വിശ്വസിക്കാൻ പറ്റിയ ആരെങ്കിലുമുണ്ടോ?
വിശ്വസിക്കാൻ പറ്റിയ ആരെങ്കിലുമുണ്ടോ?
അനസ്‌തേഷ്യാരംഗത്ത് വലിയ കണ്ടുപിടിത്തങ്ങൾ നടത്തിയ ഒരു പ്രഗത്ഭനായിട്ടാണ് അദ്ദേഹത്തെ എല്ലാവരും കണ്ടിരുന്നത്. എന്നാൽ 1996-ൽ തുടങ്ങി ഏതാണ്ട് പത്തുവർഷക്കാലം പ്രശസ്‌ത മെഡിക്കൽ ജേർണലുകളിൽ പ്രസിദ്ധീകരിച്ചുപോന്ന അദ്ദേഹത്തിന്റെ ഗവേഷണഫലങ്ങൾ വാസ്‌തവത്തിൽ കെട്ടിച്ചമച്ചവയായിരുന്നു.
“ഒരാൾ എന്തിന് ഇങ്ങനെയൊരു വഞ്ചന കാണിക്കണം എന്ന് എനിക്കു മനസ്സിലാകുന്നില്ല,” ഡോക്‌ടർ സ്റ്റീവൻ എൽ. ഷാഫർ പറയുന്നു.—അനസ്‌തേഷ്യോളജി ന്യൂസ്.
ഇങ്ങനെയുള്ള വഞ്ചനകൾ കാണിക്കാൻ ആദരണീയരായ വ്യക്തികളെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കാം? നാലു സാധ്യതകൾ താഴെ കൊടുക്കുന്നു:
● അത്യാഗ്രഹം. ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ എന്ന മാസികയുടെ മുൻ എഡിറ്ററായ ഡോക്‌ടർ ജെറോം കാസിറർ ഇങ്ങനെ പറഞ്ഞതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്‌തു: “വരുമാനമുണ്ടാക്കിത്തരുന്ന [മരുന്നു]കമ്പനികളോടു കടപ്പാടു തോന്നുമ്പോൾ കമ്പനിക്ക് ഗുണംചെയ്യുന്ന വിധത്തിൽ ഗവേഷണഫലങ്ങളിൽ തിരിമറികൾ നടത്താൻ ചില ഗവേഷകർ ചായ്‌വു കാട്ടിയേക്കാം.”
● എങ്ങനെയും വിജയം ഉറപ്പാക്കുക. ജർമനിയിലെ ശാസ്‌ത്രവിദ്യാർഥികൾ, ഡോക്‌ടറേറ്റ് പദവി “സ്വന്തമാക്കാൻ” അധ്യാപകർക്ക് ആയിരക്കണക്കിന് യൂറോ കൈക്കൂലി നൽകിയത്രേ. ആദർശങ്ങൾ കാറ്റിൽപ്പറത്തിയ പല വിദ്യാർഥികളും, ‘ആദ്യം വിജയം, ആദർശങ്ങളൊക്കെ അതുകഴിഞ്ഞ്’ എന്ന ചിന്താഗതിക്കാരായിരുന്നുവെന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്‌തു.
