വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരോഗ്യമുള്ള അമ്മമാർ, ആരോഗ്യമുള്ള കുഞ്ഞുങ്ങൾ!

ആരോഗ്യമുള്ള അമ്മമാർ, ആരോഗ്യമുള്ള കുഞ്ഞുങ്ങൾ!

ആരോഗ്യമുള്ള അമ്മമാർ, ആരോഗ്യമുള്ള കുഞ്ഞുങ്ങൾ!

അമ്മയുടെ മാറോടുചേർന്ന്‌ സുഖമായി ഉറങ്ങുന്ന പിഞ്ചുകുഞ്ഞ്‌. അവനെ കൺകുളിർക്കെ നോക്കിനിൽക്കുന്ന അച്ഛൻ. ഇതൊരു സ്ഥിരം കാഴ്‌ചയാണ്‌. വർഷന്തോറും ഇങ്ങനെ ലക്ഷക്കണക്കിന്‌ കുഞ്ഞുങ്ങൾ ജനിക്കുന്നതിനാൽ പ്രസവത്തെ പലരും അത്ര ഗൗരവമായി എടുക്കാറില്ല. അതൊരു സ്വാഭാവിക പ്രക്രിയ അല്ലേ, അതിന്റെപേരിൽ ആകുലപ്പെടാൻ എന്തിരിക്കുന്നു എന്നാണ്‌ അവരുടെ ചിന്ത.

ഒട്ടുമിക്ക പ്രസവങ്ങളും കുഴപ്പം കൂടാതെ നടക്കുന്നുണ്ടെങ്കിലും എല്ലായ്‌പോഴും അത്‌ അങ്ങനെയാവണമെന്നില്ല. അതുകൊണ്ട്‌ വിവേകമതികളായ ദമ്പതികൾ, ഉണ്ടാകാനിടയുള്ള വൈഷമ്യങ്ങൾ പരമാവധി ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നു. ഉദാഹരണത്തിന്‌, പ്രസവത്തോടു ബന്ധപ്പെട്ട പ്രശ്‌നങ്ങളെയും അതിന്റെ കാരണങ്ങളെയും കുറിച്ച്‌ അവർ പഠിക്കുന്നു; ശരിയായ ഗർഭകാല ശുശ്രൂഷ ലഭിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുന്നു; പ്രസവസമയത്തെ അപകടസാധ്യതകൾ കുറയ്‌ക്കാനായി ലളിതമായ ചില നടപടികൾ സ്വീകരിക്കുന്നു. ഇവയെക്കുറിച്ച്‌ നമുക്കു വിശദമായി നോക്കാം.

പ്രശ്‌നങ്ങൾക്കുള്ള കാരണങ്ങൾ

ഗർഭകാലത്ത്‌ വേണ്ടത്ര പരിചരണം ലഭിക്കാത്തതാണ്‌, പ്രസവത്തോടു ബന്ധപ്പെട്ട്‌ അമ്മയ്‌ക്കോ കുഞ്ഞിനോ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള ഒരു കാരണം. ഹോങ്കോങ്ങിലെ പ്രിൻസ്‌ ഓഫ്‌ വെയ്‌ൽസ്‌ ആശുപത്രിയിലെ ശിശുരോഗ വിദഗ്‌ധനായ ഡോ. ചുങ്‌ കാംലോ പറയുന്നത്‌, “പ്രസവപൂർവശുശ്രൂഷ ലഭിക്കാതിരിക്കുന്നത്‌ അപകടസാധ്യത വർധിപ്പിക്കുന്നു” എന്നാണ്‌. “നല്ല ആരോഗ്യവും ഓജസ്സുമുള്ള കുഞ്ഞു ജനിക്കണമെന്നാണ്‌ ഈ അമ്മമാരൊക്കെയും ആഗ്രഹിക്കുന്നത്‌; പക്ഷേ, പലപ്പോഴും പ്രതീക്ഷയ്‌ക്കൊത്ത്‌ കാര്യങ്ങൾ സംഭവിക്കാറില്ല” എന്നും അദ്ദേഹം പറയുന്നു.

