച്ചപ്രകാരം, ആധുനിക ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ മിക്കപ്പോഴും സകലത്തിന്റെയും സ്രഷ്ടാവായ ഒരുവനിൽ വിശ്വസിക്കുന്നതിനുള്ള കാരണങ്ങൾ പ്രദാനം ചെയ്യുന്നു.
2, 3. (എ) സ്രഷ്ടാവിനെ കുറിച്ച് ആളുകൾ എന്തു പഠിക്കേണ്ടതുണ്ട്? (ബി) സ്രഷ്ടാവിനെ നേരിട്ടു കാണുന്നതു യുക്തിസഹമല്ലാത്തത് എന്തുകൊണ്ട്?
2 സ്രഷ്ടാവ് ഉണ്ട് എന്നു വിശ്വസിക്കുന്നതു പോലെതന്നെ പ്രാധാന്യമുള്ള സംഗതിയാണ് അവൻ എങ്ങനെയുള്ളവനാണെന്ന്—അവൻ ഒരു യഥാർഥ വ്യക്തിയാണെന്നും അവന്റെ വ്യക്തിത്വവും വഴികളും ആളുകളെ അവനിലേക്ക് അടുപ്പിക്കുന്നുവെന്നും—മനസ്സിലാക്കുന്നതും. നിങ്ങൾ അതിന് എത്രതന്നെ ശ്രമിച്ചിട്ടുണ്ടെന്നു വരികിലും അവനെ കൂടുതൽ മെച്ചമായി അറിയുന്നതു പ്രയോജനപ്രദമല്ലേ? അതിനു നാം മനുഷ്യരുടെ കാര്യത്തിൽ എന്നതു പോലെ അവനെ നേരിട്ടു കാണേണ്ട ആവശ്യമില്ല.
3 നക്ഷത്രങ്ങളെ സൃഷ്ടിച്ചതും യഹോവയാണ്. അതിൽ ഇടത്തരം വലിപ്പമുള്ള ഒരു നക്ഷത്രമാണു നമ്മുടെ സൂര്യൻ. സൂര്യനെ നഗ്നനേത്രങ്ങൾ കൊണ്ടു ദീർഘനേരം വീക്ഷിക്കാൻ നിങ്ങൾ മുതിരുമോ? തീർച്ചയായുമില്ല! സൂര്യനെ നേരിട്ടു വീക്ഷിക്കുകയോ അതിന്റെ ശക്തമായ രശ്മികൾ തങ്ങളുടെ ചർമത്തിൽ ദീർഘനേരം ഏൽക്കുകയോ ചെയ്യാതിരിക്കാൻ മിക്കവരും ശ്രദ്ധാലുക്കളാണ്. സൂര്യന്റെ അകക്കാമ്പിലെ താപം ഏതാണ്ട് 1,50,00,000 ഡിഗ്രി സെൽഷ്യസ് ആണ്. ഓരോ സെക്കൻഡിലും ഈ തെർമോന്യൂക്ലിയർ ചൂള ഏകദേശം നാലു ദശലക്ഷം ടൺ പിണ്ഡത്തെ ഊർജമാക്കി മാറ്റുന്നു. അതിന്റെ ഒരു ചെറിയ അംശം മാത്രമാണു ചൂടും പ്രകാശവുമായി ഭൂമിയിൽ എത്തുന്നത്, അത് ഇവിടെ ജീവൻ നിലനിർത്താൻ പര്യാപ്തമാണു താനും. അത്തരം അടിസ്ഥാന വസ്തുതകൾ സ്രഷ്ടാവിന്റെ വിസ്മയാവഹമായ ശക്തി സംബന്ധിച്ചു നമ്മിൽ മതിപ്പുളവാക്കേണ്ടതാണ്. “അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും” എന്ന് യെശയ്യാവിനു സമുചിതമായി എഴുതാൻ കഴിഞ്ഞു.—യെശയ്യാവു 40:26.
4. മോശെ എന്താണ് ആവശ്യപ്പെട്ടത്, യഹോവ എങ്ങനെ ഉത്തരം നൽകി?
4 പൊ.യു.മു. 1513-ൽ ഇസ്രായേല്യർ ഈജിപ്തിൽ നിന്നു പോന്ന് ഏതാനും മാസങ്ങൾക്കു ശേഷം “നിന്റെ തേജസ്സു എനിക്കു കാണിച്ചുതരേണമേ” എന്നു മോശെ സ്രഷ്ടാവിനോട് അപേക്ഷിച്ചതിനെ കുറിച്ചു നിങ്ങൾക്ക് അറിയാമായിരുന്നോ? (പുറപ്പാടു 33:18) സൂര്യനെ സൃഷ്ടിച്ചതും യഹോവയാണ് എന്ന് അനുസ്മരിക്കുമ്പോൾ അവൻ മോശെയോട് ഇങ്ങനെ പറഞ്ഞത് എന്തുകൊണ്ടെന്നു നിങ്ങൾക്കു മനസ്സിലാക്കാവുന്നതേയുള്ളൂ: “നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല.” താൻ “കടന്നുപോകുവോളം” സീനായ് മലയിൽ ഒരിടത്തു മറഞ്ഞിരിക്കാൻ സ്രഷ്ടാവ് മോശെയെ അനുവദിച്ചു. തുടർന്ന്, ദൈവത്തിന്റെ “പിൻഭാഗം” അതായത്, സ്രഷ്ടാവിന്റെ മഹത്ത്വത്തിന്റെ അല്ലെങ്കിൽ സാന്നിധ്യത്തിന്റെ ഒരുതരം ഭാഗികമായ തേജസ്സ്, മോശെക്കു കാണാൻ കഴിഞ്ഞു.—പുറപ്പാടു 33:20-23; യോഹന്നാൻ 1:18.
