മുഖ്യലേഖനം
പ്രതിഷേധമാണോ പരിഹാരം?
ഈ മാസികയുടെ പ്രസാധകരായ യഹോവയുടെ സാക്ഷികൾ രാഷ്ട്രീയകാര്യങ്ങളിൽ നിഷ്പക്ഷരാണ്. (യോഹന്നാൻ 17:16; 18:36) അതുകൊണ്ട്, പിൻവരുന്ന ലേഖനം ചില ആഭ്യന്തരകലാപങ്ങൾ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, ഈ മാസിക ഒരു രാജ്യത്തെ മറ്റൊന്നിനു മീതെ ഉയർത്തുകയോ രാഷ്ട്രീയവിവാദങ്ങളിൽ പക്ഷം പിടിക്കുകയോ ചെയ്യുന്നില്ല.
രണ്ടായിരത്തിപ്പത്ത് ഡിസംബർ 17. അന്നാണ് ക്ഷമ നശിച്ച മുഹമ്മദ് ബൂവാസീസി ആ കടുംകൈ ചെയ്തത്. ടുണീഷ്യയിലെ 26 വയസ്സുള്ള ആ തെരുവുകച്ചവടക്കാരൻ മെച്ചപ്പെട്ട ഒരു ജോലി കണ്ടെത്താൻ സാധിക്കാത്തതിൽ നിരാശനായിരുന്നു. മാത്രമല്ല, അഴിമതിക്കാരായ അധികാരികൾ കൈക്കൂലി ആവശ്യപ്പെടുന്നതും അയാളെ അലട്ടിയിരുന്നു. അന്നേ ദിവസം രാവിലെ ഉദ്യോഗസ്ഥർ മുഹമ്മദിന്റെ പക്കൽനിന്ന് പെയർപഴങ്ങളും വാഴപ്പഴങ്ങളും ആപ്പിളുകളും പിടിച്ചെടുത്തു. ത്രാസ്സും കൂടെ എടുക്കാൻ അവർ മുതിർന്നപ്പോൾ അയാൾ അവരെ തടഞ്ഞു. ഒരു വനിതാപോലിസ് അധികാരി അയാളുടെ മുഖത്ത് അടിക്കുകയും ചെയ്തു എന്നാണ് ചില ദൃക്സാക്ഷികൾ പറയുന്നത്.
അപമാനിതനും പ്രകോപിതനും ആയ മുഹമ്മദ് അടുത്തുള്ള സർക്കാർ ഓഫീസിലേക്കു പരാതിയുമായി ചെന്നെങ്കിലും ആരും അയാളെ ശ്രദ്ധിച്ചില്ല. “ഞാൻ എങ്ങനെ എന്റെ കുടുംബത്തെ പോറ്റുമെന്നാണു നിങ്ങൾ വിചാരിക്കുന്നത്?” എന്ന് ആ കെട്ടിടത്തിന്റെ മുമ്പിൽനിന്ന് അയാൾ അലറിയത്രേ! തുടർന്ന്, മണ്ണെണ്ണയോ പെട്രോളോ മറ്റോ ശരീരമാസകലം ഒഴിച്ച് അയാൾ തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ അയാൾ മൂന്ന് ആഴ്ചകൾക്കുശേഷം മരണമടഞ്ഞു.
മുഹമ്മദ് ബൂവാസീസി അറ്റകൈയ്ക്കു ചെയ്ത ഈ പ്രവൃത്തി ടുണീഷ്യയിലും അതിനപ്പുറത്തേക്കും പ്രതിധ്വനിച്ചു. ഈ സംഭവം, രാജ്യത്തിന്റെ ഭരണവ്യവസ്ഥ കീഴ്മേൽ മറിച്ച ഒരു പ്രക്ഷോഭത്തിനും മറ്റ് അറബ് രാജ്യങ്ങളിലേക്ക് പടർന്നുപിടിച്ച പ്രതിഷേധങ്ങൾക്കും തിരികൊളുത്തിയെന്ന് അനേകർ കരുതുന്നു. യൂറോപ്യൻ ഭരണകൂടം ബൂവാസീസിക്കും മറ്റു നാലു പേർക്കും 2011-ലെ ചിന്താസ്വാതന്ത്ര്യത്തിനുള്ള സാക്റോവ് പുരസ്കാരം നൽകി ആദരിക്കുകയും ലണ്ടനിലെ ഒരു പ്രമുഖ ദിനപ്പത്രം 2011-ലെ പ്രധാനവ്യക്തിയായി അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്തു.
