ഭൂമി ഭീഷണിയിലോ?
ഭൂമി ഭീഷണിയിലോ?
മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്നാണ് ആഗോളതാപനത്തെ വിശേഷിപ്പിക്കുന്നത്. “മന്ദഗതിയിലുള്ളതെങ്കിലും മാറ്റങ്ങളുടെ ഒരു നിലയ്‌ക്കാത്ത പരമ്പരയ്‌ക്കു നാം തിരികൊളുത്തിയിട്ടുണ്ടാകാം” എന്ന ചിന്ത ഗവേഷകരുടെ ഉറക്കംകെടുത്തുന്നുവെന്ന് സയൻസ് എന്ന പത്രിക പറയുന്നു. ഈ പ്രസ്‌താവനയുടെ സത്യതയെ സംശയിക്കുന്നവരുണ്ട്. ചൂടു കൂടുന്നുവെന്ന യാഥാർഥ്യം പലരും അംഗീകരിക്കുന്നുണ്ടെങ്കിലും അതിന്റെ കാരണങ്ങളെയും പരിണതഫലങ്ങളെയും കുറിച്ച് അവർക്ക് നിശ്ചയമില്ല. മനുഷ്യന്റെ ഇടപെടൽ ഒരു ഘടകമായിരുന്നേക്കാം എങ്കിലും മുഖ്യ കാരണം അതായിരിക്കണമെന്നില്ല എന്നാണവർ പറയുന്നത്. എന്താണ് ഈ അഭിപ്രായ വ്യത്യാസങ്ങൾക്കു കാരണം?
ഭൂമിയുടെ കാലാവസ്ഥയെ നിർണയിക്കുന്ന ഭൗതിക പ്രതിഭാസങ്ങൾ സങ്കീർണമാണെന്നു മാത്രമല്ല പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുമില്ല. അതാണ് ഒരു കാരണം. താപനില ഉയരുന്നതിന്റെ കാരണങ്ങൾപോലുള്ള ശാസ്‌ത്രീയവിവരങ്ങൾക്ക് സ്വന്തം വ്യാഖ്യാനം നൽകാനുള്ള ചില പരിസ്ഥിതിവാദികളുടെ പ്രവണതയാണ് മറ്റൊരു കാരണം.
യഥാർഥത്തിൽ ചൂടുകൂടുന്നുണ്ടോ?
ആഗോളതാപനം എന്ന പ്രതിഭാസം ഒരു “പരമാർഥമാണ്,” ഒരു വസ്‌തുതയാണ്; “സർവസാധ്യതയുമനുസരിച്ച്” മനുഷ്യരാണ് മുഖ്യമായും ഇതിന് ഉത്തരവാദികൾ എന്ന് ഐക്യരാഷ്‌ട്ര സംഘടന സ്‌പോൺസർ ചെയ്യുന്ന ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേയ്‌ഞ്ചിന്റെ (ഐപിസിസി) ഒരു സമീപകാല റിപ്പോർട്ട് പറയുന്നു. ഈ നിഗമനത്തോട്, വിശേഷിച്ച് ഇക്കാര്യത്തിലുള്ള മനുഷ്യരുടെ പങ്ക് സംബന്ധിച്ച്, വിയോജിപ്പുള്ള ചിലർ പറയുന്നത് നഗരങ്ങളുടെ വളർച്ചയാണ് അവിടെ ചൂടുകൂടാൻ കാരണമെന്നാണ്. തന്നെയുമല്ല, സ്റ്റീലും കോൺക്രീറ്റും സൂര്യതാപം അതിവേഗം ആഗിരണം ചെയ്യുകയും രാത്രിയിൽ മെല്ലെ തണുക്കുകയും ചെയ്യും. എന്നാൽ നഗരങ്ങളിൽ രേഖപ്പെടുത്തുന്ന താപനിലയായിരിക്കില്ല ഗ്രാമങ്ങളിലേത് എന്ന വസ്‌തുത ആഗോള സ്ഥിതിവിവരക്കണക്കിന്റെ കൃത്യതയെ ബാധിക്കുമെന്നാണ് സംശയാലുക്കൾ പറയുന്നത്.
