വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കടലാസ്‌ കടന്നലിന്റെ എൻജിനീയറിങ്‌ വൈദഗ്‌ധ്യം

കടലാസ്‌ കടന്നലിന്റെ എൻജിനീയറിങ്‌ വൈദഗ്‌ധ്യം

ആരുടെ കരവിരുത്‌?

കടലാസ്‌ കടന്നലിന്റെ എൻജിനീയറിങ്‌ വൈദഗ്‌ധ്യം

● അതിവിദഗ്‌ധനായ എൻജിനീയർ എന്നാണ്‌ കടലാസ്‌ കടന്നലിനെ വിശേഷിപ്പിച്ചിരിക്കുന്നത്‌. ഈ വിശേഷണം അതിനു യോജിക്കുന്നതാണോ?

പ്രത്യേകതകൾ: പേരു സൂചിപ്പിക്കുന്നതുപോലെ, സ്വയം നിർമിക്കുന്ന ഒരു പ്രത്യേകതരം കടലാസ്‌ ഉപയോഗിച്ചാണ്‌ കടലാസ്‌ കടന്നൽ അതിന്റെ സങ്കീർണമായ കൂട്‌ നിർമിക്കുന്നത്‌. * ഇവ സസ്യങ്ങളിലും മരത്തടികളിലും (വേലിക്കമ്പുകൾ, ടെലഫോൺ പോസ്റ്റ്‌, നിർമാണ വസ്‌തുക്കൾ മുതലായവ) നിന്ന്‌ നാരുകൾ ശേഖരിക്കുന്നു. സെല്ലുലോസ്‌ അടങ്ങിയ ഈ നാരുകൾ പ്രോട്ടീൻ സമ്പുഷ്ടമായ, പശയുള്ള ഉമിനീരിനോടൊപ്പം ചേർത്ത്‌ ചവച്ചരച്ച്‌ കുഴമ്പു പരുവത്തിലാക്കുന്നു. അങ്ങനെ ഉണ്ടാക്കുന്ന കുഴമ്പ്‌ ഉണങ്ങിക്കഴിയുമ്പോൾ ഭാരം കുറഞ്ഞതും അതേസമയം കട്ടിയുള്ളതും ഉറപ്പുള്ളതും ആയ ഒരുതരം കടലാസായിത്തീരുന്നു. ഉമിനീരിൽ ചില പ്രത്യേക ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ആവശ്യാനുസരണം ചൂട്‌ ആഗിരണം ചെയ്യുന്നതിനും ഉത്‌പാദിപ്പിക്കുന്നതിനും കടലാസിനു കഴിയും. അങ്ങനെ, മുട്ട വിരിയുന്നതിന്‌ അനുയോജ്യമായ ഊഷ്‌മാവ്‌ തണുപ്പുള്ളപ്പോൾപ്പോലും കൂടിനുള്ളിൽ നിലനിറുത്താനാകുന്നു.

പല തവണയായി, അതിന്റെ കുഞ്ഞുവായിൽ കൊള്ളാവുന്നത്ര കുഴമ്പ്‌ അൽപ്പാൽപ്പമായി കൊണ്ടുവെച്ചാണ്‌ കടന്നൽ കൂട്‌ ഉണ്ടാക്കുന്നത്‌. വെള്ളം കയറാത്ത കൂട്‌ ഷഡ്‌ഭുജാകൃതിയിലുള്ള അറകൾ നിറഞ്ഞതാണ്‌. ഈ ആകൃതി കൂടിന്‌ വേണ്ടത്ര ബലവും സ്ഥലസൗകര്യവും നൽകുന്നു. ഈർപ്പം കൂടുതലുള്ള പ്രദേശങ്ങളിൽ വസിക്കുന്ന കടന്നലുകൾ കൂട്‌ ഉണ്ടാക്കാൻ കൂടുതൽ ഉമിനീർ ഉപയോഗിക്കാറുണ്ട്‌; അതിന്റെ ജലരോധക സ്വഭാവംതന്നെ അതിനു കാരണം. മുകളിൽ എന്തെങ്കിലും സംരക്ഷണ മറയുള്ള ഇടങ്ങളാണ്‌ കൂട്‌ നിർമാണത്തിനായി തിരഞ്ഞെടുക്കുന്നത്‌. അവിടെ ഒരു തണ്ടിൽ അവ കൂട്‌ ഉണ്ടാക്കുന്നു; പ്രവേശന കവാടം അൽപ്പം താഴേക്ക്‌ ചരിഞ്ഞാണ്‌ ഇരിക്കുക. കടന്നലിന്റെ കടലാസ്‌ നിർമാണം പ്രകൃതിക്ക്‌ യാതൊരു ദോഷവും വരുത്തുന്നില്ല. വായുവിനെയും വെള്ളത്തെയും കരയെയും മലിനമാക്കുന്ന മനുഷ്യരുടെ കടലാസു നിർമാണത്തിൽനിന്ന്‌ എത്രയോ വ്യത്യസ്‌തം!

കടന്നൽ ഉണ്ടാക്കുന്ന ഇത്തരം കടലാസിനെ പഠനവിഷയമാക്കിയിരിക്കുകയാണ്‌ നിർമാണ വിദഗ്‌ധരും ഗവേഷകരും! ഭാരം കുറഞ്ഞതും ഉറപ്പുള്ളതും വഴക്കമുള്ളതും അതേസമയം പ്രകൃതിക്ക്‌ ദോഷം വരുത്താത്തതും ആയ ഗുണമേന്മയുള്ള നിർമാണ വസ്‌തുക്കൾക്ക്‌ രൂപം നൽകുകയാണ്‌ അവരുടെ ലക്ഷ്യം.

നിങ്ങൾക്ക്‌ എന്തു തോന്നുന്നു? തലച്ചോറിന്‌ രണ്ടുമണൽത്തരിയോളം മാത്രം വലുപ്പമുള്ള ഈ കൊച്ചുജീവി കടലാസുണ്ടാക്കാനും കൂട്‌ നിർമിക്കാനും ഉള്ള വൈദഗ്‌ധ്യം സ്വയം ആർജിച്ചെടുത്തതാണോ? അതോ അതിന്റെ നിർമാണ പാടവം ആരുടെയെങ്കിലും രൂപകൽപ്പനയുടെ തെളിവാണോ? (g12-E 02)

[അടിക്കുറിപ്പ്‌]

^ ഖ. 4 കടലാസ്‌ ഉപയോഗിച്ച്‌ കൂട്‌ ഉണ്ടാക്കുന്ന പലതരം കടന്നൽ വർഗങ്ങളുണ്ട്‌. കൂടിനുള്ളിലെ അറകളിലാണ്‌ അവ മുട്ടയിടുന്നത്‌. മുട്ട വിരിഞ്ഞ്‌ ലാർവ പുറത്തുവരുന്നു.