ഗർഭിണികൾക്ക്‌ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ ജേർണൽ ഓഫ്‌ ദി അമേരിക്കൻ മെഡിക്കൽ വിമൻസ്‌ അസ്സോസിയേഷൻ പറയുന്നത്‌, “പ്രസവത്തോട്‌ അനുബന്ധിച്ചുള്ള മാതൃമരണത്തിന്‌ ഇടയാക്കുന്ന പ്രമുഖ കാരണങ്ങൾ” അമിത രക്തസ്രാവം, സാധാരണ പ്രസവം നടക്കാതിരിക്കൽ, അണുബാധ, അങ്ങേയറ്റം ഉയർന്ന രക്തസമ്മർദം എന്നിവയൊക്കെയാണെന്നാണ്‌. ഇവയ്‌ക്കിന്ന്‌ ഫലകരമായ ചികിത്സകൾ പലതും ലഭ്യമാണ്‌. എങ്കിൽത്തന്നെയും മിക്കവരുടെയും കാര്യത്തിൽ, “സങ്കീർണമായ ചികിത്സാനടപടികളൊന്നും ആവശ്യമായിവരാറില്ല എന്നതാണു സത്യം,” ജേർണൽ കൂട്ടിച്ചേർക്കുന്നു.

ഇത്തരം വൈദ്യസഹായം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനും ഉപകരിച്ചേക്കാം. ‘പരക്കെ അറിയപ്പെടുന്നതും തങ്ങൾക്കു താങ്ങാൻ പറ്റുന്നതും സങ്കീർണമായ ഉപകരണങ്ങളുടെ സഹായമില്ലാതെതന്നെ നൽകാൻ കഴിയുന്നതുമായ വൈദ്യചികിത്സ എല്ലാ അമ്മമാരും നവജാത ശിശുക്കളും നേടിയിരുന്നെങ്കിൽ മൂന്നിൽ രണ്ടു ശിശുമരണവും ഒഴിവാക്കാനാകുമായിരുന്നു’ എന്ന്‌ യുഎൻ ക്രോണിക്കിൾ റിപ്പോർട്ടു ചെയ്യുന്നു. മിക്ക അമ്മമാർക്കും കാര്യങ്ങളെക്കുറിച്ച്‌ വ്യക്തമായ ധാരണയില്ല എന്നതും ഗർഭകാലത്ത്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പലരും ഉദാസീനത കാണിക്കുന്നുവെന്നതും സങ്കടകരമാണെന്ന്‌ ഫിലിപ്പീൻസ്‌ ന്യൂസ്‌ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു.

മികച്ച ഗർഭകാല ശുശ്രൂഷ

“ആരോഗ്യമുള്ള അമ്മമാർക്ക്‌ ആരോഗ്യമുള്ള കുഞ്ഞുങ്ങൾ” യുഎൻ ക്രോണിക്കിൾ പ്രസ്‌താവിക്കുന്നു. ഗർഭകാലത്തും പ്രസവസമയത്തും പ്രസവാനന്തരവും ഒരു സ്‌ത്രീക്ക്‌ വൈദ്യസഹായം ഒട്ടും ലഭിക്കാതിരിക്കുകയോ അല്ലെങ്കിൽ വേണ്ടത്ര ലഭിക്കാതിരിക്കുകയോ ചെയ്യുന്നെങ്കിൽ അവരുടെ കുഞ്ഞിന്റെ കാര്യത്തിലും അതുതന്നെ സത്യമായിരിക്കാനാണ്‌ സാധ്യതയെന്ന്‌ അത്‌ പറയുന്നു.

