“മികച്ച തിരമാല”കളെക്കാളും മികച്ചത്
“മികച്ച തിരമാല”കളെക്കാളും മികച്ചത്
കാൾ ഹൈൻസ് ഷ്വാറർ പറഞ്ഞപ്രകാരം
അമേരിക്കയിലെ പെൻസിൽവേനിയയിലുള്ള പിറ്റ്‌സ്‌ബർഗിൽ 1952-ലായിരുന്നു എന്റെ ജനനം. എന്നാൽ ഫ്‌ളോറിഡയിലെ ന്യൂ സ്‌മിർന്ന ബീച്ച് എന്ന നഗരത്തിലാണു ഞാൻ വളർന്നത്. കൗമാരത്തിലായിരിക്കെ സർഫിങ് ജീവനായിരുന്നു എനിക്ക്. ശരിക്കും പറഞ്ഞാൽ, അതായിരുന്നു എനിക്കെല്ലാം.
വർഷം 1970. ഒരു പൈലെറ്റ് ആകുകയെന്ന ലക്ഷ്യത്തിൽ ഞാൻ ഫ്‌ളോറിഡയിലെ ഡേറ്റോണാ ബീച്ചിലുള്ള എംബ്രി-റിഡ്‌ൽ വ്യോമപരിശീലന സർവകലാശാലയിൽ ചേർന്നു. എന്നാൽ ഗവൺമെന്റിന്റെ രീതികളുമായി പൊരുത്തപ്പെടാൻ എനിക്കായില്ല. കാരണം വിയറ്റ്‌നാമിലെ യുദ്ധംതന്നെ; എന്റെ നോട്ടത്തിൽ അതൊരു അനീതിയായിരുന്നു. ആ അന്തരീക്ഷത്തിൽ മനംമടുത്ത മറ്റു ചെറുപ്പക്കാരെപ്പോലെ ഞാനും പഠനം നിറുത്തി ഒരു ‘ഹിപ്പി’ജീവിതം ആരംഭിച്ചു. ഞാൻ മുടി നീട്ടി; മയക്കുമരുന്ന് എന്റെ ദൗർബല്യമായി.
അധികം താമസിയാതെ ഞാൻ പെയ്‌ന്റിങ്ങിലും ഫോട്ടോഗ്രഫിയിലും അസാധാരണ കഴിവുണ്ടായിരുന്ന സൂസനെ പരിചയപ്പെട്ടു. വെല്ലുവിളികൾ ഏറ്റെടുക്കുന്നത് ഒരു ഹരമായിരുന്നു അവൾക്കെന്നും. ആറോ എട്ടോ മാസം ഫ്‌ളോറിഡയിൽ നിർമാണരംഗത്ത് ജോലിചെയ്‌താൽ ബാക്കി മാസങ്ങൾ മെക്‌സിക്കോയുടെയും സെൻട്രൽ അമേരിക്കയുടെയും പസിഫിക് തീരത്തുള്ള ബീച്ചുകളിൽ കൂടാരമടിച്ച് കഴിയാമല്ലോ എന്നു ഞാൻ ചിന്തിച്ചു. ആഢംബരങ്ങൾ വേണ്ടെന്നു വെക്കണമായിരുന്നു എന്നുമാത്രം.
ആത്മീയതയ്‌ക്കായുള്ള ദാഹം
മനോഹാരിത തളംകെട്ടി നിൽക്കുന്ന ഉഷ്‌ണമേഖലാ ബീച്ചുകളിൽ സർഫിങ്ങിന്റെ ഹരം ആവോളം നുകർന്ന് അല്ലലുകളേതുമില്ലാതെ സൂവുമായി ജീവിതം പങ്കിടാനായ ആ നാളുകൾ വർണിക്കാൻ വാക്കുകളില്ല. ഏതാനും വർഷങ്ങൾ അങ്ങനെ കടന്നുപോയി. ജീവിതം എങ്ങുമെത്തുന്നില്ലെന്നു ഞങ്ങൾക്കു തോന്നിത്തുടങ്ങി. എവിടെയോ ഒരു കുറവുള്ളതുപോലെ. അങ്ങനെ 1975-ന്റെ പകുതിയോടെ ആധ്യാത്മിക സത്യങ്ങൾക്കായി തിരയാൻ തുടങ്ങി ഞാൻ. കോസ്റ്ററിക്കയുടെ പസിഫിക് തീരത്തായിരുന്നു ഞങ്ങളപ്പോൾ. പൗരസ്‌ത്യമതങ്ങളെയും തത്ത്വശാസ്‌ത്രത്തെയും കുറിച്ചു പ്രതിപാദിക്കുന്ന, ജനപ്രീതിയാർജിച്ച പുസ്‌തകങ്ങൾ വായിക്കുന്ന പതിവുണ്ടായിരുന്നു എനിക്ക്.