5. മോശെയുടെ അപേക്ഷയെ സ്രഷ്ടാവ് ഏതു വിധത്തിൽ തൃപ്തിപ്പെടുത്തി, അത് എന്തു തെളിയിക്കുന്നു?
5 സ്രഷ്ടാവിനെ മെച്ചമായി അറിയാനുള്ള മോശെയുടെ ആഗ്രഹം സഫലമാകാതെ പോയില്ല. വ്യക്തമായും, ഒരു ദൂതൻ മുഖാന്തരം സംസാരിച്ചുകൊണ്ടു മോശെയുടെ മുന്നിലൂടെ കടന്നുപോകവേ ദൈവം ഇങ്ങനെ പ്രഖ്യാപിച്ചു: “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളൻ. അയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുററമുള്ളവനെ വെറുതെവിടാതെ . . . സന്ദർശിക്കുന്നവൻ.” (പുറപ്പാടു 34:6, 7) സ്രഷ്ടാവിനെ മെച്ചമായി മനസ്സിലാക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത് അവന്റെ അക്ഷരീയ ആകാരം കാണുന്നതല്ല മറിച്ച്, അവൻ എങ്ങനെയുള്ളവനാണെന്നു ഗ്രഹിക്കുന്നതും അവന്റെ വ്യക്തിത്വവും സ്വഭാവവിശേഷങ്ങളും മനസ്സിലാക്കുന്നതുമാണ് എന്ന് അതു വ്യക്തമാക്കുന്നു.
6. നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ വിസ്മയകരം ആയിരിക്കുന്നത് എങ്ങനെ?
6 അതിനുള്ള ഒരു വിധം ദൈവത്തിന്റെ സൃഷ്ടികളിൽ നിന്ന് അവന്റെ ഗുണങ്ങളെ കുറിച്ചു വിവേചിച്ചറിയുന്നതാണ്. നിങ്ങളുടെ രോഗപ്രതിരോധ വ്യവസ്ഥയെക്കുറിച്ചു ചിന്തിക്കുക. രോഗപ്രതിരോധ വ്യവസ്ഥയെ കുറിച്ചു പ്രതിപാദിക്കുന്ന ഒരു ലക്കത്തിൽ സയന്റിഫിക് അമേരിക്കൻ മാഗസിൻ ഇങ്ങനെ പറഞ്ഞു: “ജനനത്തിനു മുമ്പു മുതൽ മരണം വരെ രോഗപ്രതിരോധ വ്യവസ്ഥ നിതാന്ത ജാഗ്രത പുലർത്തുന്നു. തന്മാത്രകളുകളുടെയും കോശങ്ങളുടെയും വൈവിധ്യമാർന്ന അണികൾ . . . പരാദങ്ങൾ, രോഗകാരികൾ തുടങ്ങിയവയിൽ നിന്നു നമ്മെ സംരക്ഷിക്കുന്നു. അത്തരം പ്രതിരോധമില്ലാതെ മനുഷ്യർക്കു ജീവിക്കാനാകില്ല.” ആ വ്യവസ്ഥയുടെ ഉറവിടം എന്താണ്? പ്രസ്തുത മാസികയിലെ ഒരു ലേഖനം ഇങ്ങനെ പറഞ്ഞു: “കടന്നാക്രമണം നടത്തുന്ന രോഗാണുക്കളെയും വൈറസുകളെയും പ്രതിരോധിക്കുന്ന, വിദഗ്ധമായി ഒത്തുചേർന്നു പ്രവർത്തിക്കുന്ന കോശങ്ങളുടെ അത്ഭുതാവഹമായ അണി, ഗർഭധാരണം നടന്ന് ഏകദേശം ഒമ്പത് ആഴ്ചകൾക്കു ശേഷം പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ഏതാനും അടിസ്ഥാന കോശങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്.” വളർന്നുകൊണ്ടിരിക്കുന്ന ഗർഭസ്ഥ ശിശുവിലേക്ക് അമ്മ ഒരളവുവരെ പ്രതിരോധശക്തി കടത്തിവിടുന്നു. പിന്നീട്, ശിശുവിന്റെ ശരീരത്തിന് ആവശ്യമായ രോഗപ്രതിരോധ കോശങ്ങളും പ്രയോജനപ്രദമായ മറ്റു രാസവസ്തുക്കളും തന്റെ മുലപ്പാലിലൂടെ അവൾ നൽകുന്നു.
7. നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയെ കുറിച്ചു നാം എന്തു പരിചിന്തിക്കണം, അത് എന്തു നിഗമനത്തിലേക്കു നയിക്കുന്നു?