ചില രാജ്യങ്ങളിൽ ഗർഭിണികൾക്ക്‌ വൈദ്യസഹായം ലഭിക്കുക ബുദ്ധിമുട്ടായിരുന്നേക്കാം; ഒന്നുകിൽ ആശുപത്രി വളരെ ദൂരെയായിരിക്കാം, അതല്ലെങ്കിൽ ചികിത്സാ ചെലവുകൾ താങ്ങാവുന്നതിലധികമായിരിക്കാം. സാഹചര്യം എന്തുതന്നെയായാലും, ഈ സമയത്ത്‌ കുറച്ചെങ്കിലും വിദഗ്‌ധ സഹായം നേടാൻ ശ്രമിക്കേണ്ടതാണ്‌. ബൈബിൾ ഉപദേശങ്ങൾക്കു മൂല്യം കൽപ്പിക്കുന്ന ഒരു സ്‌ത്രീയുടെ കാര്യത്തിൽ ഇത്‌ വിശേഷാൽ പ്രധാനമാണ്‌; അജാതശിശുവിന്റെപോലും ജീവൻ പവിത്രമാണെന്ന്‌ ബൈബിൾ പറയുന്നു.—പുറപ്പാടു 21:22, 23; * ആവർത്തനപുസ്‌തകം 22:8.

നല്ല ഗർഭകാലശുശ്രൂഷ എന്നുപറയുമ്പോൾ ആഴ്‌ചതോറും ഡോക്‌ടറെ കാണണം എന്നാണോ അർഥം? അവശ്യം അങ്ങനെയായിരിക്കണമെന്നില്ല. ഗർഭകാലത്തും പ്രസവത്തോടനുബന്ധിച്ചും സാധാരണമായി ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളോടു ബന്ധപ്പെട്ട്‌ നടത്തിയ പഠനത്തിൽനിന്ന്‌ ലോകാരോഗ്യ സംഘടന കണ്ടെത്തിയത്‌, “ഗർഭകാലത്ത്‌ നാലുപ്രാവശ്യംമാത്രം ഡോക്‌ടറെ കണ്ടവർക്കും 12-ഓ അതിലധികമോ തവണ കണ്ടവർക്കും ലഭിച്ച ഫലം ഏതാണ്ട്‌ സമാനമായിരുന്നു” എന്നാണ്‌.

ഡോക്‌ടർമാരുടെ പങ്ക്‌

ഈ മേഖലയിൽ വൈദഗ്‌ധ്യം നേടിയിട്ടുള്ള ഡോക്‌ടർമാർ, അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയെ മുൻനിറുത്തി പിൻവരുന്ന നടപടികൾ സ്വീകരിക്കുന്നു:

▪ ഗർഭിണിയുടെ ആരോഗ്യസംബന്ധമായ പൂർവകാല റിപ്പോർട്ടുകൾ പഠിക്കുന്നു. കൂടാതെ അമ്മയ്‌ക്കോ ഗർഭസ്ഥശിശുവിനോ ഉണ്ടായേക്കാവുന്ന കുഴപ്പങ്ങൾ കണ്ടുപിടിക്കാനായി പരിശോധനകൾ നടത്തുകയും അവ തടയാനായി മുൻകരുതലുകൾ എടുക്കുകയും ചെയ്യുന്നു.

▪ വിളർച്ച, അണുബാധ, ആർഎച്ച്‌ പൊരുത്തക്കേട്‌, പ്രമേഹം, റൂബെല്ല, ലൈംഗിക രോഗങ്ങൾ, വൃക്കത്തകരാർ എന്നിവയിൽ ഏതെങ്കിലും ഉണ്ടോയെന്നു കണ്ടുപിടിക്കാൻ മൂത്രവും രക്തവും പരിശോധിച്ചേക്കാം. വൃക്കത്തകരാർ രക്താതിമർദത്തിന്‌ ഇടയാക്കിയേക്കാം.

▪ ഇൻഫ്‌ളുവൻസ, ടെറ്റനസ്‌, ആർഎച്ച്‌ പൊരുത്തക്കേട്‌ എന്നിവയ്‌ക്കുള്ള പ്രതിരോധ കുത്തിവെയ്‌പ്പ്‌ എടുക്കാൻ—രോഗിക്ക്‌ അത്‌ ആവശ്യമായിരിക്കുകയും അതേസമയം സ്വീകാര്യമായിരിക്കുകയും ചെയ്യുമ്പോൾ—ഡോക്‌ടർമാർ നിർദേശിച്ചേക്കാം.