ഉപദേശങ്ങളുടെ സത്യത തെളിയിക്കാനായി ആ പുസ്‌തകങ്ങൾ മിക്കപ്പോഴും ബൈബിളിൽനിന്ന് ഉദ്ധരിച്ചിരുന്നതു ഞാൻ ശ്രദ്ധിച്ചു; ‘അങ്ങനെയാകുമ്പോൾ സത്യത്തിന്റെ അടിസ്ഥാനം ബൈബിളായിരിക്കണമല്ലോ,’ ഞാൻ ചിന്തിച്ചു. അതുകൊണ്ട് ഉന്മാദലഹരിയുണ്ടാക്കുന്ന ചിലതരം കൂണുകൾ കൊടുത്ത് ഞാൻ ഒരു പഴയ ബൈബിൾ വാങ്ങി—ജയിംസ് രാജാവിന്റെ ഭാഷാന്തരം. ദിവസവും രാവിലെ മുഴുവൻ സർഫിങ് ചെയ്‌തശേഷം ഉച്ചകഴിഞ്ഞ് ഞാൻ ബൈബിൾ വായിക്കുമായിരുന്നു. വലിയ ഉത്സാഹത്തോടെയാണ് വായിച്ചിരുന്നതെങ്കിലും കാര്യമായൊന്നും പിടികിട്ടിയിരുന്നില്ല.
“നിങ്ങൾക്ക് ബൈബിളിനെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ?”
1975 ആഗസ്റ്റിലായിരുന്നു അത്. കോസ്റ്ററിക്കയിൽനിന്ന് ഐക്യനാടുകളിലേക്കു പോകവേ ഞങ്ങൾ എൽസാൽവഡോറിലുള്ള ഒരു മെഡിക്കൽ ഷോപ്പിൽ കയറി. കടക്കാരനോടു സംസാരിക്കാൻ ഞങ്ങൾ ബുദ്ധിമുട്ടുന്നതുകണ്ട് 16 വയസ്സുള്ള ജെനി എന്നൊരു പെൺകുട്ടി സഹായത്തിനെത്തി; ഞങ്ങളെപ്പോലെതന്നെ മരുന്നു വാങ്ങാൻ വന്നതായിരുന്നു അവളും. അമേരിക്കക്കാരിയാണെങ്കിലും സ്‌പാനീഷ് പച്ചവെള്ളംപോലെ സംസാരിച്ചിരുന്നു ജെനി. താനും മാതാപിതാക്കളും യഹോവയുടെ സാക്ഷികളാണെന്നും ആളുകളെ ബൈബിൾ പഠിപ്പിക്കാൻ എൽസാൽവഡോറിലേക്കു മാറിയതാണെന്നും അവൾ പറഞ്ഞു.
“നിങ്ങൾക്ക് ബൈബിളിനെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ?” ജെനി ചോദിച്ചു.
