വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാപട്യത്തിനു പിന്നിൽ

കാപട്യത്തിനു പിന്നിൽ

കാപട്യത്തിനു പിന്നിൽ

“ബിസിനെസിൽ സത്യസന്ധത ഒരു പഴങ്കഥയാണ്‌. സത്യസന്ധരായിരിക്കാൻ ശ്രമിച്ചാൽ ഫലം വട്ടപ്പൂജ്യമായിരിക്കും.”—സ്റ്റീഫൻ, യു.എസ്‌.എ.

ഇതേ അഭിപ്രായമാണോ നിങ്ങൾക്കുമുള്ളത്‌? പലപ്പോഴും സത്യസന്ധതയില്ലായ്‌മ കുറച്ചുകാലത്തേക്കെങ്കിലും നേട്ടമുണ്ടാക്കുന്നതിനാൽ സത്യസന്ധരായിരിക്കാൻ ആഗ്രഹിക്കുന്നവർപോലും സമ്മർദങ്ങൾക്കു വഴങ്ങി കാപട്യം കാണിക്കാൻ നിർബന്ധിതരാകുന്നു.

സ്വന്തം മോഹങ്ങൾ. കൂടുതൽ പണവും ആഡംബരങ്ങളും മോഹിക്കാത്തവരായി ആരാണുള്ളത്‌? പണം ഉണ്ടാക്കാനുള്ള ഒരവസരം തെളിഞ്ഞാൽ അതിനു പുറംതിരിയുക അത്ര എളുപ്പമല്ല, സത്യസന്ധത ബലികഴിച്ചുകൊണ്ടാണെങ്കിൽപ്പോലും.

● “കമ്പനിക്കുവേണ്ടി കരാറുകൾ നൽകുന്നത്‌ ഞാനാണ്‌. പലരും എനിക്ക്‌ കൈക്കൂലി വാഗ്‌ദാനം ചെയ്യാറുണ്ട്‌. അധ്വാനിക്കാതെ ലഭിക്കുന്ന പണത്തോട്‌ ഒരു പ്രത്യേക മമത തോന്നിയേക്കാം.”—ഫ്രെൻസ്‌, മധ്യപൂർവദേശം.

പരമാവധി ലാഭമുണ്ടാക്കാനുള്ള സമ്മർദം. അടുത്തകാലത്തായി ബിസിനെസ്‌ മേഖലയൊന്നാകെ സാമ്പത്തിക ഞെരുക്കത്തിലാണ്‌. അതിനുപുറമെയാണ്‌ സാങ്കേതികരംഗത്തെ ദ്രുതഗതിയിലുള്ള മാറ്റങ്ങളും ആഭ്യന്തര-അന്താരാഷ്‌ട്ര തലത്തിൽ ഉള്ള കിടമത്സരങ്ങളും. അതുകൊണ്ട്‌, ബിസിനെസ്‌ ഉടമകളുടെയും മാനേജർമാരുടെയും പ്രതീക്ഷയ്‌ക്കൊത്ത്‌ ലാഭം ഉണ്ടാക്കണമെങ്കിൽ സത്യസന്ധതയിൽ വിട്ടുവീഴ്‌ച കാണിച്ചേ മതിയാവൂ എന്ന്‌ തൊഴിലാളികൾക്ക്‌ തോന്നിയേക്കാം.

● “അത്‌ ചെയ്‌തേ തീരൂ എന്ന്‌ ഞങ്ങൾക്കു തോന്നി. . . . അല്ലെങ്കിൽ കമ്പനി നഷ്ടത്തിലാകുമായിരുന്നു.”—റൈൻഹാർട്ട്‌ സീകാചെക്ക്‌, കൈക്കൂലി കൊടുത്തതിന്‌ അറസ്റ്റിലായി.—ദ ന്യൂയോർക്ക്‌ ടൈംസ്‌.

മറ്റുള്ളവരിൽനിന്നുള്ള സമ്മർദം. സത്യസന്ധമല്ലാത്ത പദ്ധതികളിൽ സഹകരിക്കാൻ സഹപ്രവർത്തകരും ഇടപാടുകാരും ആവശ്യപ്പെടുകയോ ചിലപ്പോൾ നിർബന്ധിക്കുകപോലുമോ ചെയ്‌തേക്കാം.

● “‘ലാഭത്തിന്റെ ഒരു വിഹിതം’ കൈക്കൂലിയായി കൊടുത്തില്ലെങ്കിൽ മേലാൽ എന്റെ കമ്പനിയുമായി ഇടപാട്‌ ഉണ്ടായിരിക്കുകയില്ലെന്ന്‌ ഒരു സ്ഥാപനത്തിന്റെ മാനേജർ എന്നോടു പറഞ്ഞു.”—യോഹൻ, സൗത്ത്‌ ആഫ്രിക്ക.