▪ ഫോളിക്‌ ആസിഡ്‌പോലുള്ള വിറ്റാമിനുകൾ അവർ ശുപാർശചെയ്‌തേക്കാം.

ഗർഭകാലത്ത്‌ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ്‌ ആവശ്യമായ നടപടികൾ സ്വീകരിക്കുമ്പോഴും വേണ്ട മുൻകരുതലുകൾ എടുക്കാൻ അമ്മയെ സഹായിക്കുമ്പോഴും ഡോക്‌ടർമാർ അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമം ഉറപ്പുവരുത്തുകയാണ്‌.

ഗർഭകാലത്തും പ്രസവസമയത്തും ഉണ്ടാകാവുന്ന കുഴപ്പങ്ങൾ ലഘൂകരിക്കാൻ. . .

“ഗർഭിണിയായ ഒരു സ്‌ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടംപിടിച്ച സമയം പ്രസവവേദന തുടങ്ങുന്നതുമുതൽ പ്രസവം കഴിയുന്നതുവരെയാണ്‌” എന്ന്‌ ലോകാരോഗ്യ സംഘടനയുടെ കുടുംബ-സാമൂഹിക ക്ഷേമവകുപ്പിന്റെ മുൻ അസിസ്റ്റന്റ്‌ ഡയറക്‌ടർ ജനറൽ ജോയ്‌ പൂമാപ്പീ പറയുന്നു. നിർണായകമായ ഈ സമയത്ത്‌ ഗുരുതരമായ പല പ്രശ്‌നങ്ങളും ഉണ്ടാകാനിടയുണ്ട്‌; ഒരുപക്ഷേ, ജീവനുപോലും ഭീഷണി ഉയർത്തിയേക്കാവുന്നതരം പ്രശ്‌നങ്ങൾ. അവ ഒഴിവാക്കാൻ എന്തു ചെയ്യാനാകും? തികച്ചും ലളിതമായ ചില കാര്യങ്ങൾ ചെയ്‌താൽ മതിയാകും; പക്ഷേ, അവ മുൻകൂട്ടി ചെയ്യണമെന്നുമാത്രം. * ബൈബിളധിഷ്‌ഠിത കാരണങ്ങളുടെ പേരിലോ രക്തപ്പകർച്ചയെ തുടർന്ന്‌ ഉണ്ടായേക്കാവുന്ന ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളുടെ പേരിലോ രക്തപ്പകർച്ച ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരുടെ കാര്യത്തിൽ അതു വിശേഷാൽ പ്രധാനമാണ്‌.—പ്രവൃത്തികൾ 15:20, 28, 29.

ചികിത്സിക്കുന്ന ഡോക്‌ടർ രക്തപ്പകർച്ചയ്‌ക്കു പകരമുള്ള ചികിത്സ നൽകുന്നതിൽ വൈദഗ്‌ധ്യവും അനുഭവപരിചയവുമുള്ള ആളാണോയെന്നും ആശുപത്രി അധികൃതർ സഹകരണ മനസ്ഥിതിയുള്ളവരാണോയെന്നും ഉറപ്പുവരുത്തുക. * പിൻവരുന്ന രണ്ടുചോദ്യങ്ങൾ ഡോക്‌ടറോടു ചോദിക്കാവുന്നതാണ്‌: 1. അമ്മയുടെയോ കുഞ്ഞിന്റെയോ കാര്യത്തിൽ എന്തെങ്കിലും ഗുരുതരമായ പ്രശ്‌നം ഉണ്ടാകുകയോ ഗണ്യമായ അളവിൽ രക്തം നഷ്ടപ്പെടുകയോ ചെയ്‌താൽ താങ്കൾ എന്തു ചെയ്യും? 2. പ്രസവസമയത്ത്‌ താങ്കൾ സ്ഥലത്തില്ലെങ്കിൽ പകരം എന്തു ക്രമീകരണമായിരിക്കും ചെയ്യുക?

