ഏറ്റവും മഹാനായ മനുഷ്യൻ ഒരു എളിയ സേവനം ചെയ്യുന്നു
അവർ യഹോവയു ടെ ഹിതം ചെയ്തു
ഏറ്റവും മഹാനായ മനുഷ്യൻ ഒരു എളിയ സേവനം ചെയ്യുന്നു
അപ്പൊസ്തലന്മാരോട് ഒപ്പമുള്ള തന്റെ അവസാന മണിക്കൂറുകൾ വളരെ പ്രധാനപ്പെട്ടതാണെന്ന് യേശുവിന് അറിയാമായിരുന്നു. അധികം താമസിയാതെ അവൻ അറസ്റ്റു ചെയ്യപ്പെടുമായിരുന്നു. മുമ്പ് ഒരിക്കലും സംഭവിക്കാത്ത വിധം അവന്റെ വിശ്വാസം പരിശോധിക്കപ്പെടുമായിരുന്നു. മഹത്തായ അനുഗ്രഹങ്ങൾ മുന്നിലുണ്ടെന്നും യേശുവിന് അറിയാമായിരുന്നു. താമസിയാതെ അവൻ ദൈവത്തിന്റെ വലതു ഭാഗത്തേക്ക് ഉയർത്തപ്പെടുകയും അവന് “സകലനാമത്തിന്നും മേലായ നാമം” നൽകപ്പെടുകയും “അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും” ചെയ്യുമായിരുന്നു.—ഫിലിപ്പിയർ 2:9, 10, 11.
എന്നാൽ, ആസന്നമായ മരണത്തെ കുറിച്ചുള്ള ഉത്കണ്ഠയോ വാഗ്ദത്ത പ്രതിഫലത്തോടുള്ള ഉത്കടമായ താത്പര്യമോ തന്റെ അപ്പൊസ്തലന്മാരുടെ ആവശ്യങ്ങളിൽനിന്ന് യേശുവിന്റെ ശ്രദ്ധ അകറ്റിയില്ല. അവൻ “അവസാനത്തോളം അവരെ സ്നേഹിച്ചു” എന്ന് പിന്നീട് യോഹന്നാൻ തന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തി. (യോഹന്നാൻ 13:1) പൂർണ മനുഷ്യൻ എന്ന നിലയിലുള്ള തന്റെ ജീവിതത്തിലെ നിർണായകമായ ഈ അവസാന നാഴികകളിൽ യേശു തന്റെ അപ്പൊസ്തലന്മാരെ ഒരു സുപ്രധാന പാഠം പഠിപ്പിച്ചു.
താഴ്മയുടെ ഒരു പാഠം
പെസഹ ആഘോഷിക്കാനായി അപ്പൊസ്തലന്മാർ യേശുവിനോട് ഒപ്പം യെരൂശലേമിലെ ഒരു മാളിക മുറിയിൽ ഇരിക്കുകയായിരുന്നു. തങ്ങളിൽ ഏറ്റവും വലിയവൻ ആരാണെന്ന് അവർ തർക്കിക്കുന്നത് മുമ്പ് യേശു കേട്ടിരുന്നു. (മത്തായി 18:1; മർക്കൊസ് 9:33, 34) അവൻ ഈ സംഗതി അവരോടു ചർച്ച ചെയ്യുകയും അവരുടെ വീക്ഷണഗതി തിരുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. (ലൂക്കൊസ് 9:46) എന്നാൽ ഇത്തവണ വ്യത്യസ്തമായ ഒരു സമീപനം സ്വീകരിച്ചുകൊണ്ട് യേശു ആ പാഠങ്ങൾക്ക് ഊന്നൽ നൽകി. താഴ്മയെ കുറിച്ച് അവരോടു സംസാരിക്കാൻ മാത്രമല്ല അതു പ്രകടിപ്പിച്ചു കാണിക്കാനും അവൻ തീരുമാനിച്ചു.
