ഡിസ്‌ലെക്‌സിയ എനിക്കൊരു തടസ്സമായില്ല
ഡിസ്‌ലെക്‌സിയ എനിക്കൊരു തടസ്സമായില്ല
മൈക്കിൾ ഹെൻബൊ പറഞ്ഞപ്രകാരം
ഡിസ്‌ലെക്‌സിയ എന്ന പഠനവൈകല്യമുള്ള ഒരാളാണു ഞാൻ. ഇതേ തകരാറുള്ളവരാണ് എന്റെ മാതാപിതാക്കളും മൂന്ന് അനുജന്മാരും. മാതൃഭാഷയായ ഡാനിഷ് പഠിക്കുന്നതുൾപ്പെടെ മൊത്തത്തിൽ എന്റെ വിദ്യാഭ്യാസത്തെ ഈ വൈകല്യം സാരമായി ബാധിച്ചു. എന്നിരുന്നാലും വളരെയധികം സഹായവും പ്രോത്സാഹനവും എനിക്കു ലഭിച്ചിട്ടുണ്ട്, വിശേഷിച്ചും എന്റെ കുടുംബത്തിൽനിന്ന്.
നാലുതലമുറയായി യഹോവയുടെ സാക്ഷികളാണ് ഞങ്ങളുടെ കുടുംബം. ബൈബിളും ബൈബിൾപ്രസിദ്ധീകരണങ്ങളും വായിക്കുക എന്നത് ഞങ്ങളുടെ ജീവിതത്തിന്റെ ഒരു അവിഭാജ്യഘടകമാണ്. നന്നായി എഴുതാനും വായിക്കാനും പഠിക്കേണ്ടതിന്റെ പ്രാധാന്യം എന്നെയും അനുജൻ ഫ്‌ലെമിങ്ങിനെയും ബോധ്യപ്പെടുത്തിയത് പിതാവിനോടൊപ്പമുള്ള ക്രമമായ ക്രിസ്‌തീയ ശുശ്രൂഷ ആയിരുന്നു.
ചെറുപ്പംമുതൽ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും എല്ലാ ലക്കങ്ങളും ഞാൻ വായിച്ചിരുന്നു. ഒരു മാസിക വായിച്ചുതീർക്കാൻ അന്ന് എനിക്ക് 15 മണിക്കൂറോളം വേണ്ടിവന്നിരുന്നു. മറ്റൊരു ലക്ഷ്യമായിരുന്നു മുഴു ബൈബിളും വായിക്കുക എന്നത്. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിലും ഞാൻ പങ്കെടുക്കാൻ തുടങ്ങി. ലോകവ്യാപകമായി യഹോവയുടെ സാക്ഷികളുടെ സഭകളിൽ നടത്തപ്പെടുന്ന ഈ സ്‌കൂൾ, വിദ്യാർഥികളെ നന്നായി വായിക്കാനും സംസാരിക്കാനും ഒരു സദസ്സിനു മുമ്പാകെ പ്രസംഗിക്കാനും പരിശീലിപ്പിക്കുന്നു. ഡിസ്‌ലെക്‌സിയയുമായുള്ള പോരാട്ടത്തിൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം എന്നെ കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നത്. എന്നാൽ ഈ പോരാട്ടം ഇവിടംകൊണ്ടൊന്നും അവസാനിക്കുന്നില്ലെന്ന് അന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ എല്ലാം വിശദമായി പറയാം.
