മാതാപിതാക്കളുടെ ലക്ഷ്യം എന്തായിരിക്കണം?
ബൈബിളിന്റെ വീക്ഷണം
മാതാപിതാക്കളുടെ ലക്ഷ്യം എന്തായിരിക്കണം?
നിങ്ങളുടെ കുട്ടി എങ്ങനെയുള്ള ഒരാളായിത്തീരാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
എ. നിങ്ങളുടെ തനിപ്പകർപ്പ്.
ബി. ഒരു മത്സരി; നിങ്ങൾ എങ്ങനെയുള്ള വ്യക്തിയാണോ അതിന് നേർവിപരീതമാകാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഒരാൾ.
സി. ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാൻ പ്രാപ്‌തനായ ഉത്തരവാദിത്വബോധമുള്ള വ്യക്തി.
മക്കൾ ഉത്തരവാദിത്വബോധമുള്ള വ്യക്തികളായിത്തീരാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് പറയുന്ന ചില മാതാപിതാക്കൾപോലും സ്വന്തം താത്‌പര്യങ്ങൾ കുട്ടികളുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കും. ഉദാഹരണത്തിന്, പഠനം പൂർത്തിയാക്കിയശേഷം കുട്ടി എന്തു ചെയ്യണം, ഏതു ജോലി തിരഞ്ഞെടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത് മാതാപിതാക്കളായിരിക്കും. ഫലമോ? കുറച്ച് സ്വാതന്ത്ര്യം കിട്ടിയാൽ, മാതാപിതാക്കൾ പറയുന്നതൊന്നും കൂട്ടാക്കാതെ കുട്ടികൾ അവരുടെ വഴിക്കുപോകും. അതെ, സ്വന്തം ചിന്താഗതികളും താത്‌പര്യങ്ങളും മക്കളുടെമേൽ അടിച്ചേൽപ്പിച്ച് അവരെ തങ്ങളുടെ തനിപ്പകർപ്പ് ആക്കിത്തീർക്കാൻ ശ്രമിക്കുന്ന മിക്ക മാതാപിതാക്കൾക്കും ഒടുവിൽ അവർ മത്സരികളായിത്തീരുന്നത് കാണേണ്ടിവരും.
നിയന്ത്രണങ്ങൾ അതിരുകടക്കരുത്
നിങ്ങളുടെ കുട്ടി ഉത്തരവാദിത്വബോധമുള്ള ഒരാളായി വളർന്നുവരുന്നതു കാണാനായിരിക്കും നിങ്ങൾ ആഗ്രഹിക്കുന്നത്. പക്ഷേ അത് എങ്ങനെ സാധിക്കും? ഒരു കാര്യം തീർച്ചയാണ്: എന്തിനും ഏതിനും നിയന്ത്രണങ്ങൾ വെക്കുന്നതുകൊണ്ട് ഗുണമില്ല. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? രണ്ടുകാരണങ്ങൾ ഇതാ:
1. അതിരുകടന്ന നിയന്ത്രണം തിരുവെഴുത്തുപരമല്ല. ഇച്ഛാസ്വാതന്ത്ര്യമുള്ളവരായിട്ടാണ് യഹോവയാം ദൈവം മനുഷ്യരെ സൃഷ്ടിച്ചത്. എങ്ങനെയുള്ള ജീവിതം നയിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവൻ മനുഷ്യർക്ക് നൽകിയിരിക്കുന്നു. തന്റെ സഹോദരനായ ഹാബേലിനോടുള്ള നീരസം കയീനെ കോപാക്രാന്തനാക്കിയപ്പോൾ യഹോവ അവനോട് എന്താണു പറഞ്ഞതെന്ന് ശ്രദ്ധിക്കുക: “നീ നന്മ ചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്‌ക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം.”—ഉല്‌പത്തി 4:7.
കയീന് വ്യക്തമായ നിർദേശം നൽകിയെങ്കിലും അത് അനുസരിക്കാൻ യഹോവ അവനെ നിർബന്ധിച്ചില്ല എന്നതു ശ്രദ്ധേയമാണ്. തന്റെ കോപം കീഴടക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് കയീനായിരുന്നു. ഇതിൽനിന്ന് എന്തു മനസ്സിലാക്കാം? അമിതമായ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് തന്നെ അനുസരിക്കാൻ യഹോവ തന്റെ സൃഷ്ടികളെ നിർബന്ധിക്കാത്ത സ്ഥിതിക്ക്, മാതാപിതാക്കളായ നിങ്ങൾ മക്കളോടുള്ള ബന്ധത്തിൽ അങ്ങനെയൊരു സമീപനം സ്വീകരിക്കരുത്. *
2. അതിരുകടന്ന നിയന്ത്രണം ആപത്താണ്. തന്റെ ഉത്‌പന്നങ്ങൾ നിങ്ങളുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഒരു സെയിൽസ്‌മാനെ മനസ്സിൽ കാണുക. അയാൾ എത്ര നിർബന്ധിക്കുന്നുവോ, നിങ്ങൾക്ക് അത്രയും അനിഷ്ടം തോന്നും. നിങ്ങൾക്ക് ആവശ്യമുള്ള ഒരു സാധനമാണ് അയാൾ വിൽക്കുന്നതെങ്കിൽപ്പോലും അയാളുടെ പെരുമാറ്റംകൊണ്ട് ഒരുപക്ഷേ നിങ്ങൾ അത് വേണ്ടെന്നുവെക്കും. എങ്ങനെയും അയാളെ ഒഴിവാക്കാനായിരിക്കും നിങ്ങളുടെ ശ്രമം.
