കോപം അമിതമായാൽ
കോപം അമിതമായാൽ
ഒരാൾ ഒരു ഹോട്ടലിൽ ചെന്ന് ഭക്ഷണം ഓർഡർ ചെയ്തു. പക്ഷേ അതു പൊതിഞ്ഞു കിട്ടാൻ വൈകിയപ്പോൾ അയാൾക്കു വല്ലാത്ത ദേഷ്യം വന്നു. അയാൾ ഹോട്ടലിലേക്കു കയറിച്ചെന്ന് അവിടെ കണ്ട ഒരു ജീവനക്കാരനോടു കയർത്തു; കൗണ്ടറിൽ ചേർത്തുനിറുത്തി അയാളുടെ മുഖത്തടിച്ചു. എന്നിട്ട് തന്റെ ഭക്ഷണപ്പൊതി പിടിച്ചുവാങ്ങി അവിടെനിന്ന് ഇറങ്ങിപ്പോയി.
ജീവിതത്തിൽ ഒരിക്കലെങ്കിലും കോപിക്കാത്തവരായി ആരും ഉണ്ടാകില്ല. സ്നേഹം, ഉത്കണ്ഠ, ദുഃഖം, ഭയം, ആഗ്രഹം എന്നിവ പോലെ തികച്ചും സാധാരണമായ ഒരു മാനുഷിക വികാരമാണ് കോപം. നിയന്ത്രിതമായ കോപം ശരിയായ വിധത്തിൽ പ്രകടിപ്പിക്കുന്നത് ചിലപ്പോൾ പ്രയോജനം ചെയ്തേക്കാം. ഉദാഹരണത്തിന് ചില പ്രശ്നങ്ങളോ വെല്ലുവിളികളോ മറികടക്കാൻ കോപം ഒരു വ്യക്തിയെ സഹായിക്കുകയാണെങ്കിൽ അത് അയാൾക്ക് ഗുണം ചെയ്തെന്നുവരും.
എന്നാൽ ആദ്യം കണ്ട സംഭവത്തിലെന്നപോലെ കോപത്തിന് ഒരു മറുവശമുണ്ട്. ചിലർ മറ്റുള്ളവരെ അപേക്ഷിച്ച് വളരെ പെട്ടെന്ന് ഉഗ്രമായി കോപിക്കുന്നു. ഒരു പ്രകോപനം ഉണ്ടായാൽ അത്തരക്കാർ ആക്രമിക്കുകയോ വാക്കുകളിലൂടെ മുറിപ്പെടുത്തുകയോ ചെയ്തേക്കാം. കോപത്തെ തങ്ങളുടെ വരുതിയിലാക്കുന്നതിനു പകരം കോപം അവരെ കീഴ്പെടുത്തുന്നു. അനിയന്ത്രിതമായ അത്തരം കോപം അപകടകരമാണ്. ഒരുവന്റെ ചിന്ത, വികാരം, സ്വഭാവം, വ്യക്തിബന്ധങ്ങൾ എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാമേഖലകളിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ അതിനാകും.
പെട്ടെന്ന് കോപിക്കുന്ന പ്രകൃതമുള്ളവർ അവർക്കു മാത്രമല്ല ചുറ്റുമുള്ളവർക്കും ഹൃദയവേദന വരുത്തിവെക്കുന്നു. ഇത്തരക്കാർക്ക് നിസ്സാരകാര്യങ്ങൾമതി പൊട്ടിത്തെറിക്കാനും അക്രമാസക്തരാകാനും; അതിന്റെ ഫലം ദാരുണമായിരിക്കും. ചില അനുഭവങ്ങൾ നോക്കുക:
തിരക്കേറിയ ഒരു തെരുവിലൂടെ കൂട്ടുകാരോടൊപ്പം നടന്നുപോകുകയായിരുന്ന ഒരു മനുഷ്യന് കഴുത്തിൽ വെടിയേറ്റു. അദ്ദേഹത്തിന്റെ കൂട്ടുകാരിൽ ഒരാളുടെ ബാഗ് വഴിയിൽക്കൂടി പോകുകയായിരുന്ന മറ്റൊരു വ്യക്തിയുടെ ദേഹത്തു മുട്ടി എന്നതായിരുന്നു കാരണം.
ഒരു 19-വയസ്സുകാരൻ തന്റെ പ്രതിശ്രുതവധുവിന്റെ 11 മാസം പ്രായമുള്ള കുഞ്ഞിനെ അടിച്ചു കൊന്നു. ആ യുവാവ് അക്രമാസക്തമായ ഒരു വീഡിയോ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുട്ടി എന്തിലോ തൊട്ടതു കാരണം കളിയിൽ തോറ്റതിന്റെ ദേഷ്യം തീർക്കുകയായിരുന്നു അയാൾ.
അനിയന്ത്രിതമായ കോപം ഒരു ആഗോള പ്രശ്നമാണ്. ലോകമെമ്പാടുംനിന്നുള്ള റിപ്പോർട്ടുകൾ അതാണ് സൂചിപ്പിക്കുന്നത്. ആകട്ടെ, എന്താണ് ഇതിനു കാരണം? (g12-E 03)
[3-ാം പേജിലെ ചതുരം]
കോപം നമുക്കെല്ലാമുള്ള ഒരു സാധാരണ വികാരമാണ്. അതുകൊണ്ടുതന്നെ നിയന്ത്രിതമായ അളവിൽ ചിലപ്പോഴൊക്കെ കോപിക്കുന്നതിൽ തെറ്റു പറയാനാകില്ല. എന്നാൽ നമുക്കും മറ്റുള്ളവർക്കും ശാരീരികമായും വൈകാരികമായും ആത്മീയമായും ഹാനിവരുത്തുന്ന അനിയന്ത്രിതമായ കോപത്തെക്കുറിച്ചുള്ളതാണ് ഈ ലേഖനങ്ങൾ.