ഇംഗ്ലീഷ് പഠിക്കുന്നു
1988-ൽ 24-ാം വയസ്സിൽ ഞാൻ പയനിയർ, അതായത് മുഴുസമയ സുവാർത്താ പ്രസംഗകൻ ആയി സേവിക്കാൻ തുടങ്ങി. ഡെന്മാർക്കിൽ ധാരാളം കുടിയേറ്റക്കാരുണ്ടായിരുന്നതിനാൽ അവരോടൊക്കെ ബൈബിൾസത്യം പങ്കുവെക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ അതു ഫലപ്രദമായി ചെയ്യണമെങ്കിൽ ഞാൻ ഇംഗ്ലീഷ് പഠിച്ചേ മതിയാകൂ. എന്നെ സംബന്ധിച്ചിടത്തോളം ഒരു ഭാഷ പഠിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഉത്സാഹം കൈവിടാതെ സ്വപ്രയത്‌നത്താൽ ഞാൻ ആ ഭാഷ ഒരുവിധം പഠിച്ചെടുത്തു. അങ്ങനെ എന്റെ ജന്മനാടായ കോപ്പെൻഹേഗനിലെ ഇംഗ്ലീഷ് സംസാരിക്കുന്ന വിദേശികളുമായി ദൈവരാജ്യസുവാർത്ത പങ്കുവെക്കാൻ എനിക്കു കഴിഞ്ഞു. ഇംഗ്ലീഷ് സംസാരിക്കുമ്പോൾ പലപ്പോഴും എനിക്കു തെറ്റുപറ്റിയിട്ടുണ്ട്. പക്ഷേ അതൊന്നുംകൊണ്ട് ഞാൻ പ്രസംഗ പ്രവർത്തനമോ ഭാഷാപഠനമോ ഇട്ടെറിഞ്ഞുപോയില്ല.
യഹോവയുടെ സാക്ഷികൾ പല ദേശങ്ങളിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളിൽ സ്വമേധയാ സേവിക്കുന്നതിനും ഇംഗ്ലീഷിലുള്ള പരിജ്ഞാനം എനിക്ക് അവസരമൊരുക്കി. ആദ്യം എന്നെ അയച്ചത് ഗ്രീസിലേക്കാണ്, പിന്നീട് ബ്രാഞ്ച് നിർമാണത്തിൽ സഹായിക്കാനായി സ്‌പെയിനിലെ മാഡ്രിഡിലേക്കും.
പ്രസംഗ പ്രവർത്തനത്തിൽ കുറെക്കൂടി വ്യാപൃതനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നതിനാൽ യഹോവയുടെ സാക്ഷികൾ നടത്തുന്ന ശുശ്രൂഷാപരിശീലന സ്‌കൂളിൽ പങ്കെടുക്കുന്നതിന് ഞാൻ അപേക്ഷിച്ചു. അവിവാഹിതരും ആവശ്യം ഏറെയുള്ള സ്ഥലങ്ങളിൽ സുവാർത്തയുടെ ശുശ്രൂഷകരായി പ്രവർത്തിക്കാൻ സന്നദ്ധരും ആയ ക്രിസ്‌തീയ പുരുഷന്മാർക്ക് എട്ട് ആഴ്‌ച നീണ്ടുനിൽക്കുന്ന ഈ സ്‌കൂളിൽനിന്നു പ്രത്യേക പരിശീലനം ലഭിക്കുന്നു. (മർക്കൊസ് 13:10) ഇംഗ്ലീഷ് ഭാഷയിൽ സ്വീഡനിൽ നടന്ന ക്ലാസ്സിലേക്കാണ് എനിക്കു ക്ഷണം ലഭിച്ചത്.
നല്ല തയ്യാറെടുപ്പോടെ അതിൽ പങ്കെടുക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് ഇംഗ്ലീഷ് പഠനത്തിനായി ദിവസവും നാലുമണിക്കൂർ ഞാൻ ചെലവഴിച്ചു. എട്ടുമാസത്തോളം അതു തുടർന്നു. മാത്രമല്ല ഒരു ഇംഗ്ലീഷ് സഭയുമായി സഹവസിക്കാനും തുടങ്ങി. 1994 സെപ്‌റ്റംബർ 1-ന് ക്ലാസ് തുടങ്ങി. എനിക്കുള്ള വൈകല്യം ക്ലാസ്സിലെ എന്റെ പുരോഗതിയെ ബാധിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. ഉദാഹരണത്തിന്, ഉത്തരം പറയാനുള്ള ശരിയായ വാക്കുകൾ
നിശ്ചയമില്ലായിരുന്നപ്പോൾപ്പോലും അധ്യാപകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനായി ഞാൻ മിക്കവാറും കൈ ഉയർത്തിയിരുന്നു. സ്‌കൂളിൽനിന്നു ബിരുദം നേടിയശേഷം കോപ്പെൻഹേഗനിൽ ഒരു പയനിയറായി എന്നെ നിയമിച്ചു. ഇംഗ്ലീഷ് പഠിക്കുക എന്നതുതന്നെ ഒരു വെല്ലുവിളിയായിരുന്നു, എന്നാൽ അതിലും വലിയതൊന്ന് എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.തമിഴ് പഠിക്കുന്നു
1995 ഡിസംബറിൽ ഡെന്മാർക്കിലെ ഹെർണിങ് പട്ടണത്തിലുള്ള തമിഴ്‌സഭയിലേക്ക് എന്നെ നിയമിച്ചു. ലോകത്തിലേക്കും ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷകളിലൊന്നാണ് തമിഴ് എന്നായിരുന്നു എന്റെ വിചാരം. 31 അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ഉൾപ്പെടെ 250-ഓളം ക്യാരക്‌ടറുകൾ ആ ഭാഷയിലുണ്ട്.
