പഠനവൈകല്യങ്ങളുള്ള കുട്ടികളെ എങ്ങനെ സഹായിക്കാം?
പഠനവൈകല്യങ്ങളുള്ള കുട്ടികളെ എങ്ങനെ സഹായിക്കാം?
മെക്‌സിക്കോയിലെ ഉണരുക! ലേഖകൻ
സ്റ്റീവന് വായിക്കുന്ന കാര്യം വലിയ ബുദ്ധിമുട്ടാണ്. ക്ലാസ്സിൽവെച്ച് ഉറക്കെ വായിക്കാൻ ടീച്ചർ പറയുമെന്ന് തോന്നിയാലുടനെ തുടങ്ങും അവനു വയറുവേദന.
ടീച്ചർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മറിയയുടെ കയ്യക്ഷരം നന്നാവുന്നില്ല. എത്രനേരം കുത്തിപ്പിടിച്ചിരുന്നാലും അവളുടെ ഹോംവർക്ക് തീരില്ല.
പഠിക്കാനുള്ള ഭാഗം ഒരു നൂറുവട്ടം വായിച്ചാലും നോഹയുടെ ഓർമയിൽ നിൽക്കില്ല. അതുകൊണ്ടുതന്നെ അവന്റെ ഗ്രെയിഡും മോശമാണ്.
സ്റ്റീവന്റെയും മറിയയുടെയും നോഹയുടെയും പ്രശ്‌നം എന്താണ്? മൂവർക്കും പഠനവൈകല്യങ്ങളുണ്ട്. പഠനസംബന്ധിയായ വൈകല്യങ്ങളിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്നത് ഡിസ്‌ലെക്‌സിയയാണ്. ഈ വൈകല്യമുള്ളവർക്ക് വായനയാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. അവർക്ക് ഒരുപോലെയുള്ള അക്ഷരങ്ങൾ തമ്മിൽ തെറ്റിപ്പോകും. ഡിസ്‌ഗ്രാഫിയ (രചനാവൈകല്യം), ഡിസ്‌കാൽക്കുലിയ (ഗണനവൈകല്യം) എന്നിവയാണ് മറ്റുചില പഠനവൈകല്യങ്ങൾ. എന്നാൽ പഠനവൈകല്യങ്ങളുള്ള മിക്കവരും ശരാശരിയോ അതിനു മീതെയോ ബുദ്ധിശക്തിയുള്ളവരാണ് എന്നതാണു രസകരം.
സംസാരിച്ചുതുടങ്ങാൻ വൈകുക, പ്രാസമൊപ്പിച്ചു വരുന്ന വാക്കുകൾ പറയാൻ ബുദ്ധിമുട്ടുണ്ടാകുക, സ്ഥിരമായി ഉച്ചാരണം തെറ്റിക്കുക, കൊഞ്ചൽ മാറാതെവരുക, അക്ഷരങ്ങളും അക്കങ്ങളും പഠിക്കാൻ കഷ്ടപ്പെടുക, സമാനതയുള്ള വാക്കുകൾ തമ്മിൽ തെറ്റിപ്പോകുക, നിർദേശങ്ങൾ മനസ്സിലാക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക. പഠനവൈകല്യത്തിന്റെ ചില ലക്ഷണങ്ങൾ ഇവയൊക്കെയാണ്. *
നിങ്ങളുടെ കുട്ടിയെ സഹായിക്കുക
കുട്ടിക്ക് ഏതെങ്കിലും പഠനവൈകല്യം ഉണ്ടെന്നു തോന്നുന്നപക്ഷം എന്തു ചെയ്യാൻ കഴിയും? ആദ്യംതന്നെ കുട്ടിയുടെ കാഴ്‌ചയ്‌ക്കോ കേൾവിക്കോ തകരാറൊന്നുമില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക. അടുത്തതായി കുട്ടിയുടെ യഥാർഥ പ്രശ്‌നം എന്താണെന്നു മനസ്സിലാക്കാൻ വിദഗ്‌ധ സഹായം തേടുക. കുട്ടിക്ക് പഠനവൈകല്യമുണ്ടെങ്കിൽ അവന് നിങ്ങളുടെ വൈകാരിക പിന്തുണ ആവശ്യമാണ്. * ഓർക്കുക: കുട്ടിക്ക് പഠനവൈകല്യമുണ്ടെന്നുവെച്ച് അവന്റെ ബുദ്ധിശക്തിക്ക് തകരാറുണ്ടായിരിക്കണമെന്നില്ല.
