സോഷ്യൽ നെറ്റ്‌വർക്കിങ് സോഷ്യൽ നെറ്റ്‌വർക്കിങ്ങിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട നാലുകാര്യങ്ങൾ
സോഷ്യൽ നെറ്റ്‌വർക്കിങ് സോഷ്യൽ നെറ്റ്‌വർക്കിങ്ങിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട നാലുകാര്യങ്ങൾ
ഇന്റർനെറ്റിന്റെ ഏതൊരു ഉപയോഗത്തെയും പോലെയാണ് സോഷ്യൽ നെറ്റ്‌വർക്കിന്റെ ഉപയോഗവും; അതിലും അപകടങ്ങൾ പതിയിരിപ്പുണ്ട്. * ഇതു മനസ്സിൽപ്പിടിച്ചുകൊണ്ട് തുടർന്നുവരുന്ന ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കുക.
1 സോഷ്യൽ നെറ്റ്‌വർക്ക് എന്റെ സ്വകാര്യതയെ എങ്ങനെ സ്വാധീനിച്ചേക്കാം?
“വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.”—സദൃശവാക്യങ്ങൾ 10:19.
എന്ത് അറിഞ്ഞിരിക്കണം? ശ്രദ്ധിച്ചില്ലെങ്കിൽ, നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ, ഫോട്ടോകൾ, ലിസ്റ്റിലെ സുഹൃത്തുക്കൾക്കുള്ള ലഘുസന്ദേശങ്ങൾ (status updates) അവരുടെ സന്ദേശങ്ങൾക്കുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ (comments) എന്നിവയിലൂടെ അനാവശ്യവിവരങ്ങൾ വെളിപ്പെടാൻ ഇടയുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ എവിടെയാണ് താമസിക്കുന്നത്, നിങ്ങൾ വീട്ടിലുണ്ടാകുന്നത് (ഇല്ലാതിരിക്കുന്നത്) എപ്പോഴാണ്, ജോലി ചെയ്യുന്നത് എവിടെയാണ്, ഏതു സ്‌കൂളിലാണ് പഠിക്കുന്നത് എന്നിങ്ങനെയുള്ള വിവരങ്ങൾ അതിലൂടെ മറ്റുള്ളവർ അറിയാൻ ഇടയായേക്കാം. “നാളെ ഞങ്ങൾ വെക്കേഷൻ പോകുകയാണ്” എന്ന ചെറിയൊരു സന്ദേശവും അതിൽ നിങ്ങളുടെ അഡ്രസ്സും മതി കള്ളന്മാർക്ക് പിന്നെ കുശാലായി.
നിങ്ങളെ ശല്യപ്പെടുത്തുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ സ്വകാര്യവിവരങ്ങൾ ചോർത്തുന്നതിനോ ഒക്കെ മറ്റു വിവരങ്ങളും—ഉദാഹരണത്തിന്, നിങ്ങളുടെ ഇ-മെയിൽ അഡ്രസ്സ്, ജനനതീയതി, ഫോൺനമ്പർ എന്നിവ—ആളുകൾ ഉപയോഗിച്ചേക്കാം. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിൽ ഇത്തരം വിവരങ്ങൾ നൽകാൻ പലർക്കും യാതൊരു മടിയും ഇല്ല.
നെറ്റ്‌വർക്കിങ് സൈറ്റിൽ നൽകുന്ന വിവരങ്ങളെല്ലാം എല്ലാവർക്കും ദൃശ്യമാണെന്ന വസ്‌തുത പലപ്പോഴും ആളുകൾ മറന്നുകളയുന്നു. “കൂട്ടുകാർക്ക് മാത്രം” എന്ന ലിസ്റ്റിനു കീഴിലാണ് അഭിപ്രായങ്ങൾ എഴുതുന്നതെങ്കിൽപ്പോലും അവർ ആ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുമെന്ന് ആർക്കും പറയാനാകില്ല. നെറ്റ്‌വർക്കിങ് സൈറ്റിൽ നൽകുന്നതൊന്നും രഹസ്യമാക്കി വെക്കാനാകില്ല, അത് പരസ്യമാകും എന്ന കാര്യം എപ്പോഴും മനസ്സിൽപ്പിടിക്കണം.