ഈ ഉദാഹരണം ചൂണ്ടിക്കാണിക്കുന്നതുപോലെ, പ്രതിഷേധത്തിനു വലിയ മാറ്റങ്ങൾ വരുത്താനുള്ള ശക്തിയുണ്ട്. പക്ഷേ, ഇക്കാലത്ത് അലയടിക്കുന്ന പ്രതിഷേധത്തിരകളുടെ പിന്നിൽ എന്താണ്? പ്രതിഷേധത്തിനു പകരം മറ്റു മാർഗങ്ങളുണ്ടോ?
പ്രതിഷേധങ്ങളുടെ വർധന എന്തുകൊണ്ട്?
പ്രതിഷേധങ്ങൾക്കു തിരികൊളുത്തുന്ന ചില കാരണങ്ങൾ:
-
സാമൂഹ്യവ്യവസ്ഥകളിലുള്ള അസംതൃപ്തി. പ്രാദേശികഗവൺമെന്റും സമ്പദ്വ്യവസ്ഥയും തങ്ങളുടെ ആവശ്യങ്ങൾ നിവർത്തിക്കുന്നുണ്ടെന്ന തോന്നലുള്ളപ്പോൾ ജനങ്ങൾ പ്രതിഷേധത്തെക്കുറിച്ച് ചിന്തിക്കില്ല, നിലവിലുള്ള ഭരണക്രമത്തിനുള്ളിൽ നിന്നുകൊണ്ട് അവർ തങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു. നേരെ മറിച്ച്, ഈ വ്യവസ്ഥകൾ അഴിമതിയും അനീതിയും നിറഞ്ഞതാണെന്നും ഒരു ന്യൂനപക്ഷത്തിനു മാത്രം അനുകൂലമായിരിക്കുന്നെന്നും അവർക്കു തോന്നുമ്പോൾ ഒരു സാമൂഹികകലാപത്തിന് അരങ്ങൊരുങ്ങുന്നു.
-
തിരികൊളുത്തുന്ന ഒരു ഘടകം. പലപ്പോഴും, ഏതെങ്കിലും ഒരു സംഭവം ആളുകളെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. അപ്പോൾ നിസ്സംഗത ‘എന്തെങ്കിലും ചെയ്തേ തീരൂ’ എന്ന ചിന്തയ്ക്കു വഴി മാറുന്നു. ഉദാഹരണത്തിന്, മുഹമ്മദ് ബൂവാസീസിയുടെ പ്രവൃത്തി ടുണീഷ്യയിൽ ബഹുജനപ്രക്ഷോഭങ്ങൾക്ക് ഇടയാക്കി. സമാനമായി ഇന്ത്യയിൽ, പൊതുപ്രവർത്തകനായ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതിക്കെതിരെയുള്ള നിരാഹാരസമരം രാജ്യത്തെ 450 നഗരങ്ങളിലും പട്ടണങ്ങളിലും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾക്കു തിരികൊളുത്തി.
“ചില ആളുകൾക്ക് അധികാരമുണ്ടായിരിക്കുകയും മറ്റുള്ളവർ അവരുടെ കീഴിൽ യാതന അനുഭവിക്കുകയും ചെയ്യുന്ന ഒരു ലോക”ത്തിലാണു നാം ജീവിക്കുന്നതെന്നു ബൈബിൾ വളരെ കാലങ്ങൾക്കു മുമ്പേ തിരിച്ചറിയിച്ചു. (സഭാപ്രസംഗി 8:9, Good News Translation) അഴിമതിയും അനീതിയും അക്കാലത്തെ അപേക്ഷിച്ച് ഇന്നു കൂടുതൽ വ്യാപകമായിത്തീർന്നിരിക്കുന്നു. രാഷ്ട്രീയ-സമ്പദ് വ്യവസ്ഥകൾ എത്രത്തോളം പരാജയപ്പെട്ടിരിക്കുന്നുവെന്ന് എന്നത്തെക്കാളുമധികം ജനങ്ങൾ ബോധവാന്മാരാണ്. സ്മാർട്ട്ഫോണുകൾ, ഇന്റർനെറ്റ്, 24 മണിക്കൂർ വാർത്താപ്രക്ഷേപണങ്ങൾ എന്നിവ മുഖാന്തരം ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നടക്കുന്ന സംഭവങ്ങൾപോലും വ്യാപകമായ പ്രതികരണങ്ങൾക്കു തിരികൊളുത്തിയേക്കാം.