“ഉവ്വ്” ഞാൻ പറഞ്ഞു. ഞങ്ങൾ ഹിപ്പികളായിരുന്നെങ്കിലും
തന്റെ മാതാപിതാക്കളെ പരിചയപ്പെടാനായി ജെനി ഞങ്ങളെ വീട്ടിലേക്കു ക്ഷണിച്ചു. ജോ എന്നായിരുന്നു അവളുടെ ഡാഡിയുടെ പേര്; മമ്മി നാൻസി. ഞങ്ങൾ ആ ക്ഷണം സ്വീകരിച്ചു. ഉച്ചകഴിഞ്ഞുള്ള സമയം മുഴുവൻ ഞങ്ങൾ ബൈബിളിനെക്കുറിച്ചു ചർച്ച ചെയ്‌തു. ചോദ്യങ്ങൾക്ക് അവർ ഉത്തരം നൽകുന്നതു കണ്ട് ഞങ്ങൾ അമ്പരന്നുപോയി. “നിങ്ങളുടെ ബൈബിൾ തുറന്ന് ഈ തിരുവെഴുത്തു വായിക്കൂ” എന്ന് ജോയും നാൻസിയും കൂടെക്കൂടെ ഞങ്ങളോടു പറയുന്നുണ്ടായിരുന്നു.നേരം വൈകിയതിനാൽ രാത്രി അവിടെത്തങ്ങാൻ അവർ ഞങ്ങളെ നിർബന്ധിച്ചു. പക്ഷേ ഞാനും സൂവും വിവാഹിതരല്ലായിരുന്നതുകൊണ്ട് ഒരു മുറിയിൽ കിടക്കാൻ അവർ ഞങ്ങളെ അനുവദിച്ചില്ല. രാത്രി സൂവും ജെനിയും ഏറെനേരം ഉറക്കമിളച്ചിരുന്ന് ബൈബിൾ വിഷയങ്ങൾ ചർച്ചചെയ്‌തു—ആദാം മുതൽ അർമഗെദോൻ വരെ.
പച്ച ബൈബിൾ
പിറ്റേന്ന് അവിടം വിടുമ്പോൾ ജോയും നാൻസിയും ഞങ്ങൾക്ക് വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഏതാനും പ്രതികളും ചില പുസ്‌തകങ്ങളും ഒരു ബൈബിളും തന്നു. പച്ചനിറത്തിലുള്ള കട്ടിബയൻഡിട്ട വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം ബൈബിളായിരുന്നു അത്. ജോ ഞങ്ങളെ രാജ്യഹാളും കൊണ്ടുപോയി കാണിച്ചു. ബൈബിൾ പഠിക്കുന്നതിനായി യഹോവയുടെ സാക്ഷികൾ കൂടിവന്നിരുന്ന ലളിതമനോഹരമായ ഒരു കെട്ടിടമായിരുന്നു അത്. ‘ബൈബിളിനെക്കുറിച്ച് ഒന്നുംതന്നെ പഠിപ്പിക്കാത്ത പ്രൗഢഗംഭീരമായ ക്രൈസ്‌തവ ദേവാലയങ്ങളിൽനിന്ന് എത്രയോ വ്യത്യസ്‌തം!’ ഞാൻ ചിന്തിച്ചു.
ഗ്വാട്ടിമാലയിലേക്കുള്ള അതിർത്തി കടക്കുന്നതിനുമുമ്പുള്ള ഒരു ചെക്ക്‌പോസ്റ്റിൽ വണ്ടി നിറുത്തിയപ്പോൾ ഞങ്ങളുടെ പച്ച ബൈബിൾ ഉദ്യോഗസ്ഥന്മാർക്കിടയിൽ ചില ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചു. കാരണം, സാധാരണഗതിയിൽ യഹോവയുടെ സാക്ഷികളാണ് ആ ബൈബിൾ ഉപയോഗിച്ചിരുന്നത്. എന്തായാലും ഞങ്ങളെക്കണ്ടാൽ സാക്ഷികളാണെന്നു തോന്നില്ലായിരുന്നു. ഹിപ്പിവേഷത്തിലായിരുന്നെങ്കിലും ഏതാനും മിനിട്ടുകൾ കഴിഞ്ഞ് ഉദ്യോഗസ്ഥന്മാർ ഞങ്ങളെ വിട്ടയച്ചു. ഇതു ഞങ്ങളെ അമ്പരപ്പിച്ചു; കാരണം മയക്കുമരുന്നോ കള്ളക്കടത്തു സാധനങ്ങളോ പിടിക്കാൻ വേണ്ടി അവർ സാധാരണ ഞങ്ങളുടെ വാഹനം അരിച്ചുപെറുക്കുമായിരുന്നു. അങ്ങനെ പച്ച ബൈബിളിനെ മന്ത്രശക്തിയുള്ള ഒന്നായി ഞങ്ങൾ കാണാൻ തുടങ്ങി.