സംസ്‌കാരം. ചില സ്ഥലങ്ങളിൽ, ബിസിനെസ്‌ ഇടപാടുകൾക്കൊപ്പം പണമോ മറ്റു സമ്മാനങ്ങളോ കൈമാറുന്നത്‌ നാട്ടുനടപ്പാണ്‌. അത്തരം സമ്മാനങ്ങളും നൽകുന്ന സാഹചര്യങ്ങളും അവ യഥാർഥത്തിൽ സമ്മാനമാണോ അതോ കൈക്കൂലിയാണോ എന്ന ചോദ്യം ഉയർത്തിയേക്കാം. പല ദേശങ്ങളിലും അഴിമതിക്കാരായ ഉദ്യോഗസ്ഥർ കർത്തവ്യനിർവഹണത്തിനു പണം ആവശ്യപ്പെടാറുണ്ട്‌. പ്രത്യേക സേവനത്തിനു പകരമായി പണം സ്വീകരിക്കുകയും ചെയ്യും.

● “കൈക്കൂലി ഏത്‌, ടിപ്പ്‌ ഏത്‌ എന്നു തിരിച്ചറിയുക പലപ്പോഴും വലിയ ബുദ്ധിമുട്ടാണ്‌.”—വില്യം, കൊളംബിയ.

ചുറ്റുപാട്‌. കടുത്ത ദാരിദ്ര്യത്തിലോ ക്രമസമാധാനത്തകർച്ച നേരിടുന്ന രാജ്യങ്ങളിലോ ജീവിക്കുന്നവർക്ക്‌ വഞ്ചിക്കാനും മോഷ്ടിക്കാനും ഉള്ള സമ്മർദം ഏറെയാണ്‌. അങ്ങനെയൊന്നും ചെയ്യാത്തവർ തങ്ങളുടെ കുടുംബത്തിനുവേണ്ടി കരുതാത്തവരാണെന്ന ചിന്താഗതിയാണുള്ളത്‌.

● “പിടിക്കപ്പെടാത്തിടത്തോളംകാലം കാപട്യവും വഞ്ചനയും സാധാരണ സംഗതിയായി, ഒരു ആവശ്യമായി, സ്വീകാര്യമായ ഒന്നായി കരുതപ്പെടുന്നു.”—റ്റോമാസ്‌, കോംഗോ കിൻഷാസ.

സത്യസന്ധത തകരുന്നത്‌ എങ്ങനെ?

കള്ളത്തരം കാണിക്കാനുള്ള സമ്മർദം വളരെ ശക്തമാണ്‌. അഴിമതിയും കൈക്കൂലിയും “തെറ്റാണെങ്കിലും ഒഴിവാക്കാനാകാത്തതാണ്‌” എന്ന്‌ ഓസ്‌ട്രേലിയയിലെ ബിസിനെസ്‌ മാനേജർമാർക്കിടയിൽ നടത്തിയ ഒരു സർവേയിൽ 10-ൽ 9 പേരും അഭിപ്രായപ്പെട്ടു. കമ്പനിയുടെ പ്രയോജനത്തിനോ ഒരു കരാർ നേടുന്നതിനോ വേണ്ടി സദാചാരമൂല്യങ്ങളിൽ വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറാണെന്നാണ്‌ അവർ പറഞ്ഞത്‌.

എന്നാൽ, തട്ടിപ്പും വഞ്ചനയും കാണിക്കുമ്പോഴും തങ്ങൾ സത്യസന്ധരാണെന്ന്‌ പലപ്പോഴും ആളുകൾ കരുതുന്നു. അവരുടെ ആ പ്രവൃത്തിയും ചിന്തയും തമ്മിൽ എങ്ങനെയാണ്‌ പൊരുത്തപ്പെടുന്നത്‌? ഒരു പത്രിക റിപ്പോർട്ടുചെയ്യുന്നത്‌ ഇങ്ങനെയാണ്‌: “പണം ഉണ്ടാക്കാൻ ആളുകൾ പരമാവധി വഞ്ചന കാണിക്കുന്നു. അതേസമയം സത്യസന്ധരാണെന്ന്‌ സ്വയം ബോധ്യപ്പെടുത്താൻ അവർ കഴിയുന്നത്ര ശ്രമിക്കുകയും ചെയ്യുന്നു.” അതെ, കാപട്യം കാണിക്കുന്നതുമൂലം ഉണ്ടാകുന്ന മാനസിക സംഘർഷം ലഘൂകരിക്കാൻ ആളുകൾ അതിന്‌ ന്യായീകരണങ്ങൾ കണ്ടെത്തുകയും അതിന്റെ ഗൗരവംകുറച്ചുകാണുകയും ചെയ്യുന്നു.