പ്രസവത്തിനു മുമ്പുതന്നെ ഗർഭിണി, തനിക്ക്‌ മതിയായ അളവിൽ രക്തമുണ്ടോയെന്ന്‌ ഡോക്‌ടറോടു ചോദിച്ച്‌ ഉറപ്പുവരുത്തുന്നത്‌ ബുദ്ധിയായിരിക്കും; ഇനി, രക്തക്കുറവുണ്ടെങ്കിൽ, ഫോളിക്‌ ആസിഡും മറ്റ്‌ ബി-ഗ്രൂപ്പ്‌ വിറ്റാമിനുകളും ഇരുമ്പുസത്ത്‌ അടങ്ങിയ മരുന്നുകളും കഴിക്കാൻ ഡോക്‌ടർ നിർദേശിച്ചേക്കാം.

ഡോക്‌ടർ മറ്റു ചില കാര്യങ്ങളും പരിഗണിക്കും. ഉദാഹരണത്തിന്‌, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഗർഭിണിക്കുണ്ടോ? ഏറെനേരം നിൽക്കുന്നത്‌ ഒഴിവാക്കേണ്ടതുണ്ടോ? കൂടുതലായ വിശ്രമത്തിന്റെ ആവശ്യമുണ്ടോ? തൂക്കം കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യേണ്ടതുണ്ടോ? കൂടുതൽ വ്യായാമം ആവശ്യമാണോ? വായ്‌ ശുചിയായി സൂക്ഷിക്കുന്നത്‌ ഉൾപ്പെടെ ശുചിത്വത്തിന്റെ കാര്യത്തിൽ അൽപ്പംകൂടി ശ്രദ്ധിക്കേണ്ടതുണ്ടോ?

മോണരോഗമുള്ള ഗർഭിണികൾക്ക്‌ ഗുരുതരമായ പ്രീഎക്ലാംപ്‌സിയ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന്‌ പഠനങ്ങൾ വെളിപ്പെടുത്തുന്നു. പെട്ടെന്നുണ്ടാകുന്ന രക്താതിമർദവും കടുത്ത തലവേദനയും നീർക്കെട്ടും പ്രീഎക്ലാംപ്‌സിയയുടെ ചില ലക്ഷണങ്ങളാണ്‌. * ഇത്‌ ചിലപ്പോൾ അകാലപ്രസവത്തിന്‌ കാരണമായേക്കാം. വിശേഷിച്ചും വികസ്വരരാജ്യങ്ങളിൽ, അമ്മയുടെയോ ഗർഭസ്ഥശിശുവിന്റെയോ മരണത്തിനുള്ള പ്രമുഖകാരണംകൂടിയാണിത്‌.

ഗർഭിണിക്ക്‌ അണുബാധയുടെ എന്തെങ്കിലും ലക്ഷണമുണ്ടോയെന്നും ഡോക്‌ടർ നിരീക്ഷിക്കും. ഇനി, മാസം തികയുംമുമ്പ്‌ പ്രസവവേദന ഉണ്ടാകുന്നെങ്കിൽ ഉടനടി ആശുപത്രിയിൽ എത്താൻ അദ്ദേഹം നിർദേശിച്ചേക്കാം. അപകടം ഒഴിവാക്കാൻ അതു സഹായിക്കും.