7 നിങ്ങളുടെ രോഗപ്രതിരോധ വ്യവസ്ഥ ആധുനിക മരുന്നിനു പ്രദാനം ചെയ്യാൻ സാധിക്കുന്ന എന്തിനെക്കാളും ശ്രേഷ്ഠമാണ് എന്നു നിഗമനം ചെയ്യാൻ നല്ല കാരണമുണ്ട്. തന്നിമിത്തം, സ്വയം ചോദിക്കുക: ‘ഈ വ്യവസ്ഥയുടെ കാരണഭൂതനും ദാതാവുമായവനെ കുറിച്ച് ഇത് എന്താണു സൂചിപ്പിക്കുന്നത്?’ ‘ഗർഭധാരണം നടന്ന് ഏകദേശം ഒമ്പത് ആഴ്ചകൾക്കു ശേഷം പ്രത്യക്ഷപ്പെടുന്ന,’ നവജാത ശിശുവിനെ സംരക്ഷിക്കാൻ സജ്ജമായ ഈ വ്യവസ്ഥ തീർച്ചയായും ജ്ഞാനത്തെയും ദീർഘദൃഷ്ടിയെയും പ്രതിഫലിപ്പിക്കുന്നു. ഈ വ്യവസ്ഥയിൽ നിന്നു നമുക്കു സ്രഷ്ടാവിനെ കുറിച്ചു കൂടുതൽ കാര്യങ്ങൾ വിവേചിച്ച് അറിയാനാകുമോ? ആലംബഹീനർക്കു വൈദ്യസഹായം എത്തിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച ആൽബർട്ട് ഷ്വൈറ്റ്സറെയും അദ്ദേഹത്തെപ്പോലുള്ള മറ്റുള്ളവരെയും കുറിച്ചു നമ്മിൽ മിക്കവരും എന്താണു ചിന്തിക്കുക? സാധാരണമായി നാം, അനുകമ്പയുള്ള ഈ മനുഷ്യ സ്നേഹികളെ നല്ല ഗുണങ്ങളുള്ളവരായി പരാമർശിക്കുന്നു. അങ്ങനെയെങ്കിൽ, സമ്പന്നർക്കും ദരിദ്രർക്കും ഒരുപോലെ രോഗപ്രതിരോധ വ്യവസ്ഥ പ്രദാനം ചെയ്യുന്ന നമ്മുടെ സ്രഷ്ടാവിനെക്കുറിച്ചു നമുക്ക് എന്തു നിഗമനം ചെയ്യാൻ കഴിയും? വ്യക്തമായും, അവൻ സ്നേഹവാനും മുഖപക്ഷമില്ലാത്തവനും അനുകമ്പയുള്ളവനും നീതിമാനും ആണെന്ന്. അതു സ്രഷ്ടാവിനെ കുറിച്ചു മോശെക്കു ലഭിച്ച വിവരണത്തോട് ഒത്തുപോകുന്നില്ലേ?
താൻ എങ്ങനെയുള്ളവൻ ആണെന്ന് അവൻ വെളിപ്പെടുത്തുന്നു
8. ഏതു പ്രത്യേക വിധത്തിൽ യഹോവ നമുക്ക് സ്വയം വെളിപ്പെടുത്തുന്നു?
8 നമ്മുടെ സ്രഷ്ടാവിനെ മെച്ചമായി അറിയാനുള്ള മറ്റൊരു മാർഗമുണ്ട്—ബൈബിൾ. അവനെ കുറിച്ചു ശാസ്ത്രത്തിനും പ്രപഞ്ചത്തിനും വെളിപ്പെടുത്താൻ കഴിയാത്ത ചില സംഗതികൾ ഉണ്ടെന്നതിനാൽ അതു പ്രത്യേകിച്ചും പ്രാധാന്യം അർഹിക്കുന്നു. കൂടാതെ, വേറെ ചില കാര്യങ്ങളും ബൈബിൾ സുവ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. സ്രഷ്ടാവിന്റെ വ്യക്തിനാമം ആണ് അതിന് ഒരു ഉദാഹരണം. ബൈബിൾ മാത്രമേ സ്രഷ്ടാവിന്റെ നാമവും അതിന്റെ പ്രാധാന്യവും വെളിപ്പെടുത്തുന്നുള്ളൂ. യ്ഹ്വ്ഹ് അല്ലെങ്കിൽ ജ്ഹ്വ്ഹ് എന്ന വ്യജ്ഞനാക്ഷരത്തിൽ ലിപ്യന്തരണം ചെയ്യാവുന്ന, മലയാളത്തിൽ പൊതുവെ യഹോവ എന്ന് ഉച്ചരിക്കുന്ന അവന്റെ പേര് 7,000-ത്തോളം തവണ ബൈബിളിന്റെ എബ്രായ കയ്യെഴുത്തു പ്രതികളിൽ കാണാം.—പുറപ്പാടു 3:15; 6:3.
9. സ്രഷ്ടാവിന്റെ വ്യക്തിനാമത്തിന്റെ അർഥമെന്ത്, അതിൽനിന്നു നമുക്ക് എന്തു നിഗമനത്തിലെത്താനാകും?
9 സ്രഷ്ടാവിനെ കുറിച്ചു മെച്ചമായി മനസ്സിലാക്കുന്നതിന്, അവൻ കേവലം “ആദി കാരണം” അല്ലെങ്കിൽ അവ്യക്തത നിഴലിക്കുന്ന “ഞാൻ ആകുന്നവൻ” അല്ല എന്നു നാം മനസ്സിലാക്കണം. അവന്റെ വ്യക്തിപരമായ പേര് അതു വെളിപ്പെടുത്തുന്നു. അത് “ആയിത്തീരുക” അല്ലെങ്കിൽ “ആണെന്നു തെളിയുക” എന്ന് അർഥമുള്ള എബ്രായ ക്രിയാപദത്തിന്റെ ഒരു രൂപമാണ്. a (ഉല്പത്തി 27:29-ഉം സഭാപ്രസംഗി 11:3-ഉം താരതമ്യം ചെയ്യുക.) ദൈവനാമത്തിന്റെ അർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്. അത് അവന് ഉദ്ദേശ്യങ്ങളുണ്ടെന്നും അവ നിറവേറ്റാനായി അവൻ പ്രവർത്തിക്കുന്നുവെന്നും ഊന്നിപ്പറയുന്നു. ദൈവത്തിന്റെ നാമം അറിയുകയും ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ, അവൻ തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കുകയും തന്റെ ഉദ്ദേശ്യങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്യുന്നു എന്നു നാം നന്നായി മനസ്സിലാക്കും.
10. ഉല്പത്തിയിലെ വിവരണത്തിൽ നിന്നു നമുക്കു പ്രധാനപ്പെട്ട എന്ത് ഉൾക്കാഴ്ച നേടാനാകും?