എന്തു ചെയ്യാം? സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്ന പ്രൈവസി സെറ്റിങ്ങുകളെക്കുറിച്ച് അറിഞ്ഞിരിക്കുകയും അവ ഉപയോഗിക്കുകയും ചെയ്യുക. നിങ്ങൾക്ക് അറിയാവുന്ന, വിശ്വസിക്കാൻ കൊള്ളാവുന്ന ആളുകൾക്കു മാത്രമേ നിങ്ങളുടെ ഫോട്ടോകളും ലഘുസന്ദേശങ്ങളും ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുക.
എന്തൊക്കെ ചെയ്‌താലും, നിങ്ങൾ നൽകുന്ന വിവരങ്ങൾ വിചാരിക്കുന്നതിനെക്കാൾ കൂടുതൽ പരസ്യമായേക്കാം. അതുകൊണ്ട്, തട്ടിപ്പുകാർക്ക് നിങ്ങളുടെ വിലാസമോ സ്വകാര്യവിവരങ്ങളോ ലഭിക്കുന്നവിധത്തിൽ എന്തെങ്കിലും വെബ്‌പേജിൽ ഉണ്ടോ എന്ന് അറിയാൻ പതിവായി അതു പരിശോധിക്കുക. കൂട്ടുകാരോട് ആണെങ്കിൽപ്പോലും, നിങ്ങളുടെയോ മറ്റുള്ളവരുടെയോ സ്വകാര്യത തകർക്കുന്നതരം വിവരങ്ങൾ വെബ്‌പേജിലൂടെ വെളിപ്പെടുത്തരുത്. (സദൃശവാക്യങ്ങൾ 11:13) രഹസ്യ സ്വഭാവമുള്ള എന്തെങ്കിലും വിവരമാണ് അറിയിക്കാനുള്ളതെങ്കിൽ മറ്റൊരു മാർഗം ഉപയോഗിക്കുക. “വ്യക്തിപരമായ കാര്യങ്ങൾ പരസ്യമാക്കാതെ കൈമാറാനുള്ള നല്ല മാർഗം ഫോണിലൂടെ സംസാരിക്കുന്നതാണ്,” കാമെറൂൺ എന്ന യുവതി പറയുന്നു.
ചുരുക്കത്തിൽ. ചുരുക്കിപ്പറഞ്ഞാൽ, “അൽപ്പം ബോധത്തോടെ കാര്യങ്ങൾ ചെയ്യുന്നെങ്കിൽ സോഷ്യൽ നെറ്റ്‌വർക്കിൽ ഒരു പരിധിവരെ നിങ്ങൾക്ക് സ്വകാര്യത ഉറപ്പുവരുത്താനാകും. നിങ്ങൾ അനുവദിച്ചാൽ മാത്രമേ അതു നിങ്ങളെ കുഴപ്പത്തിൽ ചാടിക്കുകയുള്ളൂ,” കിം എന്ന യുവതി പറയുന്നു.
2 സോഷ്യൽ നെറ്റ്‌വർക്ക് എന്റെ സമയം കവർന്നെടുക്കുന്നത് എങ്ങനെ?
‘പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുക.’—ഫിലിപ്പിയർ 1:10.
എന്ത് അറിഞ്ഞിരിക്കണം? നിങ്ങളുടെ സമയം കവർന്നെടുക്കുന്നതിനും കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ അവഗണിക്കുന്നതിനും സോഷ്യൽ നെറ്റ്‌വർക്ക് കാരണമായേക്കാം. കെയ് എന്ന യുവതി പറയുന്നതുപോലെ, “കൂടുതൽ ആളുകളുമായി ചങ്ങാത്തത്തിലായാൽ കൂടുതൽ സമയം നിങ്ങൾ സോഷ്യൽ നെറ്റ്‌വർക്കിൽ ചെലവഴിക്കും, നിങ്ങൾ അതിന് കൂടുതൽ അടിപ്പെട്ടുപോകുകയും ചെയ്യും.” ഈ കുരുക്കിൽ അകപ്പെട്ടിരുന്ന ചിലരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കൂ.
“സോഷ്യൽ നെറ്റ്‌വർക്കിങ്ങിനോട് നിങ്ങൾക്ക് അത്ര വലിയ പ്രിയമൊന്നും ഇല്ലെങ്കിൽക്കൂടി അതിൽനിന്ന് ഊരിപ്പോരുക അത്ര എളുപ്പമല്ല. അതൊരു ഭ്രമമായിത്തീർന്നേക്കാം.”—ആലീസ്.