പക്ഷേ അലാസ്‌കൻ തീരത്തിനടുത്തുള്ള ഒരു ദ്വീപിൽ താമസിക്കുന്ന ക്ലിഫോഡ് എന്ന ഗ്രാമമുഖ്യൻ പറയുന്നത് മാറ്റങ്ങൾ അദ്ദേഹം സ്വന്തം കണ്ണുകൊണ്ട് കണ്ടിട്ടുണ്ടെന്നാണ്. മാൻ വർഗത്തിൽപ്പെട്ട കാരിബൂ, കടമാൻ എന്നിവയെ വേട്ടയാടാൻ അദ്ദേഹത്തിന്റെ ഗ്രാമത്തിലുള്ളവർ തണുത്തുറഞ്ഞുകിടക്കുന്ന കടൽ കടന്നാണ് വൻകരയിലെത്തിയിരുന്നത്. പക്ഷേ ചൂടുകൂടുന്നത് ഈ പരമ്പരാഗതരീതി പിന്തുടരുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. “സമുദ്രത്തിലെ അടിയൊഴുക്കുകൾ, മഞ്ഞിന്റെ ഘടന, ചുക്‌ചി കടൽ തണുത്തുറയുന്ന സമയം എല്ലാറ്റിനും . . . മാറ്റം വന്നിരിക്കുന്നു,” ക്ലിഫോഡ് പറയുന്നു. മുമ്പൊക്കെ ഒക്ടോബർ അവസാനമാകുമ്പോഴേക്കും സമുദ്രം തണുത്തുറയുമായിരുന്നു. എന്നാൽ ഇപ്പോഴാകട്ടെ, ഡിസംബർ ഒടുവിലാണ് അതു സംഭവിക്കുന്നത്.
2007-ൽ നോർത്ത് വെസ്റ്റ് കപ്പൽപ്പാതയിലും താപവർധന പ്രകടമായി. ആ വർഷമാണ് ചരിത്രത്തിൽ ആദ്യമായി അതിനെ ഗതാഗതത്തിനു മുഴുവനായി തുറന്നുകൊടുത്തത്. “മഞ്ഞുരുകുന്ന കാലം നീളുന്നു എന്നതിനു തെളിവാണ് നാം ഈ വർഷം കണ്ടത്” എന്ന് ഐക്യനാടുകളിലുള്ള നാഷണൽ സ്‌നോ ആൻഡ് ഐസ് ഡേറ്റാ സെന്ററിലെ ഒരു സീനിയർ ശാസ്‌ത്രജ്ഞൻ പറഞ്ഞു.
ഹരിതഗൃഹ പ്രഭാവം—ജീവന് ആധാരം
ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഒരു പ്രതിഭാസമാണ് ഹരിതഗൃഹ പ്രഭാവം. എന്നാൽ മേൽപ്പറഞ്ഞ കാലാവസ്ഥാ വ്യതിയാനങ്ങൾക്കുള്ള ഒരു കാരണം ഹരിതഗൃഹ പ്രഭാവം രൂക്ഷമാകുന്നതത്രേ. ഭൂമിയിൽ എത്തുന്ന സൗരോർജത്തിന്റെ 70 ശതമാനത്തോളം ആഗിരണം ചെയ്യപ്പെടുന്നു. അതു നിമിത്തം അന്തരീക്ഷവും കരയും കടലും ചൂടാകുന്നു. ഈ പ്രതിഭാസം ഇല്ലായിരുന്നെങ്കിൽ ഭൗമോപരിതലത്തിലെ ശരാശരി താപനില
ഏതാണ്ട് -18 ഡിഗ്രി സെൽഷ്യസ് ആകുമായിരുന്നു. ഒടുവിൽ, ആഗിരണം ചെയ്യപ്പെട്ട താപം ഇൻഫ്രാറെഡ് കിരണങ്ങളായി ശൂന്യാകാശത്തേക്ക് പുറന്തള്ളപ്പെടുന്നു. അങ്ങനെ അമിത ചൂടിൽനിന്നു ഭൂമി രക്ഷപെടുന്നു. പക്ഷേ മലിനകാരികൾ അന്തരീക്ഷത്തിന്റെ ഘടനയ്‌ക്കു മാറ്റം വരുത്തുന്നതിന്റെ ഫലമായി പുറന്തള്ളപ്പെടുന്ന ചൂടിന്റെ അളവു കുറയുന്നു. ഇത് ഭൂമിയുടെ ഊഷ്‌മാവ് ഉയരുന്നതിന് ഇടയാക്കുന്നു.കാർബൺഡയോക്‌സൈഡ്, നൈട്രസ് ഓക്‌സൈസ്, മീഥേൻ എന്നീ വാതകങ്ങളും നീരാവിയുമൊക്കെയാണ് ഹരിതഗൃഹ പ്രഭാവത്തിന് ഇടയാക്കുന്നത്. കഴിഞ്ഞ 250 വർഷത്തിനിടെ, അതായത്, വ്യവസായവിപ്ലവം ആരംഭിക്കുകയും കൽക്കരി, എണ്ണ മുതലായ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം വർധിക്കുകയും ചെയ്‌തതോടെ അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകങ്ങളുടെ അളവ് ഗണ്യമായി വർധിച്ചിരിക്കുന്നു. കന്നുകാലികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയാണ് ഹരിതഗൃഹ പ്രഭാവത്തിന്റെ ആക്കംകൂട്ടുന്ന മറ്റൊരു ഘടകം. കാരണം അവയുടെ ദഹനപ്രക്രിയയുടെ സമയത്ത് മീഥേനും നൈട്രസ് ഓക്‌സൈഡും പുറന്തള്ളപ്പെടുന്നുണ്ട്. മനുഷ്യന് കാലാവസ്ഥയെ സ്വാധീനിക്കാൻ കഴിയുന്നതിനു മുമ്പുണ്ടായ ചില കാര്യങ്ങളാണ് ആഗോളതാപനത്തിനുള്ള മറ്റു കാരണങ്ങളായി ചില ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.