10 ദൈവത്തിന്റെ ഉദ്ദേശ്യങ്ങളും വ്യക്തിത്വവും സംബന്ധിച്ചുള്ള ജ്ഞാനത്തിന്റെ ഉറവിടമാണു ബൈബിൾ. ഒരിക്കൽ മനുഷ്യർ ദൈവവുമായി സമാധാനത്തിൽ ആയിരുന്നു എന്നും അവർക്കു ദീർഘവും അർഥപൂർണവുമായ ജീവിതം നയിക്കുന്നതിനുള്ള പ്രത്യാശ ഉണ്ടായിരുന്നു എന്നും ഉല്പത്തിയിലെ വിവരണം വെളിപ്പെടുത്തുന്നു. (ഉല്പത്തി 1:28; 2:7-9) ദീർഘകാലമായി മനുഷ്യർ അനുഭവിക്കുന്ന യാതനകളും നിരാശകളും തന്റെ നാമത്തിന്റെ പ്രാധാന്യത്തിനു ചേർച്ചയിൽ യഹോവ ഇല്ലായ്മ ചെയ്യും എന്നു നമുക്ക് ഉറപ്പുള്ളവർ ആയിരിക്കാവുന്നതാണ്. അവന്റെ ഉദ്ദേശ്യ നിവൃത്തിയെ കുറിച്ചു നാം ഇങ്ങനെ വായിക്കുന്നു: “സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു; മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ.”—റോമർ 8:20, 21.
11. നാം ബൈബിൾ വൃത്താന്തങ്ങൾ പരിചിന്തിക്കേണ്ടത് എന്തുകൊണ്ട്, അത്തരം ഒരു വൃത്താന്തത്തിന്റെ വിശദാംശങ്ങൾ എന്തെല്ലാം?
11 പുരാതന ഇസ്രായേല്യരോടു ദൈവം ഇടപെട്ടപ്പോഴത്തെ അവന്റെ പ്രവർത്തനങ്ങളെയും പ്രതികരണങ്ങളെയും കുറിച്ചു ബൈബിൾ വെളിപ്പെടുത്തുന്നു. ആ വിധത്തിലും ദൈവത്തെ കുറിച്ചു മെച്ചമായി മനസ്സിലാക്കാൻ ബൈബിളിനു നമ്മെ സഹായിക്കാൻ സാധിക്കും. എലീശായും ശത്രുക്കളായിരുന്ന അരാമ്യരുടെ സേനാധിപതി നയമാനും ഉൾപ്പെടുന്ന ഒരു ഉദാഹരണം പരിചിന്തിക്കുക. 2 രാജാക്കന്മാർ 5-ാം അധ്യായത്തിൽ ഈ വൃത്താന്തം വായിക്കവേ, ഇസ്രായേലിലെ എലീശായുടെ സഹായത്താൽ നയമാന്റെ കുഷ്ഠരോഗം മാറിക്കിട്ടുമെന്ന് അടിമയായി പിടിക്കപ്പെട്ട ഒരു ഇസ്രായേല്യ പെൺകുട്ടി പറയുന്നതു നിങ്ങൾ മനസ്സിലാക്കും. എലീശാ കൈ വീശി, അത്ഭുതകരമായ ഒരു നിഗൂഢ പ്രവൃത്തിയിലൂടെ തന്റെ രോഗം ഭേദപ്പെടുത്തും എന്നാണു നയമാൻ പ്രതീക്ഷിച്ചത്. അതിനു പകരം, യോർദാൻ നദിയിൽ കുളിക്കാനാണ് എലീശാ ആ അരാമ്യനോടു പറഞ്ഞത്. ഭൃത്യന്മാരുടെ നിർബന്ധം മൂലം നയമാൻ അങ്ങനെ ചെയ്തപ്പോൾ രോഗം ഭേദമായി. നയമാൻ വിലയേറിയ വസ്തുക്കൾ എലീശായ്ക്കു സമ്മാനിച്ചു, എലീശാ അതു തിരസ്കരിച്ചു. പിന്നീട്, അവന്റെ ബാല്യക്കാരൻ ആരും കാണാതെ നയമാന്റെ അടുക്കൽ ചെന്നു നുണ പറഞ്ഞ് ഏതാനും വസ്തുക്കൾ കരസ്ഥമാക്കി. കള്ളത്തരം പ്രവർത്തിച്ചതു നിമിത്തം അവനു കുഷ്ഠം ബാധിച്ചു. അതു ഹൃദയഹാരിയായ, മാനുഷിക വികാരം നിഴലിക്കുന്ന ഒരു വൃത്താന്തമാണ്. അതിൽ നിന്നു നമുക്കു പാഠങ്ങൾ പഠിക്കാനാകും.
12. എലീശായെയും നയമാനെയും കുറിച്ചുള്ള വൃത്താന്തത്തിൽ നിന്നു സ്രഷ്ടാവിനെ കുറിച്ച് നമുക്ക് എന്തു നിഗമനങ്ങളിൽ എത്തിച്ചേരാനാകും?
