അഭിമുഖം | സെലിൻ ഗ്രേനോലീറസ്
ഒരു വൃക്കരോഗവിദഗ്ധ തന്റെ വിശ്വാസത്തെപ്പറ്റി വിവരിക്കുന്നു
ഫ്രാൻസിലെ ഒരു വൃക്കരോഗവിദഗ്ധയാണ് ഡോ. സെലിൻ ഗ്രേനോലീറസ്. രണ്ടു ദശകത്തിലേറെ വൈദ്യശാസ്ത്രരംഗത്ത് പ്രവർത്തിച്ചശേഷം, മനുഷ്യരോടു കരുതലും താത്പര്യവും ഉള്ള ഒരു സ്രഷ്ടാവുണ്ട് എന്ന് സെലിന് ബോധ്യപ്പെട്ടു. അവരുടെ ജോലിയെയും വിശ്വാസത്തെയും കുറിച്ച് ഉണരുക! ചോദിച്ചറിയുകയുണ്ടായി.
ബാല്യകാലത്തെക്കുറിച്ച് ഞങ്ങളോടു പറയാമോ?
എനിക്ക് ഒൻപതു വയസ്സുള്ളപ്പോൾ ഞങ്ങളുടെ കുടുംബം സ്പെയ്നിൽനിന്ന് ഫ്രാൻസിലേക്ക് താമസം മാറ്റി. എന്റെ മാതാപിതാക്കൾ കത്തോലിക്കരായിരുന്നു. പക്ഷേ, 16-ാം വയസ്സിൽ ദൈവവിശ്വാസം ഞാൻ മതിയാക്കി. എന്നെ സംബന്ധിച്ചിടത്തോളം മതം ജീവിതയാഥാർഥ്യങ്ങൾക്കു നിരക്കാത്തതായിരുന്നു. ‘ദൈവം ഇല്ലെങ്കിൽപ്പിന്നെ ജീവൻ എവിടെനിന്നു വന്നു?’ എന്ന് ആരെങ്കിലും എന്നോടു ചോദിച്ചാൽ, “ശാസ്ത്രജ്ഞന്മാർക്ക് ഇതുവരെ അതു വിശദീകരിക്കാൻ പറ്റിയിട്ടില്ല. എന്നാൽ ഒരിക്കൽ അവർക്ക് അതിനു കഴിയും” എന്ന് ഞാൻ പറയുമായിരുന്നു.
വൃക്കരോഗങ്ങളെപ്പറ്റി പഠിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ്?
ഫ്രാൻസിലെ മോണ്ട് പിലിയെയിലുള്ള മെഡിക്കൽ സ്കൂളിലാണ് ഞാൻ പഠിച്ചത്. വൃക്കകളെപ്പറ്റിയുള്ള പഠനം ഉൾപ്പെടുന്ന വൈദ്യശാസ്ത്രശാഖയായ നെഫ്രോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്നതിനെപ്പറ്റി അവിടത്തെ ഒരു പ്രൊഫസർ എന്നോടു സംസാരിച്ചു. ഗവേഷണവും രോഗീപരിചരണവും ഉൾപ്പെടുന്നതായിരുന്നു ആ ജോലി. ഞാൻ ആഗ്രഹിച്ചതും അങ്ങനെയൊന്നായിരുന്നു. നമ്മുടെ അസ്ഥികളിൽ ചുവന്ന രക്താണുക്കളുടെ ഉത്പാദനം നിയന്ത്രിക്കുന്നതിനോടുള്ള ബന്ധത്തിൽ റീകോമ്പിനന്റ് എറിത്രോപൊയിറ്റിന്റെ ചികിത്സാപരമായ ഉപയോഗം സംബന്ധിച്ച് നടന്ന ഗവേഷണത്തിൽ, 1990 മുതൽ ഞാൻ പങ്കെടുക്കാൻ തുടങ്ങി. അന്നത് താരതമ്യേന പുതിയ ഒരു ഗവേഷണശാഖയായിരുന്നു.
ദൈവത്തെക്കുറിച്ചു ചിന്തിക്കാൻ ഇടയായത് എങ്ങനെയാണ്?
