എങ്ങും അനീതിയാണു ഞാൻ കണ്ടത്
ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയഞ്ചിൽ വടക്കൻ അയർലൻഡിലെ ഒരു ദരിദ്രകുടുംബത്തിലാണു ഞാൻ ജനിച്ചത്. 30 വർഷത്തിലേറെ നീണ്ടുനിന്ന ‘കുഴപ്പങ്ങളുടെ’ കാലത്ത്—കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള രൂക്ഷമായ പോരാട്ടം—ഡെറി പ്രവിശ്യയിലാണു ഞാൻ വളർന്നുവന്നത്. ന്യൂനപക്ഷമായ കത്തോലിക്കർക്ക് ഭൂരിപക്ഷമായ പ്രൊട്ടസ്റ്റന്റുകാരുടെ വിവേചനത്തിനു തങ്ങൾ ഇരയാകുന്നതായി തോന്നി. തിരഞ്ഞെടുപ്പുകളിലും ക്രമസമാധാനപാലനത്തിലും തൊഴിൽമേഖലയിലും പാർപ്പിടക്രമീകരണങ്ങളിലും തങ്ങൾ അനീതിക്ക് പാത്രമാകുന്നതായി അവർ ആരോപിച്ചു.
എങ്ങും അനീതിയും അസമത്വവും ആണു ഞാൻ കണ്ടത്. എനിക്ക് അനേകം തവണ പ്രഹരമേറ്റു, എന്നെ പല പ്രാവശ്യം തോക്കു ചൂണ്ടി കാറിൽനിന്നു വലിച്ചിഴച്ചു. പോലീസുകാരും പട്ടാളക്കാരും എന്നെ ചോദ്യംചെയ്തതിനും ദേഹപരിശോധന നടത്തിയതിനും കൈയും കണക്കും ഇല്ല. ഞാൻ വേട്ടയാടപ്പെടുന്നതായി എനിക്കു തോന്നി. ‘ഒന്നുകിൽ ഇത് അംഗീകരിക്കണം അല്ലെങ്കിൽ തിരിച്ചടിക്കണം’ എന്നു ഞാൻ ചിന്തിച്ചു!
ബ്രിട്ടീഷ് പടയാളികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട പതിന്നാലു പേരുടെ സ്മരണാർഥം നടത്തിയ 1972-ലെ ‘രക്തരൂക്ഷിത ഞായറാഴ്ച ജാഥകളിലും’ 1981-ൽ മരണം വരെ നിരാഹാരം കിടന്ന റിപ്പബ്ലിക്കൻ അനുഭാവികളായ തടവുകാരുടെ ബഹുമാനാർഥം ഏർപ്പെടുത്തിയ നിരാഹാരസമരജാഥകളിലും ഞാൻ പങ്കെടുത്തു. സാധിക്കുന്നിടത്തെല്ലാം ഞാൻ നിരോധിക്കപ്പെട്ട ഐറിഷ് പതാക നാട്ടുകയും ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിപ്പിടിപ്പിക്കുകയും ചെയ്യുമായിരുന്നു. കത്തോലിക്കർക്കെതിരെയുള്ള
ക്രൂരകൃത്യങ്ങളോ കൊലപാതകങ്ങളോ ഉണ്ടായിക്കൊണ്ടേയിരുന്നതിനാൽ പ്രതിഷേധിക്കാൻ കാരണങ്ങൾ എപ്പോഴുമുണ്ടായിരുന്നു. കേവലം ഒരു പ്രകടനമോ ജാഥയോ ആയി തുടങ്ങുന്നത് പലപ്പോഴും ഒരു വലിയ കലാപത്തിൽ കലാശിക്കുമായിരുന്നു.സർവകലാശാലാപഠനകാലത്ത് പരിസ്ഥിതിക്കുവേണ്ടിയുള്ള വിദ്യാർഥിപ്രക്ഷോഭങ്ങളിൽ ഞാനും ചേർന്നു. പിന്നീട്, ഞാൻ ലണ്ടനിലേക്കു താമസം മാറി. അവിടെ, ധനികരുടെ നേട്ടങ്ങൾക്കുവേണ്ടി സാധുക്കളെ ചൂഷണം ചെയ്യുന്ന ഗവൺമെന്റ് നയങ്ങൾക്കെതിരെയുള്ള സോഷ്യലിസ്റ്റ് ജാഥകളിൽ ഞാൻ പങ്കെടുത്തു. വേതനം വെട്ടിച്ചുരുക്കുന്നതിനെതിരെയുള്ള തൊഴിലാളിസംഘടനകളുടെ സമരങ്ങളിലും ഞാൻ ഉൾപ്പെട്ടു. കൂടാതെ, 1990-ൽ ട്രഫാൽഗർ സ്ക്വയറിനു വലിയ നാശനഷ്ടങ്ങൾ വരുത്തിവെച്ച, തലക്കരം പിരിക്കുന്നതിനെതിരെയുള്ള സമരത്തിലും ഞാനുണ്ടായിരുന്നു.
