1 നല്ല ആഹാരശീലങ്ങൾ പാലിക്കുക
“മിതമായ ഭക്ഷണം; ഏറെയും സസ്യാഹാരം.” ആരോഗ്യദായകമായ ഒരു ആഹാരക്രമം ചുരുങ്ങിയ വാക്കുകളിലൂടെ കാണിച്ചുതരുന്നു എഴുത്തുകാരനായ മൈക്കിൾ പോല്ലൻ. ആ വാക്കുകൾ നമുക്കൊന്നു വിശകലനം ചെയ്യാം.
ഫ്രഷ് ആയ ആഹാരസാധനങ്ങൾ കഴിക്കുക. സംസ്കരിച്ച ഭക്ഷണപദാർഥങ്ങൾക്കു പകരം പഴമക്കാർ ശീലിച്ചുവന്ന ആഹാരം കഴിക്കുന്നതാണ് ഉത്തമം. തവിടുനീക്കാത്ത ധാന്യങ്ങൾ, ഫ്രഷ് ആയ പഴങ്ങൾ തുടങ്ങിയവ ധാരാളം കഴിക്കാം. ടിന്നിലടച്ച ആഹാരസാധനങ്ങളിലും ഫാസ്റ്റ് ഫുഡിലുമൊക്കെ പഞ്ചസാരയുടെയും ഉപ്പിന്റെയും കൊഴുപ്പിന്റെയും അളവ് വളരെ കൂടുതലായിരിക്കും. ഇവ ഹൃദയാഘാതം, പക്ഷാഘാതം, കാൻസർ തുടങ്ങിയ മാരകരോഗങ്ങൾക്ക് വഴിവെക്കും. ആഹാരസാധനങ്ങൾ വറുത്ത് ഉപയോഗിക്കുന്നതിനു പകരം ആവികയറ്റിയോ ബേക്ക് ചെയ്തോ ഗ്രിൽ ചെയ്തോ ഉപയോഗിക്കുക. ഉപ്പു കുറയ്ക്കുക. കറിവേപ്പില, മല്ലിയില, പുതിനയില തുടങ്ങിയവയും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിക്കുന്നത് എപ്പോഴും നല്ലതാണ്. മാംസം നന്നായി വേവിച്ചുമാത്രം കഴിക്കുക. പഴകിയ ഭക്ഷണം ഒരുകാരണവശാലും കഴിക്കരുത്.
അമിതഭക്ഷണം അരുത്! അമിതതൂക്കവും പൊണ്ണത്തടിയും ആഗോള പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ടു ചെയ്യുന്നു. അമിതഭക്ഷണമാണ് പ്രധാന കാരണം. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ “വികലപോഷിതരായ കുട്ടികളെക്കാൾ കൂടുതലാണ് അമിതതൂക്കമുള്ള കുട്ടികളുടെ എണ്ണം” എന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു. പൊണ്ണത്തടിയുള്ള കുട്ടികൾക്ക്, ചെറുപ്പത്തിലും വളർന്നുകഴിഞ്ഞും പ്രമേഹംപോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ആഹാരശീലങ്ങളിൽ മിതത്വം പാലിച്ചുകൊണ്ട് മാതാപിതാക്കൾതന്നെ മക്കൾക്ക് മാതൃകയാകണം.
സസ്യാഹാരം ശീലിക്കാം. മാംസവും അന്നജം അടങ്ങിയ ആഹാരവും കുറയ്ക്കുക. പകരം, പഴങ്ങളും പച്ചക്കറികളും തവിടു നീക്കാത്ത ധാന്യങ്ങളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. മാംസാഹാരത്തെക്കാൾ മത്സ്യമാണ് ഉത്തമം. തവിടുനീക്കി സംസ്കരിച്ചെടുത്ത ധാന്യംകൊണ്ടുണ്ടാക്കിയ ബ്രഡ്ഡുകൾ, പാസ്ത, പച്ചരി തുടങ്ങിയവയിൽ പോഷകമൂല്യം തീരെ കുറവായതിനാൽ അവയുടെ ഉപയോഗം മിതപ്പെടുത്തുക. ബർഗർ, ഫ്രഞ്ച് ഫ്രൈസ്, പിസ പോലുള്ള ജങ്ക്ഫുഡുകൾ അപകടകാരികളാണ്. ആരോഗ്യഭക്ഷണത്തോട് താത്പര്യം വളർത്താൻ മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കണം. ഇടയാഹാരമായി ചിപ്സും ചോക്ളേറ്റും നൽകാതെ നട്സും പഴവർഗങ്ങളും പച്ചക്കറികളും (നന്നായി കഴുകി) കൊടുത്ത് ശീലിപ്പിക്കാം.
