സത്യസന്ധത—യഥാർഥ വിജയത്തിന്!
സത്യസന്ധത—യഥാർഥ വിജയത്തിന്!
“ഒരുവന് എത്ര സമ്പത്തുണ്ടായാലും അവന്റെ വസ്‌തുവകകളല്ല അവന്റെ ജീവന് ആധാരമായിരിക്കുന്നത്.”—ലൂക്കോസ് 12:15.
ജീവിക്കാൻ വരുമാനം കൂടിയേ തീരൂ. നമുക്കും കുടുംബത്തിനും വേണ്ടി കരുതാനുള്ള ഉത്തരവാദിത്വം ദൈവം നമ്മെ ഏൽപ്പിച്ചിട്ടുണ്ട്.—1 തിമൊഥെയൊസ് 5:8.
എന്നാൽ പണം ഒരു ജീവിതോപാധി എന്നതിനെക്കാൾ, അത് സമ്പാദിച്ചുകൂട്ടുന്നതും അത് കൊടുത്ത് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതും ആണ് ജീവിതത്തിലെ മുഖ്യ സംഗതിയെങ്കിലോ? ജീവിതലക്ഷ്യംതന്നെ അതാണെങ്കിലോ? ധനം സ്വരൂപിക്കുന്നതിനുവേണ്ടി കാപട്യം കാണിക്കാൻ അത്തരക്കാർക്ക് യാതൊരു മടിയും ഉണ്ടാകില്ല. എന്നാൽ സത്യസന്ധമല്ലാത്ത അത്തരം ചെയ്‌തികൾ യഥാർഥ വിജയത്തിന് വിലങ്ങുതടിയായിരുന്നെന്ന് വളരെ വൈകിയാണ് അവർ തിരിച്ചറിയുക. പണസ്‌നേഹം നിരവധി വ്യഥകൾക്ക് കാരണമാകുമെന്ന് ബൈബിളും പറയുന്നു.—1 തിമൊഥെയൊസ് 6:9, 10.
പണസമ്പാദനമല്ല യഥാർഥ വിജയത്തിന് അടിസ്ഥാനം എന്നു തെളിയിച്ച നാലുവ്യക്തികളെ നമുക്ക് ഇപ്പോൾ പരിചയപ്പെടാം.
ആത്മാഭിമാനം
യു.എസ്.എ.-യിലുള്ള ഡോണിന്റെ അനുഭവം ഇതാണ്: “വർഷങ്ങൾക്കു മുമ്പ്, ഏകദേശം അഞ്ചുകോടി രൂപയുടെ ഒരു ലൈഫ് ഇൻഷ്വറൻസ് പോളിസി ആവശ്യപ്പെട്ട് ഒരു വ്യക്തി എന്നെ സമീപിച്ചു. ആ ഇടപാടു നടന്നാൽ ലക്ഷക്കണക്കിനു രൂപ എനിക്കു കമ്മീഷൻ ലഭിക്കുമായിരുന്നു. കമ്മീഷന്റെ പകുതി കൊടുത്താൽ പോളിസി എടുക്കാമെന്ന് അയാൾ പറഞ്ഞു. എന്നാൽ, അങ്ങനെ ചെയ്യുന്നത് ധർമവിരുദ്ധവും കുറ്റകരവും ആയിരുന്നു. അക്കാര്യം ഞാൻ അയാളോട് പറയുകയും ചെയ്‌തു.
“വ്യക്തിപരമായ കാര്യങ്ങളും സാമ്പത്തിക വിഷയങ്ങളും സത്യസന്ധനല്ലാത്ത ഒരാളോടു പറയാൻ ആഗ്രഹിക്കുമോ എന്നു ചോദിച്ച് അയാളെ കാര്യം ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു. എന്റെ നിലപാട് ഞാൻ ഒന്നുകൂടി വ്യക്തമാക്കി. പോളിസി എടുക്കാൻ താത്‌പര്യമുണ്ടെങ്കിൽ വീണ്ടും ബന്ധപ്പെടാൻ ഞാൻ പറഞ്ഞു. അയാളെ പിന്നെ കണ്ടിട്ടില്ല!
“അയാളുടെ ഇഷ്ടത്തിന് വഴങ്ങിക്കൊടുത്തിരുന്നെങ്കിൽ എന്റെ സത്യസന്ധതയ്‌ക്ക് കോട്ടംതട്ടുമായിരുന്നു, ഒരു ക്രിസ്‌ത്യാനിയെന്ന നിലയിലുള്ള എന്റെ ആത്മാഭിമാനത്തെയും അത് തകർത്തേനെ. കുടിലമായ ഒരു പദ്ധതിയിൽ ഉൾപ്പെടാൻ എന്നെ പ്രേരിപ്പിച്ച ആ മനുഷ്യന്റെ അടിമ ആയിത്തീരുമായിരുന്നു ഞാൻ.”