● മാതൃകായോഗ്യരായ വ്യക്തികളുടെ അഭാവം. ഹൈസ്‌കൂൾ വിദ്യാർഥികളെക്കുറിച്ച് പറയവെ ഒരു പ്രൊഫസർ ഇങ്ങനെ അഭിപ്രായപ്പെട്ടതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു: “ധാർമികബോധമില്ലാത്തവർ എന്ന് അവരെ വിശേഷിപ്പിക്കാനുള്ള ഒരു പ്രവണത നമുക്കുണ്ട്. . . . പക്ഷേ അവരുടെ അധ്യാപകരാകട്ടെ, വഴികാട്ടികളാകട്ടെ, സമൂഹത്തിലുള്ള
മറ്റുള്ളവരാകട്ടെ ആരും അവരിൽ ധാർമികമൂല്യങ്ങൾ ഉൾനടാൻ ശ്രമിച്ചിട്ടില്ല എന്നു പറയുന്നതാകും കൂടുതൽ ശരി.”● വാക്കൊന്ന് പ്രവൃത്തിയൊന്ന്. 30,000-ത്തോളം വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടു നടത്തിയ ഒരു പഠനത്തിൽ 98 ശതമാനവും, വ്യക്തിബന്ധങ്ങൾ നിലനിറുത്താൻ സത്യസന്ധത അനിവാര്യമാണെന്ന് വിശ്വസിക്കുന്നതായി അഭിപ്രായപ്പെട്ടു. എന്നാൽ, അവരിൽ 80 ശതമാനം പേരും അച്ഛനമ്മമാരോട് നുണ പറഞ്ഞിട്ടുണ്ടെന്ന് സമ്മതിച്ചു. 64 ശതമാനം തലേവർഷം നടന്ന പരീക്ഷയിൽ കോപ്പിയടിച്ചെന്നും തുറന്നുപറഞ്ഞു.
ഉദാത്തമായ ധാർമിക തത്ത്വങ്ങൾ
പരസ്‌പരം വിശ്വസിക്കാനുള്ള പ്രവണതയോടെയാണ് മനുഷ്യർ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. (ഈ പേജിലെ ചതുരം കാണുക.) എന്നാൽ ബൈബിൾ വ്യക്തമാക്കുന്ന മറ്റൊരു സംഗതിയുണ്ട്. “മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു” എന്ന് അതു പറയുന്നു. (ഉല്‌പത്തി 8:21) ഈ ചായ്‌വിനെതിരെ പോരാടാനും ലോകത്തിൽ വ്യാപകമായി കാണുന്ന സത്യസന്ധതയില്ലായ്‌മയെ ചെറുക്കാനും നിങ്ങൾക്ക് എങ്ങനെ കഴിയും? പിൻവരുന്ന ചില ബൈബിൾതത്ത്വങ്ങൾ സഹായകമായിരിക്കും:
● “കൂട്ടുകാരൻ സമീപേ നിർഭയം വസിക്കുമ്പോൾ, അവന്റെ നേരെ ദോഷം നിരൂപിക്കരുത്.”—സദൃശവാക്യങ്ങൾ 3:29.
സഹമനുഷ്യരെ സ്‌നേഹിക്കുന്നെങ്കിൽ അവർക്കു നന്മ ചെയ്യാനായിരിക്കും നാം ശ്രമിക്കുക, നമ്മിലുള്ള അവരുടെ വിശ്വാസത്തെ ചൂഷണം ചെയ്യാനായിരിക്കില്ല. അതെ, ഈ തത്ത്വം ബാധകമാക്കുന്ന ഒരാൾ ഒരിക്കലും പണത്തോടുള്ള ആർത്തിമൂത്ത് മറ്റുള്ളവരെ ചൂഷണം ചെയ്യില്ല.
● “സത്യം പറയുന്ന അധരം എന്നേക്കും നിലനില്‌ക്കും; വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു.”— സദൃശവാക്യങ്ങൾ 12:19.
പലരും വിചാരിക്കുന്നത് സത്യസന്ധരായ ആളുകൾക്ക് എപ്പോഴും തിരിച്ചടികളേ ഉണ്ടാകുകയുള്ളൂ എന്നാണ്. എന്നാൽ ചിന്തിച്ചുനോക്കൂ: ‘ഏതാണു നല്ലത്? ക്ഷണത്തിൽ വന്നുപോകുന്ന ഒരു നേട്ടമോ അതോ ആത്മാഭിമാനം പോലെ നിലനിൽക്കുന്ന ഒരു നേട്ടമോ?’ കോപ്പിയടിച്ച് പരീക്ഷ പാസ്സാകുന്ന ഒരു വിദ്യാർഥിക്ക് താൻ ബുദ്ധിമാനാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായേക്കും. പക്ഷേ നാളെയൊരിക്കൽ ഒരു ജോലിയിൽ കയറുമ്പോൾ അയാൾക്ക് തന്റെ ബുദ്ധിസാമർഥ്യം തെളിയിക്കാനാകുമെന്നു തോന്നുന്നുണ്ടോ?