നിങ്ങളുടെ ഇഷ്ടങ്ങളും വിശ്വാസങ്ങളും ലക്ഷ്യങ്ങളും ഒക്കെ മക്കളുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോഴും ഇതുതന്നെയായിരിക്കും സംഭവിക്കുക. അവർ അത് അംഗീകരിക്കാൻ തീരെ സാധ്യതയില്ല. എന്തിനധികം, നിങ്ങളുടെ നിലവാരങ്ങളെയും മാനദണ്ഡങ്ങളെയും അവർ വെറുക്കാൻ തുടങ്ങിയെന്നും വരാം. അതെ, മിക്കപ്പോഴും അമിതനിയന്ത്രണം കുട്ടികളെ മത്സരികളാക്കുകയേയുള്ളൂ. അങ്ങനെയെങ്കിൽ മാതാപിതാക്കളെന്ന നിലയ്‌ക്ക് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് എന്താണ്?
നിങ്ങളുടെ മകൻ/മകൾ ഇപ്പോൾ ഒരു കൊച്ചുകുട്ടിയല്ലെന്ന് ഓർക്കണം. അതുകൊണ്ടുതന്നെ അവരുടെ ജീവിതത്തിന്റെ കടിഞ്ഞാൺ നിങ്ങളുടെ കൈയിലായിരിക്കണം എന്നു ശഠിക്കരുത്. പകരം, ശരി ചെയ്യുന്നതിലെ ജ്ഞാനം കാണാൻ അവരെ സഹായിക്കുക. ഉദാഹരണത്തിന്, യഹോവയാം ദൈവത്തെ ആരാധിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ, ദൈവിക നിലവാരങ്ങൾ അനുസരിച്ചു ജീവിക്കുന്നതിന്റെ പ്രയോജനത്തെക്കുറിച്ച് അവർക്ക് പറഞ്ഞുകൊടുക്കാം. ജീവിതകാലം മുഴുവൻ അത് അവർക്ക് സന്തോഷവും സംതൃപ്‌തിയും കൈവരുത്തും എന്ന് അവർ അറിയട്ടെ.—യെശയ്യാവു 48:17, 18.
ഇക്കാര്യത്തിൽ നിങ്ങൾതന്നെ മാതൃകയായിരിക്കണം. കുട്ടി എങ്ങനെയുള്ള വ്യക്തിയായിത്തീരാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് ജീവിച്ചുകാണിക്കുക. (1 കൊരിന്ത്യർ 11:1) നിങ്ങളുടെ ജീവിതമൂല്യങ്ങൾ കുട്ടിക്ക് വ്യക്തമായിരിക്കണം. (സദൃശവാക്യങ്ങൾ 4:11) നിങ്ങളുടെ കുട്ടി ദൈവത്തെയും അവന്റെ നിലവാരങ്ങളെയും സ്‌നേഹിച്ചുതുടങ്ങിയാൽ ജ്ഞാനപൂർവമായ തീരുമാനങ്ങളെടുക്കാൻ അവനാകും. എന്തിന്, നിങ്ങൾ കൂടെയില്ലാത്തപ്പോൾപ്പോലും അവൻ ശരിയായ തീരുമാനങ്ങളെടുക്കും.—സങ്കീർത്തനം 119:97; ഫിലിപ്പിയർ 2:12.
പ്രായോഗിക വൈദഗ്‌ധ്യങ്ങൾ പകർന്നുകൊടുക്കാം
രണ്ടാം പേജിൽ കണ്ടതുപോലെ, പെട്ടെന്നായിരിക്കും നിങ്ങളുടെ കുട്ടി വളർന്നുവലുതായി “അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞ്” സ്വന്തമായൊരു ജീവിതം തുടങ്ങുന്നത്. (ഉല്‌പത്തി 2:24) സ്വന്തം കാലിൽ നിൽക്കാൻ ആവശ്യമായ പ്രാപ്‌തികൾ കുട്ടി സ്വായത്തമാക്കണമെന്ന് ഏതൊരു അച്ഛനെയും അമ്മയെയും പോലെ നിങ്ങളും ആഗ്രഹിക്കും. ഇപ്പോൾ, അവൻ നിങ്ങളോടൊപ്പം ഉള്ളപ്പോൾത്തന്നെ, പല വൈദഗ്‌ധ്യങ്ങളും ആർജിച്ചെടുക്കാൻ നിങ്ങൾക്ക് അവനെ സഹായിക്കാം.