മനസ്സമാധാനം
മറ്റൊരു വ്യക്തിയാണ്, ഈ ലേഖനപരമ്പരയുടെ തുടക്കത്തിൽ നാം പരിചയപ്പെട്ട ഡാനി. ഫാക്‌ടറിയുടെ ഉത്‌പന്നങ്ങൾക്ക് ഗുണനിലവാരമില്ലെന്ന കാര്യം ഡാനി
മറച്ചുവെച്ചിരുന്നെങ്കിൽ വലിയൊരു തുക കൈക്കൂലിയായി ലഭിക്കുമായിരുന്നു. എന്നാൽ അദ്ദേഹം എന്താണ് ചെയ്‌തത്?“മാനേജരുടെ ആതിഥ്യമര്യാദയ്‌ക്ക് നന്ദി പറഞ്ഞിട്ട് ആ കവർ ഞാൻ തിരികെക്കൊടുത്തു. റിപ്പോർട്ടിൽ കൃത്രിമം കാണിച്ചാൽ എനിക്ക് ഇതിലും കൂടുതൽ പണം തരാമെന്നു പറഞ്ഞ് അദ്ദേഹം കുറെ നിർബന്ധിച്ചെങ്കിലും ഞാൻ അത് നിരസിച്ചു.
“ആ പണം സ്വീകരിച്ചിരുന്നെങ്കിൽ, പിടിക്കപ്പെടുമെന്ന ഭയത്തോടെ എനിക്കു കഴിയേണ്ടിവന്നേനെ. പിന്നീട്, എങ്ങനെയോ എന്റെ തൊഴിലുടമ ഇക്കാര്യം അറിയാനിടയായി. വഴിവിട്ട് ഒന്നും ചെയ്യാതിരുന്നതിൽ എനിക്ക് വളരെ ആശ്വാസവും സന്തോഷവും തോന്നി. ആ സമയത്ത് സദൃശവാക്യങ്ങൾ 15:27 ആണ് എന്റെ മനസ്സിലേക്കു വന്നത്: ‘ദുരാഗ്രഹി തന്റെ ഭവനത്തെ വലെക്കുന്നു; കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും.’”—ഡാനി, ഹോങ്‌കോങ്.
കുടുംബസന്തുഷ്ടി
“കെട്ടിടനിർമാണമാണ് എന്റെ തൊഴിൽ. ഇടപാടുകാരെ വഞ്ചിക്കാനും നികുതിവെട്ടിക്കാനും ഉള്ള ധാരാളം അവസരങ്ങൾ എനിക്കു ലഭിക്കാറുണ്ട്. പക്ഷേ, വഞ്ചന കാണിക്കില്ല എന്ന എന്റെ ദൃഢനിശ്ചയം എനിക്കും കുടുംബത്തിനും ഗുണം ചെയ്‌തിരിക്കുന്നു.
“ജോലിയിലോ ബിസിനെസിലോ മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ല സത്യസന്ധത; ജീവിതത്തിന്റെ എല്ലാ മേഖലയിലും അത് നിഴലിക്കണം. സത്യസന്ധതയോടു ബന്ധപ്പെട്ട ദൈവത്തിന്റെ നിലവാരങ്ങളിൽ ഇണ യാതൊരു വിട്ടുവീഴ്‌ചയും ചെയ്യില്ലെന്ന് ബോധ്യമുണ്ടെങ്കിൽ പരസ്‌പര വിശ്വാസം വർധിക്കും. സന്ദർഭത്തിനൊത്ത് എടുത്ത് അണിയുകയും ഊരി മാറ്റുകയും ചെയ്യുന്ന ഒന്നല്ല നിങ്ങളുടെ സത്യസന്ധത എന്ന് ഇണ തിരിച്ചറിഞ്ഞാൽ അവർക്ക് സുരക്ഷിതത്വവും തോന്നും.
“നിങ്ങൾക്ക് ഒരുപക്ഷേ ഈ ലോകത്തിലെ ഏറ്റവും വലിയ കമ്പനി സ്വന്തമാക്കാൻ കഴിഞ്ഞെന്നുവരും. എന്നാൽ കുടുംബത്തിൽ നിങ്ങൾക്കു സമാധാനം ലഭിച്ചെന്നുവരില്ല. ബൈബിൾതത്ത്വങ്ങൾ അനുസരിച്ചാൽ ജീവിതം സമനിലയിൽ കൊണ്ടുപോകാൻ കഴിയുമെന്ന് യഹോവയുടെ സാക്ഷിയായ ഞാൻ മനസ്സിലാക്കുന്നു. പണവും അത്യാഗ്രഹവും ഭരിക്കുന്ന ഈ ലോകത്തിന്റെ താളത്തിനൊത്ത് തുള്ളാതെ കുടുംബജീവിതം ആസ്വദിക്കാൻ എനിക്ക് സമയം ലഭിക്കുന്നു.”—ഡെർവിൻ, യു.എസ്.എ.
ദൈവവുമായി നല്ല ബന്ധം
“കമ്പനിക്കുവേണ്ടി സാധനങ്ങൾ വാങ്ങുന്നത് എന്റെ ജോലിയുടെ ഭാഗമാണ്. വാങ്ങുന്ന സാധനങ്ങളുടെ ഡിസ്‌കൗണ്ട് മുഴുവൻ കമ്പനിക്കു നൽകുന്നതിനു പകരം ഒരു ഭാഗം എനിക്കു തരാമെന്ന് ചിലപ്പോൾ ഏജന്റുമാർ എന്നോടു പറയാറുണ്ട്. പക്ഷേ, അത് കമ്പനിയിൽനിന്ന് മോഷ്ടിക്കുന്നതുപോലെയായിരിക്കും.