1979-ൽ, എന്റെ ഭർത്താവ് ഫ്ളോറേൽ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങിയിരുന്നു. പക്ഷേ എനിക്ക് താത്പര്യമില്ലായിരുന്നു. ചെറുപ്പത്തിൽത്തന്നെ മതം എനിക്കു മടുത്തിരുന്നു. പക്ഷേ, ഭർത്താവും മക്കളും യഹോവയുടെ സാക്ഷികളായിത്തീർന്നു. അതുകൊണ്ട് ഞങ്ങളുടെ സുഹൃദ്വലയത്തിലുള്ളവർ ഏറെയും യഹോവയുടെ സാക്ഷികളിൽപ്പെട്ടവരായിരുന്നു. ഒരിക്കൽ അവരിൽ ഒരാളായ പട്രീഷ്യ, ‘ഒന്നു പ്രാർഥിച്ചു നോക്കിക്കൂടേ’ എന്ന് എന്നോടു ചോദിച്ചു. “സ്വർഗത്തിൽ ആരും ഇല്ലെങ്കിൽ, ഇല്ലെന്നല്ലേയുള്ളൂ, നിനക്കു നഷ്ടപ്പെടാനൊന്നും ഇല്ലല്ലോ. ഇനി, സ്വർഗത്തിൽ ആരെങ്കിലും ഉണ്ടെങ്കിലോ? എന്തു സംഭവിക്കുമെന്ന് നിനക്കു കാണാം,” അതായിരുന്നു പട്രീഷ്യയുടെ ലളിതമായ യുക്തി. വർഷങ്ങൾ കഴിഞ്ഞു. ജീവിതത്തിന്റെ അർഥം
സംബന്ധിച്ച് ഞാൻ ചിന്തിച്ചുതുടങ്ങി. പട്രീഷ്യയുടെ വാക്കുകൾ അപ്പോൾ എന്റെ മനസ്സിലേക്ക് ഓടിയെത്തി. ജീവിതത്തിന്റെ അർഥം മനസ്സിലാക്കിക്കിട്ടാൻ ഞാൻ പ്രാർഥിക്കാൻ തുടങ്ങി.ജീവിതത്തിന്റെ അർഥത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത് എങ്ങനെയാണ്?
ന്യൂയോർക്കിലെ ലോകവ്യാപാരകേന്ദ്രത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണം, സമൂഹത്തിൽ ഇത്രയധികം തിന്മ പെരുകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു. ‘മതതീവ്രവാദം നമ്മുടെ ഭാവി അപകടത്തിലാക്കിയിരിക്കുകയാണ്. എന്നാൽ ഇവിടെ ഞാൻ മതവിശ്വാസികളായ യഹോവയുടെ സാക്ഷികളുടെ ഇടയിൽ കഴിയുന്നു. പക്ഷേ അവർ ആരും തീവ്രവാദികളല്ല, സമാധാനപ്രേമികളാണ്. ബൈബിളാണ് അവർ പിൻപറ്റുന്നത്. അങ്ങനെയെങ്കിൽ എന്താണ് ബൈബിളിലുള്ളതെന്ന് ഒന്നു നോക്കിക്കളയാം,’ അങ്ങനെപോയി എന്റെ ചിന്തകൾ. താമസിയാതെ ഞാൻ ബൈബിൾ വായിക്കാൻ തുടങ്ങി.
ഡോക്ടറായതുകൊണ്ട് ഒരു സ്രഷ്ടാവ് ഉണ്ടെന്നു വിശ്വസിക്കുന്നത് ബുദ്ധിമുട്ടായി തോന്നിയോ?
ഒരിക്കലുമില്ല. നമ്മുടെ ശരീരത്തിന്റെ അതിസങ്കീർണമായ രൂപഘടനയിൽ എനിക്ക് വലിയ മതിപ്പും ആശ്ചര്യവും ആയിരുന്നു. ഉദാഹരണത്തിന്, വൃക്കകൾ നമ്മുടെ രക്തത്തിലെ അരുണാണുക്കളുടെ അളവ് നിയന്ത്രിക്കുന്ന വിധം നമ്മെ അത്ഭുതപ്പെടുത്തും!
എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
ഇത്ര ഉത്കൃഷ്ടമായ ഒരു ശരീരവ്യവസ്ഥ രൂപകൽപ്പന ചെയ്യാൻ ദൈവത്തിനേ കഴിയൂ എന്ന് എനിക്കു ബോധ്യപ്പെട്ടു
ഓക്സിജൻ വഹിച്ചുകൊണ്ടു പോകുന്നത് ചുവന്ന രക്താണുക്കളാണെന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. നിങ്ങൾക്ക് ഒരുപാട് രക്തം നഷ്ടപ്പെടുകയോ നിങ്ങൾ ഒരു ഉയർന്നപ്രദേശത്തേക്കു പോകുകയോ ചെയ്യുന്നെങ്കിൽ ശരീരത്തിൽ ഓക്സിജന്റെ കുറവ് അനുഭവപ്പെടും. നമ്മുടെ വൃക്കകളിൽ ഓക്സിജന്റെ അളവ് തിരിച്ചറിയാനുള്ള ‘സെൻസറുകൾ’ ഉണ്ട്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറവാണെന്നു കണ്ടാൽ അവ എറിത്രോപൊയിറ്റിന്റെ (ഇപിഒ) ഉത്പാദനം ത്വരിതപ്പെടുത്തും. തത്ഫലമായി രക്തത്തിലെ ഇപിഒ ലെവൽ ആവശ്യമായപക്ഷം ആയിരം മടങ്ങുവരെ വർധിക്കും. കൂടുതൽ അരുണരക്താണുക്കൾ ഉത്പാദിപ്പിക്കാൻ ഇപിഒ അസ്ഥിമജ്ജയെ ഉത്തേജിപ്പിക്കുന്നു. അങ്ങനെ അരുണരക്താണുക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതൽ ഓക്സിജൻ ശരീരഭാഗങ്ങളിൽ എത്തുകയും ചെയ്യും. എത്ര അത്ഭുതകരമാണ് ഇതെല്ലാം! പത്തു വർഷത്തോളം ഞാൻ ഈ പ്രക്രിയയെക്കുറിച്ചു പഠിച്ചെങ്കിലും ഇത്ര ഉത്കൃഷ്ടമായ ഒരു ശരീരവ്യവസ്ഥ രൂപകൽപ്പന ചെയ്യാൻ ദൈവത്തിനേ കഴിയൂ എന്ന തിരിച്ചറിവ് ഒടുവിലാണ് എനിക്കുണ്ടായത്.