കുട്ടിക്ക് സ്‌കൂളിൽ വ്യക്തിപരമായ ശ്രദ്ധ ലഭിക്കാനുള്ള എന്തെങ്കിലും ക്രമീകരണങ്ങളുണ്ടെങ്കിൽ അവ
പ്രയോജനപ്പെടുത്തുക. അധ്യാപകരുടെ സഹകരണം അഭ്യർഥിക്കുക. കുട്ടിയെ ക്ലാസ്സിൽ മുൻനിരയിൽ ഇരുത്താനും കാര്യങ്ങൾ ചെയ്‌തുതീർക്കാൻ അവന് കൂടുതൽ സമയം അനുവദിക്കാനും അവർ സമ്മതിച്ചേക്കും. നിർദേശങ്ങൾ എഴുതിക്കാണിക്കാൻ മാത്രമല്ല, പറഞ്ഞുകൊടുക്കാനുംകൂടെ ടീച്ചർമാർ മനസ്സുകാണിച്ചേക്കാം. കുട്ടിക്ക് എഴുത്തുപരീക്ഷയ്‌ക്കു പകരം വാചാപരീക്ഷയ്‌ക്ക് അനുവാദം ലഭിക്കാനുമിടയുണ്ട്. പഠനവൈകല്യങ്ങളുള്ള കുട്ടികൾ പലപ്പോഴും മറവിക്കാരും അടുക്കുംചിട്ടയും ഇല്ലാത്തവരുമായതിനാൽ വീട്ടിലേക്കായി പാഠപുസ്‌തകങ്ങളുടെ മറ്റൊരു സെറ്റുംകൂടെ കരുതാവുന്നതാണ്. സാധ്യമെങ്കിൽ, കുട്ടിയുടെ ഉപയോഗത്തിനായി സ്‌പെൽ-ചെക്ക് സംവിധാനമുള്ള കമ്പ്യൂട്ടർ ലഭ്യമാക്കുന്നതും ഗുണംചെയ്യും.ഡിസ്‌ലെക്‌സിക്കായ കുട്ടിയെ വായനാപ്രാപ്‌തി മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് ദിവസവും അൽപ്പസമയം മാറ്റിവെക്കാൻ ശ്രദ്ധിക്കുക. ഈ അവസരത്തിൽ ആദ്യം നിങ്ങൾ പാഠഭാഗം കുട്ടിയെ വായിച്ചുകേൾപ്പിക്കണം; കുട്ടിയുടെ ശ്രദ്ധ പുസ്‌തകത്തിൽത്തന്നെ ആണെന്ന് ഉറപ്പുവരുത്തുകയും വേണം. അടുത്തതായി രണ്ടുപേരും ഒരുമിച്ച് ആ ഭാഗം ഉറക്കെ വായിക്കുക. പിന്നീട് അവനോട് അത് തനിയെ വായിക്കാൻ ആവശ്യപ്പെടുക. തെറ്റുവരുത്തിയാൽ ആവശ്യമായ തിരുത്തലുകൾ നൽകുക. കുട്ടി വായിക്കുമ്പോൾ വായിക്കുന്ന വരിയുടെ താഴെയായി ഒരു സ്‌കെയിൽ വെക്കാൻ ആവശ്യപ്പെടുക. അപ്പോൾ അവന് വരികൾ വിട്ടുപോവില്ല. അതുപോലെ, ബുദ്ധിമുട്ടുള്ള വാക്കുകൾ സ്‌കെച്ച്‌പെൻകൊണ്ട് അടയാളപ്പെടുത്തുക. ഇതിനെല്ലാംകൂടെ വെറും 15 മിനിട്ടേ വേണ്ടൂ.