മറ്റൊരു മാറ്റം മാത്രമോ?
മനുഷ്യരല്ല ഈ കാലാവസ്ഥാമാറ്റത്തിനു പിന്നിൽ എന്നു വിശ്വസിക്കുന്നവർ കഴിഞ്ഞനാളുകളിൽ ഭൂമിയിലെ താപനിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നു ചൂണ്ടിക്കാണിക്കുന്നു. ഹിമയുഗം എന്നു വിളിക്കപ്പെടുന്ന കാലഘട്ടത്തിലേക്ക് അവർ വിരൽചൂണ്ടുന്നു. അന്ന് ഭൂമിയിലെ ഊഷ്‌മാവ് ഇന്നത്തെ അപേക്ഷിച്ച് വളരെ കുറവായിരുന്നത്രേ. ഇനി, ചൂടുള്ള പ്രദേശങ്ങളിൽ കണ്ടുവരുന്ന സസ്യജാലങ്ങൾ ഒരുകാലത്ത് ഗ്രീൻലാൻഡ് പോലുള്ള തണുത്ത പ്രദേശങ്ങളിൽ വളർന്നിരുന്നു എന്നതിന്റെ തെളിവുകൾ നിരത്തിക്കൊണ്ട് താപനിലാവ്യതിയാനങ്ങൾ സ്വാഭാവികമാണെന്ന വാദത്തിന് അവർ പിൻബലമേകുന്നു. കാലപ്രവാഹത്തിൽ പിന്നോട്ടു പോകുന്തോറും കാലാവസ്ഥയെക്കുറിച്ചുള്ള ചിത്രം മങ്ങിവരുന്നതായി ശാസ്‌ത്രജ്ഞന്മാർ സമ്മതിക്കുന്നുണ്ട്.
അപ്പോൾ മനുഷ്യസ്വാധീനം ഒരു ഘടകമല്ലായിരുന്ന കാലത്ത് താപനിലയിൽ ഗണ്യമായ മാറ്റം ഉണ്ടാകാൻ കാരണമെന്തായിരിക്കാം? സൂര്യകളങ്കങ്ങളും സൗരജ്വാലകളുമൊക്കെയാണ് കാരണങ്ങളെന്നു കരുതപ്പെടുന്നു. ഇവയുടെ ഏറ്റക്കുറച്ചിലുകൾ സൂര്യനിൽനിന്നു പുറപ്പെടുന്ന ഊർജത്തിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നു. കൂടാതെ, ഭൂമിയുടെ ഭ്രമണപഥത്തിന്റെ ആകൃതി മാറിക്കൊണ്ടിരിക്കുന്നതിനാൽ ഭൂമിയും സൂര്യനും തമ്മിലുള്ള അകലം കൂടുകയോ കുറയുകയോ ചെയ്യുന്നു. ആയിരക്കണക്കിനു വർഷങ്ങൾകൊണ്ടാണ് ഇതു സംഭവിക്കുന്നത്. മാത്രമല്ല, അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ
പുറത്തുവരുന്ന പൊടിപടലങ്ങളും സമുദ്രജലപ്രവാഹങ്ങളിലുണ്ടായ മാറ്റങ്ങളും കാലവസ്ഥയെ സ്വാധീനിച്ചിട്ടുണ്ടാവാം.കാലാവസ്ഥാ മാതൃകകൾ
കാരണങ്ങൾ എന്തുമായിക്കൊള്ളട്ടെ, ഭൂമിയിൽ ഇങ്ങനെ ചൂടുകൂടിയാൽ നമ്മുടെയും പരിസ്ഥിതിയുടെയും അവസ്ഥ എന്താകും? കൃത്യമായ പ്രവചനങ്ങൾ നടത്തുക എളുപ്പമല്ല. എന്നാൽ അടുത്തകാലത്ത്, അത്യാധുനിക കമ്പ്യൂട്ടറുകളുടെ സഹായത്തോടെ കാലാവസ്ഥയുടെ ഡിജിറ്റൽ സിമുലേഷനുകൾ സൃഷ്ടിക്കാൻ ശാസ്‌ത്രജ്ഞന്മാർക്ക് സാധിച്ചിരിക്കുന്നു. ഭൗതികശാസ്‌ത്ര നിയമങ്ങളും കാലാവസ്ഥാ വിവരങ്ങളും കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രകൃതിയിലെ പ്രതിഭാസങ്ങളുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ മാതൃകകൾ സൃഷ്ടിച്ചിരിക്കുന്നത്.