ബൈബിളും ബൈബിൾ-പഠന സഹായികളും തുടർന്നു വായിച്ചപ്പോൾ സത്യം കണ്ടെത്തിയിരിക്കുന്നു എന്നു ഞങ്ങൾക്കു ബോധ്യമായി. മെക്‌സിക്കോയിലേക്കു ഞങ്ങൾ വാഹനമോടിച്ചു പോകവേ, എന്റെ പ്രിയപ്പെട്ട സർഫിങ് സ്ഥലമായ പോർട്ടോ എസ്‌കൻഡിഡോയിൽ സർഫിങ് നടത്തുന്നതിനെക്കുറിച്ചുള്ള ചിന്തയായിരുന്നു മനസ്സുനിറയെ. രണ്ടാഴ്‌ചത്തെ ആ സർഫിങ്ങിനുശേഷം ഫ്‌ളോറിഡയിലേക്കു മടങ്ങിവന്ന് യഹോവയുടെ സാക്ഷിയായിത്തീരുമെന്ന് ഞാൻ മനസ്സിലുറച്ചു.
തുടർന്നുവന്ന രണ്ടാഴ്‌ച രാവിലെകളിൽ ഞാൻ സർഫിങ് നടത്തി. ഉച്ചകഴിഞ്ഞുള്ള സമയം ബീച്ചിലിരുന്ന് ബൈബിളും ബൈബിൾ-പഠന സഹായികളും വായിച്ചു. ഒരിക്കൽ എന്റെ പച്ച ബൈബിൾ ഒരു എട്ടുവയസ്സുകാരിയുടെ കണ്ണിൽപ്പെട്ടു. വൈകുന്നേരം അവളുടെകൂടെ എവിടേക്കോ ചെല്ലാൻ അവൾ ഞങ്ങളെ നിർബന്ധിച്ചു. അവൾ എവിടേക്കാണു വിളിക്കുന്നതെന്നു ഞങ്ങൾക്കു പിടികിട്ടിയില്ല. എന്നാൽ ഒന്നു ഞങ്ങൾക്കു മനസ്സിലായി, പച്ച ബൈബിളുമായി ബന്ധപ്പെട്ട എന്തോ ആയിരുന്നു സംഗതി. ഞങ്ങൾ പോകാൻ മടിച്ചു; പക്ഷേ അവളുണ്ടോ വിടുന്നു. ഒടുവിൽ ഒരുദിവസം പോകാൻതന്നെ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ എത്തിപ്പെട്ടതോ? യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ. മുളകൊണ്ടുള്ള ഓലമേഞ്ഞ ഒരു ഷെഡ്. എല്ലാവരും ഹസ്‌തദാനംകൊണ്ടും ആലിംഗനംകൊണ്ടും ഞങ്ങളെ സ്വാഗതംചെയ്‌തു; പണ്ടേ സുഹൃത്തുക്കളായിരുന്നു എന്നപോലെ.
ഹാജരായിരുന്നവരുടെ മാന്യമായ പെരുമാറ്റം ഞങ്ങളെ ഒത്തിരി ആകർഷിച്ചു. നീണ്ട സ്വർണത്തലമുടി കണ്ടിട്ടായിരിക്കണം ചില കുട്ടികൾ ഞങ്ങളെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. പരിപാടികൾ ശ്രദ്ധിച്ചിരിക്കാൻ മാതാപിതാക്കൾക്ക് സദാ അവരെ ഓർമിപ്പിക്കേണ്ടിവന്നു. എങ്കിലും ഞങ്ങളുടെ ആദ്യത്തെ യോഗത്തിൽ സംബന്ധിക്കാനുള്ള വഴികാട്ടിയായി യഹോവ ഉപയോഗിച്ചത് അവരിൽ ഒരാളെയാണ്.