ഗണിതത്തിലെ കഴിവു മെച്ചപ്പെടുത്താൻ പ്രായോഗിക രീതികളിലൂടെ നിങ്ങൾക്ക് കുട്ടിയെ സഹായിക്കാനാകും: പാചകത്തിനായി സാധനങ്ങൾ അളന്നെടുക്കുമ്പോഴും തയ്‌ക്കാനായി തുണി അളക്കുമ്പോഴും കടയിൽ പോകുമ്പോഴുമെല്ലാം അവനെയും കൂടെക്കൂട്ടുക. ഗ്രാഫ് പേപ്പറും ഡയഗ്രങ്ങളും ഉപയോഗിക്കുന്നതും കുട്ടിക്ക് സഹായകമായേക്കും. ഇനി, പ്രശ്‌നം കയ്യക്ഷരവുമായി ബന്ധപ്പെട്ടതാണെങ്കിൽ അകലത്തിൽ വരയിട്ട നോട്ടുബുക്കുകളും നല്ല തെളിച്ചമുള്ള പെൻസിലുകളും വാങ്ങിച്ചുകൊടുക്കുക. പ്ലാസ്റ്റിക്ക്‌കൊണ്ടോ മറ്റോ ഉണ്ടാക്കിയ അക്ഷരങ്ങൾ നിരത്തിവെച്ച് സ്‌പെല്ലിങ് പഠിപ്പിക്കുന്ന രീതിയും അവലംബിക്കാവുന്നതാണ്.
എഡിഎച്ച്‌ഡി ഉള്ള കുട്ടികളെ സഹായിക്കാനും ചില വിദ്യകളുണ്ട്. ഏകാഗ്രത സൂക്ഷിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികളോട് അവരുടെ കണ്ണുകളിൽ നോക്കി സംസാരിക്കുക. കുട്ടിയെ ബഹളങ്ങളില്ലാത്ത സ്വസ്ഥമായ ഒരിടത്തിരുത്തി ഗൃഹപാഠം ചെയ്യിക്കുക. പഠനത്തിനിടയിൽ കൂടെക്കൂടെ ഇടവേളകൾ അനുവദിക്കുന്നതും അവനെ സഹായിക്കും. ചുറുചുറുക്കോടെ ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ജോലി ഏൽപ്പിച്ചുകൊടുത്തുകൊണ്ട് അവന്റെ ഊർജസ്വലതയെ വഴിതിരിച്ചുവിടാൻ നിങ്ങൾക്കു കഴിയും.
വിജയിക്കാനാകും
കുട്ടിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവയെ പ്രോത്സാഹിപ്പിക്കുക. അവന്റെ കൊച്ചുകൊച്ചു നേട്ടങ്ങളെപ്പോലും അനുമോദിക്കുക. അഭിനന്ദനസൂചകമായി സമ്മാനങ്ങൾ നൽകുക. പഠനത്തോടു ബന്ധപ്പെട്ട് പ്രൊജക്‌റ്റുകളും മറ്റും ചെയ്യേണ്ടതുണ്ടെങ്കിൽ ഘട്ടംഘട്ടമായി അതു ചെയ്യാൻ ആവശ്യപ്പെടുക. വിജയത്തിന്റെ മധുരം നുണയാൻ അത് അവന് അവസരം നൽകും. പ്രൊജക്‌റ്റിന്റെ ഓരോ ഘട്ടത്തിലും അവൻ ചെയ്യേണ്ടത് ചിത്രരൂപത്തിൽ വ്യക്തമാക്കിക്കൊടുക്കാം.
എഴുത്തും വായനയും ഗണിതവും പഠിക്കുന്നത് ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ആവശ്യമായ പ്രോത്സാഹനവും സഹായവും നൽകുന്നെങ്കിൽ നിങ്ങളുടെ കുട്ടിക്കും പഠിക്കാൻ കഴിയും; അത് മറ്റു കുട്ടികളിൽനിന്ന് വ്യത്യസ്‌തമായിട്ടായിരിക്കാം, അല്ലെങ്കിൽ അവരുടെ അത്രയും വേഗത്തിലല്ലായിരിക്കാം എന്നുമാത്രം.
[അടിക്കുറിപ്പുകൾ]
^ ഖ. 7 പഠനവൈകല്യത്തോടൊപ്പം കാണുന്ന മറ്റൊരു തകരാറാണ് ശ്രദ്ധാവൈകല്യം അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്‌ടിവിറ്റി ഡിസോർഡർ (എഡിഎച്ച്‌ഡി). പിരുപിരുപ്പ്, പെട്ടെന്നുണ്ടാകുന്ന പ്രവർത്തനവ്യഗ്രത, ഏകാഗ്രതയില്ലായ്‌മ എന്നിവയാണ് ഈ പ്രശ്‌നത്തിന്റെ കാതലായ ലക്ഷണങ്ങൾ. 1997 ഫെബ്രുവരി 22 ലക്കം ഉണരുക!-യുടെ 5-10 പേജുകൾ കാണുക.
