മരണം ഇത്ര ഭയജനകമായിരിക്കുന്നത് എന്തുകൊണ്ട്?
മരണം ഇത്ര ഭയജനകമായിരിക്കുന്നത് എന്തുകൊണ്ട്?
“മരണത്തോളം ഭീകരമായ മറ്റൊന്നില്ല; അതോടെ എല്ലാം അവസാനിക്കുന്നു.” —അരിസ്റ്റോട്ടിൽ.
ഭക്തയും തികഞ്ഞ വിശ്വാസിയുമായ ആ സ്ത്രീയെ “പള്ളിയുടെ നെടുംതൂൺ” എന്നുപോലും ചിലർ വിശേഷിപ്പിച്ചിരുന്നു. മരണം എല്ലാറ്റിന്റെയും അവസാനമല്ല, പിന്നെയോ മറ്റൊരു ജീവിതത്തിലേക്കുള്ള വാതിലാണെന്നാണ് അവരെ പഠിപ്പിച്ചിരുന്നത്. എന്നാൽ സ്വന്തം മരണം അടുത്തെത്തിയതോടെ ഭയം അവരെ ഗ്രസിച്ചുതുടങ്ങി. “[മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച്] നിരവധി വിശ്വാസങ്ങളുള്ള സ്ഥിതിക്ക് സത്യം ഏതാണെന്ന് എങ്ങനെ അറിയാം?,” സംശയങ്ങൾ വീർപ്പുമുട്ടിച്ചപ്പോൾ തന്റെ ആത്മീയ ഉപദേശകയോട് അവർ ആരാഞ്ഞു.
മരണാനന്തരം മനുഷ്യൻ തുടർന്ന് ജീവിക്കുന്നുവെന്ന് മിക്കവാറും എല്ലാ മതങ്ങളും സമൂഹങ്ങളും വിശ്വസിച്ചുപോരുന്നു. അനവധിയായ ഇത്തരം വിശ്വാസങ്ങളിൽ ഏതാണു സത്യം? ഇനി, മരണാനന്തര ജീവിതത്തിൽത്തന്നെ വിശ്വാസമില്ലാത്തവരുമുണ്ട്. നിങ്ങളുടെ കാര്യമോ? മരണാനന്തരം മനുഷ്യൻ തുടർന്ന് ജീവിക്കുന്നു എന്നാണോ നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത്? നിങ്ങൾ അതു വിശ്വസിക്കുന്നുണ്ടോ? മരിക്കാൻ നിങ്ങൾക്ക് ഭയമാണോ?
ഇല്ലാതായിത്തീരുമെന്ന ഭയം
സമീപകാലത്ത് മരണത്തെയും മരണഭയത്തെയുംപറ്റിയുള്ള ധാരാളം പുസ്തകങ്ങളും ശാസ്ത്രീയ റിപ്പോർട്ടുകളും പുറത്തിറങ്ങിയിട്ടുണ്ട്. എങ്കിലും, മരണത്തെക്കുറിച്ച് ചിന്തിക്കാൻ അധികമാരും ഇഷ്ടപ്പെടാറില്ല. പക്ഷേ, മരണം ഒരു യാഥാർഥ്യമായി മുന്നിൽനിൽക്കുമ്പോൾ ഇന്നല്ലെങ്കിൽ നാളെ അതേക്കുറിച്ചു ചിന്തിക്കാൻ നാം നിർബന്ധിതരാകും. ജീവിതം ഒരു നീർപ്പോളപോലെയാണ്—ദിവസേന ശരാശരി 1,60,000-ത്തിലധികംപേർ മരണമടയുന്നു! മരണത്തിൽനിന്ന് ആരും ഒഴിവുള്ളവരല്ലെന്നത് പലരെയും ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്.
മരണഭയത്തെ വിദഗ്ധർ പലതായി തിരിക്കുന്നു. വേദനയെക്കുറിച്ചുള്ള ഭയം, അജ്ഞതമൂലമുള്ള ഭയം, പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടമാകുമോയെന്ന ഭയം, ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവർക്ക് ഒരുവന്റെ മരണം വരുത്തിയേക്കാവുന്ന തിക്താനുഭവങ്ങളെക്കുറിച്ചുള്ള ഭയം എന്നിങ്ങനെ പോകുന്നു അവ.