മറ്റു വിധങ്ങളിൽ സാധ്യമാകാത്ത കാലാവസ്ഥാ പരീക്ഷണങ്ങൾ നടത്താൻ ഈ സിമുലേഷനുകൾ ശാസ്‌ത്രജ്ഞന്മാരെ സഹായിക്കുന്നു. ഉദാഹരണത്തിന്, സൂര്യൻ ഉത്സർജിക്കുന്ന ഊർജത്തിൽ “മാറ്റം വരുത്തിക്കൊണ്ട്” അതെങ്ങനെ അന്തരീക്ഷത്തിലെയും സമുദ്രത്തിലെയും താപനില, ധ്രുവപ്രദേശത്തെ മഞ്ഞ്, ബാഷ്‌പീകരണ തോത്, അന്തരീക്ഷമർദം, മേഘങ്ങളുടെ രൂപീകരണം, കാറ്റ്, മഴ എന്നിവയെ ബാധിക്കുമെന്ന് അറിയാൻ അവർക്കാകുന്നു. അഗ്നിപർവത സ്‌ഫോടനങ്ങളെ “സൃഷ്ടിച്ച്” അവയിൽനിന്ന് പുറത്തുവരുന്ന പൊടിപടലങ്ങൾ കാലാവസ്ഥയെ സ്വാധീനിക്കുന്നത് എങ്ങനെയെന്നു പഠിക്കാനും അവർക്കു കഴിയും. ജനസംഖ്യാ വർധന, വനനശീകരണം, ഭൂവിനിയോഗം, പുറന്തള്ളപ്പെടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവിലുള്ള മാറ്റം എന്നിവയുടെയെല്ലാം പരിണതഫലങ്ങൾ പരിശോധിക്കാനും അവർക്കാകും. കാലക്രമത്തിൽ ഈ മാതൃകകൾ കൂടുതൽ കൃത്യതയുള്ളതും ആശ്രയയോഗ്യവും ആയിത്തീരുമെന്നാണ് ശാസ്‌ത്രജ്ഞരുടെ പ്രതീക്ഷ.
നിലവിലുള്ള മാതൃകകൾ എത്രത്തോളം കൃത്യതയുള്ളതാണ്? അത് വലിയ ഒരളവുവരെ ആശ്രയിച്ചിരിക്കുന്നത് കമ്പ്യൂട്ടറിൽ എത്രത്തോളം വിവരങ്ങൾ നൽകിയിരിക്കുന്നു എന്നതിനെയും അവയുടെ കൃത്യതയെയുമാണ്. ഇക്കാരണത്താൽ കാലാവസ്ഥാ പ്രവചനങ്ങളിൽ ചെറുതും വലുതുമായ വ്യതിയാനങ്ങൾ ഉണ്ടായേക്കാം. ഇതുകൂടാതെ, “നാം ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിൽ പ്രവർത്തിച്ചുകൊണ്ട് പ്രകൃതിതന്നെ കാലാവസ്ഥ മാറ്റിമറിച്ചേക്കാം” എന്ന് സയൻസ് ജേർണൽ പറയുന്നു. അങ്ങനെ ചിലത് ഇതിനോടകംതന്നെ സംഭവിച്ചുകഴിഞ്ഞു; ആർട്ടിക് മേഖലയിൽ അസാധാരണമായ വേഗത്തിൽ മഞ്ഞ് ഉരുകുന്നത് കാലാവസ്ഥാവിദഗ്‌ധരെ അതിശയിപ്പിക്കുന്നു. മനുഷ്യൻ ഇന്നു ചെയ്യുന്നതിന്റെ അല്ലെങ്കിൽ ചെയ്യാത്തതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചുള്ള ഒരു ഏകദേശ രൂപമേ നയരൂപകർത്താക്കൾക്ക് ഉള്ളൂവെന്നതു ശരിതന്നെ. എന്നിരുന്നാലും ഇന്നവർ എടുക്കുന്ന തീരുമാനങ്ങൾ നാളത്തെ പ്രശ്‌നങ്ങളെ കുറയ്‌ക്കാൻ സഹായിച്ചേക്കും.