12 ഇന്നത്തെ പല സംസ്കാരങ്ങളിൽ നിന്നും വ്യത്യസ്തമായി, പ്രപഞ്ചത്തിന്റെ മഹാ സ്രഷ്ടാവ് ഒരു ചെറിയ പെൺകുട്ടിയെ പ്രീതിയോടെ വീക്ഷിക്കാനാകാത്ത വിധം ഉന്നതഭാവം ഉള്ളവനല്ല എന്ന് ആ വൃത്താന്തം ആകർഷകമായ വിധത്തിൽ വ്യക്തമാക്കുന്നു. ഒരു പ്രത്യേക വംശത്തോടോ ജനതയോടോ സ്രഷ്ടാവു പക്ഷപാതം കാട്ടുന്നില്ല എന്നും അതു തെളിയിക്കുന്നു. (പ്രവൃത്തികൾ 10:34, 35) പണ്ടത്തെയും ഇപ്പോഴത്തെയും ചില “രോഗശാന്തിക്കാരെ” പോലെ, ചതിപ്രയോഗം നടത്താൻ പ്രതീക്ഷിക്കുന്നതിനു പകരം സ്രഷ്ടാവ് അത്ഭുതകരമായ ജ്ഞാനം പ്രകടിപ്പിച്ചു. കുഷ്ഠരോഗം എങ്ങനെ ഭേദമാക്കാം എന്ന് അവന് അറിയാമായിരുന്നു. ചതി വിജയിക്കാൻ അനുവദിക്കാതിരിക്കുന്നതിലും അവൻ ഉൾക്കാഴ്ചയും നീതിയും പ്രകടമാക്കി. വീണ്ടും, അത് മോശെ കേട്ട യഹോവയുടെ വ്യക്തിത്വ ഗുണങ്ങളുമായി യോജിപ്പിലല്ലേ? ആ ബൈബിൾ വിവരണം ഹ്രസ്വമാണെങ്കിലും, സ്രഷ്ടാവിനെ കുറിച്ച് അതിൽ നിന്നു നമുക്ക് എത്രയോ കാര്യങ്ങൾ മനസ്സിലാക്കാനാകും!—സങ്കീർത്തനം 33:5; 37:28.
13. ബൈബിൾ വൃത്താന്തങ്ങളിൽ നിന്നു നമുക്ക് എങ്ങനെ വിലയേറിയ പാഠങ്ങൾ പഠിക്കാനാകും എന്നു വ്യക്തമാക്കുക.
13 ഇസ്രായേലിന്റെ നന്ദികെട്ട പ്രവർത്തനങ്ങളെയും ദൈവത്തിന്റെ പ്രതികരണത്തെയും കുറിച്ചുള്ള മറ്റു വൃത്താന്തങ്ങൾ അവൻ യഥാർഥത്തിൽ കരുതലുള്ളവനാണ് എന്നു തെളിയിക്കുന്നു. ഇസ്രായേല്യർ യഹോവയെ ആവർത്തിച്ചു പരീക്ഷിച്ചുകൊണ്ട് അവനെ ദുഃഖിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തു എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 78:40, 41) അതുകൊണ്ട്, സ്രഷ്ടാവിനു വികാരങ്ങൾ ഉണ്ട്. മനുഷ്യർ ചെയ്യുന്ന സംഗതികൾ അവനെ ബാധിക്കുന്നു. വിഖ്യാതരായ വ്യക്തികളെ കുറിച്ചുള്ള വിവരണങ്ങളിൽ നിന്നും ഏറെ പഠിക്കാനുണ്ട്. ദാവീദ് ഇസ്രായേലിന്റെ രാജാവ് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ദൈവം ശമൂവേലിനോടു പറഞ്ഞു: “മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.” (1 ശമൂവേൽ 16:7) അതേ, സ്രഷ്ടാവു നോക്കുന്നത് നാം പുറമേ എങ്ങനെയുള്ളവരാണ് എന്നല്ല, അകമേ എങ്ങനെയുള്ളവരാണ് എന്നാണ്. എത്ര തൃപ്തികരം!
14. എബ്രായ തിരുവെഴുത്തുകൾ വായിക്കവെ എന്തു ചെയ്യുന്നതു പ്രയോജനപ്രദം ആയിരിക്കും?
14 ബൈബിളിലെ 39 പുസ്തകങ്ങൾ യേശുവിനു മുമ്പ് എഴുതപ്പെട്ടതാണ്. അവ വായിക്കുന്നതുകൊണ്ടു നമുക്കു പ്രയോജനം ഉണ്ട്. ബൈബിൾ വിവരണങ്ങളോ ചരിത്രമോ മനസ്സിലാക്കുക മാത്രമായിരിക്കരുത് ഈ വായനയുടെ ഉദ്ദേശ്യം. നമ്മുടെ സ്രഷ്ടാവ് എങ്ങനെയുള്ളവനാണെന്നു നാം യഥാർഥത്തിൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ആ വിവരണങ്ങളെ കുറിച്ചു നാം ധ്യാനിക്കേണ്ടതുണ്ട്. ‘ഈ സംഭവം ദൈവത്തിന്റെ വ്യക്തിത്വത്തെ കുറിച്ച് എന്താണു വെളിപ്പെടുത്തുന്നത്? അവന്റെ ഏതു ഗുണമാണ് ഇവിടെ പ്രകടമാകുന്നത്?’ b എന്നെല്ലാം നാം ചിന്തിക്കണം. അങ്ങനെ ചെയ്യുന്നത്, ബൈബിൾ ദിവ്യ ഉറവിടത്തിൽ നിന്നുള്ളതാണ് എന്നു മനസ്സിലാക്കാൻ സന്ദേഹികളെ പോലും സഹായിക്കും. അങ്ങനെ, സ്നേഹവാനായ അതിന്റെ ഗ്രന്ഥകർത്താവിനെ മെച്ചമായി അറിയാൻ അത് അവർക്ക് ഒരു അടിസ്ഥാനമായി ഉതകിയേക്കാം.
സ്രഷ്ടാവിനെ അറിയാൻ ഒരു മഹാഗുരു നമ്മെ സഹായിക്കുന്നു
15. യേശുവിന്റെ പ്രവർത്തനങ്ങളും പഠിപ്പിക്കലുകളും പ്രബോധനാത്മകം ആയിരുന്നത് എന്തുകൊണ്ട്?