ഇല്ലാതായിത്തീരുമോ എന്ന ഭയമാണ് ഇതിൽ മുഖ്യം. മതവിശ്വാസം എന്തുതന്നെയായാലും, മരണം ജീവിതത്തിന്റെ പരമമായ അന്ത്യമാണ് എന്ന ചിന്ത പലരെയും പേടിപ്പെടുത്തുന്നു. ശാസ്ത്രമാകട്ടെ, എരിതീയിൽ എണ്ണയൊഴിക്കുകയാണ്. മിക്ക ശാരീരിക പ്രവർത്തനങ്ങൾക്കും ഇന്ന് ശാസ്ത്രീയ വിശദീകരണമുണ്ട്. എങ്കിലും, ജീവശാസ്ത്രജ്ഞർ, ഭൗതികശാസ്ത്രജ്ഞർ, രസതന്ത്രജ്ഞർ എന്നിങ്ങനെ ആർക്കും, ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന അദൃശ്യമായ എന്തോ ഉണ്ടെന്നതിന്റെ യാതൊരു തെളിവും കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് കേവലമൊരു ജീവശാസ്ത്ര പ്രക്രിയയാണ് മരണം എന്നാണ് പല ശാസ്ത്രജ്ഞരുടെയും വിശദീകരണം.
ആ സ്ഥിതിക്ക് മരണാനന്തരജീവിതത്തിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന പലർക്കും ഉള്ളിന്റെയുള്ളിൽ, മരണശേഷം തങ്ങൾ ഇല്ലാതായിത്തീരുമോ എന്ന ഭയമുള്ളതിൽ അതിശയമില്ല. പുരാതന കാലത്തെ ശലോമോൻ രാജാവിന്റെ പിൻവരുന്ന വാക്കുകൾ ചിലരെ ഭയപ്പെടുത്തിയേക്കാം.
“പൊടി”യിലൊടുങ്ങും യാത്രയോ ജീവിതം?
സഭാപ്രസംഗി എന്ന പുസ്തകത്തിൽ 3,000 വർഷംമുമ്പ് ശലോമോൻ എഴുതി: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ. അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി.” അവൻ തുടരുന്നു: “ചെയ്വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.”—സഭാപ്രസംഗി 9:5, 6, 10.
“മനുഷ്യർക്കു ഭവിക്കുന്നതു മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിന്നും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; . . . മനുഷ്യന്നു മൃഗത്തെക്കാൾ വിശേഷതയില്ല; . . . എല്ലാം ഒരു സ്ഥലത്തേക്കു തന്നേ പോകുന്നു; എല്ലാം പൊടിയിൽനിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു” എന്നെഴുതാനും ശലോമോൻ നിശ്വസ്തനായി.—സഭാപ്രസംഗി 3:19, 20.
ആ വാക്കുകൾ എഴുതിയത് ശലോമോനാണെങ്കിലും ദൈവനിശ്വസ്ത വചനമായ ബൈബിളിന്റെ ഭാഗമാണ് അവ. ഈ വാക്യങ്ങളും ബൈബിളിലെ ഇതര ഭാഗങ്ങളും നമ്മുടെ ഉള്ളിലുള്ള എന്തോ മരണത്തെ അതിജീവിച്ച് മറ്റൊരു രൂപത്തിൽ തുടർന്നു ജീവിക്കുന്നുവെന്ന പരക്കെയുള്ള വിശ്വാസത്തെ പിന്താങ്ങുന്നില്ല. (ഉല്പത്തി 2:7; 3:19; യെഹെസ്കേൽ 18:4) അപ്പോൾ, മനുഷ്യന്റെ ജീവിതയാത്ര അന്തിമമായി “പൊടി”യിൽ അവസാനിക്കുമെന്നാണോ—എന്നേക്കുമായി അവൻ ഇല്ലാതായിത്തീരുമെന്നാണോ—ദൈവം പറയുന്നത്? അല്ലേയല്ല!
മനുഷ്യരുടെ ഏതെങ്കിലുമൊരു ഭാഗം മരണത്തെ അതിജീവിക്കുന്നതായി ബൈബിൾ പഠിപ്പിക്കുന്നില്ല. എങ്കിലും സംശയത്തിനിടമില്ലാത്ത, വ്യക്തമായ ഒരു പ്രത്യാശ മരണമടഞ്ഞവരുടെ കാര്യത്തിൽ ഉണ്ടെന്നുതന്നെ ബൈബിൾ പറയുന്നു. മരണം എല്ലാറ്റിന്റെയും അവസാനമാണെന്ന ഭയം ആവശ്യമില്ലാത്തത് എന്തുകൊണ്ടെന്ന് അടുത്ത ലേഖനം വിവരിക്കുന്നു.