ധാരാളം വെള്ളം കുടിക്കുക. ദിവസവും ധാരാളം വെള്ളം കുടിക്കാൻ കുട്ടികളും മുതിർന്നവരും പ്രത്യേകം ശ്രദ്ധിക്കണം. മധുരം ചേർക്കാത്ത പാനീയങ്ങളുമാവാം. ചൂടുള്ള കാലാവസ്ഥയിലും, വ്യായാമങ്ങൾക്കും കായിക പ്രവർത്തനങ്ങൾക്കും ഇടയിലും കൂടുതൽ വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. വെള്ളം കുടിക്കുന്നത് ദഹനം ത്വരിതപ്പെടുത്തുന്നു, ശരീരത്തിൽനിന്നു വിഷപദാർഥങ്ങൾ നീക്കംചെയ്യുന്നു, ത്വക്കിനെ ആരോഗ്യമുള്ളതാക്കുന്നു, തൂക്കം കൂടാതിരിക്കാൻ സഹായിക്കുന്നു. ശരീരത്തിൽ വേണ്ടത്ര ജലാംശം ഉണ്ടെങ്കിൽ അതു നമുക്ക് ഉണർവു നൽകും. എന്തിന്, വെള്ളം കുടിക്കുന്നത് അഴക് വർധിപ്പിക്കുകപോലും ചെയ്യുമത്രേ. എന്നാൽ ലഹരിപാനീയങ്ങളുടെയും ശീതളപാനീയങ്ങളുടെയും അമിത ഉപയോഗം ദോഷംചെയ്യും. ദിവസവും ഒരു ക്യാൻ സോഫ്റ്റ് ഡ്രിങ്ക് കുടിക്കുന്നത് ഒരു വർഷംകൊണ്ട് ആറു കിലോവരെ തൂക്കം കൂടാൻ ഇടയാക്കും.
ചില പ്രദേശങ്ങളിൽ നന്നേ പ്രയാസപ്പെട്ടാണ് ആളുകൾ ശുദ്ധജലം ശേഖരിക്കുന്നത്. വേറെ ചില സ്ഥലങ്ങളിൽ വെള്ളം പണം കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ്. എന്തുതന്നെയായാലും വെള്ളംകുടി ഒഴിവാക്കാൻ പറ്റാത്ത കാര്യമാണ്. വെള്ളത്തിൽ മാലിന്യങ്ങളുണ്ടെങ്കിൽ തിളപ്പിച്ചോ ഫിൽട്ടർ ചെയ്തോ വേണം ഉപയോഗിക്കാൻ. യുദ്ധത്തിലോ ഭൂകമ്പത്തിലോ കൊല്ലപ്പെടുന്നതിലും അധികം ആളുകൾ മലിനജലത്തിന്റെ ഉപയോഗംമൂലം മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദിവസം 4,000-ത്തോളം കുട്ടികൾ ഇങ്ങനെ മരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. നവജാതശിശുക്കൾക്ക് ആദ്യത്തെ ആറുമാസം മുലപ്പാൽമാത്രം നൽകാനാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. പിന്നീട് മറ്റ് ആഹാരവും കൊടുത്തുതുടങ്ങാം. എന്നാൽ രണ്ടുവയസ്സുവരെയെങ്കിലും മുലപ്പാൽ കൊടുക്കണം. (g11-E 03)