അതു മനസ്സിൽപ്പിടിച്ചുകൊണ്ട് ഐപിസിസി, കമ്പ്യൂട്ടർ സിമുലേഷനുകളിലൂടെ സൃഷ്ടിച്ചെടുത്ത ആറു സാഹചര്യങ്ങളും കാലാവസ്ഥയിലും പരിസ്ഥിതിയിലും അവ ഉളവാക്കിയ ഫലങ്ങളും പരിശോധിക്കുകയുണ്ടായി. ഹരിതഗൃഹ വാതകങ്ങളുടെ നിയന്ത്രണാതീതമായ ഉത്‌പാദനം മുതൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയാലുള്ള ഉത്‌പാദനം വരെയുള്ള സാഹചര്യങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നു. ഈ പ്രവചനങ്ങളുടെ വെളിച്ചത്തിൽ, പല നടപടികളും കൈക്കൊള്ളേണ്ടതുണ്ടെന്ന് വിദഗ്‌ധർ വാദിക്കുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിൽ കർശനനിയന്ത്രണം ഏർപ്പെടുത്തുക, നിയമലംഘകർക്ക് പിഴ ചുമത്തുക, ആണവോർജത്തിന്റെ ഉത്‌പാദനം കൂട്ടുക, പരിസ്ഥിതിക്കിണങ്ങുന്ന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുക എന്നിവ ഇതിലുൾപ്പെടുന്നു.
മാതൃകകൾ ആശ്രയയോഗ്യമോ?
ഇപ്പോഴുള്ള കാലാവസ്ഥാപ്രവചന രീതികൾ, “കാര്യമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ലാത്ത കാലാവസ്ഥാപ്രക്രിയകളെ ലളിതവത്‌കരിക്കുകയും മറ്റുള്ളവയെ പാടെ അവഗണിക്കുകയും ചെയ്യുന്നു” എന്നാണ് വിമർശകരുടെ അഭിപ്രായം. കമ്പ്യൂട്ടർ മാതൃകകൾ നൽകുന്ന ഫലങ്ങൾ തമ്മിൽ യോജിപ്പില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഐപിസിസി ചർച്ചകളിൽ പങ്കെടുത്ത ഒരു ശാസ്‌ത്രജ്ഞൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “അസാധാരണമാംവിധം സങ്കീർണമായ *
കാലാവസ്ഥാ പ്രതിഭാസങ്ങൾ നിർണയിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതിന്റെ ബുദ്ധിമുട്ടിനുമുന്നിൽ സ്‌തബ്ധരായിപ്പോകുന്നു ഞങ്ങളിൽ ചിലർ. ഫലമോ? കാലാവസ്ഥ എങ്ങനെയാണെന്നും എന്തുകൊണ്ടാണ് അങ്ങനെയായിരിക്കുന്നതെന്നും മനസ്സിലാക്കാനുള്ള ഞങ്ങളുടെ പ്രാപ്‌തിയിൽ ഞങ്ങൾക്കു സംശയംതോന്നുന്നു.”കാര്യങ്ങൾ സംബന്ധിച്ച് ഉറപ്പില്ല എന്നതിന്റെ പേരുംപറഞ്ഞ് ഒന്നും ചെയ്യാതിരിക്കുന്നത് ഭാവിയെ അനിശ്ചിതത്വത്തിലാക്കുകയേ ഉള്ളൂവെന്നാണ് ചിലരുടെ പക്ഷം. “നമ്മുടെ കുട്ടികളോട് നാം എന്തു സമാധാനം പറയും?” അവർ ചോദിക്കുന്നു. കാലാവസ്ഥാ മാതൃകകൾ കൃത്യമാണെങ്കിലും അല്ലെങ്കിലും ഭൂമി ആപത്തിലാണെന്നതിനു സംശയമില്ല. മലിനീകരണം, വനനശീകരണം, നഗരവത്‌കരണം, ജീവജാലങ്ങളുടെ വംശനാശം തുടങ്ങിയവയെല്ലാം ജീവൻ നിലനിറുത്തുന്ന അതിന്റെ പരിസ്ഥിതിക്കു കേടുവരുത്തിയിരിക്കുന്നു എന്ന വസ്‌തുത ആർക്കും നിഷേധിക്കാനാവില്ല.