[3-ാം പേജിലെ ചതുരം]
വിടാതെ പിന്തുടരുന്ന ശത്രു
മരണത്തെ മനുഷ്യന്റെ ശത്രുവായി വിശേഷിപ്പിച്ചിരിക്കുന്നു, സകലരെയും വിടാതെ പിന്തുടരുന്ന ഒരു യഥാർഥ വൈരിയായി. ഒരു കണക്കനുസരിച്ച്, വർഷന്തോറും ഏതാണ്ട് 5 കോടി 90 ലക്ഷം ആളുകൾ മരണമടയുന്നു—സെക്കൻഡിൽ ശരാശരി 2 പേർ. മരണത്തെക്കുറിച്ചുള്ള ചില കണക്കുകൾ നോക്കൂ.
▪ ഓരോ 102 സെക്കൻഡിലും യുദ്ധം ഒരാളുടെ ജീവൻ കവർന്നെടുക്കുന്നു.
▪ ഓരോ 61 സെക്കൻഡിലും ഒരാൾ കൊലചെയ്യപ്പെടുന്നു.
▪ ഓരോ 39 സെക്കൻഡിലും ഒരാൾ ആത്മഹത്യ ചെയ്യുന്നു.
▪ ഓരോ 26 സെക്കൻഡിലും വാഹനാപകടത്തിൽ ഒരു ജീവൻ പൊലിയുന്നു.
▪ ഓരോ മൂന്ന് സെക്കൻഡിലും പട്ടിണിയോടു ബന്ധപ്പെട്ട കാരണങ്ങളാൽ ഒരാൾ മരിക്കുന്നു.
▪ ഓരോ മൂന്ന് സെക്കൻഡിലും അഞ്ചു വയസ്സിൽ താഴെയുള്ള ഒരു കുരുന്നുജീവൻ അപഹരിക്കപ്പെടുന്നു.
[4-ാം പേജിലെ ചതുരം]
ഒരു വിഫലശ്രമം
ചെമ്പുഖനനത്തിൽ ഏർപ്പെട്ടിരുന്ന 70-കാരൻ ജെയിംസ് കിഡ് 1949 നവംബർ 9-ന്, ഐക്യനാടുകളിലെ അരിസോണ മലനിരകളിൽവെച്ച് തിരോധാനംചെയ്തു. വർഷങ്ങൾകഴിഞ്ഞ്, അദ്ദേഹം മരിച്ചതായി കോടതി പ്രഖ്യാപിച്ചശേഷം, അദ്ദേഹത്തിന്റെ വിൽപ്പത്രവും കോടികൾ മതിക്കുന്ന ആസ്തികളും കണ്ടെത്തുകയുണ്ടായി. ആ വിൽപ്പത്രത്തിൽ, “മരിക്കുമ്പോൾ മനുഷ്യശരീരത്തെ വിട്ടുപോകുന്ന ആത്മാവിനെ സംബന്ധിച്ച ശാസ്ത്രീയ തെളിവുകൾ” കണ്ടെത്തുന്നതിനായി പണം വിനിയോഗിക്കണമെന്ന് വ്യവസ്ഥചെയ്തിരുന്നു.
വൈകാതെതന്നെ, നൂറിലധികം ഗവേഷകരും ശാസ്ത്രജ്ഞരും അവകാശവാദങ്ങൾ ഉന്നയിച്ച് പണത്തിനായി അപേക്ഷിച്ചു. മാസങ്ങളോളം നീണ്ട കേസിനും അദൃശ്യാത്മാവുണ്ടെന്ന അവകാശവാദവുമായി ആയിരക്കണക്കിനാളുകൾ രംഗത്തെത്തിയതിനും ഒടുവിൽ, ജനസമ്മതിയുള്ള രണ്ട് ഗവേഷണസംഘടനകൾക്ക് പണം കൈമാറാൻ വിധിയായി. അരനൂറ്റാണ്ടിലേറെ പിന്നിട്ടിട്ടും, “മരിക്കുമ്പോൾ മനുഷ്യശരീരത്തെ വിട്ടുപോകുന്ന ആത്മാവിനെ സംബന്ധിച്ച ശാസ്ത്രീയ തെളിവുകൾ” നിരത്താൻ ആ ഗവേഷകർക്ക് ഇനിയും കഴിഞ്ഞിട്ടില്ല.