● “പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ.”—സദൃശവാക്യങ്ങൾ 20:7.
നിങ്ങൾ മാതാപിതാക്കളാണെങ്കിൽ “പരമാർത്ഥതയിൽ” നടന്നുകൊണ്ട് മക്കൾക്ക് നല്ല മാതൃക വെക്കുക. നേർവഴിയിൽ നടന്നതിന്റെ ഫലമായി നിങ്ങൾക്കു ലഭിച്ച പ്രയോജനങ്ങളെക്കുറിച്ച് മക്കളോടു പറയുക. മാതാപിതാക്കൾ നേരായ മാർഗത്തിൽ ചരിക്കുന്നതു കാണുമ്പോൾ മക്കളും അതേ പാത പിന്തുടരാനുള്ള സാധ്യതയേറെയാണ്.—സദൃശവാക്യങ്ങൾ 22:6.
നാം കണ്ട ബൈബിൾതത്ത്വങ്ങൾ പ്രായോഗികമാണോ? ആശ്രയയോഗ്യരായ ആളുകൾ ഇന്നുണ്ടോ? (g10-E 10)
[4-ാം പേജിലെ ആകർഷക വാക്യം]
“രാഷ്‌ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ ഉന്നതന്മാർ ആദർശശാലികളല്ലെന്ന്” കരുതുന്ന ഫ്രഞ്ചുകാരുടെ എണ്ണം കൂടിവരുകയാണെന്ന് ഫ്രഞ്ചു പത്രമായ ലേ ഫീഗെറൊ റിപ്പോർട്ടു ചെയ്യുന്നു. “‘പിന്നെ ഞങ്ങൾ എന്തിന് അങ്ങനെയാകണം?’ എന്നാണ് പൊതുജനചിന്ത.”
[5-ാം പേജിലെ ചതുരം]
പരസ്‌പരം വിശ്വസിക്കാനുള്ള പ്രവണതയോടെ സൃഷ്ടിക്കപ്പെട്ടവർ!
പരസ്‌പരം വിശ്വസിക്കുക എന്നുള്ളത് “മനുഷ്യന്റെ ജൈവഘടനയുടെ ഭാഗമാണെന്ന്” ജർമനിയിലെ ഫ്രാങ്ക്‌ഫർട്ട് യൂണിവേഴ്‌സിറ്റിയിലെ ബിസിനസ് അഡ്‌മിനിസ്‌ട്രേഷൻ വിഭാഗം പ്രൊഫസർ മൈക്കൽ കോസ്‌ഫെൽഡ് ചില പരീക്ഷണങ്ങളിലൂടെ കണ്ടെത്തുകയുണ്ടായി. രണ്ടുപേർ തമ്മിൽ ആശയവിനിമയം നടത്തുമ്പോൾ മസ്‌തിഷ്‌കം ഓക്‌സിറ്റോസിൻ—മറ്റേയാളെ വിശ്വസിക്കാൻ പ്രേരണയേകുന്ന ഒരു ഹോർമോൺ—പുറപ്പെടുവിക്കുന്നു. “മനുഷ്യവർഗത്തിന്റെ മാത്രം സവിശേഷതയാണിത്” എന്ന് കോസ്‌ഫെൽഡ് കൂട്ടിച്ചേർക്കുന്നു. “ഈ വിശ്വാസ്യതയുടെ അഭാവം മനുഷ്യനെ മനുഷ്യനല്ലാതാക്കും.”