വിശ്വസിക്കണമോ വേണ്ടയോ?
വിശ്വസിക്കണമോ വേണ്ടയോ?
“ജീർണിച്ച പലകകളെ വിശ്വസിക്കരുത്,” ഇംഗ്ലീഷ് നാടകകൃത്ത് വില്യം ഷേക്സ്പിയർ എഴുതി. ഒരു ബോട്ടിലേക്കു കയറുന്നതിനുമുമ്പ് അതിന്റെ പലകകൾ ദ്രവിച്ചതല്ലെന്ന് ഉറപ്പാക്കാൻ നിങ്ങൾ ശ്രമിക്കും എന്നതു തീർച്ച.
ഷേ ക്സ്പിയറിന്റെ ആ വാക്കുകൾ ഇസ്രായേലിലെ ജ്ഞാനിയായ ശലോമോൻ രാജാവിന്റെ വികാരത്തെ പ്രതിധ്വനിപ്പിക്കുന്നു. ഏകദേശം 3,000 വർഷങ്ങൾക്കുമുമ്പ് അദ്ദേഹം ഇപ്രകാരം എഴുതി: “അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” (സദൃശവാക്യങ്ങൾ 14:15) കേൾക്കുന്നത് അപ്പാടെ കണ്ണുംപൂട്ടി വിശ്വസിക്കുകയും യാതൊരു കഴമ്പുമില്ലാത്ത, അടിസ്ഥാനരഹിതമായ ഉപദേശങ്ങളെ ആധാരമാക്കി തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നതു വിഡ്ഢികളാണ്. ജീർണിച്ച പലകയിൽ ചവിട്ടുന്നതുപോലെ അസ്ഥാനത്ത് അർപ്പിക്കുന്ന വിശ്വാസം ദുരന്തത്തിലേ കലാശിക്കൂ. ‘വിശ്വാസയോഗ്യമായ മാർഗദർശനത്തിനായി നോക്കാനാകുന്ന ഒരിടമുണ്ടോ?’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം.
ഗോളമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾ ഒരു പുരാതന ഗ്രന്ഥത്തിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു. വിശുദ്ധ ബൈബിളാണ് ആ ഗ്രന്ഥം. തങ്ങളെ വഴിനയിക്കാൻ അവർ ആ പുസ്തകത്തെയാണ് ആശ്രയിക്കുന്നത്. അതിലെ ഉപദേശങ്ങളുടെ അടിസ്ഥാനത്തിൽ അവർ തീരുമാനമെടുക്കുന്നു; അതിന്റെ പഠിപ്പിക്കലുകൾക്കു ചേർച്ചയിൽ ജീവിതം പരുവപ്പെടുത്തുന്നു. “ജീർണിച്ച പലക”കളിലേക്കാണോ അവർ കാലെടുത്തുവെക്കുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരം മുഖ്യമായും മറ്റൊരു ചോദ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. അതായത് ബൈബിളിൽ വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടോ എന്ന ചോദ്യത്തെ. തെളിവുകൾ വിശകലനം ചെയ്യുകയാണ് ഉണരുക!യുടെ ഈ പ്രത്യേക പതിപ്പ്.
മതപരമായ വിശ്വാസങ്ങളോ വീക്ഷണങ്ങളോ നിങ്ങളുടെമേൽ അടിച്ചേൽപ്പിക്കാനല്ല ഞങ്ങൾ ശ്രമിക്കുന്നത്. ബൈബിൾ വിശ്വാസയോഗ്യമാണെന്ന നിഗമനത്തിലെത്താൻ ദശലക്ഷങ്ങളെ സഹായിച്ച ശക്തമായ തെളിവുകൾ അവതരിപ്പിക്കുന്നു എന്നേയുള്ളൂ. തുടർന്നുവരുന്ന ലേഖനങ്ങൾ വായിച്ചതിനുശേഷം ബൈബിൾ വിശ്വസിക്കാൻ പറ്റിയതാണോ എന്നു നിങ്ങൾക്കു സ്വയം തീരുമാനിക്കാനാകും.
ഗൗരവശ്രദ്ധ അർഹിക്കുന്ന വിഷയമാണിത്. എന്തായാലും ബൈബിൾ സ്രഷ്ടാവിൽനിന്നുള്ള മാർഗനിർദേശത്തിന്റെ വിശ്വസനീയമായ ഒരു ഉറവാണെങ്കിൽ അതിലെ വാക്കുകൾ നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും പ്രയോജനം ചെയ്യും.
എന്നാൽ ആദ്യം ബൈബിളിനെക്കുറിച്ചുള്ള ചില വസ്തുതകൾ നമുക്കു ശ്രദ്ധിക്കാം. ഒന്നുമല്ലെങ്കിലും, അതുല്യമായ ഒരു ഗ്രന്ഥമാണല്ലോ അത്?