^ ഖ. 9 ആൺകുട്ടികൾക്ക് ഡിസ്‌ലെക്‌സിയയും ഹൈപ്പറാക്‌ടിവിറ്റിയും ഉണ്ടാകാനുള്ള സാധ്യത പെൺകുട്ടികളെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്.
[26-ാം പേജിലെ ചതുരം]
പഠനവൈകല്യം ഒരു അനുഗ്രഹമായി
“ഒരു പുസ്‌തകമെടുത്തു നോക്കിയാൽ വാക്കുകൾ എനിക്കു കാണാൻ കഴിഞ്ഞിരുന്നില്ല. വളഞ്ഞും പുളഞ്ഞുമിരിക്കുന്ന കുറെ വരകളായിരുന്നു എനിക്ക് അവ. എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു അന്യഭാഷപോലെയായിരുന്നു. ആരെങ്കിലും ഉറക്കെ വായിച്ചുതന്നാലല്ലാതെ എഴുതിയിരിക്കുന്നത് എനിക്ക് മനസ്സിലാക്കിയെടുക്കാൻ കഴിയുമായിരുന്നില്ല. കുഴിമടിയനാണ്, അധ്യാപകരോട് ബഹുമാനമില്ലാത്തവനാണ്, ക്ലാസ്സിൽ ശ്രദ്ധിക്കുന്നില്ല—ഇങ്ങനെ പലപല ആരോപണങ്ങൾ എനിക്ക് സ്‌കൂളിൽനിന്നു കേൾക്കേണ്ടിവന്നു. എന്നാൽ ഇതൊന്നുമായിരുന്നില്ല സത്യം. ഞാൻ നന്നായി ശ്രദ്ധിക്കുകയും പഠിക്കാൻ നല്ല ശ്രമം ചെയ്യുകയും ചെയ്‌തിരുന്നു. പക്ഷേ എഴുത്തും വായനയും എനിക്കു വഴങ്ങിയില്ല. അതേസമയം ഗണിതവും മറ്റും എളുപ്പമായിരുന്നുതാനും. കുട്ടിയായിരുന്നപ്പോൾതന്നെ സ്‌പോർട്‌സിലും കലയിലുമൊക്കെ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. എഴുത്തും വായനയുമൊഴികെ കൈകളുപയോഗിച്ച് ചെയ്യാവുന്ന എന്തും ചെയ്യാൻ ഞാൻ തയ്യാറായിരുന്നു.
“പിന്നീട് ഞാൻ വിദഗ്‌ധനായ ഒരു പണിക്കാരനായി. അങ്ങനെ യഹോവയുടെ സാക്ഷികളുടെ അഞ്ച് അന്താരാഷ്‌ട്ര നിർമാണപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ എനിക്കു കഴിഞ്ഞു. വായിക്കാൻ നല്ല ശ്രമം ചെലുത്തേണ്ടതുള്ളതിനാൽ വായിക്കുന്നതിന്റെ ഏറിയ പങ്കും ഓർമയിൽ സൂക്ഷിക്കാൻ എനിക്കു കഴിയുന്നു. ബൈബിൾ പഠിക്കുന്ന ഒരാളായതുകൊണ്ട് ഇത് എനിക്ക് വളരെ സഹായം ചെയ്യുന്നു, വിശേഷിച്ചും എന്റെ ക്രിസ്‌തീയ ശുശ്രൂഷയിൽ. അതുകൊണ്ട് ഈ വൈകല്യത്തെ ഒരു ശാപമായി കാണുന്നതിനുപകരം ഒരു അനുഗ്രഹമായി ഞാൻ കരുതുന്നു.”—ഡിസ്‌ലെക്‌സിക്കായ പീറ്റർ; യഹോവയുടെ സാക്ഷികളിൽ ഒരാളായ ഇദ്ദേഹം ഒരു മുഴുസമയ ശുശ്രൂഷകനാണ്.
[25-ാം പേജിലെ ചിത്രം]
ശ്രദ്ധിച്ചുകേൾക്കുന്ന കാര്യങ്ങൾ ചിത്രരൂപത്തിൽ പകർത്താനുള്ള കുട്ടികളുടെ കഴിവ് അപാരമാണ്