യേശു “അത്താഴത്തിൽനിന്നു എഴുന്നേററു വസ്ത്രം ഊരിവെച്ചു ഒരു തുവർത്തു എടുത്തു അരയിൽ ചുററി ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യൻമാരുടെ കാൽ കഴുകുവാനും അരയിൽ ചുററിയിരുന്ന തുണികൊണ്ടു തുവർത്തുവാനും തുടങ്ങി” എന്ന് യോഹന്നാൻ എഴുതുന്നു.—യോഹന്നാൻ 13:4, 5.
പുരാതന മധ്യപൂർവ ദേശത്തെ ഉഷ്ണ കാലാവസ്ഥയിൽ, പൊടിപിടിച്ച നിരത്തുകളിലൂടെ നടക്കുമ്പോൾ ആളുകൾ സാധാരണമായി തുറന്ന ചെരുപ്പുകൾ ധരിച്ചിരുന്നു. ഒരു സാധാരണക്കാരന്റെ വീട്ടിൽ കയറുമ്പോൾ, അവരുടെ പാദങ്ങൾ കഴുകാൻ പാത്രവും വെള്ളവും നൽകിക്കൊണ്ട് ഒരു ആതിഥേയൻ അവരെ അഭിവാദ്യം ചെയ്യുമായിരുന്നു. ധനവാന്മാരുടെ വീടുകളിൽ, കാലുകഴുകൽ നിർവഹിച്ചിരുന്നത് ഒരു ദാസൻ ആയിരുന്നു.—ന്യായാധിപൻമാർ 19:21; 1 ശമൂവേൽ 25:40-42.
മാളിക മുറിയിൽ യേശുവും അപ്പൊസ്തലന്മാരും ആരുടെയെങ്കിലും അതിഥികൾ ആയിരുന്നില്ല. പാത്രങ്ങൾ നൽകാൻ ആതിഥേയൻ ഉണ്ടായിരുന്നില്ല. പാദങ്ങൾ കഴുകാൻ ദാസന്മാരും ഉണ്ടായിരുന്നില്ല. യേശു അപ്പൊസ്തലന്മാരുടെ പാദങ്ങൾ കഴുകാൻ തുടങ്ങിയപ്പോൾ അവർ ഇതികർത്തവ്യതാമൂഢരായി. അവരിൽ ഏറ്റവും വലിയവൻ ഏറ്റവും എളിയ ഒരു കൃത്യം ചെയ്തിരിക്കുന്നു!
തന്റെ പാദങ്ങൾ കഴുകുന്നതിന് യേശുവിനെ അനുവദിക്കാൻ ആദ്യം പത്രൊസ് വിസമ്മതിച്ചു. എന്നാൽ യേശു അവനോടു പറഞ്ഞു: “ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല.” എല്ലാ അപ്പൊസ്തലന്മാരുടെയും പാദങ്ങൾ കഴുകി കഴിഞ്ഞപ്പോൾ യേശു പറഞ്ഞു: “ഞാൻ നിങ്ങൾക്കു ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ? നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി. കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.”—യോഹന്നാൻ 13:6-15.
യേശു പാദംകഴുകൽ എന്നൊരു അനുഷ്ഠാനം ഏർപ്പെടുത്തുക ആയിരുന്നില്ല. മറിച്ച്, പുതിയൊരു മനോഭാവം, തങ്ങളുടെ സഹോദരന്മാർക്കു വേണ്ടി ഏറ്റവും താഴ്ന്ന ജോലികൾ ചെയ്യാനുള്ള താഴ്മയും മനസ്സൊരുക്കവും ഉള്ള ഒരു മനോഭാവം കൈക്കൊള്ളാൻ അവൻ തന്റെ അപ്പൊസ്തലന്മാരെ സഹായിക്കുക ആയിരുന്നു. അവർക്ക് ആ ആശയം പിടികിട്ടിയെന്നു വ്യക്തം. വർഷങ്ങൾക്കു ശേഷം പരിച്ഛേദന സംബന്ധിച്ച വിവാദം ഉയർന്നു വന്നപ്പോൾ എന്തു സംഭവിച്ചെന്നു പരിഗണിക്കുക. “വളരെ തർക്കം” ഉണ്ടായെങ്കിലും സന്നിഹിതരായിരുന്നവർ നല്ല അച്ചടക്കം പാലിക്കുകയും ഓരോരുത്തരും മറ്റുള്ളവരുടെ വീക്ഷണഗതികൾ ആദരവോടെ ശ്രദ്ധിക്കുകയും ചെയ്തു. അതിനുപുറമേ, ആ യോഗത്തിൽ അപ്പൊസ്തലന്മാർ സന്നിഹിതരായിരുന്നിട്ടും—നാം പ്രതീക്ഷിച്ചേക്കാവുന്നതിൽനിന്നു വ്യത്യസ്തമായി—അധ്യക്ഷത വഹിച്ചത് ശിഷ്യനായ പ്രവൃത്തികൾ 15:6-29.