15 സ്രഷ്ടാവിന്റെ അസ്തിത്വത്തെ സംശയിക്കുന്നവർക്ക് അല്ലെങ്കിൽ ദൈവത്തെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാട് ഇല്ലാത്തവർക്ക് ബൈബിളിനെക്കുറിച്ചു കാര്യമായ പരിജ്ഞാനം ഇല്ലായിരിക്കാം. മോശെ ജീവിച്ചിരുന്നത് മത്തായിക്കു മുമ്പോ ശേഷമോ എന്നു നിശ്ചയമില്ലാത്തവരെയോ യേശുവിന്റെ പ്രവർത്തനങ്ങളെയോ പഠിപ്പിക്കലുകളെയോ കുറിച്ച് യാതൊന്നും അറിയില്ലാത്തവരെയോ നിങ്ങൾ ഒരുപക്ഷേ കണ്ടുമുട്ടിയിട്ടുണ്ടായിരിക്കാം. അതു വളരെ ദുഃഖകരംതന്നെ. കാരണം, മഹാഗുരുവായ യേശുവിൽനിന്ന് ഒരുവനു സ്രഷ്ടാവിനെക്കുറിച്ചു തീർച്ചയായും വളരെയധികം കാര്യങ്ങൾ പഠിക്കാൻ കഴിയും. ദൈവവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന അവന്, സ്രഷ്ടാവ് എങ്ങനെയുള്ളവനാണ് എന്നു വെളിപ്പെടുത്താൻ കഴിഞ്ഞു. (യോഹന്നാൻ 1:18; 2 കൊരിന്ത്യർ 4:6; എബ്രായർ 1:3) അവൻ അതു ചെയ്തു. വാസ്തവത്തിൽ ഒരിക്കൽ യേശു ഇങ്ങനെ പറഞ്ഞു: “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു.”—യോഹന്നാൻ 14:9.
16. ശമര്യസ്ത്രീയുമായുള്ള യേശുവിന്റെ ഇടപെടൽ എന്തു വ്യക്തമാക്കുന്നു?
16 ഈ ഉദാഹരണം പരിചിന്തിക്കുക. ഒരിക്കൽ യാത്ര ചെയ്തു ക്ഷീണിതൻ ആയിരുന്നിട്ടും, യേശു സുഖാറിന് അടുത്തുവെച്ച് ഒരു ശമര്യക്കാരിയോടു സംസാരിച്ചു. പിതാവിനെ “നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേ”ണ്ടതിന്റെ ആവശ്യം എടുത്തുകാട്ടികൊണ്ട് അവൻ ആഴമേറിയ തിരുവെഴുത്തു സത്യങ്ങൾ പങ്കിട്ടു. അക്കാലത്തെ യഹൂദന്മാർ ശമര്യക്കാരെ വെറുത്തിരുന്നു. അതിനു നേർവിപരീതമായി, എലീശായും നയമാനും ഉൾപ്പെട്ട സംഭവത്തിൽ എന്നപോലെ, എല്ലാ ജനതകളിലെയും ആത്മാർഥരായ സ്ത്രീപുരുഷന്മാരെ സ്വീകരിക്കാനുള്ള യഹോവയുടെ മനസ്സൊരുക്കത്തെ യേശു പ്രതിഫലിപ്പിച്ചു. വ്യക്തമായും, യഹോവ ഇന്നു ലോകത്തിലെങ്ങും വ്യാപകമായിരിക്കുന്ന ഇടുങ്ങിയ ചിന്താഗതിയോടെയുള്ള മതവൈരത്തിന് അതീതനാണെന്ന് അതു നമുക്ക് ഉറപ്പേകണം. ഭർത്താവല്ലാത്ത ഒരു പുരുഷനോടൊപ്പം താമസിക്കുന്ന ഒരു സ്ത്രീയെ പോലും പഠിപ്പിക്കാൻ യേശു മനസ്സൊരുക്കം ഉള്ളവനായിരുന്നു എന്ന വസ്തുതയും നാം ശ്രദ്ധിക്കേണ്ടതുണ്ട്. കുറ്റം വിധിക്കുന്നതിനു പകരം യേശു യഥാർഥത്തിൽ സഹായകമായ വിധത്തിൽ, മാന്യതയോടെ ആ സ്ത്രീയോട് ഇടപെട്ടു. പിന്നീട്, മറ്റു ശമര്യക്കാർ യേശുവിന്റെ വാക്കുകൾ കേട്ടിട്ട് ഇങ്ങനെ നിഗമനം ചെയ്തു: ‘അവൻ സാക്ഷാൽ ലോകരക്ഷിതാവാകുന്നു.’—യോഹന്നാൻ 4:2-30, 39-42; 1 രാജാക്കൻമാർ 8:41-43; മത്തായി 9:10-13.
17. ലാസറിന്റെ പുനരുത്ഥാനത്തെ കുറിച്ചുള്ള വിവരണം എന്തു നിഗമനത്തിലേക്കു നയിക്കുന്നു?
