വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുവജനങ്ങൾ ചോദിക്കുന്നു

ക്രിസ്‌തീയ യോഗങ്ങൾക്കു പോകണമോ?

ക്രിസ്‌തീയ യോഗങ്ങൾക്കു പോകണമോ?

ക്രിസ്‌തീയ യോഗങ്ങൾക്കു പോകുന്നത്‌ നിങ്ങൾക്ക്‌ ഇഷ്ടമാണോ?

ഇഷ്ടമാണ്‌ → അത്‌ തുടർന്നും ചെയ്യുക

ഇഷ്ടമല്ല → എങ്കിൽ എന്തു ചെയ്യാനാകും?

ആരാധനയ്‌ക്കായി ഒരുമിച്ചു കൂടിവരാൻ ക്രിസ്‌ത്യാനികളോട്‌ ബൈബിൾ കൽപ്പിക്കുന്നു. (എബ്രായർ 10:25) പക്ഷേ യോഗങ്ങൾക്ക്‌ പോകുന്നത്‌ നിങ്ങൾക്ക്‌ ഇഷ്ടമല്ലെങ്കിലോ? യോഗങ്ങളിലായിരിക്കെ മറ്റുസ്ഥലങ്ങളിൽ—വേറെ എവിടെയെങ്കിലും—ആയിരിക്കുന്നതിനെക്കുറിച്ച്‌ നിങ്ങൾ പകൽക്കിനാവ്‌ കാണുകയാണെങ്കിലോ? താഴെക്കൊടുത്തിരിക്കുന്ന നിർദേശങ്ങൾ പിൻപറ്റിക്കൊണ്ട്‌ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചുനോക്കൂ.

1. ക്രമമുള്ളവരായിരിക്കുക

ബൈബിൾ നിർദേശം: “ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ നാം സഭായോഗങ്ങൾ ഉപേക്ഷിക്കരുത്‌.”—എബ്രായർ 10:25.

ഇഷ്ടമല്ലെങ്കിൽക്കൂടി ഒരു കാര്യം നിങ്ങൾ ക്രമമായി ചെയ്യുന്നത്‌ എന്തിനായിരിക്കും? കാരണം അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ അതു പതിയെപ്പതിയെ ആസ്വദിക്കാൻ തുടങ്ങും! ഇങ്ങനെ ചിന്തിച്ചുനോക്കുക: വല്ലപ്പോഴും മാത്രം പരിശീലനത്തിനു പോയാൽ സ്‌പോർട്‌സിൽ മിടുക്കനാകാനോ അത്‌ ആസ്വദിക്കാനോ നിങ്ങൾക്കു കഴിയുമോ? ക്രിസ്‌തീയ യോഗങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്‌. എത്ര തവണ നിങ്ങൾ യോഗങ്ങൾക്കു കൂടിവരുന്നുവോ അത്രത്തോളം നിങ്ങൾ ആത്മീയമായി മിടുക്കരാകും. തുടർന്നും യോഗങ്ങൾക്ക്‌ സംബന്ധിക്കാൻ നിങ്ങൾക്ക്‌ അത്‌ പ്രചോദനമേകും.—മത്തായി 5:3.

ചില നുറുങ്ങുകൾ: ഓരോ യോഗങ്ങൾക്ക്‌ ശേഷവും ഒരു പ്രസംഗകനോടെങ്കിലും അദ്ദേഹത്തിന്റെ പരിപാടിയിൽ നിങ്ങൾക്ക്‌ മതിപ്പുതോന്നിയ ഒരു കാര്യത്തെക്കുറിച്ചു പറയുക. യോഗങ്ങൾക്ക്‌ ഹാജരായതിലൂടെ നിങ്ങൾക്കു ലഭിച്ച ഒരു പ്രയോജനത്തെക്കുറിച്ച്‌ എഴുതിവെക്കാനാകും. യോഗപരിപാടികളിൽ മിക്കതും ക്രിസ്‌തീയ ശുശ്രൂഷയുമായി ബന്ധപ്പെട്ടതാണല്ലോ; അതുകൊണ്ട്‌, വിശ്വാസത്തെക്കുറിച്ചു മറ്റുള്ളവരോട്‌ സംസാരിക്കാനുള്ള നിങ്ങളുടെ കഴിവ്‌ മെച്ചപ്പെടുത്താനും ലക്ഷ്യംവെക്കാവുന്നതാണ്‌. ഇങ്ങനെ ചെയ്യുമ്പോൾ കേട്ട കാര്യങ്ങൾ നിങ്ങൾക്ക്‌ കൂടുതൽ പ്രയോജനം ചെയ്യും.