യാക്കോബ് ആയിരുന്നെന്നു തോന്നുന്നു. താഴ്മ പ്രകടമാക്കുന്നതിൽ അപ്പൊസ്തലന്മാർ ശ്രദ്ധേയമായ പുരോഗതി വരുത്തിയെന്ന് പ്രവൃത്തികളിൽ കൊടുത്തിരിക്കുന്ന വിവരണത്തിലെ ഈ വിശദാംശം സൂചിപ്പിക്കുന്നു.—നമുക്കുള്ള പാഠം
തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിക്കൊണ്ട് യേശു താഴ്മ സംബന്ധിച്ച് ശക്തമായൊരു പാഠം നൽകി. തങ്ങൾ വളരെ പ്രധാനപ്പെട്ടവർ ആയതിനാൽ മറ്റുള്ളവർ എല്ലായ്പോഴും തങ്ങളെ സേവിക്കണമെന്നു ക്രിസ്ത്യാനികൾ ഒരിക്കലും വിചാരിക്കരുത്. ബഹുമതിയും പ്രശസ്തിയുമുള്ള സ്ഥാനങ്ങൾക്കായി അവർ കാംക്ഷിക്കുകയുമരുത്. പകരം, “ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്ന” യേശു വെച്ച മാതൃക അവർ പിൻപറ്റണം. (മത്തായി 20:28) അതേ, യേശുവിന്റെ അനുഗാമികൾ അന്യോന്യം ഏറ്റവും താഴ്ന്ന സേവനങ്ങൾ ചെയ്യാൻ സന്നദ്ധരായിരിക്കണം.
പത്രൊസ് പിൻവരുന്ന പ്രകാരം എഴുതിയതു നല്ല കാരണത്താലാണ്: “എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു.” (1 പത്രൊസ് 5:5) ‘ധരിക്കുക’ എന്നതിനുള്ള ഗ്രീക്കു പദം “ഒരു അടിമയുടെ ഏപ്രൻ (അഴുക്കു പുരളാതിരിക്കാൻ ധരിക്കുന്ന മേൽവസ്ത്രം)” എന്ന് അർഥമുള്ള ഒരു പദത്തിൽനിന്നു വന്നിട്ടുള്ളതാണ്. ആ മേൽവസ്ത്രത്തിന് അടിയിൽ അയഞ്ഞ ഒരു വസ്ത്രം ധരിച്ചിരുന്നു. യേശു തുവർത്ത് അരയിൽ ചുറ്റി അപ്പൊസ്തലന്മാരുടെ പാദങ്ങൾ കഴുകിയതിനെ പത്രൊസ് പരാമർശിക്കുക ആയിരുന്നോ? അത് ഉറപ്പോടെ പറയാനാവില്ല. എന്തായിരുന്നാലും, യേശുവിന്റെ എളിയ സേവനം പത്രൊസിന്റെ ഹൃദയത്തിൽ മായ്ക്കാനാവാത്ത മുദ്ര പതിപ്പിച്ചു. ക്രിസ്തുവിന്റെ അനുഗാമികൾ ആയിരിക്കുന്ന എല്ലാവരുടെ ഹൃദയത്തിലും അത് അപ്രകാരമായിരിക്കണം.—കൊലൊസ്സ്യർ 3:12-14.