യഹോവയെ സേവിക്കാൻ ദൃഢനിശ്ചയത്തോടെ
മുമ്പു പറഞ്ഞതുപോലെ രണ്ടാഴ്‌ചത്തെ സർഫിങ് കഴിഞ്ഞപ്പോൾ, സർഫ്‌ബോർഡുകൾ വിറ്റിട്ട് ഞങ്ങൾ ഫ്‌ളോറിഡയിലേക്കു തിരിച്ചു. അവിടെ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ച ഞങ്ങൾ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. ദൈവത്തെ സേവിക്കാൻ ദൃഢനിശ്ചയം ചെയ്‌തിരുന്നതിനാൽ ഞാനും സൂവും താമസം വെവ്വേറെയാക്കി. പഴയ സുഹൃത്തുക്കളുമായുള്ള ബന്ധവും വിച്ഛേദിച്ചു. ഞാൻ താടി വടിച്ചു, മുടിയും വെട്ടി, സൂവാണെങ്കിൽ ഏതാനും പുതിയ വസ്‌ത്രങ്ങളും വാങ്ങി. നാലു മാസം കഴിഞ്ഞപ്പോൾ ഞങ്ങൾ വിവാഹിതരായി. 1976 ഏപ്രിലിൽ ദൈവത്തിനുള്ള സമർപ്പണത്തിന്റെ തെളിവായി ഞങ്ങൾ സ്‌നാപനമേറ്റു.
അതോടെ ജീവിതത്തിന് ഒരു അർഥമുണ്ടായി. ദൈവം ചെയ്‌ത സകലത്തിനുമുള്ള കൃതജ്ഞയാൽ പ്രേരിതരായി, സ്‌പാനീഷ് സംസാരിക്കുന്ന ഒരു രാജ്യത്തുപോയി ദൈവരാജ്യസുവാർത്ത ഘോഷിക്കാൻ ഞങ്ങളുടെ ഹൃദയം വെമ്പൽകൊണ്ടു. എന്നാൽ സഭയിലെ മൂപ്പന്മാരുടെ അഭിപ്രായം മറ്റൊന്നായിരുന്നു: “പോകാൻ വരട്ടെ. ആദ്യം നിങ്ങളുടെതന്നെ ആത്മീയത ഒന്നു ശരിയാക്കിയെടുക്കൂ. അങ്ങനെയാകുമ്പോൾ അവിടെയുള്ളവരെ സഹായിക്കാൻ നിങ്ങൾക്കാകും.” ഞങ്ങൾ ആ നിർദേശം സ്വീകരിച്ചു. അതോടെ പയനിയർമാരായിത്തീരുക എന്നതായി ഞങ്ങളുടെ ലക്ഷ്യം. യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകരെ അങ്ങനെയാണു വിളിക്കുന്നത്.
സൂ 1978 ജനുവരിയിൽ പയനിയറിങ് തുടങ്ങി. എനിക്കും ആഗ്രഹം ഇല്ലാതിരുന്നില്ല, പക്ഷേ യൂണിവേഴ്‌സിറ്റിയിലെ ട്യൂഷൻ ഫീസ് അടച്ചുതീർക്കേണ്ടതുണ്ടായിരുന്നു. അതിന് ഞാനൊരു എളുപ്പവഴി കണ്ടുപിടിച്ചു. എന്താണെന്നോ? പാപ്പരാണെന്നു വരുത്തിത്തീർക്കുക. അപ്പോൾപ്പിന്നെ പയനിയറിങ് ചെയ്യാമല്ലോ.