17 യേശുവിന്റെ പ്രവർത്തനങ്ങളും പഠിപ്പിക്കലുകളുമായി പരിചിതരായിക്കൊണ്ടു സ്രഷ്ടാവിനെ കുറിച്ച് എങ്ങനെ പഠിക്കാൻ സാധിക്കും എന്നതിനു നമുക്കു മറ്റൊരു ദൃഷ്ടാന്തം പരിചിന്തിക്കാം. യേശുവിന്റെ സുഹൃത്തായ ലാസർ മരിച്ച സന്ദർഭമെടുക്കുക. മരിച്ചവരെ തിരികെ ജീവനിലേക്കു വരുത്താനുള്ള ശക്തി യേശു നേരത്തെ തെളിയിച്ചതാണ്. (ലൂക്കൊസ് 7:11-17; 8:40-56) എങ്കിലും, ലാസറിന്റെ സഹോദരി വിലപിക്കുന്നതു കണ്ടപ്പോൾ യേശു എങ്ങനെയാണു പ്രതികരിച്ചത്? യേശുവിന്റെ “ഉള്ളം നൊന്തു കലങ്ങി.” അവൻ നിർവികാരത കാണിക്കുകയോ അകന്നു നിൽക്കുകയോ ചെയ്തില്ല; അവൻ “കണ്ണുനീർ വാർത്തു.” (യോഹന്നാൻ 11:33-35) അതു വെറുമൊരു വികാര പ്രകടനം ആയിരുന്നില്ല. ക്രിയാത്മകമായ നടപടി സ്വീകരിക്കാൻ യേശു പ്രേരിതനായി—അവൻ ലാസറിനെ ഉയിർപ്പിച്ചു. സ്രഷ്ടാവിന്റെ വികാരങ്ങൾ മനസ്സിലാക്കാൻ ഇത് അപ്പൊസ്തലന്മാരെ എത്രമാത്രം സഹായിച്ചുവെന്നു നിങ്ങൾക്കു വിഭാവന ചെയ്യാനാകും. സ്രഷ്ടാവിന്റെ വ്യക്തിത്വവും വഴികളും മനസ്സിലാക്കാൻ അതു നമ്മെയും മറ്റുള്ളവരെയും സഹായിക്കേണ്ടതാണ്.
18. ബൈബിൾ പഠിക്കുന്നതിനെ കുറിച്ച് ആളുകൾക്ക് എന്തു തോന്നേണ്ടതുണ്ട്?
18 ബൈബിൾ പഠിക്കുന്നതിലും സ്രഷ്ടാവിനെ കുറിച്ചു കൂടുതൽ മനസ്സിലാക്കുന്നതിലും ലജ്ജിക്കാൻ യാതൊരു കാരണവുമില്ല. ബൈബിൾ കാലഹരണപ്പെട്ട ഒരു പുസ്തകമല്ല. അതു പഠിച്ച് യേശുവിന്റെ ഉറ്റ സഹകാരി ആയിത്തീർന്ന ഒരാളാണു യോഹന്നാൻ. അവൻ പിന്നീട് ഇങ്ങനെ എഴുതി: “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം [“ബുദ്ധിപരമായ പ്രാപ്തി,” NW] തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” (1 യോഹന്നാൻ 5:20) “സത്യദൈവത്തെ” അതായത്, സ്രഷ്ടാവിനെ കുറിച്ചുള്ള അറിവു നേടാൻ “ബുദ്ധിപരമായ പ്രാപ്തി” ഉപയോഗിക്കുന്നത് “നിത്യജീവ”നിലേക്കു നയിക്കും എന്നതു ശ്രദ്ധിക്കുക.
അവനെക്കുറിച്ചു പഠിക്കാൻ മറ്റുള്ളവരെ എങ്ങനെ നിങ്ങൾക്കു സഹായിക്കാനാകും?
19. സംശയമുള്ളവരെ സഹായിക്കാൻ എന്തു പടിയാണു സ്വീകരിച്ചിരിക്കുന്നത്?
19 നമുക്കുവേണ്ടി കരുതുന്ന അനുകമ്പയുള്ള ഒരു സ്രഷ്ടാവ് ഉണ്ടെന്നു വിശ്വസിക്കാനും അവനെ മനസ്സിലാക്കാനും ചിലർക്കു വളരെയധികം തെളിവുകൾ ആവശ്യമാണ്. സ്രഷ്ടാവിനെക്കുറിച്ചു സംശയമുള്ള, അല്ലെങ്കിൽ അവനെക്കുറിച്ചു ബൈബിളുമായി പൊരുത്തപ്പെടാത്ത വീക്ഷണഗതി പുലർത്തുന്ന കോടിക്കണക്കിന് ആളുകളുണ്ട്. നിങ്ങൾക്ക് അവരെ എങ്ങനെ സഹായിക്കാൻ കഴിയും? യഹോവയുടെ സാക്ഷികളുടെ 1998/99 ഡിസ്ട്രിക്റ്റ്/അന്താരാഷ്ട്ര കൺവെൻഷനുകളിൽ ഫലപ്രദമായ ഒരു ഉപകരണം പല ഭാഷകളിൽ പ്രകാശനം ചെയ്തു. നിങ്ങളെക്കുറിച്ചു കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? എന്നതായിരുന്നു ആ പുസ്തകത്തിന്റെ ശീർഷകം.
20, 21. (എ) സ്രഷ്ടാവ് പുസ്തകം എങ്ങനെ വിജയകരമായി ഉപയോഗിക്കാനാകും? (ബി) സ്രഷ്ടാവ് പുസ്തകം ഇതിനോടകം ഫലപ്രദമാണെന്നു തെളിഞ്ഞതിന്റെ അനുഭവങ്ങൾ വിവരിക്കുക.
20 നമ്മുടെ സ്രഷ്ടാവിലുള്ള നിങ്ങളുടെ വിശ്വാസത്തെയും അവന്റെ വ്യക്തിത്വത്തോടും വഴികളോടുമുള്ള നിങ്ങളുടെ വിലമതിപ്പിനെയും വർധിപ്പിക്കുന്ന ഒരു പ്രസിദ്ധീകരണമാണ് ഇത്. അത് അങ്ങനെയാണെന്ന് ഉറപ്പുള്ളത് എന്തുകൊണ്ട്? എന്തെന്നാൽ, വിശേഷിച്ചും ആ ലക്ഷ്യത്തോടെയാണ് നിങ്ങളെക്കുറിച്ചു കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? എന്ന പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. “നിങ്ങളുടെ ജീവിതത്തിന് അർഥം പകരാൻ എന്തിനു കഴിയും?” എന്ന വിഷയം പുസ്തകത്തിൽ ഉടനീളം കാണാം. ഒരു വിധം നല്ല വിദ്യാഭ്യാസമുള്ളവർക്ക് ആകർഷകമായി തോന്നുന്ന വിധത്തിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. എങ്കിലും, അതു നമുക്കെല്ലാമുള്ള വാഞ്ഛകളെ സ്പർശിക്കുകതന്നെ ചെയ്യുന്നു. സ്രഷ്ടാവിന്റെ അസ്തിത്വത്തെ സംശയിക്കുന്ന വായനക്കാർക്ക് അത്യധികം രസകരവും ബോധ്യം വരുത്തുന്നതുമായ വിവരങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. വായനക്കാരൻ സ്രഷ്ടാവ് ഉണ്ടെന്നു വിശ്വസിക്കുന്നതായി ഈ പുസ്തകം ഊഹിക്കുന്നില്ല. ഏറ്റവും അടുത്ത കാലത്തെ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും ആശയങ്ങളും ഉപയോഗിച്ചുള്ള പ്രതിപാദനം സംശയാലുക്കളുടെ ശ്രദ്ധ പിടിച്ചുപറ്റും. അത്തരം വസ്തുതകൾ ദൈവത്തിൽ വിശ്വസിക്കുന്നവരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യും.