പ്രതിഷേധങ്ങൾ എന്താണു നേടിയിരിക്കുന്നത്?
പ്രതിഷേധങ്ങൾ പിൻവരുന്നവ നേടിയിരിക്കുന്നുവെന്നു സാമൂഹികപ്രക്ഷോഭങ്ങളുടെ വക്താക്കൾ അവകാശപ്പെടുന്നു:
-
സാധുക്കൾക്ക് ആശ്വാസം പ്രദാനം ചെയ്തു. 1930-കളിലെ ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ കാലത്ത്, അമേരിക്കയിൽ ഇല്ലിനോയിസിലെ ചിക്കാഗോയിൽ നടന്ന കുടികിടപ്പ് അവകാശലഹളയെത്തുടർന്ന് നഗരാധികാരികൾ കുടിയൊഴിപ്പിക്കലുകൾ നിറുത്തിവെക്കുകയും ചില പ്രക്ഷോഭകർക്കു ജോലി കൊടുക്കുകയും ചെയ്തു. ന്യൂയോർക്ക് നഗരത്തിൽ നടന്ന സമാനമായ പ്രതിഷേധങ്ങളുടെ ഫലമായി 77,000-ത്തോളം വരുന്ന കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്കു തങ്ങളുടെ ഭവനങ്ങൾ തിരികെ ലഭിച്ചു.
-
അനീതികൾ പരിഹരിച്ചു. അമേരിക്കയിൽ അലബാമയിലെ മോണ്ട് ഗോമറിയിൽ 1955/1956-ൽ നടന്ന സിറ്റി ബസ്സുകളുടെ ബഹിഷ്കരണം, വംശീയാടിസ്ഥാനത്തിൽ ബസ്സുകളിലെ സീറ്റുകൾ വേർതിരിക്കുന്ന നിയമങ്ങൾ റദ്ദാക്കുന്നതിലേക്കു നയിച്ചു.
-
നിർമാണപദ്ധതികൾ നിറുത്തലാക്കി. 2011 ഡിസംബറിൽ ഹോങ്കോങിൽ, കൽക്കരികൊണ്ട് പ്രവർത്തിക്കുന്ന വൈദ്യുതനിലയം നിർമിക്കുന്നതിനെതിരെ പതിനായിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചു. പരിസ്ഥിതിമലിനീകരണമുണ്ടാകുമെന്നായിരുന്നു സമരക്കാരുടെ വാദം. അതിന്റെ ഫലമായി ആ പദ്ധതി ഉപേക്ഷിച്ചു.
എന്നാൽ, പ്രതിഷേധകർക്ക് എല്ലായ്പോഴും അവർ ആവശ്യപ്പെടുന്നതു ലഭിക്കാറില്ല. ഉദാഹരണത്തിന്, ഭരണാധികാരികൾ പ്രതിഷേധകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിനു പകരം അവർക്ക് എതിരെ കർശനനിലപാടുകൾ കൈക്കൊണ്ടേക്കാം. അടുത്തയിടെ ഒരു മധ്യപൂർവദേശത്തെ പ്രസിഡന്റ് അവിടെയുണ്ടായ ഒരു പ്രക്ഷോഭത്തെ സംബന്ധിച്ച് ഇപ്രകാരം പറഞ്ഞു: “നാം ഇതിനെ ഉരുക്കുമുഷ്ടികൊണ്ടു നേരിടണം.” അതിനെ തുടർന്ന്, ആ പ്രക്ഷോഭത്തിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു.
ഇനി, പ്രക്ഷോഭത്തിന്റെ ഉദ്ദേശങ്ങൾ സാധിച്ചാലും അതിന്റെ ഹാനികരമായ അനന്തരഫലങ്ങൾ ഒഴിവാക്കാനാകില്ല. ഒരു ആഫ്രിക്കൻ രാജ്യത്തെ ഭരണാധികാരിയെ സ്ഥാനഭ്രഷ്ടനാക്കാൻ കൂട്ടുനിന്ന ഒരു വ്യക്തി പുതിയ ഭരണവ്യവസ്ഥയെക്കുറിച്ച് ഒരു പ്രമുഖമാസികയുടെ ലേഖകനോട് ഇങ്ങനെ പറഞ്ഞു: “ഒരു യൂട്ടോപ്യയാണ് (എല്ലാവരും സമത്വത്തിൽ ജീവിക്കുമെന്നു കരുതപ്പെടുന്ന ഒരു സങ്കല്പരാജ്യം) പെട്ടെന്നുതന്നെ അരാജകത്വത്തിലേക്കു കൂപ്പുകുത്തിയത്.”