എന്നാൽ ആ പദ്ധതി, സകലത്തിലും സത്യസന്ധരായിരിക്കാൻ അനുശാസിക്കുന്ന ബൈബിൾ തത്ത്വങ്ങൾക്കു വിരുദ്ധമാണെന്നു പറഞ്ഞുകൊണ്ട് മൂപ്പന്മാർ എതിർത്തു. (എബ്രായർ 13:18) അങ്ങനെ കടംവീട്ടാനായി ഞാൻ ജോലി ചെയ്‌തു. ഒടുവിൽ 1979 സെപ്‌റ്റംബറിൽ പയനിയറിങ്ങിൽ സൂവിനോടൊപ്പം ചേരുക എന്ന എന്റെ സ്വപ്‌നം പൂവണിഞ്ഞു. പിന്നീടങ്ങോട്ട് ജീവിതം ലളിതമാക്കിയതിനാൽ ആഴ്‌ചയിൽ രണ്ടു ദിവസം മാത്രം ജോലി ചെയ്‌തുകൊണ്ട് ഉപജീവനത്തിനുള്ള വക കണ്ടെത്താൻ ഞങ്ങൾക്കായി.
ബ്രുക്ലിൻ ബെഥേലിൽ
ഒരുമിച്ചുള്ള പയനിയറിങ് ഒരു വർഷം തികയുംമുമ്പേ അതായത് 1980 ഏപ്രിലിൽ ഒരു മഹാസംഭവമുണ്ടായി. മുമ്പൊരിക്കൽ, നിർമാണരംഗത്ത് ജോലിചെയ്യുന്നതിന് ആളെ ആവശ്യമുണ്ടെന്ന അറിയിപ്പുണ്ടായപ്പോൾ ഞങ്ങൾ യഹോവയുടെ സാക്ഷികളുടെ ബ്രുക്ലിനിലുള്ള ലോകാസ്ഥാനത്ത് സേവിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരുന്നു. ഇപ്പോഴിതാ, 30 ദിവസത്തിനുള്ളിൽ അവിടെയെത്താൻ ആവശ്യപ്പെട്ടുകൊണ്ട് കത്തു വന്നിരിക്കുന്നു! സന്തോഷമാണോ സങ്കടമാണോ എന്നു തിരിച്ചറിയാനാവാത്ത അവസ്ഥ. മറ്റൊന്നുംകൊണ്ടല്ല പയനിയറിങ് ഞങ്ങൾക്ക് അത്ര ഇഷ്ടമായിരുന്നു. എന്തു ചെയ്യണമെന്നു നിശ്ചയമില്ലാതിരുന്ന ഞങ്ങൾ രണ്ടു മൂപ്പന്മാരുമായി സംസാരിച്ചു. അവരാണ് കൈവന്നിരിക്കുന്ന കനകാവസരത്തിന്റെ മൂല്യം ഞങ്ങൾക്കു കാട്ടിത്തന്നത്. “ഒരു വർഷം സേവിച്ചുനോക്ക്,” അവർ പറഞ്ഞു. അങ്ങനെ ഉള്ളതെല്ലാം വിറ്റുപെറുക്കി ഞങ്ങൾ ബ്രുക്ലിനിലേക്കു തിരിച്ചു.
രണ്ടു വർഷം നിർമാണരംഗത്ത് ചെലവഴിച്ചുകഴിഞ്ഞപ്പോൾ എന്നെ കൺസ്‌ട്രക്ഷൻ എഞ്ചിനിയറിങ് ഓഫീസിലേക്കു ക്ഷണിച്ചു. അവിടെ ഡിസൈനിങ്ങിൽ എനിക്കു പരിശീലനം ലഭിച്ചു. ഒരു വർഷം ബൈൻഡറിയിൽ സേവിച്ചതിനുശേഷം സൂവിന് ഗ്രാഫിക്‌സിലേക്കു നിയമനം ലഭിച്ചു. ഓരോ വിവാഹവാർഷികത്തിനും, കഴിഞ്ഞുപോയ വർഷത്തെക്കുറിച്ച് അവലോകനം ചെയ്‌തുകൊണ്ട് ഞങ്ങൾ സാഹചര്യങ്ങളും ആഗ്രഹങ്ങളും വിലയിരുത്തുകയും ബെഥേലിൽ തുടരാനുള്ള തീരുമാനം പുതുക്കുകയും ചെയ്യുമായിരുന്നു.