ഡാനിഷ് ഭാഷയിൽ ഞാൻ നടത്തുന്ന പ്രസംഗങ്ങൾ തമിഴിലേക്കു പരിഭാഷപ്പെടുത്തും, തുടക്കത്തിൽ അതായിരുന്നു പതിവ്. ഒടുവിൽ തമിഴിൽത്തന്നെ ഞാൻ പ്രസംഗങ്ങൾ നടത്താൻ തുടങ്ങി, പക്ഷേ അത് ആർക്കെങ്കിലും മനസ്സിലായോ എന്ന സംശയം ഇപ്പോഴും ബാക്കിയാണ്. എന്നാലും സദസ്സ് ക്ഷമയോടെ കേട്ടിരിക്കുമായിരുന്നു, പലരുടെയും മുഖത്ത് ഒരു ആശ്ചര്യചിഹ്നം എനിക്കു കാണാൻ കഴിഞ്ഞിരുന്നു. അതുകൊണ്ട് തമിഴ് വേഗത്തിൽ പഠിക്കുക എന്ന ലക്ഷ്യത്തിൽ ആ ഭാഷ സംസാരിക്കുന്ന ഒരു രാജ്യത്തേക്ക്, ശ്രീലങ്കയിലേക്ക് പോകാൻ ഞാൻ തീരുമാനിച്ചു.
1996 ഒക്‌ടോബറിൽ ഞാൻ ശ്രീലങ്കയിൽ എത്തുമ്പോൾ ആ രാജ്യം ആഭ്യന്തരയുദ്ധത്തിന്റെ പിടിയിൽ അമർന്നിരിക്കുകയായിരുന്നു. പരസ്‌പരം പോരടിക്കുന്ന രണ്ടുവിഭാഗങ്ങളുടെ നടുക്ക് വാവുനിയ എന്ന പട്ടണത്തിലാണ് കുറച്ചുനാൾ ഞാൻ താമസിച്ചിരുന്നത്. തദ്ദേശീയരായ സാക്ഷികൾ സാമ്പത്തികമായി പിന്നോക്കമായിരുന്നെങ്കിലും അവരുടെ സ്‌നേഹവും അതിഥിപ്രിയവും എന്നെ വികാരാധീനനാക്കി, തമിഴ് പഠിക്കാൻ അവർ എന്നെ ഒരുപാട് സഹായിക്കുകയും ചെയ്‌തു. ആ പ്രദേശത്തുണ്ടായിരുന്ന ഏക പാശ്ചാത്യനായ ഞാൻ അവരുടെ ഭാഷ സംസാരിക്കാൻ ശ്രമിച്ചത് സാക്ഷികളല്ലാത്തവരിലും ഏറെ മതിപ്പുളവാക്കി. വിലമതിപ്പും എളിമയുമുള്ള അവരോട് ബൈബിളിനെക്കുറിച്ചു സംസാരിക്കുന്നത് എനിക്ക് എളുപ്പമായിരുന്നു.
