വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിഷാദരോഗം എന്താണത്‌?

വിഷാദരോഗം എന്താണത്‌?

വിഷാദരോഗം എന്താണത്‌?

“എനിക്ക്‌ 12 വയസ്സുള്ളപ്പോഴായിരുന്നു അത്‌. ഒരു ദിവസം രാവിലെ ഞാൻ എഴുന്നേറ്റത്‌, ‘ഞാനിന്ന്‌ മരിച്ചുപോകുമോ’ എന്ന ചിന്തയോടെയാണ്‌. അങ്ങനെ ചിന്തിച്ച്‌ കുറെനേരം ഞാൻ കട്ടിലിലിരുന്നു.” ജെയിംസ്‌ * എന്ന 42-കാരൻ ഓർക്കുന്നു. കടുത്ത വിഷാദരോഗമായിരുന്നു അദ്ദേഹത്തിന്‌. “ഓരോ ദിവസവും മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളുമായി മല്ലിട്ടാണ്‌ ഞാൻ ജീവിക്കുന്നത്‌,” ജെയിംസ്‌ പറയുന്നു. തന്നെ ഒന്നിന്നും കൊള്ളില്ലെന്ന ചിന്ത ചെറുപ്പത്തിൽ അദ്ദേഹത്തെ വേട്ടയാടിയിരുന്നു. ഒരിക്കൽ നിരാശമൂത്ത്‌ ജെയിംസ്‌ കുട്ടിക്കാലത്തെ തന്റെ ഫോട്ടോകൾ കീറിക്കളയുകപോലും ചെയ്‌തു. “എന്നെ ആരും ഓർക്കാൻകൂടെ ഞാൻ ഇഷ്ടപ്പെട്ടില്ല,” അദ്ദേഹം പറയുന്നു.

ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ നാമെല്ലാം ദുഃഖം അനുഭവിച്ചിട്ടുണ്ടെന്നത്‌ ശരിതന്നെ. എന്നാൽ വിഷാദാവസ്ഥ എന്നു പറയുന്നത്‌ അതല്ല. നീണ്ടുനിൽക്കുന്ന വിഷാദം ഒരു വ്യക്തിയെ എങ്ങനെയൊക്കെയാണ്‌ ബാധിക്കുന്നത്‌ എന്നു നോക്കാം.

ജീവിതത്തിന്റെ താളംതെറ്റുമ്പോൾ

അൽപ്പനേരത്തേക്ക്‌ അനുഭവപ്പെടുന്ന ദുഃഖമോ സങ്കടമോ അല്ല വിഷാദരോഗം. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ താളംതന്നെ തെറ്റിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നമാണിത്‌.

40-ലേറെ വർഷമായി “ഭയം, ആശയക്കുഴപ്പം, മാനസികക്ലേശം, കടുത്ത നിരാശ” എന്നിവയാൽ വലയുന്ന ഒരാളാണ്‌ ആൽവാറോ. അദ്ദേഹം വിശദീകരിക്കുന്നു: “മറ്റുള്ളവർ എന്നെക്കുറിച്ചു പറയുന്ന അഭിപ്രായങ്ങൾ എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. എന്റെ വിഷാദരോഗമായിരുന്നു അതിനു കാരണം. എന്തു കുഴപ്പംപറ്റിയാലും ഞാനാണ്‌ അതിനു കാരണക്കാരൻ എന്ന്‌ എനിക്കു തോന്നിയിരുന്നു.” വിഷാദരോഗത്തെക്കുറിച്ച്‌ അദ്ദേഹം പറയുന്നത്‌ ഇങ്ങനെയാണ്‌: “കടുത്ത വേദനയുണ്ട്‌; എന്നാൽ എവിടെയാണെന്ന്‌ പറയാൻ കഴിയുന്നില്ല. ഭയമുണ്ട്‌; എന്നാൽ എന്തിനെക്കുറിച്ചാണെന്ന്‌ അറിയില്ല. അങ്ങനെയൊരു അവസ്ഥയാണത്‌. ഇതിനെക്കുറിച്ചൊന്നും ആരോടും പറയാൻ തോന്നില്ല എന്നതാണ്‌ ഏറ്റവും സങ്കടകരം.” എന്നാൽ അദ്ദേഹത്തിന്റെ അവസ്ഥ ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്‌. എന്തുകൊണ്ടാണ്‌ തനിക്ക്‌ ഇങ്ങനെയൊക്കെ തോന്നുന്നതെന്ന്‌ ഇപ്പോൾ അദ്ദേഹത്തിന്‌ അറിയാം. “ഇത്‌ എന്റെമാത്രം പ്രശ്‌നമല്ല എന്ന അറിവ്‌ എനിക്ക്‌ ആശ്വാസം പകരുന്നു,” അദ്ദേഹം പറയുന്നു.

ഉറക്കമില്ലായ്‌മ, ശരീരവേദന, പെട്ടെന്നു ദേഷ്യപ്പെടൽ, “ഒരിക്കലും ശമിക്കാത്ത ദുഃഖം” എന്നിവയായിരുന്നു 49-കാരിയായ മറിയയുടെ (ബ്രസീൽ) വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ. രോഗം എന്താണെന്ന്‌ മനസ്സിലായപ്പോൾ മറിയയ്‌ക്ക്‌ ആശ്വാസംതോന്നി. “എന്നാൽ പിന്നീട്‌ എന്റെ ഉത്‌കണ്‌ഠ വർധിച്ചതേയുള്ളൂ. കാരണം പലർക്കും ഈ രോഗത്തെക്കുറിച്ച്‌ ശരിയായ ധാരണയില്ല. വിഷാദരോഗമുള്ള പലരും അത്‌ പുറത്തു പറയാൻ നാണിക്കുന്നു.”