ബൈബിൾ വായിച്ചിട്ട് എന്തു തോന്നി?
ഒട്ടേറെ ചരിത്രപുസ്തകങ്ങളും പ്രശസ്തനോവലുകളും പണ്ടു ഞാൻ വായിച്ചിട്ടുണ്ട്. പക്ഷേ അതിൽനിന്നെല്ലാം വ്യത്യസ്തമാണ് ബൈബിൾ എന്ന് പെട്ടെന്നുതന്നെ ഞാൻ തിരിച്ചറിഞ്ഞു. അതിലെ ഉപദേശങ്ങൾ മനുഷ്യനെക്കാൾ ഉയർന്ന ഉറവിൽനിന്ന് ആയിരിക്കാതെ തരമില്ല. കാരണം അത്രമേൽ പ്രായോഗികമാണ് അവ. യേശുവിന്റെ വ്യക്തിത്വം എന്നെ ഏറെ ആകർഷിച്ചു. അവൻ ഒരു യഥാർഥവ്യക്തിയാണെന്ന് എനിക്കു കാണാൻ കഴിഞ്ഞു. അവന് വികാരങ്ങളുണ്ടായിരുന്നു, സുഹൃത്തുക്കൾ ഉണ്ടായിരുന്നു. യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കാഞ്ഞതുകൊണ്ട് എനിക്കു സംശയങ്ങൾ ഉണ്ടായപ്പോൾ വിജ്ഞാനകോശങ്ങളും മറ്റു പരാമർശഗ്രന്ഥങ്ങളും ആണ് ഞാൻ ഗവേഷണത്തിന് ഉപയോഗിച്ചത്.
എന്തായിരുന്നു ഗവേഷണം ചെയ്തത്?
ഞാൻ ചരിത്രപുസ്തകങ്ങൾ ഗവേഷണം ചെയ്തു. . . . ഈ ബൈബിൾപ്രവചനം നിശ്ചിതസമയത്ത് കൃത്യമായി നിറവേറിയെന്ന് എനിക്ക് അങ്ങനെ ബോധ്യംവന്നു
നിരവധി സംഗതികളുണ്ട്. അതിൽ, യേശു സ്നാനമേറ്റ വർഷം ബൈബിൾ മുൻകൂട്ടിപ്പറഞ്ഞവിധമാണ് കൗതുകത്തോടെ ഞാൻ ഗവേഷണം ചെയ്ത സംഗതികളിലൊന്ന്. പേർഷ്യയിലെ അർത്ഥഹ്ശഷ്ടാരാജാവിന്റെ വാഴ്ചയുടെ 20-ാം ആണ്ടുമുതൽ എത്രവർഷം കഴിഞ്ഞാണ് യേശു മിശിഹായായി പ്രത്യക്ഷപ്പെടുക എന്ന് അത് കൃത്യമായി കാണിച്ചുതരുന്നു. * ഗവേഷണം ചെയ്ത് എനിക്കു നല്ല പരിചയമാണ്. കാരണം, അത് എന്റെ ജോലിയുടെ ഭാഗമാണ്. അതുകൊണ്ട് അർത്ഥഹ്ശഷ്ടാവിന്റെ വാഴ്ചയോടും യേശുവിന്റെ ശുശ്രൂഷയോടും ബന്ധപ്പെട്ട തീയതികൾ ഉറപ്പുവരുത്തുന്നതിന് ഞാൻ ചരിത്രപുസ്തകങ്ങൾ ഗവേഷണം ചെയ്തു. ഈ ബൈബിൾപ്രവചനം നിശ്ചിതസമയത്ത് കൃത്യമായി നിറവേറിയെന്നും അതുകൊണ്ടുതന്നെ അത് ദൈവത്താൽ നിശ്വസ്തമായിരുന്നെന്നും എനിക്ക് അങ്ങനെ ബോധ്യംവന്നു. ◼ (g13-E 09)
^ ഖ. 19 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 197-199 പേജുകൾ കാണുക.