“സ്വന്തം ജീവൻ പണയപ്പെടുത്തിയാണ്‌ ഒരു സ്‌ത്രീ കുഞ്ഞിനു ജന്മമേകുന്നത്‌,” ലോകാരോഗ്യ സംഘടനയിലെ ഡോ. കാസീ മോനീറൂൾ ഇസ്ലാം (മേക്കിങ്‌ പ്രഗ്നൻസി സേഫർ എന്ന വകുപ്പിന്റെ തലവൻ) പറയുന്നു. ഗർഭകാലത്തും പ്രസവസമയത്തും പ്രസവാനന്തരവും നല്ല വൈദ്യസഹായം ലഭിക്കുന്നത്‌ പല വൈഷമ്യങ്ങളും, മരണംപോലും ഒഴിവാക്കാൻ സഹായിക്കും. എന്നാൽ അതിലെല്ലാം ഉപരിയായി ഒരമ്മ സ്വന്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ആരോഗ്യമുള്ള കുഞ്ഞു ജനിക്കാൻ ആരോഗ്യമുള്ള ഒരു അമ്മയായിരിക്കാൻ ശ്രദ്ധിക്കുക.

[അടിക്കുറിപ്പുകൾ]

^ ഖ. 10 മൂല എബ്രായപാഠം അമ്മയ്‌ക്കോ അജാതശിശുവിനോ ഉണ്ടായേക്കാവുന്ന ഹാനിയെ സൂചിപ്പിക്കുന്നു.

^ ഖ. 21 പ്രസവത്തിന്‌ ഏറെ മുമ്പുതന്നെ യഹോവയുടെ സാക്ഷികളായ ദമ്പതികൾക്ക്‌ പ്രദേശത്തുള്ള ആശുപത്രി ഏകോപന സമിതിയുമായി (എച്ച്‌എൽസി) കാര്യങ്ങൾ ആലോചിക്കാവുന്നതാണ്‌. എച്ച്‌എൽസി അംഗങ്ങൾ ഡോക്‌ടർമാരെയും മറ്റ്‌ ആശുപത്രി അധികൃതരെയും സന്ദർശിച്ച്‌ രക്തരഹിത ചികിത്സയെ സംബന്ധിച്ച വിവരങ്ങൾ നൽകാറുണ്ട്‌. കൂടാതെ, രോഗിയുടെ വിശ്വാസത്തെ ആദരിക്കുന്ന, രക്തരഹിത ചികിത്സ നടത്തി അനുഭവപരിചയമുള്ള ഒരു ഡോക്‌ടറെ കണ്ടെത്താനും എച്ച്‌എൽസി-ക്ക്‌ സഹായിക്കാനാകും.

^ ഖ. 24 മോണരോഗം, പ്രീഎക്ലാംപ്‌സിയക്കുള്ള സാധ്യത വർധിപ്പിക്കുന്നുണ്ടോ എന്നു നിർണയിക്കാൻ ഇനിയും പഠനങ്ങൾ നടക്കേണ്ടതുണ്ടെങ്കിലും, പല്ലിന്റെയും മോണയുടെയും സംരക്ഷണത്തിൽ ശ്രദ്ധിക്കുന്നത്‌ എപ്പോഴും നല്ലതാണ്‌.

[27-ാം പേജിലെ ആകർഷക വാക്യം]

2007 ഒക്‌ടോബറിലെ കണക്കനുസരിച്ച്‌ ഗർഭസംബന്ധമായ പ്രശ്‌നങ്ങൾനിമിത്തം ഏതാണ്ട്‌ ഓരോ മിനിട്ടിലും ഒരു സ്‌ത്രീ മരിക്കുന്നു, അതായത്‌ വർഷന്തോറും 5,36,000 സ്‌ത്രീകൾ.—യുണൈറ്റഡ്‌ നേഷൻസ്‌ പോപ്പുലേഷൻ ഫണ്ട്‌

[28-ാം പേജിലെ ആകർഷക വാക്യം]

“വർഷന്തോറും 33 ലക്ഷം കുഞ്ഞുങ്ങൾ ചാപിള്ളയായി ജനിക്കുന്നു. 40 ലക്ഷത്തിലേറെ ശിശുക്കൾ ജനിച്ച്‌ 28 ദിവസത്തിനകം മരണമടയുന്നു.”—യുഎൻ ക്രോണിക്കിൾ

[29-ാം പേജിലെ ചിത്രം]

 ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ആവശ്യമായ വിവരങ്ങളൊക്കെ ശേഖരിച്ച്‌ ഏത്‌ ആശുപത്രിയിൽ പോകണം, ഏത്‌ ഡോക്‌ടറെ കാണണം എന്നെല്ലാം കാലേക്കൂട്ടിത്തന്നെ നിശ്ചയിക്കുക.