“സംഗീത പേജുകൾ പരിശോധിക്കൽ, കളികൾ, ബുദ്ധിപരീക്ഷകൾ തുടങ്ങി ഒരുപാടു കാര്യങ്ങൾ നെറ്റ്‌വർക്കിങ് സൈറ്റുകളിൽ നിങ്ങൾക്ക് ചെയ്യാനാകും; കൂട്ടുകാരുടെയെല്ലാം വെബ്‌പേജുകളിൽ പരതുന്ന പതിവുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട.”—ബ്ലെയ്‌ൻ.
“അതൊരു ചുഴിപോലെയാണ്; അകപ്പെട്ടുപോകുന്നത് നിങ്ങൾ അറിയുകപോലുമില്ല. പാത്രം കഴുകിവെക്കാതിരുന്നത് എന്താണെന്ന് അമ്മ വന്ന് ചോദിക്കുമ്പോഴായിരിക്കും എത്രമാത്രം സമയം പോയെന്ന് ചിന്തിക്കുന്നത്.”—അനെലിസ്.
“സ്‌കൂൾ വിട്ടാൽ എത്രയുംവേഗം വീട്ടിലെത്താനുള്ള വെപ്രാളമായിരുന്നു എനിക്ക്, വെബ്‌പേജിൽ കൂട്ടുകാർ എഴുതിയിരിക്കുന്ന അഭിപ്രായങ്ങൾ വായിച്ചുകഴിഞ്ഞാലേ സമാധാനമാകൂ. അതിനുശേഷം ഓരോന്നിനും മറുപടി നൽകി, പുതിയ ഫോട്ടോകളും നോക്കി അങ്ങനെ ഇരിക്കും. ഓൺലൈനിൽ ആയിരിക്കുമ്പോൾ എനിക്ക് ഒന്നിനും ഒരു ഉത്സാഹം ഉണ്ടായിരുന്നില്ല; ആരും എന്നെ ശല്യപ്പെടുത്തുന്നതും എനിക്ക് സഹിക്കില്ലായിരുന്നു. എനിക്കറിയാവുന്ന ചിലരുണ്ട്, ഏതെങ്കിലും ചടങ്ങിൽ പങ്കെടുക്കുമ്പോഴും പാതിരാത്രിയിലും എന്നുവേണ്ട സദാസമയവും അവർ ഓൺലൈനിൽ കാണും.”—മേഘൻ.
എന്തു ചെയ്യാം? സമയം പണം പോലെ വിലപ്പെട്ട ഒന്നാണ്. അതു വെറുതെ പാഴാക്കിക്കളയാൻ പാടില്ല. പണത്തിന്റെ കാര്യത്തിലെന്നപോലെ സമയത്തിന്റെ കാര്യത്തിലും എന്തുകൊണ്ട് ഒരു ബഡ്‌ജറ്റ് ഉണ്ടാക്കിക്കൂടാ? സോഷ്യൽ നെറ്റ്‌വർക്കിൽ ചെലവഴിക്കാനാകുന്ന ന്യായമായ ഒരു സമയം നിശ്ചയിക്കുക. ആ സമയത്തോട് എത്രത്തോളം പറ്റിനിൽക്കാനാകുന്നുണ്ടെന്ന് ഒരു മാസം നിരീക്ഷിക്കുക. വേണ്ടിവന്നാൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുക.
മക്കൾ സോഷ്യൽ നെറ്റ്‌വർക്കിൽ വളരെയധികം സമയം ചെലവഴിക്കുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോയെന്ന് മനസ്സിലാക്കാൻ മാതാപിതാക്കൾ ശ്രമിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, സോഷ്യൽ നെറ്റ്‌വർക്കിന്റെ അമിത ഉപയോഗം ഉത്‌കണ്‌ഠ, സമ്മർദം, ആത്മവിശ്വാസക്കുറവ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ഇന്റർനെറ്റ് ഉപയോഗത്തിലെ അപകടത്തെക്കുറിച്ചുള്ള തന്റെ ഒരു പുസ്‌തകത്തിൽ നാൻസി ഇ. വില്ലാർഡ് പറയുന്നു. “സമൂഹത്തിലെ തങ്ങളുടെ നിലയെക്കുറിച്ച് വളരെ ചിന്തയുള്ളവരാണ് പല കൗമാരക്കാരും. സോഷ്യൽ നെറ്റ്‌വർക്ക് പോലുള്ള സൈറ്റുകളിൽ തങ്ങൾക്കുള്ള സൗഹൃദങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികൾ സമൂഹത്തിലെ തങ്ങളുടെ നില അളക്കുന്നതെങ്കിൽ അത് അവയോടുള്ള ആസക്തി വർധിപ്പിക്കുകയേയുള്ളൂ.”
കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾക്കു തടയിടാൻ സോഷ്യൽ നെറ്റ്‌വർക്കുകളെ—യാതൊരു ഓൺലൈൻ പ്രവർത്തനങ്ങളെയും—അനുവദിക്കരുത്. “കുടുംബാംഗങ്ങൾ അകലെയായിരിക്കുമ്പോൾ അവരെ തമ്മിൽ അടുപ്പിക്കുന്ന അതേ ഉപാധിതന്നെ അവർ വീട്ടിലുള്ളപ്പോൾ അവരെ തമ്മിൽ അകറ്റുന്നതിനും ഇടയാക്കുന്നു എന്നതാണ് ഇന്റർനെറ്റിന്റെ ഒരു വിരോധാഭാസം,” ഡിജിറ്റൽ സാങ്കേതികവിദ്യ പുതുതലമുറയെ സ്വാധീനിക്കുന്നതിനെക്കുറിച്ചുള്ള തന്റെ പുസ്‌തകത്തിൽ ഡോൺ ടാപ്‌സ്‌കോട്ട് പറയുന്നു.
ചുരുക്കത്തിൽ. എമിലി എന്ന പെൺകുട്ടി പറയുന്നത് ശ്രദ്ധിക്കുക: “ആളുകളുമായി സൗഹൃദം നിലനിറുത്താനുള്ള ഏറ്റവും നല്ല മാർഗമാണ് സോഷ്യൽ നെറ്റ്‌വർക്കിങ്. പക്ഷേ, എല്ലാ കാര്യത്തിലുമെന്നപോലെ അതിന്റെ ഉപയോഗത്തിലും ഒരു പരിധിവേണം.”
3 സോഷ്യൽ നെറ്റ്‌വർക്ക് എന്റെ സത്‌പേരിനെ എങ്ങനെ ബാധിക്കും?
“ധനികനായിരിക്കുന്നതിലും ശ്രേഷ്‌ഠമാണ് ആദരണീയനാകുന്നത്. സൽപേരാണ് സ്വർണ്ണത്തെക്കാളും വെള്ളിയെക്കാളും ശ്രേഷ്‌ഠം.”—സദൃശവാക്യങ്ങൾ 22:1, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ് വേർഷൻ.
എന്ത് അറിഞ്ഞിരിക്കണം? സോഷ്യൽ നെറ്റ്‌വർക്കിൽ നിങ്ങൾ നൽകുന്ന വിവരങ്ങൾ നല്ലതോ മോശമോ ആയ ഒരു പേര് നിങ്ങൾക്ക് നേടിത്തരും. അത്ര പെട്ടെന്നൊന്നും അതു മായ്‌ച്ചുകളയാൻ പറ്റിയെന്നുവരില്ല. (സദൃശവാക്യങ്ങൾ 20:11; മത്തായി 7:17) ഈ അപകടത്തെക്കുറിച്ച് പലരും അത്ര ഗൗനിക്കാറില്ല. രാക്കേൽ എന്ന യുവതി പറയുന്നു: “സോഷ്യൽ നെറ്റ്‌വർക്കിൽ കയറിയാൽ പലർക്കും ഒരു വെളിവുമില്ല.” “സാധാരണ പറയുകയില്ലാത്ത കാര്യങ്ങൾപോലും അവർ ഓൺലൈനിലൂടെ വിളിച്ചുപറയും. അനാവശ്യമായ ഒരൊറ്റ അഭിപ്രായം മതി സത്‌പേര് തകരാൻ എന്ന കാര്യം പലരും തിരിച്ചറിയുന്നില്ല.”
സോഷ്യൽ നെറ്റ്‌വർക്കിൽ സത്‌പേര് നഷ്ടപ്പെട്ടാൽ അതിന്റെ പ്രത്യാഘാതങ്ങൾ ഏറെനാൾ അനുഭവിക്കേണ്ടിവരും. “ഓൺലൈനിൽ അനാവശ്യവിവരങ്ങൾ നൽകിയതു കാരണം ജോലി നഷ്ടപ്പെട്ടവരുടെയും പുതിയ ജോലി അന്വേഷിക്കേണ്ട ഗതികേട് വന്നവരുടെയും അനുഭവങ്ങൾ ധാരാളമാണ്” എന്ന് ഡോൺ ടാപ്‌സ്‌കോട്ട് തന്റെ പുസ്‌തകത്തിൽ പറയുന്നു.
