സ്നേഹം കാണിക്കേണ്ടത് പ്രധാനം
സ്നേഹം കാണിക്കേണ്ടത് പ്രധാനം
“അവരെ എപ്പോഴും വാത്സല്യത്തോടെ അണച്ചുപിടിക്കുക.” ആദ്യമായി അമ്മയായ ഒരു സ്ത്രീക്ക് കുട്ടികളുടെ ഒരു സൈക്യാട്രിസ്റ്റ് നൽകിയ ഉപദേശമായിരുന്നു അത്. ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ ആ സ്ത്രീ, കുട്ടികളെ ഏറ്റവും നന്നായി വളർത്താനുള്ള ഉപദേശം തേടിയെത്തിയതായിരുന്നു. “സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കാൻ പല മാർഗങ്ങളുണ്ട്. കുട്ടികളെ ചേർത്തുപിടിക്കുക, ഉമ്മവെക്കുക, ലാളിക്കുക, പരിഗണനയോടും പ്രസന്നതയോടും കൂടെ അവരോട് ഇടപെടുക, അവരുടെ കൊച്ചുകൊച്ചു തെറ്റുകൾ ക്ഷമിക്കുക, ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പിശുക്കു കാണിക്കാതിരിക്കുക. വേണ്ടിവരുമ്പോൾ ശിക്ഷണം നൽകാനും മറക്കരുത്. ഉള്ളിലുള്ള സ്നേഹം പുറത്തുകാണിച്ചില്ലെങ്കിലും കുട്ടികൾ തിരിച്ചറിഞ്ഞുകൊള്ളും എന്ന ധാരണ തെറ്റാണ്.”
ഐക്യനാടുകളിലെ മിയാമി യൂണിവേഴ്സിറ്റിയിലെ ടച്ച് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ടിഫാനി ഫീൽഡ് ഈ അഭിപ്രായത്തോടു യോജിക്കുന്നു. “ഒരു കുട്ടിയുടെ വളർച്ചയ്ക്കും മാനസികാരോഗ്യത്തിനും, ആഹാരവും വ്യായാമവും പോലെതന്നെ അത്യന്താപേക്ഷിതമാണ് വാത്സല്യത്തോടെയുള്ള സ്പർശനവും,” അവർ പറയുന്നു.
മുതിർന്നവർക്ക് സ്നേഹപ്രകടനങ്ങൾ ആവശ്യമാണോ? തീർച്ചയായും. നാം ഏതു പ്രായക്കാരായാലും നമ്മുടെ മാനസികാരോഗ്യത്തിന് വാക്കിലൂടെയും സ്പർശനത്തിലൂടെയും ഉള്ള പ്രോത്സാഹനം ആവശ്യമാണെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ക്ലോഡ് സ്റ്റൈനർ പറയുന്നു. പ്രായമായവരെ പരിചരിക്കുന്ന ലോറ എന്ന നഴ്സ് പറയുന്നത് ഇങ്ങനെ: “സ്നേഹപ്രകടനങ്ങൾ പ്രായമായവരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. ദയാപുരസ്സരം അവരോട് ഇടപെടുന്നതും അവരെ സ്പർശിക്കുന്നതും അവരുടെ വിശ്വാസം നേടിത്തരും. കടുംപിടിത്തം കാണിക്കാതെ നമ്മൾ പറയുന്നത് അനുസരിക്കാൻ അവർ ചായ്വുകാട്ടും. മാത്രമല്ല, അങ്ങനെയുള്ള പ്രവൃത്തികൾ അവരെ നാം മാനിക്കുന്നു എന്നതിന്റെ തെളിവുകൂടെയാണ്.”
സ്നേഹം കാണിക്കുന്ന വ്യക്തിക്കും അത് പ്രയോജനം ചെയ്യും. “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലത്രേ” എന്ന് യേശുക്രിസ്തു ഒരിക്കൽ പറയുകയുണ്ടായി. (പ്രവൃത്തികൾ 20:35) ദുഃഖിതരോടും നിരാലംബരോടും സ്നേഹം കാണിക്കുന്നത് വിശേഷാൽ പ്രതിഫലദായകമാണ്. അതിനുള്ള നിരവധി ഉദാഹരണങ്ങൾ ബൈബിളിൽ കാണാം.
‘ദേഹമാസകലം കുഷ്ഠം ബാധിച്ച്’ സമൂഹത്തിൽനിന്ന് പുറന്തള്ളപ്പെട്ടു കഴിഞ്ഞിരുന്ന ഒരു മനുഷ്യനെ യേശുക്രിസ്തു അനുകമ്പയോടെ സ്പർശിച്ചതിനെക്കുറിച്ച് ബൈബിൾ പറയുന്നു. അപ്പോൾ ആ മനുഷ്യന് തോന്നിയ ആശ്വാസത്തെക്കുറിച്ചൊന്ന് ചിന്തിക്കുക.—ലൂക്കോസ് 5:12, 13; മത്തായി 8:1-3.
വാർധക്യത്തിലായിരുന്ന ദാനീയേൽ പ്രവാചകനെ യഹോവയുടെ ഒരു ദൂതൻ വാക്കാൽ പ്രോത്സാഹിപ്പിക്കുകയും മൂന്നുപ്രാവശ്യം സ്പർശിക്കുകയും ചെയ്തു. ദാനീയേലിനെ അത് എത്രമാത്രം ശക്തിപ്പെടുത്തിയിരിക്കണം! ആ സ്നേഹസ്പർശവും ബലപ്പെടുത്തുന്ന വാക്കുകളും ശാരീരികവും മാനസികവുമായി തളർന്നുപോയ ദാനീയേലിന് ഉന്മേഷം പകർന്നു.—ദാനീയേൽ 10:9-11, 15, 16, 18, 19.
ഒരിക്കൽ പൗലോസ് അപ്പൊസ്തലന്റെ സുഹൃത്തുക്കൾ അവനെ കാണാനായി എഫെസൊസിൽനിന്ന് 50 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് മീലേത്തൊസിലെത്തി. ഇനി ഒരുപക്ഷേ തന്നെ കാണാൻ സാധിച്ചേക്കില്ലെന്ന് പൗലോസ് അവരോട് പറഞ്ഞു. അപ്പോൾ അവർ അവനെ “കെട്ടിപ്പിടിച്ച് ആർദ്രമായി ചുംബിച്ചു.”—പ്രവൃത്തികൾ 20:35-38.
അതെ, ബൈബിളും ആധുനികകാല ഗവേഷണഫലങ്ങളും മനുഷ്യർ പരസ്പരം സ്നേഹം കാണിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. ആ ആവശ്യം തൃപ്തിപ്പെടുത്തുന്നത് ശാരീരികവും വൈകാരികവുമായ പ്രയോജനങ്ങൾ കൈവരുത്തും. ഓർക്കുക: സ്നേഹിക്കപ്പെടുക എന്നത് കുട്ടികളുടെയും മുതിർന്നവരുടെയും ആവശ്യമാണ്.