2. ക്രമമായി ഡോക്‌ടറെ കാണുക; പരസ്‌പരധാരണയും സൗഹൃദവും വളർത്തുക.

3. നിങ്ങളുടെ ആരോഗ്യത്തിനു നല്ല ശ്രദ്ധ നൽകുക. ആവശ്യമായ വിറ്റാമിനുകൾ ലഭിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുക. എന്നാൽ ഏത്‌ മരുന്നും ഡോക്‌ടറുടെ നിർദേശപ്രകാരംമാത്രമേ കഴിക്കാവൂ. മദ്യം ഒഴിവാക്കുന്നതാണ്‌ ബുദ്ധി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓൺ ആൽക്കഹോൾ അബ്യൂസ്‌ ആൻഡ്‌ ആൽക്കഹോളിസം അഭിപ്രായപ്പെടുന്നത്‌, “അമിതമായി മദ്യപിക്കുന്ന അമ്മമാരുടെ കുഞ്ഞുങ്ങൾക്കാണ്‌ ഏറ്റവുമധികം അപകടസാധ്യത. എന്നാൽ ഗർഭിണികൾ നേരിയതോതിൽപോലും മദ്യം കഴിക്കുന്നത്‌ സുരക്ഷിതമാണോ എന്ന കാര്യം നിർണയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.”

4. 37-ാമത്തെ ആഴ്‌ചയ്‌ക്കുമുമ്പ്‌ പ്രസവവേദന അനുഭവപ്പെടുന്നെങ്കിൽ എത്രയുംവേഗം ആശുപത്രിയിലെത്തുക. അടിയന്തിരസഹായം ലഭിക്കുന്നത്‌ മാസംതികയാതെയുള്ള പ്രസവവും അതിനോടു ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഒഴിവാക്കുന്നതിന്‌ സഹായിച്ചേക്കാം. *

5. വൈദ്യചികിത്സയോടു ബന്ധപ്പെട്ട നിങ്ങളുടെ തീരുമാനങ്ങൾ എഴുതിവെക്കുക. നേരത്തേതന്നെ അഡ്വാൻസ്‌ ഹെൽത്ത്‌ കെയർ ഡയറക്‌റ്റിവ്‌ കാർഡ്‌ പൂരിപ്പിച്ചുവെക്കുന്നത്‌ സഹായകമാണെന്ന്‌ പലരും കണ്ടെത്തിയിരിക്കുന്നു. സ്വന്തം രാജ്യത്ത്‌ നിയമസാധുതയുള്ളതും ഉപയോഗത്തിലിരിക്കുന്നതുമായ കാർഡ്‌ ഏതാണെന്ന്‌ ഉറപ്പുവരുത്തേണ്ടതാണ്‌.

6. പ്രസവശേഷം നിങ്ങളുടെയും കുഞ്ഞിന്റെയും ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക; വിശേഷിച്ചും കുഞ്ഞ്‌ മാസം തികയാതെ ജനിച്ചതാണെങ്കിൽ. കുഞ്ഞിന്‌ എന്തെങ്കിലും പ്രശ്‌നമുണ്ടെന്നു കാണുന്നപക്ഷം ഉടനടി ശിശുരോഗവിദഗ്‌ധനെ കാണുക.

[അടിക്കുറിപ്പ്‌]

^ ഖ. 41 മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്‌ രക്തക്കുറവ്‌ ഉണ്ടാകാറുണ്ട്‌. വേണ്ടത്ര അരുണരക്താണുക്കൾ ഉത്‌പാദിപ്പിക്കാൻ കഴിയാത്തതുകൊണ്ടാണത്‌. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും ഡോക്‌ടർമാർ രക്തപ്പകർച്ച ശുപാർശ ചെയ്യാറുണ്ട്‌.