ഉദാഹരണത്തിന്‌, സത്യസന്ധമല്ലാത്ത പ്രവൃത്തികളെക്കുറിച്ച്‌ ആളുകൾ വളരെ ലാഘവത്തോടെയാണ്‌ സംസാരിക്കാറുള്ളത്‌. നുണയും ചതിയും ഒക്കെ കുറുക്കുവഴികളായും സാമർഥ്യത്തിന്റെ ലക്ഷണമായും കരുതുന്നു. കൈക്കൂലിയെ, ഒരു ‘കൈമടക്ക്‌’ അല്ലെങ്കിൽ ‘വേഗത്തിൽ കാര്യം നടത്താനുള്ള ഫീസ്‌’ ആയിട്ടാണ്‌ ആളുകൾ കണക്കാക്കുന്നത്‌.

സത്യസന്ധതയുടെ നിർവചനം പൊളിച്ചെഴുതിക്കൊണ്ടാണ്‌ ചിലർ തങ്ങളുടെ വഴിവിട്ട പെരുമാറ്റം ന്യായീകരിക്കാൻ ശ്രമിക്കുന്നത്‌. ധനവിനിമയരംഗത്ത്‌ ജോലിചെയ്യുന്ന ടോം പറയുന്നത്‌ ശ്രദ്ധിക്കുക: “സത്യനിഷ്‌ഠമായി കാര്യങ്ങൾ ചെയ്യുന്നതിനു പകരം നിയമത്തിന്റെ ദൃഷ്ടിയിൽ മാന്യനാണെന്ന്‌ വരുത്തിത്തീർക്കുക; സത്യസന്ധത എന്നു പറയുമ്പോൾ പൊതുവെ ആളുകൾ കരുതുന്നത്‌ അതാണ്‌.” ഒരു ബിസിനെസ്‌ എക്‌സിക്യൂട്ടീവ്‌ ആയിരുന്ന ഡേവിഡ്‌ പറയുന്നത്‌ ഇതാണ്‌: “പിടിക്കപ്പെട്ടു കഴിഞ്ഞാൽ ആളുകൾ നിങ്ങൾക്കെതിരെ മുഖംതിരിക്കും. പക്ഷേ അതുവരേക്കും കാപട്യം എല്ലാവരാലും സ്വീകാര്യമാണ്‌. പിടിക്കപ്പെടാതെ നടക്കുന്നവരാണ്‌ ‘മിടുക്കന്മാർ.’”

തട്ടിപ്പുംവെട്ടിപ്പും വിജയത്തിന്‌ അനിവാര്യമാണെന്നുപോലും അനേകർ അവകാശപ്പെടുന്നു. കാലങ്ങളായി ബിസിനെസ്‌ നടത്തുന്ന ഒരാൾ ഇങ്ങനെയാണ്‌ അഭിപ്രായപ്പെടുന്നത്‌: “ഇന്നത്തെ മത്സരചിന്താഗതി ആളുകളെക്കൊണ്ട്‌ പറയിക്കുന്നത്‌, ‘ജോലി ലഭിക്കണമെങ്കിൽ എന്തുംചെയ്യാൻ തയ്യാറാകണം’ എന്നാണ്‌.” എന്നാൽ അതു ശരിയാണോ? അതോ സത്യസന്ധതയില്ലായ്‌മയെ ന്യായീകരിക്കാൻ ശ്രമിക്കുന്നവർ “സത്യവിരുദ്ധമായ വാദങ്ങളാൽ സ്വയം വഞ്ചിക്ക”പ്പെടുകയാണോ? (യാക്കോബ്‌ 1:22) സത്യസന്ധരായിരിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച്‌ വിശദീകരിക്കുന്നതാണ്‌ അടുത്ത ലേഖനം. (g12-E 01)

[5-ാം പേജിലെ ആകർഷക വാക്യം]

“സത്യനിഷ്‌ഠമായി കാര്യങ്ങൾ ചെയ്യുന്നതിനു പകരം നിയമത്തിന്റെ ദൃഷ്ടിയിൽ മാന്യനാണെന്ന്‌ വരുത്തിത്തീർക്കുക; സത്യസന്ധത എന്നു പറയുമ്പോൾ പൊതുവെ ആളുകൾ കരുതുന്നത്‌ അതാണ്‌”

[5-ാം പേജിലെ ചിത്രം]

തട്ടിപ്പുംവെട്ടിപ്പും വിജയത്തിന്‌ അനിവാര്യമാണെന്ന്‌ അനേകർ അവകാശപ്പെടുന്നു