ലോകത്തെ വീക്ഷിക്കൽ
ലോകം
ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് സ്ത്രീകൾക്കെതിരെയുള്ള അക്രമം, “ലോകവ്യാപകമായി വൻതോതിൽ പടർന്നുപിടിച്ചിരിക്കുന്ന ഒരു പൊതു ആരോഗ്യപ്രശ്ന”മായിത്തീർന്നിരിക്കുന്നു. ‘35 ശതമാനത്തോളം സ്ത്രീകൾ ഉറ്റ പങ്കാളിയിൽനിന്നോ മറ്റുള്ളവരിൽനിന്നോ ഉള്ള അക്രമം നേരിടുന്നു. ഇവയിൽ സാധാരണമായി ലോകത്തിലെ 30 ശതമാനത്തോളം സ്ത്രീകളെയും ബാധിക്കുന്ന അക്രമം ഉറ്റ പങ്കാളിയിൽനിന്നുള്ളതാണ്’ എന്നും അത് കൂട്ടിച്ചേർക്കുന്നു.
ബ്രിട്ടൻ
64,303 പേർ പങ്കെടുത്ത ഒരു വോട്ടെടുപ്പിൽ 79 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത്, “ലോകത്തുണ്ടാകുന്ന മിക്ക ദുരിതങ്ങൾക്കും സംഘർഷങ്ങൾക്കും ഉള്ള ഒരു കാരണം മതം ആണ്” എന്നാണ്. കൂടാതെ, 2011-ൽ ഇംഗ്ലണ്ടിലും വെയിൽസിലും ആയി നടന്ന ഒരു കണക്കെടുപ്പുപ്രകാരം ജനസംഖ്യയുടെ 59 ശതമാനം മാത്രമേ തങ്ങൾ ക്രിസ്ത്യാനികളാണെന്ന് അവകാശപ്പെടുന്നുള്ളൂ. 2001-ൽ 72 ശതമാനം ആയിരുന്നതാണ് ഇത്രയും കുറഞ്ഞത്. ഇതേ കാലയളവിൽ, തങ്ങൾ ഒരു മതത്തിലേയും അംഗങ്ങളല്ല എന്ന് അവകാശപ്പെട്ടവർ 15-ൽനിന്ന് 25 ശതമാനമായി ഉയർന്നു.
ചൈന
അടുത്തകാലത്ത് ഭേദഗതി വരുത്തിയ നിയമം അനുസരിച്ച് പ്രായപൂർത്തിയായ കുട്ടികൾ തങ്ങളുടെ വാർധക്യത്തിലായിരിക്കുന്ന മാതാപിതാക്കളെ ഇടയ്ക്കിടെ സന്ദർശിക്കണമെന്നു മാത്രമല്ല അവരുടെ “വൈകാരിക ആവശ്യങ്ങൾക്കായി” കരുതണമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതിൽ വീഴ്ച്ച വരുത്തുന്നവർക്കുള്ള “ശിക്ഷയെക്കുറിച്ച് ആ നിയമം യാതൊന്നും നിഷ്കർഷിക്കുന്നില്ല.” (g14-E 09)
യൂറോപ്പ്
നിത്യോപയോഗ വസ്തുക്കളായ സൗന്ദര്യവർധക ഉത്പന്നങ്ങൾ, സോപ്പ് പൊടികൾ, എന്തിന് ഭക്ഷണം പോലും സാമൂഹ്യവിരുദ്ധർ വ്യാജമായി ഉത്പാദിപ്പിക്കുന്നു. “താരതമ്യേന ഇടത്തരം മൂല്യമുള്ള ഏതൊരു ഉത്പന്നവും വ്യാജമായി ഉത്പാദിപ്പിക്കാൻ സാധിക്കും എന്നതാണ് വസ്തുത” എന്ന് ഒരു ഭക്ഷ്യസുരക്ഷാ നിർദേശക സ്ഥാപനത്തിന്റെ പ്രസിഡന്റ് പറയുന്നു. വികസിതരാജ്യങ്ങളിൽ ലഭ്യമാകുന്ന 10 ശതമാനം ഭക്ഷ്യ വിഭവങ്ങളും മായം കലർന്നതാണെന്ന് ഒരു വിദഗ്ധൻ അനുമാനിക്കുന്നു.