“പ്രാധാന്യം കുറച്ചുകാണേണ്ട ഒരു സംഗതിയല്ല യോഗങ്ങളെന്ന്‌ ചെറുപ്പത്തിലേ എന്നെ പഠിപ്പിച്ചിരുന്നു. കുട്ടിയായിരുന്നപ്പോൾപ്പോലും ഞാൻ അത്‌ ഒരിക്കലും മുടക്കിയിട്ടില്ല. ഇന്നും ആ ശീലത്തിന്‌ മാറ്റമില്ല.”—കെൽസി.

ചുരുക്കിപ്പറഞ്ഞാൽ: യോഗങ്ങൾക്ക്‌ ക്രമമായി ഹാജരാകുന്നവർ അത്‌ നന്നായി ആസ്വദിക്കും; അതിൽനിന്ന്‌ കൂടുതൽ പ്രയോജനവും നേടും!

2. നന്നായി ശ്രദ്ധിക്കുക

ബൈബിൾ നിർദേശം: “എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധനൽകുവിൻ.”—ലൂക്കോസ്‌ 8:18.

ഒരു പരിപാടിയിൽ കേൾക്കുന്ന 60 ശതമാനം കാര്യങ്ങളും ദിവസത്തിന്റെ അവസാനമാകുമ്പോഴേക്കും ആളുകൾ മറന്നുപോകുന്നതായി ഗവേഷകർ പറയുന്നു. കേൾക്കുന്ന കാര്യങ്ങൾ നിങ്ങളുടെ കൈയിലുള്ള പണമാണെന്ന്‌ കരുതുക. അത്‌ ഇങ്ങനെ ചോർന്നുപോകാൻ നിങ്ങൾ അനുവദിക്കുമോ?

ചില നുറുങ്ങുകൾ: മാതാപിതാക്കളോടൊപ്പം ഹാളിന്റെ മുൻനിരയിൽത്തന്നെ ഇരിക്കുക. അങ്ങനെയാകുമ്പോൾ ശ്രദ്ധപതറാനുള്ള സാധ്യത കുറവായിരിക്കും. കുറിപ്പുകൾ എടുക്കുക. എല്ലാവരും ഒരേപോലെയല്ല കാര്യങ്ങൾ ഗ്രഹിക്കുന്നതെങ്കിലും കുറിപ്പുകൾ എടുക്കുമ്പോൾ പ്രസംഗകൻ പറയുന്നത്‌ നന്നായി ശ്രദ്ധിക്കാൻ കഴിയും; എന്നുതന്നെയല്ല പിന്നീട്‌ ഒരു അവലോകനം നടത്തുകയുമാകാം.

“യോഗങ്ങളിൽ ശ്രദ്ധിച്ചിരിക്കുക എന്നത്‌ ഒരുകാലത്ത്‌ എനിക്ക്‌ വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ മെച്ചപ്പെട്ടു. അവിടെ ആയിരിക്കുന്നത്‌ എന്തിനാണെന്ന്‌ ഞാൻ എപ്പോഴും ഓർക്കും. ഒരു ചടങ്ങിനുവേണ്ടി പള്ളിയിൽ പോകുന്നതുപോലെയല്ല അത്‌. ഞാൻ യോഗങ്ങൾക്ക്‌ പോകുന്നത്‌ ആരാധിക്കാനും പഠിക്കാനും വേണ്ടിയാണ്‌. ജീവിതത്തിൽ ബാധകമാക്കാനാകുന്ന എന്തെങ്കിലുമൊക്കെ എനിക്ക്‌ അവിടെനിന്ന്‌ കിട്ടും.”—കാത്‌ലീൻ.

ചുരുക്കിപ്പറഞ്ഞാൽ: യോഗങ്ങൾക്കു പോയിട്ട്‌ ശ്രദ്ധിക്കാതിരിക്കുന്നത്‌ ഒരു സദ്യയ്‌ക്കു പോയിട്ട്‌ കഴിക്കാതിരിക്കുന്നതുപോലെയാണ്‌.