നാണക്കേടു വിചാരിക്കേണ്ടതില്ല

ചിലരുടെ കാര്യത്തിൽ ജീവിതത്തിലുണ്ടാകുന്ന എന്തെങ്കിലും ദുരനുഭവങ്ങളായിരിക്കാം വിഷാദരോഗത്തിനു തിരികൊളുത്തുന്നത്‌. എന്നാൽ മിക്കവരുടെയും കാര്യത്തിൽ അത്‌ അങ്ങനെയല്ല. ഒരു സുപ്രഭാതത്തിലെന്നവണ്ണം പെട്ടെന്നായിരിക്കും അതിന്റെ ആക്രമണം. “പ്രത്യേകിച്ചൊരു കാരണവുമില്ലാതെ, പെട്ടെന്നൊരു ദിവസം ദുഃഖത്തിന്റെ കാർമേഘം ജീവിതത്തെ വന്നുമൂടിയതുപോലെ,” ദക്ഷിണാഫ്രിക്കയിൽനിന്നുള്ള റിച്ചാർഡ്‌ പറയുന്നു. “അറിയാവുന്ന ആരും മരിച്ചിട്ടില്ല; വിഷമിപ്പിക്കുന്ന ഒന്നും സംഭവിച്ചിട്ടുമില്ല. എന്നിട്ടും, വല്ലാത്ത ദുഃഖവും വേദനയും. എന്തുചെയ്‌താലും മനസ്സിലെ ദുഃഖം മാറുകയില്ല. ഇനി ഒന്നും ശരിയാകാൻപോകുന്നില്ല എന്ന തോന്നൽ. എന്തുകൊണ്ട്‌ അങ്ങനെ തോന്നുന്നു എന്നതിന്‌ കാരണമൊന്നും ഇല്ലതാനും.”

വിഷാദരോഗത്തെക്കുറിച്ച്‌ നാണക്കേടു വിചാരിക്കാൻ ഒന്നുമില്ല. പക്ഷേ, ബ്രസീലിൽ താമസിക്കുന്ന അന്നയ്‌ക്ക്‌ താൻ വിഷാദരോഗിയാണെന്ന്‌ അറിഞ്ഞപ്പോൾ അങ്ങനെയൊരു വികാരമാണ്‌ ഉണ്ടായത്‌. “ഇപ്പോൾ എട്ടു വർഷം കഴിഞ്ഞെങ്കിലും അതിനു മാറ്റം വന്നിട്ടില്ല,” അവർ ഉള്ളുതുറക്കുന്നു. ദുഃഖം താങ്ങാനാകാത്തതാണ്‌ അവരുടെ ഏറ്റവും വലിയ പ്രശ്‌നം. “വിഷാദം മൂർച്ഛിച്ച്‌ ചിലപ്പോൾ ശരീരമാകെ വേദനിക്കും,” അവർ പറയുന്നു. ആ അവസ്ഥയിൽ കിടക്കയിൽനിന്ന്‌ എഴുന്നേൽക്കാൻപോലും അന്നയ്‌ക്കു പ്രയാസമാണ്‌. ചിലപ്പോൾ അവർക്ക്‌ കരച്ചിലടക്കാൻ കഴിയാറില്ല. “കരഞ്ഞുകരഞ്ഞ്‌ ഒടുവിൽ ഞാൻ തളർന്നുപോകും. രക്തയോട്ടം നിലച്ചതുപോലെ എനിക്കു തോന്നും,” അവർ പറയുന്നു.

ഗുരുതരമായ വിഷാദത്തിലേക്ക്‌ ആളുകൾ വഴുതിവീണേക്കാമെന്ന വസ്‌തുത ബൈബിളും അംഗീകരിക്കുന്നു. കൊരിന്ത്യസഭയിലെ ഒരു വ്യക്തിയെക്കുറിച്ച്‌ അപ്പൊസ്‌തലനായ പൗലോസ്‌, “കടുത്ത വിഷാദം അവനെ ഗ്രസിക്കു”മോയെന്ന്‌ ഉത്‌കണ്‌ഠ പ്രകടിപ്പിച്ചു. (2 കൊരിന്ത്യർ 2:7, ജ്യൂവിഷ്‌ ന്യൂ ടെസ്റ്റമെന്റ്‌) വിഷാദത്തിലാണ്ടുപോയ ചിലർക്ക്‌ ജീവിക്കാനുള്ള ആശപോലും നഷ്ടമായേക്കാം. “ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതു എനിക്കു നന്ന്‌” എന്നു പറഞ്ഞ യോനാ പ്രവാചകന്റെ അവസ്ഥയിലായിരിക്കും അവർ.—യോനാ 4:3.

വിഷാദരോഗത്തിന്റെ പിടിയിലായവരെ സഹായിക്കുന്ന ചില വിവരങ്ങൾ അടുത്ത ലേഖനത്തിൽ കാണാം.

[അടിക്കുറിപ്പ്‌]

^ ഖ. 2 പേരുകൾ മാറ്റിയിട്ടുണ്ട്‌

[3 പേജിൽ ആകർഷക വാക്യം]

“പ്രത്യേകിച്ചൊരു കാരണവുമില്ലാതെ, പെട്ടെന്നൊരു ദിവസം ദുഃഖത്തിന്റെ കാർമേഘം ജീവിതത്തെ വന്നുമൂടിയതുപോലെ”