വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

2. സത്യസന്ധത

2. സത്യസന്ധത

ബൈബിൾ വിശ്വസിക്കാനാകുന്നതിന്റെ കാരണങ്ങൾ

2. സത്യസന്ധത

വിശ്വാസത്തിന്റെ അടിത്തറയാണു സത്യസന്ധത. സത്യസന്ധതയ്‌ക്കു പേരുകേട്ട ഒരാൾ എളുപ്പത്തിൽ നിങ്ങളുടെ വിശ്വാസം നേടിയെടുത്തേക്കാം. എന്നാൽ അയാളുടെ ഭാഗത്തെ ഒരൊറ്റ നുണമതി നിങ്ങൾ കെട്ടിപ്പടുത്ത വിശ്വാസം തകർത്തു തരിപ്പണമാകാൻ.

തുറന്ന മനസ്സോടെ കാര്യങ്ങൾ എഴുതിയ സത്യസന്ധരായിരുന്നു ബൈബിളെഴുത്തുകാർ. അവരുടെ നിഷ്‌കപടത അവർ എഴുതിയ കാര്യങ്ങളുടെ സത്യതയ്‌ക്ക്‌ അടിവരയിടുന്നു.

കുറ്റങ്ങളും കുറവുകളും. സ്വന്തം കുറ്റങ്ങളെയും കുറവുകളെയും കുറിച്ച്‌ ബൈബിളെഴുത്തുകാർ തുറന്നെഴുതി. തനിക്കു കനത്തനഷ്ടം വരുത്തിവെച്ച ഒരു തെറ്റിനെക്കുറിച്ച്‌ മോശെ പറഞ്ഞു. (സംഖ്യാപുസ്‌തകം 20:7-13) ഒരുകാലത്ത്‌ ദുഷ്ടന്മാരുടെ സുഖലോലുപത തന്നെ അസൂയാലുവാക്കിയെന്ന്‌ ആസാഫ്‌ വിശദീകരിക്കുകയുണ്ടായി. (സങ്കീർത്തനം 73:1-14) അനുതപിച്ച പാപികളോടു ദൈവം കരുണ കാണിച്ചപ്പോൾ തനിക്ക്‌ അനിഷ്ടം തോന്നിയെന്നും താൻ അനുസരണക്കേടു കാണിച്ചെന്നുമുള്ള കാര്യം യോനാ സമ്മതിച്ചു. (യോനാ 1:1-3; 3:10; 4:1-3) യേശുവിനെ അറസ്റ്റുചെയ്‌ത രാത്രി താൻ യേശുവിനെ ഉപേക്ഷിച്ചെന്ന വസ്‌തുത മത്തായി മറച്ചുവെച്ചില്ല.​—⁠മത്തായി 26:56.

എബ്രായ തിരുവെഴുത്തുകൾ എഴുതിയവർ അവരുടെ സ്വന്തം ജനതയുടെ മത്സരത്തെക്കുറിച്ചു തുറന്നെഴുതി. (2 ദിനവൃത്താന്തം 36:15, 16) എഴുത്തുകാർ ആരെയും ഒഴിവാക്കിയില്ല, അവരുടെ ഭരണാധികാരികളെപ്പോലും. (യെഹെസ്‌കേൽ 34:1-10) അപ്പൊസ്‌തലന്മാരുടെ ലേഖനങ്ങളിലും അതേ സത്യസന്ധത നിഴലിച്ചുകാണാം. ഉത്തരവാദിത്വ സ്ഥാനങ്ങളിലുള്ളവർ ഉൾപ്പെടെയുള്ള ക്രിസ്‌ത്യാനികളുടെയും ഒന്നാം നൂറ്റാണ്ടിലെ ചില സഭകളുടെയും ഗുരുതരമായ പ്രശ്‌നങ്ങളെക്കുറിച്ച്‌ ആ ലേഖനങ്ങൾ റിപ്പോർട്ടു ചെയ്‌തിട്ടുണ്ട്‌.​—⁠1 കൊരിന്ത്യർ 1:10-13; 2 തിമൊഥെയൊസ്‌ 2:16-18; 4:10.

വെള്ളം ചേർക്കാത്ത സത്യം. ഞെട്ടിക്കുന്നതെന്നു ചിലർ കണക്കാക്കുന്ന സത്യങ്ങൾ വിട്ടുകളയാനോ വളച്ചൊടിക്കാനോ ബൈബിളെഴുത്തുകാർ ഒരിക്കലും ശ്രമിച്ചില്ല. ലോകം തങ്ങളെ അംഗീകരിച്ചില്ലെന്നും പകരം നിന്ദ്യരും നികൃഷ്ടരുമായാണു വീക്ഷിച്ചതെന്നുമുള്ള വസ്‌തുത ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ തുറന്നുസമ്മതിച്ചു. (1 കൊരിന്ത്യർ 1:26-29) യേശുവിന്റെ അപ്പൊസ്‌തലന്മാരെ “പഠിപ്പില്ലാത്തവരും സാമാന്യരു”മായിട്ടാണു വീക്ഷിച്ചതെന്നും ബൈബിളെഴുത്തുകാർ പ്രസ്‌താവിക്കുകയുണ്ടായി.​—⁠പ്രവൃത്തികൾ 4:13.

സുവിശേഷങ്ങൾ എഴുതിയവർ യേശുവിനു ലോകത്തിന്റെ കയ്യടി വാങ്ങിക്കൊടുക്കാനായി വസ്‌തുതകൾക്കു നിറംപിടിപ്പിക്കുകയോ പൊടിപ്പും തൊങ്ങലും വെച്ച്‌ അവതരിപ്പിക്കുകയോ ചെയ്‌തില്ല. പകരം ഒരു എളിയ കുടുംബത്തിലാണു യേശു പിറന്നതെന്നും കുലീനന്മാരുടെ മക്കൾ പഠിക്കുന്ന വിദ്യാലയത്തിൽ പോയി പഠിക്കാൻ അവസരമുണ്ടായില്ലെന്നും ശ്രോതാക്കളിൽ മിക്കവരും അവന്റെ സന്ദേശം തിരസ്‌കരിച്ചെന്നും ഒക്കെയുള്ള നഗ്നസത്യങ്ങൾ അവർ മൂടിവെച്ചില്ല.​—⁠മത്തായി 27:25; ലൂക്കൊസ്‌ 2:4-7; യോഹന്നാൻ 7:15.

സത്യസന്ധരായ എഴുത്തുകാരാണു ബൈബിൾ രേഖപ്പെടുത്തിയത്‌ എന്നതിനു ബൈബിൾതന്നെ സാക്ഷ്യം നൽകുന്നു. അവരുടെ സത്യസന്ധത ബൈബിളിൽ വിശ്വാസമർപ്പിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുന്നുണ്ടോ?

[6-ാം പേജിലെ ചിത്രം]

യോനായെപ്പോലുള്ള ബൈബിളെഴുത്തുകാർ സ്വന്തം തെറ്റുകൾ രേഖപ്പെടുത്തി