“ശമ്പളം കുറവായതിനാൽ വേണമെങ്കിൽ എനിക്ക് ആ പണം കൈപ്പറ്റാം. പക്ഷേ, ഒരു ശുദ്ധമനസ്സാക്ഷിയും ദൈവത്തിന്റെ അംഗീകാരവും ആണ് മറ്റെന്തിനെക്കാളും എനിക്കു പ്രധാനം. അതുകൊണ്ട്, എബ്രായർ 13:18-ലെ, ‘സകലത്തിലും സത്യസന്ധരായിരിക്കാൻ ആഗ്രഹിക്കുന്നു’ എന്ന തത്ത്വം എന്റെ എല്ലാ ഇടപാടുകളിലും ഞാൻ ബാധകമാക്കുന്നു.”—റെയ്‌ക്കൽ, ഫിലിപ്പീൻസ്. (g12-E 01)
[9-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
സത്യസന്ധമായ ബിസിനെസിന്—ആറു തത്ത്വങ്ങൾ
ബിസിനെസ് രംഗത്തെ ആചാരമര്യാദകൾ ഓരോ ദേശത്തും വ്യത്യസ്‌തമാണ്. എന്നിരുന്നാലും മൂല്യാധിഷ്‌ഠിതമായ ബിസിനെസ് തീരുമാനങ്ങൾ എടുക്കാൻ ബൈബിൾതത്ത്വങ്ങൾ നിങ്ങളെ സഹായിക്കും. സത്യസന്ധമായ ബിസിനെസിന് ഉണ്ടായിരിക്കേണ്ട ആറുസവിശേഷതകളാണ് ചുവടെ നൽകിയിരിക്കുന്നത്:
സത്യം സംസാരിക്കുക
തത്ത്വം: “അന്യോന്യം വ്യാജം പറയരുത്.”—കൊലോസ്യർ 3:9.
ആശ്രയയോഗ്യരായിരിക്കുക
തത്ത്വം: “നിങ്ങളുടെ വാക്ക് ഉവ്വ് എന്നത് ഉവ്വ് എന്നും ഇല്ല എന്നത് ഇല്ല എന്നും ആയിരിക്കട്ടെ.”—മത്തായി 5:37.
വിശ്വസ്‌തരായിരിക്കുക
തത്ത്വം: “മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുത്.”—സദൃശവാക്യങ്ങൾ 25:9.
നേരുള്ളവരായിരിക്കുക
തത്ത്വം: ‘കൈക്കൂലി വാങ്ങരുത്; അത് വിജ്ഞനെ അന്ധനാക്കും.’—പുറപ്പാടു 23:8, പി.ഒ.സി ബൈബിൾ.
നീതിനിഷ്‌ഠരായിരിക്കുക
തത്ത്വം: “മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്യുവിൻ.”—മത്തായി 7:12.
നിയമത്തിനു കീഴ്‌പെടുക
തത്ത്വം: “എല്ലാവർക്കും കടപ്പെട്ടിരിക്കുന്നത് കൊടുക്കുവിൻ; നികുതി കൊടുക്കേണ്ടവനു നികുതി.”—റോമർ 13:7.
[9-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ബിസിനെസിൽ സത്യസന്ധരായി തുടരാൻ
● മുൻഗണന ഏതിനാണെന്ന് നിർണയിക്കുക. പണസമ്പാദനത്തിനാണോ ദൈവാംഗീകാരത്തിനാണോ നിങ്ങൾ പ്രാധാന്യം നൽകുന്നത്?
● മുന്നമേ തീരുമാനിക്കുക. ഏതൊക്കെ സാഹചര്യങ്ങൾ സത്യസന്ധതയ്‌ക്ക് വെല്ലുവിളിയായേക്കാമെന്നും അവയെ എങ്ങനെ നേരിടാമെന്നും മുന്നമേ നിശ്ചയിക്കുക.
● നിങ്ങളുടെ നിലപാട് വ്യക്തമാക്കുക. ബിസിനെസ് തുടങ്ങുമ്പോൾത്തന്നെ നിങ്ങളുടെ നിലവാരങ്ങൾ നയപൂർവം വ്യക്തമാക്കുക.
● മറ്റുള്ളവരുടെ നിർദേശം തേടുക. വഞ്ചന കാണിക്കാൻ അല്ലെങ്കിൽ ധാർമിക മൂല്യങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാൻ പ്രലോഭനം തോന്നുമ്പോൾ നിങ്ങളുടെ അതേ മൂല്യങ്ങളുള്ളവരുടെ നിർദേശങ്ങൾ ആരായുക.
[8-ാം പേജിലെ ചിത്രം]
സത്യസന്ധരാണെങ്കിൽ നിങ്ങൾക്കു മനസ്സമാധാനം ഉണ്ടായിരിക്കും