കൊഴിഞ്ഞുപോയ വർഷങ്ങൾ ഞങ്ങൾക്ക് ഒരുപാട് നല്ല സുഹൃത്തുക്കളെ സമ്മാനിച്ചു. യഹോവയെയും ലോകവ്യാപക സഹോദരവർഗത്തെയും സേവിക്കാൻ ഇതിനെക്കാൾ പറ്റിയ ഒരു സ്ഥലമില്ലെന്ന തിരിച്ചറിവും ബെഥേലിൽ തുടരാൻ ഞങ്ങൾക്കു പ്രചോദനമായി. 1989-ൽ ഞങ്ങൾ സ്‌പാനീഷ് പഠിക്കാൻ തുടങ്ങി. ഇത് ബ്രുക്ലിനിലെ ഒരു സ്‌പാനീഷ് സഭയിൽ സേവിക്കാൻ ഞങ്ങൾക്കു തുണയായി. രണ്ട് അത്ഭുതലോകം ഒരുമിച്ച് അനുഭവിക്കുന്ന പ്രതീതിയായിരുന്നു ഞങ്ങൾക്ക്—ബെഥേലും അന്യഭാഷാസഭയും.
അങ്ങനെയിരിക്കെ നേരത്തെ പറഞ്ഞ ജെനി ബ്രുക്ലിൻ ബെഥേൽ സന്ദർശിക്കാനെത്തി. എൽ സാൽവഡോറിൽ ഞങ്ങൾ ആദ്യം കണ്ടുമുട്ടിയ ആ ദിവസത്തെക്കുറിച്ച് ജെനി പറഞ്ഞത് ഞങ്ങൾ താത്‌പര്യത്തോടെ കേട്ടിരുന്നു. അവളൊരു ബൈബിളധ്യയനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നത്രേ. പെട്ടെന്ന് എന്തോ അസ്വസ്ഥത തോന്നിയതിനെത്തുടർന്ന് അധ്യയനം നിറുത്തി വീട്ടിലേക്കു മടങ്ങവേ അവളൊരു മെഡിക്കൽ ഷോപ്പിൽ കയറി. എന്തുകൊണ്ടോ
അന്നവൾ പതിവിനു വിപരീതമായി മറ്റൊരു മെഡിക്കൽ ഷോപ്പിലാണു പോയത്, ഞങ്ങൾ പോയ അതേ സ്ഥലത്ത്.മറ്റു രാജ്യങ്ങളിൽ
1999-ലെ ഒരു ദിവസം. “റീജിനൽ എഞ്ചിനീയറിങ് ഓഫീസിന്റെ മേൽനോട്ടത്തിലുള്ള ഒരു നിർമാണപദ്ധതിയിൽ മൂന്നു മാസം സേവിക്കുന്നതിനായി ഓസ്‌ട്രേലിയ ബ്രാഞ്ചിലേക്കു പോകാൻ താത്‌പര്യമുണ്ടോ?” എന്ന ഓവർസിയറുടെ ചോദ്യം ആശ്ചര്യത്തോടെയാണ് ഞാൻ കേട്ടത്.
“ഉണ്ട്.” മറുപടി പറയാൻ എനിക്കു രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല. പിന്നെ താമസിച്ചില്ല ഞങ്ങൾ ഓസ്‌ട്രേലിയയിലേക്കു തിരിച്ചു. മൂന്നു വർഷം അവിടെയുണ്ടായിരുന്നു. പൗരസ്‌ത്യദേശത്തെയും ദക്ഷിണ പസിഫിക്കിലെയും രാജ്യങ്ങളിലുള്ള ബ്രാഞ്ച് സൗകര്യങ്ങളുടെ ഡിസൈനിങ്ങിൽ സഹായിക്കാനായതിന്റെ സന്തോഷം ഒന്നുവേറെതന്നെ ആയിരുന്നു. 2003-ൽ ബ്രുക്ലിനിൽ തിരിച്ചെത്തിയപ്പോൾ മറ്റൊരു അത്ഭുതമാണ് ഞങ്ങളെ കാത്തിരുന്നത്. മറ്റൊരു വിദേശ നിയമനം! സാവൊ പൗലോയ്‌ക്ക് കുറച്ചകലെയായി ബ്രസീൽ ബ്രാഞ്ചിൽ സ്ഥിതിചെയ്യുന്ന റീജിനൽ കിങ്‌ഡംഹാൾ ഓഫീസിലേക്കായിരുന്നു അത്.