1997 ജനുവരിയിൽ എനിക്ക് സ്വദേശത്തേക്കു മടങ്ങേണ്ടിവന്നു. അടുത്തവർഷം, പയനിയറായ കാമിലയെ ഞാൻ വിവാഹംകഴിച്ചു. ശ്രീലങ്ക അപ്പോഴും എന്നെ മാടിവിളിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് 1999 ഡിസംബറിൽ ഞാൻ ശ്രീലങ്കയിൽ മടങ്ങിയെത്തി; ഇത്തവണ പക്ഷേ കൂട്ടിന് ഭാര്യയും ഉണ്ടായിരുന്നു. അധികം താമസിയാതെ ഞങ്ങൾക്ക് പല കുടുംബങ്ങളുമായും വ്യക്തികളുമായും ബൈബിളധ്യയനം നടത്താൻ കഴിഞ്ഞു. കൂടാതെ തദ്ദേശീയ സാക്ഷികളോടൊപ്പം അവരുടെ ബൈബിളധ്യയനങ്ങൾക്കും ഞങ്ങൾ പോയിരുന്നു. ശുശ്രൂഷയിലും ഭാഷാപഠനത്തിലും അഭിരമിക്കുകയായിരുന്നു ഞങ്ങൾ അവിടെ.
2000 മാർച്ചിൽ ഞങ്ങൾക്ക് വീണ്ടും ഡെന്മാർക്കിലേക്കു തിരിച്ചുപോകേണ്ടിവന്നു. ഞങ്ങൾ വളരെയേറെ സ്‌നേഹിച്ചിരുന്ന സഹവിശ്വാസികളെയും ബൈബിൾവിദ്യാർഥികളെയും പിരിയുക എന്നത് ഞങ്ങളെ വിഷമിപ്പിച്ചു. എന്നാൽ പുതിയൊരു ഭാഷകൂടി പഠിക്കുന്നതുൾപ്പെടെ ഇനിയും ഏറെ ചെയ്യാനുണ്ടായിരുന്നു ഞങ്ങൾക്ക്.
തമിഴിൽനിന്ന് ലാറ്റ്‌വിയനിലേക്ക്
2002 മേയിൽ ഞങ്ങൾക്ക് ഡെന്മാർക്കിനു കിഴക്കുള്ള യൂറോപ്യൻ രാജ്യമായ ലട്‌വിയയിൽ മിഷനറിമാരായി *
നിയമനം ലഭിച്ചു. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അന്ന് നാലുവർഷമായിരുന്നു. കാമില വെറും ആറ് ആഴ്‌ചകൊണ്ട് ലാറ്റ്‌വിയൻ ഭാഷ സംസാരിക്കാൻ പഠിച്ചു. പക്ഷേ എനിക്ക് അത്രത്തോളമൊന്നും കഴിഞ്ഞില്ല. ഇന്നുപോലും ആ ഭാഷ ശരിക്കും കൈകാര്യം ചെയ്യാൻ എനിക്കാവുന്നില്ല, ഒരുപാടു പേര് എന്നെ സഹായിക്കാൻ ശ്രമിച്ചിട്ടും. ഇങ്ങനെയൊക്കെ ആണെങ്കിലും ശ്രമം ഉപേക്ഷിച്ചുകളയാൻ ഞാൻ തയ്യാറല്ല.ഞങ്ങളിരുവരും മിഷനറി സേവനം നന്നായി ആസ്വദിക്കുന്നു. എല്ലാ കാര്യങ്ങളിലും കാമില നൽകുന്ന പിന്തുണ വലുതാണ്. ഞങ്ങൾക്ക് ധാരാളം ബൈബിളധ്യയനങ്ങളുണ്ട്. ഞാൻ വാക്കുകൾ മറന്നുപോകുകയോ വ്യാകരണം തെറ്റിക്കുകയോ ചെയ്യുമ്പോൾ ഞാൻ പറയുന്നതെന്താണെന്ന് മനസ്സിലാക്കാൻ സഹോദരങ്ങളും ബൈബിൾവിദ്യാർഥികളും ക്ഷമകാണിക്കാറുണ്ട്. ദയാപൂർവം തിരുത്തിത്തരുകയും ചെയ്യും. ഇത് ആത്മവിശ്വാസത്തോടെ ശുശ്രൂഷയിൽ ഏർപ്പെടാനും സഭായോഗങ്ങളിൽ പ്രസംഗം നടത്താനും എന്നെ പ്രാപ്‌തനാക്കുന്നു.