എന്തു ചെയ്യാം? മറ്റൊരാളുടെ സ്ഥാനത്തുനിന്ന് നിങ്ങളുടെ സോഷ്യൽ നെറ്റ്‌വർക്കിങ് പേജ് ഒന്നു പരിശോധിച്ചുനോക്കുക. എന്നിട്ട് സ്വയം ഇങ്ങനെ ചോദിക്കാം: ‘എന്നെ മറ്റുള്ളവർ ഈ വിധത്തിലാണോ കാണേണ്ടത്? കൊടുത്തിരിക്കുന്ന ഫോട്ടോകൾ നോക്കി എന്റെ സ്വഭാവം വിശദീകരിക്കാൻ ആവശ്യപ്പെട്ടാൽ എന്തു പേരായിരിക്കും അവർ എന്നെ വിളിക്കുക? “ശൃംഗാരി?” “ആഭാസൻ?” “ഉത്തരവാദിത്വമില്ലാത്തവൻ?”’ ഇനി, ഒരു ജോലിക്ക് അപേക്ഷിക്കുകയാണെന്ന് കരുതുക. ‘തൊഴിലുടമ എന്റെ വെബ്‌പേജ് പരിശോധിക്കുമ്പോൾ എന്താണ് കാണുക? എന്നെ ഇങ്ങനെ കാണാനാണോ ഞാൻ ആഗ്രഹിക്കുന്നത്? എന്റെ മൂല്യങ്ങൾക്കു ചേർച്ചയിലുള്ളതാണോ ഈ ഫോട്ടോകൾ?’
യുവപ്രായത്തിലുള്ള ഒരാളാണ് നിങ്ങളെങ്കിൽ സ്വയം ഇങ്ങനെ ചോദിക്കുക: ‘അച്ഛനമ്മമാരോ ടീച്ചറോ ഞാൻ ആദരിക്കുന്ന മറ്റു മുതിർന്നവരോ കണ്ടാൽ നാണക്കേടു തോന്നുന്ന കാര്യങ്ങളാണോ എന്റെ വെബ്‌പേജിലുള്ളത്?’
ചുരുക്കത്തിൽ. “ഒരുവൻ വിതയ്‌ക്കുന്നതുതന്നെ കൊയ്യും” എന്ന അപ്പൊസ്‌തലനായ പൗലോസിന്റെ വാക്കുകൾ സത്‌പേരിന്റെ കാര്യത്തിൽ വിശേഷാൽ സത്യമാണ്.—ഗലാത്യർ 6:7.
4 സോഷ്യൽ നെറ്റ്‌വർക്ക് എന്റെ സൗഹൃദങ്ങളെ എങ്ങനെ ബാധിക്കും?
“ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.”—സദൃശവാക്യങ്ങൾ 13:20.
എന്ത് അറിഞ്ഞിരിക്കണം? നിങ്ങളുടെ ചിന്തയെയും പ്രവൃത്തിയെയും സ്വാധീനിക്കാൻ സുഹൃത്തുക്കൾക്കാകും. (1 കൊരിന്ത്യർ 15:33) അതുകൊണ്ട് സോഷ്യൽ നെറ്റ്‌വർക്കിലൂടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. വലിയ പരിചയമൊന്നുമില്ലാത്ത അല്ലെങ്കിൽ ഒട്ടുംതന്നെ അറിയില്ലാത്ത ഡസൻകണക്കിനോ നൂറുകണക്കിനോ ആളുകളെയാണ് ചിലർ തങ്ങളുടെ ചങ്ങാതിക്കൂട്ടത്തിലേക്ക് ചേർത്തിരിക്കുന്നത്. അങ്ങനെയുള്ള സുഹൃത്തുക്കളിൽ പലരുടെയും സ്വഭാവം അത്ര നല്ലതല്ലെന്ന് മറ്റു ചിലർ മനസ്സിലാക്കിയിരിക്കുന്നു. ചിലരുടെ അഭിപ്രായങ്ങൾ കേൾക്കൂ.