മെച്ചപ്പെട്ട മറ്റൊരു പോംവഴിയുണ്ടോ?
മർദകഭരണങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത് തങ്ങളുടെ ധാർമികോത്തരവാദിത്വമാണെന്നു പല പ്രശസ്തവ്യക്തികൾക്കും തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന്, തന്റെ മനുഷ്യാവകാശ പ്രവർത്തനങ്ങൾ നിമിത്തം വർഷങ്ങൾ ജയിലിൽ കഴിയേണ്ടിവന്ന, ചെക് രാജ്യത്തെ മുൻപ്രസിഡന്റായ അന്തരിച്ച വാറ്റ്സ്ലേവ് ഹാവെൽ 1985-ൽ ഇങ്ങനെ എഴുതി: “ഒരു വിമതന് തന്റെ ജീവനല്ലാതെ മറ്റൊന്നും നൽകാനില്ല; അയാൾ അങ്ങനെ ചെയ്യുന്നതിന്റെ ഏകകാരണം താൻ വിശ്വസിക്കുന്ന സത്യത്തെ സ്ഥിരീകരിക്കാൻ അയാൾക്ക് മറ്റൊരു വഴിയുമില്ല എന്നതാണ്.”
ഹാവെലിന്റെ വാക്കുകൾ മുഹമ്മദ് ബൂവാസീസിയും മറ്റുള്ളവരും
പ്രത്യാശയറ്റ് ചെയ്ത പ്രവൃത്തികളുടെ കാര്യത്തിൽ അന്വർഥമായി. അടുത്ത കാലത്ത്, ഒരു ഏഷ്യൻ രാജ്യത്ത് മതപരവും രാഷ്ട്രീയപരവും ആയ അടിച്ചമർത്തലുകൾക്കെതിരെയുള്ള പ്രതിഷേധാർഥം അനേകം ആളുകൾ ആത്മാഹുതി ചെയ്തു. ഇത്തരം കടുംകൈകൾക്കു പിന്നിലുള്ള വികാരങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഒരാൾ ഒരു മാസികയുടെ ലേഖകനോട് ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ പക്കൽ തോക്കുകളില്ല, സഹമനുഷ്യരെ ദ്രോഹിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്കു പിന്നെ മറ്റെന്തു ചെയ്യാനാകും?”അനീതിക്കും അഴിമതിക്കും അടിച്ചമർത്തലിനും ഉള്ള പരിഹാരം ബൈബിൾ വാഗ്ദാനം ചെയ്യുന്നു. ദൈവം സ്വർഗത്തിൽ ഒരു ഗവൺമെന്റ് സ്ഥാപിച്ചിരിക്കുന്നുവെന്നും അത് പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്ന പരാജിതമായ രാഷ്ട്രീയ-സമ്പദ് വ്യവസ്ഥകളെ നീക്കിക്കളയുമെന്നും ബൈബിൾ വിശദീകരിക്കുന്നു. ഈ ഗവൺമെന്റിന്റെ ഭരണാധികാരിയെക്കുറിച്ച് ഒരു പ്രവചനം ഇപ്രകാരം പറയുന്നു: “അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും.”—സങ്കീർത്തനം 72:12, 14.
ദൈവരാജ്യമാണ് സമാധാനപൂർണമായ ലോകത്തിനുള്ള യഥാർഥമായ ഒരേയൊരു പ്രത്യാശയെന്നു യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. (മത്തായി 6:9, 10) അതിനാൽ, യഹോവയുടെ സാക്ഷികൾ പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുക്കുന്നില്ല. പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്ന കാരണങ്ങൾ ദൈവികഗവൺമെന്റ് നീക്കിക്കളയുമെന്നതു വിശ്വസിക്കാൻ പ്രയാസമാണോ? ഒരുപക്ഷേ അങ്ങനെ തോന്നിയേക്കാം. എന്നാൽ, അനേകർ ദൈവികഭരണത്തിൽ വിശ്വാസം വളർത്തിയെടുത്തിരിക്കുന്നു. അതിനെക്കുറിച്ച് നിങ്ങൾക്കും ഒന്നു പരിശോധിച്ചുനോക്കരുതോ?◼ (g13-E 07)