ഇത്രയൊക്കെ കഷ്ടം സഹിച്ച് ഞാൻ മറ്റു ഭാഷകൾ പഠിക്കുന്നതിന്റെ കാരണം എന്താണെന്ന് അറിയാമോ? ഒറ്റവാക്കിൽപ്പറഞ്ഞാൽ സ്‌നേഹം—ഭാഷകളോടുള്ളതല്ല മറിച്ച് ആളുകളോടുള്ള സ്‌നേഹം. സത്യദൈവമായ യഹോവയെ അറിയാനും അവനോട് അടുത്തുചെല്ലാനും ആരെയെങ്കിലും സഹായിക്കാനാകുന്നത് ഒരു വലിയ പദവിതന്നെയാണ്. അത് ഏറ്റവും ഫലപ്രദമായി നിർവഹിക്കണമെങ്കിൽ ആളുകളോട് അവരുടെ ഭാഷയിൽ സംസാരിക്കണം; പല മിഷനറിമാരും ഈ സത്യം പലവട്ടം സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.
ബൈബിളിന്റെ സൂക്ഷ്‌മപരിജ്ഞാനം നേടാൻ ഇക്കാലംകൊണ്ട് ഞാനും കാമിലയും അനേകരെ സഹായിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ ബഹുമതി ഞങ്ങൾക്കുള്ളതല്ല. ഇന്നു കാണുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ കടപ്പെട്ടിരിക്കുന്നത് യഹോവയോടാണ്. ഞങ്ങൾ നടുകയും നനയ്‌ക്കുകയും മാത്രമേ ചെയ്‌തിട്ടുള്ളൂ, യഹോവയാണ് “വളരുമാറാക്കിയത്.”—1 കൊരിന്ത്യർ 3:6.
വൈകല്യം അനുഗ്രഹമായി
എന്നും എനിക്കൊരു പ്രതിബന്ധമായിരുന്നു ഡിസ്‌ലെക്‌സിയ, പക്ഷേ അതുകൊണ്ട് ഒരു നേട്ടമുണ്ടായി. സഭയിൽ പ്രസംഗങ്ങൾ നടത്തുമ്പോൾ, എഴുതിക്കൊണ്ടുവന്ന നോട്ടിൽ അധികം ആശ്രയിക്കാൻ ഞാൻ ശ്രമിക്കാറില്ല. അതുകൊണ്ട് സദസ്സുമായി നല്ല ദൃഷ്ടിസമ്പർക്കം പുലർത്താനാകുന്നു. താരതമ്യേന ഓർത്തിരിക്കാൻ എളുപ്പമുള്ളതുകൊണ്ട് ദൃഷ്ടാന്തങ്ങളും ഞാൻ ധാരാളമായി ഉപയോഗിക്കുന്നു. ഒരുതരത്തിൽ പറഞ്ഞാൽ, നല്ല പഠിപ്പിക്കൽ വൈദഗ്‌ധ്യങ്ങൾ വികസിപ്പിച്ചെടുക്കാൻ ഈ വൈകല്യം എന്നെ സഹായിച്ചിരിക്കുന്നു.
“ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു” എന്ന് ക്രിസ്‌തീയ അപ്പൊസ്‌തലനായ പൗലൊസ് ഒരിക്കൽ എഴുതി. (1 കൊരിന്ത്യർ 1:27) എന്റെ വൈകല്യം പല വിധത്തിലും എന്നെ ‘ബലഹീനനാക്കി.’ എന്നാൽ യഹോവയ്‌ക്ക് നമ്മുടെ കുറവുകളെ നികത്താനും അതിലധികവും സാധിക്കും എന്ന് മറ്റനേകരെപ്പോലെ ഞാനും മനസ്സിലാക്കിയിരിക്കുന്നു. നാം ചെയ്യേണ്ടത് ഇത്രമാത്രം: ന്യായമായ ലക്ഷ്യങ്ങളും പ്രതീക്ഷകളും വെക്കുക, ദൈവാത്മാവിനുവേണ്ടി പ്രാർഥിക്കുക, എന്നിട്ട് ആ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ പരമാവധി യത്‌നിക്കുക.
[അടിക്കുറിപ്പ്]
^ ഖ. 18 ആറുവർഷം ലട്‌വിയയിൽ സേവിച്ച ഹെൻബൊ ദമ്പതികളെ അടുത്തയിടെ ഘാനയിലേക്കു നിയമിച്ചു.