“കണ്ണിൽക്കണ്ടവരെയെല്ലാം സുഹൃത്താക്കാൻ പോയാൽ എപ്പോൾ കുഴപ്പത്തിൽച്ചാടി എന്നു ചോദിച്ചാൽമതി.”—അനെലിസ്.
“വെറുതെ കുറേപ്പേരെ സുഹൃദ്വലയത്തിലേക്കു ചേർക്കുന്ന പലരെയും എനിക്കറിയാം. ആരെയും പിണക്കാൻ ഇഷ്ടമില്ലെന്നാണ് അവർ പറയുന്ന ന്യായം.”—ലീയാൻ.
“ആളുകളോട് നേരിട്ട് ഇടപഴകുന്നതുപോലെ തന്നെയാണ് ഇതും. അതുകൊണ്ട് ആരോടൊക്കെയാണ് കൂട്ടുകൂടുന്നതെന്ന് വളരെ ശ്രദ്ധിക്കണം.”—അലെക്‌സിസ്.
എന്തു ചെയ്യാം? സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നിങ്ങളുടേതായ നിലവാരങ്ങൾ വെക്കുക. ഉദാഹരണത്തിന്, ചിലർ സുഹൃദ്‌ബന്ധങ്ങളുടെ കാര്യത്തിൽ ചില പരിധികൾ വെച്ചിരിക്കുന്നു:
“എനിക്ക് അവരെ അറിയാമെങ്കിൽ മാത്രമേ ഞാൻ അവരെ എന്റെ സുഹൃത്തുക്കളാക്കൂ—അതിനർഥം എനിക്ക് അവരെ തിരിച്ചറിയാനാകുന്നുണ്ട് എന്നല്ല മറിച്ച് അവരെ നല്ല പരിചയമുണ്ട് എന്നാണ്.”—ജീൻ.
“ഒരുപാടു നാളുകളായി പരിചയമുള്ളവരുമായി മാത്രമേ എനിക്ക് കൂട്ടുള്ളൂ. അപരിചിതരെ ഞാൻ കൂട്ടുകാരുടെ ലിസ്റ്റിൽ ചേർക്കാറുമില്ല, ക്ഷണിക്കാറുമില്ല.”—മൊണീക്ക്.
“എനിക്ക് നല്ലപോലെ അറിയാവുന്നവരെയും എന്റെ നിലവാരങ്ങളോട് ഒത്തുപോകുന്നവരെയും മാത്രമേ ഞാൻ എന്റെ ലിസ്റ്റിൽ ചേർക്കാറുള്ളൂ.”—റെ.
“ചങ്ങാതിക്കൂട്ടത്തിലേക്കു ചേർക്കാമോ എന്ന് പരിചയമില്ലാത്ത ആരെങ്കിലും ചോദിച്ചാൽ സ്വീകരിക്കേണ്ടെന്നാണ് എന്റെ തീരുമാനം. ഇതിൽ ഒരു മാറ്റവും ഇല്ല. എനിക്ക് നന്നായി അറിയാവുന്നവരാണ് എന്റെ കൂട്ടുകാരെല്ലാം. ഓൺലൈനു പുറത്തും അവരൊക്കെത്തന്നെയാണ് എന്റെ കൂട്ടുകാർ.”—മെറി.
“ആരെങ്കിലും മോശമായ ഫോട്ടോകളോ അഭിപ്രായങ്ങളോ നെറ്റ്‌വർക്കിൽ നൽകാൻ തുടങ്ങിയാൽ ഒരു ദാക്ഷിണ്യവും കൂടാതെ ഞാൻ അവരെ എന്റെ ലിസ്റ്റിൽനിന്ന് കളയും. അവർ കൊടുത്തിരിക്കുന്ന കാര്യങ്ങൾ നോക്കുന്നതുപോലും ചീത്ത കൂട്ടുകെട്ടാണ്.”—കിം.
“സോഷ്യൽ നെറ്റ്‌വർക്ക് ഉപയോഗിച്ചിരുന്നപ്പോൾ അതിലെ സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തിൽ ഞാൻ ഒരു വിട്ടുവീഴ്‌ചയും ചെയ്‌തിരുന്നില്ല. എന്റെ ഫോട്ടോകളും അഭിപ്രായങ്ങളും എന്റെ കൂട്ടുകാർക്ക് മാത്രമുള്ളതായിരുന്നു; കൂട്ടുകാരുടെ കൂട്ടുകാരെ അതൊന്നും കാണാൻ ഞാൻ അനുവദിച്ചിരുന്നില്ല. കാരണം വേറൊന്നുമല്ല, അവർ ആരാണെന്നോ ഏതു തരക്കാരാണെന്നോ എനിക്ക് അറിയില്ലല്ലോ.”—ഹെതർ.