എന്നിരുന്നാലും, ഒടുവിൽ മിഥ്യാബോധത്തിൽനിന്നു ഞാൻ വിമുക്തനായി. ഞങ്ങളുടെ ലക്ഷ്യങ്ങൾ നേടിത്തരുന്നതിനു പകരം പ്രതിഷേധങ്ങൾ പലപ്പോഴും ശത്രുത ആളിക്കത്തിക്കുകയാണു ചെയ്തത്.
ലക്ഷ്യങ്ങൾ എത്ര ഉദാത്തമായാലും മനുഷ്യർക്ക് ഒരിക്കലും നീതിയോ സമത്വമോ കൊണ്ടുവരാൻ കഴിയുകയില്ല
ഈ സമയത്താണ് ഒരു സുഹൃത്ത് യഹോവയുടെ സാക്ഷികളെ എനിക്കു പരിചയപ്പെടുത്തിയത്. ദൈവം നമ്മുടെ കഷ്ടതകളെക്കുറിച്ചു ചിന്തയുള്ളവനാണെന്നും മനുഷ്യർ വരുത്തിവെച്ചിരിക്കുന്ന എല്ലാ ദോഷങ്ങളും അവൻ നീക്കുമെന്നും ബൈബിളിൽനിന്ന് അവർ എന്നെ പഠിപ്പിച്ചു. (യെശയ്യാവു 65:17; വെളിപാട് 21:3, 4) ലക്ഷ്യങ്ങൾ എത്ര ഉദാത്തമായാലും മനുഷ്യർക്ക് ഒരിക്കലും നീതിയോ സമത്വമോ കൊണ്ടുവരാൻ കഴിയുകയില്ല. ഈ ലോകത്തിലെ പ്രശ്നങ്ങളുടെ പിന്നിലെ അദൃശ്യശക്തികളെ നേരിടണമെങ്കിൽ നമുക്ക് ദൈവത്തിന്റെ മാർഗനിർദേശം ആവശ്യമാണ്. യഹോവയ്ക്കു മാത്രമേ ഈ ശക്തികളെ കീഴ്പെടുത്താനാകൂ.— യിരെമ്യാവു 10:23; എഫെസ്യർ 6:12.
അനീതിക്കെതിരെയുള്ള എന്റെ പോരാട്ടം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിനെ മോടിപിടിപ്പിക്കാൻ ശ്രമിക്കുന്നതുപോലെയായിരുണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ഭൂഗ്രഹത്തിലെങ്ങും അനീതിയില്ലാത്ത, എല്ലാ മനുഷ്യരും യഥാർഥത്തിൽ തുല്യരായിരിക്കുന്ന ഒരു സമയം വരുമെന്ന് അറിഞ്ഞത് എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം നൽകി.
യഹോവയാം ദൈവം “ന്യായപ്രിയനാകുന്നു” എന്നു ബൈബിൾ പഠിപ്പിക്കുന്നു. (സങ്കീർത്തനം 37:28) മാനുഷഗവൺമെന്റുകൾക്ക് ഒരിക്കലും സാധിക്കാത്ത വിധത്തിൽ അവൻ നീതി കൊണ്ടുവരുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകുന്നതിന്റെ ഒരു കാരണം ഇതാണ്. (ദാനീയേൽ 2:44) ഇതേപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളെ സമീപിക്കുകയോ www.isa4310.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക. (g13-E 07)