പ്രമേഹം—അതു വരാനുള്ള സാധ്യത കുറയ്ക്കാനാകുമോ?
പ്രമേഹത്തിന്റെ ഒരു വകഭേദമായ ഡയബെറ്റിസ് മെല്ലിറ്റസ് എന്ന രോഗാവസ്ഥ അത്യധികം വർധിച്ച് ഇപ്പോൾ ഒരു ആഗോളപ്രശ്നമായിത്തീർന്നിരിക്കുന്നു. പ്രധാനമായും രണ്ടു തരത്തിലുള്ള പ്രമേഹമാണുള്ളത്. ഇതിൽ ആദ്യത്തെ വിഭാഗമായ ടൈപ്പ് 1 മുഖ്യമായും കുട്ടിക്കാലത്താണ് ആരംഭിക്കുന്നത്. ഇതു വരാതെ തടയേണ്ടത് എങ്ങനെയെന്ന് ഇതുവരെ ഡോക്ടർമാർക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഈ ലേഖനം രണ്ടാമത്തെ വിഭാഗമായ ടൈപ്പ് 2-നെക്കുറിച്ചുള്ളതാണ്. 90 ശതമാനത്തോളം വരുന്ന പ്രമേഹരോഗങ്ങൾ ഈ വിഭാഗത്തിലാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ കാലഘട്ടങ്ങളിൽ ടൈപ്പ് 2 പ്രമേഹം പ്രായപൂർത്തിയായവരിൽ മാത്രമായിരുന്നു കണ്ടുവന്നിരുന്നതെങ്കിൽ, ഈ അടുത്ത കാലത്ത് കുട്ടികളെയും അതു ബാധിച്ചുതുടങ്ങിയിരിക്കുന്നു. എന്നിരുന്നാലും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പതിയിരുന്ന് ആക്രമിക്കുന്ന ഈ രോഗത്തെക്കുറിച്ച് അല്പം അറിവുണ്ടായിരിക്കുന്നത് നിങ്ങളെ സഹായിച്ചേക്കാം. *
എന്താണ് പ്രമേഹം?
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയിരിക്കുന്ന അവസ്ഥയാണ് പ്രമേഹം. സാധാരണഗതിയിൽ, രക്തത്തിലുള്ള പഞ്ചസാര കോശങ്ങളിൽ എത്തുമ്പോഴാണ് അവയ്ക്കുവേണ്ട ഊർജം ലഭിക്കുന്നത്. എന്നാൽ സ്വാഭാവികമായി നടക്കുന്ന ഈ പ്രക്രിയയെ പ്രമേഹരോഗം താറുമാറാക്കുന്നു. അതിന്റെ ഫലമായി ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങൾ തകരാറിലാകുന്നു, രക്തപ്രവാഹത്തെയും ബാധിക്കുന്നു. ചിലപ്പോൾ കാലോ കാൽവിരലുകളോ മുറിച്ചു മാറ്റേണ്ടിവന്നേക്കാം. കൂടാതെ, അന്ധതയ്ക്കോ വൃക്കകളുടെ തകരാറിനോ പ്രമേഹം കാരണമായേക്കാം. പ്രമേഹരോഗികളിൽ ഭൂരിഭാഗവും ഹൃദയാഘാതമോ പക്ഷാഘാതമോ നിമിത്തമാണ് മരിക്കുന്നത്.
ശരീരത്തിലെ അമിതമായ കൊഴുപ്പ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതിനുള്ള ഒരു പ്രധാനഘടകമാണ്. വയറിലും അരക്കെട്ടിലും അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. കൃത്യമായി പറഞ്ഞാൽ, പാൻക്രിയാസിലും കരളിലും ഉള്ള അമിതകൊഴുപ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന സംവിധാനത്തെ തകരാറിലാക്കുന്നതായി കാണുന്നു. അങ്ങനെയെങ്കിൽ, പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
പ്രമേഹസാധ്യത കുറയ്ക്കാനാകുന്ന മൂന്നു പടികൾ
1. പ്രമേഹസാധ്യത കൂടിയ വിഭാഗത്തിലാണ് നിങ്ങളെങ്കിൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ചറിയുക. പ്രീഡയബെറ്റിസ് എന്ന് അറിയപ്പെടുന്ന ശാരീരികപ്രശ്നം—രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയിലും കൂടുതലായിരിക്കുന്ന അവസ്ഥ—മിക്കപ്പോഴും ടൈപ്പ് 2 പ്രമേഹത്തിനു മുമ്പായി ഉണ്ടാകുന്നു. ടൈപ്പ് 2 പ്രമേഹവും പ്രീഡയബെറ്റിസും അനാരോഗ്യകരമാണെങ്കിലും ഇവ തമ്മിൽ ഒരു വ്യത്യാസമുണ്ട്: പ്രമേഹം നിയന്ത്രിക്കാനേ കഴിയൂ, പൂർണമായി സുഖപ്പെടുത്തുക സാധ്യമല്ല. എന്നാൽ നേരെമറിച്ച് പ്രീഡയബെറ്റിസുള്ള ചില ആളുകളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണഗതിയിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രീഡയബെറ്റിസിന് വ്യക്തമായ ലക്ഷണങ്ങൾ കണ്ടെന്നുവരില്ല. അതുകൊണ്ട് ഇത് നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോയേക്കാം. ഏകദേശം 32 കോടിയോളം ആളുകൾക്ക് പ്രീഡയബെറ്റിസുള്ളതായി ഒരു റിപ്പോർട്ട് പറയുന്നു. എന്നാൽ അവരിൽ അനേകരും ഇത് തിരിച്ചറിയുന്നില്ല. ഉദാഹരണത്തിന്, ഐക്യനാടുകളിൽ മാത്രം പ്രീഡയബെറ്റിസ് ഉള്ളവരിൽ 90 ശതമാനത്തോളം ആളുകളും അതിനെക്കുറിച്ച് ബോധവാന്മാരല്ല.