ചുരുക്കത്തിൽ. കുട്ടികൾക്ക് ഇന്റർനെറ്റ് സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം എന്നു വിശദീകരിക്കുന്ന തന്റെ പുസ്‌തകത്തിൽ ഡോ. ഗ്വെൻ ഷൂർഗിൻ ഓകീഫ് പറയുന്നു: “മനസ്സിൽപ്പിടിക്കേണ്ട കാര്യം ഇതാണ്: നന്നായി അറിയാവുന്നവരുമായി മാത്രം സൗഹൃദം പങ്കിടുക; ഓൺലൈനു പുറത്തും ആ സൗഹൃദം നിലനിറുത്തുക.” * (g12-E 02)
[അടിക്കുറിപ്പുകൾ]
^ ഖ. 2 ഏതെങ്കിലും ഒരു പ്രത്യേക സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റിനെ ഉണരുക! പ്രോത്സാഹിപ്പിക്കുകയോ കുറ്റംവിധിക്കുകയോ ചെയ്യുന്നില്ല. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ബൈബിൾതത്ത്വങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ക്രിസ്‌ത്യാനികൾ ഉറപ്പുവരുത്തണം.—1 തിമൊഥെയൊസ് 1:5, 19.
^ ഖ. 42 കൂടുതൽ വിവരങ്ങൾക്ക് 2012 ജനുവരി - മാർച്ച് ലക്കം ഉണരുക!-യുടെ 14-21 പേജുകൾ കാണുക.
[31-ാം പേജിലെ ചതുരം]
ലോഗ് ഔട്ട് ചെയ്യുക!
ഉപയോഗം കഴിഞ്ഞശേഷം നിങ്ങൾ ‘ലോഗ് ഔട്ട്’ ചെയ്‌തില്ലെങ്കിൽ മറ്റുള്ളവർ നിങ്ങളുടെ പേജിൽ അതിക്രമിച്ചു കയറാൻ സാധ്യതയുണ്ട്. നിയമോപദേഷ്ടാവായ റോബർട്ട് വിൽസൺ പറയുന്നു: “നിങ്ങളുടെ പേഴ്‌സോ മൊബൈൽ ഫോണോ പൊതുസ്ഥലത്തു വെച്ചിട്ടുപോകുന്നതുപോലെയാണ് അത്. നിങ്ങളുടെ പേജിൽ ആർക്കു വേണമെങ്കിലും എന്തും ചെയ്യാം?” അദ്ദേഹത്തിന്റെ നിർദേശം ഇതാണ്: “‘ലോഗ് ഔട്ട്’ ചെയ്യാൻ മറക്കരുത്!”
[31-ാം പേജിലെ ചതുരം]
പ്രശ്‌നം ക്ഷണിച്ചുവരുത്തണോ?
ഒരു സർവേ അനുസരിച്ച്, പല സോഷ്യൽ നെറ്റ്‌വർക്ക് ഉപഭോക്താക്കളും “കവർച്ചയ്‌ക്കും ഭീഷണിക്കും സ്വകാര്യരേഖകൾ മോഷ്ടിക്കപ്പെടുന്നതിനും ഉള്ള സാധ്യത വിളിച്ചുവരുത്തുകയാണ്. 15 ശതമാനം ആളുകൾ തങ്ങൾ ഇപ്പോൾ എവിടെയാണെന്നോ അല്ലെങ്കിൽ തങ്ങളുടെ യാത്രാ പരിപാടികൾ എന്തൊക്കെയാണെന്നോ നെറ്റ്‌വർക്കിൽ വെളിപ്പെടുത്തിയിരിക്കുന്നു. 34 ശതമാനം പേരാകട്ടെ, തങ്ങളുടെ കൃത്യമായ ജനനത്തീയതി കൊടുത്തിരിക്കുന്നു. കുട്ടികളുള്ള 21 ശതമാനം പേർ കുട്ടികളുടെ പേരും ഫോട്ടോയും നെറ്റ്‌വർക്കിൽ ഇട്ടിരിക്കുന്നു.”