ഗാർഹിക വൈദഗ്‌ധ്യങ്ങൾ. ഭക്ഷണം പാകംചെയ്യാൻ നിങ്ങളുടെ കുട്ടിക്ക് അറിയാമോ? വസ്‌ത്രം കഴുകാനും ഇസ്‌തിരിയിടാനും മുറി വൃത്തിയായി സൂക്ഷിക്കാനും ഒക്കെ അവൻ പഠിച്ചിട്ടുണ്ടോ? വീട്ടിൽ ഒരു വാഹനമുണ്ടെങ്കിൽ, അതിന്റെ അല്ലറചില്ലറ കേടുപാടുകൾ തീർക്കാനും ടയർ മാറ്റിയിടാനും ഒക്കെ അവന് അറിയാമോ? വീട്ടിൽനിന്നുമാറി ഒറ്റയ്‌ക്കു താമസിക്കേണ്ട ഒരു സാഹചര്യം വരുമ്പോൾ ഈ പ്രാപ്‌തികൾ അവനു തുണയാകും. ‘ഏതു സാഹചര്യത്തിലും കഴിയാൻ എനിക്കു പരിശീലനം ലഭിച്ചിട്ടുണ്ട്’ എന്ന് പൗലോസ് അപ്പൊസ്‌തലൻ ഒരിക്കൽ പറയുകയുണ്ടായി.—ഫിലിപ്പിയർ 4:12, പി.ഒ.സി. ബൈബിൾ.
സാമൂഹിക വൈദഗ്‌ധ്യങ്ങൾ. (യാക്കോബ് 3:17) മറ്റുള്ളവരുമായി പൊരുത്തപ്പെട്ടുപോകാൻ നിങ്ങളുടെ കുട്ടിക്ക് കഴിയുമോ? പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ അവനാകുമോ? ആളുകളോട് ആദരവോടെ ഇടപെടാൻ നിങ്ങൾ അവനെ പഠിപ്പിച്ചിട്ടുണ്ടോ? (എഫെസ്യർ 4:29, 31, 32) “സകലതരം മനുഷ്യരെയും ബഹുമാനിക്കുവിൻ” എന്ന് ബൈബിൾ പറയുന്നു.—1 പത്രോസ് 2:17.
പണം കൈകാര്യം ചെയ്യാനുള്ള പ്രാപ്‌തി. (ലൂക്കോസ് 14:28) ഒരു തൊഴിൽ പഠിക്കാനും ബഡ്‌ജറ്റിൽ ഒതുങ്ങി ജീവിച്ചുകൊണ്ട് കടം ഒഴിവാക്കാനും നിങ്ങൾക്ക് കുട്ടിയെ സഹായിക്കാനാകുമോ? പണം സൂക്ഷിച്ച് ചെലവാക്കാനും കണ്ണിൽക്കാണുന്നതെന്തും വാങ്ങിക്കൂട്ടുന്നതിനുപകരം ഉള്ളതുകൊണ്ട് തൃപ്‌തിപ്പെടാനും നിങ്ങൾ അവനെ പരിശീലിപ്പിച്ചിട്ടുണ്ടോ? (സദൃശവാക്യങ്ങൾ 22:7) “ഉണ്ണാനും ഉടുക്കാനും വകയുണ്ടെങ്കിൽ നമുക്കു തൃപ്‌തിപ്പെടാം” എന്ന് പൗലോസ് എഴുതി.—1 തിമൊഥെയൊസ് 6:8.
ശരിയായ മൂല്യങ്ങൾ പിൻപറ്റുകയും പ്രായോഗിക വൈദഗ്‌ധ്യങ്ങൾ ആർജിച്ചെടുക്കുകയും ചെയ്‌തിരിക്കുന്ന കൗമാരക്കാർ മുതിർന്ന വ്യക്തികളെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ സജ്ജരായെന്നു പറയാം. അത്രത്തോളം പുരോഗമിക്കുന്നതിന് മക്കളെ സഹായിക്കാൻ സാധിച്ചാൽ ആ മാതാപിതാക്കൾ തങ്ങളുടെ ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു!—സദൃശവാക്യങ്ങൾ 23:24. (g11-E 10)
[അടിക്കുറിപ്പ്]
^ ഖ. 11 കൂടുതൽ വിവരങ്ങൾക്ക് 2011 ജൂലൈ-സെപ്റ്റംബർ ലക്കം വീക്ഷാഗോപുരത്തിന്റെ 25-26 പേജുകൾ കാണുക.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
● മാതാവ്/പിതാവ് എന്ന നിലയിൽ നിങ്ങൾക്ക് എന്തു ലക്ഷ്യമാണുള്ളത്?—എബ്രായർ 5:14.
● മുതിർന്നുകഴിയുമ്പോൾ നിങ്ങളുടെ കുട്ടിക്ക് എന്തു തീരുമാനം എടുക്കേണ്ടിവരും? —യോശുവ 24:15.
[25-ാം പേജിലെ ചിത്രം]
നിങ്ങളുടെ കുട്ടി എങ്ങനെയുള്ള ഒരാളായിത്തീരാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
നിങ്ങളുടെ തനിപ്പകർപ്പ് . . .
ഒരു മത്സരി . . .
ഉത്തരവാദിത്വബോധമുള്ള ഒരു വ്യക്തി