21 പുതിയ പുസ്തകം പഠിക്കവെ അതിന്റെ ചില ഭാഗങ്ങൾ, ദൈവത്തിന്റെ വ്യക്തിത്വത്തെയും വഴികളെയും പ്രദീപ്തമാക്കുന്ന വിധത്തിൽ ബൈബിൾചരിത്രം അവലോകനം ചെയ്യുന്നതു കാണാനാകും. അങ്ങനെ വായനക്കാർ ദൈവത്തെ മെച്ചമായി അറിയാൻ ഇടവരുന്നു. അതു വായിച്ചു കഴിഞ്ഞിട്ടുള്ള പലരും തങ്ങളുടെ കാര്യത്തിൽ അതു സത്യമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. (25-6 പേജുകളിലെ ലേഖനം കാണുക.) ഈ പുസ്തകം പഠിക്കുകയും തങ്ങളുടെ സ്രഷ്ടാവിനെ മെച്ചമായി മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കാൻ അതിലെ വിവരങ്ങൾ ഉപയോഗിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ അനുഭവവും അപ്രകാരം ആയിരിക്കട്ടെ.
[അടിക്കുറിപ്പുകൾ]
a “ഒരിക്കലും അമൂർത്തമായ അസ്തിത്വത്തെ സൂചിപ്പിക്കുന്നില്ല. മറിച്ച്, എല്ലായ്പോഴും ഇന്ദ്രിയഗോചരം ആയിരിക്കുന്നതിനെ അല്ലെങ്കിൽ ആയിത്തീരുന്നതിനെ, അതായത് സ്വയം ഉറപ്പായി വെളിപ്പെടുത്തുന്നതിനെ അർഥമാക്കുന്നു” എന്ന് പ്രസ്തുത ക്രിയയുടെ സജാതി ക്രിയയെ കുറിച്ച് ദ കാത്തലിക് ക്വാർട്ടർലിയുടെ മുഖ്യ എഡിറ്റർ ആയിരുന്നപ്പോൾ ജസ്യൂട്ട് പണ്ഡിതനായ എം. ജെ. ഗ്രണ്ട്ഹേനർ അഭിപ്രായപ്പെട്ടതുതന്നെ അദ്ദേഹം പ്രസ്തുത ക്രിയയ്ക്കും ബാധകമാക്കി.
b മാതാപിതാക്കൾ മക്കൾക്കു ബൈബിൾ വൃത്താന്തങ്ങൾ വിവരിച്ചു കൊടുക്കുമ്പോൾ അത്തരം ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അവർക്കു മക്കളെ സഹായിക്കാൻ കഴിയും. അങ്ങനെ ദൈവത്തെ അടുത്ത് അറിയാനും അവന്റെ വചനത്തെ കുറിച്ചു ധ്യാനിക്കാനും കുട്ടികൾ പഠിക്കും.
നിങ്ങൾ ശ്രദ്ധിച്ചോ?
□ സീനായ് മലയിൽവെച്ച് യഹോവയെ കുറിച്ചു മോശെ മെച്ചമായി മനസ്സിലാക്കിയത് എങ്ങനെ?
□ ദൈവം എങ്ങനെയുള്ളവൻ ആണെന്നു മനസ്സിലാക്കാൻ ബൈബിൾ പഠനം ഒരു സഹായം ആയിരിക്കുന്നത് എന്തുകൊണ്ട്?
□ ബൈബിൾ വായിക്കവെ, നമ്മുടെ സ്രഷ്ടാവിനോടു കൂടുതൽ അടുത്തു വരാൻ നമുക്ക് എന്തു ചെയ്യാനാകും?
□ സ്രഷ്ടാവ് പുസ്തകം ഏതു വിധങ്ങളിൽ ഉപയോഗിക്കാനാണു നിങ്ങളുടെ പദ്ധതി?
[അധ്യയന ചോദ്യങ്ങൾ]
[20-ാം പേജിലെ ചിത്രം]
നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ സ്രഷ്ടാവിനെ കുറിച്ച് എന്തു വെളിപ്പെടുത്തുന്നു?
[21-ാം പേജിലെ ചിത്രം]
ചതുരക്ഷര ദൈവനാമം (എബ്രായയിൽ) എടുത്തുകാട്ടുന്ന ചാവുകടൽ ചുരുളിന്റെ ഒരു ഭാഗം
[കടപ്പാട]
Courtesy of the Shrine of the Book, Israel Museum, Jerusalem
[23-ാം പേജിലെ ചിത്രം]
മറിയയുടെ ദുഃഖത്തോടുള്ള യേശുവിന്റെ പ്രതികരണത്തിൽ നിന്നു നമുക്ക് എന്തു മനസ്സിലാക്കാൻ സാധിക്കും?