ഇപ്പോഴും അവിടെത്തന്നെയാണ്. ദക്ഷിണ അമേരിക്കയിലെ ഭൂരിഭാഗം രാജ്യങ്ങളിലെയും രാജ്യഹാൾ നിർമാണത്തിനുള്ള ചുമതല ഈ ഓഫീസിനാണ്. നിയമനത്തിന്റെ ഭാഗമായി ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ട്—നിർമാണവേലയിൽ സഹായിക്കാനും അത്തരത്തിലുള്ള നിർമാണമേഖലയിൽ പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി. സൂവും എന്നോടൊപ്പമുണ്ട്.
മുൻഗണനകൾ
എനിക്കിപ്പോഴും സർഫിങ് ഇഷ്ടമാണ്, പക്ഷേ “മികച്ച തിരമാല”കളെക്കാളും മികച്ച ഒന്ന് ഞാൻ കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട് ഒരു വിനോദത്തിനായി സർഫിങ് ചെയ്യുമെന്നല്ലാതെ ഇപ്പോഴെന്റെ ജീവിതത്തിൽ അതിന് വലിയ സ്ഥാനമൊന്നുമില്ല. നമ്മുടെ സനേഹനിധിയായ യഹോവയാം ദൈവത്തെ സേവിക്കുകയെന്ന ഏറെ പ്രധാനമായ സംഗതിയാണ് ഇന്നിപ്പോൾ ജീവിതത്തിന്റെ കേന്ദ്രബിന്ദു. സ്‌നേഹത്തിൽപ്പൊതിഞ്ഞ സൂവിന്റെ പിന്തുണയുണ്ട് എനിക്കതിന്.
ജീവനും ശ്വാസവും കഴിവുകളുമെല്ലാം രാജ്യതാത്‌പര്യങ്ങൾക്കും സത്യാരാധനയ്‌ക്കുംവേണ്ടി വിനിയോഗിക്കുക, അതു മാത്രമാണ് ഞങ്ങളുടെ ചിന്ത. എവിടെ സേവിക്കുന്നു എന്നതല്ല എവിടെയായാലും യഹോവയെ പൂർണ മനസ്സോടെ സേവിക്കുക എന്നതാണ് ഏറ്റവും പ്രധാനം എന്നു ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു.—കൊലൊസ്സ്യർ 3:23.
[25-ാം പേജിലെ ആകർഷക വാക്യം]
“എനിക്കിപ്പോഴും സർഫിങ് ഇഷ്ടമാണ്, പക്ഷേ ‘മികച്ച തിരമാല’കളെക്കാളും മികച്ച ഒന്ന് ഞാൻ കണ്ടെത്തിയിരിക്കുന്നു”
[22, 23 പേജുകളിലെ ചിത്രം]
ഞാൻ സർഫിങ്ങിനിടെ, ഒരു വേനൽക്കാല സർഫിങ് മേളയുടെ പോസ്റ്ററിൽ വന്നത്
[23-ാം പേജിലെ ചിത്രം]
എനിക്കു 13 വയസ്സുള്ളപ്പോൾ
[23-ാം പേജിലെ ചിത്രം]
ഹിപ്പിജീവിതത്തിന്റെ അർഥശൂന്യത ഞാൻ മനസ്സിലാക്കി
[25-ാം പേജിലെ ചിത്രങ്ങൾ]
മുകളിൽ: രാജ്യഹാൾ നിർമാണപദ്ധതിയിൽ സഹായിക്കുന്നു
വലത്ത്: ഇന്ന് സൂവിനോടൊപ്പം