3. ഉൾപ്പെടുക

ബൈബിൾ നിർദേശം: “മനുഷ്യർ ഇരുമ്പു കത്തികൾ ഇരുമ്പുകൊണ്ടു മൂർച്ച കൂട്ടുന്നു. അതേപോലെ മനുഷ്യൻ പരസ്‌പരം മൂർച്ചവരുത്തിക്കൊണ്ട്‌ മറ്റുള്ളവരിൽ നിന്നും പഠിക്കുന്നു.”—സദൃശവാക്യങ്ങൾ 27:17, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ്‌ വേർഷൻ.

ഒരു യുവാവ്‌ അല്ലെങ്കിൽ യുവതി എന്ന നിലയിൽ സഭയിൽ നിങ്ങൾക്ക്‌ വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്‌. ചോദ്യോത്തര ചർച്ചയിൽ പറയുന്ന ഒരു ഉത്തരമാണെങ്കിലും സഹവിശ്വാസികളുമായുള്ള സഹവാസമാണെങ്കിലും യോഗങ്ങളിലെ നിങ്ങളുടെ പങ്കുപറ്റലും സാന്നിധ്യവും ഒരിക്കലും നിസ്സാരമായി കാണരുത്‌.

ചില നുറുങ്ങുകൾ: ചോദ്യോത്തര ചർച്ചയിൽ ഒരു ഉത്തരമെങ്കിലും പറയാൻ ലക്ഷ്യംവെക്കുക. യോഗങ്ങൾക്കിടയിലോ അല്ലെങ്കിൽ അതിനു മുമ്പോ പിമ്പോ ശുചീകരണത്തിനോ മറ്റെന്തെങ്കിലും വേലയ്‌ക്കോ സ്വമനസ്സാലേ മുന്നോട്ടുവരുക. സംസാരിക്കാൻ അധികം അവസരം കിട്ടാത്ത ഒരാളുമായി സംസാരിക്കാൻ മുൻകൈ എടുക്കുക.

“യോഗങ്ങൾക്ക്‌ സ്റ്റേജ്‌ ക്രമീകരിക്കുന്നതും ഉത്തരം പറയാൻ മൈക്ക്‌ കൊടുക്കുന്നതും എല്ലാം ഞാൻ ചെറുപ്പകാലത്ത്‌ ചെയ്‌തിരുന്നു. അതെല്ലാം, സഭയിൽ എന്നെക്കൊണ്ട്‌ ആവശ്യമുണ്ടെന്ന്‌ തിരിച്ചറിയാൻ സഹായിക്കുകയും കൃത്യസമയത്ത്‌ യോഗസ്ഥലത്ത്‌ ഉണ്ടായിരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്‌തു. ആത്മീയ കാര്യങ്ങളിലുള്ള എന്റെ താത്‌പര്യം വർധിക്കാൻ അത്‌ ഇടയാക്കി.”—മിൽസ്‌.

ചുരുക്കിപ്പറഞ്ഞാൽ: യോഗങ്ങൾക്ക്‌ ചെന്നാൽ വെറുതെയിരിക്കാതെ എന്തെങ്കിലുമൊക്കെ ചെയ്യുക. വെറുതെ ഒരു കാഴ്‌ചക്കാരനായിരിക്കുന്നതല്ല മറിച്ച്‌ പങ്കുപറ്റുന്നതാണ്‌ എല്ലായ്‌പോഴും ഏറെ പ്രയോജനം ചെയ്യുന്നത്‌. (g12-E 04)

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org /ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

[27-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

നിങ്ങൾക്കു സ്വാഗതം!

നിങ്ങൾക്ക്‌ ആഗ്രഹമുണ്ടോ

● ദൈവത്തെക്കുറിച്ചുള്ള സത്യം അറിയാൻ?

● നല്ലൊരു വ്യക്തിയാകാൻ?

● നല്ല കൂട്ടുകാരെ കണ്ടെത്താൻ?

യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾ അതിനും മറ്റു പലതിനും നിങ്ങളെ സഹായിക്കും. ആഴ്‌ചയിൽ രണ്ടുതവണ യഹോവയുടെ സാക്ഷികൾ രാജ്യഹാളിൽ യോഗങ്ങൾക്കായി കൂടിവരുന്നു. അവിടെ പണപ്പിരിവില്ല. ആർക്കും അവിടെ വരാം.

അത്‌ നഷ്ടപ്പെടുത്തരുത്‌! നിങ്ങൾ പൊയ്‌ക്കൊണ്ടിരുന്ന ഏതെങ്കിലും പള്ളിപോലെയല്ല രാജ്യഹാൾ. ബൈബിൾ വിദ്യാഭ്യാസത്തിനാണ്‌ യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ പ്രാധാന്യം. ഏറ്റവും മെച്ചമായ ജീവിതം എക്കാലവും ആസ്വദിക്കാൻ ദൈവവചനം നിങ്ങളെ എങ്ങനെ സഹായിക്കുമെന്നും നിങ്ങൾ അവിടെ പഠിക്കും.—ആവർത്തനപുസ്‌തകം 31:12; യെശയ്യാവു 48:17.

സായ്‌ആദ്യമായി ഞാൻ രാജ്യഹാളിൽ ചെന്നപ്പോൾ അവിടെക്കണ്ട പലതും എന്നെ ആശ്ചര്യപ്പെടുത്തി: വിഗ്രഹങ്ങളില്ല, പുരോഹിതന്മാരെപ്പോലെ വേഷംധരിച്ചവരില്ല, ആരും പണപ്പിരിവു നടത്തുന്നില്ല. എല്ലാവരും എന്നെ സ്വാഗതം ചെയ്‌തു; എനിക്ക്‌ എന്തെന്നില്ലാത്ത ഒരു സുരക്ഷിതത്വം തോന്നി. അവിടെ കേട്ട കാര്യങ്ങൾ എളുപ്പം മനസ്സിലാകുന്നതും ബുദ്ധിക്ക്‌ നിരക്കുന്നതും ആയിരുന്നു. ഈ സത്യത്തിനുവേണ്ടിയായിരുന്നു കാലങ്ങളായി ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നത്‌!

ഡൈനേര14 വയസ്സുള്ളപ്പോഴാണ്‌ ഞാൻ ആദ്യമായി യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്ക്‌ പോകുന്നത്‌. ചെന്നപ്പോൾത്തന്നെ എല്ലാവരും സന്തോഷത്തോടെ എന്നെ സ്വീകരിച്ചു. എന്റെ കാര്യത്തിലുള്ള എല്ലാവരുടെയും താത്‌പര്യം കണ്ടപ്പോൾ ഞാൻ ചെല്ലുന്നത്‌ അവർക്കൊക്കെ വലിയ ഇഷ്ടമാണെന്ന്‌ എനിക്കു തോന്നി. ആദ്യത്തെ ആ നല്ല അനുഭവം കാരണം വീണ്ടും അവിടെ പോകാൻ എനിക്ക്‌ മടി തോന്നിയില്ല.

[28-ാം പേജിലെ ചതുരം]

അടുത്ത യോഗത്തിൽ നടക്കാൻപോകുന്ന പരിപാടികൾ എടുത്തുനോക്കുക. അതിൽ നിങ്ങൾക്കു താത്‌പര്യം തോന്നിയ ഒരു പരിപാടി തിരഞ്ഞെടുക്കുക. അതിനുശേഷം . . .

മുറിച്ച്‌ സൂക്ഷിക്കുക

യോഗങ്ങൾക്ക്‌ പോകുന്നതിനു മുമ്പ്‌ ഇതു പൂരിപ്പിക്കുക.

പരിപാടി:

․․․․

ഈ പരിപാടിയിൽനിന്ന്‌ ഞാൻ അറിയാൻ ആഗ്രഹിക്കുന്നത്‌:

․․․․․

പരിപാടി കഴിഞ്ഞ ശേഷം ഇതു പൂരിപ്പിക്കുക.

ഞാൻ പഠിച്ചത്‌:

․․․․․

പ്രസംഗകനോട്‌ പറയാനാകുന്ന, പരിപാടിയിൽ എനിക്ക്‌ ഇഷ്ടപ്പെട്ട ഒരു കാര്യം:

․․․․․