[20-ാം പേജിലെ ചതുരം]
ഡിസ്‌ലെക്‌സിയ ചില വസ്‌തുതകൾ
എന്താണ് ഡിസ്‌ലെക്‌സിയ അഥവാ പദാന്ധത? ഗ്രീക്ക് ഭാഷയിൽനിന്നാണ് “ഡിസ്‌ലെക്‌സിയ” എന്ന പദം വന്നിരിക്കുന്നത്, “ഉച്ചരിക്കാനുള്ള ബുദ്ധിമുട്ട്” എന്നാണ് അക്ഷരാർഥം. ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഭാഷാസംബന്ധിയായ തകരാറിനെ, വിശേഷിച്ചും മോശമായ വായനാപ്രാപ്‌തിയെ ഇതു കുറിക്കുന്നു. ഈ വൈകല്യം ബാധിച്ചവർക്ക് അക്ഷരങ്ങളും അവയുടെ ഉച്ചാരണവും തമ്മിൽ ബന്ധിപ്പിക്കുക ബുദ്ധിമുട്ടാണ്. രോഗലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്‌തമായിരിക്കും.
കാരണങ്ങൾ: പാരമ്പര്യം ഒരു ഘടകമാണെങ്കിലും യഥാർഥ കാരണം ഇന്നും അവ്യക്തമാണ്. പഠനങ്ങൾ സൂചിപ്പിക്കുന്നത് അനുസരിച്ച്, മസ്‌തിഷ്‌കത്തിന്റെ വികാസത്തോടും പ്രവർത്തനത്തോടും ബന്ധപ്പെട്ട തകരാറാണെങ്കിലും ഇതിന് ബുദ്ധിശക്തിയോടോ പഠിക്കാനുള്ള താത്‌പര്യമില്ലായ്‌മയോടോ ബന്ധമില്ല. ഭാഷാവൈദഗ്‌ധ്യം ആവശ്യമില്ലാത്ത മേഖലകളിൽ ഈ വൈകല്യമുള്ളവർ മികവുപുലർത്തുന്നവരാണ്.
ചികിത്സ: എത്രയും നേരത്തെ ഈ വൈകല്യം കണ്ടുപിടിക്കുന്നത് പ്രധാനമാണ്. വിവിധ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച്, വിശേഷിച്ചും കണ്ടും കേട്ടും തൊട്ടറിഞ്ഞും ഭാഷ പഠിക്കാനുള്ള സഹായമാണ് വിദഗ്‌ധപരിശീലനത്തിലൂടെ ഇവർക്കു കൊടുക്കുന്നത്. അവരവരുടെ പ്രാപ്‌തിക്കനുസരിച്ച് പഠിക്കാനാകുന്നതിന്, മിക്ക വിദ്യാർഥികൾക്കും വ്യക്തിപരമായ ശ്രദ്ധ ആവശ്യമാണ്. സ്‌കൂളിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നതിന് വൈകാരിക പിന്തുണയും അവർക്കാവശ്യമാണ്. ലഭിക്കുന്ന നല്ല പരിശീലനത്തോടൊപ്പം വേണ്ടത്ര ശ്രമംകൂടി ചെയ്‌താൽ ഈ വൈകല്യം ബാധിച്ച വിദ്യാർഥികൾക്ക് നന്നായി എഴുതാനും വായിക്കാനും പഠിക്കാനാകും. *
[അടിക്കുറിപ്പ്]
^ ഖ. 31 ഇന്റർനാഷണൽ ഡിസ്‌ലെക്‌സിയ അസോസിയേഷൻ പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്. ഇതേ മാസികയിലെ “പഠനവൈകല്യങ്ങളുള്ള കുട്ടികളെ എങ്ങനെ സഹായിക്കാം?” എന്ന ലേഖനംകൂടെ കാണുക.
[21-ാം പേജിലെ ചിത്രം]
ശ്രീലങ്കയിൽ ഒരു സഹവിശ്വാസിയോടൊപ്പം
[21-ാം പേജിലെ ചിത്രം]
കാമിലയോടൊപ്പം ലട്‌വിയയിൽ