ഇന്നുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ, നമ്മുടെ സുന്ദര ഭവനത്തെയും നമ്മെയും രക്ഷിക്കാൻ മാനവരാശി ഒന്നടങ്കം തങ്ങളുടെ ജീവിതശൈലിയിൽ മാറ്റം വരുത്തുമെന്നു നമുക്കു പ്രതീക്ഷിക്കാനാകുമോ? മനുഷ്യരുടെ പ്രവർത്തനങ്ങളാണ് ആഗോളതാപനത്തിനു കാരണമെങ്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നമുക്കു വർഷങ്ങളേ ഉള്ളൂ, നൂറ്റാണ്ടുകൾ ഇല്ല. അത്തരം മാറ്റങ്ങൾ ഉണ്ടാകണമെങ്കിൽ കുറഞ്ഞപക്ഷം പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണങ്ങൾ നാം സത്വരം പരിഹരിക്കേണ്ടിയിരിക്കുന്നു— അത്യാഗ്രഹം, സ്വാർഥതാത്‌പര്യങ്ങൾ, അജ്ഞത, നിസ്സംഗത, കാര്യപ്രാപ്‌തി ഇല്ലാത്ത ഗവൺമെന്റുകൾ എന്നിങ്ങനെ. ഇതൊക്കെ നടക്കാൻ പോകുന്ന കാര്യങ്ങളാണോ? അതോ വെറും സ്വപ്‌നമാണോ? രണ്ടാമതു പറഞ്ഞതാണു ശരിയെങ്കിൽ നാം ആശയറ്റ അവസ്ഥയിലാണെന്നുവരും. എന്നാൽ അതാണോ സത്യം? അതറിയാൻ തുടർന്നു വായിക്കുക.
[അടിക്കുറിപ്പ്]
^ ഖ. 20 ജോൺ ആർ. ക്രിസ്റ്റി, ഡയറക്ടർ, എർത്ത് സിസ്റ്റം സയൻസ് സെന്റർ, അലബാമാ സർവകലാശാല, ഹണ്ട്‌സ്‌വിൽ, യു.എസ്.എ., 2007 നവംബർ 1-നു വാൾ സ്‌ട്രീറ്റ് ജേർണൽ റിപ്പോർട്ടു ചെയ്‌ത പ്രകാരം.
[5-ാം പേജിലെ ചതുരം/ചിത്രം]
ഭൂമിയുടെ ഊഷ്‌മാവ് അളക്കുന്നത് എങ്ങനെ?
ഇതെത്രെ പ്രയാസമാണ് എന്നറിയാൻ ഒരു വലിയ മുറിയിലെ ഊഷ്‌മാവ് എങ്ങനെ അളക്കുമെന്ന് ചിന്തിച്ചാൽ മതി. ഉദാഹരണത്തിന്, തെർമോമീറ്റർ നിങ്ങൾ എവിടെയായിരിക്കും വെക്കുക? താപത്തിന് മുകളിലേക്കു പോകാനുള്ള പ്രവണതയാണുള്ളത്. അതുകൊണ്ട് സീലിങ്ങിനോടു ചേർന്നുള്ള ഭാഗത്തെ വായുവിന് താഴത്തേതിനെക്കാൾ ചൂട് കൂടുതലായിരിക്കും. ജനാലയ്‌ക്കടുത്തും സൂര്യപ്രകാശമേൽക്കുന്നിടത്തും അല്ലാത്തിടത്തും റീഡിങ് വ്യത്യാസപ്പെട്ടിരിക്കും. ഇരുണ്ട പ്രതലങ്ങൾ കൂടുതൽ ചൂട് ആഗിരണം ചെയ്യും എന്നതിനാൽ നിറവും റീഡിങ്ങിൽ വ്യത്യാസം വരുത്തിയേക്കാം.
