മുഖ്യലേഖനം | ഞാൻ എന്തിനു ജീവിക്കണം?
സഹായം ലഭ്യമാണ്
“അവൻ (ദൈവം) നിങ്ങളെ ക്കുറിച്ചു കരുതലുള്ളവനാ കയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊള്ളുവിൻ.” —1 പത്രോസ് 5:7.
നിങ്ങളുടെ സാഹചര്യം മെച്ചപ്പെടുത്താനായി യാതൊന്നും ചെയ്യാനില്ലെന്നു തോന്നുമ്പോൾ മരണം ജീവനെക്കാൾ അഭികാമ്യമാണെന്നു നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ നിങ്ങൾക്കു ലഭ്യമായിരിക്കുന്ന ചില സഹായങ്ങൾ പരിചിന്തിക്കുക.
പ്രാർഥന. നിങ്ങളുടെ മനസ്സിന് കേവലം ആശ്വാസം നേടിത്തരുന്ന ഒന്നോ ആശയറ്റ സാഹചര്യത്തിലെ അവസാന പോംവഴിയോ അല്ല പ്രാർഥന. യഹോവയാം ദൈവവുമായി നേരിട്ടുള്ള ആശയവിനിമയമാണ് അത്; അവൻ നിങ്ങൾക്കായി കരുതുന്നവനാണ്. നിങ്ങളുടെ ആകുലതകളെല്ലാം തന്നോട് പറയാൻ യഹോവ ആഗ്രഹിക്കുന്നു. ബൈബിൾ ഇങ്ങനെ ചെയ്യാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും.”—സങ്കീർത്തനം 55:22.
ഇന്നുതന്നെ ദൈവത്തോട് പ്രാർഥനയിലൂടെ നിങ്ങൾക്കു സംസാരിക്കരുതോ? യഹോവ എന്ന അവന്റെ നാമം ഉപയോഗിച്ചുകൊണ്ട് ഹൃദയത്തിൽനിന്നു സംസാരിക്കുക. (സങ്കീർത്തനം 62:8) നാം അവനെ ഒരു സുഹൃത്തെന്ന നിലയിൽ അറിയാൻ യഹോവ ആഗ്രഹിക്കുന്നു. (യെശയ്യാവു 55:6; യാക്കോബ് 2:23) ഏതു സമയത്തും എവിടെവെച്ചും അവനുമായി ബന്ധപ്പെടാനുള്ള ഒരു ഉപാധിയാണ് പ്രാർഥന.
ആത്മഹത്യ തടയുന്നതിനായി രൂപീകരിച്ചിരിക്കുന്ന അമേരിക്കൻ ഫൗൺഡേഷൻ പറയുന്നതനുസരിച്ച്: “ആത്മഹത്യ ചെയ്തവരിൽ 90 ശതമാനമോ അതിൽ കൂടുതലോ ആളുകൾക്ക് അവരുടെ മരണസമയത്ത് മാനസികതകരാറുകൾ ഉണ്ടായിരുന്നതായി പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു. പലപ്പോഴും ഈ തകരാറുകൾ തിരിച്ചറിയുകയോ രോഗനിർണയം നടത്തുകയോ ഉചിതമാംവിധം ചികിത്സിക്കുകയോ ചെയ്തിട്ടില്ല.”
നിങ്ങൾക്കായി കരുതുന്ന ആളുകൾ. നിങ്ങളുടെ ജീവൻ മറ്റുള്ളവർക്കും വിലപ്പെട്ടതാണ്. നിങ്ങളുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഇതിനോടകംതന്നെ നിങ്ങളോടുള്ള താത്പര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആളുകൾപോലും ഈ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, യഹോവയുടെ സാക്ഷികൾ ശുശ്രൂഷയിലായിരിക്കെ മനസ്സ് പ്രക്ഷുബ്ധമായിരിക്കുന്ന ആളുകളെ ചിലപ്പോഴൊക്കെ കണ്ടുമുട്ടാറുണ്ട്. അവരിൽ ചിലർ തങ്ങൾ സഹായത്തിനായി അത്യധികം ആഗ്രഹിച്ചിരുന്നതായും ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചിരുന്നതായും പറഞ്ഞിട്ടുണ്ട്. അത്തരം ആളുകളെ സഹായിക്കുന്നതിനുള്ള സവിശേഷമായ അവസരം വീടുതോറുമുള്ള വേല യഹോവയുടെ സാക്ഷികൾക്കു നൽകിയിരിക്കുന്നു. യേശുവിന്റെ മാതൃക അനുകരിച്ചുകൊണ്ട് യഹോവയുടെ സാക്ഷികൾ സഹമനുഷ്യർക്കുവേണ്ടി കരുതുന്നു; അവർ നിങ്ങൾക്കുവേണ്ടിയും കരുതുന്നു.—യോഹന്നാൻ 13:35.
വിദഗ്ധസഹായം. പലപ്പോഴും വികാരവ്യതിയാനത്തിന്റെ ലക്ഷണമായിരിക്കാം ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത. വിഷാദംപോലെ അത്തരം ഒരു വൈകാരികരോഗം നിങ്ങൾക്കുണ്ടെങ്കിൽ അക്കാര്യത്തെപ്രതി ലജ്ജ തോന്നേണ്ടതില്ല. അത് ഏതൊരു ശാരീരികരോഗത്തെപ്പോലെയും സാധാരണമായ ഒന്നാണ്. വാസ്തവത്തിൽ, വിഷാദരോഗം മനസ്സിനെ ബാധിക്കുന്ന ഒരു സാധാരണജലദോഷം മാത്രമാണെന്ന് പറയപ്പെടുന്നു. ഏതൊരാൾക്കും അത് പിടിപെടാം, അതിനു പ്രതിവിധിയും ഉണ്ട്. *
ഓർക്കുക: സാധാരണഗതിയിൽ വിഷാദത്തിന്റെ പടുകുഴിയിൽനിന്നു തനിയേ പുറത്തുകടക്കുക സാധ്യമല്ല. എന്നാൽ ഒരു സഹായഹസ്തമുണ്ടെങ്കിൽ നിങ്ങൾക്ക് അതിൽനിന്നു കരകയറാനാകും.
നിങ്ങൾക്ക് ഇന്നു ചെയ്യാനാകുന്നത്: വിഷാദംപോലുള്ള വികാരവ്യതിയാനങ്ങൾ ചികിത്സിക്കുന്നതിനായി വിദഗ്ധസഹായം തേടുക.
^ ഖ. 8 ആത്മഹത്യാപ്രവണത ശക്തമായോ തുടർച്ചയായോ ഉണ്ടെങ്കിൽ ഏതെല്ലാം സഹായം ലഭ്യമാണെന്നു കണ്ടുപിടിക്കുക. കൗൺസിലിംഗ് സെന്ററുകളിലും ആശുപത്രികളിലും സഹായം ലഭിച്ചേക്കാം. പരിശീലനം ലഭിച്ച വിദഗ്ധർ അവിടെയുണ്ട്.