എന്നിരുന്നാലും, പ്രീഡയബെറ്റിസ് അപകടകാരിതന്നെയാണ്. ടൈപ്പ് 2 പ്രമേഹം വരുന്നതിന് ഇതൊരു മുന്നോടിയാണെന്നതു കൂടാതെ, ഇത്തരക്കാർക്കു മറവിരോഗം വരുന്നതിനു സാധ്യതയുള്ളതായി കരുതുന്നു. നിങ്ങൾ അമിതവണ്ണമുള്ള ആളോ കായികാധ്വാനമില്ലാത്ത ആളോ പാരമ്പര്യമായി പ്രമേഹം ഉള്ള ഒരു കുടുംബത്തിലെ അംഗമോ ആണെങ്കിൽ, നിങ്ങൾക്ക് ഇപ്പോൾതന്നെ പ്രീഡയബെറ്റിസ് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഒരു രക്തപരിശോധനയിലൂടെ നിങ്ങൾക്ക് അത് കണ്ടെത്താവുന്നതാണ്.
2. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. സാധിക്കുമ്പോഴൊക്കെ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുന്നത് നിങ്ങൾക്കു പ്രയോജനം ചെയ്തേക്കാം: നിങ്ങളുടെ ഭക്ഷണത്തിന്റെ അളവ് സാധാരണയിലും കുറയ്ക്കുക. അധികം പഞ്ചസാരയിട്ട ജ്യൂസ്, സോഡ പോലെ കാർബൺ ഡൈ ഓക്സൈഡുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. പകരം വെള്ളം, ചായ, കാപ്പി തുടങ്ങിയവ കുടിക്കുക. സംസ്കരിച്ചെടുത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നതിനു പകരം അരി, ഗോതമ്പ് എന്നിവകൊണ്ടുള്ള ആഹാരം; ധാന്യങ്ങൾകൊണ്ടുള്ള ബ്രഡ് എന്നിവ മിതമായ അളവിൽ കഴിക്കുക. കൊഴുപ്പുകുറഞ്ഞ ഇറച്ചിയും മീനും കടലയും പയറും കഴിക്കാവുന്നതാണ്.
3. ഊർജസ്വലരായിരിക്കുക. വ്യായാമത്തിന് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഉചിതമായ ശരീരഭാരം നിലനിറുത്താനും കഴിയും. വ്യായാമം ചെയ്യുന്നതിനായി ടി.വി കാണുന്നതുപോലുള്ള സമയം അല്പം കുറയ്ക്കുക.
നിങ്ങളുടെ ജനിതകഘടനയ്ക്കു മാറ്റം വരുത്താൻ നിങ്ങൾക്കാവില്ല, എന്നാൽ നിങ്ങൾക്ക് നിങ്ങളുടെ ജീവിതശൈലി മാറ്റാനാകും. നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താൻ നമ്മാലാകുന്നതു ചെയ്യുമ്പോൾ അത് തീർച്ചയായും പ്രയോജനകരമായിരിക്കും. ▪ (g14-E 09)
^ ഖ. 3 ഉണരുക! ഏതെങ്കിലും ഒരു പ്രത്യേക ഭക്ഷണക്രമമോ വ്യായാമരീതിയോ ശുപാർശ ചെയ്യുന്നില്ല. ആരോഗ്യസംബന്ധമായ തീരുമാനം എടുക്കുമ്പോൾ ഓരോ വ്യക്തിയും ശ്രദ്ധാപൂർവം കാര്യങ്ങൾ വിലയിരുത്തുകയും, ആവശ്യമെങ്കിൽ പരിചയസമ്പന്നനായ ഒരു ഡോക്ടറോട് അഭിപ്രായങ്ങൾ ചോദിച്ചറിയുകയും വേണം.