അതുകൊണ്ടുതന്നെ ഒരൊറ്റ റീഡിങ് പര്യാപ്‌തമായിരിക്കില്ല. പല സ്ഥലങ്ങളിൽവെച്ച് റീഡിങ് എടുത്തിട്ട് അതിന്റെ ശരാശരി കണക്കാക്കേണ്ടിവരും. ഇന്നത്തെ റീഡിങ് ആയിരിക്കില്ല നാളത്തേത്. കാലാവസ്ഥ മാറുന്നതനുസരിച്ചും റീഡിങ്ങിന് വ്യത്യാസം വരാം. ആയതിനാൽ കൃത്യമായ റീഡിങ് കിട്ടുന്നതിന് കുറേക്കാലത്തേക്ക് റീഡിങ്ങുകൾ എടുക്കേണ്ടിവരും. ആ സ്ഥിതിക്ക്, ഭൂമിയുടെ ഉപരിതലത്തിലെയും അന്തരീക്ഷത്തിലെയും സമുദ്രങ്ങളിലെയും മൊത്തം ഊഷ്‌മാവ് അളക്കുന്നത് എത്ര ബുദ്ധിമുട്ടായിരിക്കും എന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ! എങ്കിലും കാലാവസ്ഥാവ്യതിയാനങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഈ കണക്കുകൾ കൂടിയേതീരൂ.
[കടപ്പാട്]
NASA photo
[6-ാം പേജിലെ ചതുരം]
ആണവശക്തി ഒരു പരിഹാരമോ?
ഊർജത്തിന്റെ ആഗോള ഉപഭോഗം റെക്കോർഡുകൾ ഭേദിച്ചുകൊണ്ടിരിക്കുകയാണ്. എണ്ണയും കൽക്കരിയും കത്തുമ്പോൾ ഹരിതഗൃഹവാതകങ്ങൾ ഉത്‌പാദിപ്പിക്കപ്പെടും എന്നതിനാൽ താരതമ്യേന ശുദ്ധമായ ഒരു പകരക്കാരൻ എന്നനിലയ്‌ക്ക് ആണവോർജം ഉപയോഗിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണ് ചില രാജ്യങ്ങൾ. എന്നാൽ അതിനുമുണ്ട് പ്രശ്‌നങ്ങൾ.
ആണവശക്തിയെ ഏറ്റവുമധികം ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്നായ ഫ്രാൻസിൽ റിയാക്ടറുകളെ തണുപ്പിക്കാൻ വർഷംതോറും ഏതാണ്ട് 670 ശതകോടി ക്യുബിക് അടി വെള്ളം ആവശ്യമായിവരുന്നു എന്ന് ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ റിപ്പോർട്ടു ചെയ്യുന്നു. ഫ്രാൻസിലെ റിയാക്ടറുകൾ പുറന്തള്ളുന്ന ഉഷ്‌ണജലം, നദികളിലെ താപനിലയെ പരിസ്ഥിതിക്ക് ഹാനികരമായ ഒരളവിലേക്ക് ഉയർത്തുമെന്ന അവസ്ഥ 2003-ലെ അത്യുഷ്‌ണകാലത്ത് സംജാതമായി. അതുകൊണ്ട് ചില പവർസ്റ്റേഷനുകൾ അടച്ചുപൂട്ടേണ്ടിവന്നു. ആഗോളതാപനില ഉയർന്നാൽ ഈ അവസ്ഥ ഇനിയും വഷളാകുമെന്ന് കണക്കാക്കപ്പെടുന്നു.
“ആണവോർജം ഉത്‌പാദിപ്പിക്കണമെങ്കിൽ ആദ്യം കാലാവസ്ഥാപ്രശ്‌നം പരിഹരിക്കേണ്ടിയിരിക്കുന്നു” എന്നാണ് യൂണിയൻ ഓഫ് കൺസേൺഡ് സയന്റിസ്റ്റിലെ അംഗമായ ന്യൂക്ലിയർ എഞ്ചിനീയർ ഡേവിഡ് ലോക്‌ബോം അഭിപ്രായപ്പെട്ടത്.
[7-ാം പേജിലെ ചതുരം/മാപ്പ്]
2007-ലെ കാലാവസ്ഥാദുരന്തങ്ങൾ
കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളുടെ കാര്യത്തിൽ എല്ലാ റെക്കോർഡുകളെയും പിന്നിലാക്കിയ വർഷമാണ് 2007. ജീവകാരുണ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന യുണൈറ്റഡ് നേഷൻസ് ഓഫീസ് ആ ദുരന്തങ്ങളോട് അനുബന്ധിച്ച്, അടിയന്തിര സഹായത്തിനുള്ള 14 അഭ്യർഥനകൾ നടത്തുകയുണ്ടായി. 2005-ലെ റെക്കോർഡിനെ അപേക്ഷിച്ച് 4 എണ്ണം കൂടുതലായിരുന്നു അത്. 2007-ൽ ഉണ്ടായ ദുരന്തങ്ങളിൽ ഏതാനും ചിലതാണ് താഴെ കൊടുത്തിരിക്കുന്നത്. ഈ ഓരോ സംഭവങ്ങളും ഒരു ദീർഘകാല പ്രവണതയായിരിക്കണമെന്നില്ല എന്നതു മനസ്സിൽപ്പിടിക്കുക.
▪ ബ്രിട്ടൻ: 60-ലേറെ വർഷത്തിനുള്ളിൽ ഉണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കം 3,50,000-ത്തിലധികം ആളുകളെ ബാധിച്ചു. 1766-ൽ രേഖകൾ സൂക്ഷിക്കാൻ തുടങ്ങിയതിൽപ്പിന്നെ ഇംഗ്ലണ്ടിലും വെയ്‌ൽസിലും ഏറ്റവും മഴ ലഭിച്ച മേയ്, ജൂൺ, ജൂലൈ മാസങ്ങൾ 2007-ലായിരുന്നു.
▪ പശ്ചിമാഫ്രിക്ക: 14 രാജ്യങ്ങളിലായി 8,00,000 ആളുകൾ പ്രളയക്കെടുതികൾക്ക് ഇരയായി.
▪ ലെസോത്തോ: അത്യുഷ്‌ണവും വരൾച്ചയും നിമിത്തം കൃഷി നശിച്ചു. ഏകദേശം 5,53,000 പേർക്ക് ഭക്ഷ്യസഹായം ആവശ്യമായിവന്നേക്കാം.
▪ സുഡാൻ: കനത്തമഴയെത്തുടർന്ന് 1,50,000 ആളുകൾക്ക് വീട് നഷ്ടപ്പെട്ടു. കുറഞ്ഞത് 5,00,000 പേർക്ക് സഹായം ലഭിച്ചു.
▪ മഡഗാസ്‌കർ: ദ്വീപിൽ കൊടുങ്കാറ്റും പേമാരിയും ആഞ്ഞടിച്ചതുനിമിത്തം 33,000 പേരെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. 2,60,000 പേരുടെ കൃഷി നശിച്ചു.
▪ നോർത്ത് കൊറിയ: വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ചെളിപ്രവാഹവും 9,60,000 പേരെ ബാധിച്ചെന്നു കണക്കാക്കപ്പെടുന്നു.
▪ ബംഗ്ലാദേശ്: വെള്ളപ്പൊക്കത്തിന്റെ ഫലമായി 85 ലക്ഷം ആളുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായി. 3,000 മനുഷ്യരും 12,50,000 കന്നുകാലികളും കൊല്ലപ്പെട്ടു. ഏതാണ്ട് 15 ലക്ഷം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിക്കുകയോ ചെയ്‌തു.
▪ ഇന്ത്യ: 30 ദശലക്ഷം പേർ വെള്ളപ്പൊക്കത്തിന്റെ കെടുതികൾക്കിരയായി.
▪ പാക്കിസ്ഥാൻ: പേമാരിയെത്തുടർന്ന് 3,77,000 പേരെ മാറ്റിപ്പാർപ്പിച്ചു, നൂറുകണക്കിനാളുകൾക്ക് ജീവഹാനി സംഭവിച്ചു.
▪ ബൊളീവിയ: പ്രളയം 3,50,000-ത്തിലേറെ പേരെ ബാധിച്ചു. 25,000 പേരെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു.
▪ മെക്‌സിക്കോ: കുറഞ്ഞത് 5,00,000 പേർക്ക് വെള്ളപ്പൊക്കത്തിൽ വീടു നഷ്ടപ്പെട്ടു. പ്രളയബാധിതരുടെ എണ്ണം 10 ലക്ഷത്തിലേറെയായിരുന്നു.
▪ ഡൊമിനിക്കൻ റിപ്പബ്ലിക്: നീണ്ടുനിന്ന കനത്ത മഴ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. 65,000 പേരെ മാറ്റിപ്പാർപ്പിച്ചു.
▪ ഐക്യനാടുകൾ: വരണ്ടുണങ്ങിയ തെക്കൻ കാലിഫോർണിയയിലുണ്ടായ അഗ്നിബാധ 5,00,000 പേരെ വീടുവിട്ട് പലായനം ചെയ്യാൻ നിർബന്ധിതരാക്കി.
[കടപ്